പലരും ചോദിക്കാറുണ്ട് ചെടികളെക്കുറിച്ചുള്ള വിവരം എങ്ങനെയാണ് കിട്ടുന്നതെന്ന്. ചെടികളെക്കുറിച്ചുള്ള വിവരം നമ്മുടെ നാട്ടിൽ നിന്നുതന്നെ കിട്ടും. പ്രധാനമായിട്ടും മൂന്നു തരത്തിലുള്ള സോഴ്സുകളാണ് ഉള്ളത്. അതിലൊരു സോഴ്സിനെ ഇന്ന് പരിചയപ്പെടുത്താം. ഇദ്ദേഹം ശ്രീ രഘു. അദ്ദേഹം ഞാനിവിടെ വരുന്ന കാലത്തേ ഇവിടെയുണ്ട്. 78 വയസ്സുണ്ട്. എങ്കിലും പാറപ്പുറത്ത് നിന്നും ഡൈവ് ചെയ്ത് ആറ്റിൽ ചാടി നീന്തും. പുള്ളിയുടെ കൊച്ചു മകൻ മെരിറ്റിൽ അഡ്മിഷൻ കിട്ടി എംഡി പൂർത്തിയാക്കിയ ഡോക്ടറാണ്. പ്രകൃതിയെക്കുറിച്ച് വളരെയധികം വിവരമുള്ള മനുഷ്യനാണ്. ഇദ്ദേഹത്തിൽ നിന്നാണ് ഞാൻ പ്രാദേശികമായിട്ട് ഒരുപാട് കാര്യം പഠിച്ചിരിക്കുന്നത്.
ഞങ്ങളിവിടെ ഉള്ള ചെടികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. ചേട്ടാ നമുക്ക് ഇവിടെയുള്ള കുറച്ച് ചെടികളെ പരിചയപ്പെടുത്തണം.

ഈ സാധനം എന്താണ്.
മലതാങ്ങി.
ഇതിന്റെ പ്രയോജനം എന്താണ് ?
സ്ത്രീകൾ പ്രസവിച്ചു കിടക്കുമ്പോൾ അരിമാവിൽ ഉണ്ട ഉരുട്ടി കൊടുക്കും. അരിമാവിൽ കൂടി ഇലയിട്ട് ഇടിച്ചാണ് കൊടുക്കുന്നത്. പക്ഷെ ഉപ്പ് ചേർക്കരുത്. എന്നാലതിന്റെ ഇഫക്ട് പോയി.

അപ്പുറം ഉള്ള നീണ്ട ഇല എന്താണ്?
ഇത് നറുനീണ്ടി
ഇത് പുല്ലാണോ ?
അതേ ഇത് വെറും പുല്ലാണ്, മുത്തങ്ങയ്ക്ക് കിഴങ്ങുണ്ട്.. ഉരുണ്ടിരിക്കുന്നത്.
നറുനീണ്ടി നമ്മൾ എന്തിനാണ് ഉപയോഗിക്കുന്നത് ?
മരുന്നിന്. നന്നാറി സർബത്ത് ഉണ്ടാക്കാൻ കൊള്ളാം, ഇത് ഇടിച്ച് തനിയെ തിന്നാം, അതിന്റെ കറുത്ത പൊടി കളഞ്ഞിട്ട് ചവച്ച് കഴിയ്ക്കാം. ഇതിന് കേടുള്ളതല്ല.

ഇവിടെ കാണുന്ന ഈ വള്ളി പോലുള്ള സാധനം, എന്താണിത്?
തിരുതാളി, ഈ തിരുതാളി നമ്മൾ എന്തിനാ ഉപയോഗിക്കുന്നത്. ഇത് ഒന്നിനും എടുക്കുന്നില്ല, കന്നുകാലിയ്ക്ക് പുല്ലു പറിയ്ക്കുമ്പോഴാണ് അതിലാണ് ഇത് ഉപയോഗിക്കുന്നത്, ഇത് ദശപുഷ്പത്തിൽപ്പെട്ടതാണ്. ഇതിന്റെ ഇലയ്ക്ക് നല്ല പശയാണ്, ഇതിന്റെ ഒരു ഇല പറിച്ച് കശക്കുമ്പോൾ തന്നെ അതിന്റെ പശിമ അറിയാം.

ഇത് എന്താണ് സാധനം ?
ഇത് കീഴാർ നെല്ലി.
ഇങ്ങനത്തെ കീഴാർനെല്ലി ഞാൻ കണ്ടിട്ടില്ല.
കീഴാർനെല്ലിയുടെ ഒരിനമാണിത്. കീഴാർനെല്ലി നാലിനമുണ്ട്. ഇത് യഥാർത്ഥ കീഴാർനെല്ലി. അതിന്റെ അടുത്ത ഇനമാണ് അത്. ഇതാണ് യഥാർത്ഥ കീഴാർനെല്ലി. ഇതാണ് മഞ്ഞപിത്തത്തിന് അരച്ചു കലക്കി കൊടുക്കുന്നത് പാലിൽ. ഇതു പോലുള്ള നാല് ഇനം ഉണ്ട്.

ഇത് നറുനീണ്ടി.
നറുനീണ്ടിയ്ക്ക് പൂവ് ഉണ്ടാകുന്നത് ആദ്യമായിട്ട് കാണുകയാണ്.
പൂവുണ്ടാകും. അതിൽ നിന്നാണ് വിത്ത് ഉണ്ടാകുന്നത്. എല്ലാത്തിനും വിത്തുണ്ടാകും. വിത്തില്ലാതെ അത് പ്രകൃതിയിൽ ജനിക്കാന് പറ്റില്ലല്ലോ.
വേരിൽ നിന്ന് ചിലതൊക്കെ പൊട്ടി കിളിർക്കില്ലേ ?
മൂടായാലല്ലേ അത് കിളിർക്കൂ, വിത്തു വേണം.

ചേട്ടാ ഇതെന്താ സാധനം.
അത് കാട്ടുപിച്ചി, നമ്മുടെ ദേഹത്ത് ചൊറിച്ചിൽ വന്നാൽ കാട്ടുപിച്ചി അരച്ചിട്ടാൽ പോകും. ഇത് വെറുതെ അരച്ചിട്ടാൽ മതി. അല്ലെങ്കിൽ കരിക്കിന്റെ കതമ്പയുണ്ടല്ലോ ചാറുള്ളത, അതിൽ കലക്കി ചേർത്ത് പുരട്ടിയാൽ മതി.

അത് നിലനാരകം, വെളിച്ചെണ്ണ കാച്ചാനെടുക്കുന്നത്.

ഇവിടെ എന്താ സാധനം ?
ഇത് ശതാവരി. ഇതിലും കിഴങ്ങുണ്ട്. അത് വെട്ടി അങ്ങാടിക്കടയിൽ കൊണ്ടുകൊടുത്താൽ പൈസ കിട്ടും.
അവർ എന്തിനാണ് ഇത് ഉപയോഗിക്കുന്നത് ?
ഇത് പച്ചയ്ക്ക് അരിഞ്ഞു ഇടിച്ചുപിഴിഞ്ഞ് വെള്ളം കുടിച്ചാൽ മൂത്രത്തരിപ്പിന് നല്ലതാണ്.

എന്താണിത് ?
മുക്കുറ്റി, തീണ്ടാനാഴി എന്നും പറയും.
തീണ്ടാനാഴി എന്ന പേര് ഞാൻ കേട്ടിട്ടുണ്ട്.
ഇത് സ്ത്രീകൾക്ക് അരച്ചു കലക്കി കൊടുക്കും.
ഇത് വിഷത്തിന് ഉപയോഗിക്കില്ലേ, വേറെ ഏതിന്റെയോ കൂടെ അരച്ച് ?
വിഷത്തിന് ഇത് ചേരുമെന്ന് എനിക്കു തോന്നുന്നില്ല.
പാമ്പിന്റെയല്ല, എട്ടുകാലിയുടെ വിഷത്തിന്.
അതെ, പക്ഷെ എനിക്കു തോന്നുന്നില്ല. അതിനായി എടുക്കുന്നത് ഗരുഡക്കൊടിയാണ്.

അത് നിലപ്പനയാണ്. നിലപ്പനയും കിഴങ്ങുള്ളതാണ്. ഇതിന്റെ മൂട്ടിൽ മാത്രമേ കിഴങ്ങുള്ളൂ. മുത്തങ്ങകിഴങ്ങിന് ഇഞ്ചിപ്പുല്ല് പോകുന്നപോലെ പോകും. ഗുണം കൂടുതലാണ് അതിന്, അതിന്റെ കിഴങ്ങിന് നല്ല എരിവാണ്. ഇപ്പോൾ ഡോക്ടറാവാൻ പഠിക്കുന്നവൻ ഇഷ്ടം പോലെ പാലിൽ ചതച്ച് ഇട്ട് കൊടുത്തിട്ടുണ്ട്. വിരശല്യം ഉണ്ടാകാതെ ഇരിക്കാൻ.

ചേട്ടാ 1 മിനിറ്റ്, ഇത് എന്താ സാധനം ?
ഇത് കരിലാഞ്ചി. ഇതിന്റെ മൂട്ടിൽ കിഴങ്ങുണ്ട്, കൊണ്ട പോലെ ഇരിക്കും. അത് ചതച്ചിട്ട് വെള്ളം കുടിക്കാം.
ഇതിന്റെ ഇല ചൊറിയ്ക്കോ കരപ്പനോ ഉപയോഗിക്കില്ലേ, തോരൻ മറ്റോ വയ്ക്കില്ലേ, ചേട്ടൻ തന്നെയാണ് പറഞ്ഞത്.
അത് കൊണ്ട്, നുള്ളിയാൽ വരണ കൊണ്ടയും ഒരു ഇലയും, കരിവാലാഞ്ചിയുടെ ഇല, വേറെ ഒരു നീരൂറ്റിക്കിഴങ്ങ് എന്നു പറഞ്ഞ് പടർന്നു പോകുന്ന ഒരു ചെടി, അതിന്റെയും നുളളിവരുന്ന ഒരു കൊണ്ടയും ഒരു ഇലയും, അങ്ങനെ എല്ലാം കൂടി എടുക്കുമ്പോ ഒരു പിടിയ്ക്ക് വരും. എല്ലാം കൂടി കൊണ്ടുവന്ന് അരിഞ്ഞു തോരൻ വച്ചു തരും. ഇതിന്റെ മേമ്പൊടി ചക്കക്കുരു ആണ്. തന്നിട്ടു പറയും ഇതൊക്കെ കഴിച്ചാൽ ചൊറിയും ചിരങ്ങും വരില്ലെടാ. അതു പക്ഷെ കറക്ട് ആണ്. ഇതിന്റെയൊക്കെ ഇലകളെടുത്താണ് വൈദ്യൻമാർ ഗുളികകൾ ഉണ്ടാക്കുന്നത്.

ഈയിടെ ഒരാൾ എന്നോട് പ്രസവം കഴിഞ്ഞിട്ട് മകൾക്ക് കൊടുക്കാനായിട്ട് ഇലകൾ വേണമെന്നു പറഞ്ഞു, മിക്കാവാറും ഇവിടെയുള്ള ഇലകളാണ്, ചീലാന്തി ഇല, മലതാങ്ങി, പരുത്തി..
യശങ്ക്, കട്ടകാരമുള്ളിന്റെ ഇല ഇതൊക്കെ പ്രസവിച്ചു കിടക്കുന്ന സ്ത്രീകൾക്ക് കൊടുക്കും.
ഓരോ ദിവസം ഓരോന്നാണ് വച്ച് അരച്ച് കൊടുക്കാറു ചോറിന്റെ കൂടെ. ചെറിയ ഉണ്ടകൾ മതി.

ഇത് പഴപരുത്തി എന്നു പറയുന്ന ചെടി. ഇതിൽ നല്ല പശയാണ്. ഇത് കന്നുകാലിയ്ക്ക് നല്ലതാണ്. വേറെ കുഴപ്പമൊന്നും ഇല്ല.
ഇതിന് മണമൊന്നും ഇല്ല. ശരിയാണ് ഇതിന് പശയുണ്ട്, വഴുവഴുപ്പുണ്ട്.
ഇത് കന്നുകാലിയ്ക്ക് നല്ലതാണ്.

ചേട്ടാ ഇത് കുറുന്തോട്ടിയല്ലേ, ഇതെന്തിന് ഉപയോഗിക്കും ?
ഇത് എണ്ണയ്ക്ക്. അരച്ച് എണ്ണയിൽ ചേർക്കും, താരൻ പോലുള്ളവ ഉണ്ടെങ്കിൽ മാറും.
വാതത്തിന് നല്ല മരുന്നാണ്
ആയുർവേദക്കടകളിൽ ഇത് കൊണ്ടു വച്ചിരിക്കുന്നതു കാണാം.
ഇപ്പോ ഇതില്ല.
ചിലർ ഇത് നട്ടു വളർത്തും.

അത് നമ്മുടെ പെരിങ്ങലല്ലേ, അതും മരുന്നാണ്, പൈൽസ് പോലുള്ള അസുഖത്തിന് ഇത് ഉപയോഗിക്കും.
ഒരിക്കൽ ശബരിമലയിൽ പോയപ്പോ ഞാൻ കണ്ടു. ഒത്തിരി വലുപ്പത്തിൽ ഇതിന്റെ ഒരു ചെടി പിടിച്ചാൽ പിടികിട്ടാത്തവിധം വലുപ്പത്തിൽ കാട്ടിൽ വളർന്നു നിൽക്കുന്നു.

ചില ചെടികൾ അങ്ങനെയാണ് കാട്ടിൽ വളരെ വലുതായി വളർന്നു നിൽക്കും. കുറുന്തോട്ടിയൊക്കെ അങ്ങനെ വലുതാകുമെന്ന് കേൾക്കുന്നു. ഞാൻ കണ്ടിട്ടില്ല.
കൊറണ്ടി.
അത് ഇതുവരെ കണ്ടില്ല.
ഞാൻ പുല്ല് പറിക്കാൻ പോകുന്ന സ്ഥലത്തുണ്ട്, അവിടെ ഉണ്ടേൽ അതിൽ നിന്ന് ഒരെണ്ണം എടുത്ത് ഇവിടെ കൊണ്ടുവയ്ക്കാം.
അത് എന്തിനാ ഉപയോഗിക്കുന്നത്.
അതിന്റെ മുകൾഭാഗത്തുള്ള പഴം കഴിക്കാൻ കൊള്ളാം. താഴെയുള്ള കിഴങ്ങ് അതിന്റെ വേരിനെ വെട്ടി എടുത്ത് തുടവാളയ്ക്ക് അരച്ച് പുരട്ടി കൊടുക്കുന്നത് കണ്ടിട്ടുണ്ട്..
ഈ കഴലനീര് എന്ന് പറയുന്ന സാധനമല്ലേ, എളിയിൽ നീരു വരുന്ന അസുഖം ?
അതിന് തുടവാള എന്നാണ് പറയുന്നത്. അതിന് ഇതിന്റെ കിഴങ്ങിനെ വെട്ടി എടുത്ത് കരിക്കിന്റെ ചാറിൽ കുഴച്ച് പുരട്ടി കൊടുക്കും. അപ്പോ വേദന മാറി അത് വറ്റും. ഡോക്ടറുടെ അടുത്തു പോയാൽ അത് കീറും. ആദ്യം പഴുക്കാൻ മരുന്നുവയ്ക്കും. പിന്നെ അത് കീറും.

ഇദ്ദേഹം ഒരു വൈദ്യനല്ല. ഒരു സാധാരണ മനുഷ്യന്റെ അറിവാണ്. ഈ ഭൂമിയിൽ ജീവിച്ചു ചെടികൾ കണ്ടുമനസ്സിലാക്കിയ കാര്യങ്ങളാണ് നമ്മളിപ്പോൾ കേട്ടത്. ഇതു പോലുള്ള ആളുകൾ നമ്മുടെ നാട്ടിൽ ഇഷ്ടം പോലെയുണ്ട്. 60 -70 വയസ്സിന് മുകളിൽ പ്രായമുള്ള ആളുകൾ ഇങ്ങനെയുള്ള മരുന്നുകൾ കഴിച്ചാണ് വളർന്നത്. അങ്ങനെ അറിയാവുന്ന കാര്യങ്ങൾ അവരുടെ കാലത്ത് അവർ സ്വബോധത്തോടെ ഇരിക്കുന്ന കാലത്ത് നമ്മളത് മാക്സിമം ശേഖരിച്ചാൽ കുറേ ചെടികളെക്കുറിച്ച് പഠിക്കാൻ സാധിക്കും.

ഞാനീ പറമ്പിൽ വളരുന്ന ചെടികളെക്കുറിച്ച് പഠിച്ചതിൽ മുക്കാൽ ഭാഗവും ഇദ്ദേഹത്തിൽ നിന്നാണ്. ബാക്കിയുള്ളത് ശാസ്ത്രജ്ഞൻമാരായ കുറച്ച് സുഹൃത്തുക്കൾ പറഞ്ഞു തന്നതാണ്. അവരെയും പരിചയപ്പെടുത്താം. നിങ്ങളുടെ തൊട്ടടുത്തും ഇതുപോലുള്ള സോഴ്സ് ഉണ്ടാകും. ഇനി ഇദ്ദേഹത്തെക്കുറിച്ച് അറിയാനാണെങ്കിൽ ഞാനിദ്ദേഹത്തെക്കുറിച്ച് ഒരു ബ്ലോഗ് എഴുതിയിട്ടുണ്ട്. ആ ബ്ലോഗിന്റെ ലിങ്ക് ഈ വീഡിയോയുടെ താഴെ കൊടുത്തിട്ടുണ്ട്. വായിച്ചുനോക്കുക. ആളൊരു രസികനാണ്. പരിചയപ്പെടേണ്ട ഒരു കഥാപാത്രമാണ്.