ഞാൻ ഒരു പുസ്തകം പരിചയപ്പെടുത്തുകയാണ്. ഈ പുസ്തകം നിങ്ങളെല്ലാവരും നിർബന്ധമായും വായിച്ചിരിക്കണം. കേരളത്തിൽ പ്രകൃതിയെ തിരിച്ചു കൊണ്ടുവരാനായി പ്രവർത്തിക്കുന്നവർ - എന്തെങ്കിലും നട്ടു പിടിപ്പിച്ച് ഭൂമിയെ എങ്ങനെയെങ്കിലും പഴയതുപോലെ ആക്കാൻ തന്നെക്കൊണ്ടാവുന്നത് ചെയ്യണമെന്ന് ആലോചിക്കുന്ന ഒരുപാട് പേർ ഉണ്ട്. അതിൽ വലിയൊരു വിഭാഗം ആളുകൾ നാട്ടിൻപുറത്തുകാരും, നാടൻ കൃഷികാരും, പട്ടണവാസികളും, ടെറസ്സിൽ കാട് വയ്ക്കുന്നവരും ആണ്. ഇവരെല്ലാം നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം ഉണ്ട്.
ഒരാൾ നടത്തിയ സമരം, അവർ നടത്തിയ പോരാട്ടം, അവരുടെ ജീവിതകാലം മുഴുവൻ യുദ്ധം ചെയ്ത് നേടിയെടുത്ത വിജയം – ഇതൊക്കെയാണ് ഈ പുസ്തകത്തിൽ ഉള്ളത്. അതിൽ അവർ തോറ്റു പോയിരുന്നെങ്കിൽ അവരുടെ ജീവിതം തന്നെ പരാജയപ്പെടുമായിരുന്നു. എല്ലാ മാറ്റങ്ങളും അങ്ങനെ ആണ്. രാഷ്ട്രീയത്തിൽ രക്തസാക്ഷികളുണ്ട്. സിനിമയിൽ ഒന്നോ രണ്ടോ സുപ്പർ സ്റ്റാറുകൾ ഉണ്ടാകും. ബാക്കി ഉള്ളവർ പൊളിഞ്ഞു പോകും. വളരെയധികം ആളുകളെ പരീക്ഷിച്ചു നിരീക്ഷിച്ച്, അവരുടെ പശ്ചാത്തലം പരിശോധിച്ച്, അവരുടെ സാമ്പത്തികാവസ്ഥ കൂടെ പരിശോധിച്ചതിനു ശേഷം മാത്രമാണ് സാധാരണ വെഞ്ചർ ക്യാപ്പിറ്റലുകാർ പോലും വ്യവസായ സംരംഭകർക്ക് പണം കൊടുക്കുന്നത്. അങ്ങനെ പണം കിട്ടുന്നവരിൽ പോലും പത്തിൽ മൂന്നു പേരാണ് വിജയിക്കുന്നത്. ബാക്കി ഏഴു പേർ പരാജയപ്പെട്ടു പോകും. സാധാരണ വ്യവസായ സംരംഭകരിൽ ആയിരത്തിൽ മുപ്പതു പേരാണ് രക്ഷപ്പെടുന്നത്. തോറ്റു പോകുന്ന 970 പേരും സത്യത്തിൽ ഈ മുപ്പതു പേരുടെ വിജയത്തിൽ ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്. കാരണം അവർ തോറ്റു പോകുന്നത് എന്ത് കൊണ്ടാണെന്ന് മനസിലാക്കി പ്രവർത്തിച്ചാണ് മറ്റുള്ളവർ വിജയിക്കുന്നത്.
ഇങ്ങനെ മാറ്റങ്ങൾ ഉണ്ടാകുന്നത് എപ്പോഴും പല ഘട്ടങ്ങളിലായിട്ടാണ്. ഉദാഹരണമായി 30-40 വർഷം മുൻപ് ഇറങ്ങിയ സിനിമയാണ് പഞ്ചവടിപ്പാലം. അതൊരു രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ് (political satire). അന്ന് ആ സിനിമ ആർക്കും മനസ്സിലായില്ല, ആരും കാണാൻ പോയില്ല. കേരളത്തിൽ ഫെമിനിസത്തിനെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടായിരുന്ന സമയത്താണ് ആദാമിന്റെ വാരിയെല്ല് ഇറങ്ങുന്നത്. പക്ഷേ അന്ന് അതൊരു ഫെമിനിസ്റ്റ് ചിത്രമാണെന്ന് ആരും പറഞ്ഞില്ല. സ്ത്രീപക്ഷ സിനിമയാണെന്ന് കുറച്ചു പേരൊക്കെ പറഞ്ഞു. സ്ത്രീപക്ഷം എന്ന വാക്ക് പോലും അന്നില്ല. ഇന്ന് ആ സിനിമ ഇറങ്ങിയിരുന്നെങ്കിൽ അതിനു കിട്ടുന്ന അംഗീകാരം അല്ലെങ്കിൽ സ്വീകാര്യത വളരെ വലുതായിരുന്നേനെ. പക്ഷെ അത് കാലത്തിന് മുന്നേ വന്നതാണ്. കെ. ജി. ജോർജ്ജിന്റെ എല്ലാ സിനിമകളും അങ്ങനെ തന്നെ. ഇതു പോലെ ഓരോ മേഖലയിലും ആദ്യം മുന്നോട്ട് വരുന്നവരുണ്ട്. അവർ മിക്കവാറും തകർന്നു പോകും. തോപ്പിൽ ഭാസിയുടെ ആത്മകഥയിൽ പറയുന്ന പോലെ അനീതിക്കെതിരെ ശബ്ദമുയർത്തുന്ന ആദ്യത്തെ നട്ടെല്ലുകൾ ചവിട്ടിയൊടിക്കപ്പെടും. പുറകെ വരുന്നവർ ആണ് സമരത്തെ മുന്നോട്ട് കൊണ്ടു പോകുന്നത്.
ശോശാമ്മ ടീച്ചറുടെ ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാട് നിറഞ്ഞ 20 വർഷം എന്താണ് അവർ ചെയ്തത് എന്നുള്ളതാണ് ഈ പുസ്തകത്തിൽ. കേരളത്തിൽ ഇല്ലാതായി പോയ വെച്ചൂർ പശുവിനെ തിരിച്ചു കൊണ്ടു വന്നത് ശോശാമ്മ ടീച്ചറാണ്. ശോശാമ്മ ടീച്ചറേയും അവരുടെ ഭർത്താവായ എബ്രഹാം വർക്കി സാറിനെയും ഞാൻ പരിചയപ്പെടുന്നത് ഇവർ കൂറച്ചു കൂടി വിജയത്തിലെത്തി കഴിഞ്ഞിട്ടാണ്. അന്ന് ഈ സമരം നടക്കുന്ന സമയത്ത് സമര വാർത്തകളൊക്ക പത്രത്തിൽ വായിക്കുന്നുണ്ട്. “വെച്ചൂർ പശുവിന്റെ ജീൻ വിദേശത്തേയ്ക്ക് കടത്താൻ ശ്രമിച്ചു, മണ്ണുത്തി കാർഷിക സർവ്വകലാശാലയിലെ അതിഭീകരിയായ ഒരു അധ്യാപിക ഇതിന്റെ ജീൻ തട്ടിയെടുത്ത് വിദേശത്ത് വിൽക്കാൻ ശ്രമിച്ചു” എന്നു പറഞ്ഞ് വാർത്തകൾ ധാരാളം വരുന്നുണ്ട്, വായിക്കുന്നുണ്ട്. ഈ അതിഭീകരിയെ എന്നെങ്കിലും പരിചയപ്പെടേണ്ടി വരുമെന്ന് അപ്പോൾ നമ്മൾ ഒരിക്കലും കരുതുന്നില്ല. കുറെ കാലം കഴിഞ്ഞ് വെച്ചൂർ പശു മരിക്കുന്നു, പല പല പ്രശ്നങ്ങൾ വരുന്നു, വെച്ചൂർ പശു ഇല്ലാതാകുന്നു. എല്ലാം കഴിഞ്ഞ് വെച്ചൂർ പശു ഒരു വലിയ ഭ്രാന്തായി മാറുന്നു. ആളുകൾ വെച്ചൂർ പശു വേണം എന്ന അവസ്ഥയിലെത്തുന്നു.
ഈ പുസ്തകം വാങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കാൻ വേണ്ടി ഇതിന്റെ ഒരു പശ്ചാത്തലം കൂടി പറയാം. കാരണം ഇത് നിങ്ങൾ നിർബന്ധമായും വായിച്ചിരിക്കണം. ഒരു കഥ പോലെ വായിച്ചു പോകാവുന്നതാണ്. ഒരു ശാസ്ത്രജ്ഞയുടെ ഓർമ്മക്കുറിപ്പുകളാണിത്. ഈ പുസ്തകത്തിന്റെ പേര് ‘വെച്ചൂർ പശു പുനർജന്മം’ എന്നാണ്. ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് വെച്ചൂർ കൺസർവേഷൻ ട്രസ്റ്റ് ആണ്. ഇതിന്റെ വിതരണം നടത്തുന്ന ഏജൻസിയുമായി എനിക്കൊരു ബന്ധം ഉണ്ട്. ഈ ഒരു പുസ്തകം വിൽക്കുമ്പോൾ 100 രൂപ വെച്ച് ആ ഏജൻസിയ്ക്ക് കിട്ടും. ഞാനിതു പറയുമ്പോൾ എന്റെ ഇതിലെ താത്പര്യം കൂടി പറയണമല്ലോ. ഈ 100 രൂപ വെച്ചൂർ പശു, നാടൻ പശു എന്നിവയുടെ സംരക്ഷണത്തിനു വേണ്ടി ഉപയോഗിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഇതിൽ നിന്ന് ലാഭം എടുക്കാൻ ഉദ്ദേശമില്ല.
ഈ പുസ്തകത്തിന്റെ ഒരു പശ്ചാത്തലം പറയാം. നമ്മുടെ നാട്ടിൽ ധവള വിപ്ലവത്തിന്റെ ഭാഗമായി വിദേശ പശുക്കളെ കൊണ്ടു വന്ന് ഇവിടെ വളർത്തിയപ്പോൾ ഇവിടുത്തെ നാടൻ പശുക്കളെ ആർക്കും വേണ്ടാതായി തുടങ്ങി. ഇവിടെയുള്ള കാളകളെ വന്ധ്യംകരിക്കാനുള്ള ഏർപ്പാട് കൂടി ചെയ്തു. ഇവിടെയുള്ള കാളകൾ മുഴുവൻ വന്ധ്യംകരിക്കപ്പെട്ടാൽ ഇവിടെയുള്ള കാളകൾക്ക് കുട്ടികൾ ഉണ്ടാകില്ല. വരുന്നത് വിദേശ പശു, അവയ്ക്ക് കുത്തിവയ്ക്കുന്നത് വിദേശകാളയുടെ ബിജം, അങ്ങനെ കേരളം മുഴുവൻ 100 ലിറ്ററും 60 ലിറ്ററും പാൽ ചുരത്തുന്ന പശുക്കളെ കൊണ്ടു നിറയും. മൈസൂർ പോയാൽ അങ്ങനെയുള്ള പശുക്കളെ ഇപ്പോഴും അവിടെ കാണാം. ദേഹത്തു പാടുമായിട്ട് വിദേശ ഇനം പശുക്കൾ അവിടെ വളരുന്നുണ്ട്.
ഇത് നടക്കുന്ന സമയത്ത് ശാസ്ത്രജ്ഞയായ ശോശാമ്മ ടിച്ചർക്ക് ഒരു ആശയം തോന്നി. ചെറുപ്പത്തിൽ അവരുടെ വീട്ടിൽ വെച്ചൂർ പശുക്കൾ ഉണ്ടായിരുന്നു. ഇത്തരം കുട്ടിപ്പശുക്കളെ എന്തു കൊണ്ട് സംരക്ഷിച്ചു കൂടാ എന്ന ചിന്ത ടീച്ചർക്ക് ഉണ്ടായി. ഇത്തരം പശുക്കളെ കൊണ്ട് ധാരാളം പ്രയോജനങ്ങൾ ഉണ്ട്. അന്ന് അതാർക്കും അറിയില്ലായിരുന്നു. പിൽക്കാലത്ത് ഗവേഷണത്തിൽ തെളിഞ്ഞ രണ്ടു കാര്യങ്ങളിൽ ഒന്നാണ് - നാടൻ പശുക്കളുടെ ചാണകത്തിൽ മൈക്രോബ്സ് അഥവാ സൂക്ഷമജീവികളുടെ അളവ് വളരെ കൂടുതലാണ് എന്നുള്ളത്. വെറുതെ ഒരു പശുവിനെ കെട്ടിയാൽ പോലും പറമ്പിന്റെ ഫലഭൂയിഷ്ടത കൂടൂം. രണ്ട് - നാടൻ പശുവിന്റെ പാലിനും അതിൽനിന്നുണ്ടാക്കുന്ന നെയ്യിനും ഒരുപാട് ഗുണങ്ങൾ ഉണ്ട്. മരുന്നിനും മറ്റു കാര്യങ്ങൾക്കുമായിട്ട് ഇത് ഉത്പാദിപ്പിക്കാൻ പറ്റും. ശോശാമ്മടീച്ചർ ഈ പരീക്ഷണം തുടങ്ങുന്ന സമയത്ത് ആദ്യ പടി, ഈ പശുക്കളെ ശേഖരിക്കുക എന്നതായിരുന്നു. വളരെ ആത്മാർഥതയുള്ള കുറച്ചു വിദ്യാർത്ഥികളും അധ്യാപകരും അവരോടൊപ്പം ഉണ്ടായിരുന്നു. അവരുടെ സമർപ്പണം കൊണ്ടാണ് ഇത് നടന്നത്. ഈ ഉദ്യമത്തിന് മുൻനിരയിൽ നിന്ന ടീച്ചർക്ക് എല്ലാ പിന്തുണയുമായി ടീച്ചറിന്റെ ഭർത്താവായ ശ്രീ എബ്രഹാം വർക്കിയും ഉണ്ടായിരുന്നു. അദ്ദേഹം രണ്ടു വർഷം മുന്നേ മരിച്ചു പോയി. ടീച്ചർ ഇതിനു മുമ്പേ ഈ പുസ്തകം എഴുതി തുടങ്ങിയതാണ്. കോവിഡും മറ്റു പല കാരണങ്ങളാലും ഇത് നീണ്ടു പോയി. അവർ അന്ന് തപ്പി നടന്നിട്ട് അവർക്ക് ആകെ കിട്ടിയത് 8 വെച്ചൂർ പശുക്കളെ ആണ്. വെച്ചൂർ പശു പൂർണ്ണമായും തീർന്നു എന്നു പറഞ്ഞിടത്ത് 8 പശുക്കളെ കിട്ടി. ഇന്ന് കേരളത്തിൽ 7000-8000 വെച്ചൂർ പശുക്കൾ ഉണ്ട്. വെച്ചൂർ കൺസർവേഷൻ ട്രസ്റ്റിന്റെ പെഡിഗ്രി സർട്ടിഫിക്കറ്റ് ഉള്ള ഒരു പശുവിന് 1 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുണ്ട്. അതില്ലാത്തതിനു പോലും 50000-60000 രൂപ വിലയുണ്ട്. ഈ പശു ഒന്നര - രണ്ട് ലിറ്ററിൽ കൂടുതൽ പാല് തരുന്നില്ല. വെച്ചൂർ പശുവിനോടൊപ്പം കാസർകോഡ് കുള്ളൻ, കുട്ടമ്പുഴ കുള്ളൻ, ചെറുവള്ളിപ്പശു എന്നിങ്ങനെ കേരളത്തിലുള്ള ഒരുപാട് പശു ഇനങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടിവിടെ. ഞാൻ വേറെ എന്തോ ആവശ്യത്തിനാണ് ടീച്ചറെ സമീപിക്കുന്നത്, ഡോക്യുമെന്ററി നിർമ്മാണത്തിന് വേണ്ടി ആണെന്നു തോന്നുന്നു.
എന്റെ ഒരു അനുഭവം പറയാം. ഞാൻ ഒരാൾക്ക് ഒരു ജേഴ്സി പശുവിനെ വാങ്ങിക്കൊടുത്തു. അതിന് കുളമ്പു രോഗം അടക്കം പല അസുഖങ്ങളും വന്നിട്ട് 6 മാസം കഴിഞ്ഞപ്പോൾ അതിനെ നോക്കാനേൽപ്പിച്ച ആള് അതിനെ ഇനി പരിപാലിക്കാൻ കഴിയില്ല എന്നു പറഞ്ഞു. പിന്നെ അദ്ദേഹം അത് വിറ്റു. പിന്നെയാണ് ഞങ്ങൾ ശോശാമ്മ ടീച്ചറോട് വെച്ചൂർ പശുവിനെ തരാമോ എന്നു ചോദിക്കുന്നത്. ടീച്ചറാണ് സത്യത്തിൽ പശുവിനെ വളർത്താനുള്ള ആശയം ശക്തമായി കൊണ്ടു വരുന്നത്. ഞാൻ ടീച്ചറോട് ചോദിച്ചു ഒരു പശുവിനെ എനിക്ക് തരാമോ എന്ന്. ടീച്ചർ പറഞ്ഞു “അതിനെ കിട്ടാൻ പാടാണ്, നല്ല വിലയാണ്. ഒരു കാര്യം ചെയ്യൂ. ചെറുവള്ളി എന്നൊരു പുതിയ ഇനത്തിനെ തിരിച്ചറിഞ്ഞിട്ടുണ്ട്, അത് നോക്കൂ. അത് കോട്ടയത്ത് ചെറുവള്ളി എസ്റ്റേറ്റ് ഭാഗത്തുള്ള പശുവാണ്.” ചെറുവള്ളി പശുവിന്റെ പ്രത്യേകത, അതിന്റെ കഴുത്തിൽ കയറിടാറില്ല എന്നുള്ളതാണ്. ഇത് രാവിലെ 3000 ഏക്കറുള്ള എസ്റ്റേറ്റിലേയ്ക്ക് പോകും, വൈകിട്ട് തിരിച്ചു വരും. ഞാനിവിടെ കൊണ്ടു വന്ന് കയർ ഇട്ടപ്പോൾ അത് അക്രമാസക്തമായി. ഞങ്ങളെ അത് ഓടിക്കാൻ തുടങ്ങി. അത് വെച്ചൂർ പശുവിനേക്കാൾ കുറച്ചു കൂടി പാല് തരും. വെച്ചൂർ പശുവിനേക്കാൾ വലിപ്പവും ഉണ്ട്. കുറെ അധികം ചെറുവള്ളി പശുക്കൾ ഇപ്പോഴുണ്ട്. കുറച്ച് വെച്ചൂർ പശുക്കളെയും ഇപ്പോൾ ഞങ്ങളിവിടെ കൊണ്ടു വന്നു. മിയാവാക്കി കാട് ബാക്കി എവിടുത്തേക്കാളും നന്നായി വളരുന്നതിൽ ഒരു പങ്ക് വെച്ചൂർ പശുവിന്റെ ചാണകത്തിനും ഉണ്ടായിരിക്കും.
എന്തായാലും ടീച്ചറിന്റെ ജീവിതം ഒട്ടും സുഖകരമായിരുന്നില്ല. ജീവിത ത്തിൽ നല്ല നിലയിലെത്തി, ഒരു പ്രൊഫസറൊക്കെ ആയി, ഉറച്ച സർക്കാർ ശമ്പളം, സമൂഹത്തിൽ അംഗീകാരം ഒക്കെ ഉള്ള സമയത്ത് സമാധാനമായി ജീവിക്കേണ്ട ടീച്ചറിന്റെ ജീവിതം കലാപ കലുഷിതമായിരുന്നു. ആവശ്യമില്ലാത്ത കുറെ ആരോപണങ്ങൾ അവർക്കെതിരെ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ഉയർന്നിരുന്നു. അതിനോരോന്നിനും എതിരെ അവർ കോടതിയിൽ പോരാടി. പുറത്തും പോരാടി. ആളുകളെ പറഞ്ഞ് മനസിലാക്കി. അവരുടെ ശാസ്ത്ര പേപ്പറുകൾ വിവിധ സ്ഥലത്ത് അവതരിപ്പിച്ചു. അവസാനം ഈ ആരോപണങ്ങളെല്ലാം നേരിട്ട് മുകളിൽ വന്നപ്പോൾ ടീച്ചർ സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. ഇപ്പോൾ ടീച്ചറിന് 80 വയസ്സിലധികം ഉണ്ട്. ഇത് 20-30 വർഷത്തിനു മുൻപുള്ള കഥയാണ്. 90ലാണ് ഈ സംഭവങ്ങൾ നടക്കുന്നത്. 1987 മുതൽ 2000 വരെയുള്ള ടീച്ചറുടെ ജീവിത കാലഘട്ടം – ആ സമയത്ത് ടീച്ചർ നേരിടേണ്ടി വന്ന സമരങ്ങളുടെ കഥയാണ് ഈ പുസ്തകം. ഒരാൾ ഒരു സമരത്തിൽ വിജയിച്ചാൽ പോലും അവരുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം അതിനായി മാറ്റി വയ്ക്കുകയാണ്. ടീച്ചർ വിജയിച്ചതു കൊണ്ട് ഇങ്ങനെ ഒരു പുസ്തകം വരുന്നു, ടീച്ചറിന്റെ വിജയം നമ്മളറിയുന്നു. പക്ഷെ മാറ്റങ്ങൾക്കു വേണ്ടി പരിശ്രമിച്ചു പരാജയപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. അവർക്കെല്ലാം പ്രചോദനമായിരിക്കും ഈ പുസ്തകം. കാരണം നമ്മൾ ചെയ്യുന്ന പ്രവർത്തികൾ വിജയത്തിലെത്താനുള്ള സാധ്യതകൾ കുറവാണെന്ന് അറിഞ്ഞാൽ പോലും സമരം നിർത്താൻ പാടില്ല. നമ്മളത് തുടർന്നു കൊണ്ടിരിക്കണം. ചിലപ്പോൾ നമ്മൾ വിജയിക്കും. അവസാന നിമിഷം വരെ അത് വിജയിക്കാനായി പരിശ്രമിക്കുക. ആ തരത്തിൽ പ്രചോദനം നൽകുന്ന ഒരു പുസ്തകമാണിത്.
കേരളത്തിൽ എല്ലാ മലയാളികളും ഈ പുസ്തകം വാങ്ങി വയ്ക്കേണ്ടതാണ്. നമ്മുടെ ശാസ്ത്രലോകം നേരിടുന്ന വെല്ലുവിളികൾ സത്യത്തിൽ എന്തൊക്കെയാണ്, എന്തൊക്ക കുരുക്കിലാണ് ആളുകൾ ചെന്നു വീഴുന്നത്, എങ്ങനെയാണ് അവരെ അതിൽ പെടുത്തുന്നത് – എന്നൊക്കെ അറിയാനായി ഈ പുസ്തകം നിങ്ങൾ നിർബന്ധമായും വാങ്ങിക്കണം. ഇതൊന്നുമില്ലെങ്കിലും 100 രൂപ നാടൻ പശുവിന്റെ സംരക്ഷണത്തിന് ഞങ്ങൾക്ക് കിട്ടും എന്നു വിചാരിച്ചെങ്കിലും ഒരു പുസ്തകം വാങ്ങണം. 300 രൂപയാണ് ഒരു പുസ്തകത്തിന്റെ വില. cultureshoppe.com എന്ന വെബ്സൈറ്റിൽ ഞങ്ങൾ ഈ പുസ്തകം വിൽപ്പനയ്ക്കായി വയ്ക്കുന്നുണ്ട്. അവിടുന്ന് ഇത് വാങ്ങിക്കാവുന്നതാണ്. എല്ലാവരും ഇത് വാങ്ങിക്കണം എന്ന് അഭ്യർഥിക്കുന്നു.