കഴിഞ്ഞ എപ്പിസോഡിൽ ഞങ്ങൾ പറഞ്ഞത് മിയാവാക്കി മോഡൽ ടെറസ്സ് ഗാർഡനിങ്ങിൽ വീടിന്റെ മുകളിൽ ഫൈബർ ടാങ്കുകളിൽ എങ്ങനെ ചെടി വയ്ക്കാം എന്നുള്ളതാണ്. അതിത്തിരി ചെലവുള്ള കാര്യമാണ്, മാത്രമല്ല അതിനു വേണ്ടി ആളുകൾ ഇത്തിരി ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്. ടാങ്കുണ്ടാക്കുക, അത് കൊണ്ടുവരുക അതിന്റെ ട്രാൻസ്പോർട്ടേഷൻ കൂലി ചിലപ്പോൾ ഇതുണ്ടാക്കുന്ന അത്രയും തന്നെ വരും, അടുത്തെങ്ങും ഇത് ഉണ്ടാക്കുന്ന ആൾ കാണണമെന്നില്ല, അങ്ങനെ പല പ്രശ്നങ്ങളും ഇതിലുണ്ട്. അതെല്ലാം ഒഴിവാക്കി ലളിതമായ ഒരു പരിഹാരത്തെക്കുറിച്ച് ആലോചിച്ചു.
ഈയിടെ ഒരു വാർത്ത വായിച്ചു, ഒരു വിദ്വാൻ ഹൈദരാബാദിലോ ബാഗ്ലൂരിലോ അയാളുടെ ടെറസ്സിന്റെ മുകളിൽ വലിയ കട്ടിയുള്ള ഗ്രോബാഗ്സിൽ നൂറു കണക്കിന് ചെടികൾ വച്ചിട്ട് അതെല്ലാം കൂടി അടുത്തുവച്ച് ടെറസ്സിൽ നല്ലൊരു വനം തീർത്തിരിക്കുന്നു എന്ന്, അത് നല്ലൊരു ഭാവനയാണ്, അദ്ദേഹത്തെ അംഗീകരിക്കണം. അത് മിയാവാക്കിയിലേക്ക് പരീക്ഷിച്ചാലോ എന്ന് ഞങ്ങൾക്കൊരു തോന്നലുണ്ടായി, അതിന്റെ ഭാഗമായി നമ്മുടെ നാട്ടിലേറ്റവും ചിലവ് കുറച്ച് കിട്ടുന്ന ഒന്നു രണ്ടു സാധനങ്ങളുണ്ട്, അതിലൊന്ന് അച്ചടി മഷി വരുന്ന ബക്കറ്റുകളാണ്, അതിന് 75 രൂപ വരും. ശരാശരി 35 രൂപയ്ക്കാണ് പ്രസ്സുകൾ വിൽക്കുന്നത്. ആക്രിക്കടകളിലത് കിട്ടും. അവർക്കത് ക്ലീൻ ചെയ്യാനായിട്ട് നല്ലൊരു ചിലവ് വരും. ഇതിലെന്തോ ഒരു ലായനി ഉപയോഗിച്ചാണ് അകത്തെ മഷി മാറ്റുന്നത്. 75-100 രൂപ റെയ്ഞ്ചിലാണ് അത് കിട്ടുന്നത്.
ആ ബക്കറ്റുകൾ ഞാനിവിടെ ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ സാമ്പിൾ കാണിക്കുന്നുണ്ട്. അതൊരു അഞ്ചുവർഷം വരെ ഒരു കുഴപ്പവും ഇല്ലാതെ ഇരിക്കുന്നുണ്ട്. ടെറസ്സിലൊക്കെ അനക്കാതെ വയ്ക്കുകയാണെങ്കിൽ അതിലും കൂടുതൽ കാലം ഇരിക്കുമെന്നാണ് തോന്നുന്നത്. കാരണം ചെടി മുകളിലേയ്ക്ക് വളർന്നാൽ പിന്നെ അതിൽ വെയിലടിക്കുന്നില്ല. പ്ലാസ്റ്റിക്കിന്റെ ക്വാളിറ്റി പോകാനുള്ള ഒരു പ്രധാന കാരണം അതിൽ വെയിൽ വീഴുന്നതാണ്. കുറെക്കാലം വെയിലത്തിരുന്നു കഴിയുമ്പോൾ അതിന്റെ കടുപ്പത്തിനും ദൃഢതയ്ക്കുമെല്ലാം കുറവ് വരും, അത് ഉപയോഗശൂന്യമായി മാറും. ഇവിടെ തണലത്തിരിക്കുന്നത് കൊണ്ട് അത് സംഭവിക്കുന്നില്ല. പിന്നെ വരുന്നത് പെയിന്റ് പാട്ടകളാണ്. ഏഷ്യൻ പെയിന്റസ് പോലുള്ള കമ്പനികളുടെ പെയിന്റു വരുന്നത് വലിയ പാട്ടകളിലാണ്, പണ്ട് വീടിന് രണ്ടു ദിവസം കുറച്ച് ചുണ്ണാമ്പ് വാങ്ങി കലക്കി അടിച്ചാൽ 15 രൂപയിൽ തീരുന്ന കാര്യം, ഇന്ന് വീടിനോളം കോസ്റ്റ് ആണ് പെയിന്റിങ്ങിന് വരുന്നത്, പെയിന്റിങ്ങിനും അതിന്റെ ബ്രഷ് അടക്കമുള്ള സാധനങ്ങൾ വരുമ്പോ നല്ലൊരു തുക വരുന്നുണ്ട്. പെയിന്റ് വരുന്നത് വലിയ ഡബ്ബകളിലാണ്. ആ ഡബ്ബ വാങ്ങിച്ച് അതിന്റെ തല മുറിച്ചു കളഞ്ഞാൽ വാ വട്ടമുള്ള ചെടി വളർത്താൻ ഉപേയാഗിക്കാവുന്ന ഒരു സാധനമായിട്ട് മാറും.
മുറിച്ചെടുത്ത തലയും ഉപേയാഗിക്കാം. ആ തലയിൽ നമുക്ക് ഇഞ്ചി, മഞ്ഞൾ പോലുള്ള സാധനങ്ങൾ വച്ചു പിടിപ്പിക്കാൻ പറ്റും. കാരണം അതിനൊരു 3 ഇഞ്ച് കനം കിട്ടും. ഇഞ്ചി സാധാരണ 2-2.5 ഇഞ്ചിൽ കൂടുതൽ വളർന്നു പോകില്ല, നമുക്ക് വേണമെങ്കിൽ 4 ഇഞ്ച് വച്ചു വേണമെങ്കിലും മുറിക്കാം, മുറിച്ചിട്ട് അത് നിവർത്തി വച്ചാൽ അത്രയും സ്ഥലത്ത് തന്നെ ഇഞ്ചി, മഞ്ഞൾ, കൂവ പോലുള്ള കിഴങ്ങു സാധനങ്ങളെല്ലാം അതിൽ വയ്ക്കാൻ പറ്റും. വേര് അധികം വേണ്ടാത്ത ചീര പോലുള്ള സാധനങ്ങൾ വയ്ക്കാൻ പറ്റും. ചെറിയ പച്ചക്കറികൾ, തക്കാളിയൊക്കെ അതിൽ വയ്ക്കാൻ പറ്റും. അതുകൊണ്ട് അത് പാഴാകുന്നില്ല. ഏകദേശം 200 രൂപ നിരക്കിൽ ഈ വീപ്പ മാർക്കറ്റിൽ കിട്ടും - ഉപയോഗം കഴിഞ്ഞ പെയിന്റ് പാട്ടകൾ, ആ പാട്ടകൾ നമ്മൾ വാങ്ങിക്കഴിഞ്ഞാൽ അതിൽ മിയാവാക്കി രീതിയിൽ ഇതൊക്കെ നിറയ്ക്കുകയും ചെടി നടുകയും ചെയ്യാം.
എന്നിട്ട് ബാംഗ്ലൂരിലെ വിദ്വാൻ ചെയ്തപോലെ ഇവയെ ചേർത്ത് വയ്ക്കുക അതിലൊരു പ്രശ്നം ഒരു ചെടിയ്ക്ക് വേരു വളരാനുള്ള സ്കോപ്പില്ല, ഇതിന്റെ വേരുകൾ തമ്മിൽ ബന്ധമുണ്ടാകില്ല. മിയാവാക്കി കാട്ടിൽ മരങ്ങൾ അടുത്തടുത്ത് നിൽക്കുമ്പോ ഇതിന്റെ എല്ലാം വേര് പിണഞ്ഞാണു പോകുന്നത്. അതു കൊണ്ടാവും എത്ര വലിയ കൊടുങ്കാറ്റ് വന്നാലും ഇതൊന്നും മറിഞ്ഞു വീഴാത്തത്. രണ്ട് കാരണങ്ങൾ ഉണ്ട്, ഒന്ന് മരങ്ങളിൽ തട്ടി, മരങ്ങളുടെ വലിയ ഒരു നിര നിക്കുകയാണ്, പിന്നെ വേരുകൾ ഇങ്ങനെ പരസ്പരം ബന്ധത്തിൽ, ആളുകൾ കൈകോർത്ത് പിടിച്ചു നിൽക്കുന്ന പോലെ - ലാത്തിചാർജ് വരുമ്പോൾ ആളുകളോട് പറയും ഓടരുത് കൈ കോർത്ത് പിടിച്ച് നിൽക്കാൻ, തിരിഞ്ഞ് ഓടി വീണ് ആളുകളുടെ പുറത്ത് ചവിട്ടി കേറിയാണ് ഏറ്റവും കൂടുതൽ അപകടം ഉണ്ടാകുന്നത്, ലാത്തിചാർജ് മാത്രമല്ല, പശു വിരണ്ട് ഓടുകയാണെങ്കിൽ, ആന വിരണ്ട് ഓടുകയാണെങ്കിലെല്ലാം ആളുകൾ വിരണ്ടോടിയാണ് ഏറ്റവും കൂടുതൽ അപകടം ഉണ്ടാകുന്നത്. കൈ കോർത്ത് പിടിക്കുകയാണ് അതിനൊരു സൊലൂഷൻ, കൈ കോർത്ത് കുറെ ആളുകൾ നിൽക്കുകയാണെങ്കിൽ ഓടി വരുന്നവർ അതിൽ തട്ടി നിൽക്കും, എന്നു പറഞ്ഞപോലെയാണ് മരങ്ങൾ, ഇവയുടെ വേര് കോർത്ത് നിൽക്കുന്നതു കൂടി കൊണ്ടാകാം കൊടുങ്കാറ്റ് ഉള്ള സമയത്ത് അത് മറിഞ്ഞ് വീഴാത്തത്. അപ്പോ ഇത് നമ്മൾ ഇങ്ങനെ ഒരു മാതൃകയിൽ ചെയ്യുകയാണ്. ഒന്ന് നോക്കുക, വീപ്പയിൽ ചേർത്ത് വയ്ക്കുകയാണ്. വീപ്പയ്ക്കകത്തു ഒരു ചെടി വയ്ക്കുന്നതോടൊപ്പം തന്നെ അതിനു ചുറ്റും കുറച്ച് പച്ചക്കറി കൂടി വയ്ക്കാൻ ശ്രമിക്കുന്നുണ്ട്. നിങ്ങളും പരീക്ഷിച്ചു നോക്കുക. ടെറസ്സിൽ ഇത് ഏത് ആകൃതിയിലും വയ്ക്കാം. ഇവിടെത്തന്നെ ആറു വീപ്പകൾ അടുപ്പിച്ച് വയ്ച്ചിട്ടുണ്ട്, 12 വീപ്പകൾ അടുപ്പിച്ച് വയ്ച്ചിട്ടുണ്ട്. L ആകൃതിയിലും I ആകൃതിയിലും വച്ചിട്ടുണ്ട്. എന്ത് ആകൃതിയിൽ വേണേലും വയ്ക്കാം, കല്ലടുക്കുന്നതു പോലെയാണ്, വീപ്പകളെ എങ്ങനെ ചേർത്ത് വയ്ക്കുന്നുവോ അതുപോലെ ഇരിക്കും. അതുകൊണ്ട് ഈ മാതൃക ഒന്നു പരീക്ഷിച്ചു നോക്കുക, ഞാൻ പരീക്ഷിക്കുന്നുണ്ട് അതിന്റെ ഫലം എന്താണെന്നുള്ളത് പരീക്ഷണം പൂർത്തിയായി വരുമ്പോ തീർച്ചയായും നിങ്ങളെ കാണിച്ചു തരുന്നതായിരിക്കും.