ചെറിയൊരുപകരണം പരിചയപ്പെടുത്തിക്കൊണ്ട് ഒരു കാര്യം പറയാം. പിഎച്ച് അളക്കാനുളള ഒരുപകരണമാണിത്. മണ്ണിന്റെയും വെളളത്തിന്റെയുമൊക്കെ അമ്ലത അല്ലെങ്കിൽ ക്ഷാരഗുണം അറിയാനുളളത്. ശുദ്ധജലത്തിന്റെ പിഎച്ച് വാല്യു 7 ആയിരിക്കും. അതിൽ കുറയുന്തോറും അത് അസിഡിക് ആയിരിക്കും. കൂടുന്തോറും ആൽക്കലൈൻ സ്വഭാവം അഥവാ ക്ഷാരഗുണം ആയിരിക്കും. ഏഴിൽ നിന്നാൽ വെളളം ശുദ്ധമായിരിക്കും.

മീൻ വളർത്തുമ്പോൾ ആ മീനിന് അനുയോജ്യമായ വെളളമാണോ എന്നു നോക്കണം. ഈ ഉപകരണത്തിന്റെ അറ്റം വെളളത്തിൽ മുക്കി നോക്കാം. അതുപോലെതന്നെ ചെടികളുടെ ചുവട്ടിൽ മണ്ണിൽ ഇത് ഇറക്കിവെച്ചാൽ മണ്ണിന്റെ അമ്ലഗുണം അറിയാനാവും. ഇതോടൊപ്പം തന്നെ ഇതിലൊരു തെർമോമീറ്റർ ഉണ്ട്.

ഞാനിപ്പോൾ ഒരാഴ്ച്ച ഇവിടെ കോവിഡ് ആയിട്ട് ഇരിക്കുകയാണ്. പ്രത്യേകിച്ച് ഒരു പണിയുമില്ല. കുറച്ച് വായിക്കുക ഒക്കെ ചെയ്തുകഴിഞ്ഞാൽ വേറേ ജോലിയൊന്നുമില്ല. ഇതിവിടെ ഒരു കളിപ്പാട്ടം പോലെ ഇരിക്കുന്നത് കണ്ട് ഞാനിതൊന്ന് എടുത്ത് ഓൺ ചെയ്ത് മുറിക്കകത്തൊക്കെ നോക്കിയപ്പോൾ താപനില 29 ഡിഗ്രിയാണ്. നട്ടുച്ച നേരത്താണ്, പന്ത്രണ്ട് - ഒരു മണി സമയത്ത്. ഇപ്പോൾ പന്ത്രണ്ടര മണിയായി. ഈ സമയത്ത് ഇവിടുത്തെ താപനില 29 ഡിഗ്രിയാണ്. അതിനുശേഷം ഞാൻ പുറത്തുകൊണ്ടുവന്നു നോക്കി. പുറത്തിവിടെ ഒരു രണ്ട് മണി ആവുമ്പോഴേക്ക് വെയില് നന്നായി വീണ് ഈ ഭാഗമൊക്കെ പൊളളും.

ഇപ്പോൾ അങ്ങോട്ട് വെയില് വീണു തുടങ്ങിയിട്ടേ ഉളളൂ. ഉച്ചനേരത്തെ വെയിലാണ് ഇവിടെ വീഴുന്നത്. ചെടികളുടെ മറവുളളതു കൊണ്ട് 12 മണി വരെ വെയില് വീഴില്ല. 12 മണി കഴിയുമ്പോൾ ഈ വരാന്തയിൽ വെയില് വീണു തുടങ്ങും. ആ സമയത്ത് ഈ തെർമോമീറ്റർ ഇവിടെ വെക്കുമ്പോൾ ഇതിന്റെ താപനില 29 എന്നുളളത് മുകളിലേക്ക് പോയി 40 ഡിഗ്രി വരെ ഈ തറയോടിനു മുകളിൽ ചെല്ലുന്നുണ്ട്. അതും കഴിഞ്ഞ് ആ കരിങ്കല്ല് പഴുത്തു കിടക്കുന്നിടത്ത് ഇത് വെക്കുമ്പോൾ താപനില 45 ഡിഗ്രിയിലെത്തുന്നുണ്ട്. കേരളത്തിലെ ഏറ്റവും ചൂടുകൂടിയ സ്ഥലം പാലക്കാടുളള ഒരു ചൂടാണ് 45 ഡിഗ്രി. മുറിക്കകത്ത് 29 ഡിഗ്രി, മുറിക്കു പുറത്ത് 45 ഡിഗ്രിയും. എന്തുകൊണ്ടാണങ്ങനെ സംഭവിക്കുന്നത് ?

നമ്മുടെ പറമ്പിൽ വീഴുന്ന വെയിൽ ഈ കരിങ്കല്ലിൽ വീണ് ചൂടായി അതിൽ നിന്നും റേഡിയേറ്റ് ചെയ്തുവരുമ്പോഴാണ് 45 ഡിഗ്രി ചൂടിലേക്ക് പോകുന്നത്. ഇതൊരുപക്ഷെ ഇതിലും കൂടാം, എനിക്കറിയില്ല. ഇതിനു തൊട്ടടുത്ത് ഏതാണ്ട് എട്ടടി അപ്പുറം ഒരു മിയാവാക്കി കാട് നിൽക്കുകയാണ്. ഇവിടെ ആകെയുളള ഗ്രാനൈറ്റ് ഒന്നീ വീടിന്റെ വരാന്തയിൽ തറയോടിന്റെ അറ്റം പൊട്ടാതിരിക്കാൻ ബോർഡറായി കൊടുത്തിരിക്കുന്നതും രണ്ട്, നടയാക്കി ഇട്ടിരിക്കുന്ന രണ്ട് പീസ് ഗ്രാനൈറ്റുമാണ്. ഇതിന്റെ ചൂട് വെയില് നേരിട്ടു വീഴുമ്പോൾ 45 ഡിഗ്രിക്ക് മുകളിലേക്ക് പോവുകയാണ്.

ഇനി വേറൊരു പരീക്ഷണം തൊട്ടപ്പുറമുളള മിയാവാക്കി കാട്ടിലെ മരച്ചുവട്ടിൽ ഈ 45 ഡിഗ്രിയായ തെർമോമീറ്റർ കൊണ്ടുവെച്ച് കാട്ടിലേക്കതിന്റെ അറ്റം തിരിച്ചുവെച്ചു. കുറച്ചുകഴിഞ്ഞ് ഇത് വീണ്ടും താഴോട്ടുവന്ന് 29, 28 ഡിഗ്രി വരെയായി. അന്തരീക്ഷ താപനില രണ്ടുമണി നേരത്ത് 32 ഡിഗ്രി ഉളളപ്പോൾ കാട്ടിനുളളിൽ അതിനേക്കാൾ മൂന്ന് നാല് ഡിഗ്രി കുറവായിരുന്നു. അത് ഗ്രാനൈറ്റിലേക്ക് വരുമ്പോൾ 45 ഡിഗ്രിയുടെ മുകളിലേക്ക് പോകും. ഇത് ടാറിട്ട റോഡിൽ പരീക്ഷിക്കുകയാണെങ്കിൽ ഇതിലും കൂടുതലായിരിക്കും എന്നാണ് പറയുന്നത്. ഞാൻ പരീക്ഷിച്ചിട്ടില്ല.

അപ്പോൾ ഞാൻ പറഞ്ഞതിന്റെ ചുരുക്കം ഇത്രേയുളളൂ, ഇപ്പോൾ വ്യാപകമായി ചെയ്യുന്നൊരു കാര്യമാണ് വീടിനു ചുറ്റും ഗ്രാനൈറ്റ് ഇടുക എന്നുളളത്. കുഴപ്പമില്ല വീട് വൃത്തിയായി കിടക്കും, കരിയില പോലുളള കാര്യങ്ങൾ വരില്ല, പാമ്പ് വരില്ല എന്നു പറയുന്നവരുണ്ട്. പാമ്പ് വരാതിരിക്കുകയൊന്നുമില്ല. ഗ്രാനൈറ്റിന്റെ പരുപരുത്ത പ്രതലത്തിൽ പാമ്പിന് എളുപ്പമായി വരാൻ പറ്റും മുറ്റത്താരും മിനുസമുളള ഗ്രാനൈറ്റ് ഇടാറില്ലല്ലോ. പക്ഷെ പാമ്പിനെ കണ്ടുപിടിക്കാൻ പറ്റും.

പറയുമ്പോൾ ഒരുകാര്യം കൂടി പറയാം. ഈ പാമ്പൊന്നും സ്ഥിരമായി വീട്ടിലേക്കു വരുന്ന സാധനമല്ല. കഴിഞ്ഞ വർഷം കേരളത്തിൽ മൊത്തം പാമ്പു കടിച്ച് മരിച്ചത് 22 പേരാണ്. കോവിഡ് വന്നു മരിച്ചത് അമ്പതിനായിരമോ മറ്റോ ആയി. പക്ഷെ പാമ്പുകടിച്ച് മരിച്ചത് ആകെ 22 പേരാണ്. അത്രയും പേരുതന്നെ കാട്ടുപന്നി കുത്തിയും മരിച്ചിട്ടുണ്ട്. കാറിടിച്ചു മരിച്ചത് 3500 - 4000 പേരാണ്. പക്ഷെ ഇപ്പോഴും നമ്മുടെ മനസിൽ കിടക്കുന്ന പേടി പാമ്പാണ്. എട്ടുകാലി കടിച്ച് ഇന്നുവരെ ആരും മരിച്ചിട്ടില്ല. പക്ഷെ എട്ടുകാലിയെ കണ്ടാൽ അപ്പോൾ നമ്മൾ വീട്ടിൽനിന്നും പുറത്തുചാടും. ഇതൊക്കെ നമ്മുടെ ഉളളിലുളള ഒരു ഫിയർ സൈക്കോസിസിന്റെ ഭാഗമാണ്. അതുപോട്ടെ. നമ്മുടെ വിഷയം താപനില കൂടുന്നതാണ്.

വീടിനു ചുറ്റും കോൺക്രീറ്റ് ചെയ്യുകയോ കല്ലിടുകയോ ചെയ്യുമ്പോൾ സ്വാഭാവികമായും നമ്മുടെ വീടിനു ചുററുമുളള താപനില കൂടും. ഓഫീസുകളിലൊക്കെ പാർക്കിങ്ങ് ലോട്ട് എന്നു പറഞ്ഞ് ഏകദേശം ഓരേക്കർ സ്ഥലം വരെ കോൺക്രീറ്റ് ചെയ്തിട്ടിരിക്കുന്ന ഓഫീസുകളുണ്ട്. അതിനകത്ത് എയർ കണ്ടിഷൻ ഉളളതുകൊണ്ട് ഈ താപനിലയുടെ വ്യത്യാസം അകത്ത് അറിയുന്നില്ല. നിങ്ങളുടെ വീടിനെ ചൂടുപിടിപ്പിക്കുന്ന ഒരു സാധനമാണ് ഈ കോൺക്രീറ്റ്. ഇത് ചൂടുപിടിച്ച് വീടിനുളളിലേക്ക് ആ ചൂട് വ്യാപിച്ചു കഴിഞ്ഞാൽ പുറത്ത് സന്ധ്യ കഴിഞ്ഞു വെയിലു താഴുമ്പോൾ പെട്ടെന്നു തണുക്കും. അകം തണുക്കില്ല. രാത്രിവരെ ആ ചൂട് അങ്ങനെത്തന്നെ നിൽക്കും. അതുപിന്നെ കുറയണമെങ്കിൽ നിങ്ങൾ ജനലും വാതിലുമൊക്കെ തുറന്നിട്ട് പുറത്തുനിന്നുളള തണുത്ത വായു അകത്തേക്കു കയറിയെങ്കിൽ മാത്രമേ പത്തു പതിനൊന്നു മണിക്കു ചൂട് കുറയുകയുളളു. അല്ലെങ്കിൽ പിന്നെ എയർ കണ്ടീഷനറോ അതുപോലുളള ഉപകരണങ്ങളോ ധാരാളമായി ഉപയോഗിക്കേണ്ടി വരും.

കഴിയുന്നതും ഗ്രാനൈറ്റ് ഇടുന്ന ആളുകൾ പോലും അതിനോട് ചേർന്നൊരു ചെടിക്കൂട്ടം- കാട് വെക്കണമെന്ന് ഞാൻ പറയുന്നില്ല. ചെടികളുടെ ഒരു കൂട്ടം വെച്ചുപിടിപ്പിക്കുകയാണെങ്കിൽ ഈ താപനിലക്ക് നമുക്ക് കുറച്ചൊരു വ്യത്യാസം ഉണ്ടാക്കാൻ കഴിയും. എന്തുകൊണ്ടാണ് നമ്മൾ ചെടികൾ വീടിനുചുറ്റും കൂട്ടമായി വെക്കണമെന്നു പറയുന്നതിന്റെ ഒരുദാഹരണമാണ് ഇവിടെ കാണിച്ചുതന്നത്. സംഗതി ശരിയാണ്, കരിയില വരും, ഇഴജന്തുക്കൾ വരും. പക്ഷികളും ചിത്രശലഭങ്ങളും, ചിലർക്ക് അട്ടയെ ഒക്കെ വലിയ പേടിയാണ്. അങ്ങനെയുളള സാധനങ്ങളും വരും. പക്ഷെ നിങ്ങളുടെ വീടിന്റെ പരിസരത്ത് താപനില കുറച്ചുനിർത്തണമെങ്കിൽ ഇതല്ലാതെ ഇപ്പോൾ വേറെ ഒരു മാർഗവുമില്ല.

അതുകൊണ്ട് വെറുതേ പത്തു രണ്ടായിരം രൂപ കൊടുത്തൊരു തെർമോമീറ്റർ വാങ്ങി വീട്ടിൽ വെക്കുക. ഇത്രയും പൈസ ഗ്രാനൈറ്റിടാൻ ചെലവാക്കുന്നില്ലേ. നല്ല ഗ്രാനൈറ്റിന് ഒരു സ്ക്വയർ മീറ്ററിന് തന്നെ നാനൂറുരൂപയിൽ കൂടുതൽ ചെലവു വരും. ഇതൊരു മൾട്ടിപർപ്പസ് ഉപകരണമാണ്. താപനില അളക്കാം, മണ്ണിന്റെയും വെളളത്തിന്റെയും പി.എച്ച് മൂല്യം അളക്കാം. ഇത് ആമസോണിൽ കിട്ടും. ഇത് വാങ്ങി വീടിനു ചുറ്റുമുളള താപനില അളന്നുനോക്കുക. എന്നിട്ട് നിങ്ങൾക്ക് ബോധ്യമാവുന്നുണ്ടെങ്കിൽ മാത്രം വീടിനു ചുറ്റും കുറച്ചുമരങ്ങൾ നടുക. വാഴ വെച്ചാൽ പോലും വെയില് നേരിട്ട് മണ്ണിലേക്ക് അടിക്കുന്നത് കുറയും. എന്തെങ്കിലുമൊക്കെ നട്ടുപിടിപ്പിക്കണം എന്നൊരു അഭ്യർത്ഥനയുണ്ട്.