സ്ഥലം
പേയാട്‌

വിസ്‌തീര്‍ണം
103 (ച. മീറ്റര്‍)

തൈകളുടെ എണ്ണം
289

നട്ട തിയതി
02-12-2018

സ്ഥലത്തിന്റെ സ്വഭാവം
വൃഷ്ടി പ്രദേശം

വിവിധതരം കാടുകള്‍
കാട്ടുമരങ്ങളുടെ വനം


എം.ആര്‍ ഹരിയുടെ പുളിയറക്കോണത്തെ മിയാവാക്കി കാടിന്റെ വളര്‍ച്ചയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ്‌ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകയായ ശ്രീമതി അനിതയും ഭര്‍ത്താവ്‌ ജയകുമാറും തങ്ങളുടെ വീടിന്റെ പിന്മുറ്റത്ത്‌ ഒരു മിയാവാക്കി തോട്ടമൊരുക്കാന്‍ തീരുമാനിച്ചത്‌. ടെന്നിസ്‌ പ്രഫഷണലായ ശ്രീ. ജയകുമാര്‍ കൃഷിയിലും താത്‌പര്യമുളള ആളാണ്‌. വീടിന്റെ മട്ടുപ്പാവിലൊരു ജൈവപച്ചക്കറിത്തോട്ടവും ഇവര്‍ പരിപാലിക്കുന്നുണ്ട്‌.

എവിടെയാണിത്‌ സ്ഥിതി ചെയ്യുന്നത്‌?

തിരുവനന്തപുരം നഗരത്തില്‍ നിന്ന്‌ 8 കിലോമീറ്റര്‍ അകലെ കാട്ടാക്കട റോഡില്‍ പേയാട്‌ എന്ന സ്ഥലത്താണ്‌ ഈ നഗര സൂക്ഷ്‌മ വനം സ്ഥിതി ചെയ്യുന്നത്‌.

മിയാവാക്കി വനം ഒരുക്കാനെടുത്ത തയ്യാറെടുപ്പുകള്‍

ആദ്യപടി പ്രദേശത്തെ തനതു സസ്യങ്ങള്‍ തിരിച്ചറിയലായിരുന്നു. ഇതിന്റെ ഒരു ലിസ്റ്റ്‌ തയ്യാറാക്കിയ ശേഷം ശേഖരിച്ച തൈകള്‍ നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത്‌ ഒരു മാസം മുമ്പുതന്നെ കൊണ്ടുവെച്ചു. ഏതൊക്കെ തൈകളാണ്‌ പെട്ടെന്ന്‌ വളരുന്നതെന്ന്‌ തിരിച്ചറിയാനിത്‌ സഹായകമായി. ഭൂഗര്‍ഭ ജലത്തിന്റെ സാന്നിദ്ധ്യം നന്നായി ഉളള സ്ഥലമായതിനാല്‍ നടീല്‍ മിശ്രിതത്തില്‍ ഉമിയുടെ അളവ്‌ നന്നായി കുറച്ചു. പകരം അത്‌ പുതയിടാനായി ഉപയോഗിച്ചു. മണ്ണ്‌ ഫലഭൂയിഷ്‌ഠമാക്കാനും ദൃഢമാകാതിരിക്കാനുമായി ചാണകപ്പൊടിയും ചകിരിച്ചോറും ചേര്‍ത്തു. പ്രത്യേക സൂക്ഷ്‌മ ജലസേചന സംവിധാനമൊരുക്കി കൃത്യമായ നന ഉറപ്പാക്കി.

നിശ്ചിത ഇടവേളകളില്‍ കമ്പ്‌ കോതിയും കള നീക്കിയും തോട്ടത്തിന്റെ വളര്‍ച്ച ഉറപ്പാക്കി. കോതിയ കമ്പുകള്‍ പുതയായി ചെടികളുടെ ചുവട്ടില്‍ത്തന്നെ നിക്ഷേപിച്ചു. തോട്ടത്തിന്റെ വളര്‍ച്ച അത്ഭുതാവഹമായിരുന്നു. പൂമ്പാറ്റകള്‍, പക്ഷികള്‍, ചെറുപ്രാണികള്‍, അണ്ണാന്‍മാര്‍ ഓന്തുകള്‍ എന്നിങ്ങനെയുളള ജീവജാലങ്ങളുടെ സാന്നിദ്ധ്യം കൊണ്ട്‌ തോട്ടമൊരു സ്വാഭാവിക ആവാസവ്യവവസ്ഥയുടെ സ്വഭാവത്തിലേക്കെത്തി.

ഉടമസ്ഥരുടെ വാക്കുകള്‍

തങ്ങള്‍ക്കും സ്വന്തമായൈാരു ചെറുവനം ഉണ്ടാക്കാനായതില്‍ അഭിമാനിക്കുന്നു ഈ ദമ്പതികള്‍. പ്രകൃതിയില്‍ നിന്നെടുത്തതില്‍ കുറച്ചെങ്കിലും തിരിച്ചു നല്‍കാനായി എന്നതില്‍ ഞങ്ങള്‍ വളരെയധികം സന്തോഷമുണ്ടെന്ന്‌ ജയകുമാര്‍ പറഞ്ഞു. മണ്ണും വെളളവും തൂമ്പയുമായുളള ഇടപഴകല്‍ തന്നെ കുട്ടിക്കാലത്തേക്ക്‌ കൂട്ടിക്കൊണ്ടു പോയെന്ന്‌ അനിത പറഞ്ഞു. ക്രൗഡ്‌ ഫോറസ്‌റ്റിങ്ങിന്റെ വളന്റിയര്‍ കൂടിയായ അനിതയ്‌ക്ക്‌ ചെടികള്‍ നടാന്‍ ലഭിക്കുന്ന അവസരങ്ങള്‍ തന്നെ സന്തോഷകരമാണ്‌.

പഠിച്ച പാഠങ്ങള്‍

fruit forest in backway
  • തുടക്കത്തില്‍ ഏതാനും വളളിച്ചെടികളും നട്ടിരുന്നു. മൂന്നു മാസം കൊണ്ട്‌ അവ വളര്‍ന്ന്‌ ബാക്കിയുളള തൈകളില്‍ ചുറ്റിവരിഞ്ഞ്‌ അവയുടെ വളര്‍ച്ച തടസപ്പെടുത്തുന്ന അവസ്ഥയായി. തുടര്‍ന്ന്‌ ഞങ്ങള്‍ വളളിച്ചെടികളെ നീക്കം ചെയ്‌തു. തോട്ടം നോക്കാനേല്‍പ്പിച്ചയാള്‍ കുറച്ചുനാള്‍ സ്ഥലത്തില്ലാതിരുന്നതു കൊണ്ടുണ്ടായ നോട്ടക്കുറവ്‌ മാറ്റിനിര്‍ത്തിയാല്‍ തൈകള്‍ നല്ലരീതിയില്‍ വളര്‍ന്നുവന്നു.
  • നല്ല വെളളമുളള പ്രദേശമായതിനാല്‍ മഴക്കാലത്ത്‌ വെളളം നിന്ന്‌ തൈകളുടെ വേരുകള്‍ ചീയുമോ എന്ന ഭയമുണ്ടായിരുന്നു. എന്നാല്‍ മിയാവാക്കി വനം വെളളക്കെട്ടിനെ അതിജീവിച്ച്‌ നന്നായി വളരുകയാണുണ്ടായത്‌.
  • കാട്ടുമരങ്ങളുടെ മിയാവാക്കി വനം നല്ല വളര്‍ച്ച കാഴ്‌ച്ചവെച്ചതോടെ വീടിനു മുന്‍വശത്തും ഇതേ രീതിയിലൊരു ഫലവൃക്ഷത്തോട്ടം ഒരുക്കാന്‍ തീരുമാനിച്ചു. അവയും നല്ലരീതിയില്‍ വളര്‍ന്നുവന്നതോടെ മിയാവാക്കി മാതൃകയുടെ ഫലപ്രാപ്‌തി എത്രത്തോളമുണ്ടെന്ന്‌ മനസിലാക്കാനായി.