ലോക്ക് ഡൗണായതു കൊണ്ടാവാം കുറേ അധികം ചോദ്യങ്ങൾ വരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യം കാട് വെച്ചു കഴിഞ്ഞാൽ പാമ്പിന്റെ ശല്യമുണ്ടാകുമോ, അതിനു ചുറ്റും പാമ്പ് വന്നുകഴിഞ്ഞാൽ എന്തു ചെയ്യും എന്നുളളതാണ്. രണ്ടു മൂന്ന് കാര്യങ്ങളുണ്ട്. ഒന്നാമത്തേത്, വീടിനു ചുറ്റും വെക്കുന്ന കാട് പലപ്പോഴും 50 സ്ക്വയർ മീറ്റർ അല്ലെങ്കിൽ 100 സ്ക്വയർ മീറ്റർ, ആയിരം സ്ക്വയർ ഫീറ്റ് അഥവാ രണ്ടര സെന്റ് ഒക്കെ വരെയുളളതായിരിക്കും. ഇത്രയും സ്ഥലത്ത് താമസിക്കാനായിട്ട് പാമ്പുകളെല്ലാം കൂടെ അവിടെ രണ്ടര സെന്റിലൊരു കാടുണ്ട് എന്നാലങ്ങോട്ടു പൊയ്ക്കളയാം എന്നും പറഞ്ഞു വരുമെന്ന് വിചാരിക്കേണ്ട കാര്യമില്ല. അടുത്തെവിടെയെങ്കിലും പാമ്പുണ്ടെങ്കിൽ അതിനകത്തു കയറിയിരിക്കാനുളള സാദ്ധ്യതയുണ്ട്.
പാമ്പുകൾ കയറി ഇരിക്കുന്നത് മാളത്തിലാണ്. അല്ലാതെ കാട്ടിലോ കരിയില നിരന്നു കിടക്കുന്നിടത്തോ കിടക്കാനുളള സാധ്യത കുറവാണ്. പിന്നെ പാമ്പ് ഇര പിടിക്കാനായി എവിടെയും വരും. ഈ പറയുന്ന കരിയിലയ്ക്കിടയിലും വരും. പാമ്പ് സാധാരണ പുറത്തിറങ്ങുന്നത് ഇര പിടിക്കാനോ ഇണ ചേരാനോ ഒക്കെയാണ്. അപകടം സംഭവിക്കുന്നത് നമ്മൾ പലപ്പോഴും അറിയാതെ അതിനെ കയറി ചവിട്ടും. അങ്ങനെയാണ് പാമ്പുകടി ഏൽക്കുന്നത്. അല്ലാതെ പട്ടി കടിക്കുന്നതുപോലെ പാമ്പ് ആരെയും ഓടിച്ചിട്ടു കടിക്കാറില്ല. മൂർഖൻ പാമ്പ് ഇവനെ നോക്കി വെച്ചേക്കാം, നാളെ വരുമ്പോൾ കടിക്കാം എന്നു വിചാരിക്കാറില്ല. അതുപോലെതന്നെ കാഴ്ച്ച കാണാം എന്നു വിചാരിച്ച് പാമ്പ് പുറത്തിറങ്ങി നടക്കാറുമില്ല.
ഇതിനോട് അനുബന്ധമായിട്ടുളള കാര്യം പാമ്പിന് വായുവിൽക്കൂടി വരുന്ന ശബ്ദം ഒരിക്കലും കേൾക്കാൻ പറ്റില്ല. അത് നമുക്കെല്ലാം അറിയാവുന്നതാണ്. പാമ്പാട്ടി കുഴലൂതുമ്പോൾ കുഴൽ ആടുന്നതു കണ്ടിട്ടാണ് പാമ്പ് എപ്പോഴും തലയനക്കുന്നത്. അല്ലാതെ പാമ്പിന് ശബ്ദം കേൾക്കാനാവില്ല. പാമ്പ് ശബ്ദം അറിയുന്നത് നിലത്ത് വൈബ്രേഷൻ ഉണ്ടാവുമ്പോഴാണ്. നിങ്ങൾ ചെറുതായിട്ട് നിലത്തൊന്നു ചവിട്ടിയാൽ പോലും, നിങ്ങളുടെ പെരുവിരൽ നിലത്തൊന്ന് അമർത്തിയാൽ പോലും ആ ശബ്ദം പാമ്പിന് പിടിച്ചെടുക്കാൻ പറ്റും. അതിന്റെ ശരീരം എപ്പോഴും മണ്ണിൽ തട്ടിയിരിക്കുന്നതാണ്. നമ്മൾ ചെയ്യേണ്ടത് ഒരു വടിയും കൊണ്ടു നടക്കുക എന്നുളളതാണ്. വടി പാമ്പിനെ തല്ലിക്കൊല്ലാനായിട്ടല്ല. നിങ്ങൾ വടി കുത്തി നടക്കുമ്പോൾ വടി മണ്ണിലൊരു വൈബ്രേഷൻ ഉണ്ടാക്കും. ആ വൈബ്രേഷൻ മതി പാമ്പ് പോകാനായിട്ട്. അടുത്തെങ്ങാനും പാമ്പുണ്ടെങ്കിൽ ഈ ശബ്ദം കേൾക്കുമ്പോൾ അതങ്ങ് മാറിക്കളയും.
പിന്നെ വീടിനടുത്ത് കാട് വെക്കുമ്പോൾ അതിനു ചുറ്റുമൊരു ഫെൻസിങ്ങ് തീർക്കണം. ഫെൻസിങ്ങിനു പുറത്തുളള ഭാഗം കൃത്യമായും വൃത്തിയാക്കിയിടണം. ഫെൻസിങ്ങ് ഉണ്ടെങ്കിലുളളാരു ഗുണം, നമ്മളത് തുറന്ന് അകത്തേക്ക് കയറുമ്പോൾ ഒന്നു ശ്രദ്ധിക്കും. കുട്ടികളൊന്നും പെട്ടെന്ന് ഓടി അതിനകത്തേക്ക് കയറാതിരിക്കും. ചുറ്റുമുളള ഭാഗം വൃത്തിയാക്കിയിടുമ്പോൾ എന്തെങ്കിലും ജീവികൾ ഉണ്ടെങ്കിൽ തന്നെ അവ ഇതിനകത്തേക്ക് വരുന്നതോ പുറത്തേക്കു പോകുന്നതോ വളരെ പെട്ടെന്ന് നമുക്ക് കാണാൻ കഴിയും. ഇങ്ങനെ ചില മുൻകരുതലൊക്കെ എടുക്കണമെന്നേ ഉളളൂ.
ഇതൊന്നുമില്ലെങ്കിലും ചുറ്റും മരങ്ങളൊക്കെ ഉണ്ടെങ്കിൽ വീട്ടിൽ പാമ്പ് കയറി വരാനുളള സാധ്യത ഉണ്ട്. വേറൊരു കാര്യം വീടിന്റെ എല്ലാ ഭാഗവും നെറ്റടിച്ച് അടച്ച് സൂക്ഷിക്കുക എന്നുളളതാണ്. കാരണം വീട്ടിൽ പാമ്പ് വരുന്നത് എലിയെ പിടിക്കാനോ തണുപ്പിൽ നിന്നോ മഴയിൽ നിന്നോ കയറാനോ ഒക്കെയായിട്ടാണ്. വീട്ടിനകത്ത് ഭക്ഷണ സാധനങ്ങൾ അലക്ഷ്യമായി ഇടുകയും എലി ധാരാളം ഉണ്ടെങ്കിൽ ഒക്കെയും പാമ്പ് വരാം. പിന്നെ അടുത്ത പറമ്പിൽ പാമ്പുണ്ടെങ്കിൽ അതിങ്ങോട്ട് കയറാനുളള സാധ്യതയുമുണ്ട്. വീടു വെക്കുമ്പോൾ തന്നെ ജനാലകളും മറ്റും നെറ്റ് അടിച്ച് ഭദ്രമാക്കി വെക്കുകയാണെങ്കിൽ ആ ഒരു പ്രശ്നം ഉണ്ടാവില്ല. അത്തരം മുൻകരുതലുകൾ എടുക്കണം എന്നു മാത്രമേ ഉളളൂ.