1234
ലോക പരിസ്ഥിതി ദിനമായ ജൂൺ 5ന് മിയാവാക്കി മാതൃക വനവത്കരണം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു പോസ്റ്റർ പുറത്തിറക്കുകയാണ്. മിയാവാക്കി വനങ്ങളുടെ സവിശേഷത നിങ്ങൾക്കറിയാമല്ലോ. നമ്മുടെ ആയുഷ്ക്കാലത്തിനുളളിൽ തന്നെ ഒരു കാട് വളർന്ന് വികാസം പ്രാപിക്കുന്നത് കാണാൻ സാധിക്കുന്ന ഒരേയൈാരു മാർഗമാണ് മിയാവാക്കി വനവത്കരണം. മൂന്നു വർഷത്തിനുളളിൽത്തന്നെ തൈകൾ വളർന്ന് മുപ്പതടി വരെ പൊക്കം വെക്കുന്നു. പതിനഞ്ചു വർഷം കൊണ്ട് അഭൂതപൂർവമായ വളർച്ചയാണ് ചെടികൾ കൈവരിക്കുന്നത്. മുപ്പത് വർഷത്തിനുളളിൽ നൂറു കൊല്ലം വളർച്ചയെത്തിയ സ്വാഭാവിക വനത്തിനൊപ്പമാണ് മിയാവാക്കി മാതൃകയിൽ നടുന്ന ചെടികൾ വളർന്നെത്തുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, നട്ട് പതിനഞ്ചു വർഷം കഴിയുമ്പോഴേക്കും നമ്മുടെ അദ്ധ്വാനത്തിന്റെ ഫലം കാണാനാവും. എത്ര കുറഞ്ഞ സ്ഥലത്തും മിയാവാക്കി മാതൃക നടപ്പിലാക്കാനാവും. പ്രഫ. മിയാവാക്കി വികസിപ്പിച്ചെടുത്ത ഈ മാതൃകയുടെ പ്രചരണമാണ് ഈ പോസ്റ്റർ ലോഞ്ചിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്. ഈ പോസ്റ്റർ രൂപകൽപ്പന ചെയ്തത് അഭിജാത സന്തോഷ് എന്ന പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി ആണ്. വൈക്കത്തെ ചെമ്പ് സ്വദേശി സന്തോഷിന്റെയും ബിജുമോളുടെയും മകളാണ് അഭിജാത. സെറിബ്രൽ പാൾസി എന്ന രോഗാവസ്ഥയെ കലാപരമായ കഴിവു കൊണ്ട് അതിജീവിച്ച അഭിജാതയുടെ പോസ്റ്റർ നിങ്ങൾക്കു മുമ്പിൽ സന്തോഷപൂർവം പ്രദർശിപ്പിക്കുന്നു. ഈ പോസ്റ്റർ പരമാവധി ആളുകൾക്ക് പങ്കുവെയക്കണമെന്ന് അഭ്യർത്ഥിക്കുന്നു.