ഞാൻ ആദ്യം മിയാവാക്കി വനവത്കരണം ആരംഭിച്ച സ്ഥലം ഒന്ന് കാണിക്കാം. അന്ന് ഈ വനം വച്ച് പിടിപ്പിക്കാൻ വേണ്ടി ഭൂമി തയ്യാറാക്കി കഴിഞ്ഞതിനു ശേഷം എടുത്ത ഫോട്ടോ ആണിത്. അതേ പോയിന്റിൽ നിന്നും അതേ പാറകൾ തന്നെയാണ് ഇപ്പോഴും കാണുന്നത്. ഈ ഫോട്ടോയിൽ കാണുന്ന സ്ഥലം ഇപ്പോൾ എങ്ങനെ ഇരിക്കുന്നു എന്ന് നിങ്ങൾക്ക് കാണിച്ചു തരാം. ഇത് കാണുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടത് കാടിന്റെ ഉൾവശമാണ്. നാലു വർഷമായ ഒരു മിയാവാക്കിയുടെ ഉൾവശം എങ്ങനെ ഇരിക്കുന്നു എന്ന് വളരെ വ്യക്തമായി കാണാം. ഇത് എന്തിനാണ് കാണിക്കുന്നത് എന്ന് ചോദിച്ചാൽ ഏറ്റവും കൂടുതൽ വരുന്ന ചോദ്യം മിയാവാക്കി വനത്തിൽ പാമ്പു വരുമോ പാമ്പു വന്നാൽ എന്തു ചെയ്യും എന്നുള്ളതാണ്.
കഴിഞ്ഞ ആഴ്ച ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ പറമ്പിൽ മിയാവാക്കി വനം വയ്ക്കാനായി എന്നെ വിളിച്ചു. അദ്ദേഹത്തിന്റെ അമ്മയും അച്ഛനും ചോദിച്ച കാര്യവും ഇത് തന്നെയാണ്. പാമ്പ് വരാനുളള സാധ്യത എന്തു മാത്രമാണ്. സാധാരണ കാടിന്റെ അകത്ത് കാണുന്ന പോലെ മരങ്ങൾ ഇവിടെ കാണുന്നില്ലല്ലോ എന്ന് ചോദിച്ചു. സാധാരണ കാടിന്റെ അകത്ത് മരങ്ങൾ ഉണ്ട് എന്ന് നമ്മൾ പറയുന്നത് കാടിന്റെ അരികിലാണ്. ചെറിയ ചെടികളും പച്ചിലകളും കുറ്റിച്ചെടികളും ധാരാളമായി കാണുന്നത്. അതിന് രണ്ട് കാരണങ്ങളാണ് ഉള്ളത് ഒന്ന് സൂര്യപ്രകാശം നേരിട്ട് ഭൂമിയിലേക്ക് വീഴുമ്പോൾ സൂര്യപ്രകാശത്തിൽ നിന്ന് രക്ഷ നേടാൻ ഭൂമി തന്നെ ചെറിയ ഒരുപാട് വിത്തുകളെ മുളപ്പിക്കും.
ഉദാഹരണത്തിന് നമ്മുടെ റബ്ബർ തോട്ടങ്ങൾ എടുക്കുക. റബ്ബർ തോട്ടത്തിൽ 15 അടിവരെ മരങ്ങൾ ഒറ്റത്തടിയായാണ് വളരുന്നത്. അതിനു ശേഷമാണ് ശിഖരങ്ങൾ വരുന്നത്. രാവിലെയും വൈകിട്ടും റബ്ബറിന്റെ ചുവട്ടിൽ വെയിൽ നന്നായി കിട്ടും. അത് കാടല്ല. പച്ചപ്പ് ഉണ്ട് എന്നേയുള്ളു. വെയിൽ ധാരാളമായി കിട്ടുന്നത് കൊണ്ട് റബ്ബർ തോട്ടത്തിൽ ധാരളമായി കളകൾ വളരാറുണ്ട്. ഉദാഹരണമായി റബ്ബർ തോട്ടത്തിൽ ഇടവിളയായി ഇടുന്ന പയർ ഉണ്ട്, അന്തകൻ പയർ. അത് വളർന്നു വലുതായാൽ അടുത്തുള്ള ചെടികളെയും മരങ്ങളെയും ഞെക്കിക്കൊല്ലുന്ന ഒരു ചെടി ആണ്. അതവിടെ നന്നായി വളരുന്നത് അത്രയും സൂര്യപ്രകാശം അവിടെ വീഴുന്നതു കൊണ്ടാണ്.
സിനിമയിൽ മറ്റോ അല്ലാതെ യഥാർത്ഥ കാടിന്റെ ഉൾവശം കണ്ടിട്ടുള്ളവർ കുറവാണ്. കാടിന്റെ ഉള്ളിൽ വലിയ മരങ്ങൾ വളർന്നു നിൽക്കുന്നതിനാൽ മരങ്ങളുടെ ഇലച്ചാർത്തിനിടയിലൂടെ വെയിൽ വീഴാനുള്ള സാധ്യത വളരെ കുറവാണ്. കാട് ഒരു മരമല്ല, അവിടെ റബ്ബർ തോട്ടത്തിലോ തെങ്ങിൻ തോപ്പിലോ മാവിൻ തോട്ടത്തിലോ ഉള്ള പോലെ ഒരേ ഇനം മരങ്ങൾ നിൽക്കുന്ന സംവിധാനം അല്ല. അവിടെ മൂന്ന് നാല് തട്ടായിട്ടാണ് മരങ്ങൾ നിൽക്കുന്നത്. ഏറ്റവും പൊങ്ങി പോകുന്ന മരങ്ങൾ, അതിനു താഴെ ഉള്ള ചെറുമരങ്ങൾ, അതിനു താഴെ കുറ്റിച്ചെടികൾ, ഇങ്ങനെ പല വലുപ്പത്തിൽ ചെടികൾ വളരുന്നതു കൊണ്ട് മരങ്ങളുടെ ഇലച്ചാർത്തിലൂടെ വരുന്ന വെയിൽ ഭൂമിയിൽ വന്നു വീഴാനുള്ള സാധ്യത വളരെ കുറവാണ്.
ഭൂമിയിൽ വിത്തു വീഴാത്തടത്തോളം കാലം വിത്തു മുളപ്പിൽ ഭൂമിയ്ക്ക താത്പര്യം ഇല്ല. ഒട്ടും വെള്ളം ഇല്ലാത്ത സ്ഥലങ്ങളിൽ പോലും, വഴിയിലെ പുല്ല് ചെത്തിയാൽ പോലും അവിടെ പുല്ല് വേഗം വളരുന്നത് കാണാം. നമ്മുടെ റോഡരികിലും മറ്റും ആരും വച്ചു പിടിപ്പിക്കണ്ട പുല്ല് വളർന്നു കൂടും. അതിനു മുകളിൽ ചെറിയ ചെടികൾ വളരും അതിനു മുകളിൽ കമ്മ്യൂണിസ്റ്റ് പച്ച പോലുള്ളവ വളരും, കാട്ടപ്പ എന്നോ മറ്റോ ആണ് ശരിയായ പേര്. അതിനെ വള്ളി ചുറ്റും. അവിടെ കുറ്റിക്കാട് പോലെ ചെറിയ സംവിധാനം ഉണ്ടാകും. കൃഷി ചെയ്യാതെ കിടക്കുന്ന പറമ്പുകളിൽ അതാണ് സംഭവിക്കുന്നത്.
എന്നാൽ ഒരു മിയാവാക്കി വനം വയ്ക്കുമ്പോൾ അവിടെ അത് സംഭവിക്കുന്നില്ല. മരങ്ങളെല്ലാം വാശിക്കു വളരുകയാണ്. അവയെല്ലാം വളർന്ന് മുകളിലേയ്ക്ക പോയി മുകളിൽ ഒരു ഇലയുടെ ചാർത്ത് ഉണ്ടായി കഴിയുമ്പോൾ പിന്നെ താഴെ ഇങ്ങനെയുള്ള സാധനങ്ങൾ കിളിർക്കാൻ സാധ്യത കുറവാണ്. അതു കൊണ്ട് തന്നെ താഴെ ഏതെങ്കിലും ജീവി വന്നാൽ ശ്രദ്ധയിൽ പെടാനുള്ള സാധ്യത കൂടുതലാണ്. ഈ സംശയം പറയുന്നവരോട്, അവരെല്ലാം പച്ചില കൊണ്ട് മൂടിയ ഒരു ചുവടായി ആയിരിക്കും കാണുന്നത്. അത് യഥാർത്ഥ കാട് കാണാഞ്ഞിട്ടാണ്. അത്തരത്തിലുള്ള കാട് അല്ല. ചെടികൾ വളരുമ്പോൾ അവിടെ പുത കൂടി ഇടുമ്പോൾ വേറെ ചെടികൾ വളരാനുള്ള സാധ്യത വളരെ കുറവാണ്.
ഇവിടെത്തെ പല കാടുകളുടെ ദൃശ്യങ്ങളാണ് കാണിക്കുന്നത്. അത് നിങ്ങൾ നോക്കുക. ഇത് ഒരു വർഷമായ കാടാണ്. ഇവിടെ താഴത്തെ നിലയിൽ കുറച്ച് ചെടികൾ ഉണ്ട്. അത് പോലെ ഇത് ഞങ്ങൾ ഏറ്റവും മുകളിൽ, അടുത്ത് ഇടയ്ക്ക് നട്ട മൂന്നു മാസത്തിൽ താഴെ പ്രായമുള്ള കാടാണ്. മൂന്നുമാസം ആയതിനാൽ അതിനിടയ്ക്ക് ചെറിയ ചെടികളും തൈകളും വളരുന്നുണ്ട്. ഈ ചെടികൾ മുകളിലേയ്ക്ക് പൊങ്ങിയിട്ടില്ല. പൊങ്ങി അവിടെ മറയുമ്പോൾ താഴത്തെ ചെടികൾ താനേ ഇല്ലാതാകും. ഇത് തുടക്കമായതിനാൽ ഇതിനിടയ്ലിൽ ചെടികൾ വളരുന്നുണ്ട്. ഇതിനെ പറിച്ച് ഇവിടെ തന്നെ വളമായി ഇടും.
ഇത് നോക്കുക ഇത് നാല് വർഷം കഴിഞ്ഞ വനമാണ്. ഇതിന്റെ വളർച്ച പൂർത്തിയായി കഴിഞ്ഞു. നമ്മുടെ ആദ്യത്തെ വനമാണ്. ഇതിൽ നോക്കിയാൽ താഴെ നിന്ന് ചെടികൾ മുളച്ച് വരുന്നേ ഇല്ല എന്നു കാണാനാകും. ഇതാണ് ഒരു വനം അതിന്റെ പൂർണതയിൽ എത്തുമ്പോൾ സംഭവിക്കുന്നത്. അത് നാല് വർഷം കൊണ്ട് ഇവിടെ സംഭവിച്ചു. ഇതിനിനി പരിപാലനത്തിന്റെ ആവശ്യമില്ല. ഇത് നിന്നോളും. ഇതിനു ചുറ്റും ഒരു സംരക്ഷണഭിത്തി ഉണ്ടെങ്കിൽ ഏതെങ്കിലും തരത്തിൽ എന്തെങ്കിലും അകത്തേയ്ക്ക് വരുകയോ പുറത്തക്ക് വരുകയോ ചെയ്താൽ നമുക്ക് കാണാൻ പറ്റും. ഇതിനിടയ്ക്ക് പാമ്പു പോലുള്ള ജീവികൾ കയറി ഇരിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇതിനകത്ത് പച്ചിലകാട്ടിലോ മറ്റോ പതുങ്ങി ഇരിക്കുന്ന പോലെ ഇരിക്കാനുള്ള സൗകര്യം അതിന് ഇല്ല.
അതിനു ചുറ്റുപാടും വൃത്തിയാക്കി ഇടുക. അപ്പോൾ കാണാനും പറ്റും. അതുകൊണ്ട് പാമ്പിനെ പേടിച്ച് വീടിനടുത്ത് കാട് വയ്ക്കുന്നതെങ്ങനെ എന്ന് ചോദിക്കേണ്ട കാര്യം ഇല്ല. ഇവിടെ ഈ വീടിനു ചുറ്റും കാട് വച്ചിട്ടുണ്ട്. അത് എല്ലാം കെട്ടി വേർതിരിച്ചിട്ടുണ്ട്. അതിനിടയിലൂടെ നടക്കാനും വൃത്തിയായി വഴി ഇട്ടിട്ടുണ്ട്. അത് കൊണ്ട് അങ്ങനെ പേടി ഇല്ല. ഒരു കാട് വളർന്നു കഴിഞ്ഞാൽ അതിൽ അടിക്കാട് വളരെ ചെറിയ അളവിലായിരിക്കും.
കാട് പിടിച്ചു കിടക്കുന്ന പറമ്പ് എന്ന് പറയുന്നതും കാടിന്റെ ഉള്ളിലെ അടിക്കാടും രണ്ടും രണ്ടാണ്. കാട് പിടിച്ചു കിടക്കുന്ന പറമ്പിൽ കയറിയാൽ അവിടെ നമ്മുടെ കഴുത്തിനു ചുറ്റും തന്നെ പല വള്ളികളും കുറ്റിച്ചെടികളും വളർന്നു നിൽക്കും. അതിനകത്ത് എന്താന്നു പോലും കാണാനാകില്ല. പക്ഷെ ഇത്തരം ഒരു സ്ഥലത്ത് അങ്ങനെ അല്ല അതിന്റെ ഘടന. അത് ഈ ദൃശ്യങ്ങളിൽ നിന്ന് നിങ്ങൾക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം.