മിയാവാക്കി മാതൃക കേരളത്തിലെമ്പാടും പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്, അതിന് ശക്തമായ വിമർശനങ്ങളും പല ഭാഗത്ത് നിന്നും വരുന്നുണ്ട്. വിമർശനങ്ങൾ കേൾക്കുന്നതിനൊക്കെ നമ്മൾ മറുപടി പറയാൻ ശ്രമിക്കുന്നുണ്ട്. ഒരു പുതിയ ശൈലി വന്നിരിക്കുന്നത് നമ്മുടെ കേരളത്തിലെ പഞ്ചായത്തുകളിലും, പൊതു സ്ഥലങ്ങളിലും എല്ലാം ഒരു മിയാവാക്കി എങ്കിലും വേണം എന്നൊരു ചിന്ത ആളുകൾക്ക് വരുന്നുണ്ട്. അതിന്റെ ഫലമായിട്ട് പ്രാദേശികമായിട്ട് ഒരു മിയാവാക്കി വനമെങ്കിലും കേരളത്തിൽ വച്ചു പിടിപ്പിക്കുന്നുണ്ട്. പക്ഷെ ഇതിലൊരു സാങ്കേതിക പ്രശ്നം ഉള്ളത് വച്ചുപിടിപ്പിക്കുന്നവരാരും ഇതിന്റെ ഒരു ശൈലി അല്ലെങ്കിൽ രീതി ശാസ്ത്രീയമായി അപഗ്രഥിച്ച് പഠിച്ച് അത് നടപ്പിലാക്കാൻ പഠിക്കുന്നുണ്ടോ എന്നുള്ള കാര്യത്തിൽ സംശയം ഉണ്ട്. പലയിടങ്ങളിലും നൂറ് കുഴി എടുത്ത് നൂറ് ഇടങ്ങളിൽ നട്ടു കഴിഞ്ഞാൽ അത് മിയാവാക്കി ആയി എന്നൊരു ധാരണ ഉണ്ടെന്നു തോന്നുന്നു. അതിന്റെ ദോഷം നാലോ അഞ്ചോ വർഷം കഴിയുമ്പോഴായിരിക്കും നമ്മൾ അറിയുന്നത്. കാരണം ഇതിന്റെ വളർച്ചയിൽ കാര്യമായ വ്യത്യാസം ഉണ്ടാകാം ഈ രണ്ടു മാതൃകകളും തമ്മിൽ.
കുറെ ആളുകളെങ്കിലും സ്വന്തം നിലയ്ക്ക് കുറച്ച് പൈസ ചിലവായാലും വേണ്ടില്ല, ഇത് കൃത്യമായി ചെയ്യണം എന്നു പറഞ്ഞ് മുന്നോട്ടു വരുന്നുണ്ട്. അത്തരത്തിൽ മുന്നോട്ടു വന്ന ഒന്നു രണ്ടു വ്യക്തികളെയും അവരുടെ മിയാവാക്കി വനങ്ങെളെയും പരിചയപ്പെടുത്താനായിട്ടാണ് ഉദ്ദേശിക്കുന്നത് ഇതിൽ ഒരാൾ, നമ്മുക്കെല്ലാം അറിയാവുന്ന പ്രമുഖ ഭരതനാട്യം നർത്തകി ആയ ഡോ. രാജശ്രീ വാര്യരാണ്. രാജശ്രീ വാര്യരും ഭർത്താവ് ശ്രീ അനിലും. അദ്ദേഹം ജിയോളജി ആൻഡ് മൈനിംഗ് ഡിപ്പാർട്മെന്റിൽ നിന്ന്, റിട്ടയർ ചെയ്ത ഉദ്ദ്യോഗസ്ഥനാണ്. അവർ രണ്ടു പേരും ചേർന്ന് അവരുടെ വീടിനോട് ചേർന്ന് മുക്കാൽ സെന്റ് സ്ഥലത്ത് ഒരു മിയാവാക്കി വനം വച്ചു പിടിപ്പിച്ചുണ്ട്. ഇത് ആറുമാസം മുൻപ് നട്ടതാണ്. എങ്ങനെയുണ്ട് അതിന്റെ വളർച്ച എന്നുള്ളതും എങ്ങനെ അവരതിൽ വന്നു എന്നുള്ളതും, അവരുടെ വാക്കുകളിലൂടെ കേട്ടു നോക്കാം.
ഈ വീട് പണിഞ്ഞ് ഇവിടെ താമസം തുടങ്ങി, കുറച്ച് കഴിഞ്ഞ് മതിലിന്റെ അവിടെ മാറ്റി പണിയേണ്ടി വന്നു. ആ സമയത്ത് അപ്പുറത്ത് നിന്ന് ഇങ്ങോട്ട് ചാഞ്ഞ് നിന്ന ഒരു മരത്തിന്റെ കുറെ ശിഖരങ്ങൾ മുറിക്കേണ്ടതായി വന്നു. രാത്രി ഇവിടെ കിടക്കുമ്പോ ആ മരം മുഴുവൻ മിന്നാ മിനുങ്ങുകളാണ്. ഈ ശിഖരങ്ങൾ മുറിച്ച ദിവസം സത്യം പറഞ്ഞാൽ എനിക്ക് ഉറങ്ങാൻ പറ്റിയില്ല. ഈ മിന്നാമിനുങ്ങുകളൊക്കെ എവിടെ പോകും. എന്നൊരു വല്ലാത്ത വെപ്രാളം ഉണ്ടായിരുന്നു.അന്നെ ദിവസം മുകൾ വശത്ത് കതക് പൂട്ടാൻ വേണ്ടി ചെല്ലുമ്പോ കാണുന്ന കാഴ്ച എതിര്വശത്തു നിൽക്കുന്ന മരത്തിനെ ചുറ്റിപ്പറ്റി നിൽക്കുകയാണ് മിന്നാമിനുങ്ങുകൾ. അപ്പോ ഒരു മരത്തിന്റെ ശിഖരം മുറിച്ചാൽ വേറെ ഒരു മരത്തിലേയ്ക്ക് അത് ചേക്കേറും. പക്ഷെ നമ്മുക്ക് എന്ത് ചെയ്യാൻ പറ്റും ഇവരെ തിരിച്ചു കൊണ്ടു വരാൻ. എന്നൊരു ചിന്ത വാസ്തവത്തിൽ എന്റെ മനസ്സിൽ വന്നു.
ഒരു ചെടി നട്ടാൽ എത്ര കാലം എടുക്കും, ഒരു ശിഖരം മുറിച്ചാൽ എത്ര കാലം എടുക്കും ഇലകൾ വളരാൻ. അപ്പോഴാണ് ഞാൻ ഈ ക്രൗഡ് ഫോറസ്റ്റിംഗിനെ കുറിച്ച് അറിയുന്നത്. മിയാവാക്കി. എന്റെ സുഹൃത്തു തന്നെയാണ് എം.ആർ.ഹരി. അദ്ദേഹത്തിന്റെ ഒരു മിഷനും അതിൽ ഉണ്ട്. കേരളത്തിലെ മിയാവാക്കി നടലിന്. എങ്ങനെ നമുക്ക് ഇവിടെ മിന്നാമിനുങ്ങുകളെയും ചിത്രശലഭ്ങ്ങളെയും കൊണ്ടു വരാം. തുമ്പികളെയുമൊക്കെ. ഏറ്റവും എളുപ്പം ഒരു മിയാവാക്കി വനം പിടിപ്പിക്കുക എന്നതു തന്നെ എന്നു തോന്നി. ഒരു പരീക്ഷണം പോലെ നൃത്തത്തിലൊക്കൊ ധാരാളം പരീക്ഷണങ്ങൾ ഉള്ളതു കൊണ്ട്, ഞാൻ പരീക്ഷണങ്ങൾ നടത്തുന്ന ആളാണ്. പരീക്ഷണങ്ങൾ ഇഷ്ടമാണ്.
ഒരു സെന്റിൽ ഈ മിയാവാക്കി, എത്രത്തോളം വളരും എന്നൊന്നും എനിക്ക് വലിയ ധാരണ ഒന്നും ഇല്ലായിരുന്നു. പലയിടത്തും മിയാവാക്കി ഫോറസ്റ്റ് കണ്ടിട്ടുണ്ട്, നമ്മുടെ ഈ മണ്ണിൽ ഇത് എത്രത്തോളം ഫ്രൂട്ട്ഫുൾ ആകുമെന്ന് അറിയില്ലായിരുന്നു. കുറെ പഴങ്ങൾ വേണം, അത് കഴിക്കാൻ കിളികൾ വരണം, അതൊക്കെ മനസ്സിലെ ആഗ്രമാണ്. പക്ഷെ നമ്മൾ എപ്പോഴും വീട് കെട്ടിപൊക്കുകയാണ് ചെയ്യുന്നത്. ഇത് പറയുമ്പാഴും. അതിനെ എങ്ങനെ കോംപന്സേറ്റ് ചെയ്യാം, എന്ന ചിന്തയിൽ നിന്നാണ് മിയാവാക്കി നടാം എന്ന തോന്നൽ വന്നത്.
ഇതിപ്പോ നട്ടിട്ട് അഞ്ചു മാസം ആകുന്നതേ ഉള്ളു. ഞങ്ങൾ പല സ്ഥലത്തും യാത്ര പോകും തിരിച്ചു വരും. തിരിച്ചു വരുമ്പോഴൊക്കെ ഇത് നിമിഷം പ്രതി പൊങ്ങി കൊണ്ടിരിക്കുകയാണ്. പൊങ്ങുക എന്നതു മാത്രമല്ല പപ്പായയൊക്കെ കായ്ച്ചു തുടങ്ങി. പലരും വന്നു തുടങ്ങി ഇവിടെ. പല നിറത്തിലുള്ള ചിത്രശലഭങ്ങളെ കണ്ടു. കഴിഞ്ഞ ദിവസം ഞാന് നീലനിറത്തിലുള്ള ഒരു ചിത്രശലഭത്തിനെ കണ്ടു. നീല ശ്രദ്ധിക്കാൻ കാരണം അത് മഞ്ഞ രാജമല്ലി, പൂവിൻ ചുറ്റുമാണ് അത് പറന്നിരുന്നത്. പല നിറത്തിലുള്ള രാജമല്ലി ഉണ്ട്. പല തരത്തിലുള്ള നാടൻ ചെടികൾ ഇതിനകത്ത് ഉണ്ട്.
എങ്ങനെ ഇത് വളർന്നു എന്നു ആലോചിക്കുമ്പോഴാണ്, ഒരു കാര്യം പിടികിട്ടിയത്. ഞാനത് ഹരിയോട് സംസാരിക്കുകയും ചെയ്തു. ഈ മണ്ണിൽ എത്ര പിടിക്കുന്ന എന്നുള്ളതിന് ഒരുകാരണം, കേരളത്തിൽ വളരാൻ അനുയോജ്യമായ ചെടികൾ തന്നെയാണ് ഇവിടെ അധികവും നിൽക്കുന്നത്. അതു കൊണ്ട് തന്നെയാണ് അത് വളരുന്നുത്. അങ്ങനെ ഒരു വനം എത്ര ദൂരെ എന്നു വിചാരിക്കുമ്പോ, അല്ല, വനം നമ്മുടെ അരികിൽ തന്നെ ഉണ്ട്, എന്നൊരു സമാധാനവും, നമ്മുക്ക് എന്തെങ്കിലും ഒന്ന് ഈ ഭൂമിയിൽ ചെയ്യാൻ, ഭൂമിക്ക് വേണ്ടി, മണ്ണിനു വേണ്ടി മനുഷ്യനെ നില നിർത്താൻ എന്തു ചെയ്യാൻ പറ്റും, എന്നുള്ള ചിന്തയിൽ നിന്നാണ് മിയാവാക്കി എന്ന ആശയം മനസ്സിൽ കടന്നതും, ഇതിലേക്ക് എത്തി നിൽക്കുന്നതും. അഞ്ചുമാസം കൊണ്ട് ഇതാണ് അവസ്ഥ എങ്കിൽ കുറച്ചു കൂടി കഴിയുമ്പോ എന്താകും എന്നത് കാണാനുള്ള കൊതിയായിട്ടിരിക്കുന്നു.
ഇപ്പോ നമ്മൾ കണ്ടത് ഡോ. രാജശ്രീ വാര്യരും അവരുടെ ഭർത്താവ് അനിലും ചേർന്ന് വീട്ടുമുറ്റത്ത് ഒരുക്കിയ മിയാവാക്കി വനമാണ്. ഇതൊരു അരസെന്റ് മുക്കാൽ സെന്റിനിടയ്ക്ക് ആണ് ഇത് ചെയ്തിരിക്കുന്നത്. ഇത് അഞ്ചുമാസമേ ആയുള്ളു ചെയ്തിട്ട്. ഇതിന്റെ വളർച്ച നമ്മൾ കണ്ടു. ചിത്രശലഭം ധാരാളമായിട്ട് വരുന്നുണ്ട്. പക്ഷികൾ വരുന്നുണ്ട്. പൂക്കൾ ഉണ്ടാകുന്നുണ്ട്. കായ ഉണ്ടാകുന്നുണ്ട്. വീടിനോട് ചേർന്ന് ഒരു പച്ചപ്പും കുളിരും നിൽക്കാൻ ഇത് സഹായകമാവും. പാമ്പ് വരും എന്ന പേടിയിൽ പലരും വീടിനടുത്ത് കാട് വയ്ക്കാറില്ല. പക്ഷെ ഇതിലൊന്നും വലിയ കാര്യം ഇല്ല എ്ന്ന് ഇത്തരം പരീക്ഷണങ്ങൾ തെളിയിക്കുന്നു. ഇത് നിങ്ങൾക്കും പരീക്ഷിച്ചു നോക്കാവുന്നതാണ്. കൂടുതൽ ആളുകൾ ഇതിനായി മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു.