ഇത് വേറൊരു മിയാവാക്കി മാതൃകയാണ്. ടെറസ്സിൽ കൃഷി ചെയ്യുന്നവർക്കായി ഒരു മാതൃക ഉണ്ടാക്കി നോക്കുകയാണ്. ഇതൊരു ഫൈബർ ടാങ്കാണ്. ഇത്തിരി വലുതായതു കൊണ്ട് കൊണ്ടുനടക്കാനൊക്കെ ബുദ്ധിമുട്ടാണ്. മൂന്നടി വീതിയും എട്ടടി നീളവുമുണ്ട്. 24 സ്ക്വയർഫീറ്റ്, അത്രയും വേണമെന്നില്ല. രണ്ടടി വീതിയും നാലടി നീളവുമാണെങ്കിൽ (8 സ്ക്വയർഫീറ്റ്) എടുത്തു മാറ്റാനുമൊക്കെ എളുപ്പമായിരിക്കും.
രണ്ടടിയാണ് ഇതിന്റെ പൊക്കം. ഒന്നര അടിയോളം മണ്ണു നിറച്ചിട്ടുണ്ട്. ഇതിൽ മിയാവാക്കി മാതൃകയിൽ പല സാധനങ്ങളും ഒരുമിച്ച് നടണം. ഇതിലിപ്പോൾ വെണ്ട, പയർ, തക്കാളി, വഴുതന, ചോളം, പിന്നെ പച്ചമുളക്, കുറ്റിപ്പയർ, കൂർക്ക ഇത്രയും സാധനങ്ങളാണ് നട്ടിരിക്കുന്നത്. ഇതുപോലെ കുറെ സാധനങ്ങൾ ഇടകലർത്തി നടാം. ഇഞ്ചി, മഞ്ഞൾ, ഉള്ളി, ഉരുളക്കിഴങ്ങ്, മിന്റ് ഇതൊക്കെ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ നടാവുന്നതാണ്, പ്രത്യേകിച്ചും മിന്റ് ഫ്രഷായിട്ട് കിട്ടാൻ ഇങ്ങനെ നടുന്നത് നല്ലതാണ്.
ടെറസ്സിന്റെ മുകളിൽ എന്തിനാണ് ഇത്രയും വലിയ ടാങ്ക് വലിച്ചു കയറ്റുന്നതെന്നു ചോദിച്ചാൽ ഇത്തരം ടാങ്കുകളിൽ എല്ലാ ദിവസവും വെള്ളമൊഴിക്കണ്ട. നിങ്ങളിപ്പോൾ എവിടെയെങ്കിലും യാത്ര പോവുകയാണെങ്കിൽ പോലും ഇതിൽ കുറച്ച് വെള്ളം ഒഴിച്ചിട്ടു പോയിക്കഴിഞ്ഞാൽ, ഇതിന്റെ അങ്ങേയറ്റത്ത് ഞങ്ങളൊരു കുഴൽ മുകളിലേക്ക് വച്ചിട്ടുണ്ട്. അത് താഴേക്കു വച്ചാൽ അതിൽ കൂടി കൂടുതലുള്ള വെള്ളം പൊയ്ക്കോണ്ടിരിക്കും. തിരിച്ചിത് മുകളിലേയ്ക്ക് വച്ചാൽ ആ വെള്ളം പോകുന്നത് നില്ക്കും. അപ്പോൾ വെള്ളം നിയന്ത്രിക്കുന്നതിനുള്ള സംവിധാനമായിട്ടാണ് കുഴലിനെ കൊടുത്തിരിക്കുന്നത്.
മഴ പെയ്യുന്ന സമയത്ത് ഇതിൽ വെള്ളം വീണോളും. കേരളത്തിൽ ശരാശരി വേനൽക്കാലത്ത് അല്ലാത്ത സമയത്തൊക്കെ മഴ വീണുകൊണ്ടിരിക്കും. നമ്മൾ വെള്ളം ഒഴിക്കേണ്ട കാര്യമില്ല. അല്ല വെള്ളമൊഴിക്കണമെങ്കിൽ തന്നെ ഇതൊക്കെ ചെയ്ത് അഡ്ജസ്റ്റ് ചെയ്യാം. സാധാരണഗതിയിൽ ഒരു ചട്ടിയിൽ നടുമ്പോൾ എല്ലാ ദിവസവും അതിന് വെള്ളം ഒഴിക്കണം. ഒരു പാട് ബുദ്ധിമുട്ടുകളാണ്. ഇതിൽ വെള്ളമൊഴിക്കണമെങ്കിൽ തന്നെ ഇതിലേയ്ക്ക് ഒരു ബക്കറ്റ് വെള്ളം കോരിയൊഴിച്ചാൽ മതി. മൊത്തത്തിൽ ഒഴിക്കേണ്ട കാര്യമേ ഉളളൂ. അല്ലാതെ ഓരോ ചെടിയുടേയും ചുവട്ടിൽ പോയി നമ്മൾ വെള്ളമൊഴിക്കേണ്ട കാര്യമില്ല.
പിന്നെ എന്തു കൊണ്ട് ഇതിനെ മിയാവാക്കി മാതൃക എന്നു പറയുന്നു എന്നു പറഞ്ഞാൽ പ്രൊഫസർ മിയാവാക്കിയുടെ പ്രധാന സംഗതി മൾട്ടി ക്രോപ്പാണ്, അദ്ദേഹം പറയുന്നത് മോണോക്രോപ്പിന് പോകരുത്, ഒരു വിള മാത്രം നടരുത്. ഇവിടെ നമ്മൾ ചോളം മാത്രം നടുകയാണെങ്കിൽ ചോളത്തിനെ ആക്രമിക്കുന്ന എല്ലാ പുഴുക്കളും ഇവിടെ വരും. പക്ഷെ ഇവിടെ ചോളമുണ്ട്, വഴുതനയും വെണ്ടയും തക്കാളിയുമുണ്ട്. അപ്പോ ഇതിനെയൊക്കെ ആക്രമിക്കുന്നത് പലതരത്തിലുള്ള പുഴുക്കളാണ്. ഇതിനെയെല്ലാം ഒരുമിച്ച് വയ്ക്കുമ്പോൾ ഒരെണ്ണത്തിൽ ഒരു പുഴു വരും അതിനെ വേറൊരു പുഴു വന്ന് പിടിച്ചുകൊണ്ടുപോകും, ഇതിപ്പോൾ വളർന്നു തുടങ്ങുന്നേയുള്ളൂ. കുറച്ചു കഴിയുമ്പോ കാടു പോലെ തന്നെ എല്ലാവശത്തേയ്ക്കും വളർന്ന് നിൽക്കുന്ന തരത്തിൽ ഇതിനെ വളർത്തി എടുക്കുക എന്നുള്ളതാണ് ഉദ്ദേശം. അങ്ങനെ വളരുകയാണെങ്കിൽ ഇത് വളരെ വിജയകരമായ ഒരു മാർഗ്ഗമാണ്. പത്തോ ഇരുപതോ ഐറ്റം ഒരുമിച്ച് കൃഷി ചെയ്യാൻ പറ്റും, നമുക്ക് വേണ്ടത് എടുക്കാൻ പറ്റും.
ഇതിനെ വെട്ടിക്കഴിഞ്ഞാൽ, ചോളമൊക്കെ എടുത്ത ശേഷം ഇതിന്റെ ചുവട്ടിൽ തന്നെ വെട്ടി ഇട്ടുകഴിഞ്ഞാൽ നല്ല വളമായിരിക്കും. ചോളത്തിനൊക്കെ ഇപ്പോൾതന്നെ നല്ല വളർച്ച കാണുന്നുണ്ട്. വഴുതനങ്ങയ്ക്കും. ഇതു കുറച്ചുകൂടി വളർന്നശേഷം നല്ല തണലായിക്കഴിഞ്ഞാൽ താഴെ നല്ല തണുപ്പായിരിക്കും. അപ്പോൾ കാബേജ്, കോളിഫ്ലവർ പോലുള്ള സാധനങ്ങൾ താഴെ വച്ചുനോക്കിയാൽ സാധാരണഗതിയിൽ ഉണ്ടാകേണ്ടതാണ്. ഇതിൽ ഏറ്റവും നന്നായി ഉണ്ടാകാൻ സാധ്യതയുള്ള ഒരു സാധനം ചീരയാണ്. ചീര ഇതുവരെ നമ്മൾ നട്ടില്ല. ചീര, പാലക് ചീര ഇതൊക്കെ ഇതിൽ നടാവുന്നതാണ്. അപ്പോൾ സ്ഥലമില്ലാത്തവർക്ക് ടെറസ്സിന്റെ മുകളിലോ അല്ലെങ്കിൽ ജനൽ സൈഡിലോ ബാൽക്കണിയിലോ ഒക്കെ ഇങ്ങനെയുള്ള ഫൈബർ ടാങ്കുകൾ, ടാങ്കുകൾ തന്നെ വേണമെന്നില്ല, ഒരു വീപ്പ നടുകേ മുറിച്ചാൽ രണ്ട് ടാങ്കായി, അതിനെ രണ്ട് സ്ന്റാന്റിൽ വച്ചാൽ മതി. അങ്ങനെയൊക്കെ ചെയ്തു നോക്കാവുന്നതാണ്. വലിയ ചെലവില്ലാതെ ഇത്തരം സാധനങ്ങൾ സംഘടിപ്പിച്ച് ടെറസ്സിൽ കൃഷി ചെയ്യാവുന്നതാണ്. വേണ്ട കുറെ പച്ചക്കറി ഫ്രഷായി കിട്ടും.