നേരത്തെ ഈ പംക്തിയിൽ പറഞ്ഞിട്ടുള്ള വിഷയമാണ്. നമുക്ക് കേരളത്തിൽ ഒരു വർഷം ആയിരം ചതുരശ്ര അടിയ്ക്ക് മൂന്ന് ലക്ഷം ലിറ്റർ മഴ പെയ്യുന്നുണ്ട്. അതായത് ഒരു ഇടത്തരം കെട്ടിടത്തിന്റെ അത്രയും ഏരിയ. അത്രയും സ്ഥലത്ത് മൂന്ന് ലക്ഷം ലിറ്റർ വെള്ളം വീഴുന്നുണ്ട്. പക്ഷെ നമുക്ക് പലയിടത്തും വെള്ളം കുടിക്കാനില്ല, ആവശ്യത്തിനു വെള്ളം കിട്ടാനില്ല, കൃഷിയ്ക്കു വെള്ളമില്ല. ഈ വെള്ളമെല്ലാം ഒഴുകിപ്പോകുകയാണ്. പെയ്യുന്ന വെള്ളമെല്ലാം കടലിൽ ചെന്നു ചാടുന്ന അവസ്ഥയാണ്. ഇതിനുള്ള പരിഹാരത്തെക്കുറിച്ച് പറയുമ്പോ റെയിൻവാട്ടർ ഹാർവസ്റ്റിംഗിനെ പറ്റി പറയാൻ, അതിനെപ്പറ്റി കൂടുതൽ പറയാമോ എന്ന് പലരും ചോദിച്ചു. അതിനുള്ള ഒരു സാങ്കേതിക വൈദഗ്ധ്യം എനിക്കില്ല. ഇപ്പോ അതേപ്പെറ്റി പറയാൻ പറ്റിയ ഒരു ആൾ നമ്മളോടൊപ്പം ഉണ്ട്. ശ്രീ. മോഹൻ കുമാർ സാർ. അദ്ദേഹം നമ്മുടെ ലാന്റ് യൂസ് ബോർഡിലെ ഹൈഡ്രോ ജിയോളജി സ്പെഷ്യലിസ്റ്റ് ആയിരുന്നു. ഭൂഗര്ഭ ജല സംബന്ധമായ വിഷയങ്ങളിൽ. അതുകൂടാതെ കഴിഞ്ഞ 25-30 വർഷമായി റിട്ടയർ ചെയ്ത ശേഷം അദ്ദേഹമൊരു എൻജിഒ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രധാന പ്രവർത്തനം കേരളത്തിലെ ജല സംരക്ഷണ പ്രവർത്തനങ്ങളും വന സംരക്ഷണ പ്രവർത്തനങ്ങളുമൊക്കെയാണ്. ഈ മേഖലയിൽ ഒരുപാട് അനുഭവസമ്പത്തുളള ആളാണ്. അദ്ദേഹത്തിന്റെ ആ പരിചയ സമ്പത്ത് ഉപയോഗിച്ച് നമുക്കും എങ്ങനെ നമ്മുടെ ചുറ്റുപാടിൽ ജല സംരക്ഷണം നടത്താം എന്നുള്ളതാണ് നമ്മൾ നോക്കുന്നത്.
ഹരി: സാർ നമസ്കാരം. കേരളത്തിലെ ആളുകളെല്ലാം മഴവെളളം പിടിക്കാനായിട്ട്, ഞാനുൾപ്പെടെ, വീടിന്റെ പുറകെ ഒരു കുഴി കുഴിച്ചിട്ടുണ്ട്. അന്നത് ഉണ്ടെങ്കിൽ മാത്രമേ സർക്കാർ അനുമതി തരുകയുള്ളൂ. അതു കഴിഞ്ഞപ്പോൾ എന്നോടാരോ പറഞ്ഞു ഈ കുഴിയൊന്നും കുഴിക്കേണ്ട കാര്യമില്ല ഒരു ചെറിയ പൈസ അടച്ച് പെർമിഷൻ മേടിച്ച് എടുക്കാം എന്ന്. ശരിക്കും എന്താണ് സ്ഥിതി എന്ന് അറിയില്ല. എന്തായാലും കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടയ്ക്ക് കേരളത്തിൽ വച്ച വീടുകളിലെല്ലാം മഴവെള്ള കുഴി കുഴിച്ചിരുന്നെങ്കിൽ ഇപ്പോൾ കേരളം മുഴുവൻ മഴവെള്ളം കൊണ്ട് നിറയുമായിരുന്നു. മഴവെള്ളം സത്യത്തിൽ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്നാണ് തോന്നുന്നതല്ലേ ?
മോഹൻ കുമാർ: ഹരി പറഞ്ഞത് ശരിയാണ് നമുക്കിവിടെ കേരളത്തിൽ മൂവായിരം മില്ലിമീറ്റർ മഴ ലഭിക്കുന്നുണ്ട്. പക്ഷെ ഇവിടെ വെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്നുമുണ്ട്. ഇതാണ് ഇവിടെത്തെ ഒരു വൈരുദ്ധ്യം. അതിനെ എങ്ങനെ അഡ്രസ്സ് ചെയ്യാമെന്നുള്ളതാണ് നമുക്ക് സംസാരിക്കാനുള്ളത്.
ഒന്ന് മഴപെയ്താൽ ആ വെള്ളം വളരെ സ്പീഡിൽ ഒഴുകി പോകാതെ നടന്ന് ഇറങ്ങണം. അതാണ് നമ്മൾ ചെയ്യേണ്ടത്. കാരണം കേരളത്തിലെ ഭൂപ്രകൃതി അനുസരിച്ച് 29 കി.മി. ആണ് അതിന്റെ വീതി ആയി വരുന്നത്. അത് ചെരിവാണ്. അപ്പോ ഈ കിട്ടുന്ന മഴ പെട്ടെന്നു തന്നെ കടലിൽ പോകും.
ഹരി: അതായത് നമ്മുടെ ഹൈറേഞ്ച് മുതൽ അറബിക്കടൽ വരെ ഉള്ളത് 29 കി.മി ആണ്. ശരാശരി വീതി വരുന്നത്.
മോഹൻ കുമാർ: അതെ. അപ്പോ ഈ വെള്ളം പെട്ടെന്ന് തന്നെ 44 നദികളിലൂടെയും അല്ലാതെയും ഒഴുകി കടലിൽചെന്ന് ചേരും. ഇതിനെ നമുക്ക് എങ്ങനെ തടയാം എന്ന് ചോദിച്ചാൽ ഒന്നുകിൽ കോണ്ടൂർ ബണ്ടിംഗ് (contour bunding), അപ്പോ വീഴുന്ന വെള്ളം ഒഴുകി പോകാതെ അവിടെ തന്നെ താഴുന്നതിനുള്ള ഒരു സംവിധാനം നമ്മളുണ്ടാക്കുക എന്നുള്ളതാണ്. അതിലൊന്നാണ് ഈ മഴക്കുഴി എന്നു പറയുന്നത്.
ഹരി: ചെയ്യാത്ത ആളുകൾക്ക് ചെയ്യാനായിട്ടാണല്ലോ നമ്മൾ പറയുന്നത്. മഴക്കുഴി എടുക്കുകയാണെങ്കിൽ ശാസ്ത്രീയമായി എങ്ങനാണ് ചെയ്യേണ്ടത്.
മോഹൻ കുമാർ: ശാസ്ത്രീയമായി പുരയിടങ്ങളിൽ ചെറിയ ചെറിയ കുഴി എടുക്കുക എന്നതാണ് പറയുന്നത്. ഭൂമിയുടെ നിരപ്പിൽ കോണ്ടൂർ ബണ്ടിംഗ് ചെയ്യുക, റബ്ബർ എസ്റ്റേറ്റിൽ ചെയ്യും പോലെ.
ഹരി: അതായത് മുകളിൽ നിന്നും വെള്ളം താഴേക്കു വരുമ്പോ തടഞ്ഞു നിർത്തുക.
മോഹൻ കുമാർ: അതെ. തടഞ്ഞുനിർത്തുക. ആ വെള്ളം ഭൂമിയുടെ അടിയിലേക്ക് പോയിട്ട് ഗ്രൗണ്ട് വാട്ടറായി മാറണം. വെള്ളം മുകളിൽ നിന്നു ഒഴുകി വരുന്ന വഴിക്ക് നമ്മൾ ബണ്ട് വക്കുക. കോണ്ടൂർ ബണ്ടിംഗ്. പണ്ട് നമ്മൾ ചെയ്തിരുന്ന രീതിയാണ്.
ഹരി: കല്ലടുക്കി കെട്ടാം അല്ലേ ?
മോഹൻ കുമാർ: കല്ലടുക്കാം. മണ്ണ് കൊണ്ട് തിട്ടകെട്ടാം. ഹരി ഇവിടെ ചെയ്തിരിക്കുന്നത് ഒരു കോണ്ടൂർ ബണ്ടിംഗ് ആണ്.
ഹരി: മണ്ണ് കൊണ്ട് ചെയ്ത സമയത്ത് ഇടയ്ക്ക് നമ്മൾ രാമച്ചം വച്ചു പിടിപ്പിക്കുമായിരുന്നു.
മോഹൻ കുമാർ: അതൊരു ബൈൻഡിങ്ങ് ആണ്. ആ വേര് കൊണ്ട് അഡീഷണൽ ആയൊരു ശക്തി കൊടുക്കുക. അല്ലെങ്കിൽ ജിയോ ടെക്സ്റ്റൈൽ കൊടുക്കുന്നു. ആ രീതിയിൽ ബണ്ടിംഗ് ശക്തി കൊടുക്കാനാണിതൊക്കെ ചെയ്യുന്നത്.
ഹരി: ചെറിയചെടികളും മരങ്ങളും വയ്ക്കുക. ചെറിയ ചെടിയിൽ നല്ലത് രാമച്ചം തന്നെയാണ്.
മോഹൻ കുമാർ: അതെ. അതിൽ വെള്ളം താഴെ പോയി സ്റ്റോർ ചെയ്യണം. അതായത് മഴവെള്ളം താഴെ പോയി സംഭരിക്കപ്പെട്ട് അതാണ് ഗ്രൗണ്ട് വാട്ടർ ആകുന്നത്. മഴ വെള്ളം തന്നെയാണ് ഭൂഗർഭജലമായി മാറുന്നത്. അതിന് അനുകൂലമായി മണ്ണിനടിയിൽ ഒരു ഭാഗമുണ്ട് അതിന് അക്വിഫർ എന്നാണ് പറയുന്നത്. അവിടെ ശേഖരിക്കപ്പെടും. അതാണ് നമ്മൾ ടാപ്പ് ചെയ്ത് എടുക്കുന്നത്. അപ്പോ കൂടുതൽ കിട്ടുന്ന മഴവെളളം നമ്മൾ താഴോട്ടു കൊണ്ടു പോണം. പിന്നെ ഒരു നിവൃത്തിയും ഇല്ലാത്ത സ്ഥലങ്ങളിൽ ആണ് റെയിൻ വാട്ടർ ഹാർവസ്റ്റിംഗ് സ്ട്രക്ച്ചർ എന്നു പറയുന്നത്. അത് ഒരു ജർമ്മൻ ടെക്നോളജി ആണ്. ഒരു ഫെറോസിമന്റ് ടാങ്ക് വച്ചിട്ട് സർക്കാറിന്റെ ഒരു പ്രോഗ്രാം ആയിട്ട് 2 പഞ്ചായത്തുകളിലായിട്ട് ഒരു ആയിരം ആർഡബ്യുഎച്ച് യൂണിറ്റ് ചെയ്താരുന്നു, കാസർഗോഡ് ജില്ലയിൽ. മഴവെള്ളം അതിൽ സംഭരിക്കുക. എന്നിട്ട് വേനൽക്കാലത്ത് ഇത് ഉപയോഗിക്കുക.
ഹരി: മഴവെള്ളം ഓട്ടുമ്പുറത്തുനിന്നും എടുക്കുമോ ?
മോഹൻ കുമാർ: അതിൽ ഒരു ഫിൽറ്ററിംഗ് സിസ്റ്റം ഉണ്ട്.
ഹരി: അതല്ല സാർ ടാങ്ക് ചെറുതായിരിക്കില്ലേ. ഒരു ടാങ്കിന് എന്ത് വലുപ്പം വരും ?
മോഹൻ കുമാർ: പതിനായിരം ലിറ്റർ വരും. അത് കൊണ്ട് ഉദ്ദേശിക്കുന്നത്, വേനൽക്കാലത്ത് രണ്ടുമാസം കുടിവെള്ളം. അത്രേം ക്ഷാമം ആണ് അവർ അനുഭവിക്കുന്നത്.
ഹരി: അതൊരു 300-350 ക്യുബിക് അടി മതിയല്ലോ,
മോഹൻ കുമാർ: അതെ, അതായത് അഞ്ചടി വ്യാസത്തിനുള്ള സ്ഥലം എടുത്തിട്ട് അതിൽ കമ്പികൾ ചരിച്ച് കൊടുക്കും. അപ്പോഴൊരു ആർച്ച് പോലെയാവും. അങ്ങനെയാണത് ചെയ്യുന്നത്. താഴെ പിസിസി ഇട്ടിട്ട് അതിൽ എൽ ഷെപ്പിൽ കമ്പി വളച്ച് വയ്ക്കും. അപ്പോ ആർച്ച് വരുമ്പോ അതിന്റെ പ്രഷർ താങ്ങാനുള്ള ശക്തി ഇതിനു വരും. എന്നിട്ട് മെഷ് ഉണ്ടല്ലോ,
ഹരി: അതായത് കമ്പി വല.
മോഹൻ കുമാർ: കമ്പിവലയും 6എംഎം കമ്പിയും. കമ്പി ഇടയ്ക്കിടെ ഇട്ട് വൃത്താകൃതിയിലാണ് ഇത് ചെയ്യുന്നത്. താഴെ പിസിസിയിലൊരു ഫൗണ്ടേഷൻ പോലെ ഉണ്ടാക്കി അതിൽ നിന്ന്.
ഹരി: ആ ഫൗണ്ടേഷൻ കോൺക്രീറ്റ് ആണ്.
മോഹൻ കുമാർ: അതെ. ഒരു ബലത്തിനു വേണ്ടി. അതിൽ കമ്പി താഴെ എൽ ആയി വളയ്ക്കും. മുകളിലേക്ക് ആർച്ച് ആയി വളച്ചു വെക്കും. എന്നിട്ട് ജോയിന്റ് ചെയ്യും. അപ്പോ പത്തടി ഉയരം വരും. എന്നിട്ട് ഇതിനെ കവർ ചെയ്തു കൊണ്ട് രണ്ട് വശത്തും മെഷ് ചെയ്യും. മെഷ് വച്ചിട്ട് സിമന്റു ചാന്ത് അടിച്ച് ഇതിനകത്ത് പതിക്കും. അപ്പുറവും ഇപ്പുറവും പതിപ്പിക്കുമ്പോൾ നല്ല ബലം കിട്ടും. ആർച്ച് ആയതിനാൽ പതിനായിരം ലിറ്റർ വെള്ളം താങ്ങാനുള്ള ശക്തി ഇതിന് കിട്ടും.
ഹരി: അതിനാണ് ആർച്ച് കൊടുക്കുന്നത്. അത് എന്ജീനിയറിംഗ് പാർട്ട് ആണ്.
മോഹൻ കുമാർ: അതെ. ടെക്നോളജി ആണ്. പിന്നെ ചിലവ് കുറഞ്ഞ രീതിയാണ് മെഷ് വെക്കുന്നത്. കമ്പി ഇടക്കിടെ ആണ് കൊടുക്കുന്നത്.
ഹരി: വളരെ കുറച്ച് കമ്പി ആണ് ഉപയോഗിക്കുന്നത്. സാധാരണ കമ്പി കെട്ടി വാർക്കുകയാണ് ചെയ്യുന്നത്. എത്ര കനം വരും ഇതിന് ?
മോഹൻ കുമാർ: ഇതിന് ഒരു നാലിഞ്ച്. അതായത് മെഷും സ്ലാബും എല്ലാം കൂടി നാലിഞ്ചേ വരു. എന്നിട്ട് മുകളിൽ ഒരു ഓപ്പണിംഗ് കൊടുക്കും. അവിടെ ഒരു ഗട്ടർ ഉണ്ടാകുമല്ലോ വെള്ളം ഒഴുകി വരാനായി.
ഹരി: അതായത് ടെറസിൽ വീഴുന്ന വെള്ളം ഒരു പാത്തി വഴി ഒഴുകി ഇതിനകത്ത് വരും.
മോഹൻ കുമാർ: അതെ. ഇതിന്റെ താഴെ മണലും മറ്റുമിട്ട് ഒരു ഫിൽട്ടർ ഉണ്ടാക്കും. താഴെ ടാപ്പും വയ്ക്കും. അപ്പോ ഫിൽട്ടറിംഗ് കഴിഞ്ഞാണ് വെള്ളം നമ്മൾ എടുക്കുന്നത്. മണൽ, കരി, ഇതൊക്കെ ഒരു കനത്തിലിടും.
ഹരി: ടാങ്കിൽ വീണു കഴിഞ്ഞിട്ടാണോ ഫിൽട്ടർ. അതോ ടാങ്കിൽ നിന്നും വെള്ളം എടുക്കുന്നിടത്ത് ആണോ ഫിൽട്ടർ?
മോഹൻ കുമാർ: അല്ല, താഴെ. ടാങ്കിൽ നിന്നും വെളളം എടുക്കുന്നിടത്താണ് ഫിൽട്ടർ. ഫിൽട്ടർ ചെയ്ത വെള്ളം ആണ് നമുക്ക് കിട്ടുന്നത്.
ഹരി: അപ്പോഴീ ഓട്ടുമ്പുറത്തുള്ള കരിയിലയൊക്കെ ഇതിൽ വീഴില്ലേ ?
മോഹൻ കുമാർ: അതിന് ഒരു അരിപ്പ വയ്ക്കും. ചെറിയൊരു ഫിൽട്ടറിംഗ് അവിടെ ഉണ്ട്. വെളളം മാത്രം വരും. വളരെ അക്യൂട്ടായിട്ടാണ് ഇത് ഉപയോഗിക്കുന്നത്.
ഹരി: അങ്ങനെയുള്ള സ്ഥലങ്ങൾ ഉണ്ട്. ആലപ്പുഴയിൽ സഹകരണവകുപ്പ് കുറെ വീടു വച്ചു കൊടുത്തു. അതിനെകുറിച്ച് ഒരു ഫിലിം ചെയ്യാനായി നമ്മുടെ സഹപ്രവർത്തകരാണ് പോയത്. അവർ അവിടെ ചെന്നപ്പോ ഒരു സ്ഥലത്തൊരു വീട് നാല് കാലിൽ ആണ് വീട്. പുതിയതായി ചെയ്തതാണ്. വീടൊക്കെ നല്ലതാണ്. പ്രശ്നം ആ പ്രദേശത്തെങ്ങും വെള്ളം ഇല്ല. ആളുകൾ ചെളിവെള്ളം അരിച്ച് തിളപ്പിച്ചാണ് ചായ ഇടുന്നത്. ഇവരവിടെ ചെന്നപ്പോ അവർ ചായ ഇട്ടു വച്ചേക്കുകയാണ്. ഇവർക്ക് കുടിക്കാതിരിക്കാൻ വയ്യ. ഇത്രയും പാടുപെട്ട് അവരെടുക്കുന്ന വെള്ളം. പക്ഷെ ചെളിവെള്ളം ആയതിനാൽ ഇവർക്ക് പേടി. നല്ല തിരക്കുള്ള സമയം. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനം ആണ്. കുടിച്ചു പക്ഷെ അവരുടെ ആതിഥ്യ മര്യാദ കണ്ട് കുടിക്കാതിരിക്കാൻ പറ്റിയില്ല. അവരത് കുടിച്ചു. അപ്പോ എല്ലാദിവസവും ഈ ചെളിവെള്ളം അരിച്ചാണ് ഇവർ ഉപയോഗിക്കുന്നത്. അവിടെ വെള്ളം ഇല്ല. അങ്ങനെയുള്ള സ്ഥലങ്ങളിൽ 10000 ലിറ്റർ അരിച്ചു സൂക്ഷിക്കുകയാണെങ്കിൽ വേനൽക്കാലത്ത് അവർക്ക് ഉപയോഗിക്കാം. എന്തായാലും ഈ ചെളിവെള്ളം അരിക്കുന്നതിനേക്കാൾ ഭേദമാണ്.
മോഹൻ കുമാർ: കഴിഞ്ഞ പ്രാവശ്യം കുട്ടനാട്ടിൽ അവിടത്തെ ഒരു പ്രശ്നം എന്താന്നു വച്ചാൽ, കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ചിലയിടത്തീ യൂണിറ്റ് മൊത്തം ഒഴുകി പോയി. പക്ഷെ നമ്മൾ ചെയ്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ട് വളരെ സക്സസ് ആയിട്ട്. അതുപോലെ കംപ്ലയ്ന്റ് ഇല്ല. സാധാരണ ചെയ്യുമ്പോൾ ഒരു വർഷം വാറന്റി ഉണ്ട്, റിട്ടൻഷൻ എമൗണ്ട് ഒക്കെ അതു കഴിഞ്ഞേ കിട്ടു.
ഹരി: ഈ പതിനായിരം ലിറ്റർ ടാങ്ക് ചെയ്യാനായി എത്ര ചിലവ് വരും.
മോഹൻ കുമാർ: ഒരു അമ്പതിനായിരം രൂപ വരും.
ഹരി: പതിനായിരം ലിറ്റർ വെള്ളം ശേഖരിക്കാനായിട്ട് 50000 രൂപ വരും അല്ലേ.
മോഹൻ കുമാർ: അതിന് സബ്സിഡി ഉണ്ട്. 10 ശതമാനം ഉപഭോക്താവ് എടുത്താൽ മതി. ബാക്കി സർക്കാർ ചെലവാണ്.
ഹരി: അതുപക്ഷേ ബിപിഎൽകാർക്ക് ആയിരിക്കുമല്ലേ.
മോഹൻ കുമാർ: അതെ ബിപിഎൽ കാർക്ക്.
ഹരി: എന്നാലും ലാഭമാണ്.
മോഹൻ കുമാർ: അതെ ഒരു ചെറിയ തുക അവർ എടുത്തിട്ട് ബാക്കി സർക്കാറാണ് ആണ് ചെയ്യുന്നത്.
ഹരി: സാധാരണ ഇടത്തരക്കാർക്ക് അവരുടെ വീട്ടിൽ ഈ 10000 ലിറ്റർ ശേഖരിക്കണമെങ്കിൽ.
മോഹൻ കുമാർ: ഇടത്തരം ആൾക്കാർക്കും സബ്സിഡി കിട്ടും.
ഹരി: പതിനായിരം ലിറ്ററിന്റെ ടാങ്ക് രണ്ടോ മൂന്നോ തവണ നിറയാനുമുള്ള സാധ്യതയും ഉണ്ട് ഇല്ലേ?
മോഹൻ കുമാർ: സാധാരണ ഇത് ഒറ്റപ്രാവശ്യം നിറച്ചു കഴിഞ്ഞാൽ, മഴക്കാലത്ത് വലിയ ഉപയോഗം വരില്ലല്ലോ. ഉദ്ദേശിക്കുന്നത് വേനൽക്കാലത്ത് വെള്ളത്തിന് അത്രയും ക്ഷാമം നേരിടുന്നത് മൂന്നുമാസം ആണ്. ആ സമയത്ത് കുടിവെള്ളത്തിനായുള്ള ഒരു സോഴ്സ് ആയാണ് ഇത് പറയുന്നത്.
ഹരി: ഞാൻ വേറൊരു തരത്തിലാണ് ആലോചിച്ചത്. നമുക്ക് കടുത്ത ക്ഷാമം വരുന്നത് മാർച്ച്, ഏപ്രിൽ, മെയ് - മൂന്നുമാസം ആണ്. ഇവിടെത്തെ മഴ തീരുന്നത് ചിലപ്പോൾ ഡിസംബറിൽ ആയിരിക്കും. എന്തായാലും നവംബറിൽ നമുക്ക് മഴ ആയിരിക്കും. അപ്പോ സെപ്റ്റംബർ ഒക്ടോബർ നവംബർ കൊണ്ട് എന്തായാലും ഇത് നിറയ്ക്കാൻ പറ്റും.
മോഹൻ കുമാർ: ഈസിയായിട്ട് നിറയക്കാൻ പറ്റും. പെട്ടെന്ന് നിറയും.
ഹരി: അതിനു മുൻപുള്ള മാസങ്ങളിൽ ജൂൺ, ജൂലൈ, ആഗസ്റ്റിലൊക്കെ വീട്ടിലെ ആവശ്യങ്ങൾക്ക് തുണിയൊക്കെ നനയ്ക്കാനായിട്ട് ഇത് ഉപയോഗിക്കാം. വെള്ളത്തിന്റെ വില വച്ചു നോക്കുമ്പോൾ പൈസ മുടക്കണ്ടല്ലോ. ചെടി നനയ്ക്കാനോ മറ്റ് ആവശ്യങ്ങൾക്കൊക്കെ ഇത് ഉപേയാഗിക്കാം. മഴ തീർന്നു തുടങ്ങുമ്പോ, ഏകദേശം അറിയാമല്ലോ.
മോഹൻ കുമാർ: അതുപോലെ വേറെ ഒരു പരിപാടിയാണ്. വെൽ റീചാർജ്ജ്. കിണർ വെളളം റീചാർജ് ചെയ്യൽ. ഈ മഴവെള്ളത്തിനെ തന്നെ കിണറ്റിലേക്കു കൊടുക്കുക. വീടിന്റെ ടെറസ്സിലോ കൂരയിലോ വീഴുന്ന വെള്ളം നമ്മളൊരു പാത്തിയിലൂടെ ഫിൽട്ടർ ടാങ്ക് പോലെ ഉണ്ടാക്കിയിട്ട് അതിൽ നിന്ന് താഴ്ത്തി നമ്മൾ കിണറ്റിലേയ്ക്കു കൊടുക്കുക.
ഹരി: അതായത് വെള്ളം അടിക്കാൻ ഒരു കുഴൽ ഇടുന്ന പോലെ തന്നെ തിരിച്ചു കൊടുക്കാനും കുഴൽ ഇടുന്നു അങ്ങനെ അല്ലേ.
മോഹൻ കുമാർ: കുഴൽ അല്ല. പാത്തിയിലൂടെ വെള്ളം വന്ന്, ഒരു ടാങ്കിൽ നിറയും അവിടെ ഒരു ഫിൽട്ടറിംഗ് പ്രോസസിംഗ് നടക്കും. ആ വെള്ളത്തിനെ കിണറ്റിലേക്കു വിടണം. അവിടുന്ന് ഒരു ഗ്രാവിറ്റേഷൻ വേണ്ടേ, അതിന് താഴ്ന്നായിരിക്കണം ഡെലിവറി.
സാധാരണ ചെയ്യുന്നത് പൈപ്പ് ഇങ്ങോട്ട് തള്ളി നിൽക്കും. വീഴുന്ന വെള്ളം ഇതിൽ സ്റ്റോറേജ് ചെയ്യും.
ഹരി: വാട്ടർ ടാങ്ക് ഓവർ ഫ്ലോ ചെയ്യുന്നതു പോലെ വെള്ളം അകത്തേയ്ക്ക് വീണു കൊണ്ടിരിക്കും.
മോഹൻ കുമാർ: അതെ. അതാണ് വെൽ റീചാർജ്ജ് എന്നു പറയുന്നത്.
ഹരി: കിണർ റീ ചാർജ്ജ് ചെയ്യുമ്പോ അത് എന്തു മാത്രം ഫലപ്രദമാണ് ?
മോഹൻ കുമാർ: തീർച്ചയായും ഫലപ്രദമാണ്. കിണറിന്റെ സ്റ്റോറേജ് കൂടുകയല്ലേ. താഴേക്ക് പോയിട്ട് വെള്ളം അവിടെ നിന്ന് സാച്ചുറേറ്റഡ് ആകും.
ഹരി: നമ്മുടെ കിണറിനെ കുറിച്ചുള്ള സങ്കൽപ്പം വാട്ടർ ടാങ്ക് പോലുള്ള സാധനം, അതിൽ നിന്ന് വെള്ളം മുക്കി എടുക്കുന്നു എന്നുള്ളതാണ്.
മോഹൻ കുമാർ: ഈ വെള്ളം വരുന്നത് തന്നെ ഒരു പ്രത്യേക ഭാഗത്തു നിന്നാണ്. നമ്മൾ കാട് വെട്ടുമ്പോൾ അല്ലെങ്കിൽ മരം വെട്ടി നിരത്തുമ്പോൾ സംഭവിക്കുന്നത്, ഒരു മല ഉണ്ടെങ്കിൽ ആ ഫോർമേഷനിൽത്തന്നെ വെള്ളം മുഴുവൻ സാച്ചുറേറ്റഡ് ആണ്.. അതിന്റെ ഒരു ലോ എൻഡിൽ ആണ് നമ്മൾ കിണർ കുഴിക്കുന്നത്. ഈ സ്റ്റോറേജ് ആണ് താഴോട്ടു വരുന്നത്. മലപ്പുറത്ത്, മലപ്പുറം എന്നു പറഞ്ഞാൽ മുഴുവൻ മലകൾ ആയിരുന്നു. ഇപ്പോൾ എല്ലാം ഇടിച്ചുനിരത്തി. അതോടെ അവിടത്തെ കിണറ്റിലെ വെള്ളം വറ്റി. കാരണം സ്റ്റോറേജ് ഇല്ല. നമുക്ക് വേനൽകാലത്ത് കിട്ടുന്ന വെള്ളം എന്നു പറഞ്ഞാൽ, മണ്ണിന്റെ ഇന്റർ ഗ്രാനുലർ സ്പേയ്സിൽ വെള്ളം സാച്ചുറേറ്റ് ചെയ്ത് നിൽക്കുകയാണ്. അതാണ് നഷ്ടപ്പെടുന്നത്. അതാണ് നഷ്ടപ്പെടുന്നത്. പിന്നെ ചെടികൾ നടുമ്പോൾ വെള്ളം ഓടിപ്പോവുകയല്ല. നടന്നു ഡ്രിപ്പ് ചെയ്ത് താഴേക്ക് പോയിട്ട്, അതവിടെ സാച്ചുറേറ്റഡ് ആകുകയാണ്. അതാണ് കാട് വച്ചു പിടിപ്പിക്കണം മരം വെട്ടരുത് അല്ലെങ്കിൽ മലകൾ വെട്ടി നിരത്തരുത് എന്ന് പറയുന്നതിന്റെ പൊരുൾ. വെള്ളത്തിന് വലിയ ക്ഷാമമായി വരുന്നുണ്ട്. സ്റ്റോറേജ് ഇല്ല. ഒരു കുന്നു ഉണ്ടെങ്കിൽ ആ കുന്നിൽ മൊത്തം വെള്ളം സ്റ്റോറേജ് ചെയ്യുകയാണ് ചെയ്യുന്നത്. കുന്നുകഴിഞ്ഞാൽ നമുക്കൊരു താഴ്വാരം ആണ്. അവിടെയാണ് കിണറുകൾ. അല്ലെങ്കിൽ അതിന്റെ ചെരിവിൽ. ഈ വെളളമെന്നു പറയുന്നത് ഈ കുന്നിൽ മഴക്കാലത്ത് ശേഖരിച്ചിരിക്കുന്ന വെള്ളം ആണ് എല്ലാ സീസണിലും വെള്ളം കിട്ടുന്നത്. വീണ്ടും മഴ വരുമ്പോൾ ഈ കുന്നിൽ വെള്ളം റീചാർജ്ജ് ആകും.
ഹരി: ഇത് എനിക്ക് പുതിയ അറിവാണ്. ഞാനിത് ഇങ്ങനെ ആലോചിച്ചിട്ടില്ല. നമ്മളൊക്കെ ആലോചിക്കുന്നത്, മഴ പെയ്യുമ്പോ പാടത്ത് നിന്ന് വെള്ളം ഇറങ്ങി, ആ വെളളം അവിടെ കിടക്കുന്നു എന്നാണ്.
മോഹൻ കുമാർ: അല്ല. കുന്നുകളിലെ മണ്ണിലത് സാച്ചുറേറ്റ് ചെയ്തിട്ട് ആ വെള്ളം പതിയെ പതിയെ താഴേക്കു വരും. നമ്മൾ നോക്കിയാൽ ഒരു കുന്നിന്റെ താഴെ ഒരു കിണർ കുഴിക്കുമ്പോൾ ഊറ്റുകൾ പലയിടത്തുനിന്നും വരാം. മേജറായി ഊറ്റു വരുന്നത് കുന്നിന്റെ സൈഡിൽ നിന്നായിരിക്കും.
ഹരി: ഇതിൽ എനിക്ക് ഒന്ന് രണ്ട് സംശയങ്ങൾ ഉണ്ട്. ഒന്നു രണ്ടു ലേഖനങ്ങൾ വായിച്ചപ്പോൾ കാട് ഉള്ള സ്ഥലങ്ങളിൽ മരങ്ങൾ വെള്ളം എടുക്കുന്നതു കൊണ്ട്, ഭൂഗർഭ ജലത്തിന്റെ അളവ് കുറയും എന്നൊരു പഠനം കണ്ടു. തിരിച്ചും മറിച്ചും പറയുന്നുണ്ട്. ഒരു പഠനത്തിൽ പറയുന്നത് തണ്ണീർ തടങ്ങളോളം വെള്ളം നിർത്തില്ല എന്നേ ഉള്ളു. വെള്ളം ഇത്തിരി കുറയും എങ്കിലും വെള്ളം ഉണ്ടാകും. വെള്ളം മണ്ണിലേയ്ക്ക് ഇറങ്ങാൻ കാട് സഹായിക്കും. മണ്ണിന്റെ ഘടന തന്നെ നനവ് കൂടുതൽ ഉളളതായിരിക്കും. അങ്ങനെ കുറച്ച് വെള്ളം പോകാനുള്ള സാധ്യത ഉണ്ടാകും. പിന്നെ ചെടികൾ ഈർപ്പം പുറത്തേയ്ക്ക് വിടുമ്പോ ആണ് നമുക്ക് എയർകണ്ടീഷന്റെ അനുഭവം കിട്ടുന്നത്. അതിന് വേറെ ഒരുപാട് പ്രയോജനം ഉണ്ട് എന്നു കണ്ടു. അതിനെ കുറിച്ച് സാറിന്റെ അഭിപ്രായം എന്താണ് ?
മോഹൻ കുമാർ: റബ്ബറിന്റെ കേസിൽ ചില പഠനങ്ങൾ ഇങ്ങനെ പറയുന്നുണ്ട്. റബർ പാലായിട്ടാണല്ലോ നമുക്ക് തരുന്നത്. അതിന്റെ വേരുകൾ വെള്ളം കൂടുതൽ വലിച്ചെടുക്കും. അങ്ങനെ ഒരു പഠനം ഞാനും കേട്ടിട്ടുണ്ട്. പക്ഷെ മറ്റു സ്ഥലങ്ങളിൽ നമ്മൾ എടുക്കുന്ന വെള്ളവും കിട്ടുന്ന വെള്ളവും അവിടെ വെള്ളം നഷ്ടപ്പെടുന്നില്ല. മൂവായിരം മില്ലിമീറ്റർ മഴ പെയ്യുമ്പോൾ കാടിനകത്ത് ഒരു ലെയർ ഇലകൾ ഇങ്ങനെ വീണു കിടക്കുകയാണ്. അപ്പോൾ വെള്ളം ഒലിച്ചു പോവുകയല്ല. പിന്നെ മരങ്ങൾ അടുത്തടുത്ത് നിൽക്കുന്നു. കാട്ടിനകത്ത് കിട്ടുന്ന വെള്ളം മരങ്ങൾ കുറച്ച് എടുത്താൽത്തന്നെയും എടുക്കുന്നതും തരുന്നതും വച്ചു നോക്കുമ്പോൾ കൂടുതൽ പ്രയോജനം തന്നെയാണ് കിട്ടുന്നത്.
ഹരി: അവരും പറയുന്നത് ഇത്രേ ഉള്ളൂ. കാട് നിർത്തുന്നതോടൊപ്പം തന്നെ പുൽമേടുകൾ കൂടി നിർത്തണം എന്നാണ്. പുൽമേടുകൾക്ക് ഇത്രം പ്രശ്നം ഇല്ല.
മോഹൻ കുമാർ: അത് അത്രേം വെള്ളം എടുക്കില്ല. പ്രകൃതി അങ്ങനെ ആണല്ലോ. കാടിനടുത്ത് ഒരു പുൽമേട് കാണും, ഒരു താഴ്വാരം കാണും. ആ സാധനങ്ങളൊക്കെ അങ്ങനെ തന്നെ നിലനിർത്തണം. കിട്ടുന്ന വെള്ളം കൂടുതലും ഇത് വലിച്ചെടുക്കുന്ന വെള്ളം കുറവുമാണ്. തീർച്ചയായും കൂടുതൽ തന്നെ ആണ് കിട്ടുന്നത്.
ഹരി: വാട്ടർ ടാങ്കിനെ പറ്റി ആരെങ്കിലും കൂടുതൽ സംശയം ചോദിക്കുകയാണെങ്കിൽ സാർ അവർക്ക് ഒരു ഗൈഡൻസ് കൊടുക്കണം.
മോഹൻ കുമാർ: തീർച്ചയായിട്ടും.
ഹരി: നമ്മൾ സംസാരിച്ചത് ശ്രീ മോഹൻ കുമാർ സാറുമായിട്ടാണ്. അദ്ദേഹം കഴിഞ്ഞ 30 വർഷമായി ഒരു എൻജിഒ നടത്തി കൊണ്ടിരിക്കുകയാണ്. സർവ്വീസിൽ നിന്ന് റിട്ടെയർ ചെയ്ത ശേഷം. വലിയ സാമ്പത്തിക കണ്ണോടെ നടത്തുന്ന എൻജിഒ അല്ല. കൂടുതൽ ഒരു സാമൂഹിക പ്രതിബന്ധതയോടെ നടത്തുന്ന എൻജിഒ ആയിട്ടാണ് എനിക്ക് തോന്നിയത്. ഞങ്ങൾ പലപ്പോഴും അദ്ദേഹമായിട്ട് അസോസിയേറ്റ് ചെയ്തിട്ടുണ്ട്. പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ സഹായം കിട്ടുകയും ചെയ്തു. അതുകൊണ്ടാണ് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. നിങ്ങൾക്ക് ആർക്കെങ്കിലും വീട്ടിൽ ജലസംഭരണി സ്ഥാപിച്ച് മഴവെള്ളം സംഭരിക്കണം, അല്ലെങ്കിൽ ഭൂഗർഭ ജലം റീചാർജ്ജ് ചെയ്യണം, കിണർ എങ്ങനെ റീചാർജ്ജ് ചെയ്യണം ഇതിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഇവിടെ ചോദിക്കുക. നമുക്ക് അദ്ദേഹത്തോട് തന്നെ ചോദിച്ച് മറുപടി വാങ്ങി തരാനാകും. ഇത് സ്വന്തമായി ചെയ്യാനാണെങ്കിലും സംശയം ദൂരികരിക്കാനായിട്ട് നിർദ്ദേശങ്ങൾ അദ്ദേഹത്തിൽ നിന്ന് കിട്ടും. കേരളത്തിലെ ജലനിരപ്പ് ഉയർത്തുക എന്നത് നമ്മുടെ എല്ലാം ആവശ്യമാണ്. ഇല്ലെങ്കിൽ നമ്മുക്കാർക്കും ഈ ഭൂമിയിൽ ജീവിക്കാനാകില്ല. അതിന് അദ്ദേഹത്തിന്റെയും സമ്പൂർണ്ണ സഹകരണം നമുക്ക് പ്രതീക്ഷിക്കാം.