ഞാനിപ്പോൾ നിൽക്കുന്നത് ചെറിയൊരു മിയാവാക്കി പഴത്തോട്ടത്തിലാണ്. ഇത് രണ്ടു വർഷം മുൻപ് 2019 ജൂൺ മാസത്തിൽ നട്ടതാണ്. ഇപ്പോൾ രണ്ടു വർഷമായി. ശ്രീ രാജശേഖരൻ നായർ - ഞാനും സാറും നാൽപതു വർഷം മുമ്പ് ഒരുമിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരായിരുന്നു. അന്ന് ഞങ്ങൾ മരം വയ്പ്പൊക്കെ ശ്രദ്ധിച്ചിരുന്നു. സാറിന്റെ മകൻ എന്റെ സഹപ്രവർത്തകനാണ്. ഇവിടെ സാറിന് പഴത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് ഒരു മിയാവാക്കി പരീക്ഷണം നടത്തണം എന്നുപറഞ്ഞു അങ്ങനെ ഞങ്ങൾ നട്ടതാണ്.

ഈ തോട്ടം കാണിക്കാനുള്ള പ്രത്യേകത ഇതിന്റെ പ്രൂണിംഗ് 70 ശതമാനം പക്കയായിട്ട് ഇവിടെ നടക്കുന്നുണ്ട്. അതിന്റെ വ്യത്യാസം ഇവിടെ കാണാനുണ്ട്. ഇവിടെ നോക്കിക്കഴിഞ്ഞാൽ ഇവിടെയും നമ്മൾ ചെടിയുടെ അളവ് കുറവാണ് വച്ചിരിക്കുന്നത്. സാധാരണ ഒരു ചതുരശ്ര മീറ്ററിൽ നാലു ചെടി വയ്ക്കുന്ന സ്ഥാനത്ത് ഇവിടെ രണ്ടു ചെടിയേ വച്ചിട്ടുള്ളു. ഇതിനിടയിൽ പച്ചക്കറി വയ്ക്കാം എന്നതാണ് നമ്മുടെ കണക്കുകൂട്ടൽ. ഏറെക്കുറെ വയ്ക്കുകയും ചെയ്തു. ഇവിടെ കാണാം തക്കാളിയൊക്കെ ഇതിനിടയിൽ കൂടി പൊങ്ങിവരുന്നുണ്ട്. അതുപോലെ വഴുതന, പൂച്ചപ്പഴം ഇതൊക്കെ അവിടവിടെ കായ്ച്ചു വരുന്നുണ്ട്. ഈ മരങ്ങൾ നോക്കുകയാണെങ്കിൽ സാധാരണ ഞാൻ പറയുന്ന ഒരു മോഡൽ - അത് കാണിക്കാനായിട്ടാണ് കൊണ്ടുവന്നത്.

ഇവിടെ ഒറ്റശിഖരമായിട്ടാണ് പോകുന്നത്. ഇത് ആറ്-ആറര അടി പൊക്കമുണ്ട്. ആറര അടിയ്ക്ക് മുകളിൽ ഒരു ചെണ്ടുപോലെ ഇത് വരുകയാണ്. ഇതിന്റെ പ്രൂണിംഗിൽ ഇവർ ശ്രദ്ധിച്ചു തുടങ്ങിയിട്ട് നാലോ - അഞ്ചോ മാസമേ ആയിട്ടുള്ളു. പക്ഷെ അതിന്റെ വ്യത്യാസം അതിനുണ്ട്. അങ്ങനെ വരുന്ന ചെടികൾ കുറച്ച് കഴിയുമ്പോൾ ഇതിന്റെ മുകളിൽ നിറയും ഇതിന്റെ താഴെ ഇടയ്ക്ക് വെയിൽ വീഴും. പുതയിടലിന്റെ കുറവുണ്ട്. പുത ഇട്ടിരുന്നുവെങ്കിൽ വളർച്ച കുറച്ചുകൂടി ഉണ്ടാകുമായിരുന്നു. ഉദാഹരണത്തിന് ഈ പ്ലാവ് ഇതിൽ 50 ശിഖരങ്ങൾ പൊട്ടുന്നുണ്ട്. ഇതെല്ലാം കൂടി നിർത്താൻ പറ്റില്ല. ഇതെല്ലാം കൂടി വളർത്താൻ സമ്മതിച്ചാൽ ഇവിടെ പിന്നെ വേറെ ഒന്നും വളരില്ല. ഈ ശിഖരങ്ങളൊക്കെ കഴിയുന്നത്ര വേഗത്തിൽ കട്ട് ചെയ്ത് കളയണം. ഇതിൽ ഇവിടെ വരെയുള്ള ശിഖരങ്ങളൊന്നും ആവശ്യമില്ല.

ഇത് കണ്ണിച്ചോരയില്ലാത്ത വെട്ടായിട്ട് തോന്നും, പക്ഷെ ചില സാറമ്മാർ പിള്ളേർ നന്നാകാനായിട്ട് തല്ലില്ലേ അതു പോലെ - പിള്ളേരെ തല്ലുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല. പ്ലാവിന് ഈ ഒറ്റത്തടി മതി ഇതിൽ ചക്ക ഉണ്ടായിക്കോളും. മുകളിലോട്ട് ഇലകൾ പൊയ്ക്കോളും, ഇവിടെ പ്ലാസ്റ്റിക്ക് കയറു കൊണ്ടാണ് കെട്ടിയിരിക്കുന്നത്. പ്ലാസ്റ്റിക്ക് കയറു കൊണ്ട് കെട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ഇടയ്ക്ക് അഴിച്ചു കെട്ടണം ഇല്ലെങ്കിൽ ഈ തടി വലുതാകുമ്പോൾ ഒന്നുകിൽ മരം ഇവിടെ വച്ച് ഒടിഞ്ഞ് വീഴും, അല്ലെങ്കിൽ പ്ലാസ്റ്റിക് എടുത്ത് മാറ്റാനുള്ള ബുദ്ധിമുട്ടുണ്ടാകും. ഈ പേരയൊക്കെ ദുർബലമാണ്. ഇതിന്റെ ഇവിടെയുള്ള കമ്പ് കളഞ്ഞ് മേലോട്ട് ഉള്ള കമ്പ് വളരട്ടെ എന്ന് വയ്ക്കാം. മാവ് ഇങ്ങനെ മതി. മാവ്, ആത്ത, സാർ ഈ വെട്ടിക്കളഞ്ഞ് താഴേക്ക് വരുന്ന സാധനങ്ങളൊക്കെ ഇതിന്റെ ചുവട്ടിൽത്തന്നെ ഇടുക, അത് ചെടിയ്ക്ക് ഒരു പുതയായിട്ട്, വളമായിട്ട് മാറും. പഴച്ചെടികളെ അടുപ്പിച്ച് വയ്ക്കുന്നതിൽ ഇതൊരു മാതൃകാ തോട്ടമാണ്. കുറച്ചുകൂടി ചെടികൾ ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി പുത ഇട്ടിരുന്നെങ്കിൽ കുറച്ചുകൂടി നല്ല റിസൽട്ട് ഉണ്ടായേനെ. പക്ഷെ ഇത് താരതമ്യേന നല്ല റിസൽട്ട് ആണ്. മിയാവാക്കി മോഡലിൽ വീടിനു മുന്നിൽ ഒരെണ്ണം വയ്ക്കട്ടെ, എന്ത് കിട്ടും, എന്ത് പ്രയോജനം എന്നു ചോദിക്കുന്ന ആളുകളുണ്ട്.

ഇത് ശക്തിയിൽ വരുന്ന കമ്പാണ്, പക്ഷെ നമ്മൾ ഒരു ദാക്ഷിണ്യവും കാണിക്കാതെ മുറിക്കുക. ഇടയ്ക്കുള്ള ഗ്യാപ്പിൽ വേറെ സാധനങ്ങൾ വയ്ക്കുക എന്നതാണ്. മിയാവാക്കി മാതൃകയിൽ എന്തുകിട്ടും എന്നു ചോദിക്കുന്നവർക്ക് പഴച്ചെടികൾ ഇത്രയും വളരുന്നുണ്ട്. ഇത്രയും സ്ഥലത്ത് ഇത്രയും ചെടികൾ സാധാരണഗതിയിൽ നമ്മൾ വയ്ക്കില്ല. ഇതിനിടയിലുള്ള പച്ചക്കറിയിൽനിന്നും നല്ല വിളവ് കിട്ടുന്നുണ്ട്. വഴുതനയും വെണ്ടയുമൊക്കെ ഗംഭീരമായിട്ട് വളരുന്നുണ്ട്. കാന്താരിമുളക് ഇതിനിടയ്ക്ക് കുറച്ചുകൂടി വയ്ക്കാവുന്നതാണ്. അഗത്തിച്ചീര പലപ്പോഴും വെട്ടുമ്പോൾ കേടാകാറുണ്ട്. വെട്ടുമ്പോൾ ഏറ്റവും കൂടുതൽ ഉണങ്ങിപ്പോകുന്ന ചെടിയാണ് അഗത്തിച്ചീര. പക്ഷെ സാറിന്റെ തോട്ടത്തിൽ അഗത്തിച്ചീര നന്നായി വളരുന്നുണ്ട്. വെട്ടിക്കഴിഞ്ഞിട്ടും നല്ല റിസൽട്ട് ഉണ്ടായി. അതുപോലെ നെല്ലി നന്നായി പ്രൂൺ ചെയ്തിട്ടുണ്ട് അതും നന്നായി ഉണ്ടാകുന്നുണ്ട്. അതു പോലെ പൂവരശ് അത് മരമാണ് ശീലാന്തി എന്ന മരം. അതും നല്ല രീതിയിലാണ് നിൽക്കുന്നത്. ഈ നിൽക്കുന്നത് നീർമാതളം ആണ്. അത് ശാഖകൾ വെട്ടി ഒരു കമ്പായിട്ട് വന്ന് അഞ്ചടി വന്നിട്ട് ഇവിടന്നത് ചെണ്ടുപോലെ വിരിയലാണ് നമ്മൾ ഉദേശിക്കുന്നത്. ഇങ്ങനെ വിരിഞ്ഞു കഴിഞ്ഞാൽ താഴെ അത്യാവശ്യത്തിന് വെയിലും കിട്ടും, മുകളിൽ തിങ്ങിനിറഞ്ഞ് കാടുപോലെ പ്രതീതിയും ഉണ്ടാകും.

അത്തരത്തിൽ വീടിന് ചുറ്റുമുള്ള സ്ഥലത്തിനെ എങ്ങനെ ഇഫക്ടീവ് ആയി മിയാവാക്കി രീതിയിൽ ഉപയോഗിക്കാം എന്നുള്ളതിന്റെ ഉദാഹരണവും അതുപോലെ മിയാവാക്കി വച്ചു കുറച്ച് കഴിഞ്ഞ് എന്തു സംഭവിക്കുന്നു എന്നുള്ളതിന്റെ ഉദാഹരണവും ആണിത്. വയ്ക്കുന്നത് കാണിക്കുന്നില്ലല്ലോ എന്ന് പലരും ചോദിക്കുന്നുണ്ട്. ഇതിപ്പോൾ നമ്മൾ നോക്കുന്നതല്ല സാറ് നോക്കുന്നതാണ്. ഇത് കണ്ട് മനസ്സിലാക്കി ഇതിന്റെ തത്വങ്ങൾ മനസ്സിലാക്കിയാൽ എല്ലാവർക്കും ചെയ്യാൻ പറ്റും എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ തോട്ടം.