ഞാനിപ്പോൾ ഒരു മിയാവാക്കി വനത്തിനുള്ളിലാണ് നില്ക്കുന്നത്. മിയാവാക്കി വനങ്ങൾ രൂപപ്പെടുന്നതിന്റെ പലഘട്ടങ്ങളുണ്ടല്ലോ അത് നിങ്ങളെ പരിചയപ്പെടുത്താനായിട്ടാണ് ഇവിടെ വന്നത്. ഈ കാട് വച്ചുപിടിപ്പിച്ചത് കഴിഞ്ഞ ജനുവരി മാസത്തിലാണ്. അതിനൊരു പ്രത്യേകതയുണ്ട്. ജനുവരി 29 പ്രൊഫസർ മിയാവാക്കിയുടെ ജന്മദിനമാണ്. ആ ദിവസം തിരുവനന്തപുരത്ത് ചാല സ്കൂളിൽ - ചാല സ്കൂളിന്റെ പിന്ഭാഗമാണിത്. ഇവിടെ നമ്മള് ഒരു കാട് വച്ചു.
 
കേരള ഡവലപ്പ്മെന്റ് ഇന്നവേഷൻ ആന്റ് സ്ട്രാറ്റജിക് കൗൺസിലാണ് (കെ-ഡിസ്ക്) അത് സ്പോൺസർ ചെയ്തത്. കെ -ഡിസ്കിന്റെ നേത്യത്വത്തിലാണ് ഇങ്ങനെ ഒരു സംഭവം ചെയ്തത്. നേച്ചേഴ്സ് ഗ്രീൻ ഗാർഡിയന് ഫൗണ്ടേഷനും ഇൻവിസ് മൾട്ടിമീഡിയയും കൾച്ചർ ഷോപ്പിയും - ഈ മൂന്നു സ്ഥാപനങ്ങൾ ചേർന്നാണ് ഇത് വച്ചുപിടിപ്പിച്ചത്. അന്നു പ്രൊഫസർ മിയാവാക്കിയുടെ ശിഷ്യരായ പ്രൊഫസർ ബോക്സും, പ്രൊഫസർ ഫ്യുജിവാര കസ്യുവും ഇവിടെ വന്നിരുന്നു. പ്രൊഫസർ മിയാവാക്കി ഓൺലൈനായി സ്ക്രീനിൽ വന്ന് ഇവിടെത്തെ കുട്ടികളെ അഭിസംബോധന ചെയ്തു.

അങ്ങനെ കഴിഞ്ഞ ജനുവരി 29 ന് ഞങ്ങൾ വച്ചു പിടിപ്പിച്ച കാടാണിത്. ഇന്നു ഒക്ടോബർ 23 ആണ്, ഒമ്പതു മാസം തികയാൻ ഏഴു ദിവസം കൂടി മതി. ഒമ്പതു മാസം കൊണ്ട് ഈ കാടിനുണ്ടായ വളർച്ച നോക്കുക. ഇതിന്റെ സ്റ്റോക്ക് ഷോട്ട് കൂടി ഞങ്ങളുടെ കൈയ്യിൽ ഉണ്ട്. നട്ട ദിവസത്തെ ഷോട്ടുകളാണ്. അതുകൂടി കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഒമ്പതുമാസം മുൻപ് ഇതെങ്ങനൊയിരുന്നുവെന്നും ഒമ്പതു മാസം കൊണ്ട് ഇതിനുണ്ടായ വളർച്ചയെന്തെന്നും. ഇതാണ് മിയാവാക്കി വനവും സാധാരണ വനങ്ങളുമായുള്ള പ്രത്യേകത.

ഇവിടെ ഏകദേശം 15 അടിവരെ വളർന്ന മരങ്ങളുണ്ട്. ആവറേജ് വളർച്ച പത്തടിയ്ക്ക് മുകളിലാണ്. അതായത് ഒമ്പതുമാസം കൊണ്ട് പത്തടി വളർച്ച കിട്ടിക്കഴിഞ്ഞു. ഒരു കൊല്ലത്തിൽ മൂന്നു മീറ്ററിൽ കൂടുതൽ വളർച്ച ഉറപ്പായും കിട്ടുകയാണ്. ഇത് കാടുപിടിച്ചു കിടന്ന ഒരു സ്ഥലമാണ്, അതുവെട്ടി പുതയിട്ടത് ഇപ്പോഴും ഇവിടെ കാണാം. ഒരു പ്രത്യേകത എല്ലാ ചെടികളും ഒരുപോലെ വളർന്നിട്ടില്ല. വളരുകയുമില്ല. മിയാവാക്കി മാതൃകയിൽ നമ്മൾ പറയുന്നതും അതാണ്.

ഇവിടെ ഈ പത്ത് സെന്റിൽ വച്ചിരിക്കുന്നത് 1600 ചെടികളാണ്. ഇത്രയും ചെടികൾ വയ്ക്കുമ്പോൾ കുറേ പോകും, കുറേ കുറച്ചു വളരും, കുറേ നന്നായി വളരും. ഒരു പത്തു, അൻപതു വർഷം കഴിയുമ്പോ ഇതിൽ അൻപതു ശതമാനത്തിൽ കൂടുതൽ ഇവിടെ അവശേഷിക്കും. ഇവിടെ വച്ചിരിക്കുന്നത് നൂറു സ്പീഷീസ് മരങ്ങളാണ്. മിയാവാക്കി മാതൃകയിൽ അത്രയും വേണമെന്നില്ല. 30 സ്പീഷീസ് ഉണ്ടെങ്കിൽ തന്നെ അതൊരു സ്വാഭാവികവനമായി അദ്ദേഹം പറയും.

ഇവിടെ കൂടുതലും കേരളത്തിൽ കാണുന്ന മരങ്ങളാണ് വച്ചിരിക്കുന്നത്. അതുകൂടാതെ കുറച്ച് എക്സോട്ടിക്ക് ആയിട്ടുള്ള, പഴങ്ങളുണ്ടാകുന്ന നോനി പോലുള്ള ഒന്നു രണ്ടു സാധനങ്ങളും വച്ചിട്ടുണ്ട്. അത് വയ്ക്കാനുള്ള കാരണം ഈ പ്രദേശം സിറ്റിയുടെ നടുവിലാണ്. ഇവിടെ പക്ഷികൾക്ക് ഭക്ഷണം കഴിയ്ക്കാനുള്ള സൗകര്യം ഇല്ല. പക്ഷികളില്ലാത്തതും അതുകൊണ്ടാണ്. പക്ഷികൾക്ക് വരാനും ഇരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയുള്ള സൗകര്യം സ്കൂൾ പരിസരത്ത് കൊടുത്താൽ അതുപോലെ ചിത്രശലഭമൊക്കെ വരാനും, ഇപ്പോൾത്തന്നെ ഇവിടെ വണ്ടും ചെറിയ ചെറിയ സാധനങ്ങളൊക്കെ പറന്നു നടപ്പുണ്ട്. കുട്ടികൾക്ക് പ്രകൃതിയുമായി ചേർന്ന് പോകാനുള്ള അന്തരീക്ഷം കൂടി ഇവിടെ ഉണ്ടാക്കാൻ പറ്റും.

മിയാവാക്കി മാതൃകയിൽ നമ്മൾ പറയുന്ന ഒന്നുരണ്ടു കാര്യങ്ങൾ ഇവിടെ കാണാൻ പറ്റും. പ്രൊഫസർ മിയാവാക്കി പറയുന്നത് കാടാണെങ്കിലും കീടങ്ങളുടെ ആക്രമണം ഉണ്ടാകും. നിങ്ങളതിനെ കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യമില്ല. കാരണം ഒരു കീടത്തെ വേറൊരു കീടം പിടിച്ചത് തീർന്നു എന്നുള്ളതാണ്. ഇവിടെനോക്കിയാൽ അത് വ്യക്തമാകും. നമ്മളീ കീടങ്ങളെന്നു പറയുന്നത് പലതും ചിത്രശലഭങ്ങളുടെ ലാർവ്വകളൊക്കെയാണ്. ഈ കീടങ്ങളില്ലെങ്കിൽ ചിത്രശലഭങ്ങളുണ്ടാകില്ല. ഇവിടെ ഈ മരത്തിൽ ഇതൊരു മുള്ളുവേങ്ങയോ മറ്റോ ആണ്, അതിന്റെ ഇല മുഴുവൻ തിന്നിരിക്കുകയാണ്. ഇത് ഈട്ടിയാണ് അത് നന്നായി വളരുന്നുണ്ട്. പക്ഷെ ഈട്ടിയുടെ ഇല മുഴുവൻ ഏതോ ജീവി തിന്നിരിക്കുകയാണ്. അതുപോലെ പല മരങ്ങളുടെയും ഇലകൾ തിന്നിട്ടുണ്ട്. അതുകൊണ്ട് പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ല. ചെടി മേലോട്ട് പോകുന്നുണ്ട് പുതിയ ഇല വരുന്നുണ്ട്. അങ്ങനെ നിൽക്കുകയാണ്.

അതുപോലെ വേറൊരു കാഴ്ച കാണാവുന്നത് ഇവിടെ ഏതോ ചിലന്തി മുഴുവൻ വല കെട്ടിയിരിക്കുകയാണ്. ഈ വലയ്ക്കകത്ത് വേറെ ചില ചെറിയ പ്രാണികൾ കുടുങ്ങും. കാട് തന്നെത്താനെ കാടിനുവേണ്ട ഒരു അന്തരീക്ഷം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം കണ്ടുപഠിക്കാൻ പറ്റിയ ഒരു അന്തരീക്ഷമായിട്ട് ഈ മിയാവാക്കി മാതൃക മാറിയിരിക്കുകയാണ്.

പിന്നെ ഒരു സംഗതി ഇതിന്റെ ചിലവാണ്. നമ്മളെപ്പോഴും പറയാറുണ്ട് മിയാവാക്കി മാതൃക വനം വച്ചു പിടിപ്പിക്കുക എന്നത് കുറച്ച് ചെലവേറിയ ഏർപ്പാടാണെന്ന്. കേരളത്തിൽ നമ്മൾ ചെയ്യുമ്പോൾ ഏകദേശം 300- 390 രൂപ സ്ക്വയർഫീറ്റിന് ചെലവ് വരുന്നുണ്ട്. അതിന് കാരണം ഒരു മീറ്റര് കനത്തിൽ നമ്മൾ സാധനങ്ങൾ ഇട്ടിരിക്കുകയാണ്. ചെടി വയ്ക്കുന്ന കുഴിയിൽ മാത്രമല്ല, മൊത്തം ഏരിയയിൽ ഒരു മീറ്റർ കനത്തിൽ മണ്ണും, ചാണകപ്പൊടിയും ചകരിച്ചോറും മറ്റുമെല്ലാം കൂടി ഇടകലർത്തി ഇട്ടിരിക്കുകയാണ്.

രണ്ടാമതായിട്ട് ഇതിന് ചുറ്റും ഇട്ടിരിക്കുന്ന ഫെൻസിംഗ് നോക്കുക. ഇതുപോലുള്ള സ്ഥലത്ത് ഇത്രയും നല്ലൊരു ഫെൻസിംഗ് ഇല്ലെങ്കിൽ രണ്ട് പ്രശ്നം ഉണ്ടാകും, പൊതുസ്ഥലത്തേയ്ക്ക് ആളുകൾക്ക് മാലിന്യം വലിച്ചെറിയാനുള്ള പ്രവണതയുണ്ട്. വനം എന്നാൽ വേസ്റ്റ് കളയാനുള്ള സ്ഥലമായിട്ടാണ് പലരും കാണുന്നത്. അത് ഒഴിവാക്കാനായി ഇതിന് ചുറ്റും ഫെൻസിംഗ് കൊടുത്തിട്ടുണ്ട്. അതുപോലെ മുകളിൽ ശ്രദ്ധിച്ചാൽ കാണാം, ഇവിടെ കമ്പികൾ കുറുകെ കൊടുത്തിരിക്കുകയാണ്. എനിക്ക് 5 അടി 8 ഇഞ്ച് ആണ് ഉയരം, ഇത് ആറര അടി പൊക്കത്തിലാണ് കൊടുത്തിരിക്കുന്നത്. ആറടി കഴിഞ്ഞ് ഈ മരങ്ങൾ മറിഞ്ഞുവീണാലും ഇതില് തട്ടി നിൽക്കും. മരങ്ങൾ മറിഞ്ഞുവീഴാതെ കമ്പുകൊണ്ടു സപ്പോർട്ട് ചെയ്യുന്നതിനു പുറമേ പുതിയൊരു മാർഗ്ഗമാണിത്. ഈ വളവിലെത്തിക്കഴിഞ്ഞാൽ പിന്നെ ഇത് കമ്പിയിൽ തട്ടിനിന്നോളും. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം ചെയ്യുമ്പോഴാണ് ചിലവു വരുന്നത്.

വീട്ടിൽ ചെയ്യുമ്പോൾ ഈ ചുറ്റുമുള്ള മതിൽ ഒഴിവാക്കാം. കാരണം വീടിനൊരു മതിലുണ്ട് പിന്നെ നിങ്ങളുടെ മിയാവാക്കി വനത്തിനു ചുറ്റുമൊരു മതിലിന്റെ ആവശ്യമില്ല. അങ്ങനെ വരുമ്പോൾ ചിലവ് ഒരുപാട് കുറയും. ചിലവ് 390 എന്നുപറയുന്നത് നിങ്ങൾക്ക് ഏകദേശം 150 -100 രൂപയ്ക്ക് ഒരു സ്ക്വയർഫീറ്റ് ചെയ്യാൻ പറ്റും. മിയാവാക്കി വനം വേണ്ടരീതിയിൽ ചെയ്താൽ ഉണ്ടാകുന്ന വളർച്ച കാണിക്കാനാണ് ഞങ്ങളിവിടെ നിന്ന് ഒരു വീഡിയോ എടുക്കാമെന്ന് വിചാരിച്ചത്. ഇത് ഒമ്പതു മാസം കൊണ്ട് നേടിയ നേട്ടമാണ്. ഇനി വീണ്ടും ഒരാറു മാസമോ എട്ടു മാസമോ കഴിഞ്ഞ് ഞങ്ങളീ കാടിന്റെ അവസ്ഥ കാണിക്കാം. ഇവിടത്തെ മണ്ണിന്റെ പ്രത്യേകത കൂടി പറയാം. ഇത് വെറും വയൽമണ്ണാണ്. മണലാണ് കൂടുതൽ. നമ്മളിവിടെ കിളയ്ക്കുമ്പോൾ തന്നെ നല്ല ഒന്നാന്തരം മണൽ, കെട്ടിടം പണിയാൻ പറ്റിയ മണൽ കാണാം. പണ്ട് വയലായിരുന്ന സ്ഥലമാണ്. താഴ്ന്ന സ്ഥലമാണ്. അവിടെയാണ് ഞങ്ങളീ മരങ്ങൾ വച്ചുപിടിപ്പിച്ചിരിക്കുന്നത്.