സ്ഥലം
പുളിയറക്കോണം
വിസ്‌തീര്‍ണം
175 (ച. മീറ്റര്‍)
തൈകളുടെ എണ്ണം
397
നട്ട തിയതി
31-01-2018
സ്ഥലത്തിന്റെ സ്വഭാവം
വൃഷ്ടി പ്രദേശം
വിവിധതരം കാടുകള്‍
കാട്ടുമരങ്ങളുടെ വനം
പാറ നിറഞ്ഞ കുന്നിന്‍ചെരുവില്‍ വളര്‍ത്തിയെടുത്ത കാട്
ഇന്‍വിസ് മള്‍ട്ടിമീഡിയയുടെ ഡയറക്ടറായ ശ്രീ. എം.ആര്‍. ഹരി തിരുവനന്തപുരത്തെ പുളിയറക്കോണത്തുളള തന്റെ സ്ഥലത്ത് പച്ചപ്പുണ്ടാക്കാനായി പല മാതൃകകളും വര്‍ഷങ്ങളോളം പരീക്ഷിച്ചു നോക്കി. പാറ നിറഞ്ഞ കുന്നിന്‍ചെരുവിലെ പരീക്ഷണങ്ങളെല്ലാം പരാജയമായിരുന്നു. ഒടുവിലാണ് പ്രഫ. അകിര മിയാവാക്കി രൂപം നല്‍കിയ വനവത്‌കരണ മാതൃക പരീക്ഷിക്കുന്നത്. ഏതാനും സ്ഥിരോത്സാഹികളായ വളന്റിയര്‍മാരുടെ സഹായത്തോടെ അക്ഷരാര്‍ത്ഥത്തില്‍ തൂമ്പയിറങ്ങാത്ത തരിശുമണ്ണില്‍ മിയാവാക്കി മാതൃക പ്രാവര്‍ത്തികമാക്കുകയും ആദ്യമായി പ്രയത്‌നം പച്ച തൊടുകയും ചെയ്‌തു.
എന്തുകൊണ്ട് മിയാവാക്കി മാതൃക ?
കുറഞ്ഞ സ്ഥലത്ത് നാടന്‍ ചെടികള്‍ വളര്‍ത്തിയെടുക്കാമെന്ന ആശയമാണ് തുടക്കത്തില്‍ മിയാവാക്കി മാതൃക വനവത്‌കരണത്തിലേക്ക് എം.ആര്‍. ഹരിയെ ആകര്‍ഷിച്ചത്. വിവിധയിനം വന്മരങ്ങളും ചെറുമരങ്ങളും കുറ്റിച്ചെടികളും ഉള്‍ക്കൊളളുന്ന സാദ്ധ്യമായ സ്വാഭാവിക സസ്യജാലത്തെ (Potential Natural Vegetation) പ്രത്യേകം തയ്യാറാക്കിയ മണ്ണില്‍ അടുപ്പിച്ച് നടുന്നതാണ് പ്രഫ. മിയാവാക്കിയുടെ രീതി. സൂര്യപ്രകാശത്തിനായുളള മത്സരത്തില്‍ എല്ലാ ചെടികളും വേഗത്തില്‍ വളരുകയും കരുത്താര്‍ജ്ജിക്കുകയും ചെയ്യുന്നതു കൊണ്ട് 15 മുതല്‍ 30 വര്‍ഷത്തിനുളളില്‍ നൂറുവര്‍ഷം പ്രായമായ സ്വാഭാവിക വനത്തിനൊപ്പം വളര്‍ച്ച കൈവരിക്കുകയും ചെയ്യും. ഒരു പ്രദേശത്തെ ആവാസവ്യവസ്ഥയുടെ തന്നെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതില്‍ മിയാവാക്കി മാതൃകയെ കടത്തിവെട്ടുന്ന ഒരു മാതൃക ഇതുവരെ ഉണ്ടായിട്ടില്ല. ഈ മാതൃക കൊണ്ട് തീരെ ചെറിയ സ്ഥലം പോലും പച്ചത്തുരുത്തായി മാറ്റാനാവുമെന്നതിനാല്‍ നഗരങ്ങളെ ഹരിതാഭമാക്കാന്‍ ഇതേറ്റവും മികച്ച മാതൃക കൂടിയാണ്.
എവിടെയാണിത് സ്ഥിതി ചെയ്യുന്നത് ?
തിരുവനന്തപുരം ജില്ലയിലെ പുളിയറക്കോണത്ത് മൈലമൂട് എന്ന സ്ഥലത്താണിത്. വട്ടിയൂര്‍ക്കാവില്‍ നിന്ന് പുളിയറക്കോണത്തേക്കുളള റോഡില്‍ വെളളയ്‌ക്കകടവ് പാലം എത്തുന്നതിനു അര കിലോമീറ്റര്‍ മുമ്പായി ഇടതുവശത്ത് മൈലമൂട് പളളി കാണാം. പളളിയുടെ ഇടതുവശത്തായുളള റോഡിലൂടെ 500 മീറ്റര്‍ വന്നാല്‍ ഒരു വെയ്‌റ്റിങ്ങ് ഷെഡ് കാണാം. ഇവിടെ നിന്ന് മുകളിലേക്ക് പോകുന്ന റോഡ് എത്തുന്നത് പുളിയറക്കോണം സൂക്ഷ്‌മ വനത്തിലേക്കാണ്.
ആദ്യത്തെ കാടൊരുക്കിയപ്പോള്‍
മിയാവാക്കി മാതൃകയില്‍ ആദ്യത്തെ ശ്രമമാണ് പുളിയറക്കോണത്ത് പ്രാവര്‍ത്തികമാക്കിയത്. ഏതൊരു കൃത്രിമ വനവത്‌കരണത്തിന്റെയും ആദ്യപടി തൈകള്‍ നടാനായി നിലമൊരുക്കലാണ്. ഈ സ്ഥലം പാറ നിറഞ്ഞതും കുത്തനെ ചെരിവുമായിരുന്നു. ഞങ്ങള്‍ നിലം നിരപ്പാക്കുന്നതിനു പകരം ബുള്‍ഡോസര്‍ കൊണ്ടുവന്ന് സ്ഥലം തെളിച്ചു. മണ്ണൊലിച്ചു പോകാതിരിക്കാന്‍ പാറകള്‍ പൊട്ടിച്ച് ഒന്നരടി ഉയരത്തിലൊരു പാരപ്പറ്റ് പോലെ കെട്ടി. ചെടികള്‍ നടാനുദ്ദേശിക്കുന്ന സ്ഥലത്ത് ചകിരിച്ചോറ്, ചാണകം, ഉമി എന്നിവയുടെ മിശ്രിതം നിറച്ചു. അതിലേക്ക് മൂന്നുമാസത്തോളം ഗ്രോ ബാഗില്‍ വളര്‍ത്തിയ തൈകള്‍ പറിച്ചു നട്ടു. അടുത്ത വലിയ വെല്ലുവിളി കുത്തനെ ചെരിഞ്ഞ സ്ഥലത്ത് വെളളം പിടിച്ചുനിര്‍ത്തലായിരുന്നു. ചെരിവില്‍ തടിക്കഷണങ്ങളൊക്കെ നിരത്തി മഴവെളളത്തിന്റെ ഒഴുക്ക് കുറച്ച് ഈ പ്രശ്‌നം പരമാവധി പരിഹരിച്ചു.
പഠിച്ച പാഠങ്ങള്‍
ക്രൗഡ് ഫോറസ്‌റ്റിങ്ങിന് അഭിമാന നിമിഷം
ഒറ്റ വര്‍ഷം കൊണ്ടുതന്നെ തരിശായിരുന്ന ഭൂമി തളിരണിഞ്ഞ കാടായി കാണാന്‍ കഴിഞ്ഞത് ഞങ്ങള്‍ക്ക് വലിയ പ്രചോദനമായി. മൂന്നു വര്‍ഷം കൊണ്ട് മുപ്പതടി വളര്‍ച്ച എന്ന അതിശയിപ്പിക്കുന്ന വളര്‍ച്ചാനിരക്ക് സന്തോഷം ഇരട്ടിയാക്കി. ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചതിലും രണ്ടിരട്ടി വേഗത്തിലും വലിപ്പത്തിലുമായി. അത്ഭുതകരമായ ഈ വിജയത്തോടെയാണ് നമ്മുടെ നഗരങ്ങളെ പെട്ടെന്ന് പച്ചയുടുപ്പിക്കാന്‍ പറ്റുന്ന മാര്‍ഗം ഇതാണെന്ന് ഞങ്ങള്‍ക്കുറപ്പായത്.