കേരളത്തിലെ മിയാവാക്കി കാടുകളെ കുറിച്ചുളള വീഡിയോ പ്രഫ. മിയാവാക്കിയെ കാണിക്കുന്ന എം. ആര്‍. ഹരി
മിയാവാക്കി പരീക്ഷണങ്ങളുടെ വേദിയായ, ഇപ്പോഴും വേദിയായിക്കൊണ്ടിരിക്കുന്ന പുളിയറക്കോണത്തെ സ്ഥലത്തിന്‌ കുറെ പ്രത്യേകതകളുണ്ട്‌. അതില്‍ കുറേയെണ്ണം നെഗറ്റീവാണ്‌ എന്നുളളതാണ്‌ ഖേദകരം. ഈ പ്രദേശത്ത്‌ ജലലഭ്യത കുറവാണ്‌, കുത്തനെയുളള ചരിവാണ്‌, കൂടുതലും പാറ നിറഞ്ഞതാണ്‌. ഇക്കാര്യങ്ങളെല്ലാം കൊണ്ടുതന്നെ ഈ സ്ഥലം കാടു വെയ്‌ക്കുന്നതിനോ കൃഷി ചെയ്യുന്നതിനോ അനുയോജ്യമല്ല. ഇതിനേക്കാളെല്ലാം ഉപരിയായി തൊട്ടടുത്തു സജീവമായിട്ടുളള ഒരു ക്വാറിയുണ്ട്‌, അത്‌ ദിനംപ്രതി വലുതായി വരികയും ഭൂഗര്‍ഭ ജലനിരപ്പ്‌ കുറഞ്ഞു വരികയുമാണ്‌.

ഇവിടെ മരം നടാനുളള ശ്രമങ്ങള്‍ 2006ല്‍ ആരംഭിച്ചതാണ്‌. ഓരോന്നും പരാജയമായിരുന്നു. ചില സമയങ്ങളില്‍ രണ്ടോ മൂന്നോ വര്‍ഷമൊക്കെ വളരുന്ന ചെടികള്‍ കടുത്ത വരള്‍ച്ചയില്‍ ഉണങ്ങിപ്പോകും. ഇങ്ങനെ പത്തു വര്‍ഷത്തോളം പിന്നിട്ടു. 2015ലാണ്‌ എം.ആര്‍. ഹരി മിയാവാക്കി മാതൃകയെ കുറിച്ച്‌ കേള്‍ക്കുന്നത്‌. രണ്ടുമൂന്ന്‌ കൊല്ലമെടുത്ത്‌ അദ്ദേഹം ഈ രീതിയെ കുറിച്ച്‌ വിശദമായി പഠിച്ചു. അതിനുശേഷം 2018 ജനുവരി മുപ്പതിനാണ്‌ പുളിയറക്കോണത്ത്‌ ആദ്യത്തെ മിയാവാക്കി വനം വെച്ചത്‌.

മിയാവാക്കി കാട്ടിലെ ചെടികളുടെ വളര്‍ച്ച അത്ഭുതാവഹം എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനില്ല. 45 ഡിഗ്രിയോളം ചരിവുളള സ്ഥലമായിരുന്നിട്ടും ചെടികള്‍ വളരെ വേഗത്തില്‍ വളര്‍ന്നുപൊങ്ങി. അവ മണ്ണിലെ നീരോട്ടം മെച്ചപ്പെടുത്തുകയും സൂക്ഷ്‌മജീവികളടക്കമുളള സജീവമായൊരു ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്‌തു.
പ്രഫ. മിയാവാക്കിയുടെ 92ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി 2020 ജനുവരി 29ന്‌ തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച മിയാവാക്കി കാടു വെയ്‌ക്കലില്‍ പങ്കെടുക്കുന്ന ഡോ. ഫ്യുജിവാര കസ്യുവും ഡോ. എല്‍ജിന്‍ ബോക്‌സും
ഒന്നര വര്‍ഷത്തിനു ശേഷം ഇന്‍വിസ്‌ മള്‍ട്ടിമീഡിയയുടെ സി.ഇ.ഓ ആയ എം.ആര്‍. ഹരി ജപ്പാനിലെ നഴ്‌സിങ്ങ്‌ ഹോമില്‍ വിശ്രമത്തിലായിരുന്ന വിശ്രുത സസ്യ ശാസ്‌ത്രജ്ഞന്‍ പ്രഫ. (ഡോ) അകിര മിയാവാക്കിയെ സന്ദര്‍ശിക്കുകയുണ്ടായി. അതിനോടകം നാലായിരത്തോളം മിയാവാക്കി വനങ്ങള്‍ സൃഷ്ടിച്ച പ്രഫ. മിയാവാക്കി അപ്പോഴും ഉത്സാഹഭരിതനും ഇനിയും ചെടികള്‍ നടാനുളള തയ്യാറെടുപ്പിലുമായിരുന്നു. കാടുകള്‍ സൃഷ്ടിക്കുന്നതൊരു പുണ്യപ്രവൃത്തിയായി പുതുതലമുറ ഏറ്റെടുക്കാന്‍ അവരെ പ്രചോദിപ്പിക്കുന്നതിനായി തൈ നടല്‍ ഉത്‌സവങ്ങളില്‍ പങ്കെടുക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ വെച്ചിരുന്നു. അദ്ദേഹത്തിന്റെ സെക്രട്ടറി അനുവദിച്ച അരമണിക്കൂര്‍ മീറ്റിങ്ങ്‌ മൂന്നു മണിക്കൂറോളം നീണ്ടു. പുളിയറക്കോണത്തും മറ്റു സ്ഥലങ്ങളിലും സൃഷ്ടിച്ച മിയാവാക്കി വനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ അദ്ദേഹം താത്‌പര്യപൂര്‍വം കണ്ടു.

ഹരിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച പ്രഫ. മിയാവാക്കി ഒരുപദേശം കൂടി നല്‍കി. ആദ്യത്തെ മൂന്ന്‌ വര്‍ഷങ്ങളില്‍ മിയാവാക്കി വനത്തില്‍ വളളിച്ചെടികള്‍ വളര്‍ത്താതിരിക്കുക. കാട്‌ സ്ഥിരതയാര്‍ന്ന വളര്‍ച്ചയാര്‍ജ്ജിച്ചു കഴിഞ്ഞാല്‍ ഒന്നുകില്‍ നമുക്ക്‌ വളളിച്ചെടികള്‍ നട്ടുകൊടുക്കാം, അല്ലെങ്കില്‍ അവ പക്ഷികളുടെയോ മറ്റു ജീവികളുടെയോ ഇടപെടലുകളിലൂടെ താനെ മുളച്ച്‌ വളര്‍ന്നുകൊളളും. അദ്ദേഹത്തിന്റെ മറ്റൊരു വിലയേറിയ ഉപദേശം ഒരു കാടിന്‌ മുപ്പതിനം സസ്യങ്ങളുടെ തൈകള്‍ ഉപയോഗിക്കുന്നതു തന്നെ ധാരാളമാണ്‌ എന്നുളളതായിരുന്നു. അതില്‍ കൂടുതല്‍ വ്യത്യസ്‌ത ഇനങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ കാടൊരു ആര്‍ബൊറേറ്റമായി മാറും. ജപ്പാന്‍ സന്ദര്‍ശനം കൊണ്ട്‌ ഹരിയ്‌്‌ക്ക്‌ ഉണ്ടായ വലിയ പ്രയോജനം അര നൂറ്റാണ്ടിലധികം പ്രായമുളളതടക്കം ധാരാളം മിയാവാക്കി വനങ്ങള്‍ കാണാന്‍ കഴിഞ്ഞു എന്നുളളതാണ്‌.

ഈ യാത്രയില്‍ പ്രഫ. മിയാവാക്കിയുടെ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരുമായ പ്രഫ. ബോക്‌സ്‌, പ്രഫ. ഫുജിവാര എന്നിവരെയും എം.ആര്‍. ഹരി കണ്ടുമുട്ടി. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച്‌ കേരളത്തിലെത്തിയ ഇവര്‍ ഇന്‍വിസ്‌ സംഘം തിരുവനന്തപുരത്ത്‌ പലയിടത്തായി സൃഷ്ടിച്ച മിയാവാക്കി വനങ്ങള്‍ സന്ദര്‍ശിക്കുകയും വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കുകയും ചെയ്‌തു. തുടര്‍പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആവേശം നല്‍കുന്നതായിരുന്നു അവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍.