മിയാവാക്കി മാതൃകയെക്കുറിച്ച് വീഡിയോ സീരിസ് തുടങ്ങിയതിനു ശേഷം പലരും അവരുടെ സംശയങ്ങളൊക്കെ എഴുതി അയക്കാറുണ്ട്. അതിൽ കൂടുതൽ പേരും ചോദിക്കുന്നത് ഞങ്ങൾ നാട്ടിൽ വന്ന് ഉള്ള സ്ഥലത്ത് മിയാവാക്കി രീതിയിൽ കൃഷി ആരംഭിച്ചാൽ അതുവച്ച് ഞങ്ങൾക്ക് ഒരു ഉപജീവനമാർഗം ഉണ്ടാക്കാനാകുമോ നാട്ടിൽ പിടിച്ചുനിൽക്കാൻ സാധിക്കുമോ എന്നൊക്കെയാണ്. അതിന് ഉത്തരം പറയുന്നതിന്റെ ഭാഗമായിട്ട് ഞാൻ അടുത്തകാലത്ത് പരിചയപ്പെട്ട ഒരു വ്യക്തിയെ പരിചയപ്പെടുത്തുകയാണ്.
എന്റെ ചെറുപ്പത്തിൽ കുട്ടികളെ വളർത്തുന്നതിൽ അത്ര വലിയ നിഷ്കർഷതയൊന്നും രക്ഷകര്ത്താക്കൾക്ക് ഇല്ലായിരുന്നു. കുട്ടി സ്കൂളിൽ പോകും പഠിച്ചിട്ട് തിരിച്ചുവരും, ഭക്ഷണം കഴിക്കാൻ സമയത്ത് കണ്ടില്ലായെങ്കിൽ അന്വേഷിക്കും, അല്ലെങ്കിൽ വരാനുള്ള ഒരു സമയം കഴിഞ്ഞാൽ എവിടെ പോയി എന്നന്വേഷിക്കും. അല്ലാതെ ഇന്നത്തെപോലെ രാവിലെ കുട്ടിയെ ഒരു ബസിൽ കയറ്റിവിട്ട് പിന്നെ സ്കൂളിൽ എന്തൊക്കെ ചെയ്യുന്നു, പിന്നെ സ്കൂളിൽ ഒരു ബുക്ക് ഇങ്ങനെയുള്ള ബഹളമൊന്നും ഇല്ല.
എന്റെ വീട് കോട്ടയം ടൗണിന്റെ ഒരു ഭാഗത്തും സ്കൂൾ മറ്റേ അറ്റത്തുമാണ്. ടൗൺ ക്രോസ് ചെയ്താണ് എല്ലാ ദിവസവും യാത്ര. പോകുന്ന വഴിക്ക് ധാരാളം കാഴ്ചകളുണ്ട്. കോട്ടയത്ത് മാമൻ മാപ്പിള ഹാൾ കഴിഞ്ഞ് തിരുനക്കര അമ്പലം വരെയുള്ള ഭാഗത്ത് ജാലവിദ്യക്കാർ തെരുവു കച്ചവടക്കാർ, സർക്കസ്സുകാർ, മരുന്നു കച്ചവടക്കാർ, മൃഗങ്ങളെക്കൊണ്ട് കളിപ്പിക്കുന്നവർ, പാമ്പു കളിക്കാർ ഇങ്ങനെ ഒരുപാട് കാണും. ഇവരുടെയൊക്കെ കലാപരിപാടി രാവിലെ അരമണിക്കൂർ ആസ്വദിച്ചിട്ടാണ് സ്കൂളിലേയ്ക്ക് പോകുന്നത് തന്നെ. എന്റെ സംസാരഭാഷ തന്നെ ഈ ജാലവിദ്യക്കാരന്റെയും പാമ്പുകളിക്കാരന്റെയും മറ്റും ആണെന്നാണ് തോന്നുന്നത്. സോഫിസ്റ്റിക്കേറ്റഡ് ആയിട്ടുള്ള ഭാഷയല്ല. ഇവരുടെ പെർഫോമൻസ് ആണ് കൂടുതൽ കേട്ടിട്ടുള്ളത്. അങ്ങനെ നോക്കി നിന്നിട്ടുള്ളത് കൊണ്ടാകാം ഇപ്പോഴും വഴിയിൽ എന്തെങ്കിലും കണ്ടാൽ അതെന്താണെന്ന് അന്വേഷിക്കുന്ന സ്വഭാവം എനിക്കിന്നുമുണ്ട്.
അതിന്റെ ഒരു ബാക്കിപത്രമാണ് ഈ പരിചയപ്പെടലിന് വഴിതെളിച്ചത്. ഈയിടെ കോട്ടയം വഴി പോയപ്പോൾ കോട്ടയം കിടങ്ങൂർ റൂട്ടിൽ കൃത്യം സ്ഥലം ഓർമ്മയില്ല, മണർകാട് കഴിഞ്ഞിട്ട്, കിടങ്ങൂർവരെ ചെല്ലുകയും വേണ്ട, അവിടെ റോഡ് സൈഡിൽ നാടൻ ശർക്കര വിൽക്കപ്പെടും എന്നൊരു ബോർഡ് കണ്ടു. അവിടെ ഇറങ്ങി നോക്കിയപ്പോൾ ശർക്കര ഉണ്ടാക്കുകയാണ് അഞ്ചെട്ടു പേരുണ്ട്. എവിടെനിന്നാണ് എന്നു ചോദിച്ചപ്പോൾ അടുത്തു നിന്ന് കരിമ്പ് കൊണ്ടുവന്ന് ചെയ്യുകയാണ്. കരിമ്പ് അപ്പുറം കൃഷിചെയ്യുന്നുമുണ്ട്. റോഡിന് ഇപ്പുറം കൊണ്ടുവന്ന് ശർക്കരയാക്കുന്നു. ഇതിന്റെ ഒരു പ്രത്യേകത ഇത് വാല്യു എഡിഷനാണ് അതായത് കരിമ്പ് നമ്മൾ മാർക്കറ്റിൽ വിറ്റാൽ കിട്ടുന്ന തുക തുച്ഛമാണ്. ഇതിനെ ശർക്കര ആക്കുമ്പോൾ വേറൊരു വില കിട്ടും.
ഇതിനെ വേറൊരു തരത്തിൽ പറയാം. 25-30 വർഷം മുൻപ് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ജഫ്രി സാക്സ് കേരളം സന്ദർശിച്ചിരുന്നു. വലതുപക്ഷ എക്കോണമിസ്റ്റ് ആയ അദ്ദേഹത്തിന് അന്ന് നോബൽ സമ്മാനമൊക്കെ കിട്ടുമെന്ന് പറഞ്ഞിരുന്നു. ഞാനൊരു മാസികയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ ഇന്റർവ്യു എടുത്തു. സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് കേരളത്തിന്റെ പ്രശ്നം കേരളത്തിന് എല്ലാവിധ സാഹചര്യങ്ങളും ഉണ്ട്, പക്ഷെ നിങ്ങൾ നിങ്ങളുടെ ഉത്പന്നങ്ങളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നില്ല. ഉദാഹരണത്തിന് കുരുമുളക് ഇവിടെനിന്ന് 2000 വർഷമായിട്ട് കയറ്റി അയക്കുന്നു. പിപ്പറിൻ എന്നു പറയുന്ന സാധനമായിട്ട് കയറ്റി അയച്ചാൽ അതിനു കിട്ടുന്ന വാല്യു കൂടുതലാണ്, അത് ചെയ്യുന്നില്ല. പിപ്പറിൻ കുരുമുളകിന്റെ സത്താണ്.
ഇത് വളരെ ശരിയാണ്. നമ്മളൊരു മിക്സി വാങ്ങിക്കുമ്പോൾ 2000 രൂപ വില കൊടുക്കുമ്പോ 600 രൂപയാണ് ഉണ്ടാക്കുന്ന ഫാക്ടറിക്കാരനു കിട്ടുന്നത്. 40 ശതമാനം അതിന്റെ റീട്ടെയ്ലർക്ക് കൊടുക്കേണ്ടിവരും. അയാളൊരു കട തുറന്നു വച്ചിരിക്കുകയാണ്, കടയ്ക്കൊരു വാടക കൊടുക്കണം, സ്റ്റാഫിന് ശമ്പളം, കറന്റ് ചാർജ്, നികുതി ഇതെല്ലാം കൊടുക്കണം. ലോക്ക് ഡൗൺ വന്നു കട അടച്ചിടുന്നു, പക്ഷെ അയാൾക്ക് ചെലവുണ്ട്. ഈ ചെലവെല്ലാം കൂട്ടി ഇത് നടത്തിക്കൊണ്ട് പോകണമെങ്കിൽ അതിന് അയാൾക്കൊരു നിശ്ചിത വരുമാനം കിട്ടണം, അവിടെ വയ്ക്കുന്ന ഒരു പ്രോഡക്റ്റിന് 30 ശതമാനം മുതൽ 40 ശതമാനം വരെയാണ് റീട്ടെയ്ലർമാർ ആവശ്യപ്പെടുക. ഇതു കൂടാതെ ഒരു നാഷണൽ ലെവൽ ഡിസ്ട്രിബ്യൂട്ടർ ഉണ്ടാകും. അതായത് ഫാക്ടറിയിൽ ഉണ്ടാക്കുന്ന സാധനത്തിന് ഈ റീട്ടെയ്ൽ ഔട്ട്ലെറ്റുകളിലേക്ക് എത്തിക്കാനായി ഒരു സംവിധാനം വേണം. അതിന്റെ ചെലവ് ഒരു 20-25 ശതമാനം ആണ്. റീട്ടെയ്ലർക്ക് വേണ്ടിവരുന്ന കമ്മീഷനും പരസ്യവും, എല്ലാംകൂടി. ഇതും കഴിഞ്ഞുള്ള തുകയാണ് ഉത്പന്നം ഉണ്ടാക്കുന്ന ആൾക്ക് കിട്ടുന്നത്. അതാണ് ഇത്ര കുറഞ്ഞ തുക.
ഇത് എല്ലാ ഉത്പന്നങ്ങളുടേയും കാര്യത്തിൽ ശരിയാണ്. നമ്മളിപ്പോ റീട്ടെയ്ലറോട് ചെന്ന് ചോദിക്കാറുണ്ട്, നമുക്ക് ഒരു 40 ശതമാനം കമ്മീഷൻ തരാമോ എന്നൊക്കെ, അവരു പറയും നമുക്ക് 10 ശതമാനമേ കിട്ടുന്നുള്ളു എന്ന്, പക്ഷെ അവർക്ക് പിടിച്ചു നിൽക്കണമെങ്കിൽ 40 ശതമാനം എങ്കിലും കമ്മീഷൻ കിട്ടിയാലേ പല ഉത്പന്നങ്ങളുടെയും കാര്യത്തിൽ നടക്കുകയുളളു. 30 ശതമാനം ആണ് ഉൽപന്നം ഉണ്ടാക്കുന്ന ആൾക്ക് കിട്ടുന്നതെങ്കിൽ അതിന്റെ അസംസ്കൃത വസ്തു ഉണ്ടാക്കുന്ന ആൾക്ക് എത്ര ശതമാനം കിട്ടും. അതുകൊണ്ടാണ് തക്കാളിയൊക്കെ 25 പൈസയ്ക്കും 75 പൈസയ്ക്കും എല്ലാം കർഷകന് വില്ക്കേണ്ടി വരുന്നത്. ടൊമാറ്റോ കെച്ചപ്പ് നമ്മൾ വാങ്ങുന്നത് 100 രൂപയ്ക്കോ 150 രൂപയ്ക്കോ ആയിരിക്കും. ടൊമാറ്റോയിൽ നിന്ന് കെച്ചപ്പ് ആയി മാറുന്നിടത്താണ് അതിന്റെ വാല്യു കൂടുന്നത്.
ഇവിടെത്തന്നെ ഈ അസംസ്കൃത ശർക്കരയുടെ കാര്യത്തിൽ അദ്ദേഹം ചെയ്യുന്നത്, സാധാരണ 60-65 രൂപയ്ക്കാണ് നമുക്ക് ശർക്കര കിട്ടുന്നത്. ഇവിടെ ഉയർന്ന നിലവാരമുള്ള യാതൊരു മായവും ചേർക്കാത്ത ശർക്കര നിങ്ങളുടെ കൺമുമ്പിൽ ഉണ്ടാക്കുന്നതിന് 150 രൂപയാണ് ഈടാക്കുന്നത്. അതിന്റെ കൂടെ ചുക്കു പോലുള്ളവ ചേർത്ത് കുറച്ചുകൂടി ഗുണമുള്ള വേറൊരു ശർക്കര ഉണ്ടാക്കുന്നുണ്ട്. അതിന് വില 200 രൂപയാണ്. 150 രൂപയ്ക്കും 200 രൂപയ്ക്കും ശർക്കര വിറ്റ് അദ്ദേഹം കോടീശ്വരനാകുന്നുണ്ടോ ? ഇല്ല. പക്ഷെ അദ്ദേഹം കഴിഞ്ഞ മൂന്ന് വെള്ളപ്പൊക്കക്കാലത്തും വന്നഷ്ടം അനുഭവിച്ചു കരിമ്പുകൃഷിയിൽ. ആ നഷ്ടം കവർ ചെയ്യാനായി സഹായിച്ചത് ഈ വിൽപന കൊണ്ടാണ്. നമുക്ക് കഥ അദ്ദേഹത്തിന്റെ വാക്കുകളിൽ കേൾക്കാം.
സാർ റിട്ടെയർ ചെയ്ത ശേഷമാണോ കൃഷിയിലേക്ക് ഇറങ്ങിയത് ?
അതെ റിട്ടെയർ ചെയ്ത ശേഷമാണ് ഞാൻ കരിമ്പുകൃഷിയിലേയ്ക്ക് ഇറങ്ങിയത്.
നേരത്തെ ചെയ്തിട്ടില്ലേ ?
എന്റെ ചെറുപ്പകാലത്ത് അപ്പനും വല്യപ്പനും എല്ലാം പരമ്പരാഗതമായി കരിമ്പുകൃഷിക്കാരായിരുന്നു. അങ്ങനെ കരിമ്പു കൃഷി ചെയ്യുന്നത് എങ്ങനെ എന്നും, കരിമ്പ് ഉപയോഗിച്ച് ശർക്കര ഉണ്ടാക്കുന്നത് എങ്ങെനെയെന്നും എനിക്ക് നന്നായി അറിയാമായിരുന്നു. മാത്രമല്ല ഞാനീ റീട്ടെയർമെന്റിന് ശേഷം ഇതിലേയ്ക്ക് ഇറങ്ങാനുള്ള പ്രധാന കാരണം, നമ്മുടെ നാട്ടിൽ ലഭ്യമായിട്ടുള്ള ശർക്കര എന്നു പറയുന്നത് മറയൂർ ശർക്കര ആണ്. ആ മറയൂർ ശർക്കരയിൽ മായമാണ്. മറയൂർ ശർക്കരയിൽ നിറം കൊടുക്കാൻ വേണ്ടി സോഡിയം ഹൈഡ്രജൻ സൾഫേറ്റ് എന്ന രാസവസ്തു ഉപയോഗിക്കുന്നു. രുചി കിട്ടാനായിട്ട് കാസ്റ്റിക് സോഡ എന്ന വസ്തു ഉപയോഗിക്കുന്നു, ഇതുകൂടാതെ കൂടുതൽ ലാഭം കിട്ടാനായിട്ട്, പഞ്ചസാര ചേർക്കുന്നു, ഇങ്ങനെ സാർവ്വത്രികമായ മായം ചേർക്കൽ മറയൂർ ശർക്കര നിർമ്മാണ രംഗത്ത് നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന് ഒരു പരിധിവരെ അറുതി വരുത്തുന്നതിന് ഒരു എളിയ ശ്രമമാണ് ഞാൻ നടത്തുന്നത്. ശുദ്ധമായ ശർക്കര ജനങ്ങളിലേയ്ക്ക് എത്തിക്കുക, അതാണ് എന്റെ ലക്ഷ്യം.
സാർ ഇപ്പോ ഇവിടെ എത്ര ഏക്കറിൽ കരിമ്പു കൃഷി ചെയ്യുന്നുണ്ട് ?
ഞാൻ 24 ഏക്കറിൽ കരിമ്പു കൃഷി ചെയ്യുന്നുണ്ട്. ഞാൻ കരിമ്പുകൃഷിയും ശർക്കര നിർമ്മാണവും ആരംഭിച്ചിട്ട് 5 വർഷമായി. തുടക്കം മുതൽ ആളുകൾ നമ്മളോട് സഹകരിക്കുന്നുണ്ട്. ഹൈവേ സൈഡിലാണ് ചെയ്യുന്നത്. ഇതിലേ കടന്നുപോകുന്ന എല്ലാ ആളുകൾക്കും കാണാം പരിശോധിക്കാം ഞാൻ എന്തെങ്കിലും മായം ചേർക്കുന്നുണ്ടോ എന്ന്. ആളുകൾക്ക് നേരിട്ട് പരിശോധിക്കാം. ആ ഒരു സൗകര്യം ജനങ്ങൾക്ക് കൊടുത്തു. ഓപ്പൺ എയർ തിയേറ്റർ പോലെയാണ് നമ്മുടെ ശർക്കര നിർമ്മാണം.
ആർക്കും കയറി പരിശോധിക്കാം. ഒരു പാസ്സും വേണ്ട, ഞാൻ അങ്ങനെ കയറി പരിശോധിച്ചതാണ്. ശുദ്ധമായാണോ, അശുദ്ധമായാണോ ശർക്കര നിർമ്മിക്കുന്നത് എന്ന് ആളുകൾക്ക് കണ്ട് ബോധ്യപ്പെട്ട് വാങ്ങാം. ശുദ്ധമായ ശർക്കര നല്ല രുചിയോടെ ഉണ്ടാക്കിക്കൊടുക്കുക. അതുപോലെ തന്നെ തൂക്കവും. നല്ല കൃത്യമായ തൂക്കമാണ്. ഒരു കിലോ ചോദിക്കുമ്പോ ഒരു കിലോയിൽ അൽപം കൂടുതലാണ് എപ്പോഴും പായ്ക്ക് ചെയ്ത് തരുക. തൂക്കം കുറയുന്നില്ല.
സാർ 24 ഏക്കർ കൃഷി ചെയ്യുമ്പോൾ ഇവിടെ വെള്ളം കയറുന്ന പ്രദേശമല്ലേ, അങ്ങനെ കുറെ നഷ്ടം ഉണ്ടായില്ലേ ?
ഈ വെള്ളപ്പൊക്കം, കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്. കരിമ്പ് കുറെ നശിച്ചുപോകുന്നുണ്ട്. വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ 3 വർഷം തുടർച്ചയായി വെള്ളപ്പൊക്കം ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് ഞാൻ കൃഷിയുടെ അളവ് കുറയ്ക്കുകയാണ്. ഇങ്ങനെ വെള്ളപ്പൊക്കം ഉണ്ടായാൽ നമ്മുടെ നഷ്ടത്തിന്റെ അളവ് കൂടുകയാണ്. പിന്നെ പിടിച്ചുനിൽക്കുന്നത് വാല്യു ആഡഡ് പ്രോഡക്റ്റ് ഉണ്ടാക്കി കൊടുക്കുന്നതു കൊണ്ടാണ്.
കരിമ്പിന് ചില അസുഖങ്ങൾ വരില്ലേ, റൂബൽഡിസീസ് പോലുള്ളവ ?
ഇവിടെ അങ്ങനെ കാണാറില്ല, തമിഴ്നാട്ടിൽ അങ്ങനെ ഉണ്ടാകാറുണ്ട് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ നമുക്ക് ഇവിടെ ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല.
ഇത് നാടൻ കരിമ്പാണോ ?
അല്ല നമ്മുടെ കരിമ്പു ഗവേഷണകേന്ദ്രം തിരുവല്ലയിൽ നിന്നുള്ള വിത്തു വാങ്ങി ഇവിടെ കൊണ്ടുവന്ന് കൃഷി ചെയ്യുന്നത്. മാധുരി എന്നു പേരുള്ള അത്യുൽപാദനശേഷിയുള്ള ഒരു ഇനമുണ്ട്, അതാണ് ഇവിടെ കൃഷി ചെയ്യുന്നത്. പേര് പോലെ നല്ല മാധുര്യമേറിയ ശർക്കരയാണ് അതിൽനിന്ന് കിട്ടുന്നത്. നല്ല ശർക്കരയാണ്. ഞാനീ ശർക്കര നിർമ്മിക്കുന്ന കേന്ദ്രം തന്നെ വാടകയ്ക്ക് എടുത്തിരിക്കുകയാണ്. മാസം 30000 രൂപയാണ് 20 സെന്റ് സ്ഥലത്തിന്, തറവാടക മാത്രം. ദിവസവാടക 1000 രൂപ.
സാർ റിട്ടയർ ചെയ്ത ശേഷം തുടങ്ങി, ഈ 24 ഏക്കറിൽ എത്ര പണിക്കാർ ഉണ്ടാകും ?
ഡെയ്ലി 20 പേര് കരിമ്പു വെട്ടാൻ ഉണ്ടാകും, 20 പേര് ഡെയ്ലി പ്രോസ്സസ്സിംഗ് ഉണ്ടാകും. 40 പേര് ഉണ്ടാകും. ഒരാൾക്ക് 1000 രൂപ വച്ച് കൊടുക്കണം.
ഒരു ആണ്ടിൽ എത്ര ദിവസം പണിയുണ്ടാകും ?
365 ദിവസവും ശർക്കര ഉത്പാദനം ഉണ്ട്.
കൃഷിയോ ?
കൃഷിയിലും എല്ലാ ദിവസവും ഉണ്ട്.
കരിമ്പിന്റെ ഓല വെട്ടുന്നത് വേറെ എന്തിനെങ്കിലും ഉപയോഗിക്കാൻ പറ്റുമോ. കാലീത്തീറ്റയ്ക്കോ മറ്റോ, സാർ ഇവിടെ കത്തിക്കാൻ എടുക്കുന്നുണ്ട് അല്ലേ ?
ഇതിൽ നിന്ന് വേറെ വാല്യു ആഡഡ് പ്രോഡക്റ്റ് ഉണ്ടാക്കുന്നുണ്ട്. കരിമ്പിൻ ചണ്ടിയുടെ കെമിക്കൽ നെയിം മൊളാസിസ് എന്നാണ്. മൊളാസിസ് ഫെർമെന്റേഷൻ നടത്തുമ്പോഴാണ് ഈഥൈൽ ആൽക്കഹോൾ ഉണ്ടാകുന്നത്. അതിനു കളർ കൊടുക്കുമ്പോഴാണ്, ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ഉണ്ടാകുന്നത്. ഇതിൽ നിന്നാണ് ഉണ്ടാകുന്നത്. കർണ്ണാടകത്തിൽ നിന്നൊക്കെ സ്പിരിറ്റ് വരുന്നുണ്ടെങ്കിൽ കരിമ്പിൻ തോട്ടത്തിലെ ഈ മൊളാസിസ് ഉപയോഗിച്ചാണ് സ്പിരിറ്റ് ഉണ്ടാക്കുന്നത്. ശർക്കര നിർമ്മാണം എന്നത് വളരെ ലളിതമായ ഒരു പ്രക്രിയ ആണ്. ചക്ക് ഉപയോഗിച്ച് കരിമ്പിന്റെ ജ്യൂസ് എടുക്കുക. ആ ജ്യൂസിൽ കുറച്ച് വെള്ളം ഉണ്ടാകും. ആ വെള്ളം വറ്റിക്കുക. വെള്ളം വറ്റിക്കുന്ന പ്രവർത്തനം ആണിവിടെ നടക്കുന്നത്. വെള്ളം വറ്റിക്കുമ്പോൾ അവശേഷിക്കുന്നത് ശർക്കരയാണ്. ആ ശർക്കരയെ ഈ തോണിയിൽ ഒഴിച്ച് ചട്ടുകം ഉപയോഗിച്ച് ഇളക്കി തണുപ്പിച്ച് കൈ കൊണ്ട് ഉരുട്ടി തണുപ്പിക്കുകയാണ്.
അപ്പോ കരിമ്പിൽ നിന്ന് ഒരു മൂല്യവർദ്ധിത ഉൽപ്പന്നം എങ്ങനെ ഉണ്ടാക്കുന്നു എന്ന് കണ്ടല്ലോ. നമ്മുടെയെല്ലാം പറമ്പിൽ കാന്താരിമുളക് ഉണ്ട്. അത് കുറെ ചമ്മന്തി അരയ്ക്കും, കുറെ കാക്ക തിന്നും, കുറെ ആർക്കെങ്കിലും കൊടുക്കും. ഉണങ്ങിയ കാന്താരി മുളകിന്റെ വില 2000 രൂപയാണ്. കൂടുകയും കുറയുകയും ചെയ്യാറുണ്ട്. 650 രൂപ മുതൽ മേലോട്ട് പോകാറുണ്ട്. ഇത് പ്രഷറിനും മറ്റും നല്ലതാണെന്നു പറഞ്ഞ് കേരളത്തിന് പുറത്ത് വിൽക്കുന്നവരുണ്ട്. അതിൽ നിന്ന് ഗുളിക ഉണ്ടാക്കുന്നവരുണ്ട്. ഇവിടെ ആ ഉണങ്ങിയ കാന്താരിമുളക് എന്നു പറയുന്ന സാധനത്തിന് ഒരു വിലയുണ്ട്. കാന്താരി മുളക് ഉണക്കി എടുത്ത് വറ്റൽ പോലെ ആക്കാൻ പറ്റുമോ എന്ന് അറിയില്ല. ഏതെങ്കിലും വിധത്തിൽ അത് ദീർഘകാലം ഉപയോഗിക്കാൻ പറ്റുന്ന പ്രോഡക്റ്റ് ആക്കി മാറ്റിയാൽ നിങ്ങൾക്കതിൽ നിന്ന് ഒരു വില കിട്ടും. അതുപോലെ മിയാവാക്കി ഫോറസ്റ്റ് വച്ചു പിടിപ്പിച്ചിട്ട് മാത്രം കാര്യമില്ല, മിയാവാക്കി ഫോറസ്റ്റ് എന്നു പറയുന്നത് നമുക്ക് വളരെ പെട്ടെന്ന് ചെടികൾ വളരുന്ന സംവിധാനം ആണ്. സാധാരണഗതിയിൽ ഏഴോ എട്ടോ വർഷം കൊണ്ടു വളരുന്ന വളർച്ച രണ്ടോ മൂന്നോ വർഷം കൊണ്ട് ഉണ്ടാകുന്നു. വരുമാനം ഉണ്ടാകുന്നത് അതിൽ നിന്ന് ഉത്പന്നങ്ങളെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
ഇരുമ്പൻപുളി, അതിന് ഓരോ സ്ഥലത്തും ഓരോ പേരാണ്. ഇവിടെ അത് ധാരാളമായിട്ട് ഉണ്ടാകുന്നുണ്ട്. പറിക്കാതെ മരത്തിൽ തന്നെ കിടന്നു പോകുകയാണ് സാധാരണ ചെയ്യുന്നത്. ഇതിനെ അച്ചാറാക്കി കൊടുത്താൽ നല്ലതാണ്, അത് പല അസുഖങ്ങൾക്കും നല്ലതാണെന്ന് പറയുന്നു. അതിനെ ഒരു അച്ചാറാക്കി കാന്താരിമുളക് എല്ലാം ചേർത്ത് കൊടുക്കുകയാണെങ്കിൽ കൊള്ളാം. ഇനി ഇത് എവിടെ കൊണ്ടുപോയി കൊടുക്കും എന്നുള്ളതാണ്. ഞാനിങ്ങോട്ട് പോരുന്ന വഴിക്ക് ഒരാൾ അടുത്ത ഇടയ്ക്ക് അയാളുടെ വീട്ടു വാതിൽക്കൽ തന്നെ പലഹാരം ഉണ്ടാക്കി ഏഴോ എട്ടോ ബക്കറ്റിൽ വിൽൽക്കാൻ വച്ചിരിക്കുന്നു. അത് അവരുടെ വീട്ടിൽ തന്നെ ചെയ്യുന്നതാണ്. വീട്ടിൽ ഉണ്ടാക്കുന്നതിനോട് നമുക്കെല്ലാം പ്രത്യേക ഇഷ്ടമാണ്. കാരണം വീട്ടിലുണ്ടാക്കുന്നതിൽ മായം ചേർക്കില്ല. നമ്മുടെ വീട്ടിലെ ഭക്ഷണത്തിൽ നമ്മൾ കളർ ചേർക്കാറില്ല. വീട്ടിൽ നമ്മൾ രുചിയ്ക്കായിട്ടോ, അത് കേടാകാതിരിക്കാനോ ഒന്നും ഒരു രാസവസ്തുവും ചേർക്കാറില്ല. വീട്ടിലെ ഊണ്, അല്ലെങ്കിൽ വീട്ടിലെ ഭക്ഷണം എന്നു പറയുമ്പോ ആളുകൾക്ക് ഉള്ള താത്പര്യം അതാണ്. വളരെ ശുദ്ധമായ സാധനം എന്നുള്ളതാണ്. ശുദ്ധമായ ഉത്പന്നങ്ങളാക്കി മാറ്റി, നേരിട്ട് വിൽക്കുകയും ചെയ്യുക.
പിന്നെ ഭാവിയിൽ ഓൺലൈൻ നെറ്റ്വർക്ക് വരുമ്പോൾ ഇത് കുറച്ചുകൂടി എളുപ്പമാവും. വീട്ടുപടിക്കൽ വച്ച് വിൽക്കുന്നതു പോലും, പോസിബിൾ ആണ്. ഇത് എങ്ങനെ ഉത്പന്നമാക്കാം, എങ്ങനെ വിൽക്കാം എന്നുള്ളത് അല്ലാതെ, ഒരു കിലോ കപ്പ നിങ്ങൾ 30 രൂപയ്ക്ക് വിൽക്കുകയാണെങ്കിൽ കപ്പ ഉപ്പേരിയുടെ വില എത്രയാണ്. കാൽ കിലോയ്ക്കു തന്നെ 80 രൂപ വിലയുണ്ട്. കറക്ടായിട്ട് അറിയില്ല. ആ ഒരു വർദ്ധനവ് അതിൽ വെളിച്ചെണ്ണ മാത്രമാണ് കൂട്ടിച്ചേർക്കുന്നത്. പിന്നെ അദ്ധ്വാനവും. ഈ ഒരു വർദ്ധനവാണ് ഇതിന്റെ ലാഭം. ഈ ലാഭം എങ്ങനെ നേടാം എന്നുകൂടി ആലോചിച്ച് വേണം ഇത്തരം കൃഷിരീതിയിലേയ്ക്ക് ഇറങ്ങാൻ.