ക്രൗഡ് ഫോറസ്റ്റിങ്ങിന്റെ ഈ ലക്കത്തിൽ ഞങ്ങൾ പരിചയപ്പെടുത്തുന്നത് ശ്രീ. സന്തോഷ് പുഴക്കരയിടത്തിനെയാണ്. അദ്ദേഹം പ്രകൃതിസ്നേഹം ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരാളാണ്. പ്രകൃതിയ്ക്കോ പരിസ്ഥിതിക്കോ എന്തെങ്കിലും സംഭാവന നൽകിയ ആളുകളെ അല്ലെങ്കിൽ നമ്മൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുന്ന ആളുകളെ പരിചയപ്പെടുത്തുക എന്നുളളതാണ് നമ്മൾ തുടർന്നുവരുന്ന ഒരു രീതി. ഞാനിവിടെ അദ്ദേഹത്തിന്റെ നിർബന്ധപ്രകാരം ഒരു കാട് വെക്കാനുളള സാധ്യത അന്വേഷിച്ചു വന്നതാണ്. വന്നപ്പോൾ ഒരു കാട്ടിലുളളതിനേക്കാൾ കൂടുതൽ മരങ്ങൾ ഇവിടെ ഉണ്ട്. ആകെയുളള വ്യത്യാസം മരങ്ങൾ തമ്മിൽ കുറച്ചകലമുണ്ട് എന്നുളളതാണ്. അദ്ദേഹം ഒരു പ്രവാസിയാണ്. മനോഹരമായ രണ്ടും വീടും വെച്ചിട്ടുണ്ട്. സാധാരണ ആളുകൾ രണ്ട് വീട് വെച്ചുകഴിഞ്ഞാൽ അതിനു ചുറ്റും മാർബിൾ ഇടുകയും മരങ്ങളെ എല്ലാം ഒഴിവാക്കുകയും പ്രകൃതിയുമായിട്ടുളള ഒരു ബന്ധവുമില്ലാത്ത തരത്തിൽ ആക്കുകയും ചെയ്യാറുണ്ട്. ഇവിടെ വളരെ കൃത്യമായി ആളുകൾക്ക് നടക്കാനുളള ഭാഗം ടൈലിട്ട് തിരിക്കുകയും അതിനു പുറത്ത് ഏതാണ്ട് എനിക്കറിയാവുന്ന എല്ലാ മരങ്ങളും ഞാനിന്ന് ഇവിടെ കണ്ടു. അതുപോലെതന്നെ ജീവികളും. താറാവ് മുതൽ ഒട്ടകപക്ഷി വരെ വലിയൊരു വിഭാഗം ഇവിടെയുണ്ട്. പിന്നെ തവള, ആമ, കുളത്തിൽ ഒരുപാട് മീനുകൾ. ഒരു സമ്പൂർണ ഇക്കോസിസ്റ്റം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന തരത്തിലുളള അന്തരീക്ഷം ഇവിടെ വരാപ്പുഴയിൽ ഉണ്ടാക്കിയിരിക്കുകയാണ്. അദ്ദേഹമിത് കുറേക്കാലത്തെ ശ്രമത്തിലൂടെ ഉണ്ടാക്കിയെടുത്തതാണ്. അതെങ്ങനെ ഉണ്ടായി എന്ന് നമുക്ക് അദ്ദേഹത്തോടു തന്നെ ചോദിക്കാം.
എം. ആർ. ഹരി: രാവിലെ എന്നെ വിളിച്ചപ്പോൾ സാധാരണ നമ്മൾ കാടുവെക്കാന് ചെല്ലുന്ന സ്ഥലത്ത് മരമൊന്നും കാണില്ല. ആളുകളൊരു വീട് വെച്ചിട്ട് അങ്ങോട്ടു വിളിക്കുകയാണ് ചെയ്യുക. ഇവിടെ വന്നു കണ്ടപ്പോൾ ഇവിടെ ഇല്ലാത്ത മരങ്ങളൊന്നുമില്ല. ഇത് എത്ര കാലത്തെ പരിശ്രമമാണ് ?
സന്തോഷ്: ഇതെല്ലാം ഒരു ഇരുപത് വർഷത്തെ പഴക്കമുളളവയാണ്. ഇരുപത് വർഷമേ ആയിട്ടുളളൂ ഞാൻ കൂടുതൽ സ്ഥലം വാങ്ങിച്ചിട്ട്.
എം. ആർ. ഹരി: ഇത് വാങ്ങിച്ച സ്ഥലമാണോ ?
സന്തോഷ് : തൊട്ടുളള സ്ഥലം വാങ്ങിച്ചതാണ്. അപ്പുറത്താണ് എന്റെ തറവാട് വീതമുളളത്. അന്നും അതിനകത്ത് ഇലഞ്ഞിയും മറ്റും, ഈ നാള് നോക്കിയുളള വൃക്ഷങ്ങളൊക്കെ വെക്കുമായിരുന്നു. ഇലഞ്ഞി മകന്റെ നാളുമായി ബന്ധപ്പെട്ട് വരുന്ന മരമാണ്. അത് കിഴക്കുവശത്താണ് നിക്കുന്നത്. അതുകൊണ്ടും അതവിടെ നിക്കട്ടെ എന്ന് തീരുമാനിച്ചതാണ്.
എം. ആർ. ഹരി: വലിയ ഇലഞ്ഞി. പൊതുസ്ഥലങ്ങളിൽപ്പോലും അത്ര വലിയ ഇലഞ്ഞിയില്ല.
സന്തോഷ് : അത് മകന്റെ പ്രായത്തിനേക്കാൾ കൂടുതലുളളതാണ്. അതുകൊണ്ട് പിന്നെയത് വെട്ടിയില്ല. ഈ സ്ഥലം വാങ്ങിയിട്ട് ഇരുപത് വർഷമായി. അപ്പുറത്ത് അച്ഛന്റെ കുറച്ച് സ്ഥലം ഞാൻ വാങ്ങിയതുണ്ട്. അന്നുതുടങ്ങി ഞാനെവിടെ യാത്ര ചെയ്താലും നമുക്കു പറ്റിയൊരു മരമോ ചെടിയോ ഉണ്ടെങ്കിൽ ഞാൻ കൊണ്ടുവരും.
എം. ആർ. ഹരി: ഈ തമ്പകമൊക്കെ, ഇത്രേം വലിയ തമ്പകമൊക്കെ കാട്ടിലേ കാണാറുളളൂ. അതുപോലെ ദന്തപ്പാല.
സന്തോഷ് : തമ്പകമൊക്കെ നല്ല പഴക്കമുളളതാണ്. ദന്തപ്പാലയും അതെ. ഓരോരോ സ്ഥലങ്ങളിലൊക്കെ പോയി, ബൊട്ടാണിക്കൽ ഗാർഡനിലൊക്കെ പോയി ബുക്ക് ചെയ്തു കൊണ്ടുവരുന്നതാണ്. ഓരോ പ്രാവശ്യം രണ്ടുമൂന്ന് മാസത്തേക്ക് ഞാൻ വരും. വന്നുകഴിഞ്ഞാൽ ഒരു യാത്രയുണ്ടാകും. രുദ്രാക്ഷമൊക്കെ ഹിമാലയൻ യാത്ര കഴിഞ്ഞപ്പോൾ കൊണ്ടുവന്നതാണ്.
എം. ആർ. ഹരി: ഹിമാലയത്തിൽ നിന്നേതൊ തൈ കൊണ്ടുവന്ന കാര്യം പറഞ്ഞിരുന്നില്ലേ ?
സന്തോഷ് : അതാണീ രുദ്രാക്ഷം. ഞാൻ നാൽപത്തൊന്നിനു മേലെ ഹിമാലയൻ യാത്രകൾ ചെയ്തിട്ടുണ്ട്. അതിൽ 14 തവണ കൈലാസം പോയിട്ടുണ്ട്. അതിൽ ഇന്നർ കോറ എന്നു പറയുന്നതാണ് ഏറ്റവും പ്രശസ്തമായിട്ടുളളത്. അതും എനിക്കു തോന്നുന്നത് കേരളത്തിൽ ആദ്യമായിട്ട് ഇന്നർ കോറ ചെയ്തത് ഞാനായിരിക്കും. അവിടുന്നൊക്കെ കിട്ടാവുന്ന പല മരുന്നുകളും ഞാൻ കൊണ്ടുവന്നിട്ടുണ്ട്. ഈ ഗാൽബ്ലാഡർ സ്റ്റോണിനുളള മരുന്ന് ശരിക്കും അവിടെ ഉളളതാണ്. അതൊക്കെ ഞാനിവിടെ കൊണ്ടുവരാറുണ്ട്. അത് കൊടുക്കുന്നതിനു മുമ്പ് ആദ്യംതന്നെ സ്കാൻ ചെയ്തു നോക്കും എത്രയുണ്ട് എന്ന്. സാധാരാണ സ്റ്റോൺ വന്നാൽ ഗാൽബ്ലാഡർ നീക്കം ചെയ്യുകയാണ് ചെയ്യുക. നമ്മുടെ മരുന്ന് ചെയ്തതിനു ശേഷം ഒന്നൂടെ പരിശോധിക്കാൻ പറയും. തീർച്ചയായും അത് പോയിട്ടുണ്ടാവും. എന്നാൽ നിസാര മരുന്നുമാണത്.
എം. ആർ. ഹരി: പ്രകൃതിയിൽ താത്പര്യം വരാനുളള ഒരുകാര്യം ഈ വൈദ്യശാസ്ത്രത്തിലുളള അറിവാണല്ലേ ?
സന്തോഷ് : അതെ. അന്നുതുടങ്ങിയുളളതാണ്. പഠിച്ചിരിക്കുന്നത് അതാണ്. ഞാനീ കാടുകളിലൊക്കെ പോയി നിക്കുകയും അവിടെയുളള മുതുവാന്മാരുടെ മരുന്നും മറ്റുമൊക്കെ കണ്ടുപഠിക്കുകയും ചെയ്യാറുണ്ട്. പ്രസവരക്ഷക്ക് ഉളള മരുന്നൊക്കെ ഒരു രണ്ട് രൂപയ്ക്ക്, അല്ലെങ്കിൽ പറിച്ചെടുക്കാവുന്ന മരുന്നൊക്കെയെ ഉളളൂ. പക്ഷെ ആ മരുന്ന് കഴിക്കുകയാണെങ്കിൽ ഉറപ്പായിട്ടും സുഖപ്രസവമായിരിക്കും. നൂറുശതമാനം അങ്ങനെത്തന്നെയാണ്. ആ മരുന്നൊക്കെ കാട്ടിലുളളവർ ഉപയോഗിക്കുന്ന മരുന്നുകളാണ്.
എം. ആർ. ഹരി: അത്തരം ചെടികൾ ഇവിടെ കൊണ്ടുവന്ന് സംരക്ഷിക്കുകയും ചെയ്യുന്നുണ്ടല്ലേ.
സന്തോഷ് : തീർച്ചയായിട്ടും. കുഴപ്പം പറ്റിയത് വെളളപ്പൊക്കം വന്നപ്പോൾ നല്ലൊരു ശതമാനം മരുന്നുകൾ നമ്മുടെ കയ്യിൽനിന്ന് പോയി. നീലക്കുറിഞ്ഞി വരെ ഞാനിവിടെ കൊണ്ടുവന്ന് പിടിപ്പിച്ചതായിരുന്നു. പിന്നെ ജോർദാനിൽ നിന്നു കൊണ്ടുവന്ന ഒലിവ്, അങ്ങനെ ദുബായിലെ ട്രഡീഷണൽ ആയിട്ടുളള ചെടിയൊക്കെ ഉണ്ട്. അതൊക്കെ ഞാനിവിടെ കൊണ്ടുവന്ന് പിടിപ്പിച്ചിട്ടുണ്ട്.
എം. ആർ. ഹരി: ഇവിടെ പവിഴമുല്ല ഇടക്കിടെ വെച്ചിട്ടുണ്ടല്ലോ.
സന്തോഷ് : ഞാൻ ആദ്യമായി അതിന്റെ ഗുണം മനസിലാക്കിയത് ഹരിയാനയിലെ ഗീതോപദേശം നടന്ന സ്ഥലത്ത് പോയപ്പോഴാണ്. സന്ധ്യസമയത്താണവിടെ ചെന്നത്. ഒരു ഹിമാലയൻ യാത്ര കഴിഞ്ഞുവരുന്ന വഴിയായിരുന്നു. അവിടെ കാണണം എന്ന് നിർബന്ധം പറഞ്ഞകാരണം അതിലെ വന്നതാണ്. വന്നപ്പോൾ സന്ധ്യ കഴിഞ്ഞു. എല്ലാം അടച്ചുപോയി. പക്ഷെ അവിടെ ഭയങ്കര സുഗന്ധമായിരുന്നു. എന്താണെന്ന് അന്വേഷിച്ചപ്പോൾ അവിടെ വലിയൊരു പവിഴമുല്ല. അതിൽ വെളുത്തു നല്ല പൂക്കളിങ്ങനെ നിൽക്കുന്നു. അവരു പറഞ്ഞു അതിന്റെ മണമാണെന്ന്. അപ്പഴാണ് ഞാനത് അന്വേഷിച്ചത്. ഞാനിങ്ങോട്ടു പോന്നത് അതിന്റെ തൈയുമായിട്ടാണ്.
എം. ആർ. ഹരി: ഒരുപാട് സ്ഥലത്ത് ഒരുപാടെണ്ണം വെച്ചിരിക്കുന്നല്ലോ.
സന്തോഷ് : വീടിന്റെ നാലുചുറ്റും വെച്ചിട്ടുണ്ട്. ഈ പശുവും മറ്റും ഉളളതല്ലേ. അപ്പോൾ രാത്രി അതിന്റെ ഗന്ധമുളളത് നല്ലതല്ലേ എന്നു കരുതി. എവിടെയെങ്കിലുമൊക്കെ പിടിച്ചോട്ടെ എന്നു വെച്ചിട്ടാണ്. എപ്പോഴും ഞാൻ തൈകൾ മേടിക്കുമ്പോൾ മൂന്നോ നാലോ അതേ ചെടികൾതന്നെ വാങ്ങും. കാരണം ഈ വെളളക്കെട്ടൊക്കെ ഉളള സ്ഥലമായതുകൊണ്ട് ഒരെണ്ണം പിടിച്ചില്ലെങ്കിൽ അടുത്തത് പിടിക്കണം എന്നുളളതുകൊണ്ട് അങ്ങനെ വെച്ചതാണ്. ഈ നാലുവശത്തും വെച്ചത് എല്ലാ സ്ഥലത്തും ഉണ്ടെങ്കിലല്ലേ നടുക്ക് നല്ലൊരു മണം കിട്ടുകയുളളു.
എം. ആർ. ഹരി: ചേട്ടന്റെ ജോലി,
സന്തോഷ് : ഞാൻ ആയുർവേദ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.
എം. ആർ. ഹരി: ഈ കണ്ടതിൽ ഒത്തിരി ആയുർവേദ മരുന്നുകൾ ഉണ്ട്.
സന്തോഷ് : ഇതിൽക്കൂടുതൽ ഉണ്ടായിരുന്നതാണ്. വെളളപ്പൊക്കത്തിൽ ഈ വീടിന്റെ പകുതി ഭാഗവും മുങ്ങിപ്പോയി. രണ്ടുവീടും ഏകദേശം മുങ്ങിപ്പോയി. ഈ സ്ഥലം മുഴുവനായും വെളളത്തിനടിയിലായി. ആയുർവേദത്തിന്റെ നല്ലൊരു ശതമാനം സാധനവും നഷ്ടമായി. രണ്ടാമത് വെച്ചുപിടിപ്പിച്ചതാണ് ഈ കാണുന്നത്. ചെറിയ ചെടികൾ മുഴുവനും രണ്ടാമതു വന്നതാണ്. വലുതിൽ അവിടെ നിന്ന രുദ്രാക്ഷം വരെ ചീഞ്ഞുപോയി. രണ്ടെണ്ണം കൊണ്ടുവന്നതിൽ ഒരെണ്ണം മുകളിൽവെച്ചിരുന്നു. അതെടുത്ത് രണ്ടാമത് പിടിപ്പിച്ചതാണ് ഇപ്പോൾ ആ വലുതായി നിൽക്കുന്നത്.
എം. ആർ. ഹരി: ഇതിപ്പോൾ ഒരു റിസോർട്ടിന്റെ അന്തരീക്ഷമാണ്. ഒരു വിനോദസഞ്ചാര കേന്ദ്രത്തിന്റെ അന്തരീക്ഷം ഇവിടെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചീവിടിന്റെയും പക്ഷികളുടെയും ശബ്ദം, തണൽ, കുളം, ചെടികൾ… ഇവിടെ ഇല്ലാത്തത് ഒന്നുമില്ല. മൊത്തത്തിൽ ഒരു പ്രകൃതിസൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ പറ്റിയിട്ടുണ്ട്. ഇത് പെട്ടെന്ന് ചെയ്യാൻ കഴിയുന്ന ഒരു കാര്യമല്ല.
സന്തോഷ് : നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ ആക്കിയെടുക്കുക അത്ര എളുപ്പമല്ലാത്ത ഒരു കാര്യമാണ്. കൂലി ഇത്ര കൂടിനിൽക്കുന്നതു കൊണ്ട് ഇതൊക്കെ നന്നാക്കി നടത്തുക എളുപ്പമല്ല. ഇത് നല്ലൊരു ഏരിയ ഉണ്ടല്ലോ. അഞ്ചുസെന്റ് സ്ഥലമൊക്കെ ആണെങ്കിൽ നമുക്കു തന്നെ ചെയ്യാം.
എം. ആർ. ഹരി: ഇതെത്ര സ്ഥലമുണ്ട് ?
സന്തോഷ് : ഒന്നും ചില്ലറയും വരും.
എം. ആർ. ഹരി: കുളമുണ്ട്, മുളകൾ ഒരുപാട് ഉണ്ടല്ലോ.
സന്തോഷ് : ഇവിടെ മുപ്പതോളം തരത്തിലുളള മുള ഉണ്ടായിരുന്നു. നമ്മുടെ കാലാവസ്ഥക്കും ഇവിടത്തെ സിസ്റ്റത്തിനും അത് പറ്റില്ലെന്നു തോന്നിയപ്പോൾ അധികം പൊക്കം വെക്കാത്തത് നിർത്തി കുറേ മാറ്റി. എന്നാലും ഇപ്പോഴുമുണ്ട് കുറേയിനം. ആനമുള, വളളിമുള, തോട്ടിമുള ഇതൊക്കെ ഇപ്പോഴും ഉണ്ടിവിടെ.
എം. ആർ. ഹരി: ചെലവിനെ കുറിച്ചു പറഞ്ഞപ്പോഴാണ്, മിയാവാക്കി മാതൃകയ്ക്ക് അങ്ങനെ ഒരു ഗുണമുണ്ട്. മൂന്നുവർഷം കഴിഞ്ഞാൽപിന്നെ മെയിന്റനൻസ് ചെലവില്ല. പിന്നെ അതിലൊന്നും ചെയ്യാനില്ല. അത് അതിന്റെ വഴിക്ക് എന്നുളളതാണ്. ആദ്യത്തെ മൂന്നു വർഷം ആറുമാസത്തിൽ രണ്ട് മെയിന്റനൻസ് വേണ്ടിവരും.
സന്തോഷ് : നമ്മളങ്ങനെ വിടുകയാണെങ്കിൽ കുഴപ്പമില്ല. കാടുണ്ടാക്കാമെങ്കിലും, ഒരു വീടും കൂടിയാവുമ്പോൾ കുറേ കാര്യങ്ങളങ്ങനെ നോക്കി പോകേണ്ടിവരും. എന്റെ വീട്ടിൽ നിൽക്കുന്ന ഈ വലിയ ഇലഞ്ഞിയും ഇപ്പുറത്തു നിൽക്കുന്ന മാവും ഏകദേശം ഒരു നൂറ്റിരുപത് വർഷത്തിനു മേലെ പഴക്കമുളളതാണ്. അതൊക്കെ വെട്ടിപ്പോകാതിരിക്കാൻ വേണ്ടി ഒരുപാട് പണി ചെയ്തിട്ടാണ്, അല്ലെങ്കിൽ ഈ വീടുണ്ടാക്കുന്ന സമയത്ത് അത് വെട്ടാനുളള സാധ്യത വന്നതാണ്.
എം. ആർ. ഹരി: വീടിന്റെ ഡിസൈൻ തന്നെ ഈ മരങ്ങളെ ആശ്രയിച്ചാണ്, അല്ലേ ?
സന്തോഷ് : ആണ്.
എം. ആർ. ഹരി: അതുപോലെ ഈ ചെറിയ മാങ്ങ ഉണ്ടാവുന്ന മാവ്. ഇപ്പോ അതെങ്ങും കാണാനില്ല.
സന്തോഷ് : ചന്ദ്രക്കാരനാണത്. അത് അച്ഛന്റെ ചെറുപ്പത്തിലേ ഉളളതാണ് എന്നാണ് അച്ഛൻ പറഞ്ഞിട്ടുളളത്. എങ്ങനെ പോയാലും നൂറ്റിരുപത്തിയഞ്ച് വർഷം പഴക്കമുളളതാണ്.
എം. ആർ. ഹരി: ഒട്ടകപക്ഷിയെ രണ്ടെണ്ണത്തിനെ കണ്ടല്ലോ ?
സന്തോഷ് : അത് ഇഷ്ടം കൊണ്ട് വളർത്തുന്നതാണ്. നേരത്തെ എമു ഉണ്ടായിരുന്നു. മകന്റെ കുട്ടി ചെറുതായിരുന്ന സമയത്തേ കൗതുകം കൊണ്ടിത് കൊത്തുകയൊക്കെ ചെയ്യുമായിരുന്നു. വല്ല കണ്ണിലോ മറ്റോ കൊത്തിയാൽ കുഴപ്പമാവുമല്ലോ എന്നു കരുതി അതിനെ കൊടുത്തു. വളർത്തുന്ന ഒന്നിനെയും പൈസയ്ക്കു വിൽക്കാറില്ല. ആർക്കെങ്കിലും കൊടുക്കുകയാണ് പതിവ്. അന്നങ്ങനെ ഒഴിവാക്കി. അന്നു തുടങ്ങി ആലോചിക്കുന്നതാണ് ഇങ്ങനെ വലിയൊരു സാധനത്തിനെ വളർത്തണമെന്ന്. അന്ന് തമിഴ്ന്നാട്ടിൽ അങ്ങനെ കിട്ടുന്നു എന്നറിഞ്ഞപ്പോൾ ഞാനൊരാൾ വഴി കൊണ്ടുവന്നതാണ് രണ്ടെണ്ണത്തിനെ. അതിലൊരെണ്ണം ചത്തുപോയി. പിന്നെ രണ്ടാമത് ഒന്നിനെക്കൂടി വാങ്ങി ജോഡിയാക്കി നിർത്തിയിരിക്കുകയാണ്.
എം. ആർ. ഹരി: കൊച്ചുമക്കൾ എല്ലാവരും ഇവിടെ ഇല്ലേ ?
സന്തോഷ് : ഉണ്ട്. ഇവിടത്തെ പിളേളരെല്ലാം വളർന്നുവരുന്നത് ഈ പറമ്പിലെ സാധനങ്ങളെല്ലാം കണ്ടാണ്. മകന്റെ കുട്ടിയൊക്കെ പശു പ്രസവിക്കുന്നതു പോലും അവൾ കൃത്യമായി പറയും, ഇത്രാമത്തെ ദിവസമായിരിക്കും എന്ന്. പിന്നെ ഭാര്യയാണെങ്കിലും എല്ലായിടത്തും കുഞ്ഞിനെ കൊണ്ടുനടക്കും. അതുകൊണ്ട് അവർക്ക് എല്ലാ വിവരങ്ങളും കൃത്യമായിട്ട് അറിയാം.
എം. ആർ. ഹരി: പ്രകൃതിയെക്കുറിച്ച് ശരിക്കൊരു ഓപൺ സ്കൂളുപോലെ പഠിപ്പിക്കുന്നുണ്ടല്ലേ.
സന്തോഷ് : ഇവിടത്തെ കൊച്ചുങ്ങളെ നമ്മൾ അങ്ങനെയാണ് വളർത്തിയിട്ടുളളത്. അല്ലാതെ ചെരുപ്പിട്ട് നടക്കണം, പറമ്പിലിറങ്ങി നടക്കരുത്, എന്നൊന്നുമില്ല. എല്ലാം കണ്ടുതന്നെയാണ് വളരുന്നത്.
എം. ആർ. ഹരി: അതുപോലെ ഈ ശബ്ദങ്ങൾ. എന്റെ പറമ്പിൽ ഉളളതിനേക്കാൾ ചീവിടിന്റെ ശബ്ദം ഇവിടുണ്ട്. അതുപോലെ താറാവും കോഴിയും പക്ഷികളും മറ്റും..
സന്തോഷ് : പിളേളരെ ഇതൊന്നും പഠിപ്പിച്ചു കൊടുക്കണ്ടല്ലോ. അവർ സ്ഥിരം കാണുന്നതാണല്ലോ. പിന്നെ ആദ്യമേ വിടുന്നത് സാധാരണ സ്കൂളിലാണ്. വലിയ സ്കൂളിലൊന്നും വിടാൻ താത്പര്യമില്ല. കാരണം, നമ്മളൊക്കെ പണ്ടുകാലത്ത് പോകുന്നതു പോലെ എട്ടൊമ്പത് മണിയാവുമ്പോൾ സ്കൂളിൽ പോയാ മതി. നേരം വെളുത്തെഴുന്നേറ്റ് കണ്ണു തുറക്കണേനു മുമ്പ് കുളിപ്പിക്കാതെ കൊണ്ടുവന്ന് ബസ്സിൽ കേറ്റിവിടുന്ന സ്വഭാവം ഇവിടില്ല. പിളേളർ എല്ലാവരും വെളുപ്പിനെ എണീക്കും. പക്ഷെ ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കി എട്ടുമണിയൊക്കെ കഴിഞ്ഞു പോയാമതി.
എം. ആർ. ഹരി: പ്രകൃതിയിൽ നിന്നു പഠിക്കുന്ന ഒരു സംവിധാനം..
സന്തോഷ് : ഇന്നത്തെ പിളേളർക്ക് ഇല്ലാതെ പോകുന്നതും ഇതൊക്കെയല്ലേ.
എം. ആർ. ഹരി: എന്റെ അടുത്ത് കാട് വെക്കാൻ വരുന്ന എല്ലാവരും ചോദിക്കുന്നത് പാമ്പിന്റെ ശല്യത്തെ കുറിച്ചാണ്. എനിക്കിതുവരെ അങ്ങനൊരു ശല്യമുണ്ടായിട്ടില്ല.
സന്തോഷ് : പാമ്പിന്റെ ശല്യമെന്നു പറഞ്ഞാൽ, പാമ്പിനെ ശല്യം ചെയ്യാതിരുന്നാൽ മതി. നമുക്ക് ഏറ്റവും വലിയ കുഴപ്പം ഇല്ലാത്ത പൈസയും കൊടുത്ത് അഞ്ച് സെന്റ് സ്ഥലം വാങ്ങിച്ച് കഴിഞ്ഞാൽ വേറെ ആരും ഇതിനകത്ത് കയറാൻ പാടില്ല എന്നുളളത് സങ്കുചിത മനസാണെന്നാണ് അല്ലെങ്കിൽ അവൻ ശരിയല്ല എന്നേ ഞാൻ പറയുളളൂ. കാരണം പാമ്പിനും ജീവിക്കണ്ടേ, നമ്മൾ ഭൂമി വാങ്ങിക്കുന്നതിനും മുമ്പേ ഇവിടെ ഉണ്ടായിരുന്ന ആളാണ് പാമ്പ്. അല്ലെങ്കിൽ ഉറുമ്പുകൾ. സത്യത്തിൽ ഹിന്ദു ആചാരത്തിൽ ഉറുമ്പിനു പോലും ഭക്ഷണം കൊടുക്കണമെന്നാണ് രാത്രി. എല്ലാ ജീവജാലങ്ങൾക്കും ജീവിക്കണ്ടേ ? അല്ലെങ്കിൽ പിന്നെ എങ്ങനെ നിലനിൽപ്പുണ്ടാവും ? ഭൂമിയ്ക്കും മനുഷ്യനും നിലനിൽപ്പുണ്ടാവില്ലല്ലോ. ഒരു തർക്കവുമില്ലാത്ത കാര്യമാണത്. തീറ്റയൊന്നും കൊടുക്കണ്ട. അതതിന്റെ വഴിക്ക പൊയ്ക്കോളും. ഇതിലേ ഒക്കെ വരാറുണ്ട്.
എം. ആർ. ഹരി: എന്റെ പറമ്പിൽ തവള ധാരാളമുണ്ട്. കുന്നിന്റെ മുകളിലാണ്. വെളളമില്ലാത്ത സ്ഥലമായിരുന്നു. ഇപ്പോ ഇഷ്ടംപോലെ തവളയുണ്ട്. തവള വന്നുകഴിഞ്ഞപ്പോൾ പാമ്പിനെ അങ്ങനെ പുറത്ത് കാണുന്നില്ല. അതിന് തീറ്റി കിട്ടുന്നുണ്ട്. പുറത്തേക്കൊന്നും വരണ്ട കാര്യമില്ല.
സന്തോഷ് : ഇവിടെ മുന്നിലൊന്നും വരാറില്ല. കഴിഞ്ഞ ദിവസവും നല്ലോണ്ണം വെളളക്കെട്ട് വന്നപ്പോൾ ഈ തവളകൾ ഓടിവരുമ്പോൾ ചിലപ്പോ സാധാരണ പാമ്പുകൾ വരണതല്ലാതെ ഒന്നുമില്ല. ആ മുളയൊക്കെ ഇവിടെ നിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളെത്രയായി. എല്ലാവരും പറഞ്ഞു മുള വെച്ചാൽ ഭയങ്കരമായി പാമ്പു വരുമെന്ന്. ഒറ്റ പാമ്പിനെ ഞാനിന്നുവരെ കണ്ടിട്ടില്ല.
എം. ആർ. ഹരി: പിന്നെ ഇവിടെ എപ്പോഴും ആളുമുണ്ട്.
സന്തോഷ് : അതെയതെ. പിന്നെ ആ മുളയുടെ അവിടെയൊന്നും ഇന്നുവരെ ഒരു പാമ്പും കയറിപ്പോയിട്ടില്ല. അതാണ് ഞാൻ പറഞ്ഞത്. നമ്മളിത്തിരി വൃത്തിയും വെടിപ്പുമൊക്കെ ആക്കി ഇടുന്നതും അത്യാവശ്യമാണ്.
എം. ആർ. ഹരി: അതുമുണ്ട് കേട്ടോ. ഇവിടെ ഒരിടത്തുമൊരു ദുര്ഗന്ധമോ, ഒന്നുമില്ല. ഇത്രയും സ്ഥലം വൃത്തിയായി സൂക്ഷിക്കുക എന്നുപറയുന്നത് വലിയ കാര്യമാണ്.
സന്തോഷ് : അതുകൊണ്ടാണ് ഞാന് പറഞ്ഞത് വൃത്തിയായി സംരക്ഷിക്കാതെ കാട് ഉണ്ടാക്കിയിട്ടാൽ മനുഷ്യർ ജീവിക്കാതെ മറ്റേത് ജീവിക്കും അപ്പോൾ.
എം. ആർ. ഹരി: ഏതായാലും നമ്മളീ പ്രകൃതിയോട് സ്നേഹം വേണം, പ്രകൃതിയെ സംരക്ഷിക്കണം എന്നൊക്കെ പറയുന്ന ഒരുപാടാളുകളെ കാണുന്നുണ്ട് എങ്കിലും ജീവിതത്തിൽ അതങ്ങനെ ഒരു ശൈലിയായി എടുക്കുന്ന ആളുകൾ വളരെകുറവാണ്. എന്നുമാത്രമല്ല പ്രകൃതിയോടുളള സ്നേഹം മക്കളിലേക്കും കൊച്ചുമക്കളിലേക്കും ഒക്കെ പകർന്നുകൊടുക്കാനുളള ബോധപൂർവമായ ശ്രമം, കുട്ടികളെ ഏഴുമണിക്ക് വിടുന്ന സ്കൂളിൽ വിടണ്ട, കുട്ടികൾ രാവിലെ എഴുന്നേറ്റ് ഒമ്പതു മണിവരെ പറമ്പിലൂടെയൊക്കെ നടന്ന് കാര്യങ്ങളൊക്കെ കണ്ട് പതുക്കെ സ്കൂളിൽ പോകട്ടെ എന്നു ചിന്തിക്കുന്ന ആളുകൾ ഇപ്പോഴും കേരളത്തിൽ ഉണ്ട് എന്നറിയുന്നത് വലിയൊരു സന്തോഷമാണ്. അതും ചെറിയ ആളുകളല്ല, കേരളത്തിനും പുറത്തും വിദേശരാജ്യങ്ങളിലുമൊക്കെ ജോലി ചെയ്ത് കാര്യങ്ങൾ മനസിലാക്കി തിരിച്ചുവന്നിട്ടും അത്തരമൊരു സമീപനം സ്വീകരിക്കുക എന്നു പറയുന്നത് വളരെ അഭിനന്ദനാർഹമായ കാര്യമാണ്. അദ്ദേഹത്തിന്റെ വീടും പരിസരവും നിങ്ങൾ ഏകദേശം കണ്ടുകാണും. അത് നിങ്ങൾക്കും കൂടി പ്രചോദനമാവട്ടെ എന്ന് ആശംസിക്കുന്നു.