മിയാവാക്കി മാതൃക അടിസ്ഥാനപരമായി സ്വാഭാവിക വനത്തിന്റെ മാതൃക ഉണ്ടാക്കാനുളള പരിപാടി തന്നെയാണ്. എത്ര ചെറിയ സ്ഥലത്തും വെയ്ക്കാം എന്നുളളത് അതിന്റെ പ്രയോജനമാണ്. ഒരു സവിശേഷ ഗുണമെന്നു പറയാം. പക്ഷെ ഒരു കാര്യമുളളത് ചെറിയ സ്ഥലത്ത് വെയ്ക്കുമ്പോൾ അത് സ്വാഭാവിക വനത്തിന്റെ റെപ്ലിക്ക ആവില്ല. സ്വാഭാവിക വനമാകുമ്പോൾ അവിടെ ജീവികൾ വേണം, വളളികൾ വേണം, കുറ്റിച്ചെടികൾ വേണം, അങ്ങനെ കുറേ സാധനങ്ങൾ വേണം. അതെല്ലാം കൂടുമ്പോഴാണ് സ്വാഭവിക വനം ആകുന്നത്. അതിന്റെ മാതൃക നമുക്ക് മിയാവാക്കിയിൽ ഉണ്ടാക്കാൻ പറ്റും. പക്ഷെ ഇരുപതോ മുപ്പതോ സെന്റിൽ അല്ലെങ്കിൽ ഏക്കർ കണക്കിനു സ്ഥലത്തു വെയ്ക്കുമ്പോഴാണ് ആ മാതൃക വിജയിക്കുന്നതും ഈ പറഞ്ഞ കാര്യങ്ങളെല്ലാം നടക്കുന്നതും.
വീട്ടുവളപ്പിൽ വെയ്ക്കുമ്പോൾ നോക്കേണ്ടത് നമുക്ക് അത്യാവശ്യം ഭക്ഷണം ഉത്പാദിപ്പിക്കുന്ന ഒരു ചെറിയ കാട്. അതിന് ഇതേ സാങ്കേതികവിദ്യ, അല്ലെങ്കിൽ രീതി തന്നെ ഉപയോഗിക്കാം. പ്രഫസർ മിയാവാക്കി നിർദ്ദേശിച്ചിരിക്കുന്ന മാർഗം ഉപയോഗിച്ചു തന്നെ നമ്മുടെ വീട്ടിലേക്ക് ആവശ്യമുളള ചെടികൾ, ഭക്ഷണസാധനങ്ങൾ ഉത്പാദിപ്പിക്കുന്ന ചെടികളുടെ തോട്ടം വളരെ ചെറിയ സ്ഥലത്തും ഉണ്ടാക്കാൻ പറ്റും. ആ സ്ഥലം പ്രയോജനപ്പെട്ടു എന്നുമാവും.
തിരുവനന്തപുരത്ത് ഞാൻ വന്നത് മുപ്പതോ മുപ്പത്തഞ്ചോ കൊല്ലം മുമ്പാണ്. കോട്ടയത്താണ് എന്റെ വീട്. അവിടുന്നാണ് ഇങ്ങോട്ടുവരുന്നത്. ഞാൻ കവടിയാർ ഭാഗത്ത് താമസിക്കുമ്പോൾ ഒരിക്കൽ രാത്രി സെക്കന്റ്ഷോയോ മറ്റോ കണ്ടു മടങ്ങി വരുന്ന വഴി കുറച്ചു മാങ്ങ കിടക്കുന്നതു കണ്ടു. സാധാരണഗതിയില് പതിനൊന്നുമണി വരെ റോഡിൽ ആൾസഞ്ചാരമുണ്ടാവും. അതുകഴിഞ്ഞു വീഴുന്ന മാങ്ങ അവിടെ കിടക്കും. വഴിയിൽ പലയിടത്തും മാവ് നില്പ്പുണ്ട്. പണ്ട് ധാരാളമായിട്ട് ഉണ്ടായിരുന്നു. ഇപ്പോൾ മിക്കവാറും എല്ലാ മാവും വെട്ടിക്കളഞ്ഞു. ഞാനീ പറയുന്ന മാവും ഇപ്പൊഴില്ല. നാലഞ്ചു വർഷം മുമ്പേ റോഡു വീതികൂട്ടിയപ്പോൾ അത് വെട്ടിക്കളഞ്ഞു. അങ്ങനെ ഈ മാവ് കണ്ടുപിടിച്ചപ്പോൾ അതൊരു രസമായി തുടങ്ങി. വെളുപ്പാൻകാലത്ത് 3 മണി ആകുമ്പോൾ ഞാനും മോളും കൂടി സ്കൂട്ടറിൽ മാങ്ങ പെറുക്കാനായി ഇറങ്ങും. മകൾക്ക് ആറോ ഏഴോ വയസുളള സമയത്താണ്. അവൾ പഠിച്ചിരുന്ന സ്കൂൾ പരിസരത്തൊക്കെ പോകുമായിരുന്നു. നിർമ്മലഭവൻ സ്കൂളിന്റെ ഭാഗത്തൊരു മാവ് നില്പ്പുണ്ട്. സെന്റ് തോമസ് സ്കൂളിൽ പോകുന്ന ഭാഗത്ത് രണ്ട് മൂന്ന് മാവുണ്ട്. ഇവിടൊക്കെ 11 മണി കഴിഞ്ഞാൽ യാത്രക്കാരില്ല. പിന്നെ വീഴുന്ന മാങ്ങയൊക്കെ അവിടെ കിടക്കും. പിന്നെ വെളുപ്പിന് നടക്കാൻ പോകുന്ന ആളുകളാണ് അത് പെറുക്കുന്നത്. അവർ വരുന്നത് 5 മണിയ്ക്കാണ്. അതിനു മുമ്പുളള മൂന്നു മുതൽ നാല് മണി സമയത്താണ് ഞാൻ പോയി മാങ്ങ പെറുക്കിയിരുന്നത്. മാങ്ങ പെറുക്കലിന്റെ ഒരു രസം ചെറുപ്പത്തിലേ ശീലിച്ചു പോയതുകൊണ്ടാണ് അത് ചെയ്തിരുന്നത്. പണ്ടു നമ്മുടെ നാട്ടിലൊക്കെ നാട്ടുമാങ്ങ ധാരാളം ഉണ്ടായിരുന്നു. ഒരു മാവിൽത്തന്നെ മൂവായിരം മാങ്ങ ഉണ്ടാവും. അത് കുറേ പറമ്പിൽ വീഴും, കുറേ വഴിയിൽ വീഴും. കാണുന്നവർക്കൊക്കെ പെറുക്കിക്കൊണ്ടു പോകാം. കാണുമ്പോൾ വീട്ടുകാർക്ക് രണ്ടെണ്ണം കൊടുക്കും. അല്ലെങ്കിൽ വീട്ടുകാർ എടുത്തിട്ട് ആർക്കെങ്കിലും കൊടുക്കും. അങ്ങനെ സമൃദ്ധമായി മാങ്ങ ഉണ്ടായിരുന്നു. അത്തരം മാവുകളൊന്നും ഇന്ന് റോഡിലെങ്ങുമില്ല. ഈ മാവുകളെ നട്ടുപിടിപ്പിക്കാനുമിത്തിരി പാടാണ്.
ഞാൻ അമ്പലപ്പുഴ കടത്തിൽ ചങ്ങാടത്തിൽ വന്നുകൊണ്ടിരുന്ന സമയത്ത്, 2004ൽ അവിടെ പാലം വരുന്നതിനുമുമ്പാണ്, കടത്തു കാത്ത് നിന്നിരുന്നിടത്ത് ഒരു മാവുണ്ട്. അതിൽ നിന്ന് മാങ്ങ വീഴുന്നു, ആളുകൾ പെറുക്കി, ഞാനും പെറുക്കി. നല്ല രുചിയുളള മാങ്ങ. അത് ഞാനിവിടെ കൊണ്ടുവന്ന് ബക്കറ്റിൽ കിളിർപ്പിച്ച് ടെറസിൽ വെച്ചു. 2005ലാണത് കൊണ്ടുവരുന്നത്. നാലഞ്ചു വർഷം കഴിഞ്ഞ് ഞാനത് എടുത്ത് ഓഫീസിന്റെ ഗ്രൗണ്ടിൽ കുഴിച്ചുവെച്ചു. പത്തുവർഷം കഴിഞ്ഞാണ് അത് കായ്ക്കാൻ തുടങ്ങിയത്. ആ മാങ്ങാണ്ടി കുഴിച്ചിട്ടിട്ട് 13, 14 വർഷം കഴിഞ്ഞാണ് മാങ്ങയുണ്ടായത്. അതായത് ഒരു നാടൻ മാവ് വളർന്ന് സാധാരണ കായ്ക്കാൻ എടുക്കുന്ന സമയമാണ് 8 മുതൽ 16 വർഷം വരെ. ബക്കറ്റിൽ വെച്ചതുകൊണ്ടും ടെറസിൽ ഇരുന്നതു കൊണ്ടുമായിരിക്കാം താമസിച്ചത്. നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന നാട്ടുമാവുകളൊക്കെ അപ്രത്യക്ഷമായി. ഇനി ചില പറമ്പുകളിൽ അവിടവിടെ അപൂർവമായി നില്പ്പുണ്ട്.
ഈ ചെറിയ മഞ്ഞ മാങ്ങയാണ് ഞാൻ ഉദ്ദേശിക്കുന്നത്. പണ്ട് പിഴിഞ്ഞു കുടിക്കാനായി എടുക്കുന്ന ചെറിയ മാങ്ങ. അതിന് ഓരോ സ്ഥലത്തും ഓരോ പേരാണ്. ഇത് ഒരുപാടിനം ഉണ്ട്. മഞ്ഞ നറമുളളത്, നല്ല കടുംനിറമുളളത്, മധുരമുളളതും ഇല്ലാത്തതും. പുളിയുളളത്. പക്ഷെ ഇതൊന്നും ഇപ്പോൾ കാണുന്നില്ല. ഈ മാവുകളൊക്കെ ഏതെങ്കിലും സ്ഥലത്ത് അവശേഷിക്കുന്നുണ്ടെങ്കിൽ അതിനെ ബഡ് ചെയ്ത് ആരെങ്കിലും മിയാവാക്കി മാതൃകയിൽ പറമ്പിലൊക്കെ നട്ടുവളർത്തിയാൽ മാങ്ങ ഉണ്ടാകാൻ 15 വര്ഷം കാത്തിരിക്കണ്ട. നമ്മുടെ മുറ്റത്തെ സ്വാഭാവിക വനമാതൃകയ്ക്ക് സവിശേഷത കൂട്ടാനായി, അല്ലെങ്കിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്താൻ ഇങ്ങനെയുളള കാര്യങ്ങൾ ചെയ്യാവുന്നതാണ്. നമുക്ക് ഇഷ്ടമുളള മാവ്, പ്ലാവ് ഇതിന്റെയൊക്കെ തൈകൾ ബഡ് ചെയ്ത് കൂട്ടത്തിൽ വെച്ചുകൊടുത്താൽ അതുകൊണ്ട് പ്രയോജനവും ഉണ്ടാവും, ഈ ഇനങ്ങൾ സംരക്ഷിക്കാനും കഴിയും. റോഡിലുളള മാവ് പോയി എന്നു പറയുമ്പോൾ ഒരുപാടിനം മാവ് ഒപ്പം അപ്രത്യക്ഷമായി. ഏതൊക്കെ മാവ് ഇനി ബാക്കിയുണ്ടെന്ന് നമുക്കറിയില്ല. കണ്ണൂർ ആ വശത്ത് ആരോ നൂറോ നൂറ്റമ്പതോ ഇനം തൈകൾ ശേഖരിച്ച് ഒരു ഗ്രാമത്തിൽ നട്ടുവളർത്തുന്ന കഥ ഈയിടെ ആരോ എന്നെ വിളിച്ചു പറഞ്ഞു. ആ മാതൃകയില് നമ്മുടെ അടുത്തുളള മാവുകളുടെ എങ്കിലും ഒട്ടുതൈകൾ കിട്ടാനും അത് വളർത്തിയെടുക്കാനും ശ്രമിക്കുകയാണെങ്കിൽ നമുക്ക് നഷ്ടപ്പെടുന്ന ജൈവസമ്പത്തിന്റെ ഒരു ഭാഗം സംരക്ഷിക്കാനാകും. അതിനു ശ്രമിക്കുന്നതൊരു നല്ല കാര്യമാണെന്നു തോന്നുന്നു.