പലരും ഈയിടെ ചോദിക്കുന്ന ചോദ്യം ഞങ്ങൾക്കു കുറച്ച് സ്ഥലമുണ്ട്, അത് വയലാണ്, വയലിൽ കാട് വെച്ചാൽ ശരിയാകുമോ എന്നതാണ്. ഇതിന് ഒറ്റ ഉത്തരം പറയാൻ പാടാണ്. എല്ലാ വയലുകൾക്കും ഒരേ സ്വഭാവമല്ല. വയലിലെ കൃഷി നിർത്തിയിട്ട് എത്ര കാലമായി, കൃഷി നിർത്തിയിട്ട് പിന്നെന്തു ചെയ്തു എന്നതിനെയൊക്കെ ആശ്രയിച്ച് മണ്ണിന്റെ സ്വഭാവം തന്നെ മാറും.
ഞാനൊരു ഉദാഹരണം കാണിച്ച് വിശദീകരിക്കാം. ഈ സ്ഥലം വാങ്ങിച്ചിട്ട് 11 വർഷമായി. ഇത് വയലായിരുന്നു. സാധാരണഗതിയിൽ വയൽ വാങ്ങിച്ചു കഴിഞ്ഞാൽ ചെയ്യുന്നത് മണ്ണിട്ട് അത് പൊക്കി നികത്തുക എന്നതാണ്. എനിക്ക് നികത്തി വീടു വെയ്ക്കാൻ പദ്ധതിയൊന്നും ഇല്ലാതിരുന്നതു കൊണ്ടും വയൽ വയലായിത്തന്നെ നിൽക്കുന്നതിന്റെ ഭംഗിയ്ക്കും വേണ്ടിയാണ് ഇത് വാങ്ങിയത്. ഞാൻ വാങ്ങുന്നതിന്റെ മുപ്പതു കൊല്ലം മുമ്പേ ഇവിടെ നെൽകൃഷിയൊക്കെ നിന്നതാണ്. ഈ തെങ്ങുകളൊക്കെ വാങ്ങുമ്പോഴേ ഉണ്ട്. 40 കൊല്ലമെങ്കിലും പ്രായമായ തെങ്ങാണ്. പിന്നെ ഉണ്ടായിരുന്നത് വാഴയാണ്. വാഴ നട്ടിരുന്ന വയലായിരുന്നു ഇത്.
ഞാനാദ്യം തന്നെ ഇതിനകത്ത് നാലുവശത്തും തോടുപോലെ ചാലു കീറി. അതിനു കുറുകെ നടക്കാനായി പാലമിട്ടു. എല്ലാ സ്ഥലവും നികന്നു കഴിയുമ്പോൾ വെളളം ഒടുവിൽ വന്നു നിൽക്കുന്ന സ്ഥലമാണിത്. തൊട്ടപ്പുറത്ത് കനാലാണ്. കനാലിലേക്കുളള വെളളം അടച്ചുകഴിഞ്ഞാൽ പിന്നെ ഇത് ഓവർഫ്ലോ ചെയ്ത് അപ്പുറത്തെ വശത്തുകൂടി പോകും. നമ്മുടെ പറമ്പിൽ കൂടി വെളളം ഒഴുകിപ്പോകുന്നതിൽ എനിക്ക് പ്രത്യേകിച്ചു കുഴപ്പമൊന്നും തോന്നിയില്ല. അങ്ങനെയാണ് ചാലു കീറിയത്.
കുട്ടികളൊക്കെ വരുമ്പോൾ അവരിതിൽ കടലാസുതോണി ഒക്കെ ഉണ്ടാക്കിയിട്ട് ഓടി നടക്കും. ഇടയ്ക്കു കുറച്ച് മീനൊക്കെ കയറും. ചാലു കീറി പാലമിട്ട ശേഷം ചെറിയൊരു അപകടം പറ്റി. ഇതിലൊരു പാലമൊടിഞ്ഞു ഞാൻ താഴെ വീണ് ഒരുമാസത്തോളം കിടപ്പായി. അത്തരം കാര്യങ്ങൾ സൂക്ഷിക്കണം. എങ്കിലും ഈ പാലവും തോടുമൊക്കെയായിട്ട് ഇതിനൊരു നാട്ടിമ്പുറത്തിന്റെ മട്ടുണ്ട്.
അതിനു ശേഷം ഞാനിവിടെ കുറെ മരങ്ങൾ വെച്ചു പിടിപ്പിച്ചു. ഈ സ്ഥലം നോക്കുന്നയാളിനൊരു പ്രശ്നമുണ്ട്. അദ്ദേഹത്തിന് പറമ്പ് കിളച്ചു കൊണ്ടിരിക്കണം. എത്ര കിളയ്ക്കരുതെന്ന് പറഞ്ഞാലും കാര്യമില്ല. ഒരു മഴ കഴിയുമ്പോൾ ഈ വയൽ മുഴുവൻ കാട് പിടിക്കും. ആ കാടു മുഴുവൻ അപ്പോൾത്തന്നെ കിളച്ചു പറിക്കും. അതുകൊണ്ട് പത്തുവർഷം കഴിഞ്ഞിട്ടും ഇവിടത്തെ മണ്ണ് ഫലഭൂയിഷ്ടമായിട്ടില്ല. കളിമണ്ണാണിത്. ചില സ്ഥലത്ത് മാന്തിക്കഴിഞ്ഞാൽ മണൽ തന്നെ കിട്ടും. കെട്ടിടം പണിയാനുപയോഗിക്കുന്ന മണൽ തന്നെ ഇതിനടിയിലുണ്ട്.
ഇവിടെ എന്തുകൊണ്ട് ഫലഭൂയിഷ്ടമായില്ല എന്നു ചോദിച്ചാൽ മണ്ണിൽ ഇല ചേരുന്നത് വളരെ കുറവാണ്. ഓരോ തവണ കള പറിക്കുമ്പോഴും മണ്ണ് ഉണങ്ങും. ഉണങ്ങിയ മണ്ണ് വിണ്ടുകീറും. അത് മഴ പെയ്യുമ്പോള് ചെളിയായി കിടക്കും. മഴ തീർന്നു കഴിഞ്ഞാൽ ഉണങ്ങി കട്ടിയായി വിണ്ടുകീറി വെളളം ഒട്ടുമില്ലാത്ത അവസ്ഥയിലേക്ക് പോകും. ഇതെങ്ങനെ മാറ്റാമെന്നാണ് നമ്മൾ നോക്കുന്നത്.
ഇതിനു ചുറ്റുമൊരു ജൈവവേലി വെച്ചു പിടിപ്പിച്ചിട്ടുണ്ട്. നാടൻ വേലിയാണ്, നെറ്റ് അടിച്ചല്ല. വെറും വേലിയ്ക്കു പുറത്ത് ചെടികൾ വെച്ചുപിടിപ്പിച്ചിരിക്കുകയാണ്. പുറത്ത് നോക്കിക്കഴിഞ്ഞാൽ മതിലിനേക്കാള് ബലത്തിലാണത് നിൽക്കുന്നത്. ഇടയിൽക്കൂടി കയറാൻ പഴുതില്ല. ഒരു കുഴപ്പമുളളത് ഈ ഭാഗത്തുളള ആളുകളെല്ലാം മദ്യപിച്ചിട്ട് ബിയറുകുപ്പി ഈ പറമ്പിലേക്കാണ് എറിയുന്നത്. ഏകദേശം പത്തെഴുപത് ബിയറുകുപ്പിയാണ് മാസം ഇവിടെ വന്നു വീഴുന്നത്. ഞാനിതെല്ലാം പെറുക്കി വീടുവെയ്ക്കാനെന്തെങ്കിലും ടെക്നോളജി ഉണ്ടോ എന്നു നോക്കുകയാണ്. കുപ്പിയും മണ്ണും ഉപയോഗിച്ച് ഭിത്തി കെട്ടാൻ പറ്റുമോ എന്നൊക്കെ. അതുപോട്ടെ.
ഇവിടെ വെച്ചുപിടിപ്പിച്ച മരങ്ങൾ 8-10 വർഷമായവയാണ്. ഇതിന്റെ ചില്ലകൾ വെട്ടി ഇവിടെത്തന്നെ ഇടുകയാണിപ്പോൾ. പറമ്പു കിളയ്ക്കരുതെന്ന് നിർബന്ധമായി പറഞ്ഞിരിക്കുകയാണ്. എന്നിട്ട് പച്ചില കൊണ്ടുവന്നിട്ടു കൊണ്ടിരിക്കുകയാണ്. എവിടെ കാടു കിളിർക്കുന്നോ അവിടെ പച്ചിലയിട്ടു മൂടും. അങ്ങനെ ഒരു വർഷം കഴിയുമ്പോഴേക്ക് ഈ മണ്ണിന്റെ സ്വഭാവത്തിൽ വലിയൊരു വ്യത്യാസം വരും. ഇങ്ങനെ പച്ചിലയും ചവറും ചാണകവും എല്ലാം ചേർത്ത് മണ്ണിനെ മാറ്റിയെടുത്താൽ കാട് വെയ്ക്കാനായി ഉപയോഗിക്കാൻ കഴിയും. ഇവിടെ വെളളക്കെട്ട് ഒരു പ്രശ്നമാണ്. മരങ്ങൾ വന്നുകഴിയുമ്പോൾ കുറേയൊക്കെ അവ വലിച്ചെടുക്കും. മഴക്കാലത്തല്ലാതെ വലിയൊരു വെളളപ്രശ്നം ഉണ്ടാവാനും സാദ്ധ്യത കുറവാണ്.
മഴ തീരുന്നൊരു സമയം അനുസരിച്ച് ഏകദേശം ഒക്ടോബറിൽ ചെടികൾ നട്ടാൽ ഡിസംബറോടു കൂടി അവ വേരു പിടിക്കും. ഫെബ്രുവരിയൊക്കെ ആവുമ്പോൾ ഉണക്കാവും. മഴ പെയ്തില്ലെങ്കിൽ ഏപ്രിലിൽ നല്ല ഉണക്കാകും. ആ സമയത്ത് നനച്ചു കൊടുക്കേണ്ടി വരും. എങ്കിലും അടുത്ത മഴക്കാലമാകുമ്പോഴേക്കും ഈ ചെടികളൊക്കെ നന്നായി വേരു പിടിച്ചിരിക്കും. പിന്നെ നമുക്കവിടെ എന്തും ചെയ്യാം. ആ മരങ്ങൾ വളർന്നോളും. വെളളം കേറിയാലും ഇല്ലെങ്കിലുമൊന്നും കുഴപ്പമില്ല.
അപ്പോൾ ഏതു മണ്ണിലും കാടു വെയ്ക്കാൻ പറ്റും. വയലിൽപ്പോലും. പക്ഷെ ഇങ്ങനെ ചില തയ്യാറെടുപ്പുകൾ വേണം. വയലിലെ കളിമണ്ണിലേക്ക് ധാരാളം ചവറും ചാണകവുമൊക്കെ ഇട്ട്, വാഴ വെട്ടിയാൽ പോലും അതിനെ വെട്ടി തുണ്ടുകളാക്കി പറമ്പിൽത്തന്നെ ഇടുക. മണ്ണിന്റെ സ്വഭാവത്തിൽ മാറ്റം വരും. അങ്ങനെ ഒരു ജൈവാന്തരീക്ഷം ഉണ്ടായിക്കഴിയുമ്പോൾ മണ്ണിന്റെ വളക്കൂറ് കൂടും. കൃഷിയ്ക്ക് അത് കുറേക്കൂടി നല്ലതാകും എന്നാണ് തോന്നുന്നത്. എന്തായാലും ഞങ്ങളിവിടെ ഇതിന്റെ പരീക്ഷണം ആരംഭിച്ചിരിക്കുകയാണ്. ഭാവിയിൽ ഫലമുണ്ടാകുന്നതിന് അനുസരിച്ച് കാണിക്കാം.