കുറച്ചു നാൾ മുൻപ് ഞാനൊരു പരീക്ഷണം നടത്തി. നിർമാണച്ചെലവ് കുറച്ച് പ്രകൃതിസൗഹൃദമായ രീതിയിൽ ഒരു ചെറിയ വീട് എങ്ങനെ പണിയാമെന്ന്. അതിന്റെ ഒരു വീഡിയോയും പ്രസിദ്ധീകരിച്ചിരുന്നു. വീഡിയോ കണ്ടിട്ട് ആ വീട് നേരിട്ട് കാണുവാൻ വേണ്ടി ഒരാൾ വന്നു. ശരത് എന്നാണ് അദ്ദേഹത്തിന്റെ പേര്. ശരത് ഒരു നാടക കലാകാരനായിരുന്നു. അദ്ദേഹം ശ്രീ പിരപ്പൻകോട് മുരളി സാറിന്റെ ‘ഭഗത് സിംഗ്’, ‘രമണൻ’ എന്നിങ്ങനെ ചില നാടകങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. ഇപ്പൊൾ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്നു. ശരത് ഒരു വീട് വെച്ചോണ്ടിരിക്കുകയാണ്.

വീടിനെ കുറിച്ചുള്ള ശരത്തിന്റെ സങ്കൽപ്പങ്ങളും ആദ്ദേഹത്തിന്റെ വീടുനിർമാണ രീതിയും പ്രത്യേകിച്ച് വീടിനടുത്തു മരം വെക്കുമ്പോൾ വീടിന്റെ ഫൗണ്ടേഷന് കേടു വരാതിരിക്കാൻ അദ്ദേഹം സ്വീകരിച്ചിരിക്കുന്ന മാർഗ്ഗവും എല്ലാം വളരെ പ്രയോജനകരമാണെന്ന് എനിക്ക് തോന്നി. അത് നിങ്ങൾക്കൊന്ന് പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്. ശരത്തിന്റെ കയ്യിലുള്ള പണമുപയോഗിച്ച് അദ്ദേഹത്തിന് വെഞ്ഞാറമ്മൂട് പോലെയുള്ള സ്ഥലങ്ങളിൽ അല്പം ഉള്ളിൽ ഒരു അൻപത് സെന്റ് സ്ഥലം വരെ വാങ്ങാൻ കഴിയും. പക്ഷെ അത് വേണ്ടെന്ന് വെച്ചിട്ട് അദ്ദേഹവും ഒരു കൂട്ടുകാരനും ചേർന്ന് മെയിൻ റോഡിന്റെ സൈഡിലൊരു മൂന്നര സെന്റ് സ്ഥലം വാങ്ങി. ആ മൂന്നര സെന്റ് സ്ഥലത്ത് ഇപ്പോൾ ഒരു വീട് വെക്കുകയാണ്.

ഇത്രയും ചെറിയ സ്ഥലം വാങ്ങി വീട് വെക്കുന്നതിന് അദ്ദേഹം പറഞ്ഞ കാരണം എന്തെന്ന് വെച്ചാൽ വെഞ്ഞാറമ്മൂട്ടിൽ അൻപത് സെന്റ് വാങ്ങിച്ചാലും ഈ റോഡ് സൈഡിൽ മൂന്നര സെന്റ് വാങ്ങിച്ചാലും താഴത്തെ നില മൂന്നൂറ്റിയന്പത് സ്ക്വയർ ഫീറ്റും മുകളിലത്തെ നില ഏകദേശം നാന്നൂറ് സ്ക്വയർ ഫീറ്റും മറ്റോ ഉള്ള ഒരു വീടായിരിക്കും അദ്ദേഹം വെക്കുന്നത്. അത് മതി അദ്ദേഹത്തിന്. ഒന്ന് - ആവശ്യത്തിൽ കൂടുതൽ ഇതിന്റെ നിർമാണത്തിനായി ചെലവാക്കാൻ അദ്ദേഹം തയ്യാറല്ല. രണ്ട് - അൻപത് സെന്ററിൽ അദ്ദേഹം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ ഈ മൂന്നര സെന്ററിൽ ചെയ്യാൻ കഴിയും എന്ന് അദ്ദേഹത്തിന് പൂർണ ബോധ്യമുണ്ട്. അതിനുള്ള ഒരു പരീക്ഷണം കൂടെയാണ് അദ്ദേഹം നടത്തുന്നത്.

ശരത് ഒരു കലാകാരൻ എന്നതിനോടൊപ്പം തന്നെ നന്നായി വായിക്കുന്ന ഒരാളും കൂടെയാണ്. നല്ല ആഴവും പരപ്പുമുള്ള വായനയായിട്ടാണ് എനിക്ക് തോന്നിയത്. അപ്പോൾ അങ്ങനെയുള്ളൊരാൾ ഒരു പരീക്ഷണം നടത്തുമ്പോൾ ആ പരീക്ഷണം നമ്മൾ ഗൗരവമായിട്ടു തന്നെ കാണേണ്ടതാണ്. ഒരു വീടിനു വേണ്ടി കല്ലും മണ്ണും മുതലായ കാര്യങ്ങളൊക്കെ നമ്മൾ ആവശ്യത്തിലധികം ചെലവാക്കുന്നു. ഇതൊക്കെ public capital ആണ്. ഈ resources ഒക്കെ എങ്ങനെ മിതമായി ഉപയോഗിക്കാം എന്നുള്ള പരീക്ഷണമാണ് ശരത് നടത്തുന്നത്. അദ്ദേഹം പറയുന്ന രീതിയിൽ കാര്യങ്ങളൊക്കെ നടക്കുകയാണെങ്കിൽ തീർച്ചയായിട്ടും നമുക്ക് അതിൽ നിന്നും ധാരാളം പഠിക്കാവുന്നതാണ്. അപ്പോൾ അദ്ദേഹത്തിന്റെ ആ കാഴ്ചപ്പാട് എന്താണെന്ന് നമുക്കൊന്ന് കണ്ടു നോക്കാം.

ശരത് : നമസ്കാരം

എം. ആർ. ഹരി : നിങ്ങൾ വീട് വെക്കാൻ സ്ഥലം വാങ്ങിച്ചിട്ടിട്ടുണ്ട്. സാധാരണ ആളുകൾ വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ കുറച്ചു ഉള്ളിലോട്ടായി കൂടുതൽ സ്ഥലം വാങ്ങിക്കാനാണ് നോക്കുന്നത്. അങ്ങനെയുള്ളപ്പോൾ താങ്കൾ ഇങ്ങനെ ഈ റോഡ് സൈഡിൽ മൂന്നര സെന്റ് മേടിക്കാനുള്ള കാരണമെന്താണ്.
ശരത് : അല്ല, എന്റെ സങ്കൽപ്പത്തിൽ ഒരിടത്തുമില്ലായിരുന്നു ഒരു മൂന്നു സെന്റിന്റെയോ മൂന്നര സെന്റിന്റെയോ വീടെന്നുള്ളത്. ഉള്ളിലോട്ട് എവിടെയെങ്കിലും കുറഞ്ഞ വിലയ്ക്ക് ഒരു ഇരുപത്-ഇരുപത്തിയഞ്ചു സെന്റ് സ്ഥലമെങ്കിലും വാങ്ങിച്ചിട്ട് ഒരു കുഞ്ഞു വീട്, അതിന്റെ പരിസരം മൊത്തം കുളവും മരങ്ങളും ഒക്കെ വെച്ച് പിടിപ്പിച്ച് നമുക്ക് സ്വതന്ത്രമായി നില്ക്കാൻ വലിയൊരു പുരയിടം - ഇതായിരുന്നു എന്റെ സങ്കൽപ്പം. പക്ഷെ അങ്ങനൊരു വീട് വെച്ച് ഞാൻ അവിടെ ഇരുന്നു കഴിഞ്ഞാൽപ്പിന്നെ എനിക്ക് അതിൽ നിന്നൊരു വരുമാനവും കിട്ടുന്നില്ല. എന്റെ തൊഴിൽ മേഖല ഫോട്ടോഗ്രഫി ആയത് കൊണ്ട് എനിക്ക് മെയിൻ റോഡ് സൈഡിൽ എവിടെയെങ്കിലും ഒരു മൂന്ന് സെന്റോ മൂന്നര സെന്റോ ഒക്കെ കിട്ടിക്കഴിഞ്ഞാൽ എനിക്ക് അവിടെ ഒരു ഫോട്ടോ സ്റ്റുഡിയോ തുടങ്ങാം. പിന്നെ ഇതിനോടൊപ്പം തന്നെ ഞാനൊരു ടാറ്റൂ സ്റ്റുഡിയോ കൂടെ തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. ഇത് രണ്ടും ഇവിടെ തുടങ്ങാം എന്ന ആലോചനയിൽ നിന്നാണ് ഈയൊരു മൂന്നര സെന്റ് വാങ്ങാമെന്ന് വിചാരിച്ചത്. പക്ഷെ പ്രധാന കാരണം ഈ മെയിൻ റോഡിൽ നമുക്ക് മൂന്നര സെന്ററിൽ കൂടുതൽ വസ്തു വാങ്ങാൻ പറ്റില്ല. ഇവിടെ ഒരു സെന്റിന് തന്നെ ഏകദേശം ആറു ലക്ഷം രൂപ വിലയുണ്ട്. ഉള്ളിലോട്ടാണെങ്കിൽ നമുക്ക് അൻപതിനായിരം അറുപതിനായിരം രൂപയ്ക്ക് വസ്തു കിട്ടും. ഒരുപാട് സ്ഥലം വാങ്ങുകയും ചെയ്യാം. പക്ഷെ മെയിൻ റോഡിൽ മൂന്ന്-മൂന്നര സെന്റിനപ്പുറത്തേക്ക് വാങ്ങാൻ  എന്റെ കയ്യിൽ ബഡ്ജറ്റ് ഇല്ലായിരുന്നു. അതാണ് പ്രധാനമായിട്ടും ഒരു മൂന്നര സെന്ററിൽ ഒതുങ്ങാനുള്ള കാരണം. ഇവിടെ എനിക്ക് താമസത്തിനുള്ള വീടും സ്ഥലവും സ്റ്റുഡിയോയും ബിസിനസും എല്ലാമൊരുക്കാം.
 
എം. ആർ. ഹരി : ഈ റോഡ് സൈഡിൽ മൂന്നര സെന്റ്
വാങ്ങിക്കുമ്പോൾ അവിടെ റോഡിൻറെ വീതികൂട്ടൽ പരിമിതികളൊക്കെ ഉണ്ടാവില്ലേ? 
ശരത് : ആ പരിമിതി തീർച്ചയായുമുണ്ട്. റോഡിൻറെ സെന്റർ ലൈനിൽ നിന്നും ഏകദേശം പതിമൂന്നര മീറ്ററോളം വിട്ടിട്ട് മാത്രമേ നമുക്ക് വീട് വെക്കാൻ പറ്റുകയുള്ളു. അപ്പോൾ അത്രയും പരിമിതമായ ഒരു സ്ഥലത്താണ് യഥാർത്ഥത്തിൽ നമുക്ക് വീട് വെക്കാൻ പറ്റുന്നത്. ഏകദേശം ഒന്നേകാൽ സെന്റിനുള്ളിൽ വീട് വെക്കാനുള്ള അനുവാദം മാത്രമേ നമുക്ക് സർക്കാരിൽ നിന്നും ലഭിക്കുകയുള്ളു. അതെല്ലാം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഈ മൂന്നര സെന്ററിൽ... യഥാർത്ഥത്തിൽ 3.150 സെന്റെ ഉള്ളു. മൂന്നേകാൽ സെന്റ് തികച്ചില്ല.

എം. ആർ. ഹരി : ഈ ഒന്നര സെന്ററിൽ ഇപ്പോൾ വെക്കുന്ന വീടിന്റെ വലിപ്പം എത്രയാണ്?
ശരത് : ഇപ്പോൾ വെക്കുന്നത് 350 സ്ക്വയർ ഫീറ്റാണ്.
എം. ആർ. ഹരി : അതായത് മുകളിലും താഴെയും എല്ലാം കൂടെ 350 ആണോ?
ശരത് : അല്ല. താഴത്തേത് മാത്രമാണ് 350 സ്ക്വയർ ഫീറ്റ്. പക്ഷെ എനിക്കിത് വേണമെങ്കിൽ ഒരു 450-470 സ്ക്വയർ ഫീറ്റ് വരെ വെക്കാമായിരുന്നു. പിന്നെ എനിക്കിങ്ങനെ കുറച്ച് ആവശ്യങ്ങളുള്ളതു കൊണ്ടാണ്…

എം. ആർ. ഹരി : നമുക്ക് ചെയ്യാനാവുമായിരുന്നതിന്റെ നാലിൽ മൂന്ന് സ്ഥലമേ ഇപ്പൊൾ ഉപയോഗിച്ചിട്ടുള്ളു. 25 ശതമാനം വീണ്ടും മരം വെക്കാനായിട്ട് വിട്ടു അല്ലെ?
ശരത് : അതെ. നമുക്ക് വീട് വെക്കാൻ ഒന്നേകാൽ സെന്റ് എടുക്കാമായിരുന്നു. അതിൽ ഏകദേശം കാൽ സെന്ററിൽ കൂടുതൽ സ്ഥലം മരം വെക്കാനായി ഇട്ടിരിക്കുകയാണ്.

എം. ആർ. ഹരി : താങ്കളുടെ ഒരു സുഹൃത്തിന്റെ വീട് തൊട്ടപ്പുറത്താണ്. ആ സുഹൃത്തിന്റെ വീടിനോട് ചേർന്ന് താങ്കളും ഒരു ചുവര് കെട്ടുകയാണ്.
ശരത് : അതെ
എം. ആർ. ഹരി : ഈ ചുവര് എന്തിനാണ്? ഒരു ചുവര് പോരെ?
ശരത് : ഇതിപ്പോൾ നമ്മൾ ചേർത്തുവെക്കുന്നതിന്റെ പ്രധാനമായുള്ള ഒരു പ്രശ്നം ഈ സ്ഥലപരിമിതി തന്നെയാണ്. സാധാരണ എല്ലാരും വീടിന്റെ അപ്പുറത്തും ഇപ്പുറത്തും ഒരു മീറ്റർ സ്ഥലം വിട്ടിട്ടാണ് വീട് വെക്കുന്നത്. അങ്ങനെ വെച്ച് കഴിഞ്ഞാൽ നമുക്ക് രണ്ടു വശത്തും അൽപം സ്ഥലം മാത്രമേ മിച്ചം കിട്ടുള്ളു. മരം വെക്കണമെങ്കിലോ വേറെ എന്തെങ്കിലും ആവശ്യത്തിനോ ആയിരുന്നാലും കുറച്ചു സ്ഥലം മാത്രമേ കിട്ടുകയുള്ളു. പക്ഷെ ഒരു വശത്തോട്ട് തന്നെ രണ്ടു പേരും ചേർത്ത് വെക്കുകയാണെങ്കിൽ അവിടെ വിടാൻ ഉദ്ദേശിക്കുന്ന ഒരു മീറ്ററും കൂടെ നമുക്ക് ഇപ്പുറത്തെ സൈഡിൽ കിട്ടും. അങ്ങനെ ഇപ്പോളെനിക്ക് ഒരു വശത്ത് എട്ടടി, എട്ടടി എന്ന് പറയുമ്പോൾ ഏകദേശം എനിക്ക് തോന്നുന്നു ഒരു രണ്ടേകാൽ മീറ്ററോളം സ്ഥലമുണ്ട്. എട്ടടി എന്ന് പറയുമ്പോൾ രണ്ടര മീറ്ററോളം വരും. അപ്പൊൾ അത്രയും സ്ഥലം എനിക്ക് ഒരു വശത്ത് കിട്ടുന്നുണ്ട്. അവിടെ മരങ്ങൾ വെക്കാനാണ് ഞാൻ ഇപ്പോൾ ഉദ്ദേശിക്കുന്നത്. നിറയെ വെക്കാൻ പറ്റില്ല കാരണം മരങ്ങളായത് കൊണ്ട് നമുക്ക് ഇടതിങ്ങി വീടിനോട് ചേർന്ന് വെക്കുന്നതിൽ ഒരു പരിമിതി ഉണ്ട്. എങ്കിലും ഒരു പതിനെട്ടടി അല്ലെങ്കിൽ ഇരുപതടി സ്ഥലത്ത് എനിക്ക് അഞ്ച് മരം വരെ വെക്കാൻ പറ്റും. അഞ്ച് മാത്രമെന്ന് ഉദ്ദേശിക്കുന്നത് ചെറിയ മരങ്ങല്ല വലിയ മരങ്ങൾ തന്നെയാണ്. അവിടെ വെക്കാനുള്ള മരങ്ങൾ ഞാൻ ഇപ്പോഴേ ഗ്രോ ബാഗിൽ വെച്ച് വളർത്തിക്കൊണ്ടിരിക്കുകയാണ്. എനിക്ക് തോന്നുന്നു അത് ഏകദേശം ഒരു ഏഴടി ഉയരത്തിൽ വരെ പൊങ്ങി കഴിഞ്ഞു. ഞാൻ അവിടെ വെക്കാൻ ഉദ്ദേശിക്കുന്നത് പ്ലാവ്, മാവ്, റമ്പൂട്ടാൻ എന്നിവയാണ്. പിന്നെ ഗേറ്റിന്റെ അടുത്തായി ഒരു തെങ്ങും. ഇങ്ങനെ കുറെ മരങ്ങൾ ഇപ്പോൾ വളർത്തിക്കൊണ്ടിരിക്കുകയാണ്. അതിൽ ഇന്നലെയാണ് പുതിയ ഒരു മരം കൂടെ വെക്കണമെന്നൊരു ഐഡിയ ഉണ്ടായത്. അത് നമ്മുടെ ഈ ശീമപ്ലാവ് എന്ന് പറയുന്നൊരു. . .
എം. ആർ. ഹരി : കടപ്ലാവ് 
ശരത് : കടപ്ലാവ്. അപ്പോൾ അതും കൂടി ഒന്ന് ആ നിരയിൽ എവിടെയെങ്കിലും ഉൾപ്പെടുത്തണം എന്നുണ്ട്. അപ്പോൾ ഇത്രയും മരങ്ങൾ അവിടെ വെക്കണമെങ്കിൽ നമുക്ക് ഇത്രയും സ്ഥലം ആവശ്യമാണ്.

എം. ആർ. ഹരി : ഇതിന്റെ മുൻപിൽ ഒരു നീന്തൽ കുളം പണിയാനുള്ള പദ്ധതിയുണ്ടെന്ന് കേട്ടല്ലോ.
ശരത് : ആഹ് ഉണ്ട്. എല്ലാവരും എന്നോട് ചോദിക്കാറുണ്ട് ഞാൻ ഈ വീട് വെക്കുമ്പോൾ കട വീടിന്റെ മുന്നിൽ കൂട്ടിച്ചേർക്കാനാണോ ഉദ്ദേശിക്കുന്നത് എന്ന്.  സാധാരണ എല്ലാവരും അങ്ങനെയാണ് ചെയ്യുന്നത്. എന്റെ സുഹൃത്തും അങ്ങനെയാണ് ചെയ്തിരിക്കുന്നത്, ഒരു കട മുറി വീടിന്റെ കൂടെ കെട്ടി വെച്ചിട്ടുണ്ട്. ഈ കടമുറിയോടു ചേർത്ത് നമുക്ക് കോൺക്രീറ്റ് ചെയ്തൂടാ എന്നെ ഉള്ളു. നമുക്ക് വസ്തുവിന്റെ അങ്ങേയറ്റം വരെ താത്ക്കാലിക കൺസ്ട്രക്ഷൻ ചെയ്യാം. അവിടെ നീന്തൽ കുളം വെക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്.

എം. ആർ. ഹരി : നീന്തൽ കുളത്തിന്റെ വലിപ്പം എത്രയാ ഉദ്ദേശിക്കുന്നത്? 
ശരത് : ആറടി വീതി പതിനെട്ടടി നീളം
എം. ആർ. ഹരി : ഓഹ് അപ്പോൾ ഏകദേശം ഒരു സ്ക്വ യർ ഫീറ്റിൽ കൂടുതൽ വരുന്നുണ്ട്.
ശരത് : അതെ അതെ.

എം. ആർ. ഹരി : കാൽ സെന്റോളം വരും.
ശരത് : അതെ. അത്രയുമുണ്ട്. അത്രയും നമുക്ക് ചെയ്യാൻ പറ്റുമെന്നുള്ളതാണ്. അതിനുള്ള സ്ഥലമുണ്ട്. ഒരു നീന്തൽ കുളം വീടിനോട് ചേർന്ന് എനിക്ക് വേണം എന്ന ആലോചന ഉണ്ടായത് ഈ കൊറോണ സമയത്താണ്. ഒരുപാടാളുകൾ, അൻപതും നൂറും ആളുകൾ, ഒരു നീന്തൽ കുളത്തിൽ ഒരുമിച്ചു നീന്തുമ്പോൾ അസുഖങ്ങൾ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. നാട്ടിലെ കുളങ്ങളും ചിറകളും പോലെയല്ല ഇത്. അവിടെ എന്തേലും അണുക്കളുണ്ടെങ്കിൽ അതിനകത്തു മീനുകളുണ്ട്. അതുപോലെ തന്നെ അത് കുറെ മണ്ണിൽ ചേരും. വെള്ളം വരുന്നത് പ്രകൃത്യാലുള്ള ഉറവിൽ നിന്നാണ്. അത് ഇതിൽ നിന്ന് വേറൊരു ചാലിൽ ഒഴുകി പോകുന്നുമുണ്ട്. ഇതൊന്നുമില്ലാത്ത നീന്തൽ കുളങ്ങളാണ് ഇത്രയും ആളുകൾ ഉപയോഗിക്കുന്നത്. അപ്പോൾ എനിക്കുണ്ടായ ഒരു ചിന്ത എന്നത്, നീന്താനായിട്ട് ഒരുപാട് സ്ഥലമൊന്നുമില്ലെങ്കിലും ഒരു കുഞ്ഞു സ്ഥലമെങ്കിലും വീട്ടിലുണ്ടെങ്കിൽ എനിക്ക് മനഃസമാധാനമായിട്ട് അതിലിറങ്ങി കുളിക്കാം.

എം. ആർ. ഹരി : ശരത്തിനു കാർ ഉണ്ടോ ?
ശരത് : എനിക്ക് നിലവിൽ കാറുണ്ട്. 
എം. ആർ. ഹരി : അതെന്തു ചെയ്യും?
ശരത് : കാറിടാനുള്ള  സ്ഥലം ഇപ്പോഴുണ്ട്. യഥാർത്ഥത്തിൽ ഞാൻ ഒരു വശത്ത് എട്ടടി വിട്ടിട്ടുണ്ട്. അവിടെ അത്രയും ഭാഗത്ത് വെക്കാൻ എനിക്ക് തോന്നുന്നു ഒരു രണ്ടടിയോളം സ്ഥലം നമുക്ക് വേണ്ടി വരുമായിരിക്കും. ഞാൻ അവിടെ വലിയ മരങ്ങൾ വെക്കാൻ മാത്രമല്ല ഉദ്ദേശിക്കുന്നത്. അതിന്റെ ഇടയ്ക്കായി അത്ര പൊക്കത്തിൽ വളരാത്ത നെല്ലി പോലുള്ള ചെറിയ മരങ്ങളും വെക്കുന്നുണ്ട്. അതിന്റെ മുൻവശത്തായിട്ട് ഈ നന്ത്യാർവട്ടം പോലുള്ള പൂക്കളുള്ള ചെടികളും വെക്കുന്നുണ്ട്. തേനീച്ചകൾക്കും വല്ലതും വേണമല്ലോ. ഇതിനെല്ലാം കൂടെ എനിക്ക് പരമാവധി ഒരു രണ്ടടി സ്ഥലം മതി. ആറടി സ്ഥലം ബാക്കി കിടപ്പുണ്ട്. വേണമെങ്കിൽ എനിക്കിവിടെ ഒരു കാറിടാം.

എം. ആർ. ഹരി : മരം വെക്കുമ്പോൾ ഫൌണ്ടേഷൻ തകരും എന്ന് പറഞ്ഞാരും പേടിപ്പിച്ചില്ലേ ?
ശരത് : ഞാൻ ഇവിടെ മരം വെക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഒരാള് പോലും അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഹരി സാർ മാത്രമാണ് വളരെ സന്തോഷത്തോടെ ഇത് കാണാൻ വന്നത്. പക്ഷെ വേറാരും… കാരണം എല്ലാവർക്കും പേടിയാണ്. വീടിനടുത്ത് മരം വെച്ചാൽ പ്രശ്നമാണെന്ന് എല്ലാവരും പറയും. അതിന്റെ വേര് കൊണ്ട് ബേസ്മെന്റ് തകരും. പക്ഷെ അതെങ്ങനെ തകരുന്നു എന്ന് ആരും പറയുന്നുമില്ല. എന്റെ കയ്യിലാണെങ്കിൽ ആകെ മൂന്നേ കാൽ സെന്റ് സ്ഥലമേയുള്ളു. അതിൽ ഒരുപാട് സ്ഥലം റോഡിനായി പോകും. വീട് വെക്കാനായിട്ട് ഒരു സെന്റിന് അകത്തുള്ള സ്ഥലമേ ഉള്ളു. എനിക്ക് അവിടെ മരവും വെക്കണം. എന്നാൽ എനിക്ക് കുഞ്ഞു കുഞ്ഞു മരങ്ങൾ വെക്കുന്നതിനോട് താൽപര്യമില്ല. എനിക്ക് വലിയ മരങ്ങൾ വെക്കണം. എന്റെ ആഗ്രഹം എന്താണെന്നു വെച്ചാൽ ഈ മരം വളർന്നു വലുതായി എന്റെ വീടിന്റെ മുകളിലേക്ക് അതിന്റെ ശിഖരങ്ങൾ പടർന്നു പന്തലിക്കണം. ഞാൻ മൂന്നാമത്തെ നിലയിൽ ഒരു ഷീറ്റ് ഇട്ടിട്ട് വിനോദത്തിനായുള്ള ഒരു ചെറിയ ഇടം എന്നുള്ള രീതിയിൽ പണിയുകയാണ്. കുറച്ചു പച്ചക്കറികളും അതിന്റെ കൂടെ ചെറിയൊരു ഹട്ട് പോലുള്ള സംഭവവുമാണ് ഞാൻ ചെയ്യാനുദ്ദേശിക്കുന്നത്. അതിന്റെ മുകളിൽ ഈ ശിഖരങ്ങൾ വന്നു പന്തലിച്ചു നിൽക്കണം എന്നുള്ളതാണ് എന്റെ ആഗ്രഹം.
അപ്പോൾ ഞാൻ അന്വേഷിച്ചു തുടങ്ങി - ഈ വീടിനടുത്തു മരങ്ങൾ വെക്കുന്നതിനു ആളുകൾ ഇത്രയും ഭയക്കുന്നത് എന്തിനാണെന്ന്, എങ്ങനെയാണ് ബേസ്മെന്റ് തകരുന്നത് എന്ന്. ചിന്തിച്ചു അങ്ങനെ അന്വേഷിച്ചപ്പോഴാണ് ഞങ്ങളുടെ വീടിനടുത്ത് ഒരു വില്ലാ പ്രൊജക്റ്റ് ചെയ്യാൻ വന്ന എഞ്ചിനിയറോട് ഞാൻ ഈ സംശയം ചോദിച്ചത്. അദ്ദേഹം എനിക്ക് വ്യക്തമായിട്ട് മറുപടി തന്നു. അദ്ദേഹം പറഞ്ഞത് പ്രകാരം ഒരിക്കലും ഒരു വന്മരത്തിന്റെ വേരുകൾ വന്ന് തള്ളി ഈ ബേസ്മെന്റ് തകർന്നു പോകുന്നതല്ല. ഒരു മരം വീടിനകത്തു വളർന്നു വരുമ്പോൾ ഒരു വർഷം അല്ലെങ്കിൽ രണ്ടു വർഷത്തിനിടയ്ക്ക്, അതൊരു പത്തടി പൊക്കമൊക്കെ എത്തുന്നതിനു മുൻപ് തന്നെ അതിന്റെ ഈ കുഞ്ഞു കുഞ്ഞു വേരുകൾ നാല് വശത്തോട്ടും ഏകദേശം ഒരു 3 - 4 മീറ്ററോളം പലയിടത്തോട്ടും വ്യാപിച്ചു പൊക്കോണ്ടിരിക്കും…രണ്ടു വർഷത്തിനുള്ളിൽ.     
നമ്മളീ മണ്ണിനടിയിൽ ബേസ്മെന്റ് കെട്ടുമ്പോൾ കല്ല് അടുക്കുകയാണ് ചെയ്യുന്നത്. അടുക്കുമ്പോൾ കുഞ്ഞു കുഞ്ഞു ഓട്ടകൾ കല്ലിന്റെ ഇടകളിൽ ഉണ്ടാകും. ഈ ഓട്ടകളുടെ ഇടയിലൂടെ വേരുകൾക്ക് പോകാൻ പറ്റും. അപ്പോൾ ഒരു ആറേഴു വർഷം കഴിയുമ്പോഴേക്കും ഈ മരം വലുതാകുന്നതിനോടൊപ്പം ഈ വേരും വലുതായി തുടങ്ങും. ഈ വേര് ഇതിനകത്തിരുന്ന് ഞെരുങ്ങിയിറുകി പൊട്ടുകയാണ് ചെയ്യുന്നത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം ആൽമരങ്ങളും ആൽത്തറകളും നോക്കിയാൽ നമുക്ക് മനസിലാകും. ഈ ആൽത്തറകൾ തകർന്നു പോകുന്നത് യഥാർത്ഥത്തിൽ വേരുകൾ കൊണ്ട് തള്ളിയിട്ടല്ല. ഇതിന്റെ ഇടയിൽ കൂടി വേരുകളിറങ്ങി അത് അവിടെ ഇരുന്ന് വികസിച്ചാണ് ഇതിങ്ങനെ പൊട്ടുന്നത്.
അപ്പോൾ പിന്നെ എന്റെ ചിന്ത എങ്ങനെ ഈ വേരുകൾ കരിങ്കല്ലുകൾക്കിടയിലൂടെ കയറാതെ നോക്കും എന്നായി. പല ആശയങ്ങളും എന്റെ മനസ്സിൽ വന്നു. ഒന്ന് - ഈ ബേസ്മെന്റ് കുഴിക്കുമ്പോൾ തന്നെ ഒരു രണ്ടടിയും കൂടെ എടുത്തിട്ട് കരിങ്കല്ല് കെട്ടുമ്പോൾ അതിന്റെ കൂടെ ചേർത്ത് നമുക്ക് കോൺക്രീറ്റ് ചെയ്യാം. രണ്ട് - കരിങ്കല്ല് കെട്ടാതെ പകരം നമുക്ക് ഫില്ലറുകൾ വെക്കാം. മൂന്ന് - നമുക്ക് plinth beam വെക്കാം. അതിലൊരിക്കലും ഈ വേരുകൾ കേറി പോകില്ല. അങ്ങനെ പല മാർഗങ്ങളും ആലോചിച്ചെടുത്തു. പക്ഷെ ഞാൻ ബേസ്മെന്റ് നേരത്തെ തന്നെ കെട്ടിയതു കൊണ്ട് ഇതൊന്നും ചെയ്യാൻ നിവർത്തിയില്ലായിരുന്നു.
ഇനി എങ്ങനെ ഈ കെട്ടിയ ബേസ്മെന്റിനെ സംരക്ഷിക്കാം എന്നായി എന്റെ ചിന്ത. വലിയ കോൺക്രീറ്റ് സ്ലാബുകൾ രണ്ടിഞ്ചു കനത്തിൽ നിർമ്മിച്ചിട്ട് കുഴിയെടുത്തിട്ട് അതിനകത്തേക്ക് ഇറക്കി വെച്ചാലോ എന്ന് വരെ ആലോചിച്ചു. അങ്ങനെ ചിന്തിച്ചിരുന്നപ്പോഴാണ് പഴയ ഒരു കാര്യം എനിക്ക് ഓർമ വന്നത്. ഞാൻ നമ്മുടെ കോഴിക്കൂടിന്റെ മുകളിൽ മഴ നനയാതിരിക്കാനായി ഇടാൻ ഒരു ഷീറ്റ് അന്വേഷിച്ച് ഒരു ആക്രിക്കടയിൽ പോയിരുന്നു. അവിടെ ഞാൻ ഇങ്ങനെ ഷീറ്റൊക്കെ നോക്കി നിന്നപ്പോഴാണ് മറ്റൊരു കാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടത്. അധികം കനമില്ലാത്ത നല്ല ബലമുള്ള ഒരു മെറ്റീരിയൽ ഞാൻ അവിടെ കണ്ടു. അത് എന്താണെന്നോ അതിന്റെ പേരെന്താണെന്നോ ഒന്നും എനിക്കറിയില്ല. വളരെ തുച്ഛമായ വിലയ്ക്ക് 150ഓ 200ഓ രൂപയ്ക്ക് ഞാനൊരു ചെറിയ ഷീറ്റ് വാങ്ങിച്ചു. ഇത് ഏകദേശം ഒരു നാല് വർഷം മുൻപാണ്. നാല് വർഷം മുൻപ് വാങ്ങിച്ചിട്ട ഷീറ്റ് കോഴിക്കൂടിന് മുകളിൽ ഒരു പ്രശ്നവുമില്ലാതെ ഇപ്പോഴും കിടപ്പുണ്ട്. മഴ നനയുന്നുണ്ട്. വെയില് കൊള്ളുന്നുണ്ട്. ഇപ്പോഴും ഒരു പ്രശ്നവും ഇല്ലാതെ ഇരിക്കുകയാണ്. അപ്പോൾ ഞാൻ ആലോചിച്ചു ഈ കോൺക്രീറ്റ് സ്ലാബ് വെക്കുന്നതിനേക്കാൾ എന്തുകൊണ്ടും ചെലവ് കുറവാണ് ഒരു കുഴിയെടുത്ത് ഈ ഷീറ്റ് വെക്കുന്നത്. ഇത് ഇട്ടു കഴിഞ്ഞാൽ ഒരു കാരണവശാലും വേരുകൾ കരിങ്കല്ലിനിടയിൽ കൂടെ തുളച്ചു കയറില്ല. അങ്ങനെ ഞാൻ ഗൂഗിളിൽ തപ്പി നോക്കി ഈ ഷീറ്റ് ഏതാണ് എന്നുള്ളതൊക്കെ. അങ്ങനെ ഇതിന്റെ  പേര് – composite sheet.

എം. ആർ. ഹരി : അതിന് എന്ത് വിലയുണ്ട് ?
ശരത് : പുതിയത് വാങ്ങുകയാണെങ്കിൽ ഒരു നാലടി പൊക്കവും പന്ത്രണ്ടടി നീളവും വരുന്ന ഒരു ഷീറ്റിന് ഏകദേശം 3500 - 4000രൂപ വരെ വരും.
എം. ആർ. ഹരി : അതായത് 48 സ്ക്വയർ ഫീറ്റിന് 4000 രൂപയാകും.
ശരത് : അതെ 4000 രൂപയോളം നമുക്ക് ചെലവാകും.
എം. ആർ. ഹരി : അപ്പോൾ ഒരു സ്ക്വയർ ഫീറ്റിന് ഏകദേശം 100 രൂപ വെച്ച് വരുന്നുണ്ടല്ലേ.
ശരത് : അതെ. പുതിയത് വാങ്ങുകയാണെങ്കിൽ…
എം. ആർ. ഹരി : 100ൽ ഇത്തിരി കുറവ് വരും.
ശരത് : അതെ. പക്ഷെ നമ്മുടെ ഈ ആക്രിക്കടകളിൽ നിന്ന് ഈ സാധനം സുലഭമായിട്ട് നമുക്ക് കിട്ടും. ഞാൻ ഇത് ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിയപ്പോൾ അറിഞ്ഞത് ഇത് മഴയും വെയിലുമൊക്കെ കൊണ്ട് കിടക്കുകയാണെങ്കിൽ പോലും ഏറ്റവും കുറഞ്ഞത് 30-35 വർഷം വരെ ഒരു പ്രശ്നവുമില്ലാതെ നിൽക്കും എന്നാണ്. വെയിലാണ് ഇതിന്റെ പ്രധാന വില്ലൻ. അപ്പോൾ വെയില് കൊള്ളാതെ ഇത് ഭൂമിക്കടിയിൽ കിടക്കുമ്പോൾ 35 എന്നുള്ളത് ചിലപ്പോൾ ഒരു 45ഓ 50ഓ വർഷം വരെ നീണ്ടു പോയേക്കാം. ഈ ഷീറ്റ് പ്രധാനമായും ഉണ്ടാക്കിയിരിക്കുന്നത് മൂന്നു സാധനങ്ങൾ ഉപയോഗിച്ചാണ് – പ്ലാസ്റ്റിക്, റബ്ബർ, അലൂമിനിയം. ഇരു വശങ്ങളിലും അലൂമിനിയവും പ്ലാസ്റ്റിക്കും ചേർന്ന മിശ്രിതവും നടുക്ക് റബ്ബറും. അത് വളരെ tight ആക്കി ചേർത്ത് പഞ്ച് ചെയ്തു എടുത്തിരിക്കുന്ന ഒരു ഷീറ്റ് ആണ്. പിന്നെ ഈ ഷീറ്റ് കിട്ടാൻ വേണ്ടി പല ആക്രിക്കടകളിൽ ഞാൻ പോയി നോക്കി. അങ്ങനെ ഒരിടത്തു നിന്ന് കിട്ടി. അവിടെ ഇത് ഒരുപാട് ഇരിപ്പുണ്ടായിരുന്നു. ഞാൻ അവിടുന്ന് രണ്ടു മൂന്നു ഷീറ്റ് എടുത്തു. ഈ ഷീറ്റ് ആരും വന്നെടുക്കാറില്ലെന്നും അങ്ങ് തമിഴ്നാട്ടിൽ നിന്നും വണ്ടി വരുമ്പോൾ അതിൽ കയറ്റി വിടുകയാണ് പതിവെന്നും ആ കടയിലുള്ളവർ പറഞ്ഞു.  

എം. ആർ. ഹരി : അപ്പോൾ താങ്കൾ ഇവിടെ ചെയ്തതെന്താണ് ?
ശരത് : ഇവിടെ ഇപ്പോൾ ബേസ്മെന്റ് കെട്ടിക്കഴിഞ്ഞു. ഈ ബേസ്മെന്റിനോട് ചേർന്ന് നമ്മൾ ഒരടിയോ അല്ലെങ്കിൽ ഒന്നരയടിയോ വീതിക്ക് ഒരു വാനം എടുക്കുക. എത്രത്തോളം ദൂരത്താണോ നമുക്ക് മരങ്ങൾ വെക്കേണ്ടത് അതിനനുസരിച്ചു വേണം എടുക്കാൻ. ബേസ്മെന്റ് എത്രത്തോളം താഴ്ന്നു പോയിട്ടുണ്ടോ അത്രത്തോളം താഴ്ചയിൽ എടുക്കണം. വാനം എടുത്തിട്ട് നമ്മൾ ഈ ഷീറ്റ് അതിലോട്ട് ഓരോന്നായി ഇറക്കി ചേർത്തു ചേർത്തു വയ്ക്കുന്നു. മണ്ണിട്ടു മൂടുന്നു. ഇത്രയേയുള്ളു ഇതിന്റെ പ്രക്രിയ .വളരെ എളുപ്പമായിട്ടുള്ള ഒരു കാര്യമാണ്.

എം. ആർ. ഹരി : വേര് വന്നാൽ ഇതിൽ തട്ടി നിൽക്കും. 
ശരത് : ഈ കുഞ്ഞു വേരുകൾ അല്ലെ. അത് ഷീറ്റിൽ തട്ടി വേറെ എങ്ങോട്ടെങ്കിലും ദിശ മാറി വളഞ്ഞു പൊക്കോളും. ഇതിനകത്തേക്ക് കയറില്ല. ഇത് വളരെ ലളിതമായ ഒരു കാര്യമാണ്. ബേസ്മെന്റിന്റെ തൊട്ടിപ്പുറത്ത് ഈ ഷീറ്റ് ഉപയോഗിച്ച് വളരെ ചെലവ് കുറഞ്ഞ രീതിയിൽ ഒരു സംരക്ഷണ മതിൽ തീർക്കുകയാണ് നാം ചെയ്യുന്നത്. പിന്നെയങ്ങോട്ട് വേരുകൾ കയറില്ല. ഒരു അഞ്ചാറ് വർഷം മരം വളർന്നുവെങ്കിൽ പിന്നെ ഈ ഷീറ്റ് നശിച്ചു പോയാലും നമ്മൾ പേടിക്കേണ്ട. ആറു വർഷം എന്നല്ല ഒരു 20-30 വർഷത്തേക്ക് പോലും നമുക്ക് പേടിക്കേണ്ട ആവശ്യമില്ല. കാരണം ഈ കുഞ്ഞു വേരുകളെല്ലാം പോകേണ്ട സ്ഥലത്തു പോയി അത് വളർന്നു വലുതായി തുടങ്ങിയിട്ടുണ്ട്.
ഇത് വെക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. ഒരു കാരണവശാലും കരിങ്കൽക്കെട്ടിനോട് ചേർത്ത് ഈ ഷീറ്റ് വെക്കാൻ പാടില്ല. ഈ കരിങ്കല്ലിന്റെ അടുക്ക് കേറിയിറങ്ങിയിരിക്കുന്നത് കൊണ്ട് ഷീറ്റ് ചേർത്തുവെച്ചു കഴിഞ്ഞാൽ അതിനു കേടു വരാൻ സാധ്യതയുണ്ട്.
അതിന്റെ ബലത്തിന് കുറവുണ്ടാകും. കാരണം ഇതിന്റെ ഇടയിലുള്ള കുഞ്ഞു കുഞ്ഞു ദ്വാരങ്ങൾ നമുക്ക് അടക്കാൻ കഴിയാതെ വരും. അതുകൊണ്ട് ബേസ്മെന്റിൽ നിന്നും ഏറ്റവും കുറഞ്ഞത് ഒരടിയോ ആറിഞ്ചോ എങ്കിലും മാറ്റി കുഴിയെടുത്ത് ഷീറ്റുകൾ വെക്കുക. എന്നിട്ട് ഷീറ്റിന്റെ ഇരു വശങ്ങളും ഒരേപോലെ മണ്ണ് നിറച്ചു കൊടുക്കുക.
രണ്ടാമത്തെ കാര്യം, കഴിയുമെങ്കിൽ ജെസിബി ഉപയോഗിച്ച് ഈ വാനം എടുക്കാൻ ശ്രമിക്കരുത്. കരിങ്കൽക്കെട്ടിൽ മുകളിൽ കാണുന്ന വീതി ആയിരിക്കില്ല താഴോട്ട് പോകുമ്പോൾ. അപ്പോഴത്തെയൊക്കെ അളവിന്റെ ഒക്കെ വ്യത്യാസം കൊണ്ട് ഒരടിയോളം ചിലപ്പോൾ പുറത്തേക്ക് തള്ളി നിൽക്കും. നമുക്ക് ചിലപ്പോൾ അറിയാൻ പറ്റില്ല ഈ ജെസിബി കൊണ്ട് വന്ന് അതിന്റെ കൈ ഒരു പിടി പിടിക്കുന്നത് ചിലപ്പോൾ. . .
എം. ആർ. ഹരി : ഫൌണ്ടേഷൻ മൊത്തം ഇങ്ങു പോരും.
ശരത് : ഇതിൽ നിന്ന് ഒന്നോ രണ്ടോ കല്ലിളകിക്കഴിഞ്ഞാൽ തന്നെ അതിന്റെ അടിയുറപ്പിനെ അത് ബാധിക്കും. അതുകൊണ്ട് പണിക്കാരെ വെച്ച് മാത്രം ഇത് ചെയ്യിക്കുക. പരമാവധി എപ്പോഴും ബേസ്മെന്റിൽ നിന്ന് ഒരടി വിട്ട് വേണം കുഴിയെടുക്കാൻ. അത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

എം. ആർ. ഹരി : ശരത് മൂന്നു മാസം കൊണ്ടാണല്ലോ വീട് തീർക്കാൻ ഉദ്ദേശിക്കുന്നത്. 
ശരത് : തീർക്കാൻ ശ്രമിക്കും. 
എം. ആർ. ഹരി : അപ്പോൾ ആ കൂട്ടത്തിൽ മരം വെച്ചും തുടങ്ങുമല്ലോ ? 
ശരത് : വീടിന്റെ നിർമാണം പൂർത്തിയാക്കിയാൽ മാത്രമേ മരം വെക്കാൻ പറ്റൂ. കാരണം ഈ സാധനങ്ങളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും എടുക്കുമ്പോൾ ഇത്…
എം. ആർ. ഹരി : അപ്പോൾ എന്തായാലും ഞങ്ങൾ വീണ്ടും ഒരിക്കൽ കൂടെ വരും. ഈ രീതി ആർക്കെങ്കിലും പ്രയോജനപ്പെടട്ടെ എന്ന് വെച്ചാണ് നമ്മൾ ഇപ്പോൾ ഇത് അവതരിപ്പിക്കുന്നത്.

ഇവിടെ ഏഴു സെന്റിനെ രണ്ടു സുഹൃത്തുക്കൾ ചേർന്ന് രണ്ടായി തിരിച്ച് മൂന്നര സെന്റ് സ്ഥലം വീതം വാങ്ങിച്ചിരിക്കുകയാണ്. 

ഞാൻ ഈ വലിയ നഗരങ്ങളിലെല്ലാം ഇങ്ങനത്തെ വീടുകൾ കണ്ടിട്ടുണ്ട്. രണ്ടു വീടിന്റെയും ഭിത്തി ഒന്നായിരിക്കും. സ്ഥലം കിട്ടാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്. കെട്ടിടനിർമാണ ചട്ടപ്രകാരം വീടിന്റെ വശങ്ങളിൽ ഓരോ മീറ്റർ സ്ഥലം വിട്ടുകഴിഞ്ഞാൽ ഇരു വശങ്ങളിലും വീതി കുറയും. ഒരു വശത്ത് വീട് ചേർത്തുവെച്ച് കഴിഞ്ഞാൽ മറ്റേ വശത്ത് രണ്ടു പേർക്കും ആവശ്യത്തിന് സ്ഥലം കിട്ടും. അതാണവർ ഉദ്ദേശിച്ചത്. പൊതുവെ ഇങ്ങനെ കെട്ടുമ്പോൾ രണ്ടു കൂട്ടർക്കും കൂടെ ഒരു ഭിത്തി ആയിരിക്കും. പക്ഷെ ഇവിടെ ഇവർ കുറച്ചൂടെ ബുദ്ധിപരമായിട്ട് രണ്ടു ഭിത്തിയും ചേർത്തു കെട്ടിയിരിക്കുകയാണ്. അപ്പോൾ ഇനി ഏതെങ്കിലും കാരണവശാൽ ഒരു വീട് പൊളിച്ചാലും മറ്റേ വീടിനു പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. ഈ വീട് അവിടെ തന്നെ നിൽക്കും. അല്ലെങ്കിൽ അയാൾക്ക് ആ ഭിത്തി പൊളിച്ച് വേറെ ഒരു ഭിത്തി പണിയുകയോ വേറെ എന്തെങ്കിലുമൊക്കെ കൂട്ടി പണിയുകയോ ചെയ്യാം. അതിന് തടസ്സമുണ്ടാക്കില്ല. അവിടം തൊട്ടു തന്നെ അവർ അവരുടേതായ ചില രീതികളൊക്കെ അതിൽ ഉപയോഗിക്കുന്നുണ്ട്. അത് രസകരമാണ്.