മിയാവാക്കി മാതൃകയിൽ വനവത്കരണം നടത്തുമ്പോൾ ചെടികൾക്ക് എത്ര വളർച്ചയുണ്ടാകും എന്നുള്ളതിനെക്കുറിച്ച് പലതവണ നമ്മൾ സംസാരിച്ചിട്ടുണ്ട്. കേരളത്തിൽ ഏകദേശം 6 മീറ്റർ വരെ ഒരു വർഷം വളർച്ചയുണ്ട്. കനകക്കുന്നിൽ മിയാവാക്കി മാതൃകയിൽ വെച്ച വനത്തിൽ മരങ്ങൾ 6 മീറ്റർ മുതൽ 7 മീറ്റർ വരെ വളർന്നു. എന്നാൽ മറ്റു ചില സ്ഥലങ്ങളിൽ 3 മുതൽ 4 മീറ്റർ വരെ ആണ് വളർന്നത്. ആഗോള തലത്തിൽ എങ്ങനെ ആയിരിക്കും എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ സഹപ്രവർത്തകരോടും മറ്റും ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഒരു വർഷം 1 മീറ്റർ ആണ് ജപ്പാനിൽ പ്രതീക്ഷിക്കുന്നത്. അത് 2 മീറ്റർ വരെ വളരാമെന്നാണ്.
കേരളത്തിൽ 4 മീറ്ററും 7 മീറ്ററും വരെ വളരാനുള്ള കാരണം നമുക്കിവിടെ മഞ്ഞുകാലം ഇല്ല. മഞ്ഞുകാലം മരങ്ങളുടെ വളർച്ച നിർത്തി വെയ്ക്കുന്ന കാലമാണ്. ജപ്പാനിലടക്കം പല രാജ്യങ്ങളിലും മഞ്ഞുകാലമുണ്ട്. മഞ്ഞുകാലത്ത് ചെടികൾക്ക് കാര്യമായ വളർച്ച ഉണ്ടാകുന്നില്ല. അതിനു പകരം നമുക്ക് ആറു മാസം നീണ്ടു നിൽക്കുന്ന മഴക്കാലമുണ്ട്. മഴക്കാലത്ത് വളർച്ച വളരെ കൂടുതലുമാണ്. ഇതു രണ്ടും കൂടി ആയതുകൊണ്ടാണ് കേരളത്തിൽ മിയാവാക്കി മാതൃക വിജയകരമായത്.
ഇന്ത്യയിൽ ഇതു പോലെ വളർച്ച ഉണ്ടാകാവുന്ന മറ്റൊരു സംസ്ഥാനം ഒഡീഷയാണ്, അത് കാലാവസ്ഥയുടെ പ്രത്യേകതയാണ്. എന്തായാലും കേരളത്തിൽ വളരെ വലിയ ഒരു മാറ്റം ഉണ്ടാകുന്നുണ്ട്. ശ്രദ്ധിച്ചാൽ കാണാവുന്ന ഒരു കാര്യം മരങ്ങൾ വളരുന്നു എന്നു മാത്രമല്ല പലതിനും ഒരു വർഷം കൊണ്ട് തന്നെ കായ്കൾ ഉണ്ടാകുന്നുമുണ്ട്. മരം പൂർണ്ണ വളർച്ചയെത്തുകയാണ്. കനകക്കുന്നിൽ പൂവരശ്ശ് കായ്ച്ചു നിൽപ്പുണ്ട്. ഇവിടെ സ്റ്റാർ ഫ്രൂട്ടു പോലുള്ള ചെടികളിൽ കായ്കൾ ഉണ്ടാകുന്നുണ്ട്. സാധാരണ ഗതിയിൽ ഇതൊന്നും ഒന്നോ ഒന്നരയോ വർഷം കൊണ്ടു കായ്ക്കുന്ന മരങ്ങളല്ല. അപ്പോൾ കേരളത്തിലെ അനുകൂലമായ കാലാവസ്ഥയിൽ ഫലവൃക്ഷ തോട്ടങ്ങളും മരുന്നു തോട്ടങ്ങളും ഒക്കെ ചെയ്യാൻ മിയാവാക്കി മാതൃക സ്വീകരിച്ചാൽ വളരെ പെട്ടെന്നു തന്നെ ഫലം കിട്ടും എന്നുറപ്പാണ്. അത് എല്ലാവർക്കും പരീക്ഷിക്കാവുന്നതാണ്.