മിയാവാക്കി മാതൃകാ വനവത്ക്കരണത്തെക്കുറിച്ച് പറയാൻ തുടങ്ങിയതു മുതൽ വരുന്ന ചില ചോദ്യങ്ങളാണ് വീടിന് എത്ര അടുത്ത് മരം വയ്ക്കാം ? വനം വച്ചു പിടിപ്പിച്ചാൽ പാമ്പ് വരുമോ എന്നൊക്കെ. പലതവണ ഇതിന് ഉത്തരവും പറഞ്ഞിട്ടുണ്ട്. പക്ഷെ പലർക്കും ഇപ്പോഴും ഈ സംശയം ഉണ്ട്. അതിന് ഒരു ഉദാഹരണം കാണിച്ചു തരാനാണ് ഈ എപ്പിസോഡിൽ ശ്രമിക്കുന്നത്.

അതിന് മുൻപ് ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ. ക്രൗഡ് ഫോറസ്റ്റിംങ്ങിന്റെ ഒരു ഓൺലൈൻ പരിശീലന പരിപാടി റെഡിയായിട്ടുണ്ട്. കഴിഞ്ഞ അറുപതു എപ്പിസോഡുകളിലൂടെ പറഞ്ഞതിന്റെ ചുരുക്കമാണ് ഈ ഓൺലൈൻ വീഡിയോ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നുരണ്ടു മണിക്കൂർ കൊണ്ട് കാര്യങ്ങൾ മനസ്സിലാകാവുന്ന രീതിയിലാണ് ഇത് ചെയ്തിട്ടുള്ളത്. ഈ പരിശീലന പരിപാടിക്കു ചാർജ്ജ് ചെയ്യുന്നത് 1500 രൂപയാണ്. അതിന്റെ പ്രൊഡക്ഷൻ കോസ്റ്റ് കഴിഞ്ഞുള്ള തുക മിയാവാക്കി വനവത്ക്കരണം സംബന്ധിച്ച പരീക്ഷണങ്ങൾക്കുള്ള ഫണ്ട് ആണ്. ഇംഗ്ലീഷിലും മലയാളത്തിലും ഇത് ലഭ്യമാണ്. രജിസ്റ്റർ ചെയ്യുന്ന ഒരാൾക്ക് ഒരു വർഷത്തേയ്ക്ക് ഈ വീഡിയോ ഓൺലൈൻ കാണാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. രണ്ടു - മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള മുപ്പത് എപ്പിസോഡുകളാണ് പരിശീലന പരിപാടിയിൽ ഇപ്പോൾ ഉള്ളത്. കുറച്ചു കാര്യങ്ങൾ കൂടി ഉള്പ്പെടുത്തി അടുത്തു തന്നെ ഒരു 25 എപ്പിസോഡുകൾ ചെയ്യാൻ ഉദ്ദേശിക്കുന്നു.

ഇത് കൊല്ലം ജില്ലയിലെ പള്ളിമണ്ണ് എന്ന സ്ഥലത്തെ സിദ്ധാർത്ഥ ഫൗണ്ടേഷൻ സ്കൂളാണ്. സുരേഷ് എന്നൊരു ശിൽപിയാണ് ഇതിന്റെ പ്രധാനി. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വളരെ വ്യത്യസ്തമാണ്. ഈ സ്കൂൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ കാരണം ഇവിടെ മരം നട്ടു പിടിപ്പിച്ചിരിക്കുന്ന രീതി കാണിക്കുവാനാണ്. എല്ലാവർക്കും വീടിനടുത്ത് മരം നട്ടു പിടിപ്പിക്കുവാന് ഭയമാണ്. വീടിന്റെ ഫൗണ്ടേഷൻ തകരും, മരം വീട്ടിലേക്ക് മറിഞ്ഞു വീഴും, പാമ്പു വരും എന്നൊക്കെയുള്ള പേടിയാണ്. ഈ കാരണങ്ങൾ കൊണ്ട് വീടിനു ചുറ്റും ടൈൽ ഒട്ടിച്ചു അതിനു നടുക്ക് വീടും വയ്ക്കും. അഞ്ചു നിലകളുള്ള ഒരു കെട്ടിടമാണ് ഈ സ്കൂൾ. ഓരോ നിലയിൽ നിന്നും കയറാവുന്ന തരത്തിൽ പൊക്കം അഡ്ജസ്റ്റ് ചെയ്താണ് കെട്ടിടം വച്ചിരിക്കുന്നത്. ഓരോ നിലകളിലും മരം നിൽപ്പുണ്ട്. എവിടെയൊക്കെ മണ്ണ് ഉണ്ടോ അവിടെ ആ തട്ടുകളിലെല്ലാം മരം നിൽപ്പുണ്ട്. സ്കൂൾ പൂർണ്ണമായും മരം കൊണ്ട് മൂടിയിരിക്കുകയാണ്.

ഇതൊരു ഇഷ്ടികക്കളം ആയിരുന്നു. ക്ലേ ആയിരുന്നു ഇവിടെത്തെ മണ്ണ്. കരിയിലയും ചാണകവും നിറച്ച് അതിന്റെ പുറത്ത് പുല്ല് വച്ച് പിടിപ്പിച്ച് ഈ മണ്ണിന്റെ സ്വഭാവം മാറ്റി എടുത്ത് മരം വച്ചു പിടിപ്പിച്ച് കാടാക്കി എടുത്തു. 16 വർഷം കൊണ്ട് ഒരു സ്ഥലത്തെ എങ്ങനെ മാറ്റി എടുക്കാം എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണിത്. 2300 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ കുട്ടികൾ പാമ്പിനെ ഭയക്കാതെ ആണ് നടക്കുന്നത്. എല്ലാവരും ചോദിക്കുന്നത് ഇവിടെ ഇത്രേം മരങ്ങൾ ഉണ്ടെങ്കിൽ പാമ്പ് കാണില്ലേ എന്നാണ്. പാമ്പു കാണും. അത് പുറത്തേയ്ക്കൊന്നും വരാറില്ല. ഇവർ സ്കൂൾ അത്യാവശ്യം വൃത്തിയാക്കിയിടും. എല്ലാ വർഷവും ആദ്യം ഇവിടെത്തെ എല്ലാ ചെടികളുടെയും ലേബൽ മാറ്റി പുതിയത് വയ്ക്കുന്നത് ഇവിടുത്തെ കുട്ടികളാണ്. വളരെ വലിയ ഒരു ജൈവവൈവിധ്യം ഇവിടെ ഉണ്ട്. ഇവിടെ എന്റെ തൊട്ടടുത്ത് നിൽക്കുന്ന ഈ ചെടി പണ്ട് ഞങ്ങളുടെ നാട്ടിൽ വേലി കെട്ടാനാണ് ഉപയോഗിച്ചിരുന്നത്.

ഇവിടെ ഒരു അമ്പലം ഉണ്ട്. ആ അമ്പലത്തിൽ ഗണപതിയുടെ വിഗ്രഹവും, കന്യാമറിയത്തിന്റെ രൂപവും, ഖുറാനിൽ നിന്നുള്ള വാചകം ആണ് വച്ചിട്ടുള്ളത്. പ്രാർത്ഥിക്കാൻ വരുന്ന കുട്ടികൾ ഇത് എന്റേത് നിന്റേത് എന്ന വ്യത്യാസം കൂടാതെ ഒരു പോലെ പ്രാർത്ഥിച്ചു മടങ്ങുന്നു.

ഇതാണ് സുരേഷ്. ഇദ്ദേഹത്തിൽ നിന്നുതന്നെ നമുക്ക് കൂടുതൽ വിവരങ്ങൾ കേട്ടറിയാം. ഇദ്ദേഹം വീടിനു ചുറ്റും മരം വച്ചു പിടിപ്പിച്ചിട്ടുണ്ട്. ആ മരങ്ങൾ കണ്ടാൽ തന്നെ അറിയാം ഇതൊന്നും പുതിയതായിട്ട് വച്ചതല്ല. വീടിന് ചുറ്റും വലിയ മരങ്ങൾ വച്ചു പിടിപ്പിക്കാൻ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് നോക്കാം.

ഈ മരങ്ങൾ സാർ വാങ്ങുമ്പോഴേ ഉള്ളതാണോ, അതോ സാർ വച്ചു പിടിപ്പിച്ചതാണോ?
ഈ വീട് പണ്ടേ ഇവിടെ ഉള്ളതാണ്. വർഷങ്ങളായി ഞങ്ങളുടെ കുടുംബം ഇവിടെ തന്നെയാണ് താമസിക്കുന്നത്. അച്ഛൻ അഗ്രികൾച്ചർ ഓഫീസർ ആയിരുന്നു. കുട്ടിക്കാലത്ത് വിലങ്ങറ എന്നു പറയുന്ന സ്ഥലത്ത് ഞങ്ങൾക്ക് കുറച്ച് വസ്തുവുണ്ടായിരുന്നു. അവിടെ എല്ലാ ആഴ്ചയും പോയി കൃഷി ചെയ്യുന്ന രീതി അച്ഛനുണ്ട്. എല്ലാ അവധി ദിവസങ്ങളിലും ഞങ്ങളെയും കൂട്ടിക്കൊണ്ടു പോകും. അവിടുന്ന് കിട്ടുന്ന അപൂർവ്വം ആയിട്ടുള്ള ചെടികൾ നട്ടാണ് എനിക്കീ ചെടികളോടുള്ള ആവേശം തുടങ്ങിയത്. പിന്നീട് സ്കൂളിലാണെങ്കിലും, പുതിയ സ്ഥാപനങ്ങളിലാണെങ്കിലും കിട്ടാവുന്നിടത്തോളം മരങ്ങൾ കൊണ്ടു വയ്ക്കും. പിന്നെ സാർ നേരത്തേ പറഞ്ഞതു പോലെ പാമ്പും മറ്റു ജീവജാലങ്ങളും ഇതിന്റെ ഒരു ഭാഗമാണ്. ഒരു എട്ടു മണി കഴിയുമ്പോൾ മരപ്പട്ടികളും നമ്മുടെ പട്ടികളും എല്ലാം കൂടിച്ചേർന്ന് വലിയ ബഹളമാണ്. ഇവിടെ പാമ്പ് ഇല്ല എന്നു പറയാൻ പറ്റില്ല. ഞങ്ങൾ പലതവണ കണ്ടിട്ടുണ്ട്. എന്റെ വിശ്വാസം നമ്മൾ അതിനെ അങ്ങോട്ട് ആക്രമിക്കാൻ ചെല്ലുന്നില്ലാ എന്നു തോന്നിയാൽ അവയും നമ്മളെ ശല്യം ചെയ്യില്ല. കൊക്ക് ഉൾപ്പെടെയുള്ള കിളികളും, അണ്ണാനും ഇവിടെ 9 മണ്ണിവരെ വെള്ളം കുടിക്കാൻ വരാറുണ്ട്. ഈ മരങ്ങൾ ഇങ്ങനെ വച്ചിരിക്കുന്നത് കൊണ്ട് അകത്ത് പൊടി ഉണ്ടാകാറില്ല. ചൂട് തീരെയില്ല. ഇതിനകത്ത് വന്നാൽ നല്ല തണുപ്പാണ്. പിന്നെ ഇതിനകത്ത് ഒരുപാട് റെയർ സ്പീഷീസ് മരങ്ങളുണ്ട്. ശിംശിപാ, കനൽബാ ട്രീ, രുദ്രാക്ഷം, കുളമാവ് പോലുള്ളവ. ഇത് ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്.


മരത്തിന്റെ വേര് വീടിന് കേടുണ്ടാകും എന്ന പേടി ഇല്ല. വളം കിട്ടുന്നിടത്തും വെള്ളം കിട്ടുന്നിടത്തേയ്ക്കുമേ വേരു പോകാറുള്ളൂ. വീടിനടിയിൽ നിന്ന് അതിന് ഒന്നും കിട്ടാനില്ലെങ്കിൽ പിന്നെ വീടിനടിയിലേക്ക് അതിന്റെ വേര് പോകും എന്ന ഭയം എനിക്കില്ല. ഇലഞ്ഞിയുടെ വേര് ഇവിടെ മണ്ണിനെ സംരക്ഷിച്ചു നിർത്തിയിരിക്കുകയാണ്. അതിന്റെ വേര് മുകളിൽ തന്നെ ഉണ്ട്. പക്ഷെ വീടിനെ ഇതുവരെ ബാധിച്ചിട്ടില്ല. ഒരുപാട് പഴക്കമുള്ള ഒരു വീടാണിത്. ഇതേ മാതൃക തന്നെയാണ് സ്കൂളിലും തുടർന്നിരിക്കുന്നത്. 16 വർഷം മുമ്പ് വാങ്ങിയ ഭൂമിയാണിത്. ഇത് നേരത്തേ ഒരു ജീവനില്ലാത്ത ഭൂമിയായിരുന്നു. അവിടെ ഉണ്ടായിരുന്ന സ്വാഭാവിക മരങ്ങളെ ഞങ്ങൾ നിലനിർത്തി. പിന്നെ കിട്ടാവുന്നിടത്തോളം വഴിയരുകിൽ കാണുന്ന മരങ്ങളൊക്കെ പിഴുതെടുത്ത് കൊണ്ടു വന്നു.

പിന്നെ ഇവിടെ നേരിട്ട ഒരു വിഷയം കളിമണ്ണാണ്. കളിമണ്ണിൽ ചെടികൾ വളരാൻ വലിയ പ്രയാസമായിരുന്നു. ഞങ്ങൾ പരമാവധി ആഴത്തില് കുഴി എടുത്ത് മിയാവാക്കി മാതൃകയിലെ പോലെ കരിയിലയും ചാണകപ്പൊടിയും ഇട്ട് കുഴി നിറച്ച് വച്ചിട്ട് പുറത്ത് നിന്ന് പോച്ച, റോഡ് സൈഡിലെ പുല്ല് അപ്പാടെ വേരോടെ വെട്ടിക്കൊണ്ടു വന്ന് ഈ മണ്ണിൽ വയ്ച്ചു. ഈ പുൽച്ചെടികൾക്ക് ഒരു പ്രത്യേകത ഉണ്ട്. അത് നൈട്രജനെ വേരിലൂടെ വിട്ട് ഭൂമിയെ ഒന്നുകൂടി ഫലഭൂയിഷ്ടമാക്കി അതിന് ജീവിക്കാവുന്ന ആവാസ വ്യവസ്ഥ കൂടി സൃഷ്ടിക്കുന്നുണ്ട്. അത് ഈ മരങ്ങൾക്ക് ഉപകരിക്കും. മരങ്ങൾ മുറിക്കാതെ ആണ് കെട്ടിടങ്ങൾ പണിതിട്ടുള്ളത്.

2300 കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. അവിടെ ഈ രക്ഷകർത്താക്കൾക്ക് പാമ്പിനെക്കുറിച്ചുള്ള പേടിയും സംശയവും ഇല്ലേ ഇല്ല. സ്കൂളിലെ കുട്ടികൾ അവരുടെ വീടുകളിലും മരങ്ങൾ വയ്ക്കാൻ തുടങ്ങി. കുട്ടിക്കാലത്ത് അവരുടെ വിദ്യാഭ്യാസത്തിൽ നിന്ന് അവർക്ക് കിട്ടുന്ന അനുഭവങ്ങളാണ് അവരുടെ ജീവിതത്തിലേക്ക് പകരുന്നത്. സ്കൂളിലെ മരങ്ങൾക്കെല്ലാം പേരെഴുതി വക്കുന്നു. ഒരു പാവയ്ക്ക നട്ടാൽ അതിലും ഇംഗ്ലീഷിലും മലയാളത്തിലും പേരെഴുതി ഒട്ടിക്കുന്ന രണ്ടാം ക്ലാസുകാരി ഇവിടെ ഉണ്ട്. എല്ലാ വർഷവും ഞങ്ങൾ ലേബൽ മാറ്റും. എന്നിട്ട് പുതിയ ക്ലബ് രൂപീകരിച്ച് അവരെ കൊണ്ട് ലേബൽ ചെയ്യിക്കും. അങ്ങനെ പുതിയ ബോർഡ് വരികയും കുട്ടികള് അത് പഠിക്കുകയും ചെയ്യും. ഈ അന്തരീക്ഷം എല്ലാവർക്കും ഇഷ്ടമാണ്. രക്ഷകർത്താക്കളും അതിന്റെ ഭാഗമായി മാറി. ആരും ഇവിടെ പാമ്പ് വരും അതുകൊണ്ട് കുട്ടിയെ വിടാൻ പ്രയാസമാണെന്ന് പറഞ്ഞിട്ടില്ല.

സ്കൂളിന്റെ പുറകിലൂടെ ഒരു തോട് ഒഴുകുന്നുണ്ടല്ലോ. അതിനെ കൈത വച്ച് സംരക്ഷിച്ചിട്ടുണ്ടല്ലേ?
അതെ. വേനൽക്കാലത്ത് കനാൽ തുറന്നു വിടുമ്പോൾ, അതു പോലെ മഴ പെയ്യുമ്പോഴും കനാൽ കരകവിഞ്ഞ് ഒഴുകും. അപ്പോൾ അതിര് ഇടിഞ്ഞ് പോകുന്ന ഒരു അവസ്ഥയുണ്ടായി. അതിനെ സംരക്ഷിക്കാനായി മുളയും, കൈതയും നട്ടു. കൈത മണ്ണിനെ സംരക്ഷിക്കാൻ വളരെ പ്രയോജനമാണ്. അതിനിടയിൽ കുളക്കോഴിയും, പുളവനും എല്ലാം ഉണ്ട്. രാവിലെ കനാൽ അരികിൽ ചെല്ലുമ്പോൾ അതിന്റെ ശബ്ദം കേൾക്കാം. അതുപോലെ രാത്രി ഗ്രൗണ്ടിൽ വന്നു ഇരിക്കുന്ന കുറച്ച് കിളികളുണ്ട. ഇത് രാത്രിമാത്രമേ വരാറുള്ളു. അതിനെ മറ്റു ജീവികൾ ആക്രമിക്കാറില്ല. 2300 കുട്ടികളുടെയും അധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും ജീവിതത്തിന്റെ ഭാഗമായി മാറി എന്നുള്ളതാണ് ഈ സ്കൂളിലെ പ്രത്യേകത. പല സ്കൂളുകളും മരങ്ങൾ വയ്ക്കാറുണ്ട്. പക്ഷെ മരം പലപ്പോഴും കംപാർട്ട്മെന്റ് ചെയ്ത്, സ്കൂൾ ഒരിടത്ത്, മരം ഒരിടത്ത്. മരത്തിനു ചുറ്റും വളരെ കൃത്യമായ സിമന്റ് തറ, മാർബിൾ ഒട്ടിച്ച് ഒക്കെയാണ് കാണാറ്. ഇവിടെ കാണുന്നത് ഒരു എക്കോ സിസ്റ്റം ആണ്. ഇത് ഒരു മരമോ ഗാർഡനോ അല്ല. അതിനും മുകളിൽ ഇതിനെ ഒരു എക്കോ സിസ്റ്റമായി വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. സാധാരണഗതിയിൽ സ്കൂളിനടുത്ത് ഒരു ചെറിയ തോട് ഉണ്ടെങ്കിൽ കുട്ടികൾ വെള്ളത്തിൽ വീഴും എന്നു പറഞ്ഞ് അത് മുഴുവനായി മൂടി ഒരു വഴിയാക്കും. ഇവിടെ ഞങ്ങൾ ആ തോടിനെ സംരക്ഷിച്ചു നിലനിർത്തുന്നു. അത് വളരെ റെയർ ആയ അനുഭവമാണ്.

ഞാൻ ഇതുവരെ ഒരു സ്ഥലത്തും ഒരു സ്കൂൾ ബിൽഡിംഗും ഇങ്ങനെ പ്രവർത്തിക്കുന്നത് കണ്ടിട്ടില്ല. പലയിടത്തും സ്കൂളിൽ മരം വയ്ക്കുന്നത് കാണാറുണ്ട്. ഞാൻ പഠിക്കുന്ന കാലത്തും സ്കൂളിൽ മരം വയ്ക്കുന്ന പ്രവണതയുണ്ട്. പക്ഷെ സ്കൂളിനെ ഒരിക്കലും ഒരു ടോട്ടൽ എൻവയോൺമെന്റായി ചെയ്യുന്നത് കണ്ടിട്ടില്ല. അതുപോലെ തന്നെ ഈ ബിൽഡിംഗുകളുടെ നിലനിൽപ്പിനെപ്പറ്റി യാതൊരു ആശങ്കയുമില്ല. ബിൽഡിംഗുകൾക്ക് യാതൊന്നും സംഭവിക്കില്ലാ എന്നു താങ്കൾ തെളിയിച്ചു കഴിഞ്ഞു. ഈ കെട്ടിടങ്ങൾക്കിടയിൽ ഇത്രയും മരം നട്ടു പിടിപ്പിച്ചിട്ടും കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടായില്ല. ഇത് കൂടുതൽ ആൾക്കാർക്ക് മരം വയ്ക്കാൻ ഒരു പ്രചോദനം ആയിരിക്കും എന്നൊരു പ്രതീക്ഷയുണ്ട്. താങ്കളുടെ സ്കൂളിൽ ഞാൻ കണ്ട ഒരു പ്രത്യേകത ഒരു ക്ഷേത്രം പണിത് അതിനകത്ത് തന്നെ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം എല്ലാത്തിന്റെയും ആരാധനാ മൂർത്തികളെ ഒരു സ്ഥലത്തു തന്നെ സ്ഥാപിച്ചിരിക്കുന്നു. അങ്ങനെ ചെയ്യുവാനുള്ള ഒരു പ്രചോദനം എന്താണ്?

അതിനുള്ള പ്രചോദനം ശ്രീ നാരായണഗുരു ദേവനാണ്. സകല മതസാരവും ഏകമെന്ന് വിദ്യാർത്ഥികളെ കുട്ടിക്കാലത്തേ പഠിപ്പിച്ചു തുടങ്ങിയാൽ അവരുടെ ഇടയിൽ വലിയ മാറ്റം ഉണ്ടാകും. നമ്മുടെ നാട്ടിൽ വലിയ നേതാക്കന്മാർ ജനിച്ചു വളർന്നിട്ടുണ്ടെങ്കിലും യഥാർത്ഥ നവോത്ഥാന നായകൻ ശ്രീ നാരായണഗുരു ആണ്. അദ്ദേഹത്തിന്റെ വാചകങ്ങളിലെല്ലാം തന്നെ എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണ് എന്ന് വിശ്വസിപ്പിക്കുന്ന, മനസ്സിലാക്കി തരുന്ന ഒരുപാട് ശാസ്ത്രീയ തത്വങ്ങളുണ്ട്. അത് കുട്ടിക്കാലം മുതലേ കുട്ടികൾ ശീലിക്കുന്നത് വളരെ നല്ലതാണ്. കുട്ടികളുടെ മുമ്പിൽ എല്ലാം തുല്യമാണ്. എല്ലാം ഒരു ഈശ്വരന്റെ സൃഷ്ടിയാണ്. പ്രകൃതിയും പ്രപഞ്ചവും നമ്മളും എല്ലാം ഒന്നാണ്. ഒരു അധ്യാപകൻ എന്ന നിലയിൽ ദിവസവും കാണുന്നതാണ് കുട്ടികളുടെ ഇടയിൽ ഉണ്ടാകുന്ന വേറിട്ട ചിന്ത.

പിന്നെ സാർ ചോദിച്ച പുഴയുടെ കാര്യം. അത് എനിക്ക് കുട്ടിക്കാലം മുതൽക്കേ അച്ഛന്റെ കൂടെ കൃഷിയിടങ്ങളിലേയ്ക്ക് യാത്ര ചെയ്യാൻ കിട്ടിയ ഒരു അനുഭവത്തിൽ നിന്നാണ്. നമ്മുടെ വിദ്യാർത്ഥികളുടെ ഇടയിൽ നേച്ചർവാക്ക് എന്നൊരു കാര്യമുണ്ട്. അഞ്ചാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് മാസത്തിലൊരിക്കൽ നേച്ചർ വാക്ക് ഉണ്ട്. അപ്പോൾ ഞങ്ങൾ ഈ കുട്ടികളെ താഴെയുള്ള പുഴകളിൽ കൊണ്ടു പോകാറുണ്ട്. അവർക്ക് അതിൽ ഇറങ്ങാനുള്ള അവസരവും നൽകാറുണ്ട്. അതിനിടയിൽ പോയി തുമ്പിയെ പിടിക്കാറുണ്ട്. പ്രകൃതിയ്ക്കു യോജിച്ചതും അല്ലാത്തതുമായ വേസ്റ്റ്, പ്ലാസ്റ്റിക് ഇതൊക്കെ, പ്രകൃതിയിൽ ലയിക്കാത്ത വസ്തുക്കളെ തിരിച്ചറിയാൻ അവരെ പഠിപ്പിക്കാറുണ്ട്. ഈ കൊറോണ കാലത്ത് വലിയൊരു കുളം പണിതിട്ടുണ്ട്. ആ കുളത്തിനകത്തേയ്ക്ക് ഇറങ്ങിച്ചെല്ലാൻ പടികൾ ഉണ്ട്. കുട്ടികൾക്ക് താഴെ പോകാം, അധ്യാപകരുടെ ശ്രദ്ധയിൽ തന്നെ. അവിടെ കുളം ഉണ്ട്, തോട് ഉണ്ട് എന്നൊന്നും പരാതി പറയാത്തത് ഒരുപക്ഷെ അവർ അതിനോടൊപ്പം എഡ്യൂക്കേറ്റഡ് ആയി എന്ന് ഞാൻ വിശ്വസിക്കുന്നു.

സ്കൂളിനെ ഒറ്റയ്ക്ക് ഒരു കെട്ടിടമായി നിർത്തിയിട്ട് പിന്നീട് മരം വയ്ക്കാൻ പോകാതെ, മരങ്ങളെ എല്ലാം സംരക്ഷിച്ചു കൊണ്ട് സ്കൂൾ പണിയുകയും, അതിനു ശേഷം വീണ്ടും മരം വച്ചു പിടിപ്പിക്കുകയും, മരം വച്ചു പിടിപ്പിക്കുന്നത് കുട്ടികളെ കൊണ്ടു തന്നെ ചെയ്യിക്കുകയും, അങ്ങനെ ചെയ്യുന്നതിലൂടെ പ്രകൃതി പഠനത്തിൽ വലിയ ഒരു സംഭാവനയാണ് താങ്കളുടെ സ്കൂൾ ചെയ്യുന്നത്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ പഠിപ്പിക്കുന്നു, ധൈര്യം കൊടുക്കുന്നു.

ഈ സ്കൂളിൽ പഠിച്ച ഒരാൾക്കും വീടിനടുത്ത് മരം വയ്ക്കാൻ പേടി തോന്നും എന്നെനിക്ക് തോന്നുന്നില്ല. പത്തു ശതമാനം കുട്ടികൾ അത് പ്രാവർത്തികമാക്കിയാല് പോലും വലിയൊരു നേട്ടമായിരിക്കും. കുട്ടികളുടെ വീടുകളിലും ചെടികളും കൃഷിയും ഉണ്ടെന്നുള്ളത് വലിയൊരു ഭാഗ്യമാണ്. പ്രകൃതിയ്ക്ക് ഒരു ശാന്തതയും ടൈമിംഗും ഉണ്ട്. ഒരു ചെടി കിളിർക്കണമെങ്കിൽ ഒരു പൂവ് പൂക്കണമെങ്കിൽ ഒരു സമയമുണ്ട്. അത്രയും സമയം ക്ഷമയോടെ കാത്തിരുന്നേ പറ്റൂ. നമുക്ക് ഒരു ആന്റി ബയോട്ടിക്കോ, ടെക്നിക്കോ കാണിച്ച് ഒരു ചെടിയെ പൂവിടീക്കാൻ സാധിക്കില്ല. അതിന് അതിന്റേതായ സമയം ഉണ്ട്. ആ സമയത്തിനായി കാത്തു നിൽക്കുമ്പോൾ കുട്ടികളിൽ പ്രകൃതിയോടുള്ള സ്നേഹവും ക്ഷമയും സഹാനുഭൂതിയുമൊക്കെ അവർ പഠിക്കും.

ഞങ്ങളുടെ പഞ്ചായത്ത് തന്നെ ആയിരം വീടുകളിൽ മിയാവാക്കി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ പദ്ധതിയിൽ അതുണ്ട്. ഞാന് ആസൂത്രണ കമ്മിറ്റിയിൽ ഉണ്ട്. ഞാൻ ഈ ഗ്രാമത്തെ സ്നേഹിക്കുന്നു. ഈ ഗ്രാമത്തിൽ ഒരുപാട് നദികളും, ചെറിയ ചെറിയ അരുവികളും, ഒരുപാട് വയലേലകളുമുണ്ട്. പലതും കൃഷിക്കു വേണ്ടി മാറ്റി വച്ചിട്ടുണ്ട്. ഞങ്ങളുടെ തന്നെ വലിയൊരു ഭാഗം ഗ്രൗണ്ടിനു വേണ്ടി മാറ്റേണ്ടി വന്നിട്ടുണ്ട്. അതിന് ഒരു പ്രായശ്ചിത്തം എന്ന നിലയിൽ ഈ നാടു മുഴുവൻ മരങ്ങൾ എത്തിച്ചേരണമെന്ന് ഞാന് എന്നും ആഗ്രഹിക്കാറുണ്ട്. അതിന് സാറും മുന്നിട്ട് ഇറങ്ങിയിട്ടുണ്ടെന്നറിയുന്നത് വളരെ പ്രചോദനമാണ്.

പി. ടി. ഭാസ്കരപണിക്കർ സാർ ജീവിച്ചിരുന്ന കാലത്ത്, 40 വർഷം മുമ്പ്, അദ്ദേഹം കോട്ടയത്ത് ഒരു പ്രസംഗം നടത്തി. അദ്ദേഹം അന്നു പറഞ്ഞത് അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് ഒരു നാട്ടിലെ വിദ്യാഭ്യസമുള്ള ചെറുപ്പക്കാരെല്ലാം ആ നാട്ടിൽ തന്നെ നിൽക്കും. അവരാണ് ആ നാട്ടിലെ സാമൂഹ്യകാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. പിന്നെ ആളുകൾ തൊഴിൽ തേടി ദൂരെ ദേശങ്ങളിൽ പോയി തുടങ്ങി. എല്ലാവരും ജോലി തേടി പല സ്ഥലത്തേയ്ക്കു പോകുന്നു. താങ്കൾ സ്വന്തം നാട്ടിൽ ഉറച്ചു നിന്ന് അവിടെ ഇത്രയും വലിയൊരു സ്ഥാപനം ഉണ്ടാക്കിയെടുത്തത് വലിയൊരു മാതൃകയാണ്. അഭിനന്ദനം അർഹിക്കുന്ന ഒരു കാര്യമാണ്.

വളരെ സന്തോഷം ഇത് ഞങ്ങളുടെ പ്രേക്ഷകരുമായി പങ്കു വയ്ക്കാൻ സാധിച്ചതിൽ.

ഒരുപാട് പേര് സ്കൂൾ കാണാൻ വരാറുണ്ട്. വനമിത്രാ അവാർഡ് കിട്ടിയതിനു ശേഷം, കുട്ടികളും ഒരുപാട് ആക്ടിവിറ്റി ചെയ്യുന്നത് കൊണ്ട് അവർ സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്നുണ്ട്.

കുറേ കാര്യങ്ങൾ ഇപ്പോൾ കണ്ടല്ലോ. ഇനി നേരിട്ടു കാണണം എന്നുള്ളവർ ശ്രീ. സുരേഷുമായി നേരിട്ടു ബന്ധപ്പെടുക. ഇത് കൊല്ലം ജില്ലയിൽ കുണ്ടറയ്ക്ക് അടുത്താണ് സ്കൂൾ. പുറകിലത്തെ പുഴയും സ്കൂളും എല്ലാം കൂടി ചേർത്ത് 12 ഏക്കർ സ്ഥലം ഉണ്ട്. പ്രകൃതിയുമായി ഇണങ്ങി എങ്ങനെ ഒരു സ്കൂൾ നടത്താം എന്നത് കണ്ട് പഠിക്കാന് പറ്റിയ ഒരു അന്തരീക്ഷമാണ് ഇവിടെ ഉള്ളത്. അതുപോലെ വീടിനടുത്ത് മരം വച്ചാൽ ഒന്നും സംഭവിക്കില്ല എന്ന് നിങ്ങൾക്ക് ബോധ്യം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. സ്കൂളിനടുത്തു തന്നെയാണ് അദ്ദേഹത്തിന്റെ വീടും. അവിടെയും ഇതുപോലെ മരങ്ങൾ വീടിനു ചുറ്റും വച്ചിരിക്കുകയാണ്. എല്ലാം കണ്ടു നോക്കുക. തീർച്ചയായിട്ടും ഇത് നിങ്ങൾക്ക് ഒരു പ്രയോജനമാകുമെന്ന് പ്രതീക്ഷിക്കുന്നു.