തിരുവനന്തപുരത്തിനടുത്ത് കല്ലാർ എന്നൊരു സ്ഥലമുണ്ട്. അത് ഒരു നദിയാണ്. ഒരു പാട് കല്ലുകൾ കിടപ്പുണ്ട് ഈ നദിയിൽ. അതുകൊണ്ടാകാം കല്ലാർ എന്ന പേരു പറയുന്നത്. ഈ കല്ലാർ പല സ്ഥലത്തുമുണ്ട്. ഇടുക്കിയിലും ഒരു കല്ലാർ ഉണ്ട്. ഇവിടെ ട്രക്കിംഗ് നടത്താൻ സൗകര്യമുണ്ട്. മീന്മുട്ടി വെള്ളച്ചാട്ടത്തിലേക്കാണ് ട്രക്കിംഗ് നടത്തുന്നത്.
ഈ കല്ലാർ കുപ്രസിദ്ധമാണ്. അതിനു കാരണം കാട്ടിൽ മഴ പെയ്യുന്ന സമയത്ത് പെട്ടന്ന് ഈ പുഴയിൽ വെള്ളം പൊങ്ങും. ദൂരെ നിന്നും വരുന്ന പലർക്കും വെള്ളത്തിന്റെ അപകട സാധ്യത അറിയില്ല. കാട്ടിന്റെ ഏതെങ്കിലും ഭാഗത്തായിരിക്കും മഴ പെയ്യുന്നത്. നമ്മൾ നിൽക്കുന്ന സ്ഥലം തെളിഞ്ഞൊക്കെ ആയിരിക്കും, പക്ഷെ വെള്ളം പെട്ടന്നു പൊങ്ങി കുത്തിയൊലിച്ചു വരും. ഈ കുളിച്ചു കൊണ്ടിരിക്കുന്ന ആൾ ഒഴുകിപ്പോകും. കല്ലാറിൽ നമ്മൾ ചെല്ലുമ്പോൾ ആദ്യം കാണുന്നത് അവിടെ ഒരു 26 ജീവൻ പൊലിഞ്ഞിട്ടുണ്ടെന്നു പറഞ്ഞൊരു ബോർഡ് വച്ചിട്ടുളളതാണ്, ആളുകൾ ശ്രദ്ധിക്കണം എന്നു പറഞ്ഞ്.
എന്തായാലും ഈ കല്ലാറിൽ നമ്മളൊരു ട്രക്കിംഗിനു പോയി. എന്റെ ഭാര്യയുടെ നിർബന്ധ പ്രകാരം, ഭാര്യയ്ക്ക് ട്രക്കിംഗിലൊക്കെ വളരെ താത്പര്യമാണ്. ഭാര്യയുണ്ട്, ഭാര്യയുടെ സഹോദരൻ ഉണ്ട്, എന്റെ വേറൊരു കസിൻ ഉണ്ട്, ഞങ്ങളിങ്ങനെ രണ്ടു മൂന്നു പേർ കൂടി പോകുമ്പോൾ ആർക്കും സ്ഥലപരിചയം ഇല്ല. അപ്പോൾ സ്ഥിരമായിട്ട് വനത്തിലൊക്കെ പോകുന്ന രാജശേഖരൻ എന്നൊരു സുഹൃത്തിനോട് സഹായം അഭ്യർത്ഥിച്ചു. അദ്ദേഹവും കൂടെ വന്നു. അവിടെ ഷാജഹാൻ എന്നു പേരുള്ള ഒരു ഗൈഡിനെ കണ്ടു പിടിച്ചു. അത് രാജശേഖരന്റെ പഴയ സുഹൃത്താണ്. ഈ ഷാജഹാനാണ് ഞങ്ങളെ കൊണ്ടു പോകുന്നത്. മീന്മുട്ടി വെള്ളച്ചാട്ടത്തിലേക്കാണ് ഞങ്ങൾ ട്രക്കിംഗ് നടത്തുന്നത്. കേരളത്തിൽ പല സ്ഥലത്തും മീന്മുട്ടി എന്നു പേരുള്ള വെള്ളച്ചാട്ടമുണ്ട്. ഈ മീൻ വെള്ളത്തിലൂടെ നീന്തി ചെന്ന് ഒരു പോയിന്റിൽ ചെന്ന് പിന്നീടതിന് മുകളിലേക്ക് കയറാൻ പറ്റില്ല. വലിയ വെള്ളച്ചാട്ടമൊക്കെ ആകുമ്പോൾ പൊക്കമുള്ള സ്ഥലമെത്തുമ്പോൾ മീൻ അവിടെ തടഞ്ഞു നിൽക്കും. അങ്ങനെ ഈ മീൻ മുട്ടി നിൽക്കുന്ന സ്ഥലമാണ് മീന്മുട്ടി എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. എല്ലാ നദിക്കും ഒരു വെള്ളച്ചാട്ടം കാണും, വെള്ളച്ചാട്ടത്തിലൊക്കെ മീന്മുട്ടി എന്നാണ് പേരും. എന്തായാലും ഒന്നിൽ കൂടുതൽ മീന്മുട്ടികൾ കേരളത്തിലുണ്ട്.
അങ്ങനെ ഈ മീന്മുട്ടിയിൽ ട്രക്കിംഗ് നടത്തുന്ന സമയത്ത് കൂടെ എന്റെ മകൾ, മൂന്നോ നാലോ വയസ്സ് പ്രായമേയുള്ളൂ, ഇവൾക്ക് നല്ല ചുമയും ജലദോഷവുമാണ്. ഈ കുട്ടിയെയും കൊണ്ടാണ് ഞങ്ങൾ പോകുന്നത്. ആ സമയം മഴ പെയ്യാനുള്ള സാധ്യതയൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. ഒരു ചെറിയ വിനോദ യാത്ര എന്ന നിലയിലാണ് പോകുന്നത്. അവിടെ ചെന്ന് കാട്ടിലൂടെ ഒന്നര മണിക്കൂർ നടന്ന് വെള്ളച്ചാട്ടത്തിലെത്തി. ഞാനൊഴിച്ച് ബാക്കിയെല്ലാരും വെള്ളത്തിൽ ചാടി. എനിക്കു പണ്ടേ വെള്ളം അത്ര പിടിത്തം ഇല്ല. അതുകൊണ്ട് ഞാൻ ഒരു പാറപ്പുറത്തിരുന്ന് വെള്ളമൊക്കെ കണ്ടിരിക്കുകയാണ്. ഇവരെല്ലാം കഴുത്തറ്റം വെള്ളത്തിൽ കിടക്കുകയാണ്. ഈ പനിയും ജലദോഷവും ചുമയും ഉള്ള കുട്ടിയും വെള്ളത്തിലിറങ്ങി കളിക്കുന്നു. ഉളളിൽ ചെറിയൊരാശങ്കയുണ്ട്. ഇനി ഇതു കൂടും, എന്നൊക്കെയുള്ള ഒരു പേടി ഉണ്ട്. അങ്ങനെ നമ്മളവിടെ നിൽക്കുന്ന സമയത്ത് ഷാജഹാൻ പറഞ്ഞു, വെള്ളം കൂടിക്കൊണ്ടിരിക്കുകയാണ് എത്രയും പെട്ടെന്ന് പോണം, ഇനി അധികം ഇവിടെ നിൽക്കുന്നത് ശരിയാവില്ല എന്ന്. ഞങ്ങൾ പതിയെ നടന്നു കാട്ടിലേക്കു കയറി. കാട്ടിലൂടെ നടന്നു ഒരു അഞ്ചു മിനിട്ടു കഴിഞ്ഞപ്പോഴേക്കും മഴ തുടങ്ങി. ആറ്റിലേക്ക് വെള്ളം നന്നായി ഒഴുകാൻ തുടങ്ങി. ഞങ്ങൾ പോകുന്ന സ്ഥലത്ത് മഴ പെയ്തു തുടങ്ങി. കൈയ്യിൽ കുട ഇല്ല. ഞങ്ങളെല്ലാം നനയുകയാണ്. എനിക്ക് കുറച്ച് ആധിയായി. കാരണം ഈ കുട്ടിയും നനയുകയാണ്.
ജലദോഷമുളള കുട്ടിയാണ്. മഴ നനഞ്ഞുകഴിഞ്ഞാൽ ഇനി കുട്ടിയ്ക്ക് എന്തു സംഭവിക്കും എന്നു അറിയില്ല. എന്തായാലും മഴ മുഴുവൻ ഞങ്ങളെല്ലാം നനയേണ്ടി വന്നു. താഴെ വന്നു ഒരു ചായ കുടിച്ചു. വേറെ ഡ്രസ്സൊന്നും കൈയ്യിൽ ഇല്ലാത്തതു കൊണ്ട് ഈ നനഞ്ഞ വസ്ത്രങ്ങളിൽ തന്നെ തിരികെ തിരുവനന്തപുരം വരെ വന്നു. ഡ്രസ്സൊക്കെ മാറ്റി, കിടന്നു. പിറ്റെ ദിവസം രാവിലെ ഒരു ദുഃസ്വപ്നം ആയിരിക്കും, എന്നുള്ള രീതിയിലാണ് കിടക്കുന്നതും എഴുന്നേല്ക്കുന്നതും. പക്ഷെ എഴുന്നേറ്റപ്പോൾ കൊച്ചിന്റെ അസുഖം പൂർണ്ണമായും മാറിയിരിക്കുന്നു. അതിന് ജലദോഷവും ഇല്ല, തൊണ്ടവേദനയുമില്ല, പനിയുമില്ല. എന്റെ ഒരു വിശ്വാസം അന്നും ഇന്നും അത് ഈ കാട്ടിലെ വെള്ളത്തിന്റെ ഔഷധഗുണമാണെന്നാണ്. ആയുർവേദം തന്നെ പറയുന്നത് ഔഷധമല്ലാത്ത ഒരു ചെടിയും ലോകത്ത് ഇല്ല എന്നാണ്. പക്ഷെ ഇതിന്റെ ഔഷധഗുണം എന്താണെന്ന് നമുക്കറിയില്ല. നമ്മളെപ്പോഴെങ്കിലും ഇത് കണ്ടുപിടിക്കണം. കണ്ടുപിടിച്ച ചെടികളുടെ ഗുണം നമ്മൾക്കറിയാം. കണ്ടുപിടിക്കാത്തവ എന്തിനാ ഉപേയാഗിക്കുന്നതെന്ന് നമ്മൾക്കറിയില്ല. എന്തായാലും ഇത്രയും മരങ്ങളുടെ ഇലയിൽ നിന്നും വീഴുന്ന വെള്ളം തലയിൽ വീണതു കൊണ്ടാകാം കുട്ടിയുടെ അസുഖം മാറിക്കിട്ടിയത്. അതിനുശേഷം ഞാൻ ഒരു കാട്ടിൽ പോയാലും കുട പിടിക്കാറില്ല. മഴ നനയാൻ പറ്റുന്നിടത്തോളം നനയാറുണ്ട്. കൂടെ വരുന്നവരെയും മഴ നനയാൻ പ്രേരിപ്പിക്കാറുണ്ട്. കേരളത്തിലെ മിക്കവാറും കാടുകളിലും ഷൂട്ടിംഗിനും മറ്റ് ആവശ്യങ്ങളുമായും ഒക്കെ പോകാറുണ്ട്. പോയപ്പോഴൊക്കെ മഴ നനഞ്ഞിട്ടുമുണ്ട്. ഇപ്പോൾ കാട്ടിലെ മഴ നനയുന്നത് എന്റെ ഒരു പ്രധാനപ്പെട്ട വിനോദമാണ്.