ഇതൊരു ചെറിയ ശബ്ദമാണ്. പക്ഷെ വലിയൊരു ചിന്തയാണ്. കേരളം മൊത്തത്തിൽ ഇങ്ങനെ പച്ചപ്പ് നിറയ്ക്കണം. അതാണ് ഈ കൊച്ചുമിടുക്കന്റെ ഇഷ്ടം. മിയാവാക്കി എന്ന രീതിയിലൂടെ ചെറിയൊരു കാട് വീട്ടിനു മുറ്റത്ത് ഉണ്ടാക്കിയിട്ടുള്ള പ്രണവ്.
പ്രണവ്: എന്റെ പേര് പ്രണവ് പി. ഞാൻ പഠിക്കുന്നത് ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ മാറനല്ലൂരിലാണ്.
RJ ആമി: എന്താണ് ഈ മിയാവാക്കി? സാധാരണ മരത്തൈകൾ നടുക എന്നു പറയുമ്പോഴും മിയാവാക്കിയിലൂടെ നടുക എന്നു പറയുമ്പോഴും എന്താണ് വ്യത്യാസമുള്ളത്?
പ്രണവ്: ഈ മിയാവാക്കി കാടിന്റെ പ്രത്യേകത എന്തെന്ന് പറഞ്ഞാൽ ഈ ചെടികളെല്ലാം കൂടെ വളരെ അടുപ്പിച്ചു നടും. അപ്പോൾ അതിന്റെ വളർച്ച കുറച്ചൂടെ പെട്ടെന്നാകും. 9 മാസത്തിനുള്ളിൽ നല്ല വളർച്ചയുണ്ടാകും. ഇപ്പോൾ അഗത്തിയൊക്കെ ആകാശം തൊടാറായി. ഏകദേശം അത്രയും പൊക്കം വെച്ചു, 9 മാസത്തിനകം.
RJ ആമി: ഇങ്ങനെ സ്വന്തമായൊരു കാടൊക്കെ വെച്ചു കാണുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ ഒരു ഒന്നൊന്നര ഫീൽ ആണല്ലേ?
പ്രണവ്: ആ കാടിന്റെയകത്ത് ഈ ചെറിയ കാറ്റൊക്കെ വരുമ്പോൾ നല്ല ഫീൽ ആണ്, ഈ കാറ്റിന്റെയും ചെടികളുടെയും. ഇതിനകത്ത് പക്ഷികളുണ്ട്, പല തരത്തിലുള്ള ചിത്രശലഭങ്ങളുണ്ട്. എല്ലാം ഉണ്ട് ഈ കാടിനകത്ത്.
RJ ആമി: അപ്പോൾ നേരം പോകുന്നത് അറിയില്ല അല്ലെ? ഇവരെയൊക്കെ നോക്കലാണ് പ്രധാന പരിപാടി.
പ്രണവ്: അതെ
കുഞ്ഞുമനസ്സിൽ ഒരു ആഗ്രഹമുണ്ടായി. വീട്ടുമുറ്റത്ത് ഒരു കാടുണ്ടാക്കണം എന്ന്. അങ്ങനെ മിയാവാക്കി മാതൃകയിലൂടെ അവൻ അവിടെ ഒരു കുഞ്ഞു കാടുണ്ടാക്കി, അവന്റെ വീട്ടുമുറ്റത്ത്. വിശേഷങ്ങളുമായി ഇപ്പോൾ എന്റെ കൂടെ എത്തിയിരിക്കുകയാണ് പ്രണവ്.
RJ ആമി: എങ്ങനെയാണ് ഈ മിയാവാക്കി മാതൃകയെക്കുറിച്ചൊക്കെ അറിഞ്ഞത്?
പ്രണവ്: ഹരി എം. ആർ. എന്ന് പറഞ്ഞ അദ്ദേഹം ഇങ്ങനെയൊരു മിയാവാക്കി കാട് വെയ്ക്കുകയുണ്ടായി. അതെനിക്കൊരു ഇൻസ്പിറേഷൻ ആവുകയും ചെയ്തു. അതുകൊണ്ടാണ് ഇവിടെ ഈ കാട് വെയ്ക്കാൻ എനിക്ക് ആലോചന തോന്നിയതും, അദ്ദേഹത്തിനെ വിളിച്ചതും. അദ്ദേഹത്തിന്റെ വീഡിയോയും കണ്ടിട്ടുണ്ട്.
RJ ആമി: മിയാവാക്കിയെക്കുറിച്ചു മുൻപ് കേട്ടിട്ടുണ്ടായിരുന്നോ? എപ്പോഴാണ് കേട്ടത്?
പ്രണവ്: മിയാവാക്കി കാട് ആദ്യമായി പുളിയറക്കോണത്ത് 2018ലാണ് വെച്ചത്. അമ്മയും അച്ഛനും ആ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നത് കൊണ്ട് ഞാനും ആ കാടിന്റെ ഉത്ഘാടനത്തിനു പോയിരുന്നു. മിയാവാക്കിയെക്കുറിച്ചു കേട്ടു, എനിക്കങ്ങനെ കാട് വെയ്ക്കാൻ തോന്നി. ഹരി സാറിന്റെ crowdforesting എന്ന യൂട്യൂബ് ചാനലിലെ കുറച്ചു വീഡിയോസ് കണ്ടു. അതും എനിക്കൊരു ഇൻസ്പിറേഷൻ ആയി.
RJ ആമി: സംഭവം എന്തായാലും കലക്കിയിട്ടുണ്ട് കേട്ടോ. എത്രതരം മരങ്ങളുണ്ട്?
പ്രണവ്: മാവ്, പ്ലാവ്, സപ്പോട്ട, പപ്പായ, അഗത്തി, മുരിങ്ങ അങ്ങനെ പലതും. നൂറിൽപരം ചെടികളുണ്ട്.
RJ ആമി: ഒരു പക്ഷെ പ്രണവിന്റെ ഈ കാര്യങ്ങളൊക്കെ കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ, 'കൊള്ളാമല്ലോ, ഒരു കാട് വെച്ചുപിടിപ്പിച്ചാലോ' എന്ന തോന്നലൊക്കെ ഉണ്ടാകും. അങ്ങനെയുള്ളവരോട് എന്താണ് പറയാനുള്ളത്?
പ്രണവ്: നിങ്ങൾക്ക് ഇപ്പോൾ ഒരു കാട് വെയ്ക്കണമെന്നുണ്ടെങ്കിൽ crowdforesting എന്ന യൂട്യൂബ് ചാനലുമായി ബന്ധപ്പെടാം. കാട് വെയ്ക്കാനുള്ള എല്ലാ സന്ദേശങ്ങളും നിങ്ങൾക്ക് ലൈവ് ആയി തന്നെ കിട്ടുന്നതായിരിക്കും. അപ്പോൾ നമുക്ക് സുന്ദരമായൊരു കേരളം പണിതെടുക്കാൻ സാധിക്കും.
RJ ആമി: അഭിനന്ദനങ്ങൾ പ്രണവ്. പ്രണവിന്റെ ഈ മിനി ഫോറെസ്റ് ഒരുപാട് പേർക്ക് പ്രചോദനമാകട്ടെ. നന്ദി.
പ്രണവ്: നന്ദി.
മിയാവാക്കി എന്ന മാതൃകയിലൂടെ ഒരു കുഞ്ഞു കാട് വീട്ടുമുറ്റത്ത് ഉണ്ടാക്കിയിട്ടുള്ള മിടുക്കൻ പ്രണവുമായിട്ടാണ് ഇപ്പോൾ സംസാരിച്ചത്. എല്ലാ മിടുക്കന്മാർക്കും മിടുക്കികൾക്കും പ്രണവ് നല്ലൊരു പ്രചോദനമാകട്ടെ.