പലരും ചോദിച്ചു പൂന്തോട്ടം എങ്ങനെയാണ് വയ്ക്കുന്നത്, ഒന്നു കാണിച്ചുതരാമോ എന്ന്. ഇവിടെ കാണുന്ന പൂന്തോട്ടത്തിന് മൊത്തത്തിൽ ഒരു കോണിപ്പ് ഉണ്ടായിരുന്നു. ചരിഞ്ഞ ഒരു സ്ഥലമായിരുന്നു. ഇതിന്റെ ഒരു വശത്ത് 20 അടി വീതിയുണ്ട്. മറ്റേയറ്റത്ത് പത്തടിയാണ് വീതി. ഇതിന്റെ മൊത്തം വിസ്തീർണം 40 അടി ആണ്. ഏകദേശം 600 സ്ക്വയർഫീറ്റ്. ഒന്നേകാൽ സെന്റ് എന്ന് കഷ്ടിച്ച് പറയാം. ഇവിടെയൊരു പാറയുണ്ട്, ബാക്കി എല്ലാ സ്ഥലത്തും മരം വച്ചിരിക്കുകയാണ്. വയ്ക്കുന്നതെല്ലാം ഇതുപോലെ തന്നെ ഒരു സ്ക്വയർമീറ്ററിൽ നാല് ചെടി വച്ചു വയ്ക്കുക. ഈ നാലു ചെടി വച്ചു വയ്ക്കുമ്പോ പലരും ചോദിക്കുന്നത്, ഇതിന് വെയിലു കിട്ടുമോ, പൂവ് ഉണ്ടാകുമോ, എന്നൊക്കെയാണ. അത് കാണിക്കാൻ വേണ്ടിയാണ് ഞാനിന്ന് ഇവിടെത്തന്നെ ഇരുന്നു സംസാരിക്കുന്നത്.
ഇതിലിപ്പോൾ സീസണല്ല, എന്നിട്ടും 25 ചെടികളിലോളം പൂവുണ്ട്. 25 ടൈപ്പ് ചെടികൾ ഇവിടെ നിൽപ്പുണ്ട്. പലതും ഒന്നിൽ കൂടുതലുണ്ട്. മന്ദാരം തന്നെ നാലെണ്ണം ഉണ്ട്, ചെമ്പരത്തി നാലോ അഞ്ചോ ഉണ്ട്. രാജമല്ലി ഒന്നിൽ കൂടുതൽ ഉണ്ട്. ഓരോ ചെടി എടുത്താൽ തന്നെ 25 ഓളം ഇവിടെ പൂത്തു നിൽപ്പുണ്ട്. ഇതിനകത്തുള്ള പൂക്കൾ ഏതൊക്കെയാണെന്ന് നോക്കാം. ഇതൊരു വിദേശ പുഷ്പമാണ്, മൂന്നു നാല് ചെടി നിൽപുണ്ട്. ഇതെപ്പോഴും പൂത്തു നിൽക്കും, ഈ സമയത്തൊക്കെ ഇത് പൂത്തു നിൽക്കാറുണ്ട്. ഇവിടെ റോസ് നിറമുള്ള പൂവ് കണ്ടോ, ഇത് കൊങ്ങിണി അഥവാ Lantana ആണ്. കാട്ടിലൊക്കെ കാണും. ദേവികുളം സൈഡിലൊക്കെ ചെന്നാലത് നിറയെ പൂത്തു കിടക്കുന്നതു കാണാം. ഇപ്പോഴതിന്റെ പൂക്കൾ പൊഴിഞ്ഞുകൊണ്ടിരിക്കുന്ന സമയമാണ്. അതിനപ്പുറം കാണുന്നത് കാക്കപ്പൊന്ന് എന്നു പറയുന്ന പൂവാണ്. പണ്ടു നമ്മുടെ പറമ്പിലുണ്ടായിരുന്ന സാധനമാണ്. അത് റോസ് നിറമുള്ള രാജമല്ലിയാണ്. മുകളിലൊക്കെ അതിന്റെ പൂവുണ്ട്. ഇവിടെ ഒരു പൂവ് നിൽപ്പുണ്ട്. ഇത് വിദേശ ചെടിയാണ്. ഇതിന്റെ പേര് എനിക്ക് അറിയില്ല. കുലകുലയായി പൂത്തു നിൽക്കാറുണ്ട്. ഇത് ചെമ്പരത്തി ആണ്. ഇത് മന്ദാരം. ഇത് പാരിജാതമാണ്, ഇത് പൂത്ത് പൂക്കൾ കൊഴിഞ്ഞു കൊണ്ടിരിക്കുകയാണ്. പൂത്തു കഴിഞ്ഞു. ഇത് നാടൻ ചെമ്പരത്തി. ഇത് വിദേശ ചെടിയാണ്, ചിത്രശലഭങ്ങൾ വരാനായിട്ട് വച്ചിരിക്കുന്നതാണ്. ധാരാളമായിട്ട് ചിത്രശലഭങ്ങൾ ഇതിൽ വരാറുണ്ട്. ഇത് കുടച്ചെത്തിയാണ്. അടുത്തത് മൊട്ടിട്ടുണ്ട്. ഇത് കൊഴിയുമ്പോ അടുത്തത് പൂവിടും.
ഇവിടെ തന്നെ കുടചെത്തിയുടെ വേറൊരു ഐറ്റമുണ്ട്. ഇത് എരിക്കാണ്. വെള്ള എരിക്ക്. ഇത് ചെയിഞ്ചിംഗ് റോസ് ആണ്, മിക്കവാറും ദിവസങ്ങളിൽ പൂവ് ഉണ്ടാകാറുണ്ട്. നാളെ മിക്കവാറും അതിൽ പൂവ് കാണും. ഇത് നിറയെ പൂവ് ഉണ്ടാകുന്ന വള്ളിച്ചെടിയാണ് ഇതിന്റെ പേര് എനിക്ക് അറിയില്ല. ഇത് നന്ത്യാർ വട്ടമാണ്. ഇത് മൊസന്തയാണ്. വിദേശ ചെടിയാണ്. പൂക്കൾ കൊഴിയുന്നതു കണ്ടോ, രാത്രി വിരിയുന്നതാണ്. രാവിലെ ആകുമ്പോ അത് കൊഴിയും. ശ്രീനിവാസന്റെ പവിഴമല്ലി പൂത്തുലഞ്ഞ- ആ ചെടിയാണ് ഇത്. നന്ത്യാർവട്ടത്തിന്റെ വേറെ ഒരു ഇനമാണ്. ഇത് ഗന്ധരാജനാണ്. ഇപ്പോഴതിന്റെ പൂവ് സീസൺ കഴിഞ്ഞു. ഇത് മംഗളാവി. ഞങ്ങൾ മഞ്ഞ കോളാമ്പി എന്നൊക്കെ പറയുന്ന ഒരു സാധനമാണ്. ഇത് നിത്യകല്യാണി. ശവംനാറി എന്നും പറയാറുണ്ട്. ഇത് വെള്ളയും ചുവപ്പുമായി പല നിറത്തിലുണ്ട്. ഇത് കുരങ്ങ് മൈലാഞ്ചി എന്നു പറയുന്ന ചെടിയാണ്. എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത് എന്നറിയില്ല. ചിലർ സിന്ദൂരം എന്നൊക്കെ പറയുന്നുണ്ട്, പക്ഷെ കുരങ്ങ് മൈലാഞ്ചി എന്ന പേരാണ് ഞാൻ കൂടുതൽ കേട്ടിട്ടുള്ളത്. ഇത് അഗ്നിമന്ദാരം. ഇതിൽ പൂവില്ല. പക്ഷെ ഇതിന്റെ ഇല ഭയങ്കര രസമാണ്. പൂവ് ഉണ്ടാകും. ഉണ്ടായാൽ തീ പോലെ ഇരിക്കും. അതാണ് ഇതിനെ അഗ്നിമന്ദാരം എന്നു വിളിക്കുന്നത്. ഇത് വള്ളിപോലെയാണ്. ഒരു കുഴപ്പമേ ഉള്ളൂ ഇവൻ ബാക്കിയുള്ളവയെ ചുറ്റിക്കെട്ടി പിടിച്ചു കളയും. ഇവിടെ തന്നെ കണ്ടില്ലേ പടർന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഇലയുടെ കളർ കണ്ടോ, വളരെ രസമാണ്. പൂക്കാറായെന്നു തോന്നുന്നു.
ഇത് നമ്മുടെ ആറ്റുതീരത്ത് നിൽക്കുന്ന ചെടിയാണ്. കുന്നിൻപുറത്തും വളരും. ഇന്ത്യയിൽ എവിടെ ചെന്നാലും ഈ ചെടിയെ കാണാൻ സാധിക്കും. റെയിൽവേ ലൈനിന്റെ സൈഡിലൊക്കെ. കുറച്ചുകൂടെ നല്ല കളർ വരാറുണ്ട്. ഇത് ഞെക്ക് എന്നു പറയുന്ന ചെടിയാണ്. ഏറ്റവും കൂടുതൽ ചിത്രശലഭങ്ങൾ വരുന്ന ചെടിയാണ്. ചില കറുത്ത ഈച്ചയും കരിവണ്ടുമൊക്കെ വരുന്ന ചെടിയാണത്. ഇത് അരളി.
റോഡിനപ്പുറമാണ് നമ്മൾ ആദ്യത്തെ മിയാവാക്കി വച്ചിരിക്കുന്നത്. ആ കാട്ടിൽ പൂത്തു നിൽക്കുന്ന ചില മരങ്ങൾ ഇവിടെ നിന്നുകാണിക്കാൻ പറ്റും. ഒരെണ്ണം ഇവിടെ നിന്ന് കാണിക്കാം. അതിന് മുകളിൽ നിൽക്കുന്നത് കടമ്പാണ്. കടമ്പ് പൂത്തില്ല. മന്ദാരം തകർത്തു പൂക്കുന്നുണ്ട്. അപ്പോ പൂക്കളുണ്ടാകും എന്നതിന് സംശയമില്ല. ഇത്രയും മെലിഞ്ഞിട്ടാണ് നിൽക്കുന്നതെങ്കിലും പൂവുണ്ടാകും. ഈ ചെടികളുടെ ശരാശരി പ്രായം 18 മാസമാണ്. 2019 മെയിലാണ് ഇത് വച്ചത്. 18 മാസം കൊണ്ടാണ് ഈ പൂന്തോട്ടം ഉണ്ടായത്. ഇതിന് മെയിന്റനൻസ് ഒന്നും ചെയ്തിട്ടില്ല. സാധാരണഗതിയിൽ നമ്മളൊരു പൂന്തോട്ടം വച്ചാൽ അതിൽ എല്ലാ ദിവസവും വെള്ളം ഒഴിക്കണം, പ്രൂൺ ചെയ്യണം അങ്ങനെ കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്. അങ്ങനെത്തെ കാര്യങ്ങളൊന്നും ഇവിടെ ചെയ്തിട്ടില്ല. കൂട്ടമായിട്ട് ചെടി വച്ചു, വളർത്തി, വെള്ളമൊഴിച്ചു കൊടുത്തു. ഇത് വെട്ടുമ്പോൾ ചില്ല അതിന്റെ ചുവട്ടിൽ തന്നെ ഇടുന്നു. അത്രേം മെയന്റനൻസേ ഇതിൽ ചെയ്യുന്നൂള്ളൂ. പക്ഷേ ചെടികൾ നന്നായി വളർന്നു വരുന്നുണ്ട്.
ഇങ്ങനെ വളർന്നു വരും എന്നു ബോധ്യമാക്കാനാണ് ഇത് കാണിക്കുന്നത്. നമ്മൾ പഠിച്ചുവന്ന തിയറി അനുസരിച്ച് വെയിലു കിട്ടിയില്ലെങ്കിൽ ചെടികൾ വളരില്ല, പുഷ്പിക്കില്ല, കായ്ക്കില്ല എന്നൊക്കെയാണ്. ഇവിടെ എല്ലാ ചെടികളിലും പൂവുണ്ടാകുന്നുണ്ട്. ഉള്ള വെയിലു കൊണ്ടത് മാനേജ് ചെയ്യുന്നുണ്ട്. ഇതിന് ചുറ്റും കാടാണ്. ഇവിടെ സൈഡിൽ നിന്നും വെയിലൊന്നും കിട്ടുന്നില്ല. കിട്ടിയെങ്കിൽ കൂറെക്കൂടി ഗംഭീരമായേനെ. ഉള്ള വെയിലു വച്ച് ഇത്രയൊക്കെ പൂക്കുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഇവിടെ ഒരു പച്ചപ്പുണ്ട്. ധാരാളം ചിത്രശലഭം വരുന്നുണ്ട്, പക്ഷികൾ വരുന്നുണ്ട്. ഇതിനകത്ത് ഒരു പക്ഷി കൂടു വച്ചിരുന്നു. വിരിഞ്ഞ സമയത്ത് ഞങ്ങളതിന്റെ ഒരു പടം എടുത്തിരുന്നു. പക്ഷെ കുഞ്ഞുവിരിയുന്നതും മറ്റും എടുത്തില്ല. അതിന് ബുദ്ധിമുട്ടാകണ്ടാന്നു വിചാരിച്ചാണ്.
അതുപോലെ തന്നെ ചിത്രശലഭങ്ങൾ വസന്തകാലം എന്നുപറയുന്ന ഏപ്രിൽ, മെയ് മാസങ്ങളിലൊക്കെ നന്നായി ഉണ്ടായിരുന്നു. അപ്പോൾ ഇത്രയും സമയം മതി. ഒന്നര സെന്റ് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഏകദേശം 150- 200 ചെടി വയ്ക്കാം. ഇവിടെ ഏകദേശം 200 ചെടികളാണ് വച്ചത്. ഇപ്പോൾ ഏകദേശം 130 -140 ചെടികൾ വളർന്ന് നിൽപ്പുണ്ട്. അല്ലാതെയും വേറെ ചെടികൾ വളർന്നു നിൽപ്പുണ്ട്.
ഇതിനകത്തൊരു തമാശ, ഞങ്ങൾ വയ്ക്കാത്ത കുറെ ചെടികൾ കിളർത്തുവരുന്നുണ്ട്. എവിടുന്നൊക്കെയോ പക്ഷികൾ കൊണ്ടുവന്നിടുന്നതാണ്. മിയാവാക്കി കാടുകളിൽ മരങ്ങൾ ഒരേ പ്രായമാകുമെന്നതാണ് ഇതിനെതിരെ ഉള്ള ഒരു വിമർശനം. ഇവിടെ സ്വാഭാവികമായി പല ചെടികളും കിളിർത്തു വരുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്. ഒരു നെല്ലി, ആത്ത ഒക്കെ കിളിർത്തു വരുന്നുണ്ട്. ഇതൊന്നും നട്ടതല്ല. അതുപോലെ ഏതെങ്കിലും കിളികൾ കൊണ്ടിടുമ്പോൾ ഇതിനകത്ത് ഇനിയും കൂടുതൽ കിളിർക്കുകയും ചെയ്യും. പലർക്കും ബോധ്യമാകാത്ത ഒരു കാര്യമാണ് ചെടികൾ ഇങ്ങനെ അടുപ്പിച്ച് വച്ചാൽ കിളർക്കും എന്നു പറയുന്നത്. അവരോട് പറയാനുള്ളത് നിങ്ങൾ ചെയ്ത് നോക്കുക, അപ്പോ നിങ്ങൾക്ക് ബോധ്യമാകും. പക്ഷെ ചെയ്യുമ്പോൾ പ്രൊഫസർ മിയാവാക്കി പറയുന്ന രീതിയിൽതന്നെ ചെയ്യണം, അതിന് ആവശ്യത്തിന് വളമിടണം, ചെടികൾ അടുപ്പിച്ച് നടുന്നതിനു മുൻപ് അവ നന്നായി വളർത്തണം അതിന്റെ വേര് പൂർണ്ണമായും വികസിപ്പിച്ച ശേഷം വേണം മണ്ണിൽ വയ്ക്കാൻ. എന്താന്നു വച്ചാൽ ഈ മേഖലയിൽ അല്ല എല്ലാ മേഖലയിലും പ്രശ്നങ്ങൾ ഉണ്ട്.
ഞാൻ വർക്ക് ചെയ്യുന്ന കമ്പനി ഇൻവിസ് മൾട്ടിമീഡിയ, 1995ൽ ഇന്ത്യയിൽ ആദ്യമായി ആപ്പിൾ മെഷീനുകൾ പ്രൊഡക്ഷനു വേണ്ടി ഇറക്കുന്നത് ഇൻവിസ് മൾട്ടിമീഡിയ ആണ്. അതിനു ശേഷമാണ് ബോംബെയിൽ പോലും ആപ്പിൾ വീഡിയോ പ്രൊഡക്ഷനു വേണ്ടി ഉപയോഗിക്കുന്നത്. കംപ്യൂട്ടർ ഉപയോഗിക്കുന്നത് തന്നെ 1995 ൽ Quantel, അങ്ങനെ ഒന്നു രണ്ടു സിസ്റ്റം അത് NDTV പോലുള്ള വലിയ കമ്പനികളൊക്കെയാണ് ഉപയോഗിച്ചു കൊണ്ടിരുന്നത്. അല്ലാതെ ആപ്പിൾ ഇന്ത്യയിൽ ഇറക്കിയിട്ട് ആദ്യം സെയിൽ നടന്നത് കേരളത്തിലാണ്, തിരുവനന്തപുരത്താണ്, ഇൻവിസ് മൾട്ടീമീഡിയ ആണത്. അന്നത് ഉപയോഗിച്ചു കൊണ്ടിരുന്ന ആളുകൾക്ക് അത്ര പരിചയം ഇല്ല. എല്ലാരും പുതിയതായി ഉപയോഗിക്കുകയാണ്. മെഷീൻ കേടാകുമ്പോൾ അതിലൊരു കക്ഷി പറഞ്ഞുകൊണ്ടിരുന്നത്, മെഷീൻ ശരിയല്ല എന്നാണ്, അപ്പോൾ ഞങ്ങളദേഹത്തോട് പറയും ആപ്പിൾ മെഷീൻ ലോകം മുഴുവൻ ചെലവഴിക്കുന്നതും ലോകത്ത് പല ഭാഗത്തും അത് ഉപയോഗിക്കുന്നതുമാണ്. അങ്ങനെയുള്ള ഒരു സാധനം ശരിയല്ല എന്നുപറഞ്ഞാൽ - ശരിയല്ലാത്ത ഒരു സാധനം അവർക്ക് മാർക്കറ്റിൽ ഇറക്കാൻ സാധിക്കില്ല. ശരിയല്ലാത്തത് നമ്മളാണ്. നമ്മൾ ചെയ്യുന്നതിൽ എന്തോ ശരിയല്ലാത്തതുകൊണ്ടാണ് മെഷീൻ വേണ്ടരീതിയിൽ പ്രവർത്തിക്കാത്തത്. അത് നമുക്കറിയാതെയാണ് മെഷീൻ ശരിയല്ല എന്നു പറഞ്ഞു കൊണ്ടിരിക്കുന്നത്.
മിയാവാക്കി മാതൃകയുടെ കാര്യത്തിലും അതുതന്നെയാണ് പറയാനുള്ളത്. പ്രൊഫസർ മിയാവാക്കി എന്നുപറഞ്ഞാൽ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന സസ്യശാസ്ത്രജ്ഞരിൽ ഒരാളാണ്. അദ്ദേഹം ജപ്പാനിലും ജർമ്മനിയിലും, ഒക്കെയായി 40 വർഷം ഗവേഷണം നടത്തിയതിനു ശേഷമാണ് ഈ മിയാവാക്കി മാതൃക രൂപീകരിക്കുന്നത്. രൂപീകരിക്കുക മാത്രമല്ല 1300 സ്ഥലങ്ങളിൽ അദ്ദേഹമത് നടപ്പിലാക്കി. ലോകം മൊത്തം നാലുകോടി മരങ്ങൾ ആ മാതൃക ഉപയോഗിച്ച് അദ്ദേഹം നേരിട്ട് വച്ചുപിടിപ്പിച്ചു. അദ്ദേഹത്തിന്റെ ശിഷ്യരായിട്ടുള്ള ആളുകൾ അതിലും കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിച്ചു, അദേഹത്തിൽ നിന്നും പഠിച്ച ആളുകൾ. അദ്ദേഹം പരസ്യമായിട്ട് തന്റെ നിഗമനങ്ങളും നിരീക്ഷങ്ങളും എല്ലാം പുസ്തകമായിട്ട് പ്രസിദ്ധീകരിച്ചു. ഇതെല്ലാം ലഭ്യമാണ്. അത് മണ്ടത്തരമാണ് എന്നു പറയുന്നത് നമ്മൾ അതേക്കുറിച്ച് കൂടുതൽ പഠിക്കാൻ തയ്യാറാകാത്തതു കൊണ്ടാണ്. പഠിക്കണം എന്നാണ് എന്റെ അഭ്യർത്ഥന. കാരണം നമുക്കാരെയും ബലമായി പഠിപ്പിക്കാൻ പറ്റില്ല.
അഭിപ്രായങ്ങൾ പറയുന്നതിന് മുൻപ് അതൊന്നു പരീക്ഷിച്ചു നോക്കുക, സംശയങ്ങൾ പ്രകടിപ്പിക്കാം, പക്ഷെ അത് നടക്കില്ല എന്ന് തീർത്ത് പറയുന്നത്, കുഴപ്പമില്ല നമ്മുക്ക് അഭിപ്രായ സ്വാതന്ത്യമുണ്ടല്ലോ. അതുകൊണ്ട് പറയാം. പക്ഷെ നടക്കില്ല എന്നു പറയുന്നതിന് മുൻപ് നമ്മൾ തന്നെത്താനെ ഒന്നു ചെയ്തുനോക്കുന്നത് നല്ലതായിരിക്കും. അതിനുവേണ്ടിയാണ് ഞാനിവിടെ ഇത്രയും പൂക്കളുണ്ടാകുന്നു എന്ന് കാണിക്കുന്നത്. വേണ്ടരീതിയിൽ ചെയ്തുകഴിഞ്ഞാൽ ഈ ഒന്നര സെന്റിനകത്ത് നിങ്ങൾക്കും ഇത്രയുമധികം പൂക്കൾ ഉണ്ടാക്കിയെടുക്കാൻ പറ്റും. നടുന്നതിനകത്തെ സംശയങ്ങൾ പലർക്കും ഇപ്പോഴും തീർന്നിട്ടില്ല. കഴിഞ്ഞ രണ്ടു മൂന്നു വീഡിയോയിൽ ഞാനത് പറഞ്ഞെങ്കിലും സംശയങ്ങൾ ഇപ്പോഴും ബാക്കിനിൽക്കുകയാണ്. ആ സ്ഥിതിയ്ക്ക് എങ്ങനെയാണ് നടുന്നതെന്ന് ഒന്നുകൂടി കാണിക്കാം. അതിൽ കണക്കിന്റെ തെറ്റ് പലർക്കും സംഭവിക്കുന്നുണ്ട്. അതൊഴിവാക്കാനായിട്ട് ഒന്നുകൂടി കാണിക്കാം.
ചെടി വയ്ക്കുന്നതിന്റെ കണക്ക് ആളുകൾക്ക് തെറ്റുന്നത് എന്താണെന്ന് അറിയില്ല. ഒരുപക്ഷെ ഞാൻ പറയുന്നതിന്റെ തെറ്റാകാം. ഇതിൽ വലിയ കാര്യം ഒന്നുമില്ല. ലളിതമായ ഒരു കാര്യമാണ്. പക്ഷെ അത് പറഞ്ഞുമനസ്സിലാക്കാൻ എനിക്കു പറ്റുന്നില്ല. പലരും ചെയ്ത് കഴിഞ്ഞ് അബന്ധം പറ്റി വീണ്ടും വിളിക്കുന്നുണ്ട്. അതുകൊണ്ട് ഞാൻ ഒന്നു കൂടി പറയുകയാണ്, ഇനി ഇതു പറയുകയില്ല. കാരണം എനിക്കുകൂടി ബോറടിച്ചു തുടങ്ങി.
ഇത് നാല് സ്ക്വയർമീറ്റർ സ്ഥലമാണ്. ഇത് കൃഷി ചെയ്യുന്ന സ്ഥലമല്ല, ഇതൊന്ന് കാണിക്കാനായിട്ട് പടം വെറുതെ വഴിയിൽ വരച്ചതാണ്. നാലു സ്ക്വയർ മീറ്ററിനെ നടുകെയും കുറകെയും വരച്ചു കഴിയുമ്പോൾ അത് നാല് കളമായിട്ട് മാറുന്നു. ഒരു സ്ക്വയർമീറ്ററിന്റെ 4 ചതുരങ്ങളാണ്. പലരും ചെയ്യുന്നത് ഇതിന്റെ കോർണറിൽ ചെടി എടുത്തു വയ്ക്കും. ഇതിന്റെ നാലു മൂലയിലും ചെടി വയ്ക്കുകയാണ്. എന്നിട്ട് ഒരു സ്ക്വയർ മീറ്ററിൽ നാല് ചെടി വച്ചു എന്നു കണക്കാക്കും. സ്ത്യത്തിൽ ഇങ്ങനെ വച്ചുകഴിയുമ്പോൾ രണ്ടു സ്ക്വയർമീറ്ററിൽ വരുന്നത് 9 ചെടികൾ മാത്രമാണ്. നാല് കോളത്തിൽ നമ്മൾ നാലു ചെടി വീതം വച്ചുവരുമ്പോൾ 16 ചെടികളാണ് വരേണ്ടത്. മൂലയിൽ വയ്ക്കുമ്പോൾ 9 മാത്രമാണ് വരുന്നത് എന്നു മാത്രമല്ല, ഇതിന്റെ അടുത്ത കോളം വരുമ്പോൾ ഇതിലൊരെണ്ണം അങ്ങോട്ടും പോകും. ഫലത്തിൽ രണ്ടെണ്ണമേ നമ്മൾ ഇങ്ങനെ വച്ചാൽ വരുകയുള്ളൂ.
കൃത്യമായി ചെയ്യേണ്ടത് ഏറ്റവും വലിയ മരത്തിനെ എടുത്ത് നടുക്ക് വയ്ക്കുക, എന്നിട്ടതിന്റെ ചുറ്റുമായി മൂന്ന് മരങ്ങളെ വയ്ക്കുക. ഇപ്പോൾ നമ്മൾ നാല് മരങ്ങൾ വച്ചു കഴിഞ്ഞു. ഇനി അടുത്ത കോളത്തിൽ അതുപോലെ ഒന്ന് നടുക്ക് വയ്ക്കുന്നു ചുറ്റുമായി മൂന്നെണ്ണവും. ഇപ്പോൾ രണ്ടു കോളത്തിലും നാല് വീതം വച്ചു കഴിഞ്ഞു. നടുക്ക് ഒരു മരം വയ്ക്കുക, മൂന്നെണ്ണം അതേ കോളത്തിൽ തന്നെ വയ്ക്കുക. ഒരിക്കലും ഇതിന്റെ കോർണറിൽ കൊണ്ടു വയ്ക്കരുത്. ഇത് ഇതിന്റെ മാത്രം കോർണറല്ല, ഇപ്പുറത്തെ ചതുരത്തിന്റെ കോർണറാണ്, ഇവിടെ കോളമുണ്ട് അതിന്റെയും കോർണറാണ്. വീതിച്ചു പോകുമ്പോൾ ചെടികളുടെ എണ്ണം കുറയും. അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക, ഒരു ചതുരം എടുക്കുക. ആ ചതുരത്തിന്റെ നടുക്ക് മാത്രം വയ്ക്കുക. എങ്കിൽ മാത്രമേ നമ്മൾ ഈ പറയുന്ന കണക്കിനുള്ള വളര്ച്ച ഉണ്ടാകുകയുള്ളൂ.