പാലി ചന്ദ്ര: ഞാനിവിടെ വന്നത് നൂറു വർഷം മുമ്പാണെന്നു തോന്നിപ്പോകുന്നു. അതുപോലെയുളള മാറ്റമാണ് ഈ സ്ഥലത്തിന് വന്നിരിക്കുന്നത്. ഞാനന്ന് വരുമ്പോൾ ഇതൊരു തരിശ് ഭൂമിയായിരുന്നു. അവിടെയുമിവിടെയും ഓരോ മരങ്ങളും ചെടികളും നിന്നിരുന്നു. എവിടെനോക്കിയാലും പാറയായിരുന്നു. എന്നാലിപ്പോൾ ആ ചിത്രം തന്നെ മാറിയിരിക്കുന്നു. എന്താണ് താങ്കൾ ചെയ്തത് ?
എം. ആർ. ഹരി : പാലി ഇവിടെ ആദ്യമായി വരുന്നത് 2009 ഡിസംബറിലാണ്. നിങ്ങളുടെ മക്കൾ ആര്യയും സൂര്യയും കൂടെ ഉണ്ടായിരുന്നു. അതെ, അന്നീ സ്ഥലം മിക്കവാറും തരിശായിരുന്നു. ഇരിക്കാൻ ഉണ്ടായിരുന്നത് പാറയായിരുന്നു. താഴെ നിങ്ങൾ പാമ്പിൻപടം കാണുകയും ചെയ്തു.
പാലി: ശരിയാണ്.
എം. ആർ. ഹരി: ഇതൊരു പാമ്പിന് പാർക്കാണോ എന്നു നിങ്ങളന്ന് ചോദിക്കുകയും ചെയ്തു. അക്കാലത്ത് ഇവിടെ വരുന്ന പലരും ചോദിക്കാറുളള ചോദ്യമാണത്. പക്ഷെ ഇപ്പോൾ അങ്ങനെ പാമ്പുകളെ കാണാറില്ല. ഞാനെപ്പോഴും കൈയിലൊരു വടിയുമായാണ് നടക്കാനിറങ്ങുക. വടി തറയിൽ കുത്തുമ്പോഴുണ്ടാകുന്ന വൈബ്രേഷൻ തിരിച്ചറിഞ്ഞ് പാമ്പുണ്ടെങ്കിൽ തന്നെ വഴിമാറിപ്പോകും. ശരിയാണ്. ഈ സ്ഥലം പച്ചപിടിപ്പിച്ചെടുക്കാൻ ഞാനൊരുപാട് മാർഗങ്ങൾ നോക്കി. പക്ഷെ അവയൊന്നും ലക്ഷ്യം കണ്ടില്ല. അന്നു നിങ്ങൾ വന്നത് ഇവിടത്തെ മരങ്ങളും മറ്റും കാണാനായിരുന്നല്ലോ. ഞാനും കരുതിയിരുന്നത് മുമ്പ് വെച്ച ചെടികളൊക്കെ വളർന്ന് ഇവിടമൊരു കാടാവും എന്നതായിരുന്നു.
പാലി ചന്ദ്ര: അതെ. അന്നു താങ്കൾ പറഞ്ഞത് അടുത്ത തവണ വരുമ്പോൾ വലിയ വ്യത്യാസം ഉണ്ടായിരിക്കുമെന്നാണ്. പക്ഷെ വലിയ മാറ്റമൊന്നും ഉണ്ടായില്ല. ക്ഷമിക്കണം.
എം. ആർ. ഹരി: ഈ സ്ഥലം വാങ്ങി മൂന്നു വർഷത്തിനു ശേഷമാണ് നിങ്ങളിവിടെ വരുന്നത്. തുടർന്നൊരു ഏഴു വർഷത്തേക്കു കൂടി ഈ സ്ഥലം തരിശായി കിടന്നു. എല്ലാ മഴക്കാലത്തും ഞങ്ങളിവിടെ ചെടികൾ നടും. അവ രണ്ട് മൂന്നടി ഉയരം വരെയൊക്കെ വളരും. അപ്പോൾ നമ്മൾ കരുതും അടുത്ത വർഷം ഈ സമയമാകുമ്പോഴേക്ക് ഇവിടം കാടായിരിക്കുമെന്ന്. പക്ഷെ, കേരളത്തിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ വേനൽ കടുക്കും. മഴ കുറവായിരിക്കും. ഒന്നിടവിട്ട വർഷങ്ങളിൽ വേനലിലെ ചൂട് അധികമായിരിക്കും. ഇതാണെങ്കിൽ ഉയർന്ന സ്ഥലവും. സ്വാഭാവികമായും ഭൂഗർഭ ജലനിരപ്പ് താഴുകയും മുകളിലെ ചെടികളെല്ലാം ഉണങ്ങുകയും ചെയ്യും.
പാലി: താങ്കൾ ഒരുപാട് തൈകൾ നട്ടു, പക്ഷെ അതിനൊന്നും മികച്ച ഫലം കിട്ടിയില്ല അല്ലെ ?
എം. ആർ. ഹരി: അതെ. പത്തുകൊല്ലം കൊണ്ട് ഏകദേശം അയ്യായിരം തൈകൾ വെച്ചതിൽ പത്തോ പതിനഞ്ചോ ആണ് പിടിച്ചുകിട്ടിയത്.
പാലി: എന്തൊരു പരിതാപകരമായ അനുപാതമാണത്!
എം. ആർ. ഹരി: അതല്ലാതെ ഇവിടെ കാണുന്ന ചില മരങ്ങൾ മുമ്പേ ഉണ്ടായിരുന്നതാണ്. ഇപ്പോൾ നിങ്ങൾ കാണുന്നത് മിയാവാക്കി മാതൃക വനവത്കരണത്തിന്റെ ഫലമാണ്.
പാലി: ഇത് തീർച്ചയായും അത്ഭുതാവഹമാണ്.
എം. ആർ. ഹരി: ഇതൊരു ജാപ്പനീസ് മാതൃകയാണ്. ജപ്പാനിലെ പ്രശസ്തനായ സസ്യശാസ്ത്രജ്ഞൻ പ്രഫ. അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത വനവത്കരണ മാതൃകയാണിത്. ചെറിയൊരു കാലയളവിനുളളിൽ സ്വാഭാവികവനം സൃഷ്ടിക്കാൻ ആർക്കും കഴിയില്ല. സ്വാഭാവികവനം തനിയെ ഉണ്ടായിവരുന്നതാണ്. എന്നാൽ അതുപോലെയൊരു മാതൃക നമുക്ക് സൃഷ്ടിക്കാൻ കഴിയും. പ്രഫ. മിയാവാക്കി ഇത്തരമൊരു സാദ്ധ്യത ആരാഞ്ഞ് പഠിച്ച് പരീക്ഷിച്ചു വിജയിപ്പിച്ച മാതൃകയാണിത്. കഴിഞ്ഞ അമ്പതു വർഷമായി അദ്ദേഹമിത് ജപ്പാനിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്നു. വിടുന്നത് ആഫ്രിക്ക, ബ്രസീൽ, ചൈന തുടങ്ങി വിവിധരാജ്യങ്ങളിൽ - പ്രധാനമായും ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രചാരത്തിലായി.
പാലി: താങ്കളത് ജപ്പാനിൽ പോയി കേരളത്തിലേക്ക് കൊണ്ടുവന്നു അല്ലേ ?
എം. ആർ. ഹരി: ഇല്ല. അന്ന് ജപ്പാനിൽ പോയിട്ടില്ല. എല്ലാം എവിടെയും ലഭ്യമാക്കുന്ന ഇന്റർനെറ്റ് ഉണ്ടല്ലോ. എന്റെ സുഹൃത്ത് ബോബിയും എന്റെ അനന്തിരവൻ കൃഷ്ണപ്രസാദുമാണ് മിയാവാക്കി മാതൃക എനിക്ക് പരിചയപ്പെടുത്തുന്നത്. ശുഭേന്ദു ശർമ്മ എന്നയാളുടെ വീഡിയോ ആയിരുന്നു അത്. 3 സെന്റിൽ സൃഷ്ടിച്ച കാടിനെ കുറിച്ച്. ഇന്ത്യയിൽ മിയാവാക്കി മാതൃക പരിചയപ്പെടുത്തിയ ആളുകളിൽ ഒരാളാണ് ശർമ്മ. ഇപ്പോഴും ഈ രംഗത്ത് സജീവമായി തുടരുന്നു. ഈ വീഡിയോ കണ്ടതിനു ശേഷം മിയാവാക്കി മാതൃകയെ കുറിച്ച നെറ്റിൽ പരതിയപ്പോൾ പിന്നെയും കുറേ വിവരങ്ങൾ, വീഡിയോകളൊക്കെ കിട്ടി. പ്രഫ. മിയാവാക്കി രചിച്ച The Healing Power of Forest എന്നൊരു പുസ്തകമുണ്ട്. ഞാനത് വാങ്ങി വായിച്ചു. അതിൽ പറഞ്ഞിരിക്കുന്ന പല ടെക്നിക്കുകളും ഞാൻ പരീക്ഷിച്ചു നോക്കി. അങ്ങനെ മൂന്നു വർഷത്തെ പഠനത്തിനും പരീക്ഷണത്തിനുമൊക്കെ ശേഷം ഇവിടെ ആയിരം ചതുരശ്ര അടിയിൽ ഒരു മിയാവാക്കി മാതൃക വനം സൃഷ്ടിക്കാൻ തീരുമാനിച്ചു.
പാലി: ഇവിടെ എന്തൊക്കെ തരം ടെക്നിക്കുകളാണ് ഉപയോഗിച്ചിട്ടുളളത്, എത്രതരം വനങ്ങൾ ഇവിടെ വെച്ചു പിടിപ്പിച്ചിട്ടുണ്ട് ?
എം. ആർ. ഹരി: ഇവിടെ ഇപ്പോൾ കുറച്ചധികം കാടുകളുണ്ട്.
പാലി: അപ്പുറത്ത് പൂക്കളുടെ മാത്രമൊരു തോട്ടം കണ്ടു. അതങ്ങനെ തന്നെ സൃഷ്ടിച്ചതാണോ ?
എം. ആർ. ഹരി: അതെ. അതൊരു പൂവനമാണ്. പൂവുണ്ടാവുന്ന ചെടികളും മരങ്ങളും മാത്രമാണവിടെ വെച്ചിരിക്കുന്നത്. അതുപോലെത്തന്നെ പച്ചക്കറികളുടെ തോട്ടവുമുണ്ട്.
പാലി: അതും മിയാവാക്കി മാതൃകയിലാണോ ?
എം. ആർ. ഹരി: അതെ. മിയാവാക്കി മാതൃകയിൽ ചില അടിസ്ഥാന തത്വങ്ങളുണ്ട്. ഒന്ന് നിലമൊരുക്കുന്നതാണ്. പ്രത്യേക അനുപാതത്തിൽ ജൈവവളം, ഈർപ്പം നിലനിർത്താൻ ചകിരിച്ചോറ്, മണ്ണിന്റെ പശിമ കുറയ്ക്കാൻ ഉമി തുടങ്ങിയവയൊക്കെ ചേർത്താണ് നിലമൊരുക്കുന്നത്.
പാലി: അതുപോലെ തൈകൾ നടുന്നതിനും ചില രീതികൾ ഉണ്ടാകുമല്ലേ ?
എം. ആർ. ഹരി: അതെ. തൈകൾ മണ്ണിൽ വെയ്ക്കുന്നതിനു മുമ്പ് അവയെ ഗ്രോബാഗിൽ വളർത്തി വേര് വികസിപ്പിച്ച ശേഷമാണ് നടുന്നത്.
പാലി: നഴ്സറിയിലും അവരതു തന്നെയല്ലേ ചെയ്യുന്നത് ? എന്താണ് വ്യത്യാസം ?
എം. ആർ. ഹരി: നഴ്സറികളിൽ നടക്കുന്നത് ബിസിനസാണ്. അവർക്കതിനു മാത്രം പണം ചെലവിടാനുണ്ടാവില്ല. നഴ്സറികളിൽ ചെന്നിട്ട് നമ്മൾ ചെയ്യുന്നതെന്താണ് ? അവിടിരിക്കുന്ന ഒരു ചെടിക്ക് വില ചോദിക്കും. അതിന് മുപ്പതാണെങ്കിൽ 20 രൂപയ്ക്ക് തരാമോ എന്നു ചോദിക്കും. നിങ്ങൾ അങ്ങനെ ചെയ്യില്ലായിരിക്കും. പക്ഷെ നമ്മളൊക്കെ പതിവായി ചെയ്യുന്നതാണത്.
പാലി: അതെ, ഞാനങ്ങനെ ചെയ്യില്ല.
എം. ആർ. ഹരി: ഇവിടത്തെ പതിവാണത്. 20ന് ചോദിക്കുമ്പോൾ നഴ്സറി ഉടമ പറയും, ഇന്നിതുവരെ കച്ചവടമൊന്നും നടന്നിട്ടില്ല. നിങ്ങൾക്ക് വേണമെങ്കിൽ 25ന് തരാമെന്നു പറയും. അയാൾക്കതിൽ നിന്ന് രണ്ടോ മൂന്നോ രൂപയുടെ ലാഭമെങ്കിലും കിട്ടണ്ടേ ? അപ്പോൾ എന്താണ് സംഭവിക്കുന്നതെന്നു വെച്ചാൽ അയാൾ ഗ്രോബാഗിൽ നിറക്കുന്നത് വെറും മണ്ണായിരിക്കും.കാര്യമായി വളമൊന്നും ഉണ്ടായിരിക്കില്ല നഴ്സറിയിൽ നിന്നു വാങ്ങുന്ന ചെടിയോടു കൂടിയ ഗ്രോബാഗ് രണ്ടു ദിവസം വെളളമൊഴിക്കാതെ വെച്ചിട്ട് എടുത്തുനോക്കിയാൽ ആ മണ്ണ് കല്ലുപോലെ ഉറച്ചിരിക്കുന്നതു കാണാം. അത്തരം മണ്ണ് ചെടികളുടെ വേരിനു വളരാൻ പാകത്തിനുളളതല്ല. എന്നാൽ നമ്മളിവിടെ ചെയ്യുന്നത് പ്രത്യേകമായി തയ്യാറാക്കിയ പോട്ടിങ്ങ് മിശ്രിതം നിറച്ച ഗ്രോബാഗിലാണ് തൈകൾ വളർത്തുന്നത്. ചാണകപ്പൊടി, ചകിരിച്ചോറ്, ഉമി, മണ്ണ് എന്നിവ 1:1:1:1 എന്ന അനുപാതത്തിൽ കലർത്തിയതാണ് പോട്ടിങ്ങ് മിശ്രിതം.
പാലി: എന്നിട്ട് എങ്ങനെയാണ് അവ ഈ മണ്ണിലേക്ക് മാറ്റി നടുന്നത് ?
എം. ആർ. ഹരി: ഇതേ പ്രക്രിയതന്നെ നമ്മളീ ചെടി നടുന്ന സ്ഥലത്തും ആവർത്തിക്കുന്നുണ്ട്. വലിയ ഗ്രോബാഗുകളിൽ വളരുന്ന ചെടികളുടെ വേരുകളും നന്നായി വികാസം പ്രാപിച്ചിരിക്കും. പോട്ടിങ്ങ് മിശ്രിതത്തിനായി ഉപയോഗിച്ച അതേ സാധനങ്ങൾ, അതേ അനുപാതത്തിൽ കലർത്തി തയ്യാറാക്കിയ മണ്ണിലേക്കാണ് തൈകൾ എടുത്തു വെക്കുന്നത്. അതാണ് വളർച്ചയെ സ്വാധീനിക്കുന്നതും. നട്ടശേഷം മണ്ണിനു മുകളിൽ കരിയിലയോ വൈക്കോലോ കൊണ്ട് പുതയിടുകയും ചെയ്യും.
പാലി: വീണ്ടും വളം ചേർക്കുമോ ?
എം. ആർ. ഹരി: വളമല്ല. പുതയിടൽ. അതും വളരെ പ്രധാനമാണ്.
പാലി: മണ്ണിനു മുകളിൽ മറ്റൊരു പ്രതലം സൃഷ്ടിക്കുന്നതുപോലെ അല്ലേ ?
എം. ആർ. ഹരി: അതെ. കാട്ടിലെന്താണ് സംഭവിക്കുന്നത് ? കരിയിലകളുടെ ഒരട്ടി മുകളിലുണ്ടായിരിക്കുമല്ലോ.
പാലി: അതെ. അവ ജീർണിച്ചൊരു കനമുളള ആവരണമായി മണ്ണിനെ മൂടി കിടക്കും.
എം. ആർ. ഹരി: അതെ. അതുപോലൊരു ആവരണം നമ്മൾ സൃഷ്ടിക്കുകയാണ്. അതിന് ചുരുങ്ങിയത് ആറിഞ്ച് കനമുണ്ടാവണം. അതിനു മുകളിൽ വെളളം വീഴുമ്പോൾ അതൊരു സ്പോഞ്ചു പോലെ പ്രവർത്തിക്കും. വെളളത്തെ പിടിച്ചുവെയ്ക്കും. അതിനൊപ്പം സൂക്ഷ്മജീവികൾക്ക് സ്വസ്ഥമായി അതിനിടയിൽ വളരുകയും ചെയ്യാം. അവ മണ്ണിനെ കൂടുതൽ ഫലഭൂയിഷ്ടമാക്കുന്നു. ഇത്തരത്തിൽ ഒരു സ്വാഭാവിക വനത്തിന്റെ അന്തരീക്ഷം നമ്മളിവിടെ പുനസൃഷ്ടിക്കുകയാണ്. തരിശുനിലത്തെ കാട്ടിലെ മണ്ണുപോലെയാക്കി എടുക്കുകയാണ്.
പാലി: അവിടെയാണ് വ്യത്യാസം. സ്വാഭാവികവനം ആരും ഉണ്ടാക്കുന്നതല്ല. ഇവിടെ നിങ്ങളൊരു കാടിന് സ്വാഭാവികമായി വളരാനുളള അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കുന്നു.
എം. ആർ. ഹരി: ഇതൊരു തരം ഫാൻസി ഡ്രസ്സോ മിമിക്രിയോ പോലെയാണ്. ഉളള ഒരു സംഭവത്തെ നമ്മൾ അനുകരിക്കുകയാണ്. ആ അനുകരണവും നല്ല ഫലമുണ്ടാക്കുന്നുണ്ട്.
പാലി: അത് ശരിയാണ്. അതെനിക്കിവിടെ കാണാനാവുന്നുണ്ട്. അതുപോലെ ഇതിനു നേരെ എതിർവശത്തല്ലേ പാറ പൊട്ടിക്കുന്ന സ്ഥലം ? അതൊരു വിരോധാഭാസം തന്നെ. ഒരുവശത്ത് ആളുകൾ കുന്നിടിച്ചു കളയുന്നു. മറുവശത്ത് താങ്കളിവിടെ ഭൂമി സംരക്ഷിക്കുന്നു. വിചിത്രം തന്നെ.
എം. ആർ. ഹരി: ഇപ്പോഴത്തെ അവസ്ഥ കുറച്ചുകൂടി മോശമാണ്. കേരളത്തിൽ പശ്ചിമഘട്ടത്തോടു ചേർന്ന് ഏകദേശം എണ്ണായിരത്തോളം പാറമടകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെ പാറ പൊട്ടിക്കൽ മണ്ണിനും പരിസ്ഥിതിക്കും ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല. ഇവിടെത്തന്നെ എല്ലാ ദിവസവും പാറ പൊട്ടിക്കുന്നുണ്ട്. ഇത് പുഴയുടെ മറുവശമാണ്. പാറ പൊട്ടിക്കുമ്പോള് ഭൂമിയിലൊരു പ്രകമ്പനം ഉണ്ടാകുന്നുണ്ട്. ഇതുകാരണം ഭൂഗര്ഭ ജലം പിന്നെയും താഴേക്കു പോകുമെന്നാണ് പറയുന്നത്. ഇവിടെ തൊട്ടപ്പുറത്ത് പുഴ ഉണ്ടെങ്കിലും മുന്നൂറും നാനൂറും അടി കുഴിച്ചാലും വെളളം കിട്ടാനില്ല. അതാണിവിടത്തെ അവസ്ഥ.
പാലി: സ്വതവേ താഴ്ന്നുകിടക്കുന്ന ഭൂഗർഭജലം ഈ പ്രകമ്പനം കാരണം പിന്നെയും താഴോട്ടു പോകുന്നു എന്നാണോ ? അതും മനുഷ്യരുടെ പ്രവർത്തനം കാരണം, അല്ലേ? അതാണ് ഞാൻ നേരത്തേ പറഞ്ഞത്. താങ്കളിവിടെ അതിനു വിപരീതമായി നന്മയുടെ അനുരണനം ഉണ്ടാക്കുന്നു.
എം. ആർ. ഹരി: പ്രശ്നമെന്താണെന്നു വെച്ചാല് നമുക്കത് പൂർണമായും നിഷേധിക്കാൻ പറ്റില്ല. നമുക്ക് നിർമ്മാണപ്രവർത്തനങ്ങൾക്ക് മുടക്കം വരാൻ പാടില്ല. അതിന് കരിങ്കല്ല് വേണം. പാറമടകളുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കണം എന്നു പറയുന്ന ആളുകളുണ്ട്. എനിക്കതിനോട് യോജിപ്പില്ല. നിയന്ത്രിതമായ പ്രവർത്തനം നടക്കുന്നതിൽ തെറ്റില്ല. പക്ഷെ അനിയന്ത്രിതമായ ചൂഷണമാണ് പ്രശ്നം.
പാലി: അതിനു മറ്റൊരു തരത്തിൽ പകരംവെയ്ക്കാനാവില്ലേ ? കുന്നിടിച്ചു നിരത്തുന്നതിന് പകരമായി പ്രകൃതിയിലേക്ക് തിരികെ നൽകുക വഴി ?
എം. ആർ. ഹരി: അതിന് പരിഹാരമൊക്കെയുണ്ട്. സാധാരണ ചെയ്യുന്നത് മുഴുവൻ സ്ഥലത്തെയും ഒന്നിച്ചല്ല. പാറയുളള സ്ഥലത്തുനിന്ന് പൊട്ടിച്ചെടുത്ത് കുറേ കഴിയുമ്പോൾ അതുപേക്ഷിച്ച് അടുത്ത കുന്നിലേക്ക് പോവുകയാണ്. അങ്ങനെ പോകുന്നതിനു മുമ്പ് ഈ പാറ പൊട്ടിച്ച സ്ഥലത്തൊരു കാടുണ്ടാക്കിയിട്ട് അടുത്ത സ്ഥലം തേടുന്ന ഒരു രീതി വരണം. ഉപേക്ഷിച്ച പാറമടകളിലും നമുക്ക് കാട് വളർത്താനാവും. അതിന്റെ ഉദാഹരണം ഞാനിവിടെത്തന്നെ കാണിക്കാം. പ്രഫ. മിയാവാക്കി ഇത്തരത്തിൽ പാറപ്പുറത്ത് കാട് വളർത്തി മാതൃക കാണിച്ചിട്ടുണ്ട്.
പാലി: പാറപ്പുറത്ത് കാട് വളർത്താമെന്നാണോ താങ്കൾ പറയുന്നത് ? അതെങ്ങനെ സാധ്യമാകും ?
എം. ആർ. ഹരി: അതും സാധിക്കും. ജപ്പാനിലെ കനഗാവ പ്രവിശ്യയിൽ ഒരു സ്കൂളുണ്ട്. പേര് മറന്നുപോയി. അതിന് എതിർവശത്തൊരു വലിയ പാറയാണ്. ഒറ്റ പാറയല്ല. പാറ നിറഞ്ഞ കുന്നിൻപ്രദേശമാണ്. അതിനെ പല തട്ടുകളാക്കി തിരിച്ച് ഇരുമ്പ് തൂണുകൾ കുഴിച്ചിട്ട് അതിൽ നെറ്റുറപ്പിച്ചു. എന്നിട്ടതിൽ മണ്ണു നിറച്ച് ചെടികൾ നട്ടു.
പാലി: പാറപ്പുറത്തൊരു ഇരുമ്പ് തിട്ട വച്ചതിൽ മണ്ണ് നിറക്കുമോ..എങ്ങനെയാണത് ?
എം. ആർ. ഹരി: അതെ. പാറയിൽ ഇടയ്ക്കിടെ ദ്വാരങ്ങൾ കൂടി ഉണ്ടാക്കിയിടും. അതിലൂടെ ചെടികളുടെ വേരുകൾ താഴേക്കിറങ്ങുകയും ചെയ്യും.
പാലി: എത്ര കനത്തിലാണ് പാറപ്പുറത്ത് മണ്ണ് നിറയ്ക്കുന്നത് ?
എം. ആർ. ഹരി: ഒരു മീറ്റർ കനത്തിൽ മതിയാവും. കനഗാവയിൽ ഈ പരീക്ഷണം നടത്തിയത് 1983 ലോ മറ്റോ ആണ്. ഞാനവിടെ പോയത് 2019ലാണ്. ഇപ്പോൾ മുപ്പതിലധികം വർഷം കഴിഞ്ഞിരിക്കുന്നു. അതൊരു കാടായി മാറി. പുറത്തുനിന്ന് നോക്കിയാൽ നമുക്കൊന്നും മനസിലാവില്ല. അകത്തു കയറിയാലാണ് ഈ ഇരുമ്പ് പാളികൾ കാണാനാവുക. ഇത്തരത്തിൽ നമുക്കിവിടെ ഉളള പാറമടകളും തിരികെ കാടാക്കി മാറ്റാനാവും. പാറപൊട്ടിച്ച് നല്ല പണമുണ്ടാക്കുന്നുണ്ട്. അതിൽ നിന്നൊരു ഭാഗം പ്രകൃതിയ്ക്കായി തിരികെ കൊടുക്കാവുന്നതാണ്.
പാലി: താങ്കൾ അവരോടു സംസാരിക്കണം. ഇവിടെ ചെയ്യുന്നത് അവർക്ക് കാണിച്ചു കൊടുക്കണം.
എം. ആർ. ഹരി: കുറച്ച് സമയം കഴിയുമ്പോൾ അവർക്കത് താനേ മനസിലാവും. എനിക്കൊരു സുഹൃത്തുണ്ട്, സ്വന്തമായി പാറമട ഉളളയാളാണ്. അദ്ദേഹം വനവത്കരണ പ്രവർത്തനങ്ങൾക്കായി ഒരുപാട് പണം ചെലവാക്കുന്ന ആളുമാണ്. പാറമട അദ്ദേഹത്തിന്റെ ബിസിനസാണ്. അതിൽനിന്നുണ്ടാക്കുന്ന പണത്തിന്റെ ഒരു ഭാഗം വനവത്കരണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നുമുണ്ട്.അതാർക്കും ചെയ്യാവുന്നതാണ്.
പാലി: അതെ. അതിനുളള മനസാന്നിധ്യം കൂടി ഉണ്ടാവണം. എന്തായാലും താങ്കളുടെ ഈ പ്രവർത്തനം അഭിനന്ദനാർഹമാണ്. ഈ മാതൃകയിലൂടെ ഭൂമിയുടെ മുറിവുണക്കുകയാണല്ലോ ചെയ്യുന്നത്.
എം. ആർ. ഹരി: നന്ദി.