മിയാവാക്കി കാടുകളിൽ തുടക്കത്തിൽ നമ്മൾ വളളിച്ചെടികൾ വച്ചു പിടിപ്പിച്ചിരുന്നു. ഇപ്പോൾ വള്ളിച്ചെടികൾ വയ്ക്കുന്നില്ല. മനപൂർവ്വം വള്ളിച്ചെടികളെ ഒഴിവാക്കുകയാണ്, ചെടി നന്നായിട്ട് വളർന്ന് രണ്ടു മൂന്നു വർഷം കഴിഞ്ഞിട്ട് വള്ളിച്ചെടി വന്നാൽ മതി എന്നാണ് ഇപ്പോഴത്തെ നിലപാട്. അതിനു കാരണം, കേരളത്തിലെ സാഹചര്യത്തിൽ വള്ളിച്ചെടികൾക്കുണ്ടാകുന്ന വളർച്ചയാണ്. ഇത്രയും വെള്ളവും വളവും ഒക്കെ കിട്ടിക്കഴിയുമ്പോൾ വള്ളി കയറി ചെടികളെ ചുറ്റിമുറുക്കുകയാണ്.
ഇവിടെത്തന്നെ ഒരുപാട് ഉദാഹരണമുണ്ട്, നമ്മൾ വച്ച കാടുകളിലെല്ലാം അത് സംഭവിച്ചു. കനകക്കുന്നിലുമൊക്കെ വളരെ പെട്ടെന്ന് വള്ളികൾ വളരുകയും, ശംഖുപുഷ്പം പോലെ നമ്മൾ ഉപദ്രവകരമല്ല എന്നു കരുതുന്ന വള്ളികൾ പോലും അനുകൂലമായ സാഹചര്യം വരുമ്പോൾ ചുറ്റിപ്പടരുകയാണ്. ശരിക്കും ഫോറസ്റ്റ് കില്ലേഴ്സ് ആണ് വള്ളികൾ എന്ന് ഒരാൾ പറഞ്ഞു. അങ്ങനെ ശാസ്ത്രജ്ഞൻമാരുടെ ഇടയിലും അഭിപ്രായം ഉണ്ട്. ആയിരിക്കാം. പക്ഷെ കേരളത്തിലെ കാടുകളിൽ വള്ളികളെ ഒഴിവാക്കാൻ കഴിയില്ല. അടിസ്ഥാനപരമായിട്ട് വള്ളികൾ ഉള്ള കാടുകളാണ് ഇവിടെ ഉള്ളതെല്ലാം. അതുകൊണ്ട് വള്ളി ഉണ്ട് എന്ന കാര്യത്തിൽ തർക്കമില്ല, വള്ളി വേണം.
ചെയ്യാവുന്നത്, വീടിനടുത്ത് ഒരു സെന്റിലും ഒന്നര സെന്റിലും കാട് വെക്കുമ്പോള് അല്ലെങ്കിൽ അതിലും കുറഞ്ഞ സ്ഥലത്ത് കാട് വെക്കുമ്പോൾ അതിന്റെ കൂടെ വള്ളിച്ചെടികൾ വെക്കരുത്. വീടിനു ചുറ്റും മതില് കെട്ടുന്നതിനു പകരം കഴിയുമെങ്കിൽ നെറ്റാക്കുക. നമ്മൾ പലപ്പോഴും മതിലു കെട്ടാനായി ഒരുപാട് പൈസ ചെലവാക്കുന്നുണ്ട്. കരിങ്കല്ലും, സിമന്റും അങ്ങനെയുള്ള സാധനങ്ങൾ ഒരുപാട് ഉപയോഗിക്കുന്നതു മാത്രമല്ല, സുരക്ഷയുടെ ഭാഗമായിട്ടാണ് അങ്ങനെയൊക്കെ ചെയ്യുന്നത്. ഒന്നും സുരക്ഷിതമല്ല എന്നുള്ളതാണ് സത്യം. ഏതു മതിലിന്റെ മുകളിൽ കൂടിയും ചാടിക്കടക്കാമെന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. വലിയ മതിലുകൾ പോലും ആളുകൾ ബ്രേക്ക് ചെയ്യുന്ന കാഴ്ചയാണ് ഇന്ന്. ഒരാൾ മതിൽ പൊളിച്ചു കടക്കണമെന്നോ, മതിലിന്റെ ഇടയിൽ കൂടി കടക്കണമെന്നോ മുകളിൽ കൂടി കടക്കണമെന്നോ വിചാരിച്ചാൽ കടന്നിരിക്കും. പക്ഷെ നമുക്കൊരു തടസ്സം വേണം, നമ്മുടെ പ്രോപ്പർട്ടിയിലേക്ക് ആളുകള് ഓടി വന്നു കയറാതെ, പശുവോ അതുപോലെയുള്ള ജീവികളോ ഒക്കെ കയറാതെ. അതിന് ഒരു മാർഗമെന്ന നിലയ്ക്ക് ഞങ്ങൾ നിർദ്ദേശിക്കുന്നത് വേലിയാണ്. വേലി നിർദ്ദേശിക്കാൻ വേറെ ഒരുകാര്യം കൂടി ഉണ്ട്. വേലി ജൈവവൈവിധ്യം നിലനിർത്താൻ വളരെ സഹായകരമാണ്.
വേലി ഉണ്ടെങ്കിൽ അതിൽ കുറെയധികം ചെടികൾ പടർത്താന് പറ്റും. ഈ പടർത്തുന്ന ചെടികളിൽ ചിത്രശലഭം മുട്ടയിടും. അതിൽ പ്യൂപ്പ ഉണ്ടാകും, കുഞ്ഞുങ്ങൾ വിരിയും. മറ്റു ജീവികൾ വന്നിരിക്കും. അതു പോലെതന്നെ വേലിയിൽ പടർത്താവുന്ന പയർ, കോവൽ, നിത്യ വഴുതന, പാഷൻ ഫ്രൂട്ട്, അങ്ങനെ ഒരു പാട് വളളികളുണ്ട്. പറമ്പിനു ചുറ്റും അഞ്ചുസെന്റ് വേലിയുണ്ടെങ്കിൽ, സ്ഥലം നഷ്ടപ്പെടാതെ തന്നെ, മുന്തിരി പോലും വേലിയിൽ പടർത്തി നോക്കാവുന്നതാണ്. മരുന്നു ചെടികൾ ഇഷ്ടം പോലെ പടർത്താം. പൂവുള്ള വള്ളികൾ പടർത്താം, മുല്ല പടർത്താം. അപ്പോൾ വേലി പറമ്പിനുചുറ്റും പടർത്തുന്നത് നഷ്ടമല്ല, ശരിക്കും ലാഭമാണ്. വേലി ചെടികൾ കൊണ്ട് മൂടിക്കഴിയുമ്പോൾ, വളരെ നല്ല ഒരു ഫെൻസിംഗ്, ബയോഫെൻസിംഗ് ആണ്. മെറ്റാലിക് ഫെൻസിങ്ങിനു പുറമെ ഇങ്ങനെ ഒരു ഫെൻസിംഗ് കൂടി വരുമ്പോൾ അതായത് ഒരു ഇരുമ്പു വേലി അല്ലെങ്കിൽ കമ്പി കൊണ്ടുള്ള ഒരു വേലി വന്നിട്ട് അതിന്റെ പുറത്ത് ചെടികൊണ്ട് കൂടി പൊതിയുമ്പോൾ നല്ലൊരു സംരക്ഷണവും കിട്ടും, ഒപ്പം തന്നെ വളരെ പ്രയോജനകരമായ വിധത്തിൽ കാര്യങ്ങൾ ശരിയാക്കി എടുക്കാൻ പറ്റും.
വേലിയ്ക്ക് ഒരു ഉപരിതലം കൂടി വരുന്നുണ്ട്. അത്രയും ഏരിയ നമുക്ക് കിട്ടുകയാണ്. മണ്ണിൽ ഒരു പന്തലിട്ട് വള്ളി കയറ്റിവിട്ടാൽ അതിന്റെ ചുവട്ടിൽ ഒന്നും നടാൻ പറ്റില്ല. പക്ഷെ ഇങ്ങനെ വേലി കെട്ടുമ്പോൾ വള്ളി കയറിക്കഴിഞ്ഞാൽ അത്രയും സ്ഥലം നമ്മുടെ കൈയ്യിലുള്ള സ്ഥലത്തിന് പുറമെ ഉള്ള സ്ഥലമായി പ്രയോജപ്പെടുത്താൻ സാധിക്കും. അന്തരീക്ഷവും കൂടി പ്രയോജനപ്പെടുത്തുകയാണ്. അത് ചെയ്യാൻ ശ്രമിക്കണം, ഞാനിവിടെ കുറെ സ്ഥലത്ത് പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. നല്ല സൗകര്യമായിട്ടാണ് തോന്നിയത്. ചെലവും കുറവാണ്, പിന്നെ ഒരുപാട് വളളികൾ പടർന്ന് നന്നായിട്ട് വരുന്നുമുണ്ട്. അതുകൊണ്ട് ആ മാതൃക നിങ്ങളും പരീക്ഷിച്ചുനോക്കണമെന്ന് അപേക്ഷിക്കുന്നു. ഈ മതിലിന്റെ വൃത്തികേട് കാണാതെ തന്നെ കുറയ്ക്കാൻ സാധിക്കും. മതിൽ എന്റെ സൗന്ദര്യബോധത്തിന് ചേരുന്നതല്ല, നിങ്ങൾക്കത് ഇഷ്ടപ്പെടുമോ എന്നറിയില്ല. തീർച്ചായായും നിങ്ങൾക്ക് ഇഷ്ടപ്പെടാൻ അവകാശം ഉണ്ട്. ഈ മതിലുകളെ മാറ്റി കേരളം മുഴുവൻ വേലി വെച്ചാൽ ഒരു പക്ഷെ കേരളത്തിന്റെ പഴയ ഭംഗി പകുതിയെങ്കിലും തിരിച്ചു കിട്ടുമെന്നാണ് എനിക്കു തോന്നുന്നത്.