ഒരു വർഷം മുമ്പ് ഈ വിഷയത്തിൽ ഒരു എപ്പിസോഡ് ചെയ്തിട്ടുണ്ടായിരുന്നു. അതുതന്നെ വീണ്ടും ചെയ്യുകയാണ്. എന്തിനാണ് ചെയ്യുന്നതെന്നു ചോദിച്ചാൽ നിങ്ങളുടെ ശ്രദ്ധ അതിലേക്കൊന്നു കൊണ്ടു വരാനാണ്. എനിക്ക് വളരെ താത്പര്യമുള്ള വിഷയമാണ് കൂണ്. ഇപ്പോൾ കൂണുകൾ കടയിൽ നിന്ന് വാങ്ങാൻ കിട്ടും.

ഞങ്ങളുടെ ചെറുപ്പക്കാലത്ത് വാങ്ങാൻ കിട്ടില്ലായിരുന്നു. മഴക്കാലത്ത് പറമ്പിന്റെ ഏതെങ്കിലും മൂലയിൽ കൂണുണ്ടാകും. അപ്പോൾ ഞങ്ങൾ ഓടിച്ചെന്ന് പറിച്ചെടുക്കും. അത് രണ്ടു - മൂന്ന് ദിവസത്തേക്ക് ഉണ്ടായിക്കൊണ്ടിരിക്കും. വലിയ കൂണ് ആണ്. ബേബി മഷ്റൂം - പാൽ കൂണ് എന്ന് പറയുന്ന മുട്ട പോലെയിരിക്കുന്ന മുട്ടക്കൂണ് എന്നാണ് അതിന് പറയുന്നതെന്നു തോന്നുന്നു. എന്തായാലും ഒരു മുട്ട പോലെയിരിക്കും, അത് വിരിയും വിരിഞ്ഞു കഴിയുമ്പോൾ അതിന്റെ ആയുസ്സ് തീരും. അതിൽ ഉപ്പും മഞ്ഞളും കലക്കി വച്ച് കറി വച്ച് കഴിക്കും. നല്ല രുചിയുള്ള സാധനമാണ്. ഇപ്പോളത് വാങ്ങാൻ കിട്ടും.

എന്നാലും കൂണ് മണ്ണിലുണ്ടാകുന്നത് കാണാൻ രസമുള്ള സംഗതിയാണ്. കൃത്രിമമായിട്ട് കൂണ് ഉണ്ടാക്കുന്നതിനെക്കാൾ ഇങ്ങനെ കൂണുണ്ടാകുന്നുണ്ടല്ലോ എന്ന് ആലോചിച്ച് സന്തോഷമുണ്ട്. ഈ പറമ്പ് വാങ്ങിയപ്പോൾ മുതൽ എങ്ങനെ കൂണുണ്ടാക്കും എന്ന് ആലോചിച്ചിരുന്നു. ഒരാൾ എന്നോട് പറഞ്ഞു കുറെ വൈക്കോലും ചാണകവുമൊക്കെ വെറുതെ കൊണ്ടിട്ടിരുന്നാൽ അവിടെ കൂണുണ്ടാകുമെന്ന് പറഞ്ഞു. അങ്ങനെ പലയിടത്തും ഇട്ടു നോക്കി. പക്ഷെ അവിടൊന്നും കൂണുണ്ടായില്ല.

പക്ഷെ ഒരു അഞ്ച് വർഷം മുന്നെ യാദൃശ്ചികമായി ഒരു ദിവസം രാവിലെ കൂണ് മുളച്ചു നിൽക്കുന്നത് കണ്ടു. അരിക്കൂണ് ആയിരുന്നു അത്. അതൊരു ചെറിയ പ്രദേശത്തുണ്ടായിരുന്നു. അതിനടുത്ത വർഷം അത് അതിലും കൂടുതൽ പ്രദേശങ്ങളിലുണ്ടായിരുന്നു, അതും അതേ ദിവസം തന്നെ. അതുകൊണ്ടാണ് പിന്നെ ശ്രദ്ധിച്ചത്. കാരണം ഫെയ്സ്ബുക്കിൽ ഈ ചിത്രം പോസ്റ്റ് ചെയ്തപ്പോഴാണ് കഴിഞ്ഞ വർഷം ഇതേ ദിവസമാണ് കൂണുണ്ടായതെന്നറിഞ്ഞത്. അത് ഒക്ടോബർ ഇരുപത്തി ഏഴോ ഇരുപത്തിയെട്ടോ ആയിരുന്നു. അങ്ങനെ രണ്ട് വർഷം കൃത്യമായ ദിവസം തന്നെ വന്നു. മൂന്നാം വർഷവും കൃത്യസമയത്ത് തന്നെ വന്നു. ഇതിനിടയ്ക്ക് രണ്ടാം വർഷം താഴെ ഒരു സ്ഥലത്ത് വന്നു. അവിടെ ഞങ്ങൾ കിളച്ചിട്ടുണ്ടായിരുന്നു. അതു കാരണം ആ സ്ഥലത്ത് പിന്നെ വരാതെയായി. അതുകൊണ്ട് ആ സ്ഥലം ഇനി കഴിയുന്നതും കിളയ്ക്കരുത് എന്നു പറഞ്ഞ് ഇട്ടിരുന്നു.

അപ്പോൾ ഇനി കൂണ് എന്താണെന്ന് പറയാം. നേരത്തെ പറഞ്ഞിട്ടുള്ള കാര്യമാണ്. മണ്ണിനടിയിൽ ചിതല് പുറ്റുണ്ടാക്കും. ആ പുറ്റിൽ ചിതലിന് ദഹിക്കാത്ത തടികഷ്ണങ്ങളും മറ്റും കൊണ്ട് വച്ചിട്ട് അതിന് കഴിക്കാൻ പറ്റാതെ വരുമ്പോൾ ആ സാധനം ദഹിപ്പിച്ചെടുക്കാനായി അതിനെ ഒരു ഫംഗസ്സിനെ കൊണ്ടു വച്ച് ആ തടിയെ ഒന്ന് മയപ്പെടുത്തുകയാണ്. ആ ഫംഗസ്സിന്റെ വിത്ത് പൂവായി പുറത്തു വരുന്നതാണ് ഈ കൂണ്.

ഈ ഫംഗസ്സിന്റെ പ്രവർത്തനമെന്നു പറയുന്നത് കട്ടിയുള്ള തടിയെ ദഹിപ്പിച്ചു കൊടുക്കുക എന്നതാണ്. ഈ ഫംഗസ്സിനെ കൃഷി ചെയ്യുന്നത് ചിതലാണ്. അതുകൊണ്ടാണ് ചിതലിനെ ലോകത്തിലെ ആദ്യത്തെ കൃഷിക്കാരൻ എന്നു വിളിക്കുന്നത്. ചിതൽപുറ്റിനടുത്താണ് കൂടുതലും ഈ കൂണ് ഉണ്ടാകുന്നത്. മൂന്നു വർഷം തുടർച്ചയായിട്ട് ഒരേ ദിവസം കൂണ് ഉണ്ടായെങ്കിലും നാലാം വർഷം നാലു ദിവസം താമസിച്ചു കാരണം കഴിഞ്ഞ വർഷം അധിവർഷം ആയിരുന്നു. ഈ വർഷം തലേ ദിവസവും പിറ്റേ ദിവസവും എല്ലാം മഴയായിരുന്നു. കഴിഞ്ഞ വർഷം ഉണക്കുണ്ടായിരുന്നു അതുകാരണമാവാം താമസിച്ചത് എന്നു കരുതി, പക്ഷെ മഴയുണ്ടായിട്ടും ഇത്തവണ ആ പറഞ്ഞ ദിവസങ്ങളിലുണ്ടായില്ല. ഒൻപതു ദിവസം താമസിച്ചു.

ആദ്യം ഒക്ടോബർ 28 ആയിരുന്നു. പിന്നെ അത് ഒക്ടോബർ 30 ആയി. ഇത്തവണ നവംബർ 9-ാം തീയതിയാണ് കൂണുണ്ടായത്. ആദ്യത്തെ മൂന്നു വർഷവും ഒരേ ദിവസം തന്നെയാണ് വന്നത്. ആ ഭാഗത്ത് യാതൊരു മാറ്റവും വരുത്തിയിരുന്നില്ല. ഇത്തവണ അതിന്റെ വശങ്ങളിലെ മതിൽ പൊളിഞ്ഞതു കാരണം അത് പൊളിച്ചു കെട്ടി. അങ്ങനെ മണ്ണിന് ചെറിയൊരു ഇളക്കം തട്ടി. അതോടെ അതിൽ എന്തോ ഒരു വ്യത്യാസം വന്നതു പോലെ കരുതുന്നു. വളരെ സെന്സിറ്റീവ് ആണ് പ്രകൃതി. ഇങ്ങനെയുള്ള ചെറിയ മാറ്റങ്ങൾ വരുമ്പോൾ മൈക്രോബ്സും മറ്റും പ്രശ്നത്തിലാകുന്നുണ്ട്.

എനിക്ക് ഇതിനെക്കുറിച്ച് കൂടുതലറിയില്ല. പക്ഷെ സുവോളജിയോ, ബോട്ടണിയോ ഒക്കെ പഠിക്കുന്നവർക്ക് താത്പര്യമുണ്ടെങ്കിൽ അവർക്ക് ഇതൊരു ഗവേഷണ വിഷയമാക്കാം. പണ്ട് അമ്മ പറഞ്ഞു കേട്ടിട്ടുള്ളത് ഇടി വെട്ടുമ്പോൾ കൂണ് ഉണ്ടാകുമെന്നാണ്. തുലാവർഷത്തിൽ വൈകുന്നേരം ഇടി വെട്ടും. രാവിലെ നോക്കുമ്പോൾ കൂണ് മുളച്ചു നിൽക്കും. ഇടി വെട്ടിയതു കൊണ്ടാണ് കൂണ് മുളക്കുന്നത് എന്ന് തോന്നുന്നില്ല. ഈ കൂണ് ഉണ്ടാകുന്നതിന്റെ അടുത്ത ദിവസങ്ങളിലൊന്നും ഇടിയുണ്ടായില്ല.