ഇന്‍വിസ് മള്‍ട്ടിമീഡിയ എന്നൊരു സ്ഥാപനത്തിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. ഇപ്പോള്‍ അതിന്റെ പേര് ചുരുക്കി ഇന്‍വിസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാക്കിയിട്ടുണ്ട്. ഞങ്ങള്‍ പ്രധാനമായും ചെയ്യുന്നത് മള്‍ട്ടിമീഡിയ വീഡിയോകള്‍, ന്യൂ വീഡിയോകള്‍ ഒക്കെയാണ്. പലപ്പോഴും പല സാങ്കേതിക വിദഗ്‌ധരുമായിട്ടും ജോലി ചെയ്യാറുണ്ട്. അങ്ങനെ പരിചയപ്പെട്ട ഒരാളാണ് ശ്രീ. രാജീവ്. അദ്ദേഹം ഒരു ക്യാമറാമാനാണ്. അദ്ദേഹത്തിന്റെ പ്രത്യേകത ഷൂട്ട് ചെയ്യാന്‍ വരുന്ന സമയത്ത് പരിസരത്തൊക്കെയുളള ചെറുപ്രാണികളുടെയും ജീവികളുടെയും ചിത്രശലഭങ്ങളുടെയും ഒക്കെ വീഡിയോ എടുക്കും.
രാവിലെ മുതല്‍ വൈകുന്നേരം വരെ ആളുകളോട് സംസാരിക്കുക എന്നുളളതാണ് എന്റെയൊരു ഹോബി. അങ്ങനെ ഞാനദ്ദേഹത്തോടു സംസാരിച്ചപ്പോള്‍ ചെടികളെയും സൂക്ഷ്‌മജീവികളെയും കുറിച്ച് സ്വയം വളരെ ആഴത്തില്‍ പഠിച്ച ഒരു മനുഷ്യനാണ്, പ്രായോഗിക വിജ്ഞാനമാണ്. അദ്ദേഹത്തിന്റെയാ വിജ്ഞാനം വളരെ രസകരവുമാണ്. സീക്രട്ട് പ്ലാന്‍്‌റ് ലൈഫ്, ആന്റ് ലൈഫ് എന്നൊക്കെ പറഞ്ഞ് വിദേശ പുസ്‌തകങ്ങള്‍ ധാരാളമുണ്ട്. പക്ഷെ ഈ പുസ്‌തകങ്ങളില്‍ പറഞ്ഞിട്ടുളളതിനേക്കാളൊക്കെ രസകരമായി അതു നമുക്ക് നേരിട്ടു പറഞ്ഞുതരാന്‍ പറ്റുന്നൊരാളാണ് രാജീവ്. സംസാരിക്കുന്നതിനു മുമ്പ് രാജീവ് ഒരു ചെറിയ വിദ്യ കാണിക്കും. ഇതുപോലെ ഒരുപാട് വിദ്യകള്‍ രാജീവിനറിയാം.
അദ്ദേഹം ഇവിടെ വന്നപ്പോള്‍ എന്നോടു ചോദിച്ചു, ഇവിടെ നില്‍ക്കുന്ന നിലനാരകത്തിന്റെ പ്രത്യേകത അറിയാമോ എന്നു. എനിക്കറിയില്ല, നിലനാരകമാണ്. എണ്ണ കാച്ചാനൊക്കെ എടുക്കാറുണ്ട് എന്നറിയാം. വെളളനിറത്തില്‍ വളരെ ഭംഗിയുളള പൂവുണ്ട്. വേനല്‍ക്കാലത്തത് പോവും, വീണ്ടും മഴക്കാലം വരുമ്പോള്‍ കിളിര്‍ത്തു വരും, ഇത്രയൊക്കെയേ എനിക്കറിയാവു എന്നു പറഞ്ഞു. അപ്പോള്‍ രാജീവ് അതെടുത്തിട്ട് ഒരു കാര്യം എന്നെ കാണിച്ചുതന്നു. നിങ്ങളെ കൂടി കാണിക്കാം. അതുകഴിഞ്ഞ് നമുക്ക് സംഭാഷണത്തിലേക്കു കടക്കാം.
രാജീവ്: ഇതൊരു അത്ഭുത വിദ്യയൊന്നുമല്ല. പ്രകൃതിയിലുളള ഒരു ചെടിയുടെ ശക്തിയാണ്. ഇതിന്റെ പ്രത്യേകത ഇപ്പോള്‍ ഞാന്‍ കാണിച്ചുതരാം. എത്ര കാഠിന്യമുളള വസ്‌തുവും നമുക്ക് കടിക്കാം. നമ്മുടെ ശരീരത്തിലെ ഏറ്റവും കടുപ്പമുളള ഭാഗമാണ് പല്ല്.
ഹരി: അദ്ദേഹം ആ നിലനാരകത്തിന്റെ ഇലയെടുത്ത് മുറുക്കാനൊക്കെ ചവയ്‌ക്കുന്നതു പോലെ വായിലിട്ട് ചവയ്‌ക്കുകയാണ്.
രാജീവ്: ഇത് വായിലിട്ട് നല്ലോണം ചവയ്‌ക്കണം. ഇതിനൊരു നീരുണ്ട്. ആ നീര് നമ്മുടെ വായിലുണ്ടാവണം, പക്ഷെ അകത്തേക്ക് ഇറക്കാന്‍ പാടില്ല.
ഹരി: ഇലയുടെ നീര് ചവച്ച് വായില്‍ നിര്‍ത്തണം, അകത്തോട്ടിറക്കരുത്.
രാജീവ്: തുപ്പിക്കളഞ്ഞാലും കുഴപ്പമില്ല. മുറുക്കാന്‍ ചവക്കുന്നതുപോലെ ചവച്ച് ഉമിനീരുമായി യോജിച്ച് വരുന്ന നീര് തുപ്പിക്കളഞ്ഞാലും മതി.
ഹരി: ഈ ഇല എല്ലാവരും ഒന്നുകൂടിയൊന്നു കണ്ടോണം. ഇതാണെന്നുകരുതി വേറെ വല്ല ഇലയും പറിച്ച് കടിച്ചാല്‍ ഞാനുത്തരവാദിയല്ല. നിലനാരകം തന്നെ എടുത്തു ചവക്കണം. അത്രയും വലിയ കല്ലു വേണോ ? മെറ്റലാണത്.
രാജീവ്: അതു കുഴപ്പമില്ല. ഒരു സൈഡില്‍ നിന്നു തുടങ്ങിയാല്‍ മതി.
ഹരി: ആഹാ! മുട്ടായി കടിക്കുന്നതു പോലെയാണല്ലോ ഇത്.
രാജീവ്: ഇങ്ങനെ കുറേശ്ശെ കുറേശ്ശെയായി കാര്‍ന്നെടുക്കാം. കല്ലായതുകൊണ്ട് ഞാന്‍ അകത്തേക്ക് ഇറക്കുന്നില്ല.
ഹരി: നേരത്തേ പറഞ്ഞിരുന്നെങ്കില്‍ ഇവിടെ കുറേ പാറ പൊട്ടിക്കാനുണ്ടായിരുന്നു. ഇതൊരു മെറ്റല്‍ കഷണമാണ്. ഇവിടെ പണിക്കാര് കൊണ്ടിട്ടിരുന്നതാണ്. ഇതിന്റെ പകുതി അദ്ദേഹം കാര്‍ന്നു തിന്നു.
രാജീവ്: പക്ഷെ പല്ലിന് യാതൊരുവിധ കുഴപ്പവുമില്ല. നമ്മുടെ നഖം വെട്ടുന്നതുപോലെ, അത്രേ ഉളളൂ ഇത്. അപ്പോള്‍ ഇത് കടിച്ചിട്ട് മണിക്കൂറുകളോളം വെക്കാന്‍ പറ്റില്ല. ഞാന്‍ കടിച്ച ഇലയുടെ പച്ചനിറവും കൂടിച്ചേര്‍ന്നിട്ടാണ് മണല്‍തരി പച്ചയായി മാറിയത്. ഇത് ഈ ചെടിയുടെ പവറാണ്. മാജിക്കൊന്നുമല്ല.
ഹരി: ഞാന്‍ പലപ്പോഴും ഈ പരിപാടി അവതരിപ്പിക്കുമ്പോള്‍ ആയുര്‍വേദത്തെ കുറിച്ച് പറയാറുണ്ട്. പല ചെടികളും അതിന്റെ ഔഷധ ഗുണങ്ങളും വൈദ്യന്മാര്‍ അതുവെച്ച് മരുന്നുണ്ടാക്കുന്നതുമൊക്കെ കാണാറുണ്ട്. അത് പറയുമ്പോള്‍ എനിക്കു തിരിച്ച് മെസേജുകള്‍ വരും, നിങ്ങള്‍ ആയുര്‍വേദം പോലുളള കപട ശാസ്‌ത്രത്തെ പ്രോത്സാഹിപ്പിക്കരുത് എന്നൊക്കെ. എനിക്കു തോന്നുന്നത് ആളുകള്‍ വളരെ ബാലിശമായിട്ടാണത് പ്രതികരിക്കുന്നത്. കാരണം മരുന്നുകളെല്ലാം ചെടിയില്‍ നിന്ന് ഉത്‌പാദിപ്പിക്കാറുണ്ട്. അലോപ്പതി ഉണ്ട്‌്, സിദ്ധ മരുന്ന് ചെയ്യാറുണ്ട്, ആയുര്‍വേദം, യുനാനി, ഹോമിയോപ്പതി ഒക്കെ ചെയ്യാറുണ്ട്. പക്ഷെ അതിനെക്കുറിച്ചൊരു ധാരണ ആളുകള്‍ക്കില്ല എന്നു തോന്നുന്നു. ആയുര്‍വേദം ഇലയും കുഴമ്പുമൊക്കെ ആയതുകൊണ്ട് കുറേക്കൂടി പ്രകൃതിയ്‌ക്കു ചേര്‍ന്നതാണ്. മറ്റേത് അതിന്റെ സത്തെടുത്ത് മരുന്നാക്കുകയാണ്. രാജീവ് ഇതിലേക്കു വന്നതെങ്ങനെയാണ്, രാജീവിന്റെ നാട് ?
രാജീവ്: ഇടുക്കിയിലാണ്. ഞാന്‍ ജനിച്ചത് ഇലവീഴാപൂഞ്ചിറ. ചക്കിക്കാവ് എന്നു പറയും. കോട്ടയത്തിനും ഇടുക്കി ജില്ലയ്‌ക്കും ഇടയിലൊരു ബോര്‍ഡര്‍ പോയിന്റാണ്. എന്റെ ഓര്‍മ്മയില്‍ കുട്ടിക്കാലത്ത് കണ്ട ചെടികളൊന്നും ഇന്ന് ഞാന്‍ ജനിച്ച സ്ഥലത്തില്ല.
ഹരി: എത്ര പ്രായമുണ്ട് ?
രാജീവ്: 45 വയസുണ്ട്.
ഹരി: 45 കൊല്ലം മുമ്പ് ഉണ്ടായിരുന്ന ചെടിയൊന്നും ഇപ്പോഴവിടെ ഇല്ല ? അത്ഭുതമില്ല. എന്റെ നാട്ടിലും ഇല്ല. സ്ഥലം തന്നെ മാറിപ്പോയി.
രാജീവ്: ചെടിയുമില്ല, വലിയ, വറ്റാത്തൊരു തോടുണ്ടായിരുന്നു. ആ തോട്ടില്‍ ഇപ്പോള്‍ വേനലായിക്കഴിഞ്ഞാല്‍ വെളളമില്ല. പിന്നെ ചെറുപ്രാണികളെ ഭക്ഷിച്ചു ജീവിക്കുന്നൊരു ചെടിയുണ്ടായിരുന്നു. അപൂര്‍വമാണത്. അത് ഇലവീഴാപൂഞ്ചിറയില്‍ ഉണ്ടായിരുന്നു.
ഹരി: സ്വാഭാവികമായിട്ട് ഉണ്ടായിരുന്നോ ? ഞാനത് ഇവിടെ ടിബിജെആര്‍ഐയില്‍ കണ്ടിട്ടുണ്ട്. അവിടെ അതിന്റെയൊരു ശേഖരമുണ്ട്.
രാജീവ്: സ്വാഭാവികമായിട്ട് ഉണ്ടായിരുന്നു. അതിന്റെ പലതരം ഉണ്ടായിരുന്നു. ഞങ്ങളിത് നോക്കുമായിരുന്നു. കാട്ടിലുളള ഒരുതരം വെളളപ്പാറ്റയുണ്ടല്ലോ, അതിതിനകത്ത് കയറിക്കഴിഞ്ഞാല്‍ അതിന്റെ ഇല വന്നടയും. പിന്നീട് തുറന്നു നോക്കിക്കഴിഞ്ഞാല്‍ അതിന്റെ അസ്ഥികൂടം മാത്രമേ ബാക്കി കാണുകയുളളൂ. ദഹിക്കാന്‍ പറ്റാത്ത ഭാഗങ്ങള്‍ മാത്രം അവശേഷിക്കും.
ഹരി: ഇതിലേക്കെങ്ങനെയാണ് താത്‌പര്യം വന്നെ, അവിടെ ജനിച്ചതു കൊണ്ടാണോ ?
രാജീവ്: അതെ. പ്രകൃതിയോടു ചേര്‍ന്നുനില്‍ക്കുന്നൊരു സ്ഥലത്തു ജനിച്ചതു കൊണ്ടാവാം, കൂടുതലും. എന്നുവെച്ച് അവിടെ ജനിച്ച എല്ലാവരും ഇങ്ങനെ ആവണമെന്നുമില്ല.
ഹരി: രാജീവ് ഏതു വിഷയമാണ് പഠിച്ചത് ?
രാജീവ്: ഞാന്‍ ഹിസ്റ്ററിയായിരുന്നു പഠിച്ചത്. പക്ഷെ നമ്മള്‍ പഠിക്കുന്ന വിഷയവും മറ്റുളള താത്‌പര്യങ്ങളുമായി വ്യത്യാസമുണ്ട്.
ഹരി: ഇവിടെ വന്നിട്ട് താങ്കള്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. പ്രധാനമായും ഓലേഞ്ഞാലിയെ കുറിച്ച്. ഓലേഞ്ഞാലി ഇവിടെ ധാരാളമുണ്ട്. ഇവിടെ കീടനിയന്ത്രണം സാധിക്കുന്നത് ഇവരുളളതു കൊണ്ടാണെന്ന്.
രാജീവ്: അതെ. ഓലേഞ്ഞാലിയും കരിയിലപ്പെട എന്നു പറയുന്ന പക്ഷിയും.
ഹരി: കരിയിലയുടെ നിറമുളളത് ?
രാജീവ്: അതെ. അത് കൂട്ടമായിട്ടാണ് നടക്കുക. എപ്പോഴും ചിലച്ചോണ്ടിരിക്കുന്നതു കൊണ്ട് ചിലര്‍ ചിലകാട എന്നും വിളിക്കാറുണ്ടതിനെ. തെങ്ങു കൃഷിയുളളിടത്ത് ഓലയുടെ അടിയില്‍ ഇലചുരുട്ടിപ്പുഴു പോലത്തെ പുഴു വരാറുണ്ട്. അതിനെ മറ്റുളള പക്ഷികള്‍ക്കൊന്നും എടുക്കാന്‍ പറ്റില്ല. ഓലേഞ്ഞാലിയുടെ പ്രത്യേകത ഓലയുടെ അറ്റത്തുപോയി തൂങ്ങിയിരുന്ന് അടിയില്‍ കിടക്കുന്ന വസ്‌തു വരെ കൊത്തിയെടുക്കും. അതുകൊണ്ടാണതിനെ ഓലേഞ്ഞാലി എന്നു വിളിക്കുന്നത്.
ഹരി: ഇവിടെ ഇപ്പോള്‍ ധാരാളം പുഴുക്കള്‍ ഇലകളില്‍ വരുന്നുണ്ട്. പക്ഷികള്‍ ഇതിനെ തിന്നുമുണ്ട്. താങ്കള്‍ വന്നിട്ടു പറഞ്ഞു ഇതെല്ലാം ചിത്രശലഭത്തിന്റെ ലാര്‍വയാണെന്ന്. അതേതൊക്കെയാണെന്ന് രണ്ടുമൂന്നെണ്ണത്തിന്റെ പേരു പറയാമോ ?
രാജീവ്: ഇവിടെ ഗരുഡശലഭത്തിന്റെ കണ്ടു. പിന്നെ മഞ്ഞ പാപ്പാത്തി, നാരകക്കാളി, അരളിശലഭം. ഇത്രയും സാധനങ്ങളാണിതില്‍ കൂടുതലും കണ്ടത്. മഞ്ഞ പാപ്പാത്തി വലുതും ചെറുതുമുണ്ട്. ചെറുതില്‍ മഞ്ഞയില്‍ കറുപ്പ് ബോര്‍ഡറുളള ടൈപ്പുണ്ട്. ഇപ്പോള്‍ നമ്മളീ കണ്ടോണ്ടിരിക്കുന്നത് നാരകക്കാളിയാണ്. അത് നാരകച്ചെടിയിലാണ് കൂടുതലും മുട്ടയിടുന്നത്. പിന്നെ കറിവേപ്പില. എനിക്കു മനസിലായ ഒരു കാര്യം ശലഭങ്ങളെല്ലാം മുട്ടയിടുന്നത് നമ്മള്‍ ഔഷധങ്ങളായി ഉപയോഗിക്കുന്ന ചെടികളില്‍ മാത്രമാണ്. അതെന്റെ നിരീക്ഷണമാണ്. കറിവേപ്പില, നാരകം, കൂവളം, എരിക്ക്... എരിക്കില്‍ മാത്രം മുട്ടയിടുന്ന ഒരിനമുണ്ട്, മൊണാര്‍ക്ക് ശലഭം.
ഹരി: ഞാന്‍ വെളളിലയില്‍ മുട്ടയിടുന്ന ഒരു ശലഭത്തെ കണ്ടിട്ടുണ്ട്.
രാജീവ്: ഗരുഡശലഭം മുട്ടയിടുന്ന ഗരുഡക്കൊടി എന്ന വളളിയിലാണ്.
ഹരി: ഇവിടെ ഞങ്ങളൊരു കാഞ്ഞിരവും വെച്ചിട്ടുണ്ട്. ഗരുഡക്കൊടി വിഷ ചികിത്സയ്‌ക്ക് ഉപയോഗിക്കുന്നതാണ്. അത് കാഞ്ഞിരത്തില്‍ കയറിയാല്‍ കൂടുതല്‍ ഗുണമുണ്ടാകും എന്നു പറഞ്ഞ് വെച്ചതാണ്.
രാജീവ്: അതെ. ഓരോ ചെടിയും നില്‍്‌ക്കുന്ന മണ്ണിനും പ്രത്യേകതകളുണ്ട്. കാരണം ഓരോ ചെടിയും വലിക്കുന്ന മൂലകങ്ങള്‍ വ്യത്യസ്‌തമാണ്. അതുകൊണ്ടാണ് ഓരോ ചെടിയും വ്യത്യസ്‌തമായി നില്‍ക്കുന്നതെന്നാണ്. ഒരു ചെടി നില്‍ക്കുന്ന മണ്ണില്‍ ആ ചെടിയുടെ വളര്‍ച്ചയ്‌ക്ക് അനുസരിച്ച് മണ്ണിന്റെ ഘടനയും മാറിക്കൊണ്ടിരിക്കും. അതിന്റെ ചുവട്ടില്‍ മറ്റു ചെറിയ ചെടികള്‍ നട്ടുകഴിഞ്ഞാല്‍ അവയ്‌ക്കും ആ ഇഫക്ട് കിട്ടും.
ഹരി: താങ്കള്‍ വേറൊരു കാര്യം പറഞ്ഞല്ലോ, തേക്കിലയില്‍ ഉളള പുഴു. ഞങ്ങളുടെ സിറ്റിയിലുളള വീട്ടില്‍ തേക്കു നില്‍ക്കുന്നതു കൊണ്ട് ഇതിന്റെ പ്രശ്‌നമുണ്ട്. ഇതൊരു നൂലില്‍ തൂങ്ങിയിറങ്ങി ധാരാളം വരുന്നുണ്ട്. അതും ചിത്രശലഭമാണോ ?
രാജീവ്: അതും ചിത്രശലഭമാണ്. നമ്മള്‍ ചൊറിയാമ്പുഴു എന്നു പറഞ്ഞ് എല്ലാത്തിനേം കളയും. എല്ലാ പുഴുവും ശരീരത്തില്‍ കയറിക്കഴിഞ്ഞാല്‍ ചൊറിച്ചിലുണ്ടാകും. പക്ഷെ നമ്മളതിനെ കൊന്നു കളയേണ്ട ആവശ്യമില്ല.
ഹരി: അതുപോലെ വളരെ കളര്‍ഫുളളായ ഒരെണ്ണത്തിനെ കണ്ടു, വറുങ്ങെന്നു പറയുന്ന ചെടിയുണ്ടല്ലോ, ആറ്റുതീരത്തൊക്കെ കാണുന്നത്. അതില്‍ വളരെ കളര്‍ഫുളളായ ഒരു പുഴുവിനെ കണ്ടിരുന്നു.
രാജീവ്: അതിന്റെ ശലഭം നിറം മാറുന്ന തരത്തിലുളളതാണ്. അതിന്റെ പുറത്ത് കാപ്പിപ്പൊടി നിറവും നടുക്ക് വെളള നിറത്തിലുളള വട്ടവുമുണ്ടാകും. ആ വെളള നീലയായിട്ടു മാറും. ഏതെങ്കിലുമൊരു പ്രതലത്തില്‍ പോയിരിക്കുകയാണെങ്കില്‍ വെളള നീലയായി മാറും. വീണ്ടും പറക്കുമ്പോള്‍ നീല വെളളയാവും.
ഹരി: അതുപോലെ പവിഴമുല്ല കഫക്കെട്ടിന് ഉപയോഗിക്കുന്ന കാര്യം പറഞ്ഞല്ലോ.
രാജീവ്: അതെ. പവിഴമല്ലിയുടെ ഇലയാണ് ഉപയോഗിക്കുക. രണ്ട് ലിറ്റര്‍ വെളളത്തിന് അഞ്ചില മതി. ഒരു ടീസ്‌പൂണ്‍ കുരുമുളകു പൊടിച്ചിട്ട് വെളളം തിളപ്പിക്കണം. കുരുമുളക് പൊടി ഉപയോഗിക്കരുത് മുഴുവന്‍ കുരുമുളക് ചതച്ചിട്ടാല്‍ മതി. കുരുമുളകിലൊരു ഓയിലുണ്ട്. അത് പൊടിയായി വരുമ്പോള്‍ കാണില്ല. അതുകൊണ്ട് ആ ഓയിലോടു കൂടിയുളള സാധനം ഇടുന്നതാണ് ഗുണം കൂടുതല്‍. രണ്ടു ലിറ്ററെന്നു പറയുന്നത് ഏകദേശം എട്ടു ഗ്ലാസ് വെളളമായിരിക്കുമല്ലോ. അതൊരു അഞ്ചു ഗ്ലാസാക്കി വറ്റിക്കണം. അതു രാവിലെയും വൈകിട്ടും കുടിക്കണം.
ഹരി: എന്റെ കോട്ടയത്തെ വീട്ടിലൊരു പവിഴമല്ലി ഉണ്ടായിരുന്നു. അടുത്തുളള ഒരമ്പലത്തില്‍ ഉണ്ടായിരുന്നു. അവിടുന്ന് അമ്മ കമ്പു മുറിച്ച് കൊണ്ടുവന്നതാണ്. അതു വളര്‍ന്ന് വീടിന്റെ മുറ്റം നിറഞ്ഞു വളര്‍ന്നു. അതിന്റെ വളളി പോലത്തെ കമ്പുകളില്‍ പക്ഷി കൂടുകൂട്ടുമായിരുന്നു. അത്രയും വളര്‍ന്നു നിന്നത് അതിന്റെ ചുവട്ടില്‍ അടുത്തൊരു പണിക്കായി മണ്ണിറക്കിയപ്പോള്‍ ഉണങ്ങിപ്പോയി. അതിനു ശേഷം പിന്നെ അതവിടെ കിളിര്‍ത്തിട്ടില്ല.
രാജീവ്: പിടിച്ചു കിട്ടാനും പാടാണ്.
ഹരി: ഇവിടെ എട്ടു പത്തെണ്ണമുണ്ട്. പക്ഷെ ഈ പ്രയോജനം ഇന്നുവരെ ആരും പറഞ്ഞിട്ടില്ല.
രാജീവ്: ഇത് അറിയാവുന്ന കുറേപേര്‍ക്കറിയാം. ഒന്നുമില്ലെങ്കിലും നമ്മള്‍ വെളളം തിളപ്പിച്ചു കുടിക്കുന്നതിലും ഇല ഇട്ട് തിളപ്പിക്കാം. അപ്പോള്‍ ഒരിലയേ ഇടാവൂ. അതുപോലെ അഞ്ചു വയസില്‍ താഴെയുളള കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുക.
ഹരി: പലപ്പോഴും പറ്റുന്നത് ഒറ്റമൂലികളുടെ ഉപയോഗത്തില്‍ അളവ് ആരും പറയില്ല. ഇതിനൊരു പരിധിയുണ്ട്. കല്ലുരുക്കിപ്പച്ച കഴിച്ചോളാന്‍ പറഞ്ഞാല്‍ പിന്നെ ശിഷ്ടജീവിതം മുഴുവനും കല്ലുരുക്കി പച്ച കഴിച്ച് കുഴപ്പത്തിലാകും. അങ്ങനെ കിഡ്‌നി തകരാറിലായ ഒരാളെ ഈയിടെ ഞാന്‍ കണ്ടിരുന്നു.
രാജീവ്: എന്തെങ്കിലുമൊരു മരുന്ന് അഞ്ച് ദിവസം അല്ലെങ്കില്‍ ഏഴുദിവസം കഴിച്ചാല്‍ മതി.
ഹരി: എന്റെ അമ്മ കാന്‍സര്‍ വന്നിട്ടൊരു നാട്ടുമരുന്ന് കഴിച്ചിരുന്നു. അത് പത്തു ദിവസം കഴിച്ചിട്ട് പിന്നെ പത്തു ദിവസം കഴിക്കാതിരുന്ന് വീണ്ടും പത്തു ദിവസം കഴിക്കണം, അങ്ങനെയായിരുന്നു.
രാജീവ്: ഓരോ മരുന്നും നമ്മുടെ ശരീരത്തില്‍ ചെല്ലുന്നതിനൊരു അളവുണ്ട്. ആ അളവിനെയാണ് ഇങ്ങനെ സമയമായി പറയുന്നത്.
ഹരി: ചിത്രശലഭോദ്യാനം ഉണ്ടാക്കുക എന്നുളളത് എല്ലാവരുടെയും ആഗ്രഹമാണ്. അതിനായിട്ട് ധാരാളം പൂവുളള ചെടി വീട്ടില്‍ കൊണ്ടു വെക്കാറുമുണ്ട്. പലരും പറയുന്നത് പൂവുളള ചെടിയെല്ലാം വെച്ചിട്ട് ചിത്രശലഭം വന്നില്ല എന്നാണ്.
രാജീവ്: അതിനു കാരണം അവിടത്തെ അന്തരീക്ഷത്തില്‍ എന്തെങ്കിലും കെമിക്കലിന്റെ സാന്നിധ്യമുണ്ടാവും. നമുക്കറിയാന്‍ പറ്റില്ലെങ്കിലും ചെറുപ്രാണികള്‍ക്കത് അറിയാന്‍ കഴിയും. ഇവിടെ ഞാന്‍ നോക്കിയിട്ട് ആരോഗ്യമുളള ആവാസവ്യവസ്ഥയാണ്.
ഹരി: ഇപ്പോള്‍ റബറിനു കാശ് കിട്ടാത്തതു കൊണ്ട് അടുത്തുളള റബറുകാരൊന്നും മരുന്നും അടിക്കുന്നില്ല.
രാജീവ്: ആരോഗ്യമുളള കാലാവസ്ഥ എന്നു പറയാന്‍ കാരണം ഈ ചെറുജീവികളുടെ ആധിക്യം തന്നെയാണ്. എന്തെങ്കിലും ചെറിയ രീതിയിലുളള കെമിക്കലുകള്‍ അന്തരീക്ഷത്തിലുണ്ടെങ്കില്‍ ആദ്യം ഈ ചെറുജീവികള്‍ ആദ്യം സ്ഥലം വിടും. തേനീച്ച, ഈച്ച അങ്ങനുളള സാധനങ്ങളൊന്നും ഉണ്ടാവില്ല. പിന്നെയീ പരാഗണം നടക്കുന്നത്, ചില പൂക്കളുടെ ഉളളിലായിരിക്കും പൂമ്പൊടി ഉളളത്. എല്ലാത്തിനും അതിനുളളിലേക്ക് ഇറങ്ങാന്‍ പറ്റില്ല. ചെറുതേനീച്ചയും, അതിനിറങ്ങാന്‍ പറ്റാത്ത പൂവില്‍ പൂമ്പാറ്റയുമാണ് പരാഗണം നടത്തുക.
ഹരി: ഓ, പൂമ്പാറ്റയ്‌ക്ക് സൂചി ഉണ്ടല്ലോ.
രാജീവ്: അതെ. അത് ചെറിയ പ്രാണി ആണെങ്കിലും പോലും അത് ചെയ്യുന്നത് വലിയൊരു കാര്യമാണ്. എനിക്കനുഭവത്തിലുളള ഒരു കാര്യം പറയാം. ഇവിടെ തിരുവനന്തപുരത്ത് എന്റെ ബന്ധുവിന്റെ വീട്ടില്‍ പാഷന്‍ ഫ്രൂട്ട് നട്ടുവളര്‍ത്തി. ആദ്യത്തെ വര്‍ഷം നിറയെ കായുണ്ടായി. അടുത്ത വര്‍ഷം ചുവട് അങ്ങനെത്തന്നെ നിര്‍ത്തിയിട്ട് ഇല കോതിവിട്ടു. പൂവിട്ട സമയത്ത് കുറച്ചൂകൂടി നല്ലോണം കായ് വരട്ടെ എന്നു പറഞ്ഞ് മരുന്നിട്ടു കൊടുത്തു. നിറയെ പൂവുണ്ടായി, പക്ഷെ ഒന്നും കായ്‌ച്ചില്ല. ഞാനൊരു ദിവസം ചുറ്റുവട്ടം നിരീക്ഷിച്ചു. അടുക്കളവശത്തല്ലാതെ ചെടി നില്‍ക്കുന്നിടത്തൊന്നും ഈച്ചയില്ല. അടുക്കളവശത്തെ ഈച്ച ഭക്ഷണാവശിഷ്ടത്തില്‍ വന്നിരിക്കുന്നതാണ്. പരാഗണം ചെയ്യുന്ന ഈച്ചയല്ല. പരാഗണം നടക്കണമെങ്കില്‍ വണ്ടോ ചെറുതേനീച്ചയോ പൂമ്പാറ്റയോ പോലുളള സാധനങ്ങള്‍ വരണം.
ഹരി: എനിക്കതൊരു അനുഭവമുണ്ട്. ഞാനിവിടെ കഴിയുന്നത്ര മരങ്ങളില്‍ പാഷന്‍ ഫ്രൂട്ട് കയറ്റിവിട്ടു. പിന്നെ തന്നെ വീണ് അവിടവിടെ ഒക്കെ കിളിര്‍ക്കുന്നുണ്ട്. അതാരും പറിച്ചു കളയാറില്ല. അതിന്റെ കായ പഴുത്തുകഴിഞ്ഞപ്പോള്‍ വവ്വാലും മരപ്പട്ടിയുമൊക്ക വന്ന് ഇവിടെ മുഴുവന്‍ വിതരണം ചെയ്‌തു. അതിന്റെ കൂട്ടത്തില്‍ ഇവിടെയെല്ലാം വറുങ്ങ് കിളിര്‍ക്കുന്നുണ്ട്. അത് ആറ്റിന്റെ അപ്പുറത്തെവിടെയോ നില്‍ക്കുന്നതാണ്. വവ്വാല് കൊണ്ടുവന്നിട്ട് മുളച്ചതാണ്.
രാജീവ്: അസുഖത്തിന്റെ പേരും പറഞ്ഞ് വവ്വാലിനെ ഭീകരജീവിയായി കാണുന്ന ആളുകളുണ്ട്. അങ്ങനെ പേടിക്കേണ്ട ആവശ്യമില്ല.
ഹരി: കേരളത്തിലെ ആളുകളെ നിര്‍ബന്ധമായും സ്റ്റാറ്റിസ്സ്‌റ്റിക്‌സ് പഠിപ്പിക്കണമെന്നാണ് എനിക്കു തോന്നുന്നത്. നാലുപേര്‍ക്ക് നിപ വന്നു. ഉടനെ നാട്ടിലുളള നാല്‍പത്തയ്യായിരം വവ്വാലുകളെ കൊല്ലാന്‍ നോക്കി. കേരളത്തില്‍ നാലുകോടി ജനങ്ങളുളളിടത്താണ് നാലു പേര്‍ക്ക് വന്നത്. എന്നാല്‍ നാലായിരം പേര് ഒരു വര്‍ഷം കാറപകടത്തില്‍ മരിക്കുന്നുണ്ട്, അതുകൊണ്ടാരും കാറ് വാങ്ങാതിരിക്കുന്നില്ല. അതുപോലെ പാമ്പ്. 22 പേരാണ് കഴിഞ്ഞ വര്‍ഷം പാമ്പുകടിയേറ്റ് മരിച്ചത്. പക്ഷെ നാലായിരം പേര് മരിക്കുന്ന വാഹനാപകടങ്ങളെ നമ്മളാരും ഗൗരവമായി എടുക്കുന്നില്ല. എല്ലാവരും എപ്പോഴും വണ്ടിയില്‍ കയറുന്നുണ്ട്. ദിവസവും പത്രമെടുത്തു നോക്കിയാല്‍ പാമ്പു കടിച്ചു മരിച്ച വാര്‍ത്തയില്ല, പക്ഷെ അപകടമരണം എല്ലാ ദിവസത്തെ വാര്‍ത്തയിലുമുണ്ട്. കൂടുതല്‍ സാധ്യത വണ്ടിയിടിച്ചു മരിക്കാനുമാണ്. പക്ഷെ അതാര്‍ക്കുമൊട്ടു ബോധ്യമാവുന്നുമില്ല.
അതുപോലെ പ്രകൃതിയെ അതിന്റെ വഴിക്കു വിട്ടുകഴിഞ്ഞാല്‍ കീടനിയന്ത്രണം സാധ്യമാവുമെന്ന ബോധ്യം ആളുകള്‍ക്കില്ല.
രാജീവ്: അതിവിടെത്തന്നെ അങ്ങനെയാണ് നടന്നുകൊണ്ടിരിക്കുന്നത്. അല്ലെങ്കില്‍ ഒന്നു കൂടുതലും മറ്റേത് കുറവുമാണെങ്കില്‍ കൂടുതലുളളത് മറ്റുളളതിനെ എല്ലാം തിന്നു തീര്‍ക്കും.
ഹരി: പക്ഷെ എനിക്കിവിടെ ദാ, ആ വെളളത്തില്‍ നില്‍ക്കുന്ന ചെടിയിലൊക്കെ ധാരാളം കീടങ്ങള്‍ വരുന്നുണ്ട്.
രാജീവ്: കീടം വേണം. കീടങ്ങള്‍ ഉണ്ടെങ്കിലേ അവയെ തിന്നുജീവിക്കുന്ന മറ്റുളള ജീവികള്‍ ഇവിടെ വരികയുളളൂ. എങ്കിലേ അവ നിയന്ത്രണവിധേയമായി പോവുകയുളളൂ.
ഹരി: പക്ഷെ അതൊരു ചെടിയിലേ ഉളളൂ, അടുത്ത ചെടിയില്‍ ഇല്ല.
രാജീവ്: അടുത്ത ചെടിയില്‍ വരാത്തതിന്റെ കാരണം, അതിനെ നിയന്ത്രിക്കുന്ന അടുത്ത കൂട്ടം അവിടെ ഉണ്ടെന്നുളളതാണ്.
ഹരി: അവന്‍ അടുത്ത ചെടിയില്‍ കാണുമല്ലേ ?
രാജീവ്: നമ്മള്‍ പുഴുക്കളുടെ കാര്യം പറഞ്ഞല്ലോ. പുഴുക്കളെ തിന്നു ജീവിക്കുന്ന ചെറിയ കിളികള്‍ മുതല്‍ പുളിയുറുമ്പ്, കുളവി എന്നു പറയുന്ന വേട്ടാവളിയന്‍, ഇതെല്ലാം പുഴുക്കളെ ഭക്ഷണമാക്കുന്നവയാണ്. കുളവി പുഴുക്കളുടെ തോലുരിഞ്ഞ ശേഷം കൂട്ടില്‍ കൊണ്ടു നിക്ഷേപിക്കും.
ഹരി: അതുപോലെ ഒരുതരം കടന്നലിനെ കുറിച്ചു കേട്ടിട്ടുണ്ട്. പാറ്റയെ വിഷം കുത്തിവെച്ചു ബോധം കെടുത്തിയിട്ട് വലിച്ചുകൊണ്ടുപോയി കൂട്ടിലിട്ട് വീണ്ടുമൊരു ഇഞ്ചക്ഷന്‍ കൊടുക്കും. പാറ്റ അപ്പോഴും ചത്തിട്ടുണ്ടാവില്ല, ബോധമില്ലാതെ കിടക്കും. എന്നിട്ടതിന്റെ പുറത്ത് കടന്നല്‍ മുട്ടയിടും. കുഞ്ഞുങ്ങള്‍ ഈ പാറ്റയെ തിന്നു വളരും.
രാജീവ്: അതെ. പ്രകൃതിയിലെ സംഭവങ്ങള്‍ വളരെ അത്ഭുതകരമാണ്.
ഹരി: പക്ഷെ നമ്മളതൊന്നും ശ്രദ്ധിക്കുന്നില്ല. കാണാനും പറ്റുന്നില്ല. ഞാനിവിടെ കണ്ടൊരു കാഴ്‌ച്ച, പച്ചക്കുതിര - അതൊരു വെജിറ്റേറിയനല്ല. അത് ചിത്രശലഭത്തെ പിടിക്കുന്നതു കാണാം.
രാജീവ്: അതെ. പക്ഷെ നമ്മളതിനെ വെജിറ്റേറിയനായിട്ടാണ് കണക്കാക്കുന്നത്. ചിത്രശലഭത്തെ പിടിക്കും, മറ്റുളള ചെറിയ പ്രാണികള്‍, അതിന്റെ കൊക്കിലൊതുങ്ങുന്ന ഏതു സാധനത്തിനെയും പിടിക്കും. അതിന്റെ കൈയില്‍ ആഴ്‌ന്നിറങ്ങുന്ന രണ്ട് നഖമുണ്ട്. കൈ എപ്പോഴും മടക്കിവെക്കുന്നതു കൊണ്ട് തൊഴുപ്രാണി എന്നൊക്കെ നമ്മള്‍ വിളിക്കും.
ഹരി: അപ്പോള്‍ തൊഴുതുകൊണ്ടിരിക്കുന്നത് അവന്റെ ഒരഭ്യാസമാണല്ലേ ?
രാജീവ്: അതെ. ഇര പിടിക്കുന്നതിനു മുമ്പ് തൊഴുതുനിന്നിട്ട് നീട്ടിയൊരു പിടിത്തമുണ്ട്.
ഹരി: Praying Mantis എന്നാണല്ലോ പേരുതന്നെ. ചിത്രശലഭത്തെ പിടിക്കുന്നതു കണ്ട് ഞാന്‍ ഞെട്ടിപ്പോയി.
രാജീവ്: വിരലിന്റെ വണ്ണമുളള പാമ്പിനെയൊക്കെ പിടിച്ചുതിന്നും. വില്ലൂന്നി എന്നു പറയുന്ന പാമ്പുണ്ട്. അതിനെയൊക്കെ പിടിച്ചു തിന്നും. അത്രയ്‌ക്കു വലിപ്പമുളള തരവുമുണ്ട്. ഇപ്പോള്‍ ഞാന്‍ ചെറുപ്പത്തില്‍ കണ്ടിട്ടുളളതിന്റെ നാനോടൈപ്പ് പ്രാണികളൊക്കെ ഉണ്ട്. പുളിയുറുമ്പിന്റെ ടൈപ്പ് പറക്കുന്ന ജീവി ഇപ്പോള്‍ വന്നുതുടങ്ങി. നേരത്തേ ഇല്ലായിരുന്നു.
ഹരി: ഈ മരുന്നുകളെ കുറിച്ചുളള വിവരം ശേഖരിക്കാറുണ്ടോ ? അത് ബുക്കു പോലാക്കുമോ ?
രാജീവ്: ശേഖരിക്കാറുണ്ട്. ബുക്ക് ആക്കിയിട്ടില്ല. പക്ഷെ അറിയാം. നമ്മള്‍ അറിയാവുന്ന മരുന്ന് പറഞ്ഞുകൊടുത്താല്‍ അതിന്റെ ഫലം കുറയുമെന്നു പറയുന്നതിന്റെ കാരണം, അത് പറഞ്ഞുകൊടുക്കുന്നതു കൊണ്ട് കുറയുന്നതല്ല. അത് ഉപയോഗിക്കുന്നയാള്‍ ശരിയായി ചെയ്‌തില്ലെങ്കില്‍ അതിന്റെ ഫലമുണ്ടാവില്ല. എന്നിട്ട് മരുന്നിനെയും അത് പറഞ്ഞുകൊടുത്ത ആളിനെയും കുറ്റം പറയും. കൂടുതലും മരുന്ന് ചെയ്‌തുകൊടുക്കുന്നതിന്റെ കാരണം അതാണ്.
ഹരി: ഇവിടെ ഏതെങ്കിലും ചിത്രശലഭത്തിന്റെ കൊക്കൂണ്‍ കാണാന്‍ പറ്റിയോ ?
രാജീവ്: മഞ്ഞ പാപ്പാത്തിയുടെ ഒരെണ്ണം കണ്ടു. അതിന്റെ ചിത്രമെടുത്തു. വേറെയും കണ്ടു, മറ്റുളളതെല്ലാം വിരിഞ്ഞുപോയതാണ്.
ഹരി: ചിത്രശലഭങ്ങള്‍ വരണമെങ്കില്‍ നമ്മള്‍ വീട്ടില്‍ വെക്കേണ്ട ചില ചെടികളുടെ പേരു പറയാമോ ?
രാജീവ്: സാറു പറഞ്ഞതുപോലെ ചെടികള്‍ മാത്രം വെച്ചിട്ടു കാര്യമില്ല. അങ്ങനുളള അന്തരീക്ഷം അവിടെ ഉണ്ടോന്നു നോക്കണം. രണ്ടുമൂന്ന് ചെടികള്‍ വെച്ചു കഴിഞ്ഞാല്‍ സ്വാഭാവികമായി വരും, അത് റോസ് വെച്ചാലും ചെമ്പരത്തി വെച്ചാലും - തേനുളള ഏതു പൂക്കള്‍ വെച്ചാലും വരും. രാജമല്ലി, മന്ദാരം പോലുളള ചെടികള്‍ വെച്ചാലും നിറയെ വരും.
ഹരി: നീലനിറമുളള ഒരു ചെറിയ പൂവുണ്ടല്ലോ. നെല്ലിയുടെ ഇല പോലുളള ഇലകളുളള, അത് നിലംപറ്റെ നില്‍ക്കുന്ന ചെടിയാണ്. അതില്‍ ധാരാളം തേനീച്ച വന്നിരിക്കുന്നതു കാണാം. പിന്നെയുളളത് കൂവളം, എരിക്ക്, നാരകം, കറിവേപ്പ്, കുടത്തെച്ചി ഒക്കെയല്ലേ.
രാജീവ്: പിന്നെ ശലഭങ്ങള്‍ വിരിഞ്ഞിറങ്ങിയ ഉടനെ വെളളമാണ് കുടിക്കുന്നത്, തേനല്ല.
ഹരി: ഞാനൊരു കാഴ്‌ച്ച കണ്ടു. തെച്ചിയില്‍ വന്ന ഒരു ചിത്രശലഭത്തെ തവള ചാടിപ്പിടിച്ചു. വളരെ താഴെ ഒരു പൂവുണ്ടായിരുന്നു. തവള ചിത്രശലഭത്തെ പിടിക്കുന്നത് ഞാനാദ്യമായിട്ട് കാണുകയായിരുന്നു. ഫോട്ടോ എടുക്കാനൊന്നും പറ്റിയില്ല.
രാജീവ്: പൂമ്പാറ്റ തേനും വെളളവും മാത്രം കുടിച്ചു ജീവിക്കുന്ന ഒരു ജീവിയാണ്. എന്നാല്‍ ലോകത്തിന് വളരെ ഉപകാരപ്പെട്ടതും. പരാഗണം നടത്തുന്നതില്‍ ഒരു വലിയ പങ്കു വഹിക്കുന്ന ജീവിയാണ്. വണ്ടുകളും തേനീച്ചകളും പൂമ്പാറ്റകളും.
ഹരി: തേനീച്ച എല്ലാവര്‍ക്കും അറിയാം. പൂമ്പാറ്റകളെ ആ തരത്തില്‍ ആളുകള്‍ കാണുന്നുണ്ടോ എന്നു സംശയമാണ്. പൂമ്പാറ്റകളെ കുറെയൊക്കെ ആളുകള്‍ പരാഗണം നടത്തുന്ന ജീവിയായി കാണുന്നുണ്ടായിരിക്കും. പുഴുവിനെ ഒരിക്കലും കാണുന്നുണ്ടാവില്ല. പുഴുവിനെ കണ്ടാല്‍ അപ്പോള്‍ത്തന്നെ ചവിട്ടിയരക്കുകയാണ്.
രാജീവ്: അതറിയില്ല. പുഴുവാണ് പൂമ്പാറ്റയാകുന്നതെന്ന് എല്ലാവര്‍ക്കും അറിയില്ലല്ലോ.
ഹരി: എനിക്ക് താങ്കളുടെ കുറച്ച് വീഡിയോകള്‍ വേണം. പലതരം പുഴുക്കള്‍, ലാര്‍വകള്‍ ഉണ്ടല്ലോ, അതിന്ന ശലഭത്തിന്റേതാണെന്ന് പറഞ്ഞു കാണിക്കാം.
രാജീവ്: നിശാശലഭങ്ങള്‍ എന്നൊരു കൂട്ടമുണ്ട്. അതിന്റെ പുഴു രോമമുളള തരമാണ്. ആ രോമം പൊഴിച്ചാണത് കൂടുണ്ടാക്കുന്നത്, അതും വീടിനകത്ത്. രാത്രി മാത്രം പറക്കുന്ന ശലഭങ്ങള്‍. പക്ഷെ അവയ്‌ക്ക് വിഷാംശമുണ്ട്. എല്ലാത്തിലുമുണ്ട്. പൂമ്പാറ്റയുടെ പൊടി ചിലര്‍ക്ക് അലര്‍ജി ഉണ്ടാക്കും. എന്നാല്‍ അന്തരീക്ഷത്തില്‍ ഇതിന്റെ പൊടിയെല്ലാം വേണ്ടിയതുമാണ്.
ഹരി: വല്ലാത്തൊരു കോമ്പിനേഷനാണ്. നമുക്കറിയാത്ത ഒരുപാട് കാര്യങ്ങള്‍ പ്രകൃതിയ്‌ക്കുണ്ട്.
രാജീവ്: അതെ. നമുക്ക് മറ്റേതു സ്രോതസില്‍ നിന്നും പഠിക്കാവുന്നതിലുമധികം പ്രകൃതിയില്‍ നിന്നും പഠിക്കാനുണ്ട്.
ഹരി: ഒരുപക്ഷെ നിങ്ങള്‍ വളര്‍ന്ന ആ അന്തരീക്ഷത്തിന്റെയായിരിക്കും ഇത്രയും സൂക്ഷ്‌മമായി കാര്യങ്ങള്‍ ഗ്രഹിക്കാനുളള കഴിവ്. ഇത്രയും കാലമായിട്ടും ആ താല്‍പര്യം കളയാതെ നിരീക്ഷിച്ച് കൊണ്ടുനടക്കുക എന്നതൊരു വലിയ കാര്യം തന്നെയാണ്.
രാജീവ്: എവിടെച്ചെന്നാലും അങ്ങനെ തന്നെയാണ്. എന്താണെന്ന് അറിയില്ല, താത്‌പര്യം കുറഞ്ഞിട്ടില്ല, കൂടിവരുന്നേ ഉളളൂ.
ഹരി: നിര്‍ഭാഗ്യവശാല്‍ സുവോളജിയൊക്കെ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അങ്ങനൊരു താത്‌പര്യം ഇല്ലാതെ പോകുന്നു. പുറമേനിന്നുളള നിര്‍ബന്ധത്താല്‍ എടുത്തു പഠിക്കുന്നു എന്നേ ഉളളൂ. എന്തായാലും വളരെ സന്തോഷം. ഇതില്‍ കുറേ ചിത്രശലഭങ്ങളെ കൂടി ആളുകളെ കാണിക്കാന്‍ പറ്റി. ചിത്രശലഭങ്ങളെ എല്ലാവര്‍ക്കും ഇഷ്ടമാണ്. പക്ഷെ പുഴുവാണ് ചിത്രശലഭമാവുന്നതെന്ന് എല്ലാവര്‍ക്കുമറിയില്ല. പ്രത്യേകിച്ചും ഒരുമാതിരി സാധനങ്ങളെയൊക്കെ നമ്മള്‍ ചൊറിയാമ്പുഴു ആയിട്ടാണ് കാണുന്നത്.
രാജീവ്: അതുപോലെ ഒട്ടുമിക്ക തുമ്പികളും വെളളത്തിലാണ് മുട്ടയിടുന്നത്.
ഹരി: കുഴിയാനയുമൊരു തുമ്പിയല്ലേ?
രാജീവ്: അതെ കുഴിയാനയും തുമ്പിയായിട്ട് പരിണമിക്കുന്ന ജീവിയാണ്. ചിത്രശലഭത്തിന്റെ കാര്യത്തില്‍ പുഴു തന്നെ 45 ദിവസത്തോളം ജീവിക്കുന്നുണ്ട്. ആ 45 ദിവസത്തിനിടയില്‍ പുറന്തോല് എട്ടോ പത്തോ തവണ മാറുന്നുണ്ട്. അതിനു ശേഷമാണത് സമാധിയിലേക്ക് നീങ്ങുന്നത്.
ഹരി: 45 ദിവസത്തിനകം ഓലേഞ്ഞാലിയുടെ വായില്‍ പോയില്ലെങ്കില്‍ സമാധിയാകും.
രാജീവ്: അതെ. ഒരു ചിത്രശലഭം അമ്പതോളം മുട്ടകളിടും. അത് ഏകദേശം എല്ലാംതന്നെ വിരിയും. ആ മുട്ട ഭക്ഷിക്കുന്ന ചില ഉറുമ്പുകളുണ്ട്. പുഴുവായി കഴിഞ്ഞാല്‍ അതിനെ ഭക്ഷിക്കുന്ന കിളികളുണ്ട്. എട്ടുകാലി വരെ ഇതിനെ എടുത്തുകൊണ്ടുപോയി തിന്നും.
ഹരി: ഇതെല്ലാം കഴിഞ്ഞ് ഓന്നോ രണ്ടോ ആയിരിക്കും ജീവിക്കുക, അല്ലേ ?
രാജീവ്: അതെ. എട്ടോ പത്തോ എണ്ണത്തില്‍ കൂടുതല്‍ വരാറില്ല. ഒരുമിച്ചു വിരിഞ്ഞു പോന്നാലും അതും ദോഷമാണ്. കാരണം അതെല്ലാം കൂടി ആ ചെടി തീര്‍ത്തുകളയും. അതിനെ നിയന്ത്രിക്കാന്‍ വേണ്ടി പ്രകൃതി തന്നെ നടത്തുന്ന ക്രമീകരണമാണത്.
ഹരി: ഏത്തവാഴയില്‍ വരുന്നൊരു ചൊറിയാമ്പുഴു ഉണ്ടല്ലോ. ഇല മുഴുവനും വെളുപ്പിക്കും. പച്ചനിറം മൊത്തമങ്ങ് ഇല്ലാതാക്കി അരിപ്പ പോലാക്കും.
രാജീവ്: അതൊരു ഫ്‌ളൈ ആണ്. വിഷാംശമുളളതാണ്. നിശാശലഭത്തില്‍ പെട്ട ഒരെണ്ണമാണ്. കീടങ്ങളായിട്ട് വരുന്ന ഒരുതരമുണ്ട്. അത് ഉപദ്രവകാരിയാണ്. അതിനെ നിയന്ത്രിക്കാന്‍ പ്രകൃതിയില്‍ തന്നെ വഴികളുണ്ട്. നമ്മളതിനെ ശല്യം ചെയ്യാതിരുന്നാല്‍ മതി.
ഹരി: ഞാനിപ്പോള്‍ അതാണ് പിന്തുടരുന്നത്. എന്റെ ചെടികളുടെ ഇലകളെല്ലാം പുഴു തിന്നിട്ടുണ്ട്. പക്ഷെ കുഴപ്പമൊന്നുമില്ല. പുതിയ ഇലകള്‍ വരുന്നുണ്ട്. ഈ ഓലേഞ്ഞാലിക്ക് ഇങ്ങനൊരു പ്രത്യേകത ഉണ്ടെന്ന് ഞാനിന്നാണ് അറിയുന്നത്. ഇവിടെ ഭക്ഷണം കഴിക്കാന്‍ ഏറ്റവും കൂടുതല്‍ വരുന്നത് ഓലേഞ്ഞാലിയാണ്.
രാജീവ്: ഓന്തും അരണയും അതുപോലെ ചെറുപ്രാണികളെ ഭക്ഷിക്കുന്നവയാണ്.
ഹരി: രാജീവിന് ചുറ്റുമുളള ജീവികളെ കണ്ട് ഇതിലേക്ക് താത്‌പര്യം തോന്നിയെന്നു പറഞ്ഞു. രാജീവെടുത്ത കുറേ ഫോട്ടോകളും വീഡിയോകളും ഉണ്ട്‌്. ഇത് കണ്ടിട്ട് ആര്‍ക്കെങ്കിലും താത്‌പര്യമുണ്ടായിട്ടുണ്ടോ, കൊച്ചുകുട്ടികള്‍ക്ക് ആര്‍ക്കെങ്കിലും?
രാജീവ്: ഒരുപാടു പേര്‍ക്കുണ്ടായിട്ടുണ്ട്. ഒരിക്കലൊരു ചിത്രശലഭം വിരിഞ്ഞിറങ്ങുന്നത് കാണാന്‍ എന്റെ കൂടെ ഒരു കുട്ടിയും ഉണ്ടായിരുന്നു. ചിത്രശലഭം വിരിഞ്ഞിറങ്ങുന്നത് അതിരാവിലെയാണ്. ആ സമയത്ത് ഇവനും എഴുന്നേറ്റു വന്നു. ഈ ശലഭം വിരിഞ്ഞിറങ്ങുന്നതും അതിന്റെ ചിറകുകള്‍ പുറത്തേക്ക് നീണ്ടു വരുന്നതുമൊക്കെ അവനവിടെ നിന്നു കണ്ടു. ഭയങ്കര സന്തോഷമായി. കൊച്ചുകുട്ടിയുടെ മുഖത്തുണ്ടാകുന്ന സന്തോഷം അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. അത് കാണുമ്പോഴാണ് ഏറ്റവും കൂടുതല്‍ സന്തോഷം നമുക്കുണ്ടാകുന്നതും. അവനിത് കാണിച്ചുകൊടുക്കാന്‍ പറ്റിയെന്നുളളതാണ്.
ഹരി: ചിത്രശലഭം കുട്ടികള്‍ക്കും വലിയവര്‍ക്കുമെല്ലാം കൗതുകമുളള ഒരു ജീവിയാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വേലിയില്‍ ആദ്യമായി കൊക്കൂണിനെ കണ്ടത് എനിക്കോര്‍മ്മയുണ്ട്. ഈ പയ്യനെന്തായി ? അവന് താത്‌പര്യമായോ ?
രാജീവ്: അവന് വലിയ താത്‌പര്യമായി. പിന്നെ ദിവസവും ഈ ചെടിയില്‍ പോയി നോക്കും. ദിവസവും വിരിയുമെന്നാണ് അവന്റെ വിചാരം. അത് കണിക്കൊന്നയിലായിരുന്നു. മഞ്ഞ പാപ്പാത്തി. അതിന്റെ വീഡിയോ എന്റെ കൈയിലുണ്ട്. അവന്റെ സന്തോഷം ശരിക്ക് ഒപ്പിയെടുക്കാന്‍ പറ്റിയില്ല. നമ്മള്‍ ഫ്രെയിം വെച്ചിരുന്നത് വിരിഞ്ഞിറങ്ങുന്നതിലായിരുന്നു.
ഹരി: നമ്മള്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കുകയും കാണുകയും ചെയ്യേണ്ടത് കൊച്ചുകുട്ടികളാണ്. അവരുടെ കൈയിലാണ് ഭാവി. അതുകൊണ്ടുതന്നെ അവരിതിനെ കുറിച്ച് കൂടുതല്‍ കേള്‍ക്കുകയും മനസിലാക്കുകയും വേണം. പ്രശ്‌നം അവരിത് എവിടെപ്പോയി കാണും എന്നുളളതാണ്. നമ്മുടെ പൂന്തോട്ടങ്ങളില്‍ ഒരുപാട് അധിനിവേശ സസ്യങ്ങള്‍ വരികയും ചെയ്‌തു.
രാജീവ്: ഞാനിന്നിവിടെ മുകളില്‍ കയറിപ്പോയപ്പോള്‍ തന്നെ രണ്ട് മാഞ്ചിയം കണ്ടു.
ഹരി: ഇവിടെ മുഴുവനും മാഞ്ചിയമാണ്. സോഷ്യല്‍ ഫോറസ്‌ട്രിയുടെ ഭാഗമായി ആരോ കൊണ്ടുവെച്ചതാണ്. ഈ പ്രദേശം മുഴുവനും ഇപ്പോള്‍ മാഞ്ചിയമാണ്.
രാജീവ്: മാഞ്ചിയം നില്‍ക്കുന്നതിനടിയില്‍ മറ്റൊന്നും വളരില്ല.
ഹരി: മഹാഗണിക്കും ആ പ്രശ്‌നമുണ്ട്. അതുകൊണ്ട് ഇവിടത്തെ രണ്ട് മഹാഗണി വെട്ടിയിട്ടിരിക്കുകയാണ്. അതിന്റെ ചുവട്ടില്‍ മഹാഗണിയല്ലാതെ മറ്റൊന്നും വളരുന്നില്ല. ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രശനം വരുന്നത് സിബാബുളാണ്. ഞാന്‍ തന്നെ ഒരു നാല്‌പതു കൊല്ലം മുമ്പ് ഇതിന്റെ തൈ വിതരണം ചെയ്‌തിട്ടുണ്ട്. പശുവിന് കൊടുക്കാന്‍ നല്ലതാണ്, ഒടിച്ചുകൊടുക്കാം എന്നൊക്കെ പറഞ്ഞ്. സംഭവമൊക്കെ ശരിയാണ്, പക്ഷെ ആ പ്രദേശം മുഴുവനും അതിന്റെ തൈകള്‍ വരും. ആവാസവ്യവസ്ഥയിലേക്കുളള കടന്നുകയറ്റമാണ്. വേറൊരു ജീവിയും അതില്‍ കൂടു വെക്കില്ല.
രാജീവ്: അതെ. പ്രാദേശികമായിട്ടുളള ഒരു ജീവിയും അതില്‍ കൂടു വെക്കില്ല. അവിടുളള ചെറിയ ജീവികള്‍ സ്ഥലം വിടും. അവിടുത്തെ ആവാസവ്യവസ്ഥ മാറും. പിന്നെ നമ്മള്‍ വല്ല ചെടികളും വെച്ചു കഴിഞ്ഞാല്‍ അതിനെ നശിപ്പിക്കുന്ന കീടങ്ങളായിരിക്കും കൂടുതല്‍ അവിടെ ഉണ്ടാവുക.
ഹരി: കുട്ടികളിലേക്ക് ഈ വീഡിയോ എത്തിക്കാന്‍ കാണുന്ന ആളുകളോട് നമുക്ക് അഭ്യര്‍ത്ഥിക്കാം. കൊച്ചുകുട്ടികള്‍ കണ്ടാല്‍ അവര്‍ക്കിതിലേക്ക്‌് താത്‌പര്യം വരുന്നുണ്ടെങ്കില്‍ അവര്‍ക്ക് എവിടെങ്കിലുമൊക്കെ പോയി ഇതു കാണാനുളള സൗകര്യം.
രാജീവ്: മുതിര്‍ന്നവര്‍ പറഞ്ഞു കൊടുക്കേണ്ടത് ഒരു പുഴുവിനെ കാണുമ്പോള്‍ അത് വെറും പുഴുവല്ല, മുതിര്‍ന്നവര്‍ അതിനെ നിരീക്ഷിച്ച് അതെവിടെയാണോ പോയി സമാധിയാവുന്നത്, ആ സ്ഥലം കണ്ടുപിടിച്ച് കൊച്ചുകുട്ടികളെ അത് വിരിയുന്നത് കാണിച്ചു കൊടുക്കുകയും പറ്റിയാല്‍,
ഹരി: അതിനു മുതിര്‍ന്നവര്‍ക്കിത് അറിയണ്ടേ ? എനിക്കുതന്നെ നിങ്ങളിപ്പോള്‍ പറഞ്ഞപ്പോഴാണ് ഇതു മുഴുവന്‍ ചിത്രശലഭമാവുന്നതാണെന്നു മനസിലായത്. ഞാന്‍ പുഴുവാണെങ്കിലും ഉപദ്രവമിലല്ലോ ഇരുന്നോട്ടെ എന്നു കരുതുന്നയാളാണ്. പക്ഷെ ശലഭമായി മാറുന്നതാണ് ഇതെല്ലാം, പ്രത്യേകിച്ച് തേക്കിലെ സാധനത്തിനെ കുറിച്ച് അങ്ങനെ കരുതുന്നതേയില്ല.
രാജീവ്: തേക്കില്‍ മുട്ടയിടുന്നത് ഒരുപാടുണ്ടാവും.
ഹരി: ആയിരക്കണക്കിനാണ്.
രാജീവ്: ആയിരക്കണക്കിന് അവിടെ ഉണ്ടെങ്കിലും അതെല്ലാം വിരിയണമെന്നില്ല. അമ്പതെണ്ണമൊക്കെയേ വിരിയൂ. ബാക്കിയുളളതെല്ലാം കിളികളും മറ്റും ഭക്ഷണമാക്കും.
ഹരി: എന്തായാലും നമുക്കു നോക്കാം. കുട്ടികള്‍ കണ്ടിട്ട് രാജീവിന്റെ ഈ പാത പിന്തുടരാന്‍ പ്രേരണ കിട്ടുമെന്ന പ്രതീക്ഷയില്‍. അങ്ങനെ കിട്ടുകയാണെങ്കില്‍ തന്നെ വീട്ടില്‍ അതിനുളള സൗകര്യമില്ല, പക്ഷെ ഈ സൗകര്യം ഉണ്ടാക്കാന്‍ നിങ്ങള്‍ക്കൊരു പാടുമില്ല. ടെറസിന്റെ മുകളിലായാലും കുറച്ചു ചെടികളൊക്കെ കൊണ്ടുവെച്ച് - ഇപ്പറഞ്ഞ നാടന്‍ ചെടികളൊക്കെ വെച്ചൊരു അന്തരീക്ഷം ഉണ്ടാക്കി കഴിഞ്ഞാല്‍ തീര്‍ച്ചയായും കുട്ടികള്‍ക്ക് പ്രകൃതിയുമായി അടുപ്പമുണ്ടാക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം.