സ്ഥലം
കനകക്കുന്ന് കൊട്ടാരവളപ്പ്
വിസ്‌തീര്‍ണം
232 (ച. മീറ്റര്‍)
തൈകളുടെ എണ്ണം
426
നട്ട തിയതി
02-01-2019
സ്ഥലത്തിന്റെ സ്വഭാവം
സാധാരണ ഭൂമി
വിവിധതരം കാടുകള്‍
കാട്ടുമരങ്ങളുടെ വനം
ഞങ്ങളുടെ ആദ്യ സിഎസ്‌ആര്‍ പദ്ധതിയുടെ ഭാഗമായി സൃഷ്ടിച്ച മിയാവാക്കി കാടാണിത്. കനകക്കുന്ന് കൊട്ടാരവളപ്പില്‍ സൂര്യകാന്തി ഓഡിറ്റോറിയത്തിനു സമീപമുളള അഞ്ചു സെന്റിലാണ് മിയാവാക്കി മാതൃകയിലുളള കേരളത്തിലെ തന്നെ ആദ്യത്തെ നഗരവനം സ്ഥിതി ചെയ്യുന്നത്. അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി ആയിരുന്ന ശ്രീ. കടകംപളളി സുരേന്ദ്രനാണ് ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിച്ചത്.
എവിടെയാണിത് സ്ഥിതി ചെയ്യുന്നത്?
തിരുവനന്തപുരം നഗരമദ്ധ്യത്തില്‍ പി.എം.ജി - വെളളയമ്പലം റോഡിലായി സൂര്യകാന്തി ഓഡിറ്റോറിയത്തിനും അഗ്രോ- ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെയും ഇടയ്‌ക്കാണ് ഈ മിയാവാക്കി വനമുളളത്.
മിയാവാക്കി മാതൃകയുടെ പ്രയോജനങ്ങള്‍
പത്തിരട്ടി വേഗത്തിലുളള ചെടികളുടെ വളര്‍ച്ച, മുപ്പതിരട്ടി കൂടുതല്‍ സാന്ദ്രതയും. ഈ രണ്ട് വസ്‌തുതകളും വന്‍തോതില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിനെ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും അതുവഴി വായു ശുദ്ധീകരിക്കുകയും ചെയ്യും. കാട്ടിനുളളിലെ നൂറിരട്ടി ഉയര്‍ന്ന ജൈവവൈവിധ്യമാകട്ടെ സ്വയം നിലനില്‍ക്കാന്‍ ശേഷിയുളള ഒരു ആവാസവ്യവസ്ഥ രൂപപ്പെടാന്‍ സഹായിക്കുകയും ചെയ്യും.
വിവിധയിനം ചെടികള്‍
കാട്ടുമരങ്ങള്‍, ഔഷധസസ്യങ്ങള്‍, നാടന്‍ തൈകള്‍ എന്നിങ്ങനെ 420 ഓളം തൈകളാണ് കനകക്കുന്നിലെ മിയാവാക്കി കാടൊരുക്കാന്‍ തെരഞ്ഞെടുത്തത്. അരയാല്‍, അത്തി, അശോകം, കൂവളം, പലകപ്പയ്യാനി, മലവേപ്പ്, ഇലഞ്ഞി, കാഞ്ഞിരം, കരിങ്ങാലി, നെന്മേനി വാക, പൂവരശ്, പുന്ന, പ്ലാശ്, കടുക്ക, മരോട്ടി, നെല്ലി, വേപ്പ് തുടങ്ങിവയവയുടെ തൈകള്‍ ഇതില്‍ പെടുന്നു.
വെല്ലുവിളികളും ഫലങ്ങളും
ക്രൗഡ് ഫോറസ്‌റ്റിങ്ങ് സംഘത്തിന് നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളി മണ്ണിന്റെ വരള്‍ച്ചയായിരുന്നു. മണ്ണ് കിളച്ച് ഇളക്കാനും ഈര്‍പ്പമുളളതാക്കാനും നല്ല അദ്ധ്വാനവും സമയവും ചെലവഴിക്കേണ്ടി വന്നു. ഏറ്റവും അടിയില്‍ കരിക്കിന്‍തൊണ്ട് നിരത്തിയാണ് തൈകള്‍ നടാനുളള സ്ഥലത്തെ മണ്ണൊരുക്കിയത്.
ഈ അദ്ധ്വാനത്തിന് ഒത്ത വളര്‍ച്ചയാണ് ഒരുവര്‍ഷത്തിനുളളില്‍ തൈകള്‍ക്കുണ്ടായത്. തൈകള്‍ക്ക് റെക്കോര്‍ഡ് വളര്‍ച്ചയുണ്ടായെന്നു മാത്രമല്ല, പല ചെടികളും കായ്‌ക്കുകയും ചെയ്‌തു. കാടിനുളലില്‍ തേനീച്ച കൂടുകൂട്ടി. മൂങ്ങകളും പൂമ്പാറ്റകളും പലയിനം പ്രാണികളും കാടിനെ സമ്പുഷ്ടമാക്കി.
തിരുവനന്തപുരം നഗരഹൃദയത്തില്‍ ശുദ്ധവായുവുവും സുഗന്ധവും പരത്തുന്ന പച്ചത്തുരുത്തായി മിയാവാക്കി കാട് നിലനില്‍ക്കുന്നു.