ഒരു നാലു മാസം മുമ്പ് എല്ലാ വീട്ടിലും മിയാവാക്കി മാതൃകയിൽ ഒരു പഴത്തോട്ടം / പച്ചക്കറിത്തോട്ടം ഉണ്ടാക്കണം, അത് ഏപ്രിൽ 22-ന് മുമ്പ്, ലോക ഭൗമദിനം ആകുമ്പോഴേക്ക് പരമാവധി വീടുകളിൽ വയ്ക്കാൻ ശ്രമിക്കണം, പരമാവധി പങ്കു വയ്ക്കണമെന്ന് പറഞ്ഞ് ഒരു വീഡിയോ ചെയ്തിരുന്നു. കുറെ ആളുകൾ അത് കേട്ടു. അതിന് 32000 വ്യൂ കിട്ടി. അതിന് ഒരുപാട് പ്രതികരണം വന്നു. അത് കണ്ടവരിൽ ഒരു നൂറ് പേര് എങ്കിലും മിയാവാക്കി മാതൃകയിൽ പഴത്തോട്ടം വയ്ക്കാൻ തയ്യാറാകും എന്നു കരുതുന്നു. പിന്നെയും കുറെ സംശയങ്ങൾ അവശേഷിക്കുന്നു. അന്നു കുറേപേർ പറഞ്ഞു ഇതൊരു ആനമണ്ടത്തരമാണെന്ന്. കാരണം, ഇത്രയും ചെടികൾ അടുത്തു വച്ചുകഴിഞ്ഞാൽ അത് കിളിർക്കില്ല, വളരില്ല, 160 ചെടികൾ ഒരു സെന്റിൽ വയ്ക്കുമോ? അങ്ങനെ വച്ചു കഴിഞ്ഞാൽ ഇതിന് എങ്ങനെ വെയിൽ കിട്ടുമെന്നൊക്കെ ചോദിച്ചു. അപ്പോൾ പറ്റുന്ന രീതിയിൽ അതിനുള്ള ഉത്തരം നൽകിയിരുന്നു.
ഇതിൽ കുറെ ചെടികൾ പോകും. ആറ് വർഷമായി ഞാൻ മിയാവാക്കിയെക്കുറിച്ച് പഠിക്കാൻ തുടങ്ങിയിട്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഇത് പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയിട്ട്. പരീക്ഷണങ്ങൾ കഴിഞ്ഞ് ശരിക്കുള്ള പ്രാക്ടീസ്. ഓരോ തവണയും ഇതിന് മാറ്റം വരുന്നുണ്ട്. കഴിഞ്ഞ ആഴ്ച ചില കാര്യങ്ങൾ നിങ്ങളോട് പറഞ്ഞ ശേഷം ഈ ആഴ്ച കാണുമ്പോൾ ചിലത് മാറ്റി പറയാറുണ്ട്. ഞാൻ പറഞ്ഞ കാര്യങ്ങളിൽതന്നെ ഉറച്ചു നിൽക്കുക എന്നതല്ല ഉദ്ദേശ്യം. ഇത് ഏറ്റവും നല്ല രീതിയിൽ എങ്ങനെ ചെയ്യാം എന്നുള്ളതാണ്. അതിന് നിരന്തരമായിട്ടുള്ള പരീക്ഷണങ്ങളാണ് ചെയ്യുന്നത്.
ഞാനന്ന് പറഞ്ഞത് ഒക്ടോബർ മാസത്തിലാണ്. അന്ന് ഒരു പഴത്തോട്ടം കുഴിച്ചു വക്കുന്നതിന്റെ ഒരു വീഡിയോയും കാണിച്ചിരുന്നു. എന്റെ സഹപ്രവർത്തകയായ അനിതാ ജയകുമാറും, അവരുടെ ഭർത്താവ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ ജയകുമാറും ചേർന്നാണ് ഇത് നടത്തിയത്. അവരുടെ വീട്ടിൽ നിന്നും ഏകദേശം അഞ്ചു കിലോമീറ്റർ ദൂരെയാണ് ഈ സ്ഥലം. ഇതിന്റെ പുറകിൽ രണ്ടു വർഷം പഴക്കമുളള മിയാവാക്കി കാട് നിൽപ്പുണ്ട്. ആ കാട് നല്ല രീതിയിൽ വളർന്നു. 2018 ഡിസംബർ മാസത്തിൽ വച്ച കാടാണ്. രണ്ടു വർഷവും രണ്ട് മാസവും കഴിഞ്ഞപ്പോൾ സാമാന്യം നല്ല വളർച്ചയിൽ എത്തി. ഈ പ്രദേശം വയലാണ്, ചതുപ്പു നിലമാണ്. ഈ ചതുപ്പു നിലത്തിൽ ഉള്ള പ്രശ്നം മഴ പെയ്യുമ്പോൾ ഒരടി വെള്ളം ഉണ്ടാകും, അതു കഴിയുമ്പോൾ വെള്ളം അതുപോലെ താന്നു പോകും. വേനൽക്കാലത്ത് ഈ വെള്ളം നന്നായി ഉണങ്ങും. അപ്പോൾ മണ്ണ് വിണ്ടു കീറുന്ന ഒരു സമയം ആണ്. പക്ഷെ എന്നിട്ടും ഇവിടെ ഇത്ര നല്ല വളർച്ച കിട്ടി.
ഇപ്പോൾ ഇത് പറയാൻ കാരണം മിയാവാക്കി മാതൃകയിൽ ഒരു സ്ക്വെയർ മീറ്ററിൽ നാലു ചെടികൾ വയ്ക്കണം എന്നാണ് പറയുന്നത്. നാലു ചെടി വേണോ ? നാലു ചെടി കൂടുതൽ അല്ലേ? നാലു ചെടികൾ വരുമ്പോൾ ചെടികൾക്ക് ഇതിനിടയിൽ ഒരു വളർച്ചയുണ്ടാകില്ല എന്നൊക്കെ ആളുകൾ ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരം കൂടിയാണ് ഇവിടെ ഈ കാണുന്നത്. ഈ നാലു ചെടികളിൽ ഒന്നോ രണ്ടോ എണ്ണം ഞങ്ങൾ തക്കാളിയോ, വഴുതനയോ, വെണ്ടയോ പോലുള്ള ചെടികൾ ആക്കി നോക്കിയായിരുന്നു. അതിന്റെ ഒരു ഗുണം എന്താണെന്നു വച്ചാൽ തക്കാളി ഇതിനിടയ്ക്ക് നിൽക്കുമ്പോഴേക്ക് നിറഞ്ഞു നിൽക്കും, പക്ഷേ മരങ്ങൾ മേൽപ്പോട്ടു പോകുമ്പോൾ തക്കാളി അതിന്റെ കാലം കഴിയുമ്പോൾ പട്ടു പോകും. അപ്പോൾ ആദ്യത്തെ ഘട്ടത്തിൽ ഒരു പച്ചപ്പ് ഉണ്ടാകാൻ ഈ തക്കാളി, വഴുതന ഒക്കെ നല്ലതാണ്. ഇതിനിടയിൽ പെട്ടെന്ന് മേൽപ്പോട്ട് വളർന്നു പൊയ്ക്കോളും.
നമുക്ക് ഒന്നു കണ്ടു നോക്കാം. അതിനിടയ്ക്ക് ചെറിയൊരു കാര്യം കൂടി പറയാനുണ്ട്. ഇവിടെ ചെറിയൊരു പരിപാലനക്കുറവുണ്ടായിട്ടുണ്ട്. കാരണം, ഇതിന്റെ ഉടമസ്ഥർ താമസിക്കുന്നത് കുറച്ച് അകലെയാണ്. മണിക്കുട്ടൻ എന്നൊരാളാണ് ഇവിടെ സ്ഥിരമായി വെള്ളമൊഴിച്ചു കൊണ്ടിരുന്നത്. ഇടയ്ക്ക് മണിക്കുട്ടൻ ഒരു ബൈക്ക് അപകടം പറ്റി കിടപ്പിലായിപ്പോയതു കൊണ്ട് പിന്നെ വേണ്ട ശരിയായ ഒരു പരിപാലനം കൊടുക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും വളർച്ചയ്ക്ക് വലിയ പ്രശ്നമുണ്ടായില്ല. നല്ല രീതിയിൽ തന്നെ വളർന്നിട്ടുണ്ട്. ഞാൻ ഇപ്പോൾ ഇതിന്റെ നടുക്കാണ് നിൽക്കുന്നത്. എന്റെ തോളിനേക്കാൾ പൊക്കത്തിനാണ് നെല്ലിയും, മുള്ളാത്തയും, മൾബറിയും, പേരയും, മലേഷ്യൻ അമ്പഴവുമൊക്കെ നിൽക്കുന്നത്. എനിക്ക് പൊക്കം കുറഞ്ഞതാവാൻ സാധ്യതയില്ല. അതിന് പൊക്കം കൂടിയതു തന്നെയാണ്.
നമുക്ക് ഇതിനെ ഓരോന്നായി കണ്ടുനോക്കാം. ഇവിടെ ഒരു 160 ചെടികളാണ് വച്ചത്. അതിൽ ഇപ്പോൾ ഏതൊക്കെ ചെടികൾക്ക് ഇപ്പോൾ വളർച്ച കിട്ടി, ഇത്രയും ഒരുമിച്ചു വയ്ക്കുമ്പോൾ എങ്ങനെ വളര്ച്ചയുണ്ടാകും എന്നു ചോദിച്ചിരുന്നു. അത് കണ്ടു നോക്കാം. തക്കാളിയും മുളകുമാണ് ഇവിടെ ഇടയ്ക്കിടയ്ക്ക് വച്ചു കൊടുത്തിരുന്നത്. അതിൽ തക്കാളി നന്നായി കാഴ്ച്ചു. മുളക് കാഴ്ചു തുടങ്ങുന്നതേയുള്ളൂ. ഒരു തക്കാളിത്തോട്ടം പോലെ പലയിടത്തായി വളർന്നു കിടപ്പുണ്ട്. ഇതൊരു കാപ്പിയാണ്. അതിന് നല്ലൊരു വളർച്ച കിട്ടിയിട്ടുണ്ട. ഇത് നീലപ്പേരയാണ്. അതിന് അത്ര നല്ല വളർച്ച കിട്ടിയില്ല. അതേസമയം, ചെറി നന്നായി വളർന്നിട്ടുണ്ട്. മൂട്ടിപ്പഴം, പലപ്പോഴും കാട്ടിൽ വച്ചിട്ട് ഇത്രയും വളർന്നിട്ടില്ല. ഇവിടെ മൂട്ടിപ്പഴത്തിന് നല്ല വളർച്ചയാണ് കിട്ടുന്നത്. അതിന്റെ പുറകിൽ ഒരു നാരകമുണ്ട്. അത് സാധാരണ നാരകമല്ല. അതിന്റെ ഇലയ്ക്ക് നല്ല കടുത്ത നിറമാണ്. ഗണപതി നാരകമാണെന്ന് തോന്നുന്നു. ഇവിടെ ഒരു വെള്ള കാന്താരി, ഉടമസ്ഥരെ സന്തോഷിപ്പിക്കാനാവശ്യത്തിന് മുളക് കായ്ച്ചിരിക്കുന്നു. ഇവിടെ ഒരു മുസമ്പിയുണ്ട്. അതിനോട് ചേർന്ന് ഒരു ചെമ്പരത്തി നിൽപ്പുണ്ട്. അതിന് കാര്യമായ വളർച്ചയുണ്ട്. എന്നാൽ ഈ കറിവേപ്പില വലിയ വളർച്ചയുണ്ടായില്ല. ഇവിടെ ഒരു പേര നല്ല വളർച്ചയിൽ നിൽക്കുന്നു. കുറെ വെണ്ടയ്ക്ക നന്നായി വളർന്നു വന്നു. സമയത്തു ആരും പറിക്കാൻ ഇല്ലാതിരുന്നതു കൊണ്ട് എല്ലാം ഉണങ്ങിനിൽപ്പുണ്ട്. ഇവിടെയൊരു മാവ്. അപ്പുറത്ത് പ്ലാവ്, അത് നല്ല രീതിയിൽ വളർന്നു നിൽപ്പുണ്ട്. ഈ നെല്ലി ഏകദേശം നാലടിയിൽ കൂടുതൽ പൊക്കമായി. അതിനപ്പുറത്ത് നിൽക്കുന്നത് മുള്ളാത്തയാണ്. മുള്ളാത്തയ്ക്ക് ഒരഞ്ചടി വളർച്ച വന്നിട്ടുണ്ട്. ഇതൊരു കാട്ടുചാമ്പയാണ്. നല്ല രീതിയിൽ വളർന്നു വരുന്നു. ഇത് മൾബറിയാണ്. ഏകദേശം എട്ടടിയായിട്ടുണ്ട്. ഇതിനെ കുറച്ച് വെട്ടിയില്ലെങ്കിൽ എല്ലാത്തിന്റേയും വളർച്ചയെ അത് ബാധിക്കും. ഇത് റംബൂട്ടാനാണ്. ഇത് സ്റ്റാർ ആപ്പിളാണ്. കാട്ടു ചാമ്പ, ആത്ത, ചുണ്ട, കാപ്പി, കാപ്പിയോട് ചേർന്നൊരു മുളകും അതിനിടയ്ക്കൊരു ചാമ്പയുമൊക്കെ വളരുന്നുണ്ട്.
ഇവിടൊരു പ്ലാവ്. അത് ചക്കയാവില്ല. പക്ഷേ അതു വളരുന്നുണ്ട്. ഇതൊരു സാധാരണ ആത്തയാണ്. അവിടെ വീണ്ടും ഒരു നെല്ലിയുണ്ട്. സ്റ്റാർ ഫ്രൂട്ടുണ്ട്. മാതള നാരകം, നാടൻചാമ്പ. ഇടയ്ക്കുള്ള പരിപാലനം ഇല്ലാതിരുന്നിട്ടു കൂടി ഇവിടെ നല്ലരീതിയിൽ വളർച്ചയുണ്ടായി. ഇവിടെയൊരു എലിഫന്റ് ആപ്പിൾ നന്നായിട്ടു വളരുന്നുണ്ട്. അങ്ങനെയൊത്തിരി ചെടികൾ ഇവിടെ വളരുന്നുണ്ട്. ഇത്രയൊക്കെ വളർന്നാൽ തന്നെ ഇത് വലിയൊരു കാടായിട്ട് മാറും. ഇതു പരിപാലിക്കാൻ പറ്റിയ രീതിയിലാണ് നില്ക്കുന്നത്. ഒരു പ്രത്യേകത എന്താണെന്നാൽ വളരെ പ്രതികൂലമായൊരു സ്ഥലമാണ്. കാരണം ഇതിന്റെ മൂന്നു വശവും നിഴലാണ്. ഒരു വശം ഒരു മിയാവാക്കി കാടും മറ്റേ രണ്ടു വശം റബ്ബർത്തോട്ടവുമാണ്. ഇത്രയുമുണ്ടായിട്ട് കൂടി എല്ലാം നല്ല രീതിയിൽ നടക്കുന്നുണ്ട്. കൃത്യമായ ഒരു പരിപാലനവും, ഒരു ഓട്ടോമാറ്റിക് ജലസേചന സംവിധാനവും കൂടി നടത്തിയെങ്കിൽ കുറച്ചു കൂടി നന്നായി വളരും.
വളർച്ചയെല്ലാം കണ്ടല്ലോ. ഇവിടെ ചെറിയ പ്രതികൂല കാലാവസ്ഥയുണ്ടായിരുന്നു. ഒരുവശത്ത് മിയാവാക്കി കാട്, മറുവശത്ത് റബ്ബർത്തോട്ടം, പുറകിൽ വെയിൽ കിട്ടുന്നില്ല, മഴക്കാലത്ത് ഇവിടെ വെള്ളം പൊങ്ങും, വേനൽക്കാലം ഇവിടെ ഉണക്കാണ്. ഇതൊക്കെയുണ്ടായിട്ടും ഒരു പഴത്തോട്ടം നാലുമാസം കൊണ്ട് ഇത്രയും വളർന്നു കഴിഞ്ഞു. അപ്പോൾ നിങ്ങളുടെ വീടിനോട് ചേർന്ന് ഇതു വയ്ക്കുകയും വേണ്ടത്ര പരിചരണം കൊടുക്കുകയും ചെയ്തെങ്കിൽ നല്ലരീതിയിൽ വളരുമെന്നുറപ്പാണ്. തീർച്ചയായും എല്ലാവരും അതിന് വേണ്ടി ശ്രമിക്കണം. നിങ്ങളെല്ലാവരും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.