സ്ഥിരമായി കിട്ടുന്ന ഒരു ചോദ്യമാണ് വീടിനടുത്ത് മരം വെക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ എന്ന്, അതിനുത്തരം പറയണമെങ്കിൽ ഇത്തിരി കാട് കയറിതന്നെ പറയേണ്ടി വരും. വളരെ പെട്ടെന്ന് സ്പെസിഫിക്ക് ആയിട്ട് ഉത്തരം പറയാൻ കഴിയില്ല. കാരണം അത് ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്ന ഒരു കാര്യമാണ്.
സിദ്ധാർത്ഥ രാജകുമാരന് ജ്ഞാനം കിട്ടിയ, ബോധോദയം ഉണ്ടായ സ്ഥലമാണ് ബോധഗയ. അവിടെ ഒരു ആൽവൃക്ഷം നില്പ്പുണ്ട്. ഈ ആൽമരത്തിന്റെ ചുവട്ടിലാണ് അദ്ദേഹത്തിന് ജഞാനം കിട്ടിയതെന്നു വിശ്വസിക്കപ്പെടുന്നു. ഈ ആലിന്റെ ചുവട് കണ്ടു പിടിക്കാൻ കഴിയില്ല. എത്രയോ സ്ക്വയർ കിലോമീറ്ററിൽ പടർന്നു നില്ക്കുകയാണ് മരം. അതിന്റെ വേര് താഴോട്ടിറങ്ങി വളർന്നു വളർന്ന് ഒരു പ്രദേശത്ത് മുഴുവൻ ആല് വളർന്നു നില്ക്കുകയാണ്. ഇത് ഒരൊറ്റ മരം തന്നെയാണ്. ആ മരം ഇങ്ങനെ വളർന്നു വളർന്നു പോയി. ഇനി അദ്ദേഹത്തിന്റെ കാലശേഷം വേറെ ആരെങ്കിലും വച്ച ആലാണോ എന്നും അറിയില്ല. എന്തായാലും വളരെ വലിയ പ്രദേശം മുഴുവൻ ഒരു ആല് വളർന്നു നില്ക്കുകയാണ്.
ഒരു മരത്തിന് എത്ര വേണമെങ്കിലും വളരാം. മരത്തിന്റെ വളർച്ച എന്നു പറയുന്നത് നമുക്ക് നിയന്ത്രിക്കാൻ പറ്റുന്ന ഘടകമാണ്. അഞ്ചു സെന്റിലോ പത്തു സെന്റിലോ, അല്ലെങ്കിൽ വീടിനടുത്തോ ഒക്കെ കാട് വയ്ക്കുമ്പോൾ ഒരു മരത്തിനെ അതിനു തോന്നിയപാട് വളരാൻ അനുവദിക്കാൻ കഴിയില്ല. അതുകൊണ്ട് അപകടം ഉണ്ടാകും. വീടിനടുത്ത് ഒരു വലിയ മാവ് നില്ക്കുകയും, അത് കാറ്റുപിടിക്കുകയും ചെയ്താൽ വീടിനു പുറത്തേയ്ക്ക് വീഴാനുള്ള സാധ്യതയും ഉണ്ട്. മാവ് പോലുള്ള മരങ്ങൾക്ക് കേരളത്തിൽ സാധാരണ കാറ്റ് പിടിക്കാറില്ല. തേക്കിന് പിടിക്കാറുണ്ട്. അതിന്റെ കാരണം ഇലകളുടെ ഭാരമാണ് എന്നെനിക്ക് തോന്നുന്നു. പലപ്പോഴും ഇത് ഒടിഞ്ഞു തലകുത്തി വീഴാറുണ്ട്. തേക്ക് പെട്ടന്ന് ഒടിഞ്ഞുവീഴുന്നതും, കൊടുങ്കാറ്റുള്ള സ്ഥലത്ത് തേക്ക് മറിഞ്ഞു വീഴുന്നതുമൊക്കെ വളരെ സ്വാഭാവികമായിട്ട് സംഭവിക്കുന്ന കാര്യമാണ്.
ഇത് ഒഴിവാക്കണമെങ്കിൽ ചെറിയ മരങ്ങളായി ഇവയെ വെട്ടി നിർത്തണം. സാധാരണ ഗതിയിൽ എന്റെ പറമ്പിലുള്ള മരങ്ങളെ 6 അടി വരെ ചില്ലകളൊന്നും ഇല്ലാതെ നിര്ത്തും. ഒറ്റത്തടിയായി വളര്ന്നു കഴിയുമ്പോൾ പത്ത് പന്ത്രണ്ടടി പൊക്കത്തിൽ അല്ലെങ്കിൽ 15 അടിയിൽ ഈ മരങ്ങളുടെ തല മുറിക്കും. വീടിനോട് ചേർന്നു നില്ക്കുന്നതാണെങ്കിൽ 10 അടിയിൽ കൂടുതൽ പൊങ്ങാൻ സമ്മതിക്കാറില്ല. പത്ത്, പതിനഞ്ച് അടിവരെ. വീടിന്റെ മുകൾ വരെ പൊങ്ങാൻ സമ്മതിക്കും. അതിൽ കൂടുമ്പോൾ അതിന്റെ തല മുറിച്ചു കളയും. മുറിക്കുമ്പോൾ നേരെ വട്ടത്തിൽ മുറിക്കരുത് ചെരിച്ച് മുറിക്കണം. അതായത് 45 ഡിഗ്രി ചരിവ് ആ മുറിക്കുന്ന ഭാഗത്ത് ഉണ്ടായിരിക്കണം. അങ്ങനെ മുറിക്കുമ്പോൾ മഴ പെയ്താലും വെള്ളം ഒരിക്കലും അതിനകത്തേയ്ക്ക് ഇറങ്ങില്ല അത് താഴോട്ടു പോകും.
കുറച്ചു നാൾ കഴിയുമ്പോൾ അവിടെ ചെറിയ മുളകൾ പൊട്ടി തുടങ്ങും. ഒരു കമ്പ് നിർത്താൻ പറ്റുന്നതാണെങ്കിൽ അങ്ങനെ ചെയ്യാം. കമ്പ് ഇല്ലെങ്കിലും പൊട്ടി കിളിർക്കുന്നതും കണ്ടിട്ടുണ്ട്. മരത്തിന്റെ നിലനിൽപ്പ് ഉറപ്പാക്കണമെങ്കിൽ അത്യാവശ്യം ഭക്ഷണം പാകം ചെയ്യാനുള്ള കുറച്ച് ഇലകളുമായിട്ട് ഒരു ചെറിയ ചില്ല നിർത്തിയേക്കുന്നത് നല്ലതാണ്. ബാക്കിയെല്ലാം വെട്ടിക്കളയാം. അങ്ങനെ വെട്ടിക്കളഞ്ഞാൽ ആ മരം വളരുന്നത് നമ്മുടെ ആവശ്യത്തിനനുസരിച്ചായിരിക്കും. ഡൽഹിയിൽ പോയാൽ കാണാം, അവിടെ 150 വർഷം പഴക്കമുള്ള മരങ്ങളാണ് റോഡിൽ നില്ക്കുന്നത്. പക്ഷെ അതിനൊന്നും തിരുവനന്തപുരത്ത് മഹാഗണി നില്ക്കുന്ന പോലെയുള്ള വണ്ണമൊന്നും ഇല്ല. പ്രത്യേകം അതിനു വേണ്ടി തിരഞ്ഞെടുത്തതും അങ്ങനെ വെട്ടി ചെറുതാക്കിയതുകൊണ്ടും നില്ക്കുന്നതാണ്.
ഏതു മരത്തെയും വെട്ടിച്ചെറുതാക്കി നമുക്ക് വേണ്ട വലുപ്പത്തിനാക്കി നിർത്താം. നിങ്ങൾക്കൊരു രണ്ടേക്കർ പറമ്പുണ്ടെങ്കിൽ അതിനകത്ത് ആഞ്ഞിലിയോ തേക്കോ, പ്ലാവോ എത്ര വലിയ മരവും വയ്ക്കാം, എത്ര വലിയ കാടു വെക്കുന്നതു കൊണ്ടും കുഴപ്പമില്ല. പക്ഷെ നമ്മൾ 5 സെന്റിലോ, 4 സെന്റിലോ, വീടിനടുത്തോ ഒക്കെ മരങ്ങൾ വെക്കുമ്പോൾ ആ മരങ്ങളെ ശ്രദ്ധയോടെ മുറിച്ചു നിർത്തണം. അങ്ങനെ മുറിച്ചു നിർത്തിയാൽ നിങ്ങൾക്ക് വീടിനു ചുറ്റും ഒരു കാട് നിലനിർത്താൻ പറ്റും. ഒരു 15 അടി, 12 അടി പൊക്കത്തിലുള്ള മരമൊന്നും മറിഞ്ഞു വീഴുന്നതല്ല. എപ്പോഴാണ് വീടിന് അപകടം സംഭവിക്കുന്നതെന്ന് ആലോചിക്കുക. നിങ്ങളുടേത് ഒരു കോൺക്രീറ്റ് വീടാണെങ്കിൽ വീടിനോട് ചേർന്ന് ഒരു തേക്ക് നില്പ്പുണ്ടെങ്കിൽ ആ തേക്ക് മറിഞ്ഞാലും നിങ്ങളുടെ വീടിനോട് ചാരി നിൽക്കുകയേ ഉള്ളൂ. തേക്ക് മുകളിൽ നിന്ന് താഴേക്ക് വരുമ്പോഴാണ് അതിന് ബലം കിട്ടുന്നത്. ഭൂമിയോട് അടുക്കുന്തോറും അതിന്റെ ഫോഴ്സ് കൂടി കൂടി വരും. അതേ സമയം ഇത് ഒരു 4 അടി ചരിഞ്ഞ് പാരപെറ്റിലേയ്ക്ക് ചാഞ്ഞു നില്ക്കുകയാണെങ്കിൽ ഇത് അവിടെ ചാഞ്ഞുനില്ക്കുകയേ ഉള്ളൂ. 15 അടി അകലെ നില്ക്കുന്ന മരമാണെങ്കിൽ വലിയ ശക്തിയിലായിരിക്കും വീടിന്റെ പുറത്തേയ്ക്ക് വീഴുക. സ്വാഭാവികമായിട്ടും വീടു തകർന്നു പോകും. വീടിനടുത്തു ചാരി നില്ക്കുന്ന പരുവത്തിലുള്ള ചെറിയ മരങ്ങളാണെങ്കിൽ വലിയ കുഴപ്പം വരികയില്ല.
പിന്നെ ഇതിന്റെ വേര് കോൺക്രീറ്റിനെ പിളർക്കുമോ എന്നതാണ്. സാധാരണ ഫൗണ്ടേഷനെ തകർക്കുന്നത് ആലു പോലുള്ള മരങ്ങളൊക്കെയാണ്. ഫൗണ്ടേഷനിൽ കേറി വരുകയാണെങ്കിൽ പിളർക്കും. മരം പലപ്പോഴും ഫൗണ്ടേഷന്റെ താഴത്തെ ലെവലിൽ ആണല്ലോ നില്ക്കുന്നത്. കേറി മേലോട്ടുവരില്ല. ഒരു വ്യത്യാസമുള്ളത് മുളയാണ്. മുള നമ്മുടെ വീടിനോ മതിലിനോ ഒക്കെ അടുത്തു നില്പ്പുണ്ടെങ്കിൽ അത് ആ പ്രദേശം മുഴുവന് പരക്കും. പുതിയ കൊണ്ട വരുന്നത് മണ്ണിനടിയിൽ നിന്നായിരിക്കും. അതു വളരെ ശക്തിയിൽ മണ്ണ് പിളർന്ന് മേലോട്ട് വരും. ആ വരുന്ന സ്ഥലങ്ങളിൽ മതിലും വേലിയുമൊക്ക അത് തകർക്കാറുണ്ട്. പക്ഷെ മറ്റു മരങ്ങൾക്ക് അങ്ങനെ വലിയ തോതിൽ വേരിൽ നിന്നും പൊട്ടിവളരുന്നതായി കാണുന്നില്ല. വേരിൽ നിന്നും പൊട്ടി തൈകൾ ഉണ്ടാകുന്ന മരങ്ങളാണെങ്കിൽ അത് വീടിനടുത്ത് വെക്കാതിരിക്കുക. മരങ്ങൾ വെട്ടി വിടുന്നതിന്റെ ഉദാഹരണം കൂടി ഞാനിതിൽ കാണിച്ചിട്ടുണ്ട്. ഞങ്ങളത് കാണിക്കാനുള്ള കാരണം മരത്തോടു വൈകാരികമായ ഒരു സമീപനം അല്ല വേണ്ടത്. ഏതു സാധനത്തോടും നമുക്കൊരു പ്രായോഗികമായ സമീപനം വേണം. എങ്കിൽ മാത്രമേ അതിനെ സംരക്ഷിച്ച് നമ്മുടേതാക്കി മുമ്പോട്ട് കൊണ്ടു പോകാൻ പറ്റൂ. ഒരു മരപ്രേമി ആയിട്ട് വലിയൊരു മരം കൊണ്ട് വീടിനടുത്ത് വച്ച് അത് മറിഞ്ഞു വീടിന്റെ പുറത്തേയ്ക്ക് വീണ് ആയുഷ്ക്കാലം കൊണ്ടുണ്ടാക്കിയ വീടു തകർന്നു പോകുന്നതിൽ അർത്ഥമില്ല. വീടിന്റെ പരിസരത്ത് നിങ്ങൾക്കു നിർത്താൻ പറ്റുന്ന അളവിൽ ഉള്ള മരങ്ങൾ വളർത്തുക.
ഞാനീ മുൻവശത്ത് കുറച്ച് പൂമരങ്ങൾ വളർത്തിയിട്ടുണ്ട്. ആ മരങ്ങളെ കണ്ടാലറിയാം. അതൊക്കെ ചെറിയ ചെടികളാണ്. എല്ലാം 15 അടി, 12 അടി, 10 അടിയിൽ കൂടുതലൊന്നും ഉയരില്ല. അത് മറിഞ്ഞു വീണാലും ആർക്കും ഒന്നും സംഭവിക്കില്ല. അങ്ങനെ നോക്കി, നമ്മുടെ കൈയ്യിലുള്ള സ്ഥലത്തിന്റെ ലഭ്യതയും വീടിന്റെ ഘടനയും നോക്കിയിട്ട്, ഓടിട്ട വീടിന്റെ പുറത്തേയ്ക്ക് ഒരു ചില്ല വീണാൽ പൊട്ടും. കോൺക്രീറ്റ് വീടാണെങ്കിൽ പൊട്ടാനുള്ള ചാൻസ് കുറച്ചു കൂടി കുറവാണ്. അതൊക്കെ നോക്കി ഓരോ സ്ഥലത്തിനും അനുസരിച്ച് നമ്മൾ തീരുമാനിക്കേണ്ട കാര്യമാണ് ഏതു മരമാണ് അവിടെ വെച്ചു പിടിപ്പിക്കുക എന്നത്.