ഈ കാടു നമുക്ക് എത്ര ഇഷ്ടമാണെന്നു പറഞ്ഞാലും സ്ഥിരമായി കാട്ടിൽ പോയി കാഴ്ചകൾ കാണുക എന്നത് പ്രായോഗികമല്ല. നമ്മൾ ഉപജീവനാർത്ഥം നാട്ടിൽ താമസിക്കുകയാണ്. അല്ലെങ്കിൽ പിന്നെ ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ ജോലി ഉണ്ടായിരിക്കണം. ഇവിടെ നമ്മൾ നാട്ടിൽ പണിയൊക്കെ ആയിരിക്കുന്നു, അതിനിടയ്ക്ക് ഹോളിഡെയിംഗ് ആണ്. ട്രക്കിംഗിനു പോവുകയെന്നു പറഞ്ഞാൽ നമ്മൾ ഒരു ദിവസം അവധിയെടുത്ത് നമ്മുടെ ജോലിയിൽ നിന്നു മാറി നിൽക്കലാണ്. ചിലയിടത്ത് അതിന് ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെ അനുമതി വേണം, തയ്യാറെടുപ്പുകൾ വേണം. ഇങ്ങനെയൊക്കെ വന്നപ്പോൾ എനിക്കൊരു ഐഡിയ തോന്നി. കുറച്ച് സ്ഥലം വാങ്ങിച്ച് മരം വച്ചു പിടിപ്പിച്ചാലോ എന്ന്.
കാടില്ലെങ്കിലും കാടിന്റെ ഒരു പ്രതീതിയൊക്കെ ഉളള സ്ഥലം ഉണ്ടാക്കിയെടുക്കുക. എപ്പോഴും കാട്ടിൽ പോയി ഇരിക്കാൻ പറ്റില്ലല്ലോ. ദർഭേ കുശേ ഞാങ്ങണേ എന്നു പറയുമ്പോലെയാണത്. ഈ ഹോമത്തിനു മറ്റും ഉപയോഗിക്കുന്ന ദർഭ, അത് കിട്ടിയില്ലെങ്കിൽ കുശം എന്നൊരു പുല്ല് ഉണ്ട്, ഇനി കുശവും കിട്ടിയില്ലെങ്കിൽ ഞാങ്ങണ. അത് പാടത്തുള്ള ഒരു വള്ളിയാണ്. അതു പറിച്ച് ഉപയോഗിക്കാം എന്നാണ് പറയുന്നത്. അതുപോലെ നമുക്കിപ്പോൾ യഥാർത്ഥ കാട്ടിൽ ട്രക്കിങ്ങിനു പോകാൻ പറ്റിയില്ലെങ്കിൽ ഉള്ള സ്ഥലത്ത് കുറെ മരമൊക്കെ ഉണ്ടാക്കിയെടുത്ത് അവിടെ താമസിക്കാം എന്നൊരു തോന്നലുണ്ടായി. അതിനു സ്ഥലം അന്വേഷിച്ച് നടക്കുന്ന സമയത്ത് പുളിയറക്കോണത്ത്, തിരുവനന്തപുരം സിറ്റിയിൽ നിന്നും 12 കിലോമീറ്റർ അകലെ - വളരെ വിലകുറഞ്ഞ ഒരു സ്ഥലം കണ്ടു പിടിച്ചു.
ആ സ്ഥലത്തിന്റെ വിലകുറയാൻ കാരണം ഒന്ന് അങ്ങോട്ട് വാഹനങ്ങൾ ചെന്നെത്തുകയില്ല. ഒരു പഞ്ചായത്ത് റോഡ് ഉണ്ടെങ്കിലും വളരെ വലിയ കയറ്റമാണ്. ആകെ ചെല്ലുന്ന വാഹനം ജെസിബി ആണ്. രണ്ടാമത് അവിടെ വെള്ളം ഇല്ല. അന്ന് ഞാനീ വാങ്ങുന്ന വസ്തുവിൽ ഒരു കുളം ഉണ്ടായിരുന്നു. ആ കുളമൊക്കെ കണ്ടാണ് വാങ്ങിച്ചത്. വാങ്ങിച്ചുകഴിഞ്ഞ് ഈ കുളം ഒന്നു വൃത്തിയാക്കി. വർഷങ്ങളായി ചേറും, ചെളിയും, കരിയിലയുമൊക്കെ വീണ് അടഞ്ഞിരുന്നതാണ്. അതു കൊണ്ടാണ് വെള്ളം നിന്നിരുന്നത്. വൃത്തിയാക്കി കഴിഞ്ഞപ്പോൾ സംഭവിച്ചത് ഈ ദ്വാരങ്ങളൊക്കെ തെളിയുകയും വെള്ളം അതിനിടയിൽ കൂടി താഴേക്കു പോകുകയും ചെയ്തു. തുടർന്ന് ഞാനവിടെ പലവിധ ജലസേചന മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കി മരം വയ്ക്കാനായിട്ട്, ഒന്നും വിജയിച്ചില്ല.
ആദ്യം ചെയ്തത് എന്റെ അയൽവാസിയായിട്ടുള്ള ഇഹലോകന് നാടാർ എന്നുപറയുന്ന ഒരാൾ, അദ്ദേഹം അവിടെ ആദ്യം വന്ന ഒരു താമസക്കാരനാണ്. അദ്ദേഹത്തിന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ കിണറ്റിൽ നിന്ന് ഞാനൊരു സമാന്തര ജലസേചന സംവിധാനം ഉണ്ടാക്കി നോക്കി. ഒരു 300 അടി പൊക്കത്തിലേക്ക് വെള്ളം പമ്പ് ചെയ്ത് രണ്ടു ടാങ്കിലാക്കി, പിന്നെ അവിടുന്ന് താഴോട്ടിറക്കുക, ഇടയ്ക്കിടയ്ക്ക് ചില ടാങ്കുകൾ കെട്ടുക. ഇതൊക്കെ ചെയ്തു നോക്കി. ഒന്നും നടന്നില്ല. ആ സമയത്ത് എന്റെ കുടുംബ വസ്തു വിൽക്കുന്ന സമയം ആയിരുന്നു, അതൊക്കെ വിറ്റിട്ട് ആ പൈസ കൊണ്ട് താഴെ ഒരു സ്ഥലം വാങ്ങി. അവിടെയും പല സ്ഥലത്തും നമ്മൾ കിണറൊക്കെ കുഴിച്ചു നോക്കിയെങ്കിലും വെള്ളം കിട്ടിയില്ല. ഒരു കിണറ്റിൽ കുറച്ചു വെള്ളം കിട്ടും. പൂർണ്ണമായിട്ടും കിട്ടുന്നില്ല. കുഴൽക്കിണർ കുഴിച്ചു നോക്കി അവിടെയും വെള്ളം കിട്ടുന്നില്ല. അതിനെ പിന്നെ ചാർജ് ചെയ്യാനൊരു സംവിധാനം ഉണ്ടാക്കി എന്നിട്ടും വലിയ ഫലം ആദ്യം ഉണ്ടായില്ല.
അങ്ങനെ ഉള്ള വെള്ളം കൊണ്ട് കൃഷി ചെയ്യാമെന്നു കരുതി എല്ലാ വർഷവും ഒരു പത്ത് അഞ്ഞൂറ് മരങ്ങൾ വാങ്ങി വയ്ക്കും. പല ഭാഗത്തായിട്ട് വച്ചു പിടിപ്പിക്കും. ഒരുപാട് തയ്യാറെടുപ്പുകളുമായിട്ടാണ് വച്ചു പിടിപ്പിക്കുക, ഈ മരങ്ങളൊക്ക കിളിർക്കും, മഴ സമയത്താണ് വയ്ക്കുന്നത്. ഒരു വർഷം ഇത് വളരും. ഒരു ഒന്നര വർഷമൊക്കെ ഇത് വളരും. രണ്ട് വർഷത്തിലൊരിക്കൽ കേരളത്തിൽ മൊത്തം ഉണക്ക് വരും, മറ്റ് സ്ഥലങ്ങളിൽ നമ്മൾ അത്രയ്ക്ക് അറിയില്ല. ഈ കുന്നിന്റെ മുകളിൽ ഉണക്ക് കൂടുതലായതു കൊണ്ട്. അവിടെ ഉണക്ക് വരുമ്പോൾ നമ്മളറിയും. അപ്പോൾ ഞാനതുവരെ വച്ച എല്ലാ മരങ്ങളും ഉണങ്ങിപ്പോകും. അതിൽ ഒന്നാ രണ്ടോ അവശേഷിക്കും, അല്ലെങ്കിൽ പത്തെണ്ണം അവശേഷിക്കും. ബാക്കി അഞ്ഞൂറെണ്ണത്തിൽ 490 എണ്ണവും പോകും. പന്ത്രണ്ടടിയൊക്കെ വളർന്നു പൂത്തു നിന്ന ചെമ്പകമൊക്കെ ഉണങ്ങിപ്പോയിട്ടുണ്ട്. കാണുമ്പോൾ ഒരു വിഷമം തോന്നും എന്നല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല.
അങ്ങനെ ഇനി എന്തും ചെയ്യും എന്ന സമയത്താണ് ഞാൻ മിയാവാക്കി വനവത്കരണ മാതൃകയെക്കുറിച്ച് കേൾക്കുന്നത്. ആദ്യം ഇതിനെക്കുറിച്ച് എന്നോട് പറയുന്നത് എന്റെ ഒരു അനന്തിരവനാണ്. കൃഷ്ണപ്രസാദ്. അവൻ ഇതിന്റെ ഒരു വീഡിയോ അയച്ചു തന്നു. പക്ഷെ ഞാനതു കണ്ടില്ല. വാട്സാപ്പിൽ ഒരു പാട് വീഡിയോ വരുന്ന കൂട്ടത്തിൽ ഇത് എങ്ങനെയോ മിസ് ചെയ്തു പോയി. അത് കഴിഞ്ഞ് എന്റെ ഒരു സ്നേഹിതനുണ്ട്, ബോബി മോഹൻ. അയാൾ എന്റെ കൂടെ ഇവിടെ ഈ പുളിയറക്കോണത്ത് പലപ്പോഴും വരുകയും മരം വയ്ക്കുന്നത് കാണുകയും ചെയ്യുന്ന, അതിൽ താത്പര്യം ഉള്ള ഒരു കക്ഷി ആണ്. പുള്ളി ഒരു ദിവസം എന്നോട് പറഞ്ഞു 3 സെന്റ് സഥലത്ത് ഒരാൾ കാട് വച്ചു പിടിപ്പിക്കുന്നു. നിങ്ങൾക്കത് ഒന്നു പരീക്ഷിച്ചു കൂടെ? ഞാനിത് എന്റെ അനന്തിരവനെ കണ്ടപ്പോ പറഞ്ഞു. എടാ എന്റെ ഒരു ഫ്രണ്ട് പറഞ്ഞു 3 സെന്റ് സഥലത്ത് കാടു വയ്ക്കുന്നൊരു വിദ്യ ഉണ്ടെന്ന്. ഞാനും ഒന്നും പരീക്ഷിക്കാം എന്നു വിചാരിച്ചിരിക്കുവാണെന്ന്. ഉടനെ അവൻ ചോദിച്ചു ഇതല്ലേ ഞാൻ അയച്ചു തന്ന വീഡിയോ എന്നിട്ട് അമ്മാവനിതുവരെ കണ്ടില്ലേ എന്ന്. ഞാൻ പറഞ്ഞു കണ്ടില്ല, നീ ഒന്നു കൂടി അയയ്ക്ക് എന്ന്. അവൻ ഒന്നു കൂടി അയച്ചു. ഒന്ന് ശൂഭേന്ദു ശർമ്മ എന്നയാളുടെ Ted Talk ആണ്. ഞാനത് കണ്ടു.
എനിക്ക് ജയകുമാർ എന്നു പേരുള്ള ഒരു ഇലക്ട്രീഷൻ സുഹൃത്തുണ്ട്. ഇവിടെ ജലസേചനത്തിൽ പലതരത്തിൽ എന്നെ സഹായിച്ച ആളാണ്. അയാളിവിടെ കുറുകെയും, തലങ്ങനെയും വിലങ്ങനെയും പലവിധത്തിൽ പൈപ്പിട്ട് വെള്ളം എല്ലാ ഭാഗത്തും എത്തിച്ചിരുന്നു. പക്ഷെ ഈ വെള്ളം കൊണ്ടൊന്നും കൃഷി ചെയ്യാൻ പറ്റുന്നില്ലായിരുന്നു. ശുഭേന്ദു ശർമ്മ മിയാവാക്കിയെ കുറിച്ചു പറഞ്ഞതിൽ എനിക്കു മനസ്സിലായ ഒരു കാര്യം വെള്ളം ഇങ്ങനെ സ്പ്രെഡ് ചെയ്ത് കളയുന്നതിനു പകരം ഏതെങ്കിലും ഒരു സ്ഥലത്ത് കേന്ദ്രീകരിച്ചു അവിടെ 2, 3 സെന്റിനകത്ത് ചെറിയ ഒരു കാട് ഉണ്ടാക്കിയെടുക്കാൻ പറ്റും. അത് വളരെ പെട്ടെന്ന് വളരും. മൂന്ന് സെന്റിലെ കാട് ഒരു മൂന്നു വർഷം കൊണ്ട് വളരെ വലിയ ഒരു കാടായിട്ട് മാറും എന്നൊക്കെയാണ്.
ഇവിടെ കൃഷിപ്പണിയുടെ മേൽനോട്ടം നടത്തുന്നത് മധു എന്നൊരു ആളാണ്. അദ്ദേഹവുമായിട്ട് ഇതിനെക്കുറിച്ച് സംസാരിച്ചു. ഇതിന്റെ പ്രാഥമിക തയ്യാറെടുപ്പ് നടത്തി. കുറെ കാട്ടു മരത്തൈകളൊക്കെ ഞങ്ങൾ സംഘടിപ്പിച്ചു. കാട്ടുമരങ്ങളെക്കുറിച്ച് എനിക്ക് കാര്യമായിട്ട് അറിയില്ലായിരുന്നു. TBGRIയിലെ ശാസ്ത്രജ്ഞൻ ഡോ. മാത്യു ഡാൻ എന്നയാളാണ് കാട്ടുമരങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു തന്നത്. അങ്ങനെ കുറെ മരങ്ങൾ കൊണ്ടു വന്ന് ഞങ്ങളിവിടെ വെച്ചു പിടിപ്പിക്കാൻ തുടങ്ങി. അന്ന് എന്നെ സഹായിച്ച വേറൊരാൾ ചെറിയാൻ മാത്യു എന്നു പേരായ എന്റെ ഒരു സുഹൃത്ത്, അദ്ദേഹം ഒരു ഫാം ജേർണലിസ്റ്റ് ആണ്. അദ്ദേഹവും പല സ്ഥലങ്ങളിൽ നിന്ന് തൈ കൊണ്ടു വരാൻ സഹായിച്ചു. പുന്ന, ഒതളം, ഈ മാതിരിയുള്ള ചെടികളൊന്നും ഇവിടെ കിട്ടാനില്ലായിരുന്നു. അദ്ദേഹമാണ് കൊണ്ടു തരുന്നത്.
നേച്ചേഴ്സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷൻ എന്ന ഒരു സംഘടനയുണ്ട്, പ്രൊഫസർ ദാമോദര ൻ ആണ് പ്രസിഡന്റ്, അവർക്കും ഇതിൽ താത്പര്യമുണ്ടായിരുന്നു, ഞങ്ങളെല്ലാം കൂടി ചേ ർന്ന് പുളിയറക്കോണത്ത് ഈ കാടു വച്ചുപിടിപ്പിക്കൽ പരിപാടി ആരംഭിച്ചു. ഒന്നര വർഷത്തെ തയ്യാറെടുപ്പിനു ശേഷമാണ് ഞങ്ങളൊരു കാട് വച്ചു പിടിപ്പിക്കുന്നത്. എന്റെ ഓഫീസിലുള്ള പലരും അതിന് സഹായിച്ചു. 3 സെന്റിലാണ് കാടു വച്ചുപിടിപ്പിക്കുന്നത്. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വളർച്ച ആദ്യത്തെ മൂന്നു മാസത്തിൽ തന്നെ ഉണ്ടായി. ആദ്യത്തെ കാട് വച്ചിട്ട് ഇപ്പോൾ ഏകദേശം മൂന്നു വർഷമായി. ഒന്നര വർഷത്തിൽ ശരാശരി 18 അടി വരെ ഈ മരങ്ങൾ വളർന്നിട്ടുണ്ട്. എന്നുമാത്രമല്ല പല ചെടികളും വളരെ പെട്ടെന്ന് കായ്ക്കുകയുമുണ്ടായി. ഒന്നര വർഷം കൊണ്ട്, റമ്പൂട്ടാൻ, ആനപുളിഞ്ചി, ഇവയ്ക്ക് കായ ഉണ്ടായി, ചില വള്ളികളൊക്കെ പൂക്കാൻ തുടങ്ങി. വളരെ പെട്ടെന്ന് മരങ്ങൾ വളരുന്ന ഒരു സംവിധാനമാണ് മിയാവാക്കി എന്നു ബോധ്യപ്പെട്ടു. അങ്ങനെ ഞങ്ങൾ മിയാവാക്കി മാതൃക പ്രചരിപ്പിക്കാൻ തീരുമാനിച്ചു.