എനിക്ക് എല്ലാ ആഴ്ചയും കിട്ടുന്ന ഒരു പ്രധാന ചോദ്യം ആ കാടിന്റെ അവസ്ഥ എന്തായി, ഈ കാടിന്റെ അവസ്ഥ എന്തായി എന്നാണ്, നേരത്തെ നട്ടുപിടിച്ച കാടുകളുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചാണ്. അതിന് ഒരു കാര്യം എനിക്ക് തോന്നുന്നത് നമ്മൾ പലപ്പോഴും അലങ്കാരമായിട്ടാണ് പല കാര്യങ്ങളും ചെയ്യുന്നത്. ഞങ്ങളൊക്കെ സ്കൂളിൽ പഠിക്കുമ്പോ സേവനവാരം എന്നൊരു പരിപാടി ഉണ്ടായിരുന്നു. ഗാന്ധിജിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് എല്ലാ കുട്ടികളും എന്തെങ്കിലും ജോലി ചെയ്യാനായിട്ട് അവർക്ക് ഒരു പരിശീലനം - ഏത് തൊഴിലും മാന്യമാണ്, ഏത് തൊഴിൽ ചെയ്യുന്നതിലും ഒരു മാന്യതക്കുറവ് ഇല്ല, എന്നൊരു സന്ദേശം കൊടുക്കാനായിട്ടാണത്. ഞങ്ങളൊക്കെ ഇതിന്റെ ഭാഗമായിട്ട് സ്കൂളിൽ മതിൽ കെട്ടൽ, മണ്ണു നികത്തൽ, മരങ്ങളുടെ ചുവട്ടിൽ തടം ഉണ്ടാക്കൽ ഇങ്ങനെ കുറെയൊക്കെ ജോലികൾ ചെയ്ത് ശീലിച്ചിട്ടുണ്ട്.

അതിലൊരണ്ണം ചെടികൾ വച്ചിട്ട് അതിനു ചുറ്റും ഇഷ്ടിക കൊണ്ട് മതിൽ കെട്ടുക എന്നതാണ്. അങ്ങനെ ഒരു ആറേഴ് മതിൽ, ഞങ്ങൾ പല ക്ലാസ്സുകാരു ചേർന്ന് ഒരു ക്ലാസ്സുകാർ രണ്ടെണ്ണം വച്ചു കെട്ടി. കെട്ടിക്കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോ അവിടെ ഒരു വിദ്യാർത്ഥിക്ക് സ്പോർട്സിൽ സംസ്ഥാനതലത്തിൽ സെലക്ഷൻ കിട്ടി. ഇത്തിരി തടിയൊക്കെ ഉള്ള ആളാണ്. അയാൾക്ക് പരിശീലനം ഒരു പ്രധാന വിഷയമായി. സംസ്ഥാന കായിക മത്സരത്തിൽ സമ്മാനം കിട്ടുക എന്നു പറഞ്ഞാൽ വലിയ കാര്യമാണ്. പുള്ളി ഷോർട്പുട്ട് ഏറു തുടങ്ങി. പുള്ളിയുടെ ഏറ് പിഴയ്ക്കില്ല. അങ്ങനെ പുള്ളിയുടെ ഒരു ഏറിന് ഒരെണ്ണം വച്ച് നമ്മുടെ മതില് പൊയ്ക്കൊണ്ടിരുന്നു. പുള്ളി ഒരാഴ്ച പ്രാക്ടീസ് കഴിഞ്ഞപ്പോ നമ്മുടെ ആ ഭാഗത്തെ മതിലുകൾ എല്ലാം പോയി. പുള്ളിക്ക് സംസ്ഥാന കായിക മത്സരത്തിൽ സമ്മാനവും കിട്ടി. അദ്ദേഹം പട്ടാളത്തിൽ ചേരുകയും അതുവഴി പോകുകയും ചെയ്തു. ഇതുപോലെയുള്ള എക്സീപിരിയൻസ് നിങ്ങൾക്കെല്ലാം കാണുമായിരിക്കും.

ഈ കാട് വച്ച് കഴിഞ്ഞ് പിന്നെന്തു സംഭവിച്ചു എന്ന് പലരും ചോദിക്കാനുള്ള കാരണം അതായിരിക്കും. ഇത് അവിടെത്തന്നെ ഉണ്ടോ വളർന്നോ, അതോ ഇത് വെറുതെ പറയുന്നതാണോ എന്നൊക്കെ. ഇപ്പോൾ നമ്മുടെ പാറപ്പുറത്തു വച്ച കാടിന്റെ പുറകിലാണ് ഞാൻ ഇരിക്കുന്നത്. ഈ ഫ്രെയിമിൽ എന്തുമാത്രം കാണാനാകും എന്നറിയില്ല, എന്തായാലും എഴുന്നേറ്റ് അതിനടുത്തേയ്ക്ക് നടക്കാം. അതിനു മുൻപ് അതിന്റെ ഒരു പശ്ചാത്തലം പറയാം, ഇത് വച്ചത് നവംബർ 19ാം തീയതി ഫോർമലായി ഞങ്ങൾ ഒരു ചെടി വച്ചു, ബാക്കി ചെടികളെല്ലാം വച്ചത് ഡിസംബർ 10നോ മറ്റോ ആണ്. ഇന്ന് ജൂൺ 22 ആയി. ഇപ്പോ ഏഴുമാസമായിട്ടുണ്ട്. പാറപ്പുറത്ത് ചെറിയ ദ്വാരങ്ങൾ തമർ വച്ച് കുഴിച്ച്, ദ്വാരങ്ങളിൽ കമ്പ് നാട്ടി നിർത്തി മുകളിൽ മണ്ണ് നിറച്ചിട്ട് ദ്വാരങ്ങളുടെ മുകളിലായിട്ട് ചെടികളും വച്ചു. ഈ കുഴിയ്ക്കത്ത് എല്ലാം വെള്ളം നിറയും മഴ പെയ്യുമ്പോൾ. ചെടികൾ വളരുമ്പോൾ സ്വാഭാവികമായിട്ടും വേരുകൾ വെള്ളം തേടിപ്പോകും. അപ്പോൾ ആ വേര് കുഴിയിൽ ചെന്നിറങ്ങും ഇതിൽ നിൽക്കും വളരും എന്നുള്ളതായിരുന്നു നമ്മുടെ സങ്കൽപം.

ഇത് പ്രൊഫസർ മിയാവാക്കി കനേഗാവാ എന്ന ജാപ്പനീസ് പ്രവിശ്യയിൽ ചെയ്തിട്ടുള്ള പരീക്ഷണമാണ്. അദ്ദേഹം 12 ഏക്കറിലാണ് ചെയ്തത്. നമ്മൾ ഇവിടെ 120 സ്ക്വയർഫീറ്റിലാണ് ചെയ്തിരിക്കുന്നത്. പൈസ ഒരുപാട് വേണ്ടതായതു കൊണ്ട് ഇതൊരു പ്രോട്ടോടൈപ്പാണ്. ഇതിന് എന്തു സംഭവിച്ചു എന്ന് അടുക്കൽ പോയി ഒന്നു നോക്കാം. എന്തിനാണ് ഇത് പറയുന്നത് എന്ന് വച്ചാൽ നമ്മുടെ നാട്ടിലെ ക്വാറികൾ ഉപയോഗം കഴിഞ്ഞിട്ട് വേസ്റ്റ് ഇടാനുള്ള ഒരു സ്ഥമാക്കി മാറ്റാറുണ്ട്. നാട്ടുകാരെല്ലാം അവിടെ വേസ്റ്റ് കൊണ്ടുപോയി ഇടുകയും അവിടെയെല്ലാം വേസ്റ്റ് കൊണ്ട് നിറയുകയും ചെയ്യുന്നു. ചിലത് പാറക്കുളമായി കിടക്കുന്നു. പാറക്കുളമാണെങ്കിൽ മീൻ വളർത്താനായി ഉപയോഗിക്കാം. ആർക്കെങ്കിലും വേണമെങ്കിൽ ഇങ്ങനെയുള്ള സ്ഥലത്ത് കാട് വച്ച് പിടിപ്പിക്കാം. ഒരു ഏരിയ മുഴുവൻ കവർ ചെയ്യാൻ പറ്റും അതിനുള്ള ഉദാഹരണമാണ്.

എന്ത് സംഭവിച്ചു എന്ന് അടുക്കൽ പോയി നോക്കാം. ഇതിന്റെ ഒരു മൊത്തം ചിത്രം ഇപ്പോൾ കിട്ടുന്നുണ്ടല്ലോ. ഞാൻ നിൽക്കുന്ന സ്ഥലത്ത് നിന്ന്, ഞാൻ ഇതിന്റെ ചുവട്ടിലാണ് നിൽക്കുന്നത്. രണ്ടര അടിയാണ് ഇതിന്റ പൊക്കം. ഇതിൽ രണ്ട് അടി വരെ മണ്ണ് ഉണ്ട്. ഈ ചെടികളെല്ലാം രണ്ട് അടിയ്ക്ക് മുകളിലാണ് വളർന്നിരിക്കുന്നത്. ഇതിന്റെ ചുവട്ടിൽ ഉണങ്ങിയ ഇലകൾ ഇട്ട് നിറച്ചിരിക്കുകയാണ്. ചെടികൾക്കെല്ലാം 6 മാസം കൊണ്ട് ശരാശരി ഏഴടിയിൽ കൂടുതൽ പൊക്കം വന്നിട്ടുണ്ട്. എന്നെക്കാൾ പൊക്കം പല ചെടികൾക്കും ഉണ്ട്. ചിലതിന് ഇല്ല. ഇത് ഉങ്ങ്, ഇത് ആറ്റുവഞ്ചി എന്നു പറയുന്ന സാധനം ആണ്. ഇതിന് പൊക്കം ഇല്ല, ഇത് സൈഡിലേയ്ക്ക് വളരുന്നു. ഇത് അരളി, ബേർഡ് ചെറി - അവൻ വിദേശിയായ ചെടിയാണ്. വെള്ളചെത്തി നിൽപ്പുണ്ട്. ഇത് ഞെക്ക്. ലിയാ ഇൻഡിക്ക എന്നു പറയുന്ന ചെടിയാണ്. ഇതിന്റെ പ്രത്യേകത പൂവ് വിരിഞ്ഞു കഴിയുമ്പോ ചിത്രശലഭങ്ങൾ ഏറ്റവും കൂടുതൽ വരുന്ന ചെടിയാണ്. കറുത്ത വണ്ടും നീല ഈച്ചയും, ചിത്രശലഭങ്ങളുമൊക്കെ ഇതിലെപ്പോഴും വരാറുണ്ട്. പെട്ടെന്ന് പടരുകയും ചെയ്യും, കാട്ടുചെടിപോലെ. ഇത് മുള്ളുള്ള ചെടിയാണ്, ഒലീവ് എന്നു പറഞ്ഞാണ് തന്നത്, ആണെന്ന് തോന്നുന്നു. ഇത് ഇലഞ്ഞി ആണ്.

ഇതിലൊരു കാര്യം എല്ലാ ചെടികളും ഒരു പോലെ വളരില്ല എന്നുള്ളതാണ്, ഇലഞ്ഞിയൊക്കെ വളരുന്നതേ ഉള്ളൂ, മറ്റേതു പോലെയൊക്കെ വളരുന്നില്ല, കേറി വരുന്നതേയുള്ളു. ഇതൊരു അധിനിവേശ സസ്യമാണ്. മൊസാണ്ട എന്ന സസ്യമാണ്. ഇതിന്റെ ഒരു കമ്പ് എങ്ങനെയോ വന്നു, കളയേണ്ടതായിരുന്നു, പക്ഷെ ഇതിന്റെ വളർച്ച ബാക്കിയുള്ളതിനെ എങ്ങനെ ബാധിക്കുമെന്നാണ് നോക്കുന്നത്. പാറപ്പുറത്ത് എങ്ങെനെ നിൽക്കും എന്നാണ് നോക്കുന്നത്. അപ്പുറം ഒരു മൾബറി ആണ് പൊങ്ങി പോകുന്നത്. ഇത് അശോകമാണ്. അശോകത്തിന് സാധാരണ വളർച്ച മൂന്ന് അടി വളർച്ച കിട്ടി കാണും. ആല് അരയാൽ ആണ്. ഇത് 8-9 അടിയിൽ കൂടുതൽ വളർന്നിട്ടുണ്ട്. ഞാനതിന്റെ ചുവട്ടിൽ നിന്നാൽ എന്നെക്കാൾ പൊക്കത്തിലാണ് അത്. ഇത് മൈലാഞ്ചിയാണ്, ഹെന്ന. ഇത് പുത്രൻജീവ ആണെന്നാണ് തോന്നുന്നത്. ഇത് പുന്ന, അത് വേഗത്തിൽ വളരുന്നില്ല, പാറപ്പുറത്ത് ആയതിനാലാണെന്നു തോന്നുന്നു. പുന്ന വെള്ളം വേണ്ടതായ ഒരു ചെടിയാണ്. ഇത് കണ്ട് നല്ല പരിചയം ഉണ്ട്, പക്ഷെ പേര് അറിയില്ല. ഇത് അരയാലാണ്, ഇത് അത്രയും വളർന്നിട്ടില്ല. ഇത് മന്ദാരം ആണ്, ഇത് പൂക്കുകയും കായ്ക്കുകയും ചെയ്തു. ഇപ്പുറത്ത് ഒരു കശുമാവ് വച്ചിട്ടുണ്ട്, പറങ്കിമാവ് ഇത് സാധാരണ പാറപ്പുറത്ത് നിൽക്കുന്ന ഒന്നായതിനാലാണ് വച്ചത്. ഇത് പേരാലാണ്, പേരാലും നന്നായി വളർന്നിട്ടുണ്ട്. ഇത് ഇത്തി ആണ്, ഇതിനും 10 അടി വളർച്ചയുണ്ട്, നേരെ പിടിച്ചു നിർത്തിയാൽ അറിയാം, ഇപ്പോ വളഞ്ഞു നിൽക്കുകയാണ് 2-3 അടി. കണിക്കൊന്നയുടെ തല വെട്ടികളഞ്ഞു, പൊക്കം കൂടിയിട്ട്.

ഇത് പുളിയാണ്. ഇതിൽ ഒരു ഫാഷൻ ഫ്രൂട്ട് കയറി വന്നിട്ടുണ്ട്. ഇവൻ എല്ലാരേയും കൂടി ചുറ്റി ഇല്ലാതാക്കി കളയും. ഫാഷൻ ഫ്രൂട്ട് ഇവിടെ വയ്ക്കാനുള്ള സമയം ആയിട്ടില്ല. ഇത് അശോകമാണ്. ഇത് കുറച്ചു കൂടി വളർന്നിട്ടുണ്ട്, വെയിലുള്ളതു കൊണ്ടാവാം. ഈ സൈഡിൽ വരുമ്പോ ഈ രണ്ടു ചെടികൾക്കും താരതമ്യേന വളർച്ച കുറവാണ് താരതമ്യേന. ഇത് തൊണ്ടിപ്പഴം എന്ന തൊണ്ടി ആണ്. ഇത് കാരയാണ്. കാരപ്പഴം. ഇതു രണ്ടു ഇത്തിരി പതിയെ ആണ് വളരുന്നത്. ഇതിനിടയിൽ ഒരു നാടൻ പ്ലാവ് നിൽപ്പുണ്ട്. അത് കേറി വളരുന്നുണ്ട്. മഞ്ചാടി അത് വെട്ടിക്കളഞ്ഞിട് വീണ്ടും ചില്ല വന്നു വളർന്നു കൊണ്ടിരിക്കുന്നു. ഇത് എരുക്കാണ്, ഇത് വളരുന്നുണ്ട്. ഇപ്പുറം വരുമ്പോ മുരിങ്ങ, അത് നന്നായി വളരുന്നുണ്ട്. വെട്ടിക്കളഞ്ഞിട്ടും വേഗത്തിൽ വളരുന്നു. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന വൃക്ഷം മുരിങ്ങ ആണെന്നാണ് എനിക്കു തോന്നുന്നത്. ഇപ്പോതന്നെ 25 അടി ആയിട്ടുണ്ട്. ഇത് അത്തിയാണ്, രണ്ട് അത്തി ഇവിടെ അടുത്ത് വന്നിരിക്കുന്നു. രണ്ടും മത്സരിച്ച് വളരുന്നു. അതിനിടയ്ക്ക് വെള്ളച്ചെത്തി ഉണ്ട്. എലിഫെന്റ് ആപ്പിൾ ഉണ്ട്, ആടലോടകം ഉണ്ട്. ആടലോടകം മൂപ്പായി. ഇപ്പുറത്ത് വരുമ്പോ പരുത്തി ഉണ്ട്. പരുത്തി കായ്ച്ചു എന്നു മാത്രമല്ല, നിലത്തു മുഴുവൻ പഞ്ഞി വീണു കിടക്കുകയാണ്. പരുത്തി പൂർണ്ണ വളർച്ച എത്തിക്കഴിഞ്ഞു. ഇത്രയും ചെറിയ കാലയളവിൽ തന്നെ. ഇത് കുടംപുളി അത് അത്ര നന്നായി വളരുന്നില്ല. മന്ദാരം 6 മാസം കൊണ്ട് നന്നായി വളർന്നു, കായ് വന്നു.

ഈ മുള നട്ടതല്ല താങ്ങു കൊടുത്തതാണ് അതിൽ ഇല വന്നിരിക്കുന്നു. ഇത് എടുത്തു കളയണം. ഇത് മഞ്ഞണാത്തി ആണ് നന്നായി വളർന്നു. ഇത് കണിക്കൊന്ന് അതും വളരെ പെട്ടെന്ന് വളർന്നു. 10 അടി ആയി അത്. ചില ചെടികൾ കണിക്കൊന്ന, പരുത്തി, മുരിങ്ങ, മഞ്ചാടി, മൾബറി, അപ്പക്കുടുക്ക, അത് ഒരാൾ പൊക്കമായി. അപ്പക്കുടുക്കയ്ക്ക് വേറെ ഒരു പേരുണ്ട്, ശീമപ്പഞ്ഞി എന്ന്. ഇത് വടി വച്ച് നിവർത്തിയിരുന്നേൽ കൂടുതൽ വളർന്നേനെ, എന്നാലും എന്നെക്കാൾ പൊക്കം ഉണ്ട്. ഇതിനകത്ത് നമ്മൾ വേറെ ഒന്നും ചെയ്തിട്ടില്ല. നട്ട് കഴിഞ്ഞ് കരിയില നിറച്ചിരിക്കുകയാണ്. ഇതിനകത്ത് ഒരു കാഞ്ഞിരം ഉണ്ട്. കാഞ്ഞിരം പൊതുവേ സ്ലോ ആയി വളരുന്ന ചെടിയാണ്. അത് ഇവിടെ നിൽപ്പുണ്ട് എന്നുതന്നെ പറയാൻ പ്രയാസമാണ്. അതിനെ കാണാൻ പറ്റുമോ എന്നുതന്നെ അറിയില്ല, പയ്യെ വളരുന്ന ചെടിയാണ്. പയ്യെ വളരുന്ന ചെടി നടുക്കായിരുന്നേൽ കുറച്ചു കൂടി ബുദ്ധിമുട്ട് ആയിരുന്നേനെ. അതിന് പൊങ്ങിവരാൻ പാടായിരിക്കും. അതേസമയം ഒരു പുളി അത് ഇതിനിടയിലൂടെ മേലോട്ട് കേറി വരുന്നുണ്ട്. ഈ മരം താന്നിയാണ്. താന്നിയും നന്നായി പൊങ്ങുന്നുണ്ട്. ചെടികൾ തമ്മിലുള്ള മത്സരം ഫലത്തിൽ നടക്കുന്നുണ്ട്. നമ്മൾ കണ്ട ഒരു കാര്യം ഇത്രയും ചെടികൾ ഒരുമിച്ച് വച്ചു. ആറുമാസം ആയതേയുള്ളു. സാധാരണയിൽ കൂടുതൽ വളർച്ച പല ചെടികൾക്കും കിട്ടി. വളരെ വലിയ വളർച്ച അരയാലിനും അത്തിക്കും, മുരിങ്ങയ്ക്കും, കണിക്കൊന്നയ്ക്കും, താന്നിയ്ക്കും എല്ലാം. എനിക്കു അറിയാൻ വയ്യ എന്നു പറഞ്ഞ ചെടി ചെമ്പകമോ, കടമ്പോ ആണ് ഉറപ്പില്ല, നേരത്തെ ഒരു ചെടി കാണിച്ചിട്ട് ഇതിനെ നല്ല പരിചയം ഉണ്ട് എന്നു പറഞ്ഞ, പിടികിട്ടിയില്ല എന്നു പറഞ്ഞ ചെടി. മിക്കവാറും ഉള്ള മരങ്ങൾ നന്നായി വളർന്നു, ഇടയ്ക്ക് ചിലവയ്ക്ക് കൂടുതൽ കാലം വേണം വളരാൻ, കുടംപുളി അങ്ങനെ ഒരു ചെടിയാണ്, കാഞ്ഞിരം അങ്ങനെ സമയം വേണ്ട ചെടിയാണ്, തൊണ്ടിയും കാരയും സമയം വേണ്ട ചെടികളാണ്. പാറപ്പുറത്തെ പരീക്ഷണം, ആറുമാസം കൊണ്ട് ഇത്രയും ആയി. അപ്പോൾ സാധാരണ സ്ഥലത്ത് വച്ചാൽ എത്രത്തോളം വളരും എന്ന് ഓർക്കുക.

മിയാവാക്കി തീർച്ചയായിട്ടും എല്ലാവരും സ്വന്തം പറമ്പിൽ ചെയ്യാൻ നോക്കുക. ഇതിന് ഒരു പ്രത്യേകത കൂടി ഉണ്ട്, ഇതിന് ആകപ്പാടെ 120 അടി സ്ഥലമാണ് ഉള്ളത്. നാലിൽ ഒന്ന് സെന്റേ വരുന്നുള്ളു. കാൽ സെന്റിൽ ശകലം കൂടുതൽ. അവിടെപ്പോലും ഒരു കാട് ഉണ്ടാക്കാം. ഇതിനകത്തു പാമ്പ് വരുമോ എന്നുള്ള പേടി വേണ്ട, ചുറ്റും നെറ്റ് അടിച്ചിരിക്കുകയാണ്. 120 അടി സ്ഥലത്ത് ഏത് പാമ്പ് വരാനാണ്, പാമ്പ് കയറിയാൽ അതിന്റെ വാല് വെളിയിൽ കിടക്കും. അല്ലെങ്കിൽ തല അപ്പുറത്ത് കിടക്കും. അതുകൊണ്ട് ധൈര്യമായി ചെറിയകാട് വീടിനു ചുറ്റും വയ്ക്കാൻ നോക്കുക. ഇത് ഒരു ക്ലാസ്സിക്ക് ഉദാഹരണമാണ് പരീക്ഷിച്ചു നോക്കുക.