കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ എന്തൊക്കെ വഴികളാണുളളതെന്ന് ബദ്ധശ്രദ്ധരായ വ്യക്തികളും സ്ഥാപനങ്ങളും സര്‍ക്കാറുകളും ചിന്തിക്കുന്ന ഇക്കാലത്ത് നഗരങ്ങളില്‍ മിയാവാക്കി മാതൃകയിലുളള സൂക്ഷ്മവനങ്ങള്‍ വിജയകരമായൊരു മാതൃകയായി മാറുന്നുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഗുണം കുറച്ചു സമയം
ഉളളവര്‍ക്കും കുറച്ചുമാത്രം സ്ഥലമുളളവര്ക്കുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിനെതിരായുളള പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടേതായ പങ്കുവഹിക്കാന്‍ കഴിയും എന്നുളളതാണ്. ഈ ഒരൊറ്റ കാരണം കൊണ്ടുതന്നെ എല്ലാ ഭൂഖണ്ഡങ്ങളിലെയും വൈവിധ്യമാര്‍ന്ന കാലാവസ്ഥയും സംസ്കാരങ്ങളും ഉളള രാജ്യങ്ങളില്‍ വരെ മിയാവാക്കി മാതൃക സ്വീകരിക്കപ്പെട്ടു കഴിഞ്ഞു. സ്കൂള്‍ മുറ്റത്തോടു ചേര്‍ന്നോ, വഴിയരികിലോ, വീടിനോടു ചേര്‍ന്നുളള ഒഴിഞ്ഞ സ്ഥലത്തോ ഒക്കെ കുറഞ്ഞ സമയം കൊണ്ടൊരു സ്വാഭാവിക വനം വളര്‍ത്തിയെടുക്കാന്‍ ഈ മാതൃകയ്ക്കു കഴിയും.
ചിഞ്ചുനോമോറി എന്നറിയപ്പെടുന്ന ജപ്പാനിലെ കാവുകളില്‍ സ്വാഭാവിക വനം സ്ഥായിയായി വളരുന്നത് ശ്രദ്ധിച്ചതോടെയാണ് അന്താരാഷ്ട്ര പ്രശസ്തനായ ജാപ്പനീസ് സസ്യശാസ്ത്രജ്ഞന് പ്രഫ. അകിര മിയാവാക്കി ഈ മാതൃക വികസിപ്പിച്ചെടുത്തത്. മനുഷ്യരുടെ ഇടപെടല്‍ ഇല്ലാത്തിടത്ത് തദ്ദേശീയ ഇനം സസ്യങ്ങള്‍ വളരെ വേഗം വളരുന്നതായി അദ്ദേഹം അനുമാനിച്ചു. അതിജീവനശേഷിയുളള സ്വാഭാവിക സസ്യജാലത്തില്‍ ഊന്നിയുളള മിയാവാക്കി മാതൃക വനവത്കരണത്തിലേക്ക് വഴിതെളിച്ചത് ഈ കണ്ടെത്തലാണ്. വനങ്ങള്‍ക്കു പുറമെ ആര്‍ബൊറേറ്റം, ഔഷധവനങ്ങള്‍, പുഷ്പോദ്യാനങ്ങള്‍, പഴം, പച്ചക്കറിത്തോട്ടങ്ങള്‍ എന്നിവയും മിയാവാക്കി മാതൃകയില്‍ സൃഷ്ടിക്കാം. വേഗത്തില്‍ വളരുകയും ഫലം തരികയും ചെയ്യുമെന്നുളളതാണ് ഈ മാതൃകയുടെ ഗുണം.