ഇന്നു പരിചയപ്പെടുത്തുന്ന ആള്‍ ഡോ. ശോശാമ്മ ഐപ്പാണ്. ശോശാമ്മ ടീച്ചറിനെ എനിക്ക് 25 വര്‍ഷത്തില്‍ കൂടുതലായി അറിയാം. ടീച്ചറൊരു വലിയ ശാസ്‌ത്രജ്ഞ ആണെന്നു മാത്രമല്ല, അതിനപ്പുറം സ്വന്തം നിലപാടിനു വേണ്ടി ജീവിതകാലം മുഴുവന്‍ യുദ്ധം ചെയ്‌ത് വളരെ പ്രയാസങ്ങള്‍ സഹിച്ച് അതില്‍നിന്നും രക്ഷപ്പെട്ടു വന്നൊരാളാണ്. ടീച്ചറിന്റെ ആ കഷ്ടപ്പാടുകാലം അടുത്തിടയ്‌ക്ക് ഒരു പുസ്‌തകമായി പ്രസിദ്ധീകരിച്ചിരുന്നു. അതിനെക്കുറിച്ച് നമ്മുടെ ഈ പരിപാടിയില്‍ അവതരിപ്പിക്കുകയും ചെയ്‌തു. ടീച്ചര്‍ കുറച്ചുകാലമായി മക്കളുടെ കൂടെ വിദേശത്താണ്. ആണ്ടില്‍ ആറു മാസം ഇവിടെയും ആറുമാസം അവിടെയുമാണ്. നാടന്‍പശുക്കളെ തിരിച്ചു കൊണ്ടുവന്നതില്‍ ടീച്ചറുടെ വലിയൊരു പങ്കുണ്ട്. നമ്മള്‍ വനം വെച്ചുപിടിപ്പിക്കുന്നിടത്തെല്ലാം ആ പരിപാടി വിജയിക്കുന്നതില്‍ നാടന്‍പശുക്കള്‍ക്ക് വലിയൊരു പങ്കുളളതായി കാണുന്നുണ്ട്. നാടന്‍ ഇനങ്ങളെ സംരക്ഷിക്കുക എന്ന ആശയം തന്നെ ഇന്ത്യയില്‍ തുടങ്ങിയത് ടീച്ചറുടെ ഗവേഷണ പദ്ധതിയോടെയാണ്. അതേക്കുറിച്ച് നമുക്ക് ടീച്ചര്‍ തന്നെ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാം.
ഹരി: നാടന്‍ പശുവിനെ സംരക്ഷിക്കണമെന്ന ആശയം, അതായത് ധവളവിപ്ലവം വന്നുകഴിഞ്ഞ് വലിയ പശുക്കള്‍ മതി എന്നു പറഞ്ഞുകൊണ്ടിരുന്ന സമയത്താണല്ലോ ടീച്ചര്‍ ചെറിയ പശുക്കളെ നോക്കാന്‍ തുടങ്ങുന്നത്. അങ്ങനൊരു ആശയം തോന്നാനുളള കാര്യമെന്താണ് ?
ശോശാമ്മ ടീച്ചര്‍: ഒന്നാമത് ഞങ്ങളുടെ സ്ഥലം കുട്ടനാടാണ്. കുട്ടനാട്ടില്‍ വെച്ചൂര്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങളിലെല്ലാം വെച്ചൂര്‍ പശു അന്നത്തെ കാലത്ത് സുലഭമായി ഉണ്ടായിരുന്നു. അന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍ വന്നതില്‍ പി്‌ന്നെ..
ഹരി: അന്നത്തെ കാലമെന്നു പറയുമ്പോള്‍ 1950 ഒക്കെ ആയിരിക്കുമല്ലേ ?
ടീച്ചര്‍: 50നും 60നും ഇടയ്‌ക്കായിട്ട് തുടങ്ങി. അന്ന് സിന്ധി കാളകളെ വെച്ചാണ് തുടങ്ങിയത്. നാടനില്‍ തന്നെ പാലു കൂടിയതിനെ വെച്ച് ഇവിടത്തെ ഉത്‌പാദനം വര്‍ദ്ധിപ്പിക്കാം എന്നുളളതായിരുന്നു. അതുകഴിഞ്ഞപ്പോള്‍ കുറച്ചുകൂടി കൂടണം എന്ന രീതിയിലാണ് ജഴ്‌സിയെ ആദ്യമായിട്ട് കൊണ്ടുവരുന്നത്. ജഴ്‌സിയെ ആദ്യമായിട്ട് കൊണ്ടുവരുന്നത് കുരിശുമല ആശ്രമത്തിലാണ്. അന്നവിടെ ഫ്രാന്‍സിസ് ആചാരി എന്നൊരു അച്ചനൊക്കെ ഉണ്ടായിരുന്നു. അവിടുന്നാണ് ഗവണ്‍മെന്റിലേക്കു വേണ്ട സെമന്‍ കളക്ട് ചെയ്യുന്നത്. അവരുടെ ബുള്‍സിനെ മാനേജ് ചെയ്യുന്നതിന് ചെറിയൊരു തുകയും കൊടുത്തിരുന്നു അവര്‍ക്ക്. എനിക്കത് വളരെ കൃത്യമായിട്ടറിയാം. ആദ്യം അവിടത്തെ ബുള്‍സിനെ ഇവിടെ കൊണ്ടുവന്നയാള് ഡോ. എം.വി.ജി കുറുപ്പ് ആയിരുന്നു. അദ്ദേഹം പിന്നീട് വന്ന ഇന്തോ സ്വിസ് പ്രോജക്ടിലൊക്കെ വര്‍ക്ക് പിന്നെ എന്‍ഡിഡിബിയിലേക്ക് പോയി. അതിനുശേഷം വന്നത് ഡോ. സി. എബ്രഹാം വര്‍ക്കി - എന്റെ ഹസ്‌ബന്റാണ്. അതുകൊണ്ട് അവിടുത്തെ കാര്യങ്ങളൊക്കെ 63 മുതല്‍ കണ്ടിട്ടുണ്ട്. അങ്ങനെ കുറേ ക്രോസ്‌ബ്രെഡ്‌സ് ഒക്കെ ഉണ്ടായി. പിന്നെ ഇന്തോ സ്വിസ് പ്രോജക്ട് വന്നു 63ല്‍. അതുകഴിഞ്ഞപ്പോഴേക്ക് എക്‌സോട്ടിക്ക് സെമന്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന സ്ഥിതി വന്നപ്പോള്‍ നാടന്‍ പശുക്കള്‍ അങ്ങില്ലാതെയായി.
അപ്പോള്‍ നമ്മുടെ തനതായിട്ടുളളത് ഒന്നുമില്ലെന്നാകുമല്ലോ. നെല്ലെല്ലാം മാറിപ്പോകുന്നു, ഇതെല്ലാം മാറിപ്പോകുന്നു. നമുക്ക് വിദേശജനുസുകള്‍ മാത്രമേ ഉളളൂ. അപ്പോള്‍ നമ്മുടേതായിട്ടൊന്നു കാണിക്കാനെങ്കിലും ഇവയെ സംരക്ഷിക്കണമല്ലോ. വെറ്ററിനറി വിദ്യാര്‍ത്ഥികളെ കാണിക്കാനെങ്കിലും നമുക്കൊന്നു വേണ്ടേ ? എന്തായാലും നശിച്ചുപോകരുത് എന്നൊരു ചിന്തയുണ്ടായിരുന്നു. അന്നു നമുക്ക് കൂട്ടിന് കുറച്ച് വ്യത്യസ്‌തമായി ചിന്തിക്കുന്ന കുട്ടികളെയും കിട്ടി. അനില്‍ സക്കറിയയുടെ നേതൃത്വത്തില്‍ അവരുണ്ടായിരുന്നു. അതുകൊണ്ട് ഇതിനെ തിരയാന്‍ പോകാനും കുറച്ചെണ്ണത്തിനെ കിട്ടാനുമൊക്കെ സാധിച്ചു. ഒരുപാട് തെരഞ്ഞു. കഷ്ടപ്പെട്ടു. എന്നിട്ടാണ് കിട്ടിയത്. പക്ഷെ നമ്മള്‍ കഷ്ടപ്പാടായിട്ട് ഒരിക്കലും വിചാരിച്ചിട്ടില്ല. അതൊക്കെ ഒരു പിക്‌നിക്കായിട്ടാണ് പോയത്. സന്തോഷത്തോടുകൂടി പോയി. പക്ഷെ കിട്ടാതെവരുമ്പോഴൊരു ചെറിയ നിരാശ ഒക്കെയുണ്ടാവും. ആ പുസ്‌തകത്തിലൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ. അവസാനം നമുക്കൊരു എട്ടെണ്ണമായിട്ട് തുടങ്ങാന്‍ സാധിച്ചു.
അത് 89ലാണ്. അത് ഇത്രയും വലിയൊരു ചരിത്രമുഹൂര്‍ത്തമാകുമെന്ന് അന്നു വിചാരിച്ചതുപോലുമില്ല. ഒത്തിരി ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും നമ്മള്‍ വിചാരിച്ചതിലും വലിയ ലെവലിലേക്കത് വന്നു. ആളുകള്‍ അതുപോലെ സ്വീകരിച്ചു അതുകൊണ്ടാണ്. കൃഷിക്കാര്‍ അതിനെ വളര്‍ത്താന്‍ തത്‌പര്യം കാണിച്ചാലല്ലേ കാര്യമുളളൂ. അല്ലെങ്കിലെന്ത് സംരക്ഷണം കൊണ്ടു കാര്യം ? യൂണിവേഴ്‌സിറ്റിയില്‍ അമ്പതു പശുവിനെ നിര്‍ത്തിയതുകൊണ്ട് നാട്ടുകാര്‍ക്കു ഗുണമില്ലല്ലോ. അത് നാട്ടുകാരിലേക്കു ചെല്ലണം, കൃഷിക്കാരിലേക്കു ചെല്ലണം എന്നുളള നിര്‍ബന്ധവും നമുക്കുണ്ടായിരുന്നു.
പിന്നെയും കുറച്ചെണ്ണത്തിനെ ശേഖരിക്കാന്‍ പറ്റി. അതുകഴിഞ്ഞ് പത്തു വര്‍ഷമായി. അപ്പോള്‍ നമ്മളവരോടൊരു വാക്ക് കൊടുത്തിരുന്നു. അവര്‍ക്ക് തരാന്‍ മനസില്ലായിരുന്നു. ഞങ്ങളിതിന്റെ കുട്ടികളെ തീര്‍ച്ചയായും തിരിച്ചുതരുമെന്ന് പറഞ്ഞിരുന്നു. അത് പത്തുകൊല്ലം കൊണ്ട് ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റി. അങ്ങനെയാണതിന്റെ തുടക്കം. പിന്നെ കൃഷിക്കാര്‍ക്കു കൊടുത്തു തുടങ്ങിയപ്പോള്‍ അടുത്ത സ്‌റ്റേജിലോട്ടായി. നമ്മളാദ്യമൊന്നു സംരക്ഷിച്ചു, അതിനെ ഇരട്ടിയാക്കി..
ഹരി: പലപ്പോഴും ഇത്തരം പരീക്ഷണങ്ങള്‍ ലബോറട്ടറിയില്‍ത്തന്നെ ഒതുങ്ങിനില്‍ക്കുകയാണ്. ഇത് പുറത്തേക്കു വന്നു. ഒരുപക്ഷെ ഇത് നാടനായതുകൊണ്ട് കൂടി ആയിരിക്കും. ആളുകള്‍ക്ക് ഈ ആശയവുമായി യോജിക്കാന്‍ വലിയ പ്രശ്‌നം വരുന്നില്ലല്ലോ. ഒരു പുതിയ വിത്ത് കൊണ്ടുചെല്ലുന്നതുപോലെ. പക്ഷെ ഉണ്ട്, പാലിതിന് കുറവാണെന്നൊരു പ്രചരണം നടന്നുകൊണ്ടിരിക്കുകയാണല്ലോ.
ടീച്ചര്‍: അതെയെതെ. അതുകൊണ്ടിവിടെ വന്ന സമയത്ത് വലിയ ബുദ്ധിമുട്ടായിരുന്നു. ധവളവിപ്ലവം കൊണ്ടുവന്ന് ഞങ്ങള്‍ കേരളത്തെ മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ ദാ അവിടെയൊരു ആനിമല്‍ ബ്രീഡിങ്ങിന്റെ പ്രൊഫസര്‍ കാളവണ്ടി യുഗത്തിലോട്ടാ കൊണ്ടുപോവുന്നതെന്നാണ് ഞങ്ങള്‍ക്കു കിട്ടിയ ഒരു കമന്റ്. ഞാന്‍ കേട്ടില്ല. ഞാനതറിഞ്ഞു.
ഹരി: ഇതുപോലെ ഞാന്‍ അടുത്തയിടക്ക് ഒരു പുസ്‌തകത്തില്‍ വായിച്ചു, ഓസ്‌ട്രേലിയയില്‍ യൂറോപ്പില്‍ നിന്നുളള കുടിയേറ്റക്കാര് വലിയ പശുക്കളെ കൊണ്ടുവന്നു. പശുക്കളുടെ ചാണകം മണ്ണില്‍ ചേര്‍ക്കാനുളള വണ്ട് അവിടെ ഇല്ലായിരുന്നു. അവിടെ ഏകദേശം 250 വണ്ടുണ്ടായിട്ട് അതിനൊന്നും കഴിഞ്ഞില്ല.
ടീച്ചര്‍: അത് ഡീഗ്രേഡ് ചെയ്‌തു പോകാതെ മുകളില്‍ത്തന്നെ കിടന്നു. ബീറ്റില്‍സിനെ വേറെ കൊണ്ടുവരേണ്ടിവന്നു.
ഹരി: ആഫ്രിക്കയില്‍ നിന്നോ ഏഷ്യയില്‍ നിന്നോ ഒക്കെ, അല്ലേ ?
ടീച്ചര്‍: അതെ. അങ്ങനെ പലസ്ഥലത്തുനിന്നും കൊണ്ടുവന്നു.
ഹരി: അതൊരു 65- 70 കാലഘട്ടത്തിലാണ് നടക്കുന്നത്. ആ സമയത്താണ് നമ്മളിവിടെ വിദേശപശുവിനെ കൊണ്ടുവരുന്നത്.
ടീച്ചര്‍: പലപ്പോഴും പ്രാണികളുടെ കാര്യം പറയുമ്പോള്‍ ഇതൊക്കെ എല്ലാം നശിച്ചുപോവുകയാണെന്നു വിചാരിച്ചോ. കൊതുകു നശിച്ചുപോയെന്നു വിചാരിച്ചോ. അതു നമ്മളെ കുത്തുന്നുണ്ട്. അങ്ങനെ വിചാരിച്ചാല്‍ ഈ കൊതുകുകളെ ഭക്ഷണമാക്കുന്ന അനേകം പ്രാണികളുണ്ട്. ഇതിനെ നശിപ്പിക്കുമ്പോള്‍ അതും പോയി. അങ്ങനെ ഒരു ചെയിന്‍ ആയിട്ടല്ലേ കാര്യങ്ങള്‍ പോകുന്നത്. നമുക്ക് എല്ലാ ജീവജാലങ്ങളും ഇവിടെ വേണം. അതിന്റെ ഓരോന്നിന്റെയും ഗുണം എന്താണെന്ന് നമ്മള്‍ അറിയുന്നില്ലെന്നേ ഉളളൂ.
ഹരി: അതെ. ഈ ജനറേഷനിലെ പിളേളര് മിന്നാമിനുങ്ങിനെ കണ്ടിട്ടുളളവര്‍ വളരെ കുറവാണ്. ഞാനൊരു കുട്ടിക്ക് കരിവണ്ടിനെ കാണിച്ചുകൊടുത്തിട്ട് ഇത് ബംബിള്‍ബീ ആണെന്നു പറഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു ഇത് കാര്‍ട്ടൂണ്‍ കഥാപാത്രമല്ലേ, അങ്ങനെയൊരു സാധനമുണ്ടോ എന്ന്.
ടീച്ചര്‍: അതുപോലെ തന്നെ പശുവിന്റെ പാലെവിടുന്നാന്നു ചോദിച്ചാല്‍ കുഞ്ഞുങ്ങളെന്താ പറയുന്നെ, സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണെന്നു പറയും. പിന്നെ ഈ അടുത്തകാലത്തായിട്ടൊരു വ്യത്യാസമൊക്കെ ഉണ്ട്, പശുക്കളെ ഒക്കെ കൊണ്ടു കാണിക്കുക, അങ്ങനെയുളള വ്യത്യാസങ്ങളൊക്കെ വന്നിട്ടുണ്ട്. അതായത് നമ്മളതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ചു തുടങ്ങിയപ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ ഇതൊക്കെ അറിയണം എന്നുളള ചിന്തയിലേക്ക് മനുഷ്യരെത്തി.
ഹരി: ഞങ്ങളുടെ കഴിഞ്ഞുളള ജനറേഷന്‍ കുറച്ചൂടി വെല്‍ത്ത് - ആ ഒരു കാര്യങ്ങളില്‍ നോക്കിക്കൊണ്ടിരുന്നവരാണ്. അതുംകഴിഞ്ഞ് അടുത്ത ജനറേഷന്‍ കൊച്ചുകുട്ടികള്‍ വരുമ്പോള്‍ അവര്‍ കുറേക്കൂടി പ്രപഞ്ചം, പ്രകൃതി ആ രീതി താത്‌പര്യമുളളവരാണ്.
ടീച്ചര്‍: അത് നമ്മള്‍ വലിയവര്‍ ഇതാവശ്യമാണെന്നത് അവരെ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ്. അവര്‍ക്കൊരു ബോധവത്‌കരണം നമ്മള്‍ കൊടുത്തുതുടങ്ങി. അതുകൊണ്ടാണ്. അല്ലാതെ കുഞ്ഞുങ്ങള്‍ക്ക് തന്നെ വരുന്നതല്ലല്ലോ ഇതൊന്നും.
ഹരി: ടീച്ചറേ വെച്ചൂര്‍ പശുവിന്റെ പാലിന്റെ ഗുണത്തെപറ്റി ഒരുപാട് ചര്‍ച്ചകള്‍ വന്നല്ലോ.
ടീച്ചര്‍: പണ്ടേ ഉളള ഒരു വിശ്വാസം എന്നു പറയുന്നത്, അതായത് ആയുര്‍വേദ വൈദ്യന്മാരായാലും അല്ലാത്ത പഴമക്കാരും പറയുന്നത് വെച്ചൂര്‍ പശുവിന്റെ പാല് ആര്‍ക്കും കൊടുക്കാം. പ്രായമുളളവരായാലും രോഗത്തില്‍ നിന്ന് വിമുക്തി നേടി വരുന്നവരായാലും കൊച്ചുകുട്ടികള്‍ക്കായാലും കൊടുക്കാം. പെട്ടെന്നു ദഹിക്കും എന്നുളളതൊരു വിശ്വാസമായിട്ട് കിടക്കുകയായിരുന്നു. അത് ആളുകള്‍ക്ക് അനുഭവമുണ്ട്. പിന്നീട് ഞങ്ങളിവിടെ ഒരു വര്‍ക്ക് ചെയ്‌തു. ഫാറ്റ് ഗ്ലോബ്യൂള്‍ സൈസിനെ പറ്റിയുളള ഒരു വര്‍ക്ക്. തിരുപ്പതി വെങ്കിടാചലപതി ആണത് ചെയ്‌തത്. അദ്ദേഹം ഇപ്പോള്‍ ഇവിടെ പ്രൊഫസറായിട്ടുണ്ട്. അന്നെന്റെ സ്റ്റുഡന്റ് ആയിരുന്നു. ചെയ്‌തപ്പോള്‍ വെച്ചൂര്‍ പശുവിന്റെ പാലിലെ കൊഴുപ്പിന്റെ കണിക - അതായത് ഫാറ്റ് ഗ്ലോബ്യൂള്‍സ് - അതിന്റെ സൈസ് അളന്നുനോക്കിയപ്പോള്‍ അത് എരുമപ്പാലിനേക്കാള്‍ വളരെ ചെറുതാണ്. ക്രോസ്‌ബ്രെഡ് പശുവിന്റെ പാലിനേക്കാള്‍ വളരെ ചെറുതാ. ആട്ടിന്‍പാലിനേക്കാള്‍ അല്‌പം കൂടുതലുമുണ്ട്. ഇതാണതിന്റെ ഗ്രഡേഷന്‍ വന്നത് - എരുമ, ക്രോസ്‌ബ്രെഡ്, വെച്ചൂര്‍, ആട്.
ഹരി: ആട്ടിന്‍പാലാണ് മരുന്നിനൊക്കെ ഉപയോഗിക്കുന്നത്.
ടീച്ചര്‍: എന്നു പറഞ്ഞതുപോലെ, ഈ വെച്ചൂര്‍ പശുവിന്റേനും അതുപോലെ ചെറിയ ഫാറ്റ് ഗ്ലോബ്യൂള്‍സായതുകൊണ്ട് ദഹനപ്രക്രിയ എന്നുപറയുന്നത്, ഇതവിടെ ചെന്നുകഴിഞ്ഞിട്ട് ചെറുതാക്കിയല്ലേ അബ്‌സോര്‍ബ് ചെയ്യുന്നത്. അപ്പോള്‍ സ്വതേവ ചെറുതായതിന് ആ ദഹനശേഷി കൂടുതലുണ്ട്. അതാണ് മറ്റൊരു ഗുണം. പിന്നത്തേത് പഞ്ചഗവ്യമൊക്കെ ഇതിന്റെ അഞ്ചു പ്രോഡക്ട്‌സ് ചേര്‍ത്തല്ലേ ഉണ്ടാക്കുന്നത്. അപ്പോള്‍ നാടന്‍പശുവിന്റെ പാല് ചേര്‍ത്ത പഞ്ചഗവ്യമാണ് ഏറ്റവും നല്ലത്. അതുപോലെ ഈ പശുവിന്റെ ചാണകത്തിനും വളരെ വ്യത്യാസമുണ്ട്. ഗുണമുളള മൈക്രോബുകള്‍, ബാക്ടീരിയ ഒക്കെ ഉളളതായിട്ടുളള പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. പബ്ലിഷ് ചെയ്‌തിട്ടുളള പഠനങ്ങളാണ്. ഒന്നില്‍ കണ്ടത് അഞ്ചുതരത്തിലുളള ഗുണകരമായ ബാക്ടീരിയകള്‍ ഉണ്ടെന്നതാണ്. മറ്റൊന്ന് ഇത് ഫെര്‍മെന്റ് ചെയ്യുമ്പോള്‍, അതായത് പഞ്ചഗവ്യമൊക്കെ ഉണ്ടാക്കുമ്പോള്‍ പെട്ടെന്ന് മിക്‌സ് ചെയ്‌ത് ഉണ്ടാക്കുകയല്ലല്ലോ. അവിടെ വെച്ചിരുന്ന്, ഇളക്കി അങ്ങനെയൊക്കെ ആണല്ലോ ഇതുണ്ടാക്കി എടുക്കുന്നത്. അങ്ങനെയുളള ബയോഡൈനാമിക് പ്രോഡക്ട് ആണെങ്കില്‍ അതില്‍ക്കൂടുതല്‍ മൈക്രോബ്‌സ് ഉണ്ടാകുമെന്നാണ്. ചാണകമായാലും അതില്‍ പാലുമൊക്കെ കൂട്ടിയുളള പ്രോഡക്ട്‌സ് ആയാലും എല്ലാം അതിനേക്കാള്‍ വളരെ ഗുണകരമാണ്, ബെനഫിഷ്യല്‍ ബാക്ടീരിയ ഉണ്ട് എന്നാണ് കണ്ടിരിക്കുന്നത്.
ഹരി: അതുപോലെത്തന്നെ സുഭാഷ് പലേക്കറുടെ കൃഷിരീതി ഉണ്ടല്ലോ. അദ്ദേഹം പറയുന്നത് നാടന്‍ പശുവിന്റെ ചാണകം ഉപയോഗിക്കണം എന്നാണ്.
ടീച്ചര്‍: മതി. എന്നുമാത്രമല്ല, ഈ പലേക്കര്‍ ഫാമിങ്ങ് അല്ലെങ്കില്‍ ഓര്‍ഗാനിക് ഫാമിങ്ങ് വന്നതാണ് നാടന്‍പശുക്കള്‍ക്ക് പ്രചരണം കിട്ടാനൊരു പ്രധാനകാരണമായത്. സീറോ ബജറ്റ് ഫാമിങ്ങ്. അദ്ദേഹത്തിന്റെ ക്ലാസുകളില്‍ മറ്റുപശുക്കളെ കുറിച്ച് അദ്ദേഹം വളരെ കഠിനമായി പറഞ്ഞുകളയും. പന്നി എന്നൊക്കെയാണ് പറയുന്നത്. ഇതൊന്നും പശുവല്ല.
ഹരി: ഞാനതു പരീക്ഷിച്ചിട്ടുളളതാണ്. ജീവാമൃതം ഉണ്ടാക്കി തളിക്കുകയാണെങ്കില്‍ ചെടിക്കു പെട്ടെന്നൊരു ബൂസ്റ്റ് വരും.
ടീച്ചര്‍: വരും വരും. റോസൊക്കെ കാണണം. നല്ല കളറിലാണ് വരുന്നത്.
ഹരി: മിയാവാക്കി പറഞ്ഞിട്ടുളളത് മള്‍ച്ചിങ്ങ് ആണ്. ഇത്തരം മള്‍ച്ചിങ്ങില്‍ നമ്മളതുകൂടി ചെയ്യുകയാണെങ്കില്‍ പിന്നെ വെളളം അധികം ഒഴിക്കേണ്ട കാര്യമില്ല.
ടീച്ചര്‍: അതെയതെ. ഇവിടെ അങ്ങനെ വളമൊന്നുമിടുന്നില്ല തെങ്ങിന്. എല്ലാം വയസായ തെങ്ങുകളാ.
ഹരി: വളമൊന്നും ഇടുന്നില്ലെങ്കിലും മണ്ണിന്റെ ആരോഗ്യം കാണാന്‍ ഈ കറിവേപ്പ് നോക്കിയാല്‍ മതി.
ടീച്ചര്‍: അതുപോലെ ഇവിടൊക്കെ കുത്തിനോക്കിയാല്‍ മണ്ണിരയുണ്ട്.
ഹരി: ധാരാളമായി പപ്പായ ഒക്കെ മുളക്കുന്നുണ്ട്. വീണവിത്തുകളൊക്കെ മുളയ്‌ക്കുന്നുണ്ട്.
ടീച്ചര്‍: എല്ലാം മുളക്കുന്നുണ്ട്. അവിടെവിടെ ഒക്കെ മുളകും ഒക്കെ ഉണ്ടാകുന്നുണ്ട്. ഞാനിവിടെ ഉണ്ടെങ്കില്‍.
ഹരി: ടീച്ചറും ഹസ്‌ബന്റും ഇവിടുളളപ്പോള്‍ ഞാനിവിടെ വന്നിട്ടുണ്ട്. പത്തുപതിനഞ്ച് വര്‍ഷം മുമ്പ്. അന്നിവിടെ ഓരോ ഇഞ്ചിലും കൃഷി ഉണ്ടായിരുന്നു.
ടീച്ചര്‍: അതോരോ സ്‌റ്റേജ് അല്ലേ.
ഹരി: എനിക്കൊരു സംശയം ഉളളതുകൂടിയൊന്നു ചോദിച്ചോട്ടെ. നമ്മള്‍ നാടന്‍പശുവിനെ വളര്‍ത്തുമ്പോള്‍ അതിനുകൊടുക്കുന്ന ഭക്ഷണം പലപ്പോഴും കാലിത്തീറ്റയും മറ്റു സാധനങ്ങളുമൊക്കെയാണ്. ശരിക്കും പറഞ്ഞാല്‍ നാടന്‍പശുവിന് നാടന്‍തീറ്റ തന്നെ കൊടുക്കാന്‍ കഴിഞ്ഞാല്‍ കുറച്ചുകൂടി നല്ലതായിരിക്കില്ലേ ?
ടീച്ചര്‍: തീര്‍ച്ചയായിട്ടും. എന്റെ അഭിപ്രായം ഈ കോമ്പൗണ്ടഡ് ഫീഡ് അമ്മോണിയയും ഒക്കെ ചേര്‍ത്തിട്ടല്ലേ വരുന്നത്. അത് കൊടുക്കരുത്. ഭക്ഷണം അതിന്റെ പ്രോഡക്ടിനെ ബാധിക്കുന്നുണ്ട് എന്നുളളത് തീര്‍ച്ചയാണ്. നമ്മള്‍തന്നെ കഴിക്കുന്ന ഭക്ഷണം അനുസരിച്ചല്ലേ നമ്മുടെ വയറിന്റെ സുഖമായാലും ശരീരത്തിന്റെ പുഷ്ടിയും എല്ലാമിരിക്കുന്നത്. അതുകൊണ്ട് പാലൊരല്‍പം കുറഞ്ഞാലും വേണ്ടില്ല, കിട്ടുന്നത് നല്ലതാണല്ലോ. അതുതന്നെയല്ല. നമുക്കൊരു വീട്ടില്‍ എത്രവേണം പാല് ? നമ്മള്‍ പാലു മാത്രമല്ലല്ലോ കഴിക്കുന്നത്. അതുകൊണ്ട് അത്രമതി നമുക്ക്.
ഹരി: രാസവളം ചേര്‍ക്കാതെ വളര്‍ത്തിയ വാഴയൊക്കെ വെട്ടിയിട്ടു കൊടുക്കാമല്ലോ.
ടീച്ചര്‍: അതൊരു വലിയ സ്‌റ്റഡി നടക്കുന്നുണ്ട്. ഗ്രാസ്‌ഫെഡ് മില്‍ക്ക് എന്നുപറഞ്ഞാല്‍ അറിയാമല്ലോ. അതുപോലെ ഇതിന്റെയെല്ലാം പാല് A2 ആണ്. പറഞ്ഞുവന്നാല്‍ കഴുതയുടെയും കുതിരയുടെയും ഒക്കെ A2 ആണ്. മുലപ്പാലും A2 ആണ്. A2 ആണ് ആദ്യം ഉണ്ടായിരുന്ന ജീനെന്നും A1 പിന്നീടുണ്ടായ മ്യൂട്ടേഷനും ആണെന്നാണ് പറയുന്നത്. ഇതിനെപ്പറ്റി പറയുന്നത് This is tthe wild variety എന്നാണ്. പക്ഷെ ഇപ്പോള്‍ ഓസ്‌ട്രേലിയക്കാരൊക്കെ A2ബുള്‍സിനെ ഒക്കെ ഉപയോഗിച്ച് A2 പാല് ഒരുപാട് ഉത്‌പാദിപ്പിക്കുന്നുണ്ട്. A2 എന്നുകേള്‍ക്കുമ്പോള്‍ ആളുകള്‍ പോവും. അതുപോലെ യു.എസിലും കടകളിലൊക്കെ ധാരാളം A2 പാല് വില്‍ക്കുന്നുണ്ട്. ഞാനിങ്ങനെ കടകളിലൊക്കെ പോവുമ്പോള്‍ നോക്കും A2 പാല് ഉണ്ടോ എന്ന്. പറഞ്ഞുവന്നത് ഗ്രാസ്‌ഫെഡ് മില്‍ക്ക് എന്നു പറഞ്ഞൊരു ആശയവും വലിയ ഗവേഷണവും ഒക്കെയുണ്ട്.
ഞാനീ റിസര്‍ച്ചിനെപറ്റി കൂടുതലായി മനസിലാക്കുന്നതിനു മുമ്പേ പളളത്തൊരു കുര്യന്‍ സാറുണ്ട്. അറിയാമല്ലോ? ഞാനൊരു ദിവസം അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞത് ഞാനെന്റെ പശുവിന് ഇവിടെ കാണുന്ന പുല്ലും വെളളവും അല്ലാതെ വേറൊന്നും കൊടുക്കില്ല. കഞ്ഞിവെളളം കമഴ്‌ത്തിക്കളയുകയാണ്. പച്ചവെളളമേ കൊടുക്കുകയുളളൂ. പച്ചവെളളവും പുല്ലും മതി എന്നുളളതാണ് പുളളീടെ രീതി. വിര്‍ജീനിയയില്‍ നിന്ന് ഒരു പ്രൊഫസര്‍ ഇവിടെ വന്നിരുന്നു. അദ്ദേഹം ചെയ്‌തുകൊണ്ടിരിക്കുന്നത് പ്രതിരോധശേഷിയുടെ അളവും മറ്റും നോക്കലാണ്, ഗ്രാസ്‌ഫെഡ് പശുക്കളുടെ. ഞാന്‍ പറഞ്ഞു, നിങ്ങളിത്രയൊക്കെ പറഞ്ഞല്ലോ. നമ്മുടെ ഇവിടെയും പറയുന്നുണ്ട്. പശുക്കള്‍ക്ക് കഞ്ഞിവെളളം പോലും കൊടുക്കരുത്. പുല്ലും വെളളവും കൊടുത്താല്‍ മതി എന്ന്. അത്തരത്തില്‍ ഇവിടെ പറയുന്ന ശാസ്‌ത്രീയമായി തെളിയിച്ചിട്ടില്ലാത്ത പലകാര്യങ്ങളും ഇപ്പോള്‍ തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
ഹരി: അത് ശരിയാണല്ലോ. ഒറിജിനല്‍ പശു എന്തായാലും കഞ്ഞിവെളളം കുടിച്ചല്ല വളര്‍ന്നത്. പശു കഞ്ഞിവെളളം കുടിക്കാന്‍ തുടങ്ങീട്ട് പത്തു രണ്ടായിരം വര്‍ഷമൊക്കെയേ ആയിക്കാണുകയുളളൂ. മറ്റൊരു സംശയം ചോദിക്കാനുളളത് പശുവിന്റെ തടിയെ കുറിച്ചാണ്. എന്റെ പശുവിനെ വന്നു കണ്ടവര്‍ ഇതിങ്ങനെ മെലിഞ്ഞിരിക്കുന്നത് എന്താണെന്നു ചോദിക്കാറുണ്ട്. അത് ഞാനൊരിക്കല്‍ ടീച്ചറിനെ വിളിച്ച് ചോദിച്ചായിരുന്നു. ടീച്ചര്‍ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. അന്ന് ടീച്ചര്‍ പറഞ്ഞത് തടിയല്ല പശുവിന്റെ ആരോഗ്യം എന്നാണ്. അത് മനുഷ്യന്റെ കാര്യത്തിലും ശരിയാണ്. ഒരാള്‍ക്ക് നല്ല തടിയുണ്ടെങ്കില്‍ അയാള്‍ക്ക് നല്ല ആരോഗ്യമുണ്ടെന്ന് പറയില്ല.
ടീച്ചര്‍: അതെ. എന്തോ കുഴപ്പമുണ്ടല്ലോ എന്നേ നമ്മള്‍ പറയുകയുളളൂ.
ഹരി: ജീവികളെ നമ്മള്‍ ഇറച്ചിയുടെ കണ്ണിലൂടെ കാണുന്നതു കൊണ്ടായിരിക്കും അതിനു നമ്മള്‍ തടിവേണം എന്നു പറയുന്നത്.
ടീച്ചര്‍: അതുകൊണ്ടായിരിക്കും. പണ്ടു് ഇന്നത്തെ അത്രേം സുഭിക്ഷതയില്ലാത്ത കാലത്ത് അല്‍പസ്വല്‌പം തടിയൊക്കെ ഉളള ഒരാളെ കണ്ടാല്‍ ഏതാണ്ടൊക്കെ ഉളള വീട്ടിലെയാ എന്നു നമ്മള്‍ പറയുമല്ലോ. മറ്റേത് പട്ടിണിക്കോലമായിട്ടിരിക്കുന്നു എന്നൊക്കെ തോന്നുമായിരുന്നു. പക്ഷെ ഈ പശു പ്രസവിക്കുകയും പാലു തരുന്ന കാലമായാലും അതിന്റെ ശരീരത്തില്‍ നിന്നെടുക്കുകയല്ലേ, പാലായാലും ക്ടാവ് വളരാനുളളതായാലും. അപ്പോള്‍ അതിന് തടി വെക്കാന്‍ പറ്റില്ല. ഒരു സാധാരണ റീപ്രൊഡക്ഷനും പ്രൊഡക്ഷനും ഉളള പശുവാണെങ്കില്‍ അതിന് തടി വെക്കാന്‍ പറ്റില്ല.
ഹരി: വെച്ചൂര്‍ പശു ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. അതല്ലാതെ ചെറുവളളി പശുവിനെയും..
ടീച്ചര്‍: സംരക്ഷിച്ചിട്ടുണ്ട്. കാസര്‍ഗോഡ് പശുവിനെയും ഉണ്ട്. വെച്ചൂരിനെ തുടങ്ങിയ അതേ വര്‍ഷം തന്നെയാണ് കാസര്‍ഗോഡ് പശുവിന്റെയും ചെയ്‌തത്. ആ ഭാഗത്തൊക്കെ കുറച്ചുണ്ട്.
ഹരി: അതായത് കേരളത്തിന്റെ ഓരോ ഭാഗത്തും ഓരോ ഇനം പശുക്കള്‍ പണ്ടുതൊട്ടേ ഉളളവ ഉണ്ട്. കുറച്ചെണ്ണത്തിനെ തിരിച്ചറിഞ്ഞു, കുറച്ചെണ്ണത്തിനെ തിരിച്ചറിഞ്ഞിട്ടില്ല.
ടീച്ചര്‍: നമ്മുടെ വളരെ കര്‍ശനമായ പോളിസി ഉണ്ടായിരുന്നല്ലോ, മറ്റു സെമനേ ഉപയോഗിക്കാവു എന്നുളളത്. കാസര്‍ഗോഡ് ഭാഗത്തൊക്കെ കാളയും ഒക്കെ ഉണ്ടായിരുന്നു. അതേസമയം ഞാനാദ്യം പോകുന്ന സമയത്ത് അവിടെയും വെറ്ററിനറി ആശുപത്രികളും ഇന്‍സെമിനേഷന്‍ സെന്ററുകളും ഒക്കെ തുടങ്ങിയതു കൊണ്ട് ക്രോസ്‌ബ്രെഡ് കാളകളെയും ഒക്കെ കാണാന്‍ തുടങ്ങി. ഇതെല്ലാം കൂടി ഒന്നിച്ചാ നടക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും അതിന്റെ വര്‍ഗശുദ്ധി പോവുകയല്ലേ. അതുകഴിഞ്ഞാ നമ്മളിവിടെ കുറച്ചെണ്ണത്തിനെ കൊണ്ടുവരികയും സംരക്ഷിക്കുകയും ഒക്കെ ചെയ്യുന്നത്. പിന്നെ അവിടെ ഇപ്പോള്‍ അതിന്റെ പ്രാധാന്യത്തിനനുസരിച്ച് ചില ഗോശാലകളിലൊക്കെ വളര്‍ത്തുന്നുണ്ട്. അങ്ങനെ ഒരു മോട്ടിവേഷന്‍ കൊടുക്കാന്‍ പറ്റി എന്നുളളതാണ്.
ഹരി: പലയിടത്തും ഇപ്പോള്‍ കുട്ടമ്പുഴ പശു, വില്വാദ്രി പശു, ആലുവയില്‍ പെരിയാര്‍ പശു ഇങ്ങനെ പ്രാദേശികമായി ഇനങ്ങളുണ്ടെന്ന് ആളുകള്‍ പറയുന്നു. ശാസ്‌ത്രീയമായി ഗവേഷണമൊന്നും നടന്നിട്ടില്ല. എന്നാലും അവയെ സംരക്ഷിക്കണമെന്ന ചിന്താഗതിയിലേക്ക് എത്തിയിട്ടുണ്ട്.
ടീച്ചര്‍: ഇപ്പോള്‍ വെച്ചൂര്‍ പശുവിനെയും കാസര്‍ഗോഡ് പശുവിനെയും നമുക്ക് സംരക്ഷിക്കാന്‍ സാധിച്ചത് വളരെ കൃത്യമായിട്ടൊരു ബ്രീഡിങ്ങ് പ്രോഗ്രാം ഉണ്ടായിരുന്നു. ഞാന്‍ ആനിമല്‍ ബ്രീഡര്‍ ആണെന്ന് അറിയാമല്ലോ, ഞാന്‍ സ്‌പെഷ്യലൈസ് ചെയ്‌തിരിക്കുന്നത് അതിലാണ്. പ്രജനനത്തിന്റെ പ്രാധാന്യം നോക്കി ശരിയായി ചെയ്‌താല്‍ മാത്രമേ ഒരു ബ്രീഡ് നിലനില്‍ക്കുകയുളളൂ. അത് ഉറപ്പായിട്ടുളള ഒരു കാര്യമാണ്. അതല്ലെങ്കില്‍, കുറേ സ്ഥലത്ത് പശുക്കളുണ്ട്, പശു ഹീറ്റായി. അവിടടുത്ത് കാളയില്ല. അപ്പോള്‍ എക്‌സോട്ടിക് ബുളിന്റേത് കൊണ്ടുവന്നു. വെച്ചൂരിന്റെ കാര്യത്തില്‍പോലും നമുക്ക് ഗവണ്‍മെന്റ് സപ്ലൈ വരുന്നതായിട്ടുളള സെമന്‍ അവിടെ വരുമ്പോള്‍ അതിന്റെ പ്രാധാന്യം എല്ലാവര്‍ക്കും അറിയാന്‍ വയ്യ. ഇന്‍സെമിനേഷന്‍ സെന്ററില്‍ ഇരിക്കുന്ന പല ആളുകള്‍ക്കും. ചിലര്‍ ഗിറിന്റെ എടുത്തുകൊടുത്തിട്ട് ഗിര്‍ കുട്ടികളൊക്കെ ഉണ്ടായിട്ടുണ്ട്. ഗിര്‍ നാടനാ. അപ്പോള്‍ ഇന്ത്യന്‍ ജനുസൊക്കെ നാടനാണെന്നോ അല്ലെങ്കില്‍ വെച്ചൂരിന്റെ ഇല്ലെങ്കില്‍ എന്തെങ്കിലുമൊന്നു കൊടുത്തുവിടാമെന്ന ചിന്തയോ ഗൗരവക്കുറവോ ഒക്കെയായിരിക്കും അങ്ങനെ സംഭവിക്കുന്നത്. പക്ഷെ അതൊരിക്കലും ചെയ്യാന്‍ പാടില്ല. ഇപ്പോള്‍ നമ്മളൊരു പ്രത്യേക ജനുസിനെ പറ്റി പറഞ്ഞു. ചെറുവളളിയോ അല്ലെങ്കില്‍ ഏതുജനുസാണെന്നു വെച്ചാല്‍ അവിടെ തീര്‍ച്ചയായിട്ടുമൊരു ബ്രീഡിങ്ങ് പ്രോഗ്രാം വേണം. ഇഷ്ടംപോലെ കാളകള്‍ വേണം. അതില്‍നിന്നും തെരഞ്ഞെടുത്തിട്ട് ഇന്‍സെമിനേഷന്‍ ആണെങ്കില്‍ അങ്ങനെ ചെയ്യാം. നാച്ചുറല്‍ സര്‍വീസ് പാടില്ല എന്നൊന്നും ഞാന്‍ പറയില്ല. കാരണം അതില്‍ ചില ദോഷങ്ങളൊക്കെ ഉണ്ട്. ചില രോഗങ്ങള്‍ പടരാനുളള കാര്യങ്ങളൊക്കെ ഉണ്ടെന്നു വരികില്‍പോലും നമ്മളൊരു ബുളളിനെ നിര്‍ത്തി അത്യാവശ്യം ആരോഗ്യമുളള പശുവിനെ ഇന്‍സെമിനേറ്റ് ചെയ്യുകയാണെങ്കില്‍ അതിനെ തെറ്റുപറയാനൊന്നുമില്ല. കുറഞ്ഞപക്ഷം അത് വര്‍ഗശുദ്ധിയോടെ പെരുകി വന്നോളുമല്ലോ.
ഹരി: ഞാനിപ്പൊള്‍ അങ്ങനെ ചെയ്‌തു. ചെറുവളളി ഉണ്ടായിരുന്നതിനെ മൂന്നാറിലേക്ക് മാറ്റി. ഇവിടെ വെച്ചൂരും ചെറുവളളിയും എല്ലാംകൂടി ഇടകലര്‍ന്നു നില്‍ക്കുമ്പോള്‍ ഈ പറയുന്ന പ്രശ്‌നം. നമ്മള്‍ എപ്പോഴും അവിടെ ഉണ്ടായിരിക്കണം എന്നില്ല. അതുകൊണ്ട് രണ്ടും രണ്ടായിത്തന്നെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്.
ടീച്ചര്‍: അതുനല്ലതാണ്.
ഹരി: ടീച്ചറെ ഇപ്പോള്‍ രാജ്യം തന്നെ അംഗീകരിച്ചിരിക്കുകയാണ്. പത്മശ്രീ തന്നു. 2022ല്‍. പക്ഷെ ഇത് ചെയ്‌തിരുന്ന ഒരു പത്തുപതിനഞ്ച് വര്‍ഷം, അക്കാലത്തെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എങ്ങനെ തോന്നുന്നു ? അന്ന് തുടങ്ങുമ്പോള്‍ ഇത്രയധികം വെല്ലുവിളി നേരിടേണ്ടി വരുമെന്നോ ഇത്ര പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നോ, ഒരു ശാസ്‌ത്രജ്ഞ എന്ന നിലക്കൊരു ദൗത്യം ഏറ്റെടുത്തു എന്നല്ലാതെ..
ടീച്ചര്‍: അത്രയേ ഉളളൂ. നമ്മുടെയൊരു താല്‍പര്യവും. പിന്നെ നമ്മുടെ കൂട്ടത്തില്‍ ഓടിവരാന്‍ നമ്മുടെ കുട്ടികളുമുണ്ട്. അങ്ങനെ ഏറ്റെടുക്കുമ്പോള്‍ തീയില്‍ ചാടാനാണ് പോകുന്നതെന്ന് നമുക്കറിയാന്‍ വയ്യായിരുന്നു. അതത്രയ്‌ക്കൊരു ദൂഷ്യം ആയിട്ടെടുക്കുമെന്നും ഒരിക്കലും വിചാരിച്ചില്ല. മാത്രമല്ല, പശുക്കളൊക്കെ ചാവുകാന്നു പറയുമ്പോള്‍, അങ്ങനെ ആരെങ്കിലും ചെയ്യുമോ ? നമുക്കെപ്പോഴും എന്തിനൊടുമൊരു സ്‌നേഹം. എന്തും സംരക്ഷിക്കപ്പെടണമെങ്കില്‍ മനുഷ്യന്റെ മനസില്‍ ഒരു ദയവും സ്‌നേഹവും ഒക്കെ വേണം. എങ്കില്‍ മാത്രമേ സംരക്ഷിക്കപ്പെടുകയുളളൂ. അതില്ലാത്ത ആളുകള്‍ ഉണ്ടായിരിക്കും. അവരായിരിക്കും ഈ പണി ചെയ്‌തിട്ടുപോയത്. നമ്മുടെ മനസിലങ്ങനെ ഇല്ലാത്തതു കൊണ്ട് സങ്കടവും അതെങ്ങനെയും മറികടക്കണം ഇത് മുന്നോട്ടു കൊണ്ടുപോകണമെന്നുളള നിശ്ചയദാര്‍ഢ്യം നമുക്കുണ്ടായിരുന്നു. അതുകൊണ്ടാണത് മുമ്പോട്ടു പോയത്.
ഹരി: കുറച്ച് ഭാഗ്യവും ഉണ്ടായിരുന്നു. കാരണം എപ്പോഴും ഇങ്ങനെ യുദ്ധത്തില്‍പ്പെട്ടാല്‍ ജയിക്കണം എന്നില്ല.
ടീച്ചര്‍: ജയിക്കണമെന്നില്ല. ഞാനതിനെ ഭാഗ്യം എന്നതിനേക്കാള്‍ എന്റെ വാക്കില്‍ പറയുകയാണെങ്കില്‍ ദൈവാധീനം എന്നേ പറയൂ. ഞാന്‍ ദൈവവിശ്വാസമുളള കൂട്ടത്തിലാണ്. ശാസ്‌ത്രീയവശത്തില്‍ പറയേണ്ട ഒരു കാര്യമല്ലെങ്കില്‍ പോലും എല്ലാ ദിവസവും പ്രാര്‍ത്ഥനയില്‍ എന്റെ കുഞ്ഞുങ്ങളെ പറ്റി പ്രാര്‍ത്ഥിക്കുന്നതു പോലുളള ഒരു വിഷയമായിരുന്നു ഇത്. അതിനുളള ഒരു ഫലസിദ്ധി. ഞാനതൊരു യുദ്ധമെന്നു വിചാരിക്കുന്നില്ല. എന്നാല്‍പോലും, ഇതൊരു യുദ്ധമാണെങ്കില്‍ ആ യുദ്ധത്തില്‍ തോല്‍ക്കുകില്ല, എന്റെ പക്ഷത്ത് ബലവാനുണ്ട് എന്നുളള ഒചു ചിന്ത എനിക്കുണ്ടായിരുന്നു.
ഹരി: സത്യം നമ്മുടെ പക്ഷത്താണെന്നൊരു വിശ്വാസം.
ടീച്ചര്‍: അതെ. നമ്മളൊരു കാര്യം ചെയ്യണമെന്ന് ഉത്‌ക്കടമായിട്ട് ആഗ്രഹിച്ചാല്‍ പ്രഞ്ചം തന്നെ നമുക്കുവേണ്ടി ഗൂഢാലോചന ചെയ്‌ത് നമ്മളെ അവിടെ എത്തിക്കുമെന്നല്ലേ പറയുന്നത്. അതുകൊണ്ട് അതുണ്ടായിക്കാണും. എല്ലാത്തിനും ഹരി പറഞ്ഞതുപോലെ ഒരു ഭാഗ്യം, ഒരു ദൈവാധീനമൊക്കെ വേണം. നമ്മള്‍ കുറേ സഹിക്കുക എന്നുളളത് ഈ ലോകത്തില്‍ ഉണ്ടാവും. എന്നുകരുതി നമ്മളത് അവിടെവെച്ചു വിട്ടുകളഞ്ഞാലത് പോയല്ലോ.
ഹരി: അതെ, അതോടെ തീര്‍ന്നു. ഇപ്പോള്‍ അതൊരു വിജയത്തിലെത്തിക്കാന്‍ പറ്റി.
ടീച്ചര്‍: അതുമാത്രമല്ല. ഇപ്പോള്‍ ഞങ്ങളീ പറഞ്ഞ ആരോപണങ്ങളെല്ലാം ശരിയാണ്, അവര്‍ വിട്ടേച്ച് ഓടി എന്നുളളതല്ലേ വരുന്നത്.
ഹരി: അതുമുണ്ട്. ഇങ്ങനെയുളള ഗവേഷണ പദ്ധതികള്‍ തന്നെ ഇല്ലാതാകും. ശരിക്കും ടീച്ചര്‍ നിര്‍ത്തി പോയിരുന്നെങ്കില്‍ ടീച്ചര്‍ മാത്രമല്ല തോല്‍ക്കുന്നത്. നാടന്‍പശു എന്ന സാധനം തന്നെ ഇല്ലാതായേനെ.
ടീച്ചര്‍: ഞാനെന്റെ പുസ്‌തകത്തില്‍ അതു പറയുന്നുണ്ട്. അത് ശോശാമ്മ എന്നൊരാളിന്റെ തോല്‍വിയല്ല. ഒരു സിസ്‌റ്റത്തിന്റെ തോല്‍വിയാ. ഒരു യൂണിവേഴിസ്‌റ്റിയുടെ തോല്‍വിയാണ്. കര്‍ഷകരുടെ തോല്‍വിയാണത്. അതുണ്ടാകാന്‍ പാടില്ല. ഇന്നിപ്പോള്‍ അവരുളളതുകൊണ്ടല്ലേ ഈ കൃഷിയൊക്കെ നടക്കുന്നത്.
ഹരി: സാമ്പത്തിക മാറ്റവും ഉണ്ടിപ്പോള്‍ ഒരു വെച്ചൂര്‍ പശുവിന് അമ്പതിനായിരം രൂപ വിലയുണ്ട്. ഇപ്പോള്‍ പതിനായിരത്തോളം പശുവായി. അത് 90 ശതമാനവും സാധാരണ കര്‍ഷകരുടെ കയ്യിലാണ്.
ടീച്ചര്‍: ഇവിടെ മാത്രമല്ല കോയമ്പത്തൂരിലും കുറേ പശുക്കളുണ്ട്. ഉത്തരാഖണ്ഡിലൊരു ആശ്രമമുണ്ട്. അവിടത്തെ ഗോശാലയിലേക്ക് മൂന്നെണ്ണത്തിനെ കൊണ്ടുപോയി. അവര്‍ക്കിപ്പോള്‍ ഒമ്പതെണ്ണം ഉണ്ട്. അവിടുത്തെ ബയോഡൈവേഴ്‌സിറ്റിക്കാര് തന്നെയാണ് എന്നെ വിളിച്ചു പറഞ്ഞത്.
ഹരി: ടീച്ചര്‍ കുറച്ചു കാര്യങ്ങള്‍ സാധാരണ മട്ടിലിരുന്ന് പറഞ്ഞു. പക്ഷെ ടീച്ചര്‍ പറഞ്ഞതിനു പുറകില്‍ കുറച്ചു വലിയ കാര്യങ്ങളുണ്ട്. പശുവിന്റെ ബ്രീഡ് ഉണ്ടായതും അതുപോലുളള ശാസ്‌ത്രീയ ഗവേഷണങ്ങള്‍ മാറ്റിനിര്‍ത്തിക്കഴിഞ്ഞാല്‍ കേരളത്തില്‍ ഉണ്ടായ വ്യത്യാസം എന്താണെന്ന് നമ്മളൊന്ന് ആലോചിക്കണം. ഒരു എണ്ണായിരം-പതിനായിരം പശുക്കള്‍, അത് ദിവസം ഇരുപതിനായിരം ലിറ്ററെങ്കിലും പാല് ഉത്‌പാദിപ്പിക്കുന്ന അവസ്ഥയിലേക്ക് വന്നു. രണ്ടാമത്തെ കാര്യം, പശുക്കളെല്ലാം ഒരു പത്തുകിലോ ചാണകം വെച്ച് മണ്ണിലിടുന്നുണ്ടെങ്കില്‍ എണ്ണായിരം പശുക്കള്‍ എട്ടോ പത്തോ വര്‍ഷം കൊണ്ട് കേരളത്തിലെ മണ്ണിലുണ്ടാക്കിയ വ്യത്യാസം, വളക്കൂറ്, സൂക്ഷ്‌മജീവികള്‍, ബാക്ടീരിയ.. ഇതൊക്കെ ഇനി ഭാവിതലമുറ പഠിക്കേണ്ടതാണ്. പക്ഷെ ഇതില്‍ ഒരാളുടെ ഇച്ഛാശക്തി, അവരെ പിന്തുണക്കാന്‍ കുറേ ആളുകള്‍ വന്നു. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ടീച്ചറുടെ വിദ്യാര്‍ഥികളും പ്രത്യേകിച്ചും ടീച്ചറുടെ ഹസ്‌ബന്റ് എബ്രഹാം വര്‍ക്കി സാറ്, അദ്ദേഹത്തെ ഞാനൊരുപാട് തവണ ഇവിടെവന്നു കണ്ടിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് അദ്ദേഹം മരിച്ചുപോയി. ഇതൊരുകൂട്ടം ആളുകളുടെ സമരമായിട്ടാണ് പോയത്. അതിനു മുമ്പില്‍ നിന്ന് വെല്ലുവിളികള്‍ ഏറ്റെടുത്ത് ടീച്ചര്‍ നേതൃത്വം നല്‍കി. എന്തെങ്കിലുമൊരു പരിക്ക് പറ്റുകയായിരുന്നെങ്കില്‍ അത് ടീച്ചറിനായിരുന്നു പറ്റുക. പക്ഷെ ടീച്ചറുടെ ഭാഗ്യം കൊണ്ടും ചെയ്‌ത വര്‍ക്കിന്റെ ആത്മാര്‍ത്ഥത കൊണ്ടും അതില്‍നിന്നും രക്ഷപ്പെട്ടു. ഇത്തരം ശാസ്‌ത്രജ്ഞന്മാര്‍ കുറച്ചുപേരുകൂടി ഉണ്ടായിരുന്നെങ്കില്‍ എന്നു നമ്മള്‍ ആഗ്രഹിച്ചുപോവുന്നത് ടീച്ചറിനെ പോലുളള ആളുകളെ കാണുമ്പോഴാണ്.