തിരുവനന്തപുരത്തു നിന്നും 8 കിലോമീറ്റർ അകലെ പേയാട് തങ്ങളുടെ വീടിന്റെ പിന്മുറ്റത്ത് അല്പം സ്ഥലം അനിതയും ജയകുമാറും കാട് വളർത്താനായി മാറ്റിവെച്ചു. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ തങ്ങളാലാവുന്നത് ചെയ്യേണ്ടതുണ്ടെന്ന് അറിയാവുന്ന ഈ ദമ്പതികൾ രണ്ട് സെന്റ് സ്ഥലത്ത് മിയാവാക്കി മാതൃകയിൽ വനവത്കരണം നടത്താനാണ് തീരുമാനിച്ചത്. 350 തൈകളാണ് ഈ സ്ഥലത്ത് നട്ടത്. ചാണകപ്പൊടി, ചകിരിച്ചോറ്, മണ്ണ് എന്നിവ പ്രത്യേക അനുപാതത്തിൽ യോജിപ്പിച്ച നടീൽ മിശ്രിതം നിറച്ച ചട്ടികളിലാണ് ഓരോ തൈയും വളർത്തിയെടുക്കുന്നത്.

അടുത്ത പടി തൈകൾ നടാനുളള നിലമൊരുക്കലാണ്. നിലം കിളച്ചൊരുക്കി വലിയ കല്ലുകളും മറ്റും നീക്കം ചെയ്തശേഷം മണ്ണിലേക്ക് ചാണകപ്പൊടി, ചകിരിച്ചോറ്, ഉമി എന്നിവ ചേർത്ത് യോജിപ്പിച്ചു. അതിനുശേഷം സ്ഥലം ഓരോ മീറ്ററുളള ചതുരങ്ങളായി അടയാളപ്പെടുത്തി. ഓരോ ചതുരത്തിലും നാല് വീതം തൈകളാണ് നട്ടത്. രണ്ടു മുതൽ മൂന്നു മാസം പ്രായമുളള തൈകളാണ് നടുന്നത്. ഇത്രയടുപ്പിച്ച് നടുന്നതു കൊണ്ട് തൈകൾ സൂര്യപ്രകാശത്തിനായി മത്സരിച്ച് വേഗത്തിൽ വളർന്നുവരും. ഓരോ ചതുരത്തിനു നടുക്കും ഓരോ മരമാണ് നടുന്നത്. അതിനു ചുറ്റുമായി കുറ്റിച്ചെടികളും.

പ്രഫ. അകിര മിയാവാക്കിയുടെ വനവത്കരണ മാതൃക പിന്തുടർന്നാണ് ഈ തൈകൾ വെച്ചത്. മിയാവാക്കി തത്വമനുസരിച്ച് ഓരോ തൈയും നട്ട അന്നു മുതൽ നിലനിൽപ്പിനായി മത്സരിക്കുകയും പ്രകൃതിയുടെ സ്വാഭാവികമായ തെരഞ്ഞെടുപ്പിനു വിധേയമാവുകയും ചെയ്യുന്നുണ്ട്. ഇതുവഴി വൈവിധ്യം നിറഞ്ഞൊരു കാട് വളർന്നുവരാൻ കാരണമാവുന്നു. തൈകളെല്ലാം നട്ടതിനു ശേഷം ചകിരിച്ചോറും വൈക്കോലും കൊണ്ട് പുതയിടുന്നു. കിളച്ചു പാകമാക്കി ജൈവ നടീൽ മിശ്രിതം ചേർത്ത മണ്ണിൽ തൈകൾ പുഷ്ടിയോടെ വളർന്നുവരും.

ഒരു മാസം കഴിയുമ്പോൾ വളർന്നുവന്ന കളകൾ നീക്കം ചെയ്യണം. ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ ജലവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. തിരുവനന്തപുരം നഗരത്തിൽ നിന്ന് വെറും 8 കിലോമീറ്റർ മാത്രമകലെ ഒരു സ്വകാര്യ സൂക്ഷ്മവനം വളർന്നുവരുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. സാധാരണക്കാർക്കും തങ്ങളുടെ വിഭവങ്ങളുപയോഗിച്ച് സ്വന്തമായി കാടു വളർത്താമെന്നും അതുവഴി പരിസ്ഥിതിയ്ക്ക് ഗുണകരമായ പ്രവർത്തനം കാഴ്ച്ചവെയ്ക്കാമെന്നതിനും ഉദാഹരണമാണിവർ.