സ്ഥലം
ചാല, തിരുവനന്തപുരം
വിസ്‌തീര്‍ണം
405 (ച. മീറ്റര്‍)
തൈകളുടെ എണ്ണം
1603
നട്ട തിയതി
29-01-2020
സ്ഥലത്തിന്റെ സ്വഭാവം
വൃഷ്ടി പ്രദേശം
വിവിധതരം കാടുകള്‍
കാട്ടുമരങ്ങളുടെ വനം
പ്രഫ. മിയാവാക്കിയുടെ 92ാം ജന്മദിനത്തിനോട് അനുബന്ധിച്ച് 2020 ജനുവരി 29ന് തിരുവനന്തപുരം ചാലയിലുളള ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പിന്മുറ്റത്ത് ഒരു മിയാവാക്കി വനത്തിനായുളള തൈകള്‍ നട്ടു. കേരള ഡവലപ്‌മെന്റ് ഇന്നവേഷന്‍ & സ്‌ട്രാറ്റജിക് കൗണ്‍സിലാണ് പദ്ധതി സ്‌പോണ്‍സര്‍ ചെയ്‌തത്. നേച്ചേഴ്‌സ് ഗ്രീന്‍ ഗാര്‍ഡിയന്‍സ് ഫൗണ്ടേഷന്‍, ഇന്‍വിസ് മള്‍ട്ടിമീഡിയ, കള്‍ച്ചര്‍ ഷോപ്പി എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയത്.
സ്‌കൂളിനോട് ചേര്‍ന്ന് വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്ന പത്തു സെന്റ് സ്ഥലം മിയാവാക്കി വനമൊരുക്കാനായി തെരഞ്ഞെടുത്തു. കാടുപിടിച്ച് കിടന്നിരുന്ന സ്ഥലം വൃത്തിയാക്കി തൈകള്‍ നടാവുന്ന രീതിയില്‍ ഒരുക്കിയെടുക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു. നൂറ് വ്യത്യസ്‌ത ഇനങ്ങളില്‍പ്പെട്ട 1603 തൈകളാണ് ഇവിടെ നട്ടത്. ചുറ്റും ചെറിയൊരു പാരപ്പറ്റ് കെട്ടി നെറ്റുകൊണ്ടുളള വേലിയടിച്ച് സുരക്ഷിതമാക്കി. രണ്ടു വര്‍ഷമാകുമ്പോഴേക്കും ഇവിടമൊരു പച്ചത്തുരുത്തായി മാറി. ചെടികളുടെ വളര്‍ച്ചയും ഉയരവും അതിശയിപ്പിക്കുന്ന തരത്തിലാണ്.
മാവ്, പ്ലാവ്, നെല്ലി, പുളി, രക്തചന്ദനം, വഴന, നീലയമരി, മൂട്ടിപ്പഴം, മൈലാഞ്ചി, മഞ്ചാടി, പ്ലാശ്, മുല്ല, ചെമ്പകം, കണിക്കൊന്ന, ആര്യവേപ്പ്, ചന്ദനം,ചെമ്പരത്തി, കമ്പകം, നീര്‍മാതളം, അത്തി, കൂവളം, ജാതി, കാഞ്ഞിരം, അഗത്തിച്ചീര, ഉങ്ങ്, ഇലഞ്ഞി, കായാമ്പൂ, മഞ്ഞക്കടമ്പ്, ഇലിപ്പ, എരിക്ക് തുടങ്ങിയ ചെടികളും മരങ്ങളുമാണ് ഇവിടെ നട്ടിരിക്കുന്നത്.
രണ്ട് വിശിഷ്ടാതിഥികള്‍
പ്രഫ. മിയാവാക്കിയുടെ ശിഷ്യരും സഹപ്രവര്‍ത്തകരുമായ രണ്ടു പേര്‍ - പ്രഫ. എല്‍ജിന്‍ ബോക്‌സും പ്രഫ. ഫ്യുജിവാര കസ്യുവും വനവത്‌കരണ പരിപാടികളില്‍ അതിഥികളായി എത്തിയിരുന്നു. ഡോ. ഫ്യുജിവാര യോകോഹാമ യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ പ്രഫസറാണ്. ജോര്‍ജിയ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറായ എല്‍ജിന്‍ ബോക്‌സ് പ്രഫ. മിയാവാക്കിയ്‌ക്കൊപ്പം പുസ്‌തക രചനയിലും പങ്കാളിയായിട്ടുണ്ട്. ചടങ്ങില്‍ ഓണ്‍ലൈനായെത്തി പ്രഫ. മിയാവാക്കി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്‌തു സംസാരിച്ചു.
പ്രഫസര്‍മാരായ ബോക്‌സും ഫ്യുജിവാരയും നല്‍കിയ ഉപദേശങ്ങള്‍ ക്രൗഡ് ഫോറസ്‌റ്റിങ്ങ് ടീമിന് വിലപ്പെട്ടതായിരുന്നു. ഇവരുടെ അഭിപ്രായത്തില്‍ ഒരു വനമുണ്ടാക്കാന്‍ മുപ്പതിനം ചെടികളുടെ തൈകള്‍ മതി. എപ്പോഴും നാടന്‍ ഇനങ്ങള്‍ തന്നെ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക. വിവിധ സ്ഥലങ്ങളിലായി ഞങ്ങള്‍ നട്ടുപിടിപ്പിച്ച കാടുകള്‍ കണ്ടശേഷം അവരുടെ അഭിപ്രായം കാടൊരുക്കി മൂന്ന് വര്‍ഷം കഴിയുന്നതുവരെ വളളികളും പടര്‍പ്പുകളും നടരുതെന്നായിരുന്നു. അവ പെട്ടെന്ന് വളര്‍ന്ന് മറ്റുചെടികളെ ചുറ്റിവരിഞ്ഞ് വളര്‍ച്ചയില്ലാതാക്കും.