മിയാവാക്കി മാതൃകയെ കുറിച്ച്‌ ആളുകളുടെ സംശയം തീര്‍ക്കാനാണ്‌ ഞങ്ങള്‍ ഈ ചാനല്‍ നടത്തിക്കൊണ്ടു പോകുന്നത്‌. ഇതില്‍ ചെടികള്‍ക്കെത്ര വളര്‍ച്ച കിട്ടുമെന്ന്‌ ചോദിക്കുന്നവരുണ്ട്‌. ഇത്‌ വെറും ചെടി കുഴിച്ചു വെക്കലായി കരുതുന്നവരുമുണ്ട്‌. അതിലപ്പുറം ഇത്‌ നമ്മുടെ പരിസ്ഥിതിയുടെ പുനരുജ്ജീവനമാണ്‌. കൃഷിയിലൊക്കെ കുറച്ച്‌ ഭാവനയോടെ ഇതുപയോഗിക്കുകയാണെങ്കില്‍ നമുക്ക്‌ വലിയ വിളവ്‌ കിട്ടും, അതിനപ്പുറം ഭൂമിയുടെ നഷ്ടപ്പെട്ടുപോയ വീര്യം തിരിച്ചുകൊണ്ടുവരാനും പറ്റും. അതിന്റെ ഒന്നുരണ്ടു മാതൃകകളിലേക്കാണ്‌ നമ്മള്‍ പോകുന്നത്‌. അതിനു മുമ്പ്‌ രണ്ടുപേരെ പരിചയപ്പെടുത്താം. ഒന്ന്‌ ബോബി മോഹന്‍. ബോബിയാണ്‌ എന്നോട്‌ മിയാവാക്കി മാതൃകയെ കുറിച്ചു താഴെയുളള പാറപ്പുറത്തിരുന്ന്‌ ആദ്യമായി സംസാരിച്ചത്‌. പണ്ടിവിടം മുഴുവന്‍ മരുഭൂമിയായി കിടക്കുമ്പോള്‍ ഞായറാഴ്‌ച്ചകളില്‍ ബോബിയും ഞാനും ഇവിടെ വന്നിരിക്കും. ഞാനിവിടെ മരം കുഴിച്ചു വെയ്‌ക്കുന്നു, ഉണങ്ങിപ്പോകുന്നു. വീണ്ടും കുഴിച്ചു വെയ്‌ക്കുന്നു, ഉണങ്ങിപ്പോകുന്നു. അപ്പോഴാണ്‌ ബോബി പറയുന്നത്‌ ഒരാളൊരു മുറിയുടെ വലിപ്പമുളള സ്ഥലത്തുപോലും കാട്‌ വെച്ചു പിടിപ്പിക്കുന്നുണ്ട്‌, അയാളുടെ പേര്‌ ശുഭേന്ദു ശര്‍മ്മ, അയാളുടെ വീഡിയോ ഒന്നു കണ്ടുനോക്കണം എന്ന്‌.

ഞാനുടനെ എന്റെ അനന്തിരവനായ കൃഷ്‌ണ പ്രസാദിനെ വിളിക്കുന്നു. തിരുവനന്തപുരം ഭാഷയില്‍ പറഞ്ഞാല്‍ ശേഷക്കാരന്‍. ഇങ്ങനൊരു ടെക്‌നോളജി ഉണ്ടെന്നു പറയുന്നു. അപ്പോള്‍ അവന്‍ ഇതല്ലേ ഞാന്‍ നിങ്ങള്‍ക്ക്‌ രണ്ടാഴ്‌ച്ച മുമ്പ്‌ അയച്ചുതന്നത്‌, അത്‌ നിങ്ങളിതുവരെ കണ്ടില്ലേ എന്നു ചോദിക്കുന്നു. അങ്ങനെ ഇവര്‌ രണ്ടുപേരുമാണ്‌ എന്നെയാ മിയാവാക്കി മാതൃകയിലേക്കു കൊണ്ടുപോകുന്നത്‌. പക്ഷെ അതിനുശേഷം ഇവര്‍ രണ്ടുപേരും പല തിരക്കു കാരണം ഇവിടെ വരാറില്ല. കൃഷ്‌ണപ്രസാദ്‌ ഒരു ബാങ്ക്‌ ഓഫീസറാണ്‌. ബോബി സ്വന്തമായിട്ടൊരു ബിസിനസ്‌ നടത്തുന്നയാളാണ്‌. ഒന്നോ രണ്ടോ വര്‍ഷം കൂടി ഇവിടെ വന്നപ്പോള്‍ ഉണ്ടായ മാറ്റങ്ങളെ കുറിച്ച്‌ ഏറ്റവും കൂടുതല്‍ പറയാന്‍ പറ്റുന്ന ആളുകളാണ്‌.

മിയാവാക്കി മാതൃക ഒരു സ്ഥലത്ത്‌ എന്തു മാറ്റമാണ്‌ ഉണ്ടാക്കുന്നതെന്ന്‌ ഇപ്പോഴും മലയാളികള്‍ക്ക്‌ അറിയില്ല. അതാണ്‌ ഞാനിവരെ കൊണ്ടുവരാന്‍ കാരണം. ഇന്ത്യാക്കാരിലും വലിയൊരു വിഭാഗത്തിനറിയില്ല. അറിയാത്തതിനു കാരണം മിയാവാക്കി എഴുതിയ ഒരു പുസ്‌തകമുണ്ട്‌ 'ദ ഹീലിങ്ങ്‌ പവര്‍ ഓഫ്‌ ഫോറസ്‌റ്റ്‌'. ഇത്‌ ഇംഗ്ലിഷില്‍ ഒറ്റ എഡിഷനേ ഇറങ്ങിയിട്ടുളളൂ. ജാപ്പനീസ്‌ ഭാഷയില്‍ ഇതിന്റെ 70 എഡിഷനില്‍ കൂടുതല്‍ ഇറങ്ങിയിട്ടുണ്ട്‌. ഈ പുസ്‌തകത്തിന്റെ പ്രത്യേകത എങ്ങനെ പരിസ്ഥിതി പുനരുജ്ജീവനം ചെയ്യാമെന്നത്‌ വളരെ വിശദമായി ഈ പുസ്‌തകത്തില്‍ അദ്ദേഹം പറയുന്നുണ്ട്‌. നിര്‍ഭാഗ്യവശാല്‍, മരം കുഴിച്ചുവെക്കലാണ്‌ മിയാവാക്കി എന്ന്‌ നമ്മുടെ ഇവിടെയുളള ആളുകള്‍ ധരിച്ചുവെച്ചിരിക്കുകയാണ്‌. വലിയ വിവരമുളള ആളുകള്‍ - ഒരു ആസൂത്രണ വിദഗ്‌ദ്ധന്‍, മിയാവാക്കി തട്ടിപ്പാണെന്ന്‌ പറയുകയുണ്ടായി. രാസവളവും കീടനാശിനിയും ഉപയോഗിക്കാത്ത ഒരു സാധനവും യഥാര്‍ത്ഥമാണെന്നോ, അതുകൊണ്ട്‌ എന്തെങ്കിലും ഫലമുണ്ടാകുമെന്നോ വിശ്വസിക്കാത്ത ഒരു വലിയ വിഭാഗം ആളുകളുണ്ട്‌. നമ്മുടെ ഈ ആസൂത്രണ വിദഗ്‌ദ്ധനൊക്കെ അതില്‍ പെടുന്ന ആളുകളാണ്‌. എന്നാല്‍ പുതിയൊരു കാര്യം വായിച്ചുനോക്കാന്‍ ഇവരാരും തയാറുമല്ല.

ഇവരാരും വായിച്ചുനോക്കുന്നില്ലെന്നു പറയാന്‍ കാരണം ഈ പുസ്‌തകം ഇംഗ്ലിഷില്‍ ഒറ്റ എഡിഷനേ ഇറങ്ങിയിട്ടുളളൂ. അതിനു വലിയ പ്രചാരം ഇംഗ്ലിഷില്‍ കിട്ടിയില്ല. അതിനു പ്രധാന കാരണം രാസവള കമ്പനികളും കീടനാശിനി കമ്പനികളും ചേര്‍ന്ന്‌ നമ്മുടെ പരിസ്ഥിതി എങ്ങനെ നശിപ്പിക്കുന്നു എന്ന്‌ പ്രൊഫ. മിയാവാക്കി അതില്‍ വളരെ വിശദമായി പറയുന്നുണ്ട്‌. അതോടൊപ്പം തന്നെ എങ്ങനെ ഇത്‌ തിരിച്ചുകൊണ്ടുവരാമെന്നും പറയുന്നുണ്ട്‌. നമ്മുടെ ആസൂത്രണ വിദഗ്‌ദ്ധന്‍ ഫ്രോഡെന്നു പറഞ്ഞ മിയാവാക്കി മരിച്ചുകഴിഞ്ഞപ്പോള്‍ ജാപ്പനീസ്‌ ഭാഷയില്‍ അവര്‍ ഇറക്കിയ പുസ്‌തകമാണ്‌. ഇതിന്റെ ഇംഗ്ലിഷ്‌ പതിപ്പുമുണ്ട്‌. അതൊരു ചെറിയ പതിപ്പാണ്‌. അതില്‍ ലോകത്തിന്റെ പലഭാഗത്തുമുളള പ്രശസ്‌തരായ 18 ശാസ്‌ത്രജ്ഞര്‍ മിയാവാക്കി മാതൃകയും അത്‌ പ്രയോഗിച്ചതിന്റെ ഫലങ്ങളും പറയുകയാണ്‌. വലിയ സര്‍വകലാശാലകളില്‍ ആയിരക്കണക്കിന്‌ ഏക്കറുകളില്‍ ചെയ്‌തിട്ട്‌ അതിനെക്കുറിച്ചു പഠനം നടത്തിയ ആളുകളാണ്‌. ഇതില്‍ ആകെപ്പാടെ രണ്ട്‌ സാധാരണക്കാരേ ഉളളൂ. ഒന്ന്‌ ശുഭേന്ദു ശര്‍മ്മയാണ്‌. അദ്ദേഹം ഡല്‍ഹിയില്‍ നിന്നുളള ഇന്‍ഡസ്‌ട്രിയല്‍ എഞ്ചിനിയറാണ്‌. രണ്ടാമത്തേതാണ്‌ ഞാനാണ്‌. ഞാനൊരു ശാസ്‌ത്രജ്ഞനൊന്നുമല്ല. പരിസ്ഥിതിവാദിയുമല്ല. ഞാനൊരു ജേര്‍ണലിസ്റ്റും കുറച്ചു കാലം അഭിഭാഷകനുമായിരുന്നു. അതാണെന്റെ പശ്ചാത്തലം. ഞങ്ങള്‍ രണ്ടുപേരും അതിലോരോ ലേഖനം കൊടുത്തിട്ടുണ്ട്‌. ബാക്കി അതിലുളള എല്ലാവരും ശാസ്‌ത്രജ്ഞന്മാര്‍ തന്നെയാണ്‌. മിയാവാക്കി മാതൃകയുടെ ശാസ്‌ത്രീയ അടിസ്ഥാനത്തെ കുറിച്ച്‌ ഇവരുടെ ലേഖനത്തേക്കാള്‍ വലിയൊരു സപ്പോര്‍ട്ടിന്റെ ആവശ്യമില്ല. ഗവേഷണ ലേഖനങ്ങളാണതില്‍ എഴുതിയിരിക്കുന്നത്‌. ഇതൊന്നും വായിക്കാതെയും കാണാതെയും അറിയാതെയുമാണ്‌ ഇവിടെ ആസൂത്രണ വിദഗ്‌ദ്ധന്മാരും മറ്റും ഇതൊരു ഫ്രോഡാണ്‌, ഇതൊന്നും വേണ്ട എന്നു പറയുന്നത്‌.

ഇനി എന്താണ്‌ മിയാവാക്കി മാതൃക ഉണ്ടാക്കിയ മാറ്റമെന്ന്‌ ഇവരോടുതന്നെ ചോദിക്കാം. ഇവരെ ഒന്നുരണ്ടു സ്ഥലങ്ങള്‍ കാണിച്ചു. ഇതാദ്യത്തെ മിയാവാക്കി കാടിന്റെ സൈഡിലാണ്‌ നമ്മളിരിക്കുന്നത്‌. ബോബി, ഇത്‌ നടുന്ന സമയത്തെ അവസ്ഥ ഓര്‍ക്കുന്നുണ്ടല്ലോ അല്ലേ?

ബോബി: ഏകദേശം പത്തുപതിനാറ്‌ വര്‍ഷത്തിനു മുമ്പ്‌ ഹരിച്ചേട്ടന്‍ ഈ സ്ഥലം വാങ്ങിക്കുന്നതിനു മുമ്പ്‌ രാവിലെ ഇവിടെ വരുമ്പോള്‍ എന്നെയും വിളിക്കാറുണ്ട്‌. ഞങ്ങളിവിടെ പാറപ്പുറത്ത്‌ വന്നിരിക്കുകയും കുശലം പറയുകയും ചെയ്യുമായിരുന്നു. പാറക്കുന്നാണ്‌. ആ പാറകളൊന്നും ഇവിടെ കാണാനില്ലെന്നതാണ്‌ എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം. വലിയ പാറകളും ഞാനാ പാറപ്പുറത്തിരിക്കുന്ന ഫോട്ടോകളുമൊക്കെ എന്റെ കൈയില്‍ ഇപ്പോഴുമുണ്ട്‌. ആ ഫോട്ടോ കണ്ടാല്‍ ഈ സ്ഥലമാണെന്ന്‌ പറയാനേ പറ്റില്ല. എന്നിട്ടിവിടെ മരം വെക്കുകയാണ്‌. ആ സമയത്തൊരു കൊടും വരള്‍ച്ച വരുന്നു, അതിലാ മരം മൊത്തം കരിഞ്ഞുപോകും. നമ്മുടെ ഭാഗ്യദോഷത്തിന്‌ ആ സമയത്താണീ സ്ഥലം വാങ്ങിക്കുന്നത്‌. ഇവിടെ മഴയേ ഇല്ല. ഇവിടെ എ്‌തു മരം വെച്ചാലുമത്‌ കരിഞ്ഞുപോകുകയാണ്‌. എനിക്കു തോന്നുന്നത്‌ ആ ഒരു വര്‍ഷം മുഴുവന്‍ മഴയേ പെയ്‌തിട്ടില്ല. ആ സമയത്താണീ ശുഭേന്ദു ശര്‍മ്മയുടെ വീഡിയോ കാണുന്നത്‌. അന്നത്‌ ശുഭേന്ദു ശര്‍മ്മയാണെന്നൊന്നും എനിക്കറിയില്ല. ഹരിച്ചേട്ടന്‌ ചിലപ്പോള്‍ അറിയുമായിരിക്കും. പിന്നെ ഇതാരംഭിക്കുകയാണ്‌. അദ്ദേഹം അതിനെ കുറിച്ച്‌ പഠനം നടത്തി, ആ പഠനത്തിന്റെ ഫലമാണീ വിജയം.

ഈ സ്ഥലം ആദ്യം മുതല്‍ കണ്ട വ്യക്തി എന്ന നിലയില്‍ ഇന്നിതു കാണുമ്പോള്‍ ഈയൊരു പാറപ്പുറത്ത്‌ ഇത്രയും മരം വളര്‍ന്നുവരുമോ ? ഇതെങ്ങനെ സാധിച്ചു? നമ്മള്‍ കാണുമ്പോള്‍ മരുഭൂമി പോലെ കിടന്ന സ്ഥലത്ത്‌ - ഈ തറയാണെന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തുന്നത്‌. ഇവിടെ മൊത്തം മണ്ണിരയുടെ കുരിപ്പുകള്‍., പക്ഷികള്‍, ചിത്രശലഭങ്ങള്‍, അങ്ങനെയൊന്നും സ്വപ്‌നം പോലും കാണാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇന്ന്‌ സസ്യശ്യാമള കോമളമെന്നു പറയില്ലേ, അങ്ങനൊരു സാധനമാക്കി ഇതിനെ മാറ്റി. ഒരു സ്വര്‍ഗം പോലെ മാറ്റി എന്നുളളതാണ്‌ എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം.

പിന്നെ ഞാനിവര്‍ തിരുവനന്തപുരത്ത്‌ ചെയ്‌തിട്ടുളള ചെയ്‌തിട്ടുളള എല്ലാ പ്രോജക്ടുകളും കണ്ടിട്ടുണ്ട്‌. ഓരോന്നു കാണുമ്പോഴും ഓരോ മരത്തിന്റെ വലിപ്പം കാണുമ്പോഴും നമ്മള്‍ അത്ഭുതപ്പെട്ടു പോവുകയാണ്‌. ശരിക്കും എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു പരിപാടിയാണ്‌ മിയാവാക്കി മാതൃക. ഇന്റര്‍നെറ്റില്‍ നിന്നും കിട്ടിയ അറിവു വെച്ച്‌ ഹരി ചേട്ടനോടു പറഞ്ഞെങ്കിലും ഇതിങ്ങനെയൊക്കെ ആവുമോ. അവിശ്വസനീയമായൊരു കാര്യമാണിവിടെ സാധിച്ചിരിക്കുന്നത്‌.

കൃഷ്‌ണപ്രസാദ്‌: നമസ്‌കാരം. മിസ്റ്റര്‍ ഹരി എന്റെ അമ്മാവനാണ്‌. ഈ സ്ഥലം വാങ്ങിക്കുന്ന സമയത്ത്‌ ഞാനിവിടെ വന്നിട്ടുണ്ട്‌. ഇവിടെ പാറ മാത്രമേ ഉണ്ടായിരുന്നുളളൂ. വേറൊന്നും ഇല്ല. അന്ന്‌ ഹരി അമ്മാവന്‍ എന്നോടു പറഞ്ഞത്‌ ഇവിടെ കൃഷി ചെയ്യാനോ പണം ഉണ്ടാക്കുന്ന എന്തെങ്കിലും ചെയ്യാനോ അല്ല. കാട്‌ വെച്ച്‌ പിടിപ്പിക്കണം. ഇഷ്ടമുളള ഒരുപാട്‌ മരം വെക്കണം എന്നുളള ഐഡിയയിലാണ്‌ അദ്ദേഹം ഇത്‌ ചെയ്‌തത്‌. പക്ഷെ ബോബി സാറ്‌ പറഞ്ഞതു പോലെ ഇവിടെ വെച്ച മരങ്ങളൊന്നും പിടിക്കുന്നില്ല. ഓരോ മരം വെക്കുന്നു അത്‌ നശിച്ചുപോകുന്നു. വെളളം കിട്ടുന്നില്ല. അങ്ങനുളള അവസ്ഥയിലാണ്‌ ഞാന്‍ മിയാവാക്കി മാതൃകയെ കുറിച്ചുളള വീഡിയോ കാണുന്നത്‌. അതിലവര്‍ പറയുന്നത്‌ പ്രകൃതിയുടെ പുനരുജ്ജീവനത്തെ കുറിച്ചാണ്‌. ഒരു കൂട്ടം മരങ്ങള്‍ സ്വയം നിലനില്‍ക്കാനുളള അവസരം സൃഷ്ടിക്കുന്ന രീതിയിലാണീ മിയാവാക്കി മാതൃക സൃഷ്ടിച്ചിരിക്കുന്നത്‌. ഞാനിതിനെ കുറിച്ച്‌ ഹരി മാമനോടു പറയുകയും അദ്ദേഹം അതിനെക്കുറിച്ച്‌ പഠിക്കുകയും ചെയ്‌തു. ഒരു ആറ്‌ വര്‍ഷം മുമ്പാണ്‌ ഞാനിത്‌ അദ്ദേഹത്തോടു പറയുന്നത്‌. ഇത്രയും വര്‍ഷം കൊണ്ട്‌ നമ്മളീ ഇരിക്കുന്ന പാറപ്പുറത്ത്‌ ഇത്രയും ചെടികള്‍ വളര്‍ത്തിയെന്നതിനുപരി, ഒരേ സമയത്തുതന്നെ ഒരുപാടിടത്ത്‌ ഇത്‌ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്‌.

നമ്മള്‍ കാണുന്ന ഏറ്റവും വലിയ മാറ്റം, ഇവിടെ വെറുതേ മരം വെച്ചു പിടിപ്പിച്ചിരിക്കുകയല്ല. ഇവിടെ ഒരുപാട്‌ മരം വെച്ചതില്‍ പക്ഷികളും ചിത്രശലഭങ്ങളും മറ്റുജീവികളും വരുന്നു. ഇവ വരുന്നതിലൂടെ മറ്റു വിത്തുകളും ചെടികളുമൊക്കെ ഇവിടെ കൂടുതല്‍ വളരുകയാണ്‌. നമ്മള്‍ ഉദ്ദേശിച്ചത്‌ മരമാണെങ്കില്‍ ഇവിടെ ഉണ്ടായിരിക്കുന്നത്‌ ഒരു ആവാസവ്യവസ്ഥയാണ്‌. ഇത്‌ കാണുമ്പോള്‍ നമുക്ക്‌ കിട്ടുന്ന ഊര്‍ജ്ജം തന്നെ വ്യത്യസ്‌തമാണ്‌. നാഴികയ്‌ക്കു നാല്‍പതു വട്ടം വനവത്‌കരണം എന്നൊക്കെ പറയുന്നിടത്ത്‌ നമ്മുടെ കഷ്ടപ്പാടിന്‌ കണ്‍മുന്നില്‍ കിട്ടുന്ന ഫലം വലുതാണ്‌. പണ്ട്‌ ആളുകള്‍ പറയുമായിരുന്നു, നമ്മള്‍ ഇന്നൊരു മരം വെക്കുന്നത്‌ നാളത്തെ തലമുറയ്‌ക്ക്‌ ഫലം കിട്ടാനാണെന്ന്‌. പക്ഷെ ഇന്നങ്ങനെയല്ല. ഈ മിയാവാക്കി മാതൃകയില്‍ നമ്മളൊരു മരം വെച്ചാല്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ഇത്‌ ഇരച്ചുകയറി വളരുകയാണ്‌. അത്‌ ഫലവൃക്ഷമായാലും കാട്ടുമരമായാലും ഔഷധച്ചെടിയായാലും അവയ്‌ക്ക്‌ അത്ഭുതാവഹമായൊരു വളര്‍ച്ചയാണ്‌. സമീപമുളള ചെടികളുമായി വളരെ സന്തുലിതമായൊരു ബാലന്‍സ്‌ നിലനിര്‍ത്തിക്കൊണ്ട്‌ - പ്രഫ. മിയാവാക്കി വിഭാവനം ചെയ്‌ത രീതിയില്‍ത്തന്നെ ഇവിടെ ചെയ്‌തിട്ടുണ്ട്‌. നമുക്കത്‌ കാണുമ്പോഴും ഇവിടെ വന്നിരിക്കുമ്പോഴും ആ ഒരു ഊര്‍ജ്ജം കിട്ടുന്നുണ്ട്‌. തുടര്‍ന്നും ഇങ്ങനെതന്നെ ആവട്ടെ എന്നു പ്രതീക്ഷിക്കുന്നു.

ഹരി: ഇത്‌ ചാല സ്‌കൂളില്‍ വെച്ചു പിടിപ്പിച്ച മിയാവാക്കി വനമാണ്‌. ഇത്‌ 2020 ജനുവരി 30 നാണ്‌ വെച്ചത്‌. അതിനൊരു പ്രത്യേകത ഉണ്ടായിരുന്നു. അത്‌ പ്രഫ. മിയാവാക്കിയുടെ ജന്മദിനമായിരുന്നു. 30 ആണോ 29 ആണോ എന്നു ഞാന്‍ മറന്നുപോയി. അതിലൊരു ദിവസമാണ്‌. അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ അദ്ദേഹം ഓണ്‍ലൈനായി ജപ്പാനില്‍ നിന്നും കണ്ടുകൊണ്ടാണ്‌ നമ്മളിവിടെ മരം നടുന്നത്‌.

അതിന്റെ ഫണ്ടിങ്ങ്‌ നടത്തിയത്‌ കെഡിസ്‌ക്‌ എന്ന സ്ഥാപനമാണ്‌. ഡോ. കെ.എം. അബ്രഹാം വൈസ്‌ ചെയര്‍മാനും മുഖ്യമന്ത്രി ചെയര്‍മാനുമായിട്ടുളള, പുതിയ ആശയങ്ങള്‍ നടപ്പിലാക്കാനുളള ഒരു കൗണ്‍സിലാണ്‌. പുതിയ നല്ലൊരു ആശയം അവതരിപ്പിച്ചാല്‍ അത്‌ നടപ്പിലാക്കാനുളള പുന്തുണ കൊടുക്കും. അങ്ങനെ ആ ഫണ്ട്‌ ഉപയോഗിച്ചാണ്‌ നമ്മളിത്‌ ചെയ്‌തത്‌. അന്നിവിടെ നട്ടുപിടിപ്പിച്ചത്‌ ഏതാണ്ട്‌ മൂവായിരത്തിലധികം മരങ്ങളാണ്‌. പ്രൊഫ. മിയാവാക്കി അവസാനമായി പങ്കെടുത്ത പൊതുപരിപാടി ആയിരുന്നു അത്‌. അദ്ദേഹത്തിനന്ന്‌ 92 വയസായിരുന്നു. ഒന്നര വര്‍ഷത്തിനു ശേഷം അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ രണ്ട്‌ സഹപ്രവര്‍ത്തകര്‍ - 76 വയസുകാരനായ പ്രൊഫ. ബോക്‌സും അദ്ദേഹത്തിന്റെ ആദ്യത്തെ ശിഷ്യയായ ഡോ. ഫ്യുജിവാര കസ്യുവും - രണ്ടുപേരും എമരിറ്റസ്‌ പ്രൊഫസര്‍മാരാണ്‌. അവര്‍ രണ്ടുപേരും ഇവിടെ നമുക്കു വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനായിട്ട്‌ ഉണ്ടായിരുന്നു.

ഇവിടത്തെ മരങ്ങള്‍ക്കുണ്ടായ വളര്‍ച്ച വേറെ ഒരിടത്തും ഉണ്ടായിട്ടില്ല. അതെന്തുകൊണ്ട്‌ എന്ന്‌ വിശദമായി വേറൊരു പഠനം നടത്തുന്നുണ്ട്‌. ഇതിന്റെ പ്രത്യേകത, ഈ സ്‌കൂളിന്റെ സ്ഥലം നേരത്തേ കിളക്കുകയോ രാസവളം ഉപയോഗിക്കുകയോ ഒന്നും ചെയ്യാതെ വളരെ ശുദ്ധമായി കിടന്നിരുന്ന മണ്ണാണ്‌. കരിയിലയും കമ്പുമൊക്കെ വീണടിഞ്ഞ്‌ വളക്കൂറുണ്ടായിരുന്ന ആ മണ്ണിലാണ്‌ നമ്മളിത്‌ നട്ടുവളര്‍ത്തുന്നത്‌. ഏതാണ്ട്‌ 50-60 അടി പൊക്കമുളള മരങ്ങളാണ്‌ 32 മാസം കൊണ്ട വളര്‍ന്നത്‌. എന്നുമാത്രമല്ല ഇതിന്റെ അകം നോക്കിക്കഴിഞ്ഞാല്‍ ഒരു കാടിന്റെ പ്രതീതിയാണ്‌ ഉളളത്‌. പക്ഷികളും ചിത്രശലഭങ്ങളുമുണ്ട്‌, താഴെ ചെറിയചെടികളുണ്ട്‌. കാടുപിടിച്ച്‌ കിടക്കുക എന്ന ഒരു സംഭവമുണ്ട്‌. നമ്മുടെ വിചാരം കാട്‌ കണ്ടിട്ടില്ലാത്തവരെല്ലാം കരുതുന്നത്‌ ഇത്‌ പുല്ല്‌ മൂടി കിടക്കുന്നു, ഇതിനകത്ത്‌ പാമ്പ്‌ കേറി കിടക്കുന്നു എന്നൊക്കെയാണ്‌.

പക്ഷെ നിങ്ങള്‍ നോക്കുക, ഈ കാട്ടില്‍ മണ്ണിരയുടെ കുരിപ്പയും ചെറിയ ചെറിയ ചെടികളും ഒക്കെത്തന്നെ കാണാം. ഇതിന്റെ പുറത്ത്‌ തരിശായിട്ടു കിടക്കുന്ന ഭൂമിയിലേക്കു നോക്കിയാല്‍ അത്‌ പുല്ലുപിടിച്ച്‌ കുട്ടികള്‍ക്ക്‌ അപകടകരമായ അവസ്ഥയിലാണ്‌. അത്‌ സ്‌കൂളുകാര്‍ ഇടക്കിടക്ക്‌ നീക്കം ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. അതേസമയം ഈ 20 സെന്റിനകത്ത്‌ ഉളളത്‌ തികച്ചും വേറൊരു അന്തരീക്ഷമാണ്‌. ഈ കാട്‌ ഒരു പ്രദേശത്തിന്റെ സ്വഭാവം മാറ്റിമറിക്കാന്‍ പറ്റിയ ഒരു സാങ്കേതികവിദ്യയാണ്‌, മിയാവാക്കി മാതൃക എന്നുളളതിന്റെ ഒരുദാഹരണമാണ്‌. സ്‌കൂള്‍സമയത്ത്‌ ഇതാര്‍ക്കും വന്ന്‌ കാണാം. അതോടൊപ്പം ഒരു സാക്ഷ്യം കൂടി - സ്‌കൂളിന്റെ പിടിഎ ഭാരവാഹിയായിരുന്ന ശ്രീ. സജികുമാര്‍. അദ്ദേഹം തുടക്കം തൊട്ട്‌ ഈ പദ്ധതിയുടെ ഭാഗമായിരുന്ന ആളാണ്‌. മറ്റെല്ലവരെയും പോലെ തുടക്കത്തില്‍ വിജയിക്കുമോ എന്നു സംശയം പ്രകടിപ്പിച്ച ആളാണ്‌. അദ്ദേഹത്തിന്റെ അഭിപ്രായം കൂടി നമുക്കു കേള്‍ക്കാം.

സജികുമാര്‍: സ്വാഭാവികമായും നമുക്കിതൊരു പുതിയ ആശയമായിരുന്നു. പണ്ടുമുതലേ നമ്മള്‍ കേട്ടിട്ടുളളത്‌ മരങ്ങള്‍ തമ്മില്‍ ഒരു നിശ്ചിത അകലം വേണം എന്നുളളതാണ്‌. അപ്പോള്‍ ഒരു ചെറിയ സ്ഥലത്ത്‌ ഒരുപാട്‌ മരങ്ങള്‍ നടുമ്പോള്‍ ഇത്‌ വളര്‍ന്നുവരുമോ എന്ന സംശയമുണ്ടായിരുന്നു. അന്ന്‌ മരണപ്പെട്ടു പോയ പ്രഫ. മിയാവാക്കി ഓണ്‍ലൈനില്‍ നമ്മളുമായി സംവാദം നടത്തിയിരുന്നു. പുളളി പറഞ്ഞതില്‍ നിന്നാണ്‌ നമുക്കിത്‌ മനസിലാവുന്നത്‌. അപ്പോഴും സംശയങ്ങള്‍ ബാക്കിയുണ്ടായിരുന്നു. കുറേയൊക്കെ നശിച്ചുപോകുമെന്നായിരുന്നു കരുതിയിരുന്നത്‌. ഒരെണ്ണം പോലും പോയില്ല എന്നുളളതാണ്‌ ഇതിന്റെയൊരു പ്രത്യേകത. മാത്രമല്ല, ഇത്‌ വെക്കുന്നതിനോടൊപ്പം തന്നെ സ്വതന്ത്രമായി ചെടികള്‍ പുറത്തു വെച്ചിരുന്നു. അതിന്റെ വളര്‍ച്ചയും ഇതും തമ്മില്‍ താരതമ്യം ചെയ്‌തു നോക്കിയാല്‍ ഇത്‌ നാലോ അഞ്ചോ ഇരട്ടിയോളം വളര്‍ന്നിട്ടുണ്ട്‌. പ്ലാവ്‌ അടക്കമുളള മരങ്ങള്‍ പുറത്തുവെച്ചു. അതിന്റെ രണ്ടുവര്‍ഷത്തെ വളര്‍ച്ചയും ഇതിന്റെ രണ്ടുവര്‍ഷത്തെ വളര്‍ച്ചയും തമ്മില്‍ ഉയരത്തിലും വലിപ്പത്തിലുമൊക്കെ വലിയ അന്തരമുണ്ട്‌.

ഹരി: കേരളത്തിലെ സ്‌കൂളുകളില്‍ വെച്ചിട്ടുളള ഏറ്റവും മികച്ച മിയാവാക്കി മാതൃക ഇതാണ്‌. കടല്‍തീരങ്ങളിലും പലതരം സ്ഥലങ്ങളിലും വെച്ചിട്ടുണ്ടെങ്കിലും ഇതുപോലെ ഉളള ഒരു സ്ഥലം വേറെ ഇല്ലായിരുന്നു. കൃഷിയില്‍ താത്‌പര്യമുളള ആളുകള്‍ക്ക്‌ ഇതിന്റെയൊരു സാങ്കേതികവിദ്യ മനസിലാക്കി കഴിഞ്ഞാല്‍ കൃഷിയില്‍ അവര്‍ക്കിത്‌ ഉപയോഗിക്കാന്‍ പറ്റും. പക്ഷെ മിയാവാക്കി മാതൃക ഒരിക്കലും ഏകവിളയെ പ്രോത്സാഹിപ്പിക്കുന്നില്ല. കുറഞ്ഞത്‌ മുപ്പതിനം ചെടികളെങ്കിലും ഇടകലര്‍ത്തി വളര്‍ത്തിയെങ്കില്‍ മാത്രമേ അതിന്‌ ഇപ്പറയുന്ന പ്രകൃതിയുടെ പരിരക്ഷണം ലഭിക്കുകയുളളൂ. അതായത്‌ അതില്‍ വരുന്ന പുഴുക്കളെയും പ്രാണികളെയും ഒക്കെ മറ്റു ജീവികള്‍ തിന്നുന്ന സ്വാഭാവിക അവസ്ഥ ഉണ്ടാകണമെങ്കില്‍ മിനിമം മുപ്പതിനങ്ങളെങ്കിലും വേണം. എന്തായാലും മിയാവാക്കി മാതൃകയെ കുറിച്ചു പഠിക്കുന്നത്‌ നല്ലതാണ്‌. നിങ്ങള്‍ക്ക്‌ എത്ര കുറഞ്ഞ സ്ഥലത്തായാലും സ്വയം ചെയ്യാന്‍ കഴിയും. തീര്‍ച്ചയായിട്ടും ഇത്‌ പഠിക്കുക, പരീക്ഷിച്ചു നോക്കുക.