സാധാരണ ഈ പംക്തിയിൽ നമ്മൾ മരം, മിയാവാക്കി തുടങ്ങിയ കാര്യങ്ങളാണ് പറയുന്നത്, ഇന്നൊരു ക്ഷമാപണത്തോടെ പറയട്ടെ വേറൊരു വിഷയമാണ് പറയാൻ ഉദ്ദേശിക്കുന്നത്. മരം, മിയാവാക്കി മാത്രം താത്പര്യമുള്ള ആളുകൾ ദയവായി ക്ഷമിക്കുക, അടുത്തയാഴ്ച്ച മുതൽ വീണ്ടും അതുതന്നെ പറയും.
ഞാൻ രണ്ടാഴ്ചകൊണ്ട് കോവിഡ് രോഗി ആണ്. ആയിരുന്നു എന്നു പറയാം, കോവിഡ് നെഗറ്റീവ് ആയിട്ട് നാലഞ്ചു ദിവസമായി. വളരെ യാദൃശ്ചികമായിട്ടാണ് കോവിഡ് പിടിപെട്ടത്. ഏപ്രിൽ മുതൽ ഔദ്യോഗിക ആവശ്യമായിട്ട് കേരളം മുഴുവൻ യാത്ര ചെയ്യുന്നുണ്ടായിരുന്നു. ആരോഗ്യ വകുപ്പിനു വേണ്ടി ഞങ്ങൾ സൗജന്യമായി കുറച്ച് പരസ്യം ചെയ്യുന്നുണ്ടായിരുന്നു. ആ പരസ്യത്തിനായും വേറെ ചില ഷൂട്ടിംഗിനൊക്കെ ആയിട്ടും തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ റെഗുലർ ആയിട്ട് പോകുന്നുണ്ടായിരുന്നു. ഇത്രേം യാത്ര ചെയ്തിട്ടും പ്രത്യേകിച്ച് കുഴപ്പമൊന്നും ഉണ്ടായില്ല. കൃത്യമായ ജാഗ്രതയോടെ സാനിറ്ററൈസർ ഉപയോഗിച്ചും, ആവശ്യമില്ലാതെ സ്ഥലങ്ങളിൽ തൊടാതെയും ഇറങ്ങാതെയും, ഭക്ഷണം കഴിയുന്നതും കാറിൽ, ഫ്ലാസ്കിൽ തന്നെ കൊണ്ടുപോകുകയുമൊക്കെ ചെയ്തുകൊണ്ടായിരുന്നു.
കഴിഞ്ഞ രണ്ടാഴ്ച അത്യാവശ്യമായിട്ട് കാസർഗോഡ് പോകേണ്ടി വന്നു. കാസർഗോഡ് പോയി തിരിച്ചുവന്നു. കാസർഗോഡ് യാത്രയിൽ കിട്ടിയതാണോ അതിനു മുന്നേ കിട്ടിയതാണോ എന്നറിയില്ല. ഇവിടെ വന്ന് നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് ചെറിയ ഒരു വയറിളക്കവും ജലദോഷവും, എന്റെ കൂടെ വന്ന അഞ്ചു പേരിൽ വേറെ ഒരാൾക്കും ഇതുതന്നെ വന്നു. അപ്പോൾ ഇത് മിക്കവാറും കൊറോണ ആകാനുള്ള സാധ്യതയുണ്ട് എന്ന് കരുതി ഞങ്ങൾ രണ്ടുപേരും, അതായത് ഈ ലക്ഷണം കണ്ട രണ്ടുപേരും, എന്റെ ഒരു സുഹൃത്തിന്റെ വീടാണിത്. അദ്ദേഹം വിദേശത്താണ്. ഈ വീട് അടച്ചിട്ടിരിക്കുകയാണ്. ഒഴിഞ്ഞ ഒരു കെട്ടിടം എന്ന നിലയ്ക്ക് ഞങ്ങൾ ഇങ്ങോട്ട് താമസം മാറി.
അടുത്ത ദിവസം ടെസ്റ്റ് ചെയ്തു. പോസിറ്റീവാണ്. പോസിറ്റീവാണെന്ന് റിസൾട്ട് അറിയാൻ കുറച്ചു സമയമെടുത്തു. അന്നുതൊട്ട് ഞങ്ങളിവിടെ താമസിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച നെഗറ്റീവ് ആയി. ഏതാണ്ട് എട്ട്, ഒൻപത് ദിവസങ്ങൾക്കു ശേഷം. കോവിഡിനെ കുറിച്ച് വളരെ ഭീതി ലോകം മുഴുവൻ നിലനിൽക്കുന്നുണ്ട്. കോവിഡ് വന്നാൽ മരിച്ചു പോകും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും എന്നൊക്കെ. മരണം നമ്മൾ കാണുന്നുമുണ്ട്. രണ്ടു ശതമാനം, ഒന്നര ശതമാനം ആളുകൾ മരിക്കുന്നുമുണ്ട്. പക്ഷെ കോവിഡ് അത്ര പേടിക്കേണ്ട കാര്യമൊന്നുമില്ല എന്നാണ് എനിക്ക് മനസ്സിലാകുന്നത്. ജാഗ്രത വേണം, വളരെ ശ്രദ്ധയോടെ ഇരിക്കണം അങ്ങനെ ഇരിക്കുകയാണെങ്കിൽ പ്രത്യേകിച്ച് പേടിക്കേണ്ട കാര്യമില്ല.
മരുന്നില്ലാത്ത അസുഖമാണ് കൊറോണ. മരുന്നില്ലാത്ത അസുഖം വേറെയും ഉണ്ടായിരുന്നു. ഉദാഹരണത്തിന് ചിക്കൻ പോക്സ്. പത്തു പതിനഞ്ച് കൊല്ലം മുൻപ് വരെ മരുന്നില്ലാത്ത അസുഖമായിരുന്നു. എനിക്ക് ചിക്കൻ പോക്സ് ഭീകരമായിട്ട് വന്നിട്ടുണ്ട്. 28 ദിവസത്തോളം ചിക്കൻ പോക്സ് ബാധിച്ചു കിടന്നിട്ടുണ്ട്. ജീവിതത്തിൽ ഏറ്റവും കൂടുതൽ കാലം ഏകാന്തതയിൽ കിടന്നതും അപ്പോഴാണ്. ചിക്കൻ പോക്സ് വരുമ്പോൾ നമ്മൾ സാധാരണ ചെയ്തു കൊണ്ടിരുന്നതെന്താണ്. പിന്നെ ആരുമായിട്ടും ഒരു ബന്ധവുമില്ല. കഴിയുന്നതും ഒറ്റയ്ക്ക് മാറി ഇരിക്കും. ആ ഇരിക്കുന്ന സ്ഥലത്ത് ഭക്ഷണം കഴിക്കും പുറത്തേയ്ക്ക് ഇറങ്ങില്ല. പൂർണ്ണ വിശ്രമം, ഒരു ജോലിയും ചെയ്യില്ല. അന്ന് ഞാൻ ചെയ്തത് ആകാശവാണിയും ലോകത്തുള്ള എല്ലാ റേഡിയോ സ്റ്റേഷനും കേട്ടുകൊണ്ടിരിക്കുകയാണ്. വേറൊന്നും ചെയ്യാനില്ല. മുറിക്കകത്തു നിന്നും പുറത്തിറങ്ങാന് ഒക്കുകയില്ല. റേഡിയോ കേൾക്കുക മാത്രമേ അന്നു മാർഗ്ഗമുള്ളൂ. 84ലോ 85ലോ മറ്റോ ആണെനിക്ക് ചിക്കൻ പോക്സ് പിടിക്കുന്നത്.
അതു തന്നെയാണ് കൊറോണയ്ക്കും ചെയ്യാനുള്ളത്. കൊറോണ വന്നുകഴിഞ്ഞാൽ മരുന്നില്ലായെങ്കിൽ അടങ്ങിയിരിക്കുക. യാതൊരുവിധ ശാരീരിക അദ്ധ്വാനവും വേണ്ട. ജോലികളൊന്നും ചെയ്യാതെ അടങ്ങി ഇരിക്കുക. വൃത്തിയായി ഭക്ഷണം കഴിക്കുക. പിന്നെ ഞങ്ങൾ പ്രത്യേകിച്ച് ചെയ്തത് ദിവസവും മൂന്നുനേരം നന്നായി ആവി പിടിച്ചു. സാധാരണയായി ഞാൻ ആവി പിടിക്കുമ്പോൾ കാട്ടുതുളസി, കർപ്പൂര തുളസി, പനിക്കൂർക്ക ഇതിന്റെ മൂന്നിന്റെയും ഇലയിട്ട് തിളപ്പിച്ചിട്ടാണ് ആവി പിടിക്കുക. ചുമയുണ്ടേൽ ആ വെള്ളം കുടിക്കുകയുമാണ് ചെയ്യുന്നത. അതുതന്നെ ഇപ്പോഴും ചെയ്തു. പിന്നെ അതു കൂടാതെ ധാരാളം ചൂടുവെള്ളം കുടിച്ചു. കൊറോണ കാരണം ശരീരത്തിൽ നിന്ന് ധാരാളം വെള്ളം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ശരീരത്തിൽ ഓക്സിജനും വെള്ളവും ഇല്ലാതാകുന്ന അവസ്ഥയാണ് അപകടത്തിലേയ്ക്ക് കൊണ്ടു പോകുന്നത് എന്നാണ് പല സുഹൃത്തുക്കളും പറഞ്ഞത്. അതു കൊണ്ട് കൃത്യമായിട്ട് ആവി പിടിക്കുക. ശ്വാസകോശം, നമ്മുടെ മൂക്കും വായുമൊക്കെ തുറന്നിരിക്കാനായിട്ട് ആവി പിടിക്കുന്നത് വളരെ പ്രയോജനകരമായിരുന്നു. അതുകൂടാതെ ധാരാളമായിട്ട് വെള്ളം കുടിച്ചു. ഇതല്ലാതെ പ്രത്യേകിച്ച് വേറൊന്നും ചെയ്തില്ല.
ഭക്ഷണം നന്നായിട്ട് കഴിച്ചു. ഞാനൊരു ഭക്ഷണപ്രിയനാണ്. അസുഖം വരുമ്പോഴാണ് ഭക്ഷണം ആസ്വദിക്കാൻ പറ്റുന്നത്. വേറെ ജോലി ഒന്നുമില്ലല്ലോ. അവിടെ ഇരുന്ന് ഭക്ഷണം ഉണ്ടാക്കുകയും ആസ്വദിക്കുകയും ചെയ്യാം. ഞാനീ പാചകത്തിൽ താത്പര്യമുള്ള ഒരു ആളാണ്. പാചകം പരീക്ഷിക്കാറുണ്ട്, പുതിയ ഡിഷ് കണ്ടാൽ പരീക്ഷിച്ചുനോക്കാറുണ്ട്. സമയമുള്ളപ്പോൾ പാചകം ചെയ്ത് നോക്കാറുണ്ട്. അതെനിക്ക് ഇഷ്ടമുള്ള ഒരു വിഷയമാണ്. കൊറോണക്കാലം കൊണ്ടുണ്ടായ ഒരു ഗുണം ധാരാളം സമയം പാചകം ചെയ്യാനായിട്ട് കിട്ടി. ഒരുപാട് പരീക്ഷണങ്ങൾ നടത്താനും പറ്റി. പത്ത് പതിനഞ്ച് ദിവസത്തേയ്ക്കുള്ള ഭക്ഷണം ഞങ്ങൾതന്നെ ഉണ്ടാക്കുകയായിരുന്നു കൂടുതലും. പലരും വീട്ടിൽനിന്നും ഭക്ഷണം കൊടുത്തയയ്ക്കാം എന്നൊക്കെ പറഞ്ഞു. കൊടുത്തയയ്ക്കുന്നുമുണ്ടായിരുന്നു, പക്ഷെ അതൊക്കെ കഴിവതും കുറച്ചിട്ട്, തന്നത്താനെ പാചകം ചെയ്യാനുള്ള സമയമായിട്ടാണ് കണ്ടത്.
ശരിക്കും പറഞ്ഞാൽ സ്കിൽ ഡവലപ്പ്മെന്റ് സംഭവിച്ചിട്ടുണ്ട്. പാചകത്തിൽ ഉണ്ടായിരുന്ന എന്റെ സ്കിൽ ഒരു മുപ്പതു ശതമാനം വർദ്ധിച്ചതായിട്ട് ഞാൻ തന്നെ വിലയിരുത്തുന്നു. അതിപ്പോൾ ശരിയാണോ എന്നറിയണമെങ്കിൽ ഭാര്യയും മകളും കഴിച്ചുനോക്കിയിട്ടേ നമുക്ക് സർട്ടിഫിക്കേഷൻ കിട്ടുകയുള്ളൂ. വായിക്കാൻ ബാക്കി ഉണ്ടായിരുന്ന മാസികയും പുസ്തകങ്ങളുമൊക്കെ വായിച്ചുകൂട്ടി. കുറച്ചു സിനിമകളൊക്കെ ടാബിൽ കണ്ടു. ബാക്കി ഔദ്യോഗിക ജോലികളൊക്കെ ഒരു വശത്തു കൂടി നടക്കുന്നുണ്ടായിരുന്നു. ഓൺലൈനായിട്ട് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തു.
ഇത്രയും വിശദമായി പറഞ്ഞത് എന്താന്നു വച്ചാല് കേരളത്തിൽ കൊറോണ വന്നതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത കുറെയാളുകളുണ്ട്. എന്നെത്തന്നെ ഇവിടെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു മൂന്നോ നാലോ പ്രാവശ്യം വിളിച്ചു ചോദിച്ചു, ഇവിടെ വേറെ പ്രശ്നമൊന്നും ഇല്ലല്ലോ എന്ന്, എന്തെങ്കിലും ഉണ്ടെങ്കിൽ പറയണം, മാനസികാരോഗ്യം എന്തെങ്കിലും തകരാറുണ്ടെങ്കിൽ ഞങ്ങളെ സമീപിക്കണം എന്ന്. ഇത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ചപ്പോഴാണ് കൊറോണ വരുന്നവരിൽ നല്ലൊരു വിഭാഗത്തിനും പേടിച്ച് മാനസിക പ്രശ്നം വരുന്നുണ്ട് എന്നറിഞ്ഞത്. അങ്ങനെ പേടിക്കാനുള്ള യാതൊന്നും ഇതിലില്ല.
നമ്മൾ പൂർണ്ണമായും വിശ്രമം എടുക്കുക. ശരീരത്തിന് അസുഖത്തിന്റെ ഒരു കണ്ടീഷനാണ്, ആ കണ്ടീഷനിൽ നിങ്ങൾ ജോലി ചെയ്യാൻ പോകരുത്. രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് ആളുകളുമായി ഇടപെടുമ്പോൾ അവർക്കിത് പകരാനുള്ള സാധ്യത ഉണ്ട്. രണ്ട് നിങ്ങൾക്കിത് ശാരീരികമായിട്ട് വിശ്രമം ആവശ്യമുള്ള സമയമാണ്. ആ വിശ്രമം എടുക്കുക. നിങ്ങളുടെ മൂക്കും വായുമൊക്കെ വൃത്തിയായി വയ്ക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുക. ശരീരത്തിലെ ജലാംശം നിലനിർത്തുക. ഇത്രയും ചെയ്തുകഴിഞ്ഞാൽ മറ്റേതൊരു അസുഖത്തേയും പോലെ ഇതും പൊയ്ക്കോളും.
എന്നെ സംബന്ധിച്ചിടത്തോളം ആദ്യത്തെ അരദിവസം കഴിഞ്ഞു വേറെ പ്രത്യേകിച്ച് ബുദ്ധിമുട്ട് ഒന്നുമുണ്ടായില്ല. അതുകൊണ്ട് കൊറോണ വരുന്ന ആളുകൾ പേടിച്ച് വെപ്രാളപ്പെടുകയോ, ഞങ്ങൾക്കിതുകൊണ്ട് മരണം സംഭവിക്കുമെന്നോ വിചാരിച്ച് പേടിക്കേണ്ട ഒരു കാര്യവും ഇല്ല. പക്ഷെ നമ്മൾ സൂക്ഷിക്കണം. സൂക്ഷിക്കാനുള്ളത് കൃത്യമായിട്ട് സൂക്ഷിക്കണം. അത്രയും ഒന്ന് പറയാൻ വേണ്ടിയാണ്. കാരണം ഈ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള നിരന്തരമായ വിളികൊണ്ടാണ് ഞാനിങ്ങനെ ഒരു കാര്യം പറയാമെന്നു വച്ചത്. അതുകൊണ്ട് ഒട്ടും പേടിക്കണ്ട. ധൈര്യമായിട്ട് കൊറോണയെ നേരിടാം.