ഇത് അമ്പതാമത്തെ എപ്പിസോഡാണ്. ഇത് തുടങ്ങുന്ന സമയത്ത് അമ്പത് എത്തുമെന്ന് വിചാരിച്ചില്ല. അഞ്ചുപത്തെണ്ണം പറഞ്ഞ് നിർത്താമെന്നാണ് കരുതിയിരുന്നത്. പക്ഷെ ആളുകളിൽ നിന്നു കിട്ടിയ സപ്പോർട്ടാണ് ഇത് മുമ്പോട്ടു പോകുവാനുള്ള ഒരു കാര്യം. ഇന്നിവിടെ പറയുന്നത് പാറപ്പുറത്ത് എങ്ങനെ കാടു വയ്ക്കാം എന്നുള്ളതാണ്. നല്ല ഒന്നാന്തരം പാറ. ഒരു പുല്ലു പോലും കിളിർക്കാത്ത പാറ എന്നു നമ്മൾ പറയുമല്ലോ അങ്ങനെയുള്ള പാറയുടെ പുറത്ത് എങ്ങനെ ഒരു കാട് വയ്ക്കാൻ പറ്റുമെന്നുള്ളതാണ് ഇന്ന് കാണിക്കുന്നത്.
അതിനു മുമ്പ് ഒന്നുരണ്ടു കാര്യങ്ങൾ, നമ്മുടെ കഴിഞ്ഞ വീഡിയോ മിയാവാക്കി മാതൃകയ്ക്കെതിരെയുള്ള ആരോപണങ്ങൾക്കുള്ള മറുപടി ആയിരുന്നു. വളരെ വലിയ റെസ്പോൺസ് അതിന് കിട്ടി. ഒരുപാട് പേര് എനിക്ക് വാട്ട്സാപ്പിലേയ്ക്കു മെസേജായും കമന്റായുമൊക്കെ സപ്പോർട്ട് ചെയ്തു. സപ്പോർട്ടു ചെയ്തു എന്നതിനേക്കാൾ അത് ജനങ്ങളിലേയ്ക്ക് എത്തി എന്നുള്ളതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിങ്ങളുടെയെല്ലാം സഹകരണം കൊണ്ടാണത് സാധിച്ചത്. ഇത് ആളുകളിലേയ്ക്ക് എത്തേണ്ടത് ഒരു അത്യാവശ്യമാണ്. ഒരു ആരോപണം കേട്ടുകഴിഞ്ഞാൽ ചെയ്യാൻ നിൽക്കുന്നവർ പോലും ഇനി ഞങ്ങളിത് ചെയ്യണോ വേണ്ടയോ എന്ന സംശയത്തിലേക്കു പോകും. ഫലത്തിൽ അത് കേരളത്തിലെ മിയാവാക്കി മൂവ്മെന്റ് തന്നെ തടസ്സപ്പെടുത്തുകയും ചെയ്യും. അതു കൊണ്ടാണ് അങ്ങനെ ഒരു വീഡിയോയിലൂടെ വിശദീകരണം ചെയ്തത്. വിശദീകരണം ജനങ്ങളിലേയ്ക്ക് എത്തിയതിൽ സന്തോഷം. എല്ലാവർക്കും അതിനായി നന്ദി പറയുന്നു.
പുതിയ വീഡിയോയെക്കുറിച്ച് പറയാം. ഇന്നലെ ഞാൻ യാദൃശ്ചികമായിട്ട് തിരുവനന്തപുരത്തെ ടൈറ്റാനിയം ഇൻഡസ്ട്രീസ് ഫാക്ടറിയിൽ പോയിരുന്നു. അവിടെ ഒരു വനവത്കരണ പരിപാടി ചർച്ച ചെയ്യാനായി പോയതാണ്. പണ്ട് ടൈറ്റാനിയത്തിൽ ചെന്നു കഴിഞ്ഞാൽ ഫാക്ടറിയ്ക്കു ചുറ്റും വെയ്സ്റ്റ് കൂടിക്കിടക്കുന്ന ഒരു കാഴ്ചയാണ് ഒരിക്കൽ കണ്ടിട്ടുള്ളത്. ഇപ്പോഴത് മാറി വളരെ ക്ലീൻ ആയി കിടക്കുന്നു. ഏകദേശം 80 ഏക്കർ സ്ഥലം തിരുവനന്തപുരം നഗരത്തിലുള്ള ഒരു കമ്പനിയാണത്. ഇപ്പോഴത് സിറ്റിയ്ക്കകത്ത് തന്നെയാണെന്നു പറയാം. നേരത്തെ കഴക്കൂട്ടമോ, ഉള്ളൂരോ പഞ്ചായത്ത് ആയിരുന്നു. ഏതായാലും ഇത്രയും സ്ഥലം ഉപയോഗശൂന്യമായി തരിശ്ശായിട്ട് കിടന്നിരുന്ന സ്ഥലമാണ്. അതിന് ഒരു പ്രധാന കാര്യം കടപ്പുറത്ത് ഉള്ള മണ്ണാണ്. അവിടെ ഒന്നും കിളിർക്കില്ല എന്ന സങ്കൽപ്പത്തിൽ കിടക്കുകയായിരുന്നു.
എന്നാലിപ്പോഴത്തെ ചെയർമാനും മാനേജിംഗ് ഡയറക്ടറും മുൻകൈ എടുത്ത് പ്രധാനമായും ചെയർമാൻ അതിന് അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അഡ്വ. റഷീദ് എന്നയാളാണ്. അവിടെ മുഴുവൻ വൃത്തിയാക്കി. ടൺ കണക്കിന് പച്ചക്കറി അവിടെ ആ കടൽമണ്ണിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്നുണ്ട്. അവർ ചെയ്യുന്നത് ഒരു കൃഷി വകുപ്പ് ഓഫീസറെ നിശ്ചയിച്ചിരിക്കുകയാണ്. നമ്മുടെ നാട്ടിൽ ഈ സർക്കാർ ഉദ്യോഗസ്ഥർ ചെയ്യുന്നതൊന്നും ശരിയാകില്ല എന്ന് പറയും. പക്ഷെ എത്ര മനോഹരമായിട്ടാണ് അവരവിടെ കൃഷി ചെയ്യുന്നതെന്ന് അവിടെ പോയികണ്ടാലേ മനസ്സിലാകൂ. ആ 85 ഏക്കറിൽ അവർക്ക് തെളിച്ചെടുക്കാവുന്ന പത്ത് പതിനഞ്ച് ഏക്കറെങ്കിലും കൃഷിയ്ക്കായി മാറ്റിക്കഴിഞ്ഞു. വാഴ, നെല്ല് - കടപ്പുറത്തെ മണ്ണിൽ നെല്ല് വളരുന്നത് കാണേണ്ട ഒരു കാഴ്ചയാണ്. അവിടെ നെൽകൃഷി ചെയ്തിരിക്കുകയാണ്.
പിന്നെ വേറൊരുഭാഗത്ത് മീൻ വളർത്തുന്നുണ്ട്. ഫിഷറീസ് സൊസൈറ്റിയുടെ സഹായത്തോടെയാണ്. തരിശായി കിടന്ന ഇത്രയും ഭൂമി ഒന്നോ രണ്ടോ വർഷത്തിനിടയ്ക്കാണ് മാറ്റിയെടുത്തതെന്നു തോന്നുന്നു. അവിടത്തെ ക്യാന്റീനിലേക്കുള്ള ഭക്ഷണത്തിന്റെ സാധനങ്ങളും പുറത്തേയ്ക്കു വിൽക്കാനുള്ളതുമായി മൂഴുവൻ പച്ചക്കറികളും അവിടെ ഉണ്ടാക്കുകയാണ്. അത് വലിയൊരു കാഴ്ച തന്നെയാണ്. കേരളത്തിൽ ഇതുപോലെ എത്രസ്ഥലം നമ്മൾ തരിശാക്കി കളയുന്നു. കടൽമണ്ണല്ല, ഫലഭൂയിഷ്ഠമായ ഭൂമി. എത്രയോ ഏക്കർ കണക്കിന് ഭൂമി, ഒന്നാന്തരം വയലൊക്കെ നമ്മൾ വെറുതെ ഇട്ടുകളയുന്നു. ഇതൊക്കെ എത്ര ഭംഗിയായി ചെയ്യാമെന്ന് അവിടെ ചെന്ന് കണ്ടു കഴിഞ്ഞാൽ മനസ്സിലാവും.
അതുപോലെ ഒരു വിഷയമാണ് ഞാൻ ഇവിടെ അവതരിപ്പിക്കുന്നത്. പാറ, ഉപയോഗം കഴിഞ്ഞുപേക്ഷിക്കുന്ന ക്വാറികളുണ്ട്, അവയൊക്കെ തിരിച്ച് കാടായി മാറ്റാൻ പറ്റും. അതിന് കുറച്ച് പണം മുടക്കണമെന്നേ ഉള്ളു. ക്വാറിയിൽനിന്നും കിട്ടുന്ന പൈസ വച്ചു നോക്കുമ്പോൾ അതിലൊരു കാട് വച്ചുപിടിപ്പിക്കുക എന്നത് നിസ്സാരമാണ്. ഇവർ ഈ ചെയ്തതിന്റെ കുറെ പ്രശ്നങ്ങളെങ്കിലും പരിഹരിക്കാൻ ഒന്നുമില്ലെങ്കിൽ ഭാവിയിലേക്കെങ്കിലും ഒരു മുതൽക്കൂട്ടായി പാറപ്പുറത്ത് കാടു വയ്ക്കുന്നതിനെ കാണാവുന്നതാണ്.
ഞാനിതു കണ്ടത് ജപ്പാനിൽ കനഗാവ എന്ന സ്ഥലത്താണ്. അവിടെ പന്ത്രണ്ടേക്കറോളം ഉള്ള ഒരു പാറപ്പുറത്ത് കാടു വച്ചിട്ടുണ്ട്. പുറത്തുനിന്നു നോക്കുമ്പോൾ വലിയൊരു കാടാണ്. അകത്തേയ്ക്ക് കയറിക്കഴിയുമ്പോഴാണ് ഇതിനിടയ്ക്ക് മണ്ണും ഗ്രില്ലുമെല്ലാം ഫില്ല് ചെയ്തിരിക്കുന്നതും പാറയിൽ വേര് ഇറങ്ങുന്നതും കാണുന്നത്. ആ മോഡൽ ഇവിടെയൊന്നു പരീക്ഷിച്ചുനോക്കണമെന്ന് തോന്നി. എനിക്കിവിടെ അത്ര വലിയ പാറക്കൂട്ടങ്ങളൊന്നുമില്ല. ഉള്ള പാറയൊക്കെ മണ്ണിനടിയിലാണ്. അപ്പോ ഒരു ചെറിയ പാറ, ഇത് മുകളിലുള്ള പാറയാണ്. ഈ പാറപ്പുറത്ത് ഞങ്ങൾ എങ്ങനെയാണ് വച്ചത് എന്നു വിശദീകരിക്കാം.
ഇതൊരു ഡെമോൺസ്റ്റ്രേഷന് പീസാണ്. അല്ലാതെ ഇത് കാടാക്കാൻ വേണ്ടി ചെയ്ത വലിയൊരു കാടല്ല. ആളുകളെ കാണിക്കാൻ വേണ്ടി പാറപ്പുറത്ത് എങ്ങനെ കാട് വയ്ക്കാം എന്നതിനു വേണ്ടി ചെയ്തതായതു കൊണ്ട് ഇതിന്റെ നാലുവശത്തും പാറ തെളിഞ്ഞു കാണുന്നപോലെ നടുക്കു മാത്രമേ വച്ചിട്ടുള്ളൂ. 6 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള ഒരു ഭാഗമാണിത്. അതായത് 12 സ്ക്വയർ മീറ്റർ. ഏകദേശം 125 സ്ക്വയർഫീറ്റോ മറ്റോ വരും. ഏകദേശം 50 ചെടികളാണ് ഇതിൽ വച്ചിരിക്കുന്നത്. ശരിക്കും പാറപ്പുറത്ത് വളരുന്ന ആലു പോലുള്ള ചെടികളാണ് കൂടുതൽ വച്ചിരിക്കുന്നത്. എന്നാലും മറ്റു ഒന്നുരണ്ടു ചെടികൾ അതെങ്ങനെ വളരും എന്നറിയാൻ അതും വച്ചിട്ടുണ്ട്.
മാർക്ക് ചെയ്ത സ്ഥലം 6x2 അത്രയും സ്ഥലം ഒരോ മീറ്റർ ചതുരങ്ങളായി തിരിച്ചു. ശേഷം ആ കോളം മാർക്ക് ചെയ്തതിന്റെ നേരെ പാറ തുരന്ന് ചെറിയ ദ്വാരങ്ങളുണ്ടാക്കി. ഇതിന് താഴെ പാറ പൊട്ടിച്ചു നിർത്തിയിരിക്കുന്ന സ്ഥലമുണ്ട്. പാറയ്ക്ക് ഇടയിലൂടെ വേരുകൾ എങ്ങനെ താഴോട്ടു വരുന്നുവെന്ന് അവിടന്ന് കാണാം. വേരിനിത്തിരി സ്ഥലം കിട്ടിയാൽ പിന്നെയത് താഴോട്ടു പോയ്ക്കോളും. ഇവിടെ നമ്മൾ പാറപ്പുറത്ത് ചെറുതായി ഡ്രില്ല് ചെയ്യുന്നുണ്ട്. ഡ്രില്ല് ചെയ്യുന്നതിന്റെ മുകളിൽ ഗ്രിൽ വച്ച് ഉറപ്പിക്കുകയാണ്. ഗ്രില്ലിന് ഒരു മീറ്റർ പൊക്കം വരുന്നുണ്ട്. ആ ഒരു മീറ്ററിൽ ചാണകവും വളവും മണ്ണും എല്ലാം മിക്സ് ചെയ്ത് നിറയ്ക്കുകയാണ്. അതിനകത്താണ് ചെടിവയ്ക്കുന്നത്.
ശരിക്കും ഗ്രില്ല് പിടിപ്പിക്കുന്നതിനോടൊപ്പം തന്നെ പാറപ്പുറത്ത് ചെടിവയ്ക്കാൻ ദ്വാരങ്ങൾ ഉണ്ടാക്കി. ആ ദ്വാരങ്ങളുടെ അകത്തെല്ലാം കമ്പ് നിർത്തിയിട്ടാണ് ഈ മണ്ണ് നിറച്ചത്. ഈ ചെടി ഇതിനു പുറത്താണ് വച്ചിരിക്കുന്നത്. മണ്ണിനടിയിൽ പാറയ്ക്കകത്ത് വെള്ളമുള്ളതു കൊണ്ട് വേരുകൾ ഇത് തപ്പിപ്പോകുകയും അവിടെ ചെന്ന് ഇതിനകത്തേയ്ക്ക് ഇറങ്ങുകയും ഭാവിയിൽ വളരുകയും ചെയ്യും എന്നാണ് ഞങ്ങളുടെ ഒരു വിശ്വാസം. എന്തായാലും ഇത് വച്ചിട്ട് ഒരുമാസം ആയില്ല. മൂന്നാഴ്ചയോ മറ്റോ ആയുള്ളു. അത് വേര് പിടിച്ചിട്ടില്ല. അടുത്ത വർഷം ഈ സമയം ആകുമ്പോൾ എന്താണ് സ്ഥിതി എന്നുനോക്കാം. ഇതേ വളർച്ച കിട്ടുമോ, അതോ വളർച്ച കുറവായിരിക്കുമോ വേനൽ വരുമ്പോൾ ഉണങ്ങിപ്പോകുമോ പാറപ്പുറത്തെ വെള്ളം എന്നു പറയുന്നതല്ലാതെ ഇത് നടക്കുമോ എന്നുള്ള കാര്യം നോക്കാവുന്നതാണ്.
ഈ മാതൃക വിജയിച്ചാൽ പാറ തെളിഞ്ഞു കിടക്കുന്നിടത്തൊക്കെ തിരിച്ച് കാട് വച്ചുപിടിപ്പിക്കാൻ ഈ മാർഗം പരീക്ഷിക്കാവുന്നതാണ്. ഇതിന്റെ ചെലവിനേക്കുറിച്ചു പറയാം. തീർച്ചയായിട്ടും ചെലവ് കൂടുതലാണ്. ഒന്നിത് ഡ്രില്ല് ചെയ്യേണ്ടി വരുന്നുണ്ട്. ഈ കുറഞ്ഞ സ്ഥലം 120 സ്ക്വയർമീറ്റർ തന്നെ ഡ്രില്ല് ചെയ്യാനായി രണ്ടു ദിവസം വേണ്ടി വന്നു. അതുകൂടാതെ ഇതിനകത്ത് ഇരുമ്പ് ഗ്രില്ല് പിടിപ്പിക്കാനായി ചെലവ് വന്നു. ഗ്രില്ല് ഇരുമ്പല്ല, ഇരുമ്പിന്റെ ഷീറ്റുകളാണ്. ശരിക്കും ഇതിന്റെ ഫ്രയിം ഇരുമ്പു കമ്പികളാണ്. താഴോട്ടു ഷീറ്റുകളാണു പിടിപ്പിച്ചിരിക്കുന്നത്. ഇതിനകത്ത് ഒരു മീറ്റർ കനത്തിൽ ചാണകവും മണ്ണും വളവുമെല്ലാം ചേർക്കുന്നതിന്റെ ചെലവുമുണ്ട്.
സാധാരണ മിയാവാക്കി ചെയ്യുന്നതിന്റെ മൂന്നിരട്ടി ചെലവ് ഇവിടെ വന്നിട്ടുണ്ട്. അത്രയും ചെലവാക്കി ഇത് ചെയ്യണോ എന്നതാണ് അടുത്ത ചോദ്യം. ഇതിനെ നമ്മൾ ഒരു ചെലവായി കാണണോ എന്നുളളതാണ്. ഞാൻ നല്ല തടിയുള്ള ആളായിരുന്നു. 80 കിലോ തടി പ്രീഡിഗ്രി പഠിക്കുന്ന കാലത്തേ ഉണ്ടായിരുന്നു. ഒരിക്കൽ എനിക്കെന്തോ അസുഖം വന്നിട്ട് കുറച്ചുനാൾ ഹോമിയോ മരുന്നു കഴിച്ചിട്ടും മാറുന്നില്ല. ഡോക്ടറെ കണ്ടപ്പോൾ എന്താ ഭക്ഷണം വല്ലതും നിയന്ത്രിച്ചോ എന്നദ്ദേഹം ചോദിച്ചു, ഞാൻ പറഞ്ഞു ഉവ്വ്, ഇപ്പോ ഇത്തിരി ഡയറ്റ് കൺട്രോൾ ചെയ്ത് തടിയൊന്നു കുറയ്ക്കാൻ നോക്കുകയാണ്. എന്നാൽ അതുകൊണ്ടാണ് പ്രശ്നം, ചിലർക്ക് ആഹാരം കൂടുതൽ ആവശ്യമായി വരും. ഓരോ മനുഷ്യർക്ക് ഓരോ രീതിയാണ്. നിങ്ങൾ കൂടുതൽ കഴിക്കുന്നതാണ് നല്ലതെന്നു പറഞ്ഞു. ഞാൻ വീണ്ടും ഭക്ഷണത്തിലെ നിയന്ത്രണമൊക്കെ എടുത്തു കളഞ്ഞു അസുഖവും മാറി. ഇതെല്ലാവർക്കും ശരിയാകണമെന്നില്ല. അങ്ങനെ ഡോക്ടർ പറഞ്ഞ ഒരു സംഗതി ഉണ്ട്.
അതുപോലെ പാറപ്പുറത്ത് കാടു വയ്ക്കുമ്പോൾൾ - പാറപ്പുറം ശൂന്യമായ സ്ഥലമാണ് വെയിലടിച്ചാൽ ചുട്ടുപൊള്ളുന്ന സ്ഥലം. അവിടെ നിങ്ങളൊരു കാടു വയ്ക്കുമ്പോൾ സ്വാഭാവികമായിട്ടും അതിനുള്ള അന്തരീക്ഷം ഉണ്ടാക്കണം. ആ അന്തരീക്ഷമുണ്ടാക്കണമെങ്കിൽ അതിന് ചിലവ് കൂടും. സാധാരണ മണ്ണിൽ, വളമുള്ള മണ്ണിൽ കാടുണ്ടാക്കുന്നപോലെ പാറപ്പുറത്ത് പോയി ചെയ്യാനൊക്കുകയില്ല. പാറയെ കാടാക്കി മാറ്റാനായി ഇത്രയും ചെലവാക്കണോ എന്നാണ് നമ്മൾ ആലോചിക്കേണ്ടത്. അങ്ങനെ നോക്കുമ്പോൾ അത് ഒരോരുത്തരുടെയും വീക്ഷണകോൺ അനുസരിച്ചിരിക്കും. പാറയെ കാടാക്കി മാറ്റാൻ താത്പര്യമുള്ള ആളുകൾക്ക്, അതിനുവേണ്ടി പൈസ ചെലവാക്കുന്നത് ദുർചെലവ് അല്ലെന്നുളളവർക്ക് തീർച്ചയായും ചെയ്യാം. പാറ തെളിഞ്ഞുകൊണ്ടിരിക്കുന്ന സ്ഥലത്ത് സർക്കാരും സന്നദ്ധ സംഘടനകളും അത് ചെയ്യണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. നിങ്ങളുടെ അഭിപ്രായം അതാകണമെന്നില്ല. അഭിപ്രായമുള്ള ആളുകൾ ചെയ്യാൻ ശ്രമിക്കുക.