ഓൺലൈനിൽ ഇപ്പോൾ വരുന്ന ഒരു പ്രധാന ചോദ്യം മണ്ണ് എങ്ങനെ തയ്യാറാക്കണം എന്നുളളതാണ്. ഒരുപാട് പേര് അതു ചോദിക്കുന്നുണ്ട്. മണ്ണ് തയ്യാറാക്കലിനെ കുറിച്ച് ഞാൻ കുറച്ചൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതിന്റെ ഒരു പ്രശ്നം ഓൺലൈനിലൂടെ മണ്ണ് തയ്യാറാക്കുന്നത് പഠിക്കുന്നത് തപാലിലൂടെ ഗുസ്തി പഠിക്കുന്നതുപോലെയുളള ഒരേർപ്പാടാണ്. കാരണം അത് പ്രയോഗിക്കുമ്പോൾ മാത്രമേ കാര്യം പിടികിട്ടുകയുളളൂ. അളവ് പറയുന്നുണ്ട് മണ്ണില് ചാണകം, ചകിരിച്ചോറ് ഇതൊക്കെ 1:1:1:1 എന്നൊക്കെ. പക്ഷെ എത്ര ചേർക്കണം ?
എത്ര ചേർക്കണം എന്നുളളത് ഓരോ മണ്ണിന്റെയും സ്വഭാവത്തെ അനുസരിച്ച് മാറിയിരിക്കും. ലോകത്തുളള മണ്ണിനു മുഴുവൻ ഒരു സ്വഭാവമല്ല. ചില സ്ഥലത്ത് നല്ല പൊടി മണ്ണായിരിക്കും. ചിലയിടത്ത് ധാരാളം കരിയിലയും ഓർഗാനിക് ആയിട്ട് ജൈവവളമൊക്കെ ഉളള മണ്ണായിരിക്കും. ചിലയിടത്ത് വെട്ടുകല്ലായിരിക്കും. ഓരോ സ്ഥലത്തിനും അനുസരിച്ച് മാറ്റി മാറ്റി ചേർക്കണം. നമ്മൾ കൃഷി ചെയ്യുന്ന ഒരാളാണെങ്കിൽ അവിടെ എന്തെങ്കിലും കുഴിച്ചു വെച്ചിട്ടുണ്ടെങ്കിൽ നമുക്കറിയാമല്ലോ ആ സ്ഥലത്തെ ചെടിയുടെ വളർച്ചയും മണ്ണിന്റെ അളവുമൊക്കെ. അതനുസരിച്ചാണ് ഓരോ മണ്ണിലും ചേർക്കേണ്ടത്.
എനിക്കാകെപ്പാടെ പറയാൻ പറ്റുന്നത് പരമാവധി 40 കിലോ വീതം ചാണകവും ചകിരിച്ചോറും ഉമിയും ഒരു സ്ക്വയർ മീറ്ററിൽ ഇടാം. അത് പരമാവധിയാണ്. ഒരു വലിയ കുഴി എടുത്ത് നിറയ്ക്കുമ്പോഴാണ് അത്രയൊക്കെ ഇടുന്നത്. ഏറ്റവും കുറഞ്ഞത് 10 കിലോ വെച്ച്. അപ്പോൾ പത്തിനും നാൽപതിനും ഇടയ്ക്കുളള ഒരളവാണ് വേണ്ടത്. ഇതെത്ര എന്നുളളത് നിങ്ങളുടെ പ്രദേശത്തെ സൗകര്യങ്ങൾ അനുസരിച്ച് മണ്ണിന്റെ വളവും ചെടിയുടെ വളർച്ചയും അനുസരിച്ച് നിങ്ങൾ തന്നെ കണ്ടുപിടിക്കേണ്ട ഒരു ഫോർമുലയാണ്. അതിന്റെ ഒരു ഏകദേശചിത്രം മാത്രമേ നമുക്ക് തരാൻ കഴിയുകയുളളു.