മിയാവാക്കി മാതൃക പോലെ പ്രചാരത്തിലുളള വേറൊരു മാതൃകയാണ് പെർമാകൾച്ചർ. മിയാവാക്കി വനവത്കരണത്തിനു വേണ്ടി മാത്രമുള്ള ഒരു മാതൃകയാണ്. പെർമാകൾച്ചർ അങ്ങനെയല്ല, അത് കുറെക്കൂടി കാര്യങ്ങൾ ഉൾപ്പെടുത്തി ചെയ്യുന്ന ഒരു സംഗതിയാണ്. 1978ലോ മറ്റോ ആണ് പെർമനന്റ് അഗ്രിക്കൾച്ചർ എന്നുള്ളതിൽ നിന്നാണ് പെർമാകൾച്ചർ എന്ന വാക്ക് ഫ്രെയിം ചെയ്ത് എടുക്കുന്നത്. മിയാവാക്കി മാതൃക നടപ്പിലാകുന്നത് 1970ലാണ്. ഈ പെർമാകൾച്ചർ ഒരു സംസ്കാരമാണ്, ചെടികളെയും ജീവികളെയും എല്ലാ ജൈവവൈവിദ്ധ്യത്തെയും സംരക്ഷിച്ചു മുന്നോട്ടുപോകുന്ന ഒരു ജീവിത ശൈലി.
യൂറോപ്പിലാണ് ഇപ്പോള് അതിന് ഏറ്റവും കൂടുതൽ പ്രചാരമുള്ളതെന്നു തോന്നുന്നു. നമ്മൾ കാണുന്ന വീഡിയോയിൽ കൂടുതലും യൂറോപ്പിൽ നിന്നും വരുന്നതാണ്. ഇന്ത്യയിലും ആളുകൾ ചെയ്യുന്നുണ്ട്. കേരളത്തിലും കുറച്ചു പേര് അവിടവിടെ ഒക്കെ ചെയ്യുന്നുണ്ട്. പക്ഷെ അത്രയ്ക്കങ്ങ് പ്രചാരത്തിലെത്തിയിട്ടില്ല. ഇത് പ്രചാരത്തിലെത്തേണ്ട ഒരു സംഗതിയാണ്, കാരണം സാധാരണ ഗതിയിൽ നമ്മളൊരു വീട് വയ്ക്കുമ്പോൾ ആ വീടിനെക്കുറിച്ച് മാത്രമാണ് ആലോചിക്കാറുള്ളത്. അതിന്റെ പരിസരം എങ്ങനെ വേണം, അതു പോലെതന്നെ ഇത്രേം വലിയൊരു വീട് നമുക്ക് വേണോ തുടങ്ങിയ വശങ്ങൾ അത്ര ആലോചിക്കാറില്ല. കോണ്ക്രീറ്റ് സ്ട്രക്ചർ ഒക്കെ ഗംഭീരമായിട്ട് ചെയ്തിട്ട് കുറെക്കാലം കഴിയുമ്പോൾ അതിന്റെ മെയിന്റനൻസും ബാക്കി കാര്യങ്ങളുമൊക്കെ ബുദ്ധിമുട്ടാകുന്ന ഒരു അവസ്ഥയാണ് കാണുന്നത്. ചെറിയ വീടുകളും അതിനോടൊപ്പം തന്നെ പ്രകൃതി സൗഹൃദപരവുമായ അന്തരീക്ഷവും അതിന് ചുറ്റുമായി ഉണ്ടാക്കുന്നതല്ലേ കൂടുതൽ നല്ലതെന്നുളള ചിന്ത ആളുകൾക്ക് നൽകാനും കൂടിയാണ് യഥാർത്ഥത്തിൽ ഞാനീ പെർമാകൾച്ചർ എന്ന പദം ഇപ്പോള് പരിചയപ്പെടുത്താനുള്ള കാരണം.
പെർമാകൾച്ചറിൽ മിയാവാക്കിയും ഉൾപ്പെടുത്താം. മിയാവാക്കിയുടെ ചില വനവത്കരണ രീതികൾ കൊണ്ട് പെർമാകൾച്ചറിനുള്ളിൽ ചെറിയവനങ്ങളൊക്കെ സൃഷ്ടിക്കാൻ പറ്റും. പെർമാകൾച്ചറിൽ യഥാർത്ഥത്തിൽ ചെയ്യുന്നത് എന്താന്നു വച്ചാൽ പൊതുവെ ഒന്നും ഇല്ലാതിരിക്കുന്ന ഒരു വലിയ സ്ഥലമെടുത്തിട്ട്, എന്നുവച്ചാൽ ചെടിയില്ല, വെള്ളമില്ല, വളമില്ല, മണ്ണില്ല അങ്ങനെ ഒരു സ്ഥലമായിരിക്കും. ഈ സ്ഥലത്തിനെ ഏഴോ എട്ടോ വർഷം തുടർച്ചയായി അവരുടെ ഇടപെടലുകൾ കൊണ്ട് വലിയൊരു കൃഷി ഫാം ആയി മാറും.
സാധാരണ നമ്മൾ കാണുന്ന പോലെ ഓരോന്നും ഓരോ സ്ഥലത്ത് ആയിരിക്കില്ല. പലയിടത്തും എല്ലാം കൂടി കൂട്ടിക്കുഴച്ചാണ് ഇവർ നടുന്നത്. പല ലെയറാണ്. അതായത് പപ്പായ പൊക്കത്തിലാണ് കായ്ക്കുന്നത് അതിന് മുകളിൽ നിന്ന് വെയിൽ കിട്ടും. അതിന്റെ താഴെ നിൽക്കുന്ന ചേമ്പിന് അത്രയും വെയില് വേണ്ട, അല്ലെങ്കിൽ ഒരു കാന്താരി മുളകിന് അത്രേം വെയില് വേണ്ട. അത് മുകളിലോട്ട് പോകുന്നതല്ല. അങ്ങനെ ഇതെല്ലാം കൂടി ഒരു സ്ഥലത്ത് ഇടകലർന്നാണ് വളരുന്നത്. അതു പോലെ ഇതിന്റെയും താഴെത്തെ ലെവലിൽ ഇഞ്ചിയും മഞ്ഞളുമൊക്കെ പോലെയുള്ള സാധനങ്ങൾ വളരും. നമ്മുടെ ഇഞ്ചിത്തോട്ടത്തിൽ പറ്റുന്നത് എന്താന്നു വച്ചാൽ ഒരു ഒറ്റവിളയായതു കൊണ്ട് പലപ്പോഴും കൃഷി ചെയ്യുമ്പോൾ കീടബാധ ഉണ്ടാകുന്ന സാധ്യത വളരെ കൂടുതലാണ്. ഇഞ്ചി തിന്നുന്ന കീടങ്ങൾ എല്ലാം കൂടി അങ്ങോട്ട് വന്നാൽ മതി. ശിഷ്ടകാലം അവർക്ക് അവിടെ ജീവിക്കാം. കീടങ്ങൾക്ക് ചെറിയ ജീവിതചക്രം അല്ലേ ഉള്ളൂ. അപ്പോൾ ഇതൊക്കെ വരും, നമ്മൾ വിഷമടിക്കും. അപ്പോഴതിന് മ്യൂട്ടേഷൻ സംഭവിക്കും. ഇതൊക്കെ നടന്നോണ്ടിരിക്കും.
പെർമാകൾച്ചറിൽ പല ചെടികളും ഒരുമിച്ച് നില്ക്കുന്നതു കൊണ്ട് എല്ലാ ചെടികളും അപ്രത്യക്ഷമാകില്ല. ഏതാണ്ട് മിയാവാക്കിയുടെ കാടിന്റെ ഫിലോസഫി തന്നെയാണ് പെർമാകൾച്ചറിൽ പല ഐറ്റം ഒരുമിച്ച് വയ്ക്കുന്നതിലും ഉള്ളത്. പെർമാകൾച്ചറിന്റെ ഒരുപാട് വീഡിയോകൾ യൂറ്റിയൂബിൽ ലഭ്യമാണ്. നിങ്ങൾ കണ്ടു നോക്കണം. പല സ്ഥലങ്ങളിലും അവർ നീരുറവ തന്നെ ഉണ്ടാക്കുന്നുണ്ട്. ഉണങ്ങിയ മണ്ണിലും കുറെക്കാലം വെള്ളം താഴ്ത്തിയിട്ട് അവിടെ ചാലുകൾ തന്നെത്താനെ പൊട്ടി വരുന്നത്, അല്ലെങ്കിൽ അവിടെത്തെ മൊത്തം സ്വാഭാവം തന്നെ മാറ്റിയെടുക്കുന്ന കാഴ്ചകളുണ്ട്. നിങ്ങൾ ചെയ്യുന്നില്ലെങ്കിൽ പോലും ഇത് കാണാൻ നല്ല രസമാണ്. ആളുകൾ അത്രയും കഷ്ടപ്പെട്ട് ഭൂമി എങ്ങനെ മാറ്റിയെടുക്കുന്നു, കുറെക്കാലം കൊണ്ട് ഭൂമിയ്ക്കുണ്ടായ നാശത്തെ അവർ എങ്ങനെ ചികിത്സിച്ച് മാറ്റുന്നു എന്നുളളതാണ്.
പക്ഷെ ഇതൊരു ജീവിത ശൈലിയായതു കൊണ്ട് അതിൽ ഒരുപാട് ബുദ്ധിമുട്ടുണ്ട്. ഈ പെർമാകൾച്ചർ ചെയ്യുന്ന ആളുകൾ വേറെ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. ഐടി പ്രൊഫഷനലുകളോ, അല്ലെങ്കിൽ ഏതെങ്കിലും ഒരു മേഖലയിൽ കുറെ പൈസയൊക്കെ ഉണ്ടാക്കിയവരോ ജീവിതത്തിന്റെ ഒരു സ്റ്റേജൊക്കെ കഴിമ്പോൾ ഇനിയിപ്പോൾ കൂടുതൽ പൈസയൊന്നും വേണ്ട എന്ന ചിന്തയിലാണ് ഇതിലേക്കു തിരിയുന്നത്. യൂറോപ്പിലാണ് ഇത് കൂടുതലായും കാണുന്നത്. പെർമ്മാകൾച്ചർ കൂടുതൽ വ്യാപകമായി നടക്കുന്നത് യൂറോപ്പിലാണ്. അവിടത്തെ വീഡിയോകളാണ് കൂടുതലും ലഭ്യമായിട്ടുള്ളത്. ഇവിടെ ഇത് പ്രൊമോട്ട് ചെയ്യുന്നുവെങ്കിലും വളരെ കുറച്ചുപേർ മാത്രമേ മെയിൻസ്ര്ട്രീം വിട്ട് ഇങ്ങനെത്തെ കാര്യങ്ങൾ ചെയ്യുന്നുള്ളൂ. അല്ലാതെ വ്യാപകമായിട്ട് പെർമാകൾച്ചർ ഇവിടെ ഉപയോഗിക്കുന്നതായിട്ട് കാണുന്നില്ല.
പക്ഷെ നമ്മുടെ നാട്ടിൽ പെർമാകൾച്ചർ ഉപയോഗിക്കാൻ പറ്റിയൊരു കൃഷി രീതിയാണെന്നു തോന്നുന്നു. നമ്മുടെ റബ്ബർ തോട്ടങ്ങളൊക്കെ ഇപ്പോ റബ്ബർ ഇല്ലാതെ കിടക്കുകയാണ്. ഇതൊക്കെ ഭാവിയിൽ ഒരുപക്ഷെ പെർമാകൾച്ചർ തോട്ടങ്ങളായി് മാറിയേക്കാം. നൂറ് ശതമാനം ഓർഗാനിക് ആയിട്ടുള്ള ഭക്ഷണം തന്നെ അവിടെ ഉത്പാദിപ്പിക്കപ്പെട്ടേക്കാം. ഇതിൽ ഒരു കാര്യം ഓർഗാനിക് കൃഷിക്കാർ ഓർഗാനിക് കീടാനാശിനികൾ എന്നുള്ള പേരിൽ കീടനാശിനി ഉപയോഗിക്കുന്നവരാണ്. അതിന്റെ പേരിൽ ഒരു തർക്കം ഉണ്ട്. കീടനാശിനി ഉപയോഗിക്കുന്നത് കീടത്തെ ഒഴിവാക്കാനാണ്. പക്ഷെ കീടത്തെ ഒഴിവാക്കണോ. കീടവും കൂടി ഉള്ളതല്ലേ ഭൂമി. ഈ കീടത്തെ കൊണ്ട് ദോഷം മാത്രമേ ഉള്ളോ പ്രയോജനം ഉണ്ടോ എന്നുള്ള കാര്യം നമുക്കറിയില്ല.
കീടങ്ങൾ പണ്ടും ഭൂമിയിൽ ഉണ്ടായിരുന്നു. നമുക്കത് കൂടുതൽ ഉപദ്രവമായി വരാൻ തുടങ്ങിയത് പ്രത്യേക രീതിയിലുള്ള കൃഷിരീതികൾ നമ്മൾ ആരംഭിച്ചപ്പോഴാണ്. ഉദാഹരണത്തിന് ഒരു പ്രദേശത്ത് നെല്ലു മാത്രം നടുമ്പോൾ നെല്ലിനെ ബാധിക്കുന്ന കീടങ്ങൾ അവിടേയ്ക്ക് വരും. നെല്ലിനെ ആക്രമിക്കും. നെല്ല് ഉള്ളിടത്തോളം കാലം ആ കീടങ്ങൾ അവിടെത്തന്നെ കഴിയും. അതിനെ തുരത്താൻ നമ്മൾ വൻതോതിലുള്ള വിഷം പ്രയോഗിക്കും. കീടങ്ങളുടെ ഒരു പ്രത്യേകത അത് രണ്ടോ മൂന്നോ തവണ കൊണ്ടുതന്നെ അതിന്റെ ജീൻ മാറും. ആറാഴ്ച്ചയോ, പതിനഞ്ചാഴ്ച്ചയൊ ഒക്കെയാണ് അതിന്റെ ജീവിത ചക്രം. ഒരു വർഷം എടുക്കുമ്പോൾ തന്നെ എട്ട് പത്ത് തലമുറ കഴിയും. ഇത്രയും തലമുറകൾ കഴിയുമ്പോൾ കീടനാശിനിയെ പ്രതിരോധിക്കാനുള്ള ശേഷിയും അതിന് കിട്ടും. ആ ഒരു പ്രശ്നമാണ് നമ്മുടെ ഈ പുതിയ രീതിയിലുള്ള കൃഷിയിൽ സംഭവിക്കുന്നത്.
ഇത് ഒഴിവാക്കിക്കൊണ്ടാണ് പലരും പെർമാകൾച്ചർ ചെയ്യുന്നത്. അതായത് ചെടികളെ എല്ലാം കൂടി ഒരുമിച്ച് വളർത്തുന്നു. അപ്പോൾ ഒരു കീടത്തിനെ വേറൊരു കീടം പിടിക്കും. അല്ലെങ്കിൽ ഇരയെ വേട്ടക്കാരൻ പിടിക്കും. അതിനിടയിൽ കൂടി കൃഷിക്കാരൻ ആവശ്യമുള്ള കുറെ സാധനം കിട്ടും. വിൽപനയ്ക്കുള്ള സാധനങ്ങളാണേൽ പോലും ചെറിയ കേടുപാട് ഒരു പ്രശ്നമല്ല. കൂടുതലും നമ്മളൊരു ആരോഗ്യപരമായ, പ്രകൃതി സൗഹൃദപരമായ സമീപനമാണ് അതില് സ്വീകരിക്കുന്നത്. ആ വീഡിയോകള് ഒന്നു കണ്ടുനോക്കണം. പറ്റുമെങ്കിൽ നിങ്ങൾ ഒന്ന് ചെയ്ത് നോക്കുകയും വേണം.
എന്നോടൊരാൾ ഒരു ചോദ്യം ഇതിനിടയ്ക്ക് അയച്ചിരുന്നു, അതിന്റെ ഉത്തരം കൂടി പറയാം. നിങ്ങൾ സംസാരിക്കുമ്പോൾ ക്യാമറയിൽ നോക്കാതെ പല വശങ്ങളിൽ നോക്കി സംസാരിക്കുന്നത്, അല്ലെങ്കിൽ കീഴോട്ട് നോക്കി സംസാരിക്കുന്നത് എന്താണെന്നാണ് ചോദ്യം. രണ്ട് കാര്യങ്ങള് കൊണ്ടാണ്, ഒന്ന് പലപ്പോഴും ഇവിടെ വന്ന് കഴിഞ്ഞ് എനിക്ക് ശരിയായി തോന്നുന്ന കാര്യങ്ങളാണ് പറയുന്നത്, രണ്ട് പല വീഡിയോകളും എടുക്കുന്നത് പുളിയറക്കോണത്തെ മിയാവാക്കി ഫോറസ്റ്റിന്റെ പരിസരത്ത് വച്ചാണ്. ഇതിന്റെ ചുറ്റും പലതരം കാഴ്ചകൾ ഉണ്ട് കാണാൻ - അണ്ണാൻ വരുന്നു, പക്ഷി വരുന്നു, ചിത്രശലഭം വരുന്നു. സ്വാഭാവികമായിട്ടും നമ്മുടെ ശ്രദ്ധ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ തിരിഞ്ഞു പോകുന്നുണ്ട്. അത് ക്ഷമിക്കണം, മനപൂർവ്വമല്ല, പക്ഷെ അത് പൂർണ്ണമായും ഒഴിവാക്കാനും പാടാണ്.