ഞാൻ 1984 മുതൽ 1987 വരെയുള്ള സമയത്ത് കേരളത്തിന് പുറത്താണ് പഠിച്ചത്. അവിടെ നിന്നും മാസത്തിലൊരു തവണ വീട്ടിലേയ്ക്ക് വരും. വീട്ടിൽ നിന്ന് ആദ്യമായി മാറിനിന്നൊരു സമയമാണ്. വീടുമായുള്ള ബന്ധം, നാടുമായുള്ള ബന്ധം അങ്ങനൊരു ഗൃഹാതുരത. മൈസൂർ ഇത്രയും അടുത്ത സ്ഥലമാണെന്ന് അറിഞ്ഞത് ഞാനവിടെ പഠിക്കാനായി പോയ ശേഷമാണെന്ന് എന്റെ നാട്ടുകാർ പറയുമായിരുന്നു. അന്ന് ഇന്നത്തെ പോലെ വിനോദസഞ്ചാര ലക്ഷ്യങ്ങളൊക്കെ മുൻനിർത്തി യാത്ര ചെയ്യുകയോ കേരളത്തിൽ നിന്ന് ഇടയ്ക്കിടെ പോകുകയോ അങ്ങനെ പതിവില്ല. ഇപ്പോ സ്വന്തം വണ്ടിയും കാര്യങ്ങളുമൊക്കെ ആയപ്പോൾ ഒരു ചായ കുടിക്കാനായി പോലും തമിഴ്നാട്ടിലോ ബാംഗ്ലൂരോ പോയിട്ട് വരാം എന്ന അവസ്ഥ ആണ്.
വരുന്ന വഴിക്ക് ചിലപ്പോഴൊക്കെ കെഎസ്ആർടിസി ബസ് കേടാവാറുണ്ട് അപ്പോ അവിടെ തന്നെ ഡ്രൈവറുടേയും കണ്ടക്ടറുയേയും കൂടെ ഇരിക്കുക എന്നതാണ് അന്ന് എന്റെ ഒരു ഹോബി. അന്ന് നിലമ്പൂർ റൂട്ടിലൊക്കെ തൃശ്ശൂരിലേക്ക് എത്തുന്ന തരത്തിൽ രണ്ട് ബസ് ഒക്കെയേ ഉള്ളൂ ഒരു ദിവസം. അപ്പോൾ ആ ബസ് കേടായാൽ അത് നന്നാക്കിയിട്ട് അതിൽ പോകുക, അല്ലെങ്കിൽ പുറകെ വരുന്ന ബസിൽ കയറി പോകുക എന്നുളളതാണ്. അവിടെ തന്നെ ഇരിക്കുക എന്നതാണ് എന്റെ രീതി. അപ്പോ അവിടത്തെ കാഴ്ചകളൊക്കെ കാണാം. അങ്ങനെ ഗൂഡല്ലൂര് വണ്ടി കേടായി കിടക്കുന്ന സമയത്ത് ഡ്രൈവറുടെ കൂടെ ഞാനും ഒന്ന് രണ്ട് പണിയില്ലാത്ത യാത്രക്കാരും തങ്ങി. എന്തായാലും ഇത് ശരിയായിട്ടേ പോകുന്നുള്ളൂ എന്ന തരത്തിൽ നമ്മളവിടെ ഇരിക്കും. ഇല്ലെങ്കിൽ ബസിൽ കിടന്ന് ഉറങ്ങും.
അങ്ങനെ ചെന്ന സമയത്ത് ഗൂഡല്ലൂര് ഒരു ചായക്കട കണ്ടു. ഇത് പട്ടയം ഉള്ളതാണോ എന്നു ചോദിച്ചു അല്ല കുടിയേറ്റമാണെന്നു പറഞ്ഞു. മലയാളികൾ ആണ്. കുടിയേറിയതാണ് ആ സമയത്ത്. അവർ കട വയ്ക്കാനായി ഉപയോഗിച്ച ടെക്നോളജി വളരെ രസമായി തോന്നി. ഇവിടെ എന്റെ മുന്നിൽ നിൽക്കുന്ന ഈറ- അത് ഒട്ടൽ ആണ്, ആറ്റുതീരത്തൊക്കെ മണ്ണ് ഇടിഞ്ഞു വീഴാതിരിക്കാനായി വെക്കുന്ന ഒട്ടൽ ആണ്. ഞാനിവിടെ മതിൽ കെട്ടുന്നതിനു പകരമായിട്ട് ഒന്ന് വച്ചു നോക്കിയിരിക്കുകയാണ് സംരക്ഷിക്കുമോ എന്ന് അറിയാനായിട്ട്.
അത് നേരെ വളരുന്ന ഒട്ടൽ ആണ്. വലിയ വണ്ണം ഇല്ല. ഓടക്കുഴലിന്റെ വണ്ണം ആണ് പരമാവധി ഉള്ളത്. ഇത് വെട്ടിയെടുത്ത് നിരപ്പായി നാട്ടി വേലി കെട്ടും. ഇത് ചേർത്ത് ചേർത്ത് നല്ല രസമായിരിക്കും. പണ്ട് ചൂരൽ മെട എന്നു പറഞ്ഞ് കാറ്റടടിക്കാതിരിക്കാനായിട്ട് വരാന്തയിൽ ഇടുന്ന പോലെത്തെ ഒരു വേലി ഈ ഒട്ടൽ കൊണ്ട് ഉണ്ടാക്കിയിട്ടുണ്ട്- അതിന്റെ രണ്ട് സൈഡിലും മണ്ണ് കുഴച്ച് പൊതിയും. ഇതാണ് അവരുടെ ഭിത്തി. നമ്മൾ കോൺക്രീറ്റ് ചെയ്യുമ്പോൾ കമ്പി വയ്ക്കുന്നതിനു പകരമാണ് അവർ ഈ ഒട്ടൽ വയ്ക്കുന്നത്. മണ്ണ് കൂടി പൊതിഞ്ഞു കഴിയുമ്പോൾ ഏകദേശം അതേ ടെക്നിക് ആണ്. കോൺക്രീറ്റിന്റെ അതേ മട്ടാണ്. അകത്ത് ഇത് ബലത്തിന് നിൽക്കുന്നു. ഇത് പുറമെ നിൽക്കുന്നു. പെട്ടെന്ന് കുടിയേറണമല്ലോ, രാവിലെ ചെന്നു കയറിക്കഴിഞ്ഞാൽ വൈകുന്നേരം വീടാകണമല്ലോ ഇല്ലെങ്കിൽ വല്ലവരും വന്ന് ഇറക്കി വിടും. ഇടയ്ക്ക് കുടിയിറക്കലും വല്യ ബഹളമാണ് അന്ന്, അതാണ് ഞാൻ കണ്ടിട്ടുള്ള ഏറ്റവും ലളിതമായ വീടു നിർമ്മാണ ടെക്നിക്.
ഇതിന് ശേഷം 87 ൽ കാര്യവട്ടത്ത് ജേർണലിസം വിദ്യാർത്ഥി ആയിവന്ന സമയത്ത്, ശ്രീ ലാറി ബേക്കർ അവിടെ ക്ലാസ്സ് എടുക്കാനായി വന്നു. ചെലവ് കുറഞ്ഞ വീടു വയ്ക്കുന്നതിൽ പ്രശസ്തനാണ് ബേക്കർ. അദ്ദേഹം ഒരു ആർക്കിടെക്റ്റ് ആണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാരോടൊപ്പം ഇന്ത്യയിൽ വരികയും, ഹിമാലയൻ പ്രദേശങ്ങളിലെ ആളുകൾക്ക് വീടു വച്ചു കൊടുക്കാനായി അവിടെ താമസിക്കുകയും ഒക്കെ ചെയ്തു, പിന്നെ കേരളത്തിലേക്ക് വന്ന് മലയാളിയായ ഡോ. എലിസബത്തിനെ വിവാഹം കഴിക്കുകയും ചെയ്ത ആളാണ്.
അദ്ദേഹത്തിന്റെ ചില അനുഭവങ്ങൾ പറഞ്ഞതിൽ ഹിമാലയൻ പ്രദേശങ്ങളിൽ അദ്ദേഹം ജോലി ചെയ്തിരുന്ന കാലത്ത്, അന്നവിടെ ആളുകൾ മണ്ണ് കുഴയ്ക്കുന്നത് എന്ത് കൊണ്ടാണ്, പശ കിട്ടാനായി എന്താണ് ഉപേയോഗിക്കുന്നത് എന്നൊക്കെ അന്വേഷിച്ചപ്പോള് മൂത്രം ഉപയോഗിച്ചാണ്, അത് വച്ച് കുഴച്ചാണ് മൺഭിത്തി ഉണ്ടാക്കുന്നത്. എന്തുകൊണ്ടാണ് എന്ന് അറിയില്ല. അവിടത്തെ മണ്ണിൽ മൂത്രം ചേരുമ്പോൾ എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടായിരിക്കാം. ഇങ്ങനെ ഓരോ സ്ഥലത്തും പ്രാദേശികമായി ഓരോ ടെക്നിക് ഉണ്ട്. പരിസ്ഥിതി സൗഹൃദ വീടുകൾ എന്നു പറയുമ്പോൾ നമ്മുടെ മനസ്സിലേയ്ക്ക് പെട്ടെന്ന് വരുന്നത് അത്തരം ടെക്നിക്കുകളാണ്. അതായത് മണ്ണ് കൊണ്ട് വീടു വയ്ക്കുക, മേൽക്കൂര ഓല കൊണ്ട് മേയുക, ഇങ്ങനെയൊക്കെയുള്ള കാര്യങ്ങളാണ്. ഞാനിപ്പോ ഒരു ചെറിയ വീട് വച്ചിട്ട് പരിസ്ഥിതി സൗഹൃദമാണെന്നു പറഞ്ഞപ്പോ ഒരുപാട് പേര് എന്നോട് നേരിട്ടും മെസ്സേജിലൂടെയും ചോദിച്ച കാര്യം, ഇതെങ്ങനെയാണ് പരിസ്ഥിതി സൗഹൃദമാകുന്നത് ഇതിൽ കോൺക്രീറ്റും, സ്റ്റീലും, ഫൈബറും സിമന്റുമെല്ലാം ഉപേയാഗിച്ചിട്ടില്ലേ എന്നാണ്. അതിനൊരു ഉത്തരം എന്നുളള നിലയ്ക്കാണ് ഞാനിത് പറയുന്നത്.
എന്താണ് ഞാൻ പറയാൻ ശ്രമിക്കുന്നത് അല്ലെങ്കിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് എന്നത് ആ വീഡിയോയിൽ അത്ര വ്യക്തമല്ല എന്നു തോന്നിയതു കൊണ്ട് ഒന്നുകൂടി പറയുകയാണ്. വീട് വയ്ക്കുമ്പോൾ ഒരാൾക്ക് ഒറ്റയ്ക്ക് ഒരു തീരുമാനം പലപ്പോഴും എടുക്കാൻ പറ്റില്ല. വീട് കുറെ പേർ ഒരുമിച്ച് താമസിക്കുന്ന സ്ഥലമാണ്. അഞ്ചു പേരോ ആറ് പേരോ. എട്ട്, പത്തു പേരുവരെ വരാം. എല്ലാവർക്കും അവരവരുടെ സ്വപ്നങ്ങളും ആശയങ്ങളുമൊക്കെ കാണും. പൊതുവെ എല്ലാവർക്കും താത്പര്യം ഇല്ലെങ്കിൽ വീടിന്റെ ചിലവ് കുറയ്ക്കേലോ മോടി കുറയ്ക്കലോ ആർഭാടം കുറയ്ക്കലോ സാധ്യമല്ല. ഇതിനകത്ത് ഒരോരുത്തർക്കും ചെയ്യാവുന്ന ചെറിയ ചെറിയ ചില കാര്യങ്ങളുണ്ട്. അങ്ങനെയുള്ള ആശയങ്ങൾ പ്രോത്സാഹിപ്പിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
ഉദാഹരണത്തിന് വീട് വയ്ക്കുമ്പോൾ സ്ഥലം മുഴുവാനായും വീട് വയ്ക്കാതിരിക്കുക. ഗാർഡനിംഗിനായി നമ്മൾ സ്ഥലം മാറ്റി വയ്ക്കാറുണ്ട്. അത് നമ്മൾ കഴിയുന്നതും അതിനായി തന്നെ മാറ്റി വയ്ക്കുക. രണ്ടാമതായി ആർഭാടം കുറയ്ക്കാൻ വീട്ടുകാർ മുഴുവൻ സന്നദ്ധരാണെങ്കിൽ ഒരുപാട് ചെലവ് അതിൽ കുറയ്ക്കാൻ പറ്റും. ഞാൻ പലപ്പോഴും ഞെട്ടലോടെ കാണുന്ന കാര്യം, 1500 രുപയ്ക്ക് ടൈൽ മുറ്റത്ത് വിരിക്കാൻ ആളുകൾ റെഡി ആണ്. എന്നാൽ മിയാവാക്കി മാതൃക ചെയ്യാൻ ഒരു സ്ക്വയർഫീറ്റിന് 400 രൂപ ആകും എന്നു പറയുമ്പോൾ അയ്യോ അത്രയും ആകുമോ എന്ന് വിളിക്കും. ഇരുപതിനായിരം രൂപ കൊടുത്ത് വലിയ പന വീടിന്റെ മുറ്റത്ത് വാങ്ങി വയ്ക്കാറുണ്ട്. മഞ്ഞമുള ഇവിടെ നിൽക്കുന്നത് ഇതിന് ഒരു മൂടിന് 1500 രൂപയാണ്, നേഴ്സറികളിൽ ചാർജ്ജ് ചെയ്യുന്ന വില. അതൊരു പ്രദേശത്തു വയ്ക്കാൻ 20000-30000 രൂപ ചെലവാണ് പത്തടിയോ പതിനഞ്ചടിയോ നീളത്തിൽ വയ്ക്കാനായിട്ട്. അത്രയൊക്കെ ചിലവാക്കാം.
പക്ഷെ ഒരു സെന്റിൽ ഒരു പഴത്തോട്ടം എന്നു പറയുമ്പാള് അതിന് ഇത്രയൊക്കെ പൈസ വേണോ എന്നു ചോദിക്കാറുണ്ട്. ഇതിന്റെ കോസ്റ്റ് കംമ്പോണന്റിനെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതിനാലാണ് ഇത് പറയുന്നത്. പ്രകൃതിയെ കഴിവതും അങ്ങനെത്തന്നെ നിലനിർത്തിക്കൊണ്ട് വീടിന്റെ വലിപ്പം കുറയ്ക്കുകയോ അല്ലെങ്കിൽ പറ്റുന്നത്ര സ്ഥലം പ്രകൃതിയ്ക്കായി കുറച്ചെങ്കിലും മാറ്റി വയ്ക്കുക. പ്രകൃതിയ്ക്ക് വേണ്ടി സ്ഥലം മാറ്റി വക്കുക എന്നതുകൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്, ഈ ജീവികൾക്കൊക്കെ ജീവിക്കാൻ പറ്റുന്ന അന്തരീക്ഷമുള്ള ഒരു സ്ഥലം വേണം. അതായത് കാടും പടലും ഉണ്ടെങ്കിൽ. നിങ്ങൾ താമസിക്കുന്ന ഭാഗം വൃത്തിയാക്കി ഇട്ടോളൂ, പക്ഷെ ചെടിയുടെ ചുവടും മറ്റും ഷഡ്പദങ്ങൾക്കും ചെറിയ ചെറിയ പ്രാണികൾക്കും മിന്നാമിനുങ്ങുകൾക്കും ചിത്രശലഭത്തിനും ഒക്കെ ഇരിക്കാൻ പറ്റിയ സ്ഥലം കൂടി കൊടുക്കാൻ പറ്റുകയാണെങ്കിൽ നമുക്കത് കുറച്ച് കൂട് ആസ്വാദ്യകരമായി തോന്നും.
രണ്ടാമത്തെ കാര്യം സിമന്റും ഫൈബറും എല്ലാം ഉപേയാഗിക്കുന്നുണ്ടെങ്കിലും അതിന്റെ അളവിൽ വ്യത്യാസമുണ്ട്. സാധാരണഗതിയിൽ ഒരു വീട് ചെയ്യുമ്പോൾ അതിൽ ഫൈബർ ഉപയോഗി്ക്കേണ്ട കാര്യമില്ല. ഞാനിവിടെ ഒരു ഫൈബർ കോട്ടിംഗ് ആ വീടിന് കൊടുക്കാനുള്ള കാരണം, രണ്ടിഞ്ച് കനത്തിലാണ് അത് വാർത്തിരിക്കുന്നത്. സാധാരണ കേരളത്തിൽ വീട് വാർക്കുന്നത് നാലിഞ്ച് കനത്തിലാണ്. നാലിഞ്ച് കനത്തിലുള്ള മേൽക്കൂര നൽകുന്ന സംരക്ഷണം രണ്ടിഞ്ച് കനത്തിലുള്ള മേൽക്കൂര നൽകില്ല. പക്ഷെ അതിന്റെ ആവശ്യമേ ഉള്ളൂ. കാരണം ഇതിന്റെ പുറത്ത് വേറെ എന്തെങ്കിലും വീണ് വീട് തകർന്നു പോകുക, ഇടി വെട്ടുക, അങ്ങനെയുള്ള വലിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ നമുക്കത് തടയാനാവില്ല. ചെറിയ സംഗതികളെ തടയാൻ ഈ രണ്ടിഞ്ച് മതി.
അതിൽ ഉണ്ടാകാവുന്ന ഒരു പ്രശ്നം തുടർച്ചയായി മഴ പെയ്യുന്ന നമ്മുടെ നാട്ടിൽ ലീക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. അതുകൊണ്ടാണ് അതിനൊരു വളഞ്ഞ ഷെയ്പ്പ് കൊടുത്തത്. റ യുടെ ആകൃതി കൊടുക്കുമ്പോൾ വെള്ളം അതിന്റെ മുകളിൽ കെട്ടി നിൽക്കാനുള്ള ചാൻസ് കുറവാണ്. വീഴുന്ന വെള്ളം അപ്പോൾതന്നെ കീഴോട്ടു പോകും. നമ്മൾ ചെടി പടർത്തുമ്പോൾ ചെടിയുടെ വേരിൽ വെള്ളം തങ്ങി നിന്ന് ഉള്ളിലേയ്ക്ക് ഇറങ്ങുന്ന അവസ്ഥ ഒഴിവാക്കാനാണ് ഈ ഫൈബർ കോട്ടിംഗ് ചെയ്തിരിക്കുന്നത്. ഫൈബർ കോട്ടിംഗ് ചെയ്യുന്നത് പ്രകൃതി വിരുദ്ധമാണെന്നു വേണേൽ പറയാം. കാരണം ഫൈബർ കോട്ടിംഗ് പ്രകൃതിയിൽ ഇല്ലാത്ത കാര്യമാണ്. പക്ഷെ അതുചെയ്യുന്നതു വഴി അതിന്റെ കോൺക്രീറ്റും സിമന്റും കമ്പിയും പകുതിയായി കുറക്കാൻ പറ്റുന്നുണ്ട്.
എന്നുപറയുന്നതു പോലെ പല കാര്യങ്ങളിലും നമ്മൾ അത്തരത്തിലുള്ള ബദൽ സമീപനം സ്വീകരിക്കുകയാണെങ്കിൽ - ഇപ്പോൾ തറ എന്തായാലും കോൺക്രീറ്റ് ചെയ്യാതെ പറ്റില്ല. അല്ലെങ്കിൽ നല്ല മെറ്റീരിയൽ തറയിലിടാതെ പറ്റില്ല. പക്ഷെ കാണുന്നതെന്താന്നു വച്ചാൽ ഏറ്റവും കൂടിയ ഗ്രാനൈറ്റ് വാങ്ങി തറയിലിടുകയും പിന്നെ ഒരു പത്ത് അറുപത് വയസ്സ് കഴിയുമ്പോൾ കാലിന് വാതമാണ്, തണുപ്പ് അടിക്കാൻ വയ്യ എന്നു പറഞ്ഞ് സോക്സ് ഇട്ട് ആളുകൾ ഗ്രാനൈറ്റിലൂടെ നടക്കുകയും ചെയ്യുന്നതാണ്. അതുപോലെ ഗ്രാനൈറ്റിൽ തെന്നി വീഴുക. ബാത്ത്റൂമിലൊക്കെ തെന്നി വീഴുന്നത് ആന്റി സ്ക്വിഡ് ടൈൽ എന്നൊക്കെ പറഞ്ഞാലും തെന്നലൊക്കെ പലയിടത്തും സംഭവിക്കുന്നുണ്ട്. കേരളത്തിലെ മഴ പെയ്യുന്ന സ്ഥലങ്ങളിൽ തറയോട് ആണെങ്കിൽ നല്ലതാണ്. തറയോട് ധാരാളമായി വെള്ളം അബ്സോർബ് ചെയ്യും. പക്ഷെ നല്ല തറയോട് കിട്ടാനിത്തിരി ബുദ്ധിമുട്ടാണ്. വെള്ളം തുടയ്ക്കുന്ന വീട്ടിലെ ജോലി തന്നെ കുറയും. തറ തുടച്ചു കഴിഞ്ഞാൽ ഉണക്കാനായിട്ട് ഫാനിടുകയാണ് നമ്മൾ സാധാരണ ചെയ്യുന്നത്. തറയോട് അഞ്ച് മിനിട്ട് കൊണ്ട് അത് വലിച്ചെടുക്കും. ഞാൻ തറയോട് ശ്രദ്ധിക്കാൻ കാരണം എന്റെ വീട്ടിൽ തറയോട് ഇട്ടിരിക്കുന്ന ഭാഗത്ത് പട്ടി കിടന്നിട്ട് എഴുന്നേറ്റ് പോകുമ്പോൾ അവിടെ ചൂട് അനുഭവപ്പെടും. പട്ടിയുടെ ശരീരത്തിലെ ചൂട് തറയോട് വലിച്ചെടുത്തിട്ട് അവിടെ വരുന്നതാണ്. തറയോട് ചൂട് നിലനിർത്തുന്ന സാധനമാണ്. മനുഷ്യനും ഇത് തന്നെയാണ് സംഭവിക്കുക. നമ്മുടെ കാലിലേക്കു തണുപ്പ് കയറാതിരിക്കാൻ ഇത് സഹായകമാകും.
ഇത്തരത്തിലുള്ള ചെറിയ സാധനങ്ങൾ ഉണ്ട്. ഉദാഹരണത്തിന് ഉപയോഗിച്ച തടി വീണ്ടും ഉപയോഗിക്കുക. എന്താണ് തടി? മരം എന്നു പറയുന്നത് അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിനെ സ്വീകരിച്ചിട്ട് അതിലെ കാർബൺ ഘടകത്തെ തടിയ്ക്കുള്ളിൽ സൂക്ഷിക്കുകയാണ്. അപ്പോൾ ഒരു മരം വെട്ടിയിട്ട് അത് കത്തിയ്ക്കാതിരിക്കുന്ന അത്രയും കാലം അതിലെ കാർബൺ ഒരിക്കലും പുറത്ത് പോകില്ല. ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കാർബൺ ലോക്കിംഗ് ആണവിടെ സംഭവിക്കുന്നത്. ഇത്തരത്തിലുള്ള പഴയ മരങ്ങളെ കത്തിച്ചുകളയാതെ അതുകൊണ്ട് തന്നെ വീണ്ടും കതകും ജനലും ഒക്കെ ഉണ്ടാക്കാൻ പറ്റും. പണ്ട് വലിയ കനത്തിലാണ് ഉണ്ടാക്കുക. ഇപ്പോൾ അത്രയും കനമൊന്നും ആവശ്യമില്ല. അങ്ങനെ പുനരുപയോഗത്തിലൂടെ നമുക്ക് പ്രകൃതിസൗഹൃദമായി മാറാൻ കഴിയും.
ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളിലൂടെ നമ്മൾ പുതിയതായി ഉപേയാഗിക്കുന്ന വസ്തുക്കളുടെ അളവു കുറയ്ക്കുന്നതും ഒരുപരിധിവരെ പരിസ്ഥിതി സൗഹൃദമാണ്. രണ്ടാമത് വീടിന്റെ ആയുസ്സിനെ കുറിച്ചുള്ള നമ്മുടെ ധാരണ എല്ലാവരും ഒന്നുകൂടി പുനർവിചിന്തനം ചെയ്യുന്നത് നല്ലതായിരിക്കും. നമ്മളൊരു വീട് വയ്ക്കുമ്പോൾ നൂറ് വർഷം നിലനിൽക്കണം എന്നൊക്കെ ആലോചിച്ചാണ് വീട് വയ്ക്കുന്നത്. ഞാനിവിടെ വരുന്നത് 35 വർഷം മുൻപാണ്, അന്നു വെള്ളയമ്പലത്ത് നിന്നും ശാസ്തമംഗലത്തേയ്ക്കു പോകുന്ന വഴിയിൽ തടിയും ഓടും കൊണ്ടുതീർത്ത ഒരുപാടു വീടുകൾ റോഡിന്റെ രണ്ടുവശത്തും ഉണ്ടായിരുന്നു. അത് കാണുന്നതുതന്നെ രസമുള്ള ഒരു കാഴ്ചയായിരുന്നു. കേരളീയ ശൈലി എന്നു പറയുന്നൊതൊക്കെ അവിടെ വ്യക്തമായി കാണാമായിരുന്നു. ഇപ്പോൾ ആ റോഡിൽ മൂന്നോ നാലോ പഴയ കെട്ടിടങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് അതും എപ്പോൾ പോകും എന്നറിയില്ല. ഒന്നോ രണ്ടോ വീടുകൾ ആളുകൾ അങ്ങനെതന്നെ നിർത്തിയിട്ടുണ്ട്. ബാക്കിയെല്ലാം മാറി കോൺക്രീറ്റ് കെട്ടിടങ്ങളായി, പ്രത്യേകിച്ച് ഒരു ഐഡന്റിറ്റി ഇല്ലാത്ത കെട്ടിടങ്ങൾ റോഡ് നീളെ വന്നു. അതെല്ലാം തന്നെ അംബരചുംബികൾ എന്നു നമ്മൾ പറയുന്ന ഇനങ്ങളാണ്.
വീടുകൾ മാറിക്കൊണ്ടിരിക്കുകയാണ്. ഇനി ഫ്ലാറ്റുകൾ 100 വർഷത്തേക്ക് നിൽക്കുമോ ? അതുമില്ല. ഒരു ഘട്ടം കഴിയുമ്പോൾ ഫ്ലാറ്റുകളും അണക്കെട്ടുകൾ പൊളിച്ചു പണിയും പോലെ പൊളിച്ചുപണിയേണ്ടി വരും. ഇതൊക്കെ നമ്മുടെ ഒരു ജീവിതകാലത്തെ- മുപ്പതോ നാൽപതോ വർഷത്തെ കാര്യമാണ്. അതിന് നാൽപതു വർഷത്തെ ബലം പോരെ. പിന്നെ പ്രാദേശികമായ അവസ്ഥയെ ആശ്രയിച്ച് ചില കാര്യങ്ങൾ ചെയ്യേണ്ടി വരും. എനിക്കിവിടെ മണ്ണ് കൊണ്ട് ഒരു വീട് വയ്ക്കാനൊക്കില്ല. ഞാനിവിടെ ഇരിക്കുന്നത് ഒരു വാട്ടർ ടാങ്കിന്റെ പുറത്താണ്. ഇതൊരു മൂന്നാലു വർഷം മുൻപ് ഞങ്ങൾ കെട്ടിയതാണ്. തൊട്ടപ്പുറം പുഴയ്ക്ക് അപ്പുറത്തായി വലിയ തോതിൽ ക്വാറി പ്രവർത്തനം നടക്കുന്നുണ്ട്. ക്വാറിയുടെ ഷോക്ക് മണ്ണിലൂടെ ഇവിടെ വരുന്നുണ്ട്. ഇവിടെ ഈ വലിയ ടാങ്ക് മൊത്തമായി രണ്ടായി പൊട്ടി കഷണമായി മാറി. ഞങ്ങൾ അത് പൊളിച്ചുമാറ്റി വേറെ ടെക്നോളജി ഉപയോഗിച്ച് അത്രയും ചെലവു വരാത്തതും അതേസമയം തന്നെ വെള്ളം ശേഖരിക്കാനുള്ള വേറൊരു സംവിധാനം ഉണ്ടാക്കുകയാണ്.
ഇത് പറയാൻ കാരണം ഓരോ സ്ഥലത്തിനും അതിന്റെതായ പ്രത്യേകതകൾ ഉണ്ട്. അവിടത്തെ ക്വാറി പ്രവർത്തനം ഞാൻ വിചാരിച്ചാൽ നിർത്താനാകില്ല. അതുശരിയുമല്ല. കാരണം അതുകൊണ്ടും പത്തോ നൂറോ പേർ ജീവിക്കുന്നുണ്ട്. 10-30 വർഷമായി നടന്നു വരുന്ന സംഗതി ആണ്. ആളുകളെല്ലാം അവിടന്ന് കല്ലു മേടിക്കുന്നുണ്ട്. അത് നടന്നുപോകുന്നുമുണ്ട്. ആവശ്യക്കാർ ഇല്ലെങ്കിൽ ക്വാറി വേണ്ടി വരില്ലല്ലോ. നമ്മളെല്ലാം കല്ല് മേടിക്കുന്നവരാണ്. പിന്നെ നമ്മൾ ക്വാറിയെ വലുതായിട്ട് കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ല.
നമുക്ക് ചെയ്യാവുന്ന കുറെ കാര്യങ്ങളുണ്ട്. നമ്മുടെ പരിമിതികിളിൽ നിന്നുകൊണ്ട് തന്നെ പലകാര്യങ്ങളും ചെയ്യാനാകും. നമ്മൾ പലപ്പോഴും പല കാര്യങ്ങളിലും ഒരു തീവ്രവാദ സമീപനമാണ് സ്വീകരിക്കുക. ഇത് ഇങ്ങനെയാണെങ്കിൽ പരിസ്ഥിതി സൗഹൃദമാണ്, അങ്ങനെയാണെങ്കിൽ അല്ല. കുറെ കാര്യങ്ങളിൽ നമുക്ക് റിസോഴ്സസ് ഉപേയാഗിക്കുന്നത് കുറയ്ക്കാൻ പറ്റും. പിന്നെ മിനിയേച്ചർ മോഡൽ ചെയ്യുമ്പോൾ ഉണ്ടാകുന്ന ചെറിയ ചില കാര്യങ്ങളുണ്ട്. ഒരു വലിയ മോഡൽ ഉണ്ടാകുമ്പോൾ ആ പരിസരത്തെ പരിസ്ഥിതി മൊത്തം മാറി മറിയും. പകരം ചെറിയ ചെറിയ ബ്ലോക്കുകളായി ചെയ്യുകയാണെങ്കിൽ - 20 സെന്റ് സ്ഥലം ഉണ്ടെങ്കിൽ അതിൽ 5000-6000 സ്ക്വയർ ഫീറ്റിൽ വലിയൊരു വീടു വയ്ക്കുന്നതിനേക്കാൾ, രണ്ടായിരം സ്ക്വയർ ഫീറ്റിലോ മറ്റോ രണ്ടോ മൂന്നോ വീട് പറമ്പിന്റെ പല ഭാഗത്തായി വയ്ക്കുക. അതിനിടയ്ക്ക് ചെടികളും മരങ്ങളും വയ്ക്കുക. അപ്പോൾ അവിടെ വേറെ ഒരു അന്തരീക്ഷം വരും.
ഇതൊക്കെ നിങ്ങൾ ആലോചിക്കാനായി ഞാൻ പറയുന്ന ആശയങ്ങളാണ്. ഇതൊന്നും ആരും സ്വീകരിക്കണം എന്ന് നിർബന്ധമില്ല. ഞാൻ എന്റെ ചില ചിന്തകൾ പങ്കുവെക്കുന്നു. ഒരുപോലെ ചിന്തിക്കുന്ന ഒരുപാട് പേര് കാണും. പലരും പറയാൻ ധൈര്യം കാണിക്കുന്നില്ല, ഇല്ലെങ്കിൽ മിനക്കെടുന്നില്ല. ഇങ്ങനെ കുറേ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ കേരളത്തിലെ പ്രകൃതിയെയും ചെടികളെയും പക്ഷികളെയും ഒക്കെ കുറെകാലം കൂടി ഇവിടെ നിലനിർത്താൻ പറ്റും. ഇവിടെ ഇരിക്കുമ്പോൾ തന്നെ ചുറ്റും ചീവിടിന്റെ ശബ്ദമാണ് കേട്ടുകൊണ്ടിരിക്കുന്നത്. നിങ്ങൾക്ക് കേൾക്കാൻ പറ്റുന്നുണ്ടോ എന്നറിയില്ല. പണ്ടിവിടെ ക്രഷർ മെഷീൻ പൊടിക്കുന്ന ശബ്ദമാണ് കേട്ടിരുന്നത്. ആ മാറ്റങ്ങളുണ്ടായത് കുറെ കാലം കൊണ്ടാണ്. ഇത്തരം മാറ്റം കൊണ്ടുവരാൻ നമ്മുടെ പറമ്പിൽ ചീവീടിന്റെ, തവളയുടെ ഒക്കെ കരച്ചിൽ കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പൂർണ്ണമായും ഒരു പ്രകൃതി സൗഹൃദ സമീപനം സ്വീകരിക്കാൻ പറ്റില്ലെങ്കിൽ ഭാഗികമായി ചെയ്താൽ പോലും കുറെ കാര്യങ്ങൾ ചെയ്യാൻ പറ്റും. നമ്മുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട്, കുടുംബാംഗങ്ങളുടെ താത്പര്യം കൂടി സംരക്ഷിച്ചു കൊണ്ട് കുറെ അധികം കാര്യങ്ങൾ ചെയ്യാനാകും.