ഓഫീസുകളിലും വീടിന്റെ മുറ്റത്തും ഒക്കെ നമ്മൾ പുൽത്തകിടി വെച്ചു പിടിപ്പിക്കാറുണ്ട്. കാഴ്ച്ചയ്ക്കൊരു പച്ചപ്പും കുളിർമയും കിട്ടും, ചൂട് അധികം അടിക്കില്ല. നമ്മുടെ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സ്മാരകങ്ങളുടെ ചുറ്റും കഴിയുന്നതും പുല്ല് വെച്ച് പിടിപ്പിക്കാറുണ്ട്. അതിന് അവർ പറയുന്ന ന്യായം പുല്ല് പിടിപ്പിച്ചാൽ അന്തരീക്ഷത്തിലെ ചൂട് മൂന്ന് നാല് ഡിഗ്രി എങ്കിലും കുറയും, അത് ആ ബിൽഡിംഗിന് വളരെ അനുകൂലമായ ഒരു അന്തരീക്ഷം ഉണ്ടാക്കും. മണല് വിരിച്ച് അത് ചുട്ടുപഴുത്തു കിടക്കുന്നതിനേക്കാൾ നല്ലത് പുല്ലു വിരിച്ച് താഴോട്ടു ചൂടു കൊണ്ടു വരുന്നതാണ് നല്ലതെന്നാണ്.

ഇതിന്റെ കൂട്ടത്തിൽ ആലോചിക്കേണ്ട ഒരു കാര്യമുണ്ട്. രണ്ട് ദോഷങ്ങൾ ഈ പുല്ലിനുണ്ട്, ഒന്ന് പുല്ലിന്റെ മെയിന്റനൻസ് ചെലവ് വളരെ കൂടുതലാണ്. പുല്ലുണ്ടാകുന്ന പല സ്ഥലത്തും, ബഫല്ലോ ഗ്രാസ്സ് ആണ് പലയിടത്തും വെച്ചു പിടിപ്പിക്കുക - അത് നാടൻ പുല്ലാണ്, വച്ചു പിടിപ്പിച്ചാൽ പെട്ടന്നങ്ങ് വളരും. അതല്ലാതെ ഗാർഡനിൽ ഉപയോഗിക്കുന്ന വിദേശ പുല്ലുകളെല്ലാം തന്നെ ചിതലുകേറാനും മറ്റു കീടങ്ങൾ ബാധിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അപ്പോൾ നല്ല തോതിൽ കീടനാശിനി അവിടെ പ്രയോഗിക്കാറുണ്ട്. അത് ആളുകൾ നടക്കുന്ന സ്ഥലമാണ്, ജീവിക്കുന്ന സ്ഥലമാണ്, അവിടെ അങ്ങനൊരു കീടനാശിനി പ്രയോഗം ശരിയായ കാര്യമല്ല.

അതു കൂടാതെ ഈ പുല്ലിന്റെ പച്ചപ്പു നിലനിർത്തണമെങ്കിൽ വലിയ തോതിൽ വെള്ളം ആവശ്യമുണ്ട്. അതായത് വേനൽക്കാലത്ത് പുല്ലുകൾ നനച്ച് പുല്ലായി നിലനിർത്താൻ വേണ്ടി നമ്മൾ ഒരുപാട് വെള്ളം ചെലവാക്കുന്നുണ്ട്. എന്നാൽ നമുക്കാ വെള്ളത്തിന്റെ പ്രയോജനം കിട്ടുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു വേണം പറയാൻ. പുല്ലിന് കൊടുക്കുന്ന അത്രയും വെള്ളം ഉപയോഗിച്ചാൽ ആ സ്ഥലത്ത് എത്ര മരം വളർത്താം. അതിനുള്ള എളുപ്പമാർഗ്ഗമാണ് മിയാവാക്കി മോഡൽ ഫ്ലവർ ഗാർഡൻ.

പ്രഫസർ മിയാവാക്കി നിർദ്ദേശിച്ചിരിക്കുന്ന മാർഗ്ഗങ്ങൾ സ്വീകരിച്ചു കൊണ്ട് ഒരു 50 സ്ക്വയർ ഫീറ്റിലോ നൂറോ അഞ്ഞൂറോ സ്ക്വയർ ഫീറ്റിലോ ഒരു പൂന്തോട്ടം ഉണ്ടാക്കാൻ പറ്റും. പൂക്കൾ ഉണ്ടാകുന്ന ചെടികളെ അടുപ്പിച്ചടുപ്പിച്ച് വെയ്ക്കുക. ഇതു ചെയ്തു കഴിഞ്ഞാൽ സംഭവിക്കുന്നത് എന്താണെന്നു നോക്കാം. ഇവിടെ കാണിക്കുന്നത് നൂറു ചെടികൾ ഉള്ള ഗാർഡൻ ആണ്, 1 സെന്റ് സ്ഥലത്താണ് ഇത് ചെയ്തിരിക്കുന്നത്. 100 ചെടികളിൽ ശരാശരി 40 ചെടികൾ എപ്പോഴും പൂത്തിരിക്കും. എന്നു വച്ചാൽ ആകെയുള്ള 100 ചെടികളിൽ ഏതെങ്കിലും 40 എണ്ണത്തിൽ പൂക്കൾ ഉണ്ടാകും. അത് വേനൽക്കാലമാണെങ്കിലും, മഴക്കാലമാണെങ്കിലും മഞ്ഞുകാലമാണെങ്കിലും ഒക്കെ ഏതെങ്കിലും ചെടികൾ പൂക്കും, കാരണം പലതരം ചെടികൾ ഇടകലർത്തി വച്ചിരിക്കുകയാണല്ലോ.

അപ്പോൾ നമുക്ക് സ്ഥിരമായി പൂക്കൾ കിട്ടും, ഇവിടെ ചിത്രശലഭങ്ങൾ വരും. അതിനു പുറമെ ഇതിനു വെള്ളം ഒഴിക്കുക, വളം ചേർക്കുക എന്നീ കാര്യങ്ങളിലൊക്കെ ഒരുപാട് ലാഭവും ഉണ്ട്. കാരണം പുല്ലിനു വേണ്ടി വരുന്ന മെയിന്റനൻസ് ഒന്നും തന്നെ ഈ ചെടികള്ക്ക് വേണ്ടി വരുന്നില്ല. ഇത് കിളർത്ത് വളർന്നു കഴിഞ്ഞാൽ പിന്നെ വല്ലപ്പോഴും ഇതിന്റെ കള മാറ്റുകയും ഒന്നോ രണ്ടോ കമ്പു വെട്ടുകയും അല്ലാതെ കാര്യമായിട്ട് ഒന്നും ചെയ്യണ്ട. അതുകൊണ്ട് വീടിന്റെ മുറ്റത്ത് ചെറിയ സ്ഥലമാണെങ്കിൽ പോലും ചെടികൾ കൂട്ടിവളർത്തുന്ന ഒരു രീതി പരീക്ഷിച്ചു നോക്കുന്നത് നല്ലതായിരിക്കും.

ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത, പുൽത്തകിടി ഒരു പരന്ന പ്രതലമാണ്. ആ പരന്ന പ്രതലം എടുക്കുമ്പോൾ കിട്ടുന്ന ഒരു ഗ്രീൻ കവർ ഉണ്ട്. പരന്നു പുല്ലു വളരുന്ന പുൽത്തകിടിയുടെ സ്ഥാനത്ത് മരങ്ങൾ നടുകയാണെങ്കിൽ അവയുടെ ഇലകൾ വളരുന്നത് ഒരു അർദ്ധ ഗോളമായിട്ടാണ് - ചെടികളുടെ ശാഖകൾ രണ്ടു സൈഡിൽ നിന്നും മുകളിലേക്കു വളരുകയാണ്, അത്രയും ഏരിയയിൽ വരുന്ന പച്ചപ്പും, പുൽത്തകിടിയുടെ പച്ചപ്പും നോക്കിയാൽ മുകളിൽ വരുന്ന ഇലയുടെ അളവ് 25 - 30 % കൂടുതലാണ്.

അതായത് പുല്ലു വയ്ക്കുന്ന സ്ഥലത്ത് നിങ്ങൾ മരം വെച്ചു പിടിപ്പിച്ചാൽ ഒരു 30 % പച്ചില പടർപ്പ് അവിടെ കൂടുതലുണ്ടാകും. ആ പച്ചില പടർപ്പ് തന്നെ നിങ്ങൾക്ക് ആശ്വാസദായകമായിരിക്കും. ഇതിന്റെ മെയിന്റനൻസ് ചെലവ് വളരെ കുറവും ആയിരിക്കും. അതുകൊണ്ട് മിയാവാക്കി മാതൃകാ പൂന്തോട്ടങ്ങൾ ഉണ്ടാക്കാൻ പരിശ്രമിക്കുക. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമാണ്.