അടുത്തിടെ ഒരാളെന്നെ വിളിച്ച് മിയാവാക്കി മാതൃക വനവത്കരണത്തെ കുറിച്ചു ചോദിച്ചു. ഞാൻ അറിയാവുന്ന രീതിയിൽ അതിന് മറുപടി കൊടുത്തു. പലപ്പോഴും ഞാൻ ഫോൺ നമ്പർ പരസ്യമായി കൊടുക്കാറില്ല. വേറൊന്നും കൊണ്ടല്ല, എനിക്ക് ഉപജീവനാർത്ഥം വേറെ ജോലികളുണ്ട്. ആ കോളും ഈ കോളും എല്ലാകൂടി കുഴഞ്ഞുപോകും. ഇദ്ദേഹം എവിടെന്നോ നമ്പർ കിട്ടി ആരോ സജസ്റ്റ് ചെയ്ത് വിളിച്ചതാണ്. പക്ഷെ അദ്ദേഹം ചിലകാര്യങ്ങൾ പൊതിഞ്ഞുവെച്ച് സംസാരിക്കുന്നതു പോലെ തോന്നി. കൂടുതൽ സംസാരിച്ചു വന്നപ്പോൾ അദ്ദേഹത്തിനൊരു ബിസിനസ് തുടങ്ങാനാണ്, മിയാവാക്കി മാതൃക വനവത്കരണം ഒരു ബിസിനസ് ആക്കിയെടുക്കാൻ വേണ്ടിയാണ്. അങ്ങനെ എടുക്കുമ്പോൾ നമുക്കെന്തു തോന്നും എന്നുളളതാണ് അദ്ദേഹത്തിന്റെ ഒരു പ്രശ്നം. രണ്ടാമത്തേത്, അങ്ങനെ പറയുമ്പോൾ എല്ലാ ഘട്ടങ്ങളും നമ്മൾ പറഞ്ഞുകൊടുക്കുമോ - ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ സംശയം.
അതുകൊണ്ട് അങ്ങനെ സംശയമുളള എല്ലാവർക്കുമായിട്ട് പൊതുവേ ഒരു കാര്യം പറയാം. മിയവാക്കി മാതൃക വനവത്കരണത്തിൽ രഹസ്യങ്ങൾ ഒന്നുമില്ല. ഞങ്ങൾക്ക് അറിയാവുന്ന ഒരുമാതിരി എല്ലാ കാര്യങ്ങളും നമ്മുടെ വെബ്സൈറ്റിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഏകദേശം 90 വീഡിയോ ഇട്ടിട്ടുണ്ട്. ചില വീഡിയോകളിൽ ആദ്യം പറഞ്ഞതിൽ എതിരായിട്ടുളള കാര്യങ്ങൾ പറയാറുണ്ട്. ഉദാഹരണത്തിന് വളളിച്ചെടികൾ ഓരോ ചതുരശ്ര മീറ്ററിലും വെക്കണമെന്ന് പറഞ്ഞു. ഇപ്പോ നമ്മളത് വെക്കരുതെന്നാണ് പറയുക. കാരണം രണ്ട് മൂന്നു വർഷത്തെ അനുഭവത്തിൽ നമുക്ക് മനസിലായത്, വളളി കേറി മരത്തിൽ ചുറ്റും. മരത്തിനെ അനങ്ങാൻ സമ്മതിക്കില്ല. അവസാനം വളളിയുടെ ഒരു വലിയ കൂടായിട്ട് അതങ്ങ് മാറും. അതോടെ മരങ്ങളുടെ വളർച്ച മുരടിക്കും. ചെറിയ ചെടികളാണെങ്കിൽ നശിച്ചു പോവുകയും ചെയ്യും. ഇത് ഞങ്ങളാദ്യം പറഞ്ഞതിന് വിരുദ്ധമാണ്. ആദ്യം പറഞ്ഞിരുന്നത് വളളികൾ വെച്ചു പിടിപ്പിക്കൂ എന്നായിരുന്നു. ഇപ്പോൾ ആദ്യത്തെ മൂന്നു വർഷത്തേക്ക് വളളികളൊന്നും വെക്കരുത്, അതുകഴിയുമ്പോൾ സ്വാഭാവികമായിട്ട് അവിടെ വല്ലതും ഉണ്ടാവുന്നെങ്കിൽ ഉണ്ടാവട്ടെ എന്നു വെക്കുക. ഇതുപോലുളള പല മാറ്റങ്ങളും വരും, കാരണം ഞങ്ങളും സസ്യശാസ്ത്രജ്ഞന്മാരല്ല. ഞങ്ങൾ സസ്യശാസ്ത്രജ്ഞന്മാരുടെ അഭിപ്രായങ്ങൾ തേടാറുണ്ട്, ഉപദേശങ്ങൾ തേടാറുണ്ട്, അവർ വളരെ കാര്യമായിട്ട് പറഞ്ഞുതരാറുമുണ്ട്. എങ്കിലും നമ്മൾ പറയുന്നതിനകത്തും ചിലപ്പോൾ അശാസ്ത്രീയമായത് കയറിവന്നെന്നു വരാം. തെറ്റുകണ്ടാൽ ചിലപ്പോൾ തിരുത്തേണ്ടിയും വരാം. അതുകൊണ്ടാണീ പ്രോഗ്രാം വീണ്ടും വീണ്ടും ചെയ്തോണ്ടിരിക്കുന്നത്.
ഇത് ബിസിനസായി ചെയ്യാൻ ഉദ്ദേശിക്കുന്നവരോടു പറയാനുളളത് നിങ്ങളാരിത് ബിസിനസായി ചെയ്യുന്നതിനും ഞങ്ങൾ എതിരല്ല. ഇതിൽ കുത്തക വ്യാപാരം വേണമെന്ന് ഞങ്ങൾക്ക് യാതൊരു നിർബന്ധവുമില്ല. ഞങ്ങൾ ചെയ്യുന്നതുതന്നെ സാമാന്യം നല്ല ചിലവിലാണ്. ഇതിലും ചിലവ് കുറച്ച് പലരും ഓഫർ ചെയ്യുന്നുണ്ട്. അതിലും നമുക്ക് വിരോധമില്ല. കാരണം നമ്മൾ ചെയ്യുമ്പോൾ ഒരു പ്രതേക്യ നിലവാരം നിലനിർത്താൻ ശ്രമിക്കുന്നുണ്ട്. ആ നിലവാരത്തിൽ ചെയ്യണമെങ്കിൽ അത്രയും പൈസയാവും. അതിൽ കുറഞ്ഞ് വേറെ ആരേലും ചെയ്യുന്നതിൽ ഞങ്ങൾക്കു വിരോധമൊന്നുമില്ല. ഞങ്ങൾ ചെയ്യുന്നത് ഒരു സെന്റിൽ ഏകദേശം ഒന്നര ലക്ഷം രൂപ മുടക്കിയാണ്. നിങ്ങൾ നിങ്ങളുടെ അദ്ധ്വാനവും എല്ലാംകൂടി കൂട്ടി അല്ലെങ്കിൽ ചെടികളുടെ എണ്ണം കുറച്ചോ വളം കുറച്ചോ ഒരു ലക്ഷത്തിനോ എഴുപത്തി അയ്യായിരത്തിനോ ഒരു സെന്റ് ചെയ്യുന്നതിൽ തീർച്ചയായിട്ടും സന്തോഷം. പിന്നെ, മുന്നോ നാലോ വർഷം കഴിയുമ്പോഴുളള വളർച്ചയുടെ കാര്യത്തിൽ ഞങ്ങൾ പറയുന്ന ഉറപ്പ് കിട്ടാൻ വേണ്ടിയാണ് ഞങ്ങളിത്രയും കാര്യങ്ങൾ ചെയ്യുന്നത്. അത്രയും വളർച്ച നിങ്ങൾക്കു വേണ്ടെങ്കിൽ ഈ പറയുന്ന ചിലവുകളൊക്കെ കുറക്കുകയും മറ്റു ചെയ്യാം.
എന്തായാലും ഇതൊരു ബിസിനസ് ആയി ആളുകൾ എടുക്കുന്നതിൽ സന്തോഷമേ ഉളളൂ, കാരണം കൂടുതൽ ആളുകൾ ഈ മേഖലയിലേക്ക് വരികയും കൂടുതൽ പേര് മിയാവാക്കി മാതൃക വനവത്കരണം പ്രചരിപ്പിക്കുകയും ഒക്കെ ചെയ്തെങ്കിലേ നമ്മുടെ നാട്ടിൽ കൂടുതൽ മരങ്ങൾ വെച്ചു പിടിപ്പിക്കാൻ പറ്റൂ. അതുകൊണ്ട് എത്രയും പേര് ഇതിലേക്ക് വരുന്നതിൽ സന്തോഷമേയുളളൂ. എല്ലാവിധ സഹകരണവും എല്ലാവിധ വിവരവും തരാൻ ഞങ്ങൾ തയ്യാറാണ്. ടെലഫോണിലൂടെയുളള സംഭാഷണം ഇത്തിരി പാടാണ്. ഒരുദിവസം 24 മണിക്കൂറല്ലേ ഉളളൂ. അതിലൊരു രണ്ടോ മൂന്നോ മണിക്കൂറിൽ കൂടുതൽ ഫോണിലൂടെ സംസാരിക്കാൻ കഴിയില്ല. അത് മൂന്നോ നാലോ പേര് സംസാരിക്കാനുണ്ടെങ്കിൽ അത്ര സമയം തീരും. അതുകൊണ്ട് ഞങ്ങൾ ഏകദിന ശിൽപശാലകൾ സംഘടിപ്പിക്കുന്നുണ്ട്. ചെറിയൊരു രജിസ്ട്രേഷൻ ഫീസുണ്ട്. വേണ്ടവർക്ക് രജിസ്റ്റർ ചെയ്യാം. ഒക്ടോബർ 29ാം തിയതിയാണ് ആദ്യത്തെ വർക്ക്ഷോപ്പ് മലയാളത്തിലുളളത്. ഇംഗ്ലിഷിലുളളത് നവംബർ ആറാം തിയതിയും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ എല്ലാം രജിസ്ട്രേഷൻ www.crowdforesting.org എന്ന നമ്മുടെ വെബ്സൈറ്റിലാണ്. നിങ്ങൾ അവിടെ പോയി രജിസ്റ്റർ ചെയ്യുക. ആ രജിസ്റ്റർ ചെയ്യുന്ന ആളുകളെ ഉൾപ്പെടുത്തിക്കൊണ്ടാണ് വർക്ക്ഷോപ്പ് നടത്തുന്നത്.
ഈ വർക്ക്ഷോപ്പിൽ പ്രധാനമായിട്ടും സംവാദമാണ്. നമ്മൾ ചെയ്തതിന്റെ ചില വീഡിയോകൾ കാണിക്കണം എന്നുദ്ദേശിക്കുന്നു. അതുകൂടാതെ നിങ്ങളോട് ഇതേക്കുറിച്ച് പറയാൻ പറ്റുന്ന ചില കാര്യങ്ങൾ, നിങ്ങളുടെ സംശയങ്ങൾക്കുളള ഉത്തരം, നിങ്ങൾ ചിലപ്പോൾ ചിലവു കുറച്ചോ കൂടുതൽ മെച്ചപ്പെട്ട രീതിയിലോ ചെയ്യുന്നുണ്ടെങ്കിൽ അത് നിങ്ങൾക്ക് ഞങ്ങളോടു പങ്കുവെക്കാം. ഇതിനൊക്കെ ആയിട്ടൊരു മൂന്നാൽ മണിക്കൂർ മാറ്റി വെക്കുകയാണ്. ഇത്തരം വർക്ക്ഷോപ്പുകൾ നമുക്കെല്ലാം പ്രയോജനപ്പെടുമെന്നാണ് നമ്മുടെ വിശ്വാസം. അപ്പോൾ മിയാവാക്കി ബിസിനസ് മാതൃകയായി തെരെഞ്ഞെടുക്കുന്ന എല്ലാവരും തീർച്ചയായും ഞങ്ങളുടെ ഈ വീഡിയോ ചാനൽ കണ്ടാമതി. അതിലെല്ലാ വിവരങ്ങളും പറയുന്നുണ്ട്. അഥവാ എന്തെങ്കിലും സംശയമുണ്ടെങ്കിൽ നിങ്ങളൊരു മെയിലോ മെസേജോ അയയ്ക്കുക. അതിനുത്തരം പറയാം. ഇതൊരു കുത്തക വ്യാപാരമായി വെച്ചുപുലർത്തി നമുക്കു മാത്രമായി നടത്തിക്കൊണ്ടുപോകാൻ യാതൊരു ആഗ്രഹവുമില്ല. കേരളത്തിലെ മുഴുവൻ ആളുകളും മിയാവാക്കി ബിസിനസ് ആയിട്ട് ചെയ്യുകയാണെങ്കിൽ അത്രയും സന്തോഷം. അത്രയും കൂടുതൽ സ്ഥലങ്ങൾ കവർ ചെയ്യാൻ പറ്റുമല്ലോ. എത്രയും പെട്ടെന്ന് കൂടുതൽ മരങ്ങൾ നാട്ടിൽ വെച്ചുപിടിപ്പിക്കുക എന്നുളളതാണ് നമ്മുടെയെല്ലാം ആവശ്യം. അതുപോലെ ഉളള മരങ്ങൾ നഷ്ടപ്പെടാതിരിക്കുകയും. അതിന് വേണ്ട എല്ലാവിധ സഹായസഹകരണങ്ങൾക്കും ഞങ്ങൾ തയാറാണ്. താത്പര്യമുളളവർ വർക്ക്ഷോപ്പിൽ പങ്കുചേരുക. കുറേയധികം പേർക്ക് പ്രയോജനപ്പെട്ടേക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഞങ്ങൾ.