വീടിനു ചുറ്റും സ്ഥലമില്ല, ടെറസ്സിലെങ്ങനെ മിയാവാക്കി ചെയ്യാമെന്ന് പലരും ചോദിക്കുന്നുണ്ട്. അതിനുള്ള ഉത്തരമാണ്. അതിനുമുമ്പൊരു കാര്യം പറയാനുണ്ട്, നമ്മൾ മുമ്പ് മിയാവാക്കി ആദ്യം അവതരിപ്പിച്ച സമയത്ത് ഒരു മീറ്റർ മണ്ണ് മാറ്റിയ ശേഷം നടീൽ മിശ്രിതം മിക്സ് ചെയ്ത് മണ്ണ് തിരിച്ചിടുന്ന ഒരു മോഡൽ പറഞ്ഞിരുന്നു. അതു ചെലവേറിയതാണ്. മാത്രമല്ല, പാറ, ലാറ്ററൈറ്റ് പോലുള്ള സ്ഥലങ്ങൾ അല്ലാത്തിടത്ത് അങ്ങനെ കുഴിക്കേണ്ട ആവശ്യമില്ല. ഇപ്പോൾ നമ്മൾ പുതിയൊരു മോഡൽ മുന്നോട്ടുവെയ്ക്കുന്നത് അടിയിലോട്ട് പാറയല്ലങ്കിൽ, വെട്ടുകല്ലാണെങ്കിൽ അതിനെ വെട്ടിക്കുഴിച്ച് കുറച്ച് മാറ്റിയില്ലെങ്കിൽ വേര് താഴോട്ടു പോകാൻ പ്രയാസമായിരിക്കും. നല്ല മണ്ണാണെങ്കിൽ ഏറ്റവും മുകളിലത്തെ മണ്ണ് മാത്രം അരയടി സൈഡിലേയ്ക്ക് മാറ്റുക. എന്നിട്ട് ബാക്കി മണ്ണ് തൂമ്പയോ, പിക്കാസോ, ജെസിബിയോ കൊണ്ട് ഇളക്കുക. അതിലേയ്ക്ക് ചാണകപ്പൊടിയോ ആട്ടിൻകാട്ടമോ, കംപോസ്റ്റോ, ചകിരിച്ചോറോ, കരിയിലയോ, ചിന്തേരോ, ഇടുക. എന്നിട്ട് നന്നായി ഇളക്കുക. ഇളക്കിയ ശേഷം മേൽമണ്ണ് ചേർത്ത് ഒന്നു കൂടി ഇളക്കുക. അപ്പോൾ ഒരു ദിവസം കൊണ്ട് ആ പ്രോസസ്സ് മുഴുവൻ കഴിയും. നേരത്തെ ഇത്രയും ഏരിയ ചെയ്യുമ്പോൾ വലിയൊരു ഭാഗം മണ്ണു ചുമന്നു മാറ്റേണ്ടി വരും. അത് കോസ്റ്റ് ഒരുപാട് കൂട്ടും. ആ കോസ്റ്റ് കുറച്ച് മാനേജബിൾ ആക്കാനാണ് ഇങ്ങനെ ഒരു പോംവഴി.

വെട്ടുകല്ലുള്ള സ്ഥലങ്ങളിൽ ഇങ്ങനെത്തന്നെ ചെയ്യേണ്ടി വരും. അല്ലാത്ത സ്ഥലത്ത് ഇത് എളുപ്പമായിരിക്കും. ഇനി ടെറസ്സിൽ വയ്ക്കുന്ന മോഡൽ പറയാം. ടെറസ്സ് ചെയ്യുമ്പോൾ തന്നെ മിയാവാക്കിക്കായി വെള്ളം ചോരാതെ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ച് അതിന്റെ മുകളിൽ ഫൈബർ കോട്ടിംഗ് ചെയ്ത് എടുക്കുക. ഫൈബർ കോട്ടിംഗിന് 90 രൂപ സ്ക്വയർഫീറ്റിനാകും. ടെറസ്സാകുമ്പോൾ വെള്ളം ചോരാതിരിക്കാൻ മൊത്തം ഏരിയ ചെയ്യേണ്ടി വരും. ഇങ്ങനെ ചെയ്താൽ വെള്ളം ഒരിക്കലും പാരപ്പറ്റിലേയ്ക്ക് ഇറങ്ങില്ല. ഇങ്ങനെ ചെയ്തില്ലെങ്കിലും ടെറസ്സിലേയ്ക്ക് അങ്ങനെ വെള്ളം ഇറങ്ങുമെന്ന് തോന്നുന്നില്ല. നമ്മൾ വാട്ടർ ടാങ്കൊക്കെ ടെറസ്സിൽ വയ്ക്കുന്നതാണ്.

ഇവിടെ വേറൊരു മോഡൽ ആണ്. ഇത് ഫൈബർ കൊണ്ടുള്ള ഒരു ടാങ്കാണ്. കുറച്ച് വില കൂടുതലാണ്. 6000-7000 രൂപയോളം വരും. ഇതിൽ വലിയ മരങ്ങൾ നടാനാകും. ഒരു മീറ്ററോളം പൊക്കമുണ്ട്. ഇതിൽ നമ്മൾ മരങ്ങൾ വച്ചു കാണിക്കാം എങ്ങനെ വളരുമെന്ന്. ഇതിൽ നല്ല രീതിയിൽ മിക്സ് ഉണ്ടാക്കി നിറച്ചു കഴിഞ്ഞു, ഇനി ചെടി എടുത്തുവച്ചാൽ മതി. പഴം ഉണ്ടാകുന്ന ചെടികൾ വെക്കുന്ന കൂട്ടത്തിൽ പൂച്ചെടികളും പച്ചക്കറികളും വെക്കാം. ഇത് ഏകദേശം രണ്ട് സ്ക്വയർ മീറ്ററുണ്ട്. ആകൃതി ഇങ്ങനെ ആയതിനാലാണ് കൃത്യമായി പറയാനാകാത്തത്.

ഇതിൽ കുറച്ച് മരവും കുറ്റിച്ചെടികളും എല്ലാം വയ്ക്കാം. ഏകദേശം പത്ത് ചെടികൾ വെക്കാം. അതിന്റെ ഇടയ്ക്ക് ചീരയോ, തക്കാളിയോ പോലെയുള്ള ചെടികൾ വയ്ക്കാം. രണ്ടാമത്തെ വിഷയം ഇതിൽ എങ്ങനെ വെള്ളം നിറയ്ക്കും എന്നാണ്. അതിനൊരു മാർഗ്ഗം വെള്ളം കോരുന്ന കുടം എടുത്ത് അതിൽ വെള്ളം നിറച്ചിട്ട് ഒരടി മാന്തി ആ കുടങ്ങൾ ഇതിൽ കുഴിച്ചിടുക. എന്നിട്ട് ആ കുടങ്ങൾ നിറച്ച് കൊണ്ടിരുന്നാൽ മതി. കുടം പനയ്ക്കുക എന്നു പറയും ഞങ്ങളുടെ നാട്ടിൽ. ഈ കുടത്തിൽനിന്ന് വെള്ളം തുള്ളിതുള്ളിയായി പുറത്തേയ്ക്ക് വരും. അങ്ങനെ വരുന്ന വെള്ളത്തിൽ നിന്നും ചെടികൾക്ക് ആവശ്യമായ നനവ് കിട്ടിക്കൊണ്ടിരിക്കും. വേനൽക്കാലത്ത് ഒന്നോ രണ്ടോ ദിവസം നമ്മൾ എവിടെയങ്കിലും പോകുകയാണെങ്കിലും ചെടികൾക്ക് വെള്ളം കിട്ടില്ല എന്ന പേടി വേണ്ട.

അല്ലെങ്കിൽ വേറൊരു മാർഗ്ഗം നമ്മുടെ നാട്ടിൽ പല സാധനങ്ങളും, ലിക്വഡ് പാക്കറ്റുകളിൽ വരുന്നുണ്ട്, അങ്ങനെയുള്ള പലതും ഓൺലൈനിൽ വാങ്ങുന്നുണ്ട്. അങ്ങനെ വാങ്ങുന്ന സർഫ് പോലുള്ളവയുടെ പാക്കറ്റ് ഉപയോഗ ശേഷം നന്നായി കഴുകി ആ കൂട് വെള്ളം നിറച്ചിട്ട് ഒരു സേഫ്റ്റി പിന്ന് കൊണ്ടോ മറ്റോ ദ്വാരം ഇട്ട് ഇതിനിടയ്ക്ക് വയ്ക്കുക, അതിൽ 1 ലിറ്റർ വെള്ളമോ മറ്റോ നിൽക്കും. അതിൽ നിന്നും തുള്ളി തുള്ളിയായി വെള്ളം വീണു കൊണ്ടിരിക്കും. രാവിലെ വച്ചാൽ വൈകുന്നേരം വരെ ചെറിയ നനവ് മണ്ണിന് കിട്ടിക്കൊണ്ടിരിക്കും. ഒറ്റയടിക്ക് നനയില്ല, ചെടിയ്ക്ക് ചെറിയ നനവ് കൊടുക്കാൻ പറ്റും, ഇതൊക്ക പരീക്ഷിക്കാവുന്ന മാർഗ്ഗങ്ങളാണ്. ഇത് ഞങ്ങളും പരീക്ഷിച്ചു കൊണ്ടിരിക്കുന്നേ ഉള്ളൂ അതുകൊണ്ട് കൃത്യം റിസൾട്ട് എന്താന്നു പറയാനാവില്ല. കുടം വച്ചു, അത് വിജയകരമാണ്. ഇത് യൂറോപ്പിൽ പെർമാകൾച്ചർ ചെയ്യുന്ന പലരും ചെയ്യുന്ന രീതിയാണ്. അതിൽ കണ്ടിട്ടാണ് ഞാനിതൊക്കെ പരീക്ഷിച്ചു നോക്കിയത്.

ആളുകൾ ഉന്നയിക്കുന്ന പ്രധാന സംശയം ടെറസ്സിൽ ഇത്രയും ഭാരം കയറ്റിയാൽ വീട് തകരുമോ എന്നാണ്. ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങളുടെ എഞ്ചിനീയറോട് തന്നെയാണ് അത് ചോദിക്കേണ്ടത്. ഞങ്ങളുടെ ആദ്യം വച്ച വീടിന്റെ മുകളിൽ കോണ്ക്രീറ്റ് ബക്കറ്റുകളിൽ വലിയ തോതിൽ ടെറസ്സ് ഗാർഡനിംഗ് ചെയ്തിരുന്നു. അത് കോൺക്രീറ്റ് സട്രക്ച്ചർ ആയിരുന്നു. ഒരെണ്ണത്തിന് തന്നെ ഏകദേശം 80 കിലോയോളം ഭാരം ഉണ്ടായിരുന്നു. എടുത്തുകൊണ്ട് മുകളിലേയ്ക്കു വരാൻ തന്നെ പാടായിരുന്നു. മണ്ണൊക്കെ നിറച്ചു കഴിഞ്ഞപ്പോൾ താഴെകൊണ്ടു പോകാൻ പാടായി. കുറെക്കാലം കഴിഞ്ഞപ്പോൾ മണ്ണൊക്കെ മാറ്റിയ ശേഷമാണ് അത് താഴേക്ക് ഇറക്കിയത്.

ഒരു സ്ക്വയർമീറ്ററിൽ നാനൂറ് കിലോ വരെ ഭാരം കുഴപ്പമില്ല എന്നാണ് എന്റെ വീട് ചെയ്ത ആർക്കിടെക്റ്റ് പറഞ്ഞത്. ഞാൻ ആലോചിച്ച ലോജിക് നമ്മൾ നാലു പേര്, 100 കിലോ ഉള്ളവർ, അല്ലെങ്കിൽ അഞ്ചുപേർ ഒരു സ്ക്വയർമീറ്ററിൽ ചേർന്നു നിന്നാൽ ഒരിക്കലും വീട് താഴേക്ക് പോകില്ല. അവിടെ ഒരു വ്യത്യാസം ഈ ടെറസ്സിൽ നിൽക്കുന്ന ആളുകൾ അവിടെതന്നെ നിൽക്കുന്നില്ല, അവർ അങ്ങോട്ടോ ഇങ്ങോട്ടോ മാറും. വെയ്റ്റ് സ്ഥിരമായി നിൽക്കുമ്പോഴാണ് ബലക്ഷയം ഉണ്ടാകുന്നത്. 400 കിലോ ഒരു സ്ക്വയർ മീറ്ററിൽ എന്ന ലോജിക് വച്ചു നോക്കുമ്പോ ഈ സാധനങ്ങളൊന്നും അത്ര വെയ്റ്റില്ല. ഇതിന് വരാവുന്നത് മരം അടക്കം നൂറു കിലോ ആണ്. മരം വലുതായി വളരില്ല, ശിഖരങ്ങളൊക്കെ മുറിച്ച് നിർത്താം. പൂക്കളും കായ്കളും ഉണ്ടാകാനായിട്ട് നന്നായിട്ട് പ്രൂൺ ചെയ്ത് നിർത്താം.

ഇതിൽ ചാണകപ്പൊടിപോലുള്ള സാധനങ്ങൾ കൂടുതൽ ഇടുക. മണ്ണിനാണ് ഭാരം അങ്ങനെ നിൽക്കുന്നത്. ചാണകപ്പൊടിയൊക്കെ മരം വലിച്ചെടുക്കുകയും മണ്ണിൽ അലിഞ്ഞു ചേരുകയും അങ്ങനെ പോകുകയും ചെയ്യും. പിന്നെ വീണ്ടും ഇട്ടു കൊടുത്താൽ മതി. ഇതിന്റെ നാലിലൊന്നേ മണ്ണ് വരുന്നുള്ളു. ബാക്കി ഭാഗം, ചകിരിച്ചോറും ഉമിയും പോലുള്ള സാധനങ്ങളാണ് വരുന്നത്. ഫില്ല് ചെയ്ത് കിടക്കുന്നത് കൊണ്ട് വെയ്റ്റ് ഉള്ള സാധനമാണെന്ന് വിചാരിക്കാൻ പറ്റില്ല. പിന്നെ ഇങ്ങനെയുള്ള സാധനങ്ങൾ വയ്ക്കുമ്പോൾ ടെറസ്സിന്റെ നടുക്കു വയ്ക്കാതെ ഭിത്തിയോട് ചേർന്ന് വയ്ക്കുക, ബീം ഉള്ളയിടത്ത് ബീമിന്റെ മുകളിൽ വയ്ക്കുക. അപ്പോൾ അതിന്റെ ഒരു സപ്പോർട്ട് ഭാരം താങ്ങാനായിട്ട് കിട്ടും. വീടിന്റെ ടെറസ്സിന്റെ നടുക്ക് വയ്ക്കാതെ നടുഭാഗം ഫ്രീ ആയിട്ട് ഇടുക, ചുറ്റോടു ചുറ്റും ചെടി വയ്ക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.

രണ്ടാമത്തെ വിഷയം ഇത്രയും പൈസ ടെറസ്സിൽ മുടക്കാൻ ഉണ്ടോ എന്നുള്ളതാണ്. ഏഴായിരം രൂപ മുടക്കി ഒരു ടാങ്ക് വാങ്ങിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല, എല്ലാവർക്കും കഴിയില്ല. ഞാനിത് പരീക്ഷണമായതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. അതിനൊരു മാർഗ്ഗം തകർന്ന ഉപയോഗ ശൂന്യമായ വാട്ടർടാങ്ക് വാങ്ങാൻ കിട്ടും. കടകളിലൊക്കെ പൊട്ടിയ വാട്ടർ ടാങ്ക് കിട്ടും. പൊട്ടിയത് മാറ്റി പുതിയത് വാങ്ങുന്നവരിൽ നിന്ന് വാങ്ങാം. അതും ഒരു ഓപ്ഷനാണ്. അതിന് വലിയ വില വരില്ല 1000 രൂപ കൊടുത്താൽ അല്ലെങ്കിൽ 500 രൂപ കൊടുത്താൽ കിട്ടും. അതുവാങ്ങി ടാങ്കിനെ രണ്ടായി മുറിക്കുക. ഒരു വാട്ടർ ടാങ്കിന് അഞ്ചടിയാണ് മുറിക്കുമ്പോൾ രണ്ടര അടി കിട്ടും ഒരെണ്ണം. മുകളിലത്തെതിൽ ദ്വാരമുണ്ടെന്നാണ് ഒരു പ്രശ്നം, അതിന് ആ അടപ്പ് തന്നെ വച്ച് തിരിച്ചു വയ്ക്കുക. അല്ലെങ്കിൽ തകിടോ നെറ്റോ അതിനകത്ത് വച്ച് മണ്ണ് താഴേക്കു പോകാതെ നോക്കുക. വെള്ളം പോകാനായി ദ്വാരം ഇടുക. കോഴിക്കോട് ഇതിൽ വിദഗ്ധനായ ഒരാളോട് കുറെ ആവശ്യക്കാർ ഉണ്ടെങ്കിൽ മാസ്സീവ് ആയി ചെയ്തു കൊടുക്കാനായി നോക്കുന്നുണ്ട്. ഒരാളൊക്കെ ആണെങ്കിൽ ചിലവിൽ വലിയ കുറവ് വരില്ല. 3000-4000 രൂപ റെയ്ഞ്ചിൽ ഇത് ഇറക്കാൻ പറ്റുമോ എന്ന് ചോദിച്ചിട്ടുണ്ട്. അത് നടക്കുകയാണെങ്കിൽ തീർച്ചയായും അറിയിക്കാം. ഈ വാട്ടർ ടാങ്ക് മോഡലും പരീക്ഷിക്കാവുന്ന ഒന്നാണ്. ഈ രണ്ടു സാധനങ്ങളും ടെറസ്സിൽ ഒന്നു വച്ചുനോക്കുക.