ഒരു മിയാവാക്കി വനം സൃഷ്ടിക്കാൻ എത്ര സ്ഥലം വേണം എന്നത് സാധാരണ ആളുകൾ ചോദിക്കുന്ന ചോദ്യമാണ്. നിയതമായ ഒരളവൊന്നും ഇല്ല എന്നുള്ളതാണ് സത്യം. നഗരപ്രദേശത്ത് ഒരു വനത്തിന്റെ എല്ലാ പ്രത്യേകതയും ഉള്ള പ്രദേശം സൃഷ്ടിക്കാ ൻ കുറഞ്ഞത് ആയിരം ചതുരശ്ര അടി അതായത് 100 സ്ക്വയർ മീറ്റർ, സെന്റ് കണക്കിൽ പറഞ്ഞാൽ രണ്ടേകാലിനും രണ്ടരയ്ക്കും ഇടയ്ക്ക് വരും. അത്രയും സ്ഥലം മാറ്റി വച്ചാൽ ഒരു കാടിന്റെ എല്ലാ പ്രത്യേകതകളും ഉള്ള ചെറു മാതൃക സൃഷ്ടിച്ചെടുക്കാ ൻ കഴിയും എന്നാണ് പറയുന്നത്.
പക്ഷെ ജപ്പാനിൽ വളരെ ചെറിയ ചില മാതൃകകൾ നമ്മൾ കണ്ടു. ഹടാനോ (Hadano) എന്ന സ്ഥലത്തിനടുത്ത് ഒരു ഷിന്റോ ദേവാലയമുണ്ട്. അതിനടുത്തായി 12-13 വർഷം മുമ്പ് അദ്ദേഹം സൃഷ്ടിച്ച ഒരു വലിയ കാടുണ്ട്. 13 ഏക്കറോളം വരും ആ സ്ഥലമെന്നാണ് എന്റെ ഓർമ്മ. പല ഡിസൈനിലാണത് ചെയ്തിരിക്കുന്നത്. അതിലൂടെ നടക്കാം, അമ്പലത്തിലേക്കു പോകാം. അതിലെ ഒഴുകി വരുന്ന വെള്ളം പുഴ പോലെ വേറെ സ്ഥലത്തേയ്ക്ക് ഒഴുകി പോകുന്നു. പല തരത്തിലുള്ള മരങ്ങൾ കൂട്ടിച്ചേർത്ത് വെച്ച് പല മാതൃകയിലും ആകൃതിയിലുമുള്ള വനങ്ങൾ അവിടെ സൃഷ്ടിച്ചിരിക്കുകയാണ്.


അതിൽ വളരെ രസകരമായി തോന്നിയിട്ടുള്ള രണ്ടു കാര്യങ്ങൾ ഒന്ന് പാർക്കിംഗ് ലോട്ട് ആണ്, അവിടെ റ ആകൃതിയിൽ മരം വച്ചു പിടിപ്പിച്ചിരിക്കുകയാണ്. ഏകദേശം ഇരുന്നൂറോളം കാറുകൾ സൗകര്യമായി പാർക്ക് ചെയ്യാം. ഈ കാറുകൾക്കൊന്നും വെയിലടിക്കില്ല. അവിടെത്തന്നെ ഒരു സോളാർ സ്റ്റേഷനും വെച്ചിട്ടുണ്ട്. കാറിനു പെട്രോളടിക്കുകയോ, മറ്റു ആവശ്യങ്ങളോ ഒക്കെ വേണമെങ്കിൽ അതും ഒതുക്കത്തിൽ കാടിന്റെ അരികു ചേർത്ത് തയ്യാറാക്കിയിട്ടുണ്ട്.

രണ്ടാമത്തേത്, അതിന്റെ മുന്നിലായി വളരെ ചെറിയ ഒരു വനമുണ്ട്. അതിന് കഷ്ടിച്ച് പത്തടി വീതിയേ ഉള്ളൂ. നീളം ഇരുപത് അടിയിൽ കൂടുതൽ ഉണ്ട്. അതിന്റെ രണ്ടു അറ്റവും വീതി കുറഞ്ഞു വരികയാണ്. നടുക്ക് കുറച്ച് വീതിയുണ്ട്, നമുക്കതിനു ചുറ്റും നടക്കുകയും ചെയ്യാം. പ്രധാന വനങ്ങൾക്കു ചുറ്റും ഇത്തരം ചെറിയ വനങ്ങൾ സൃഷ്ടിക്കുന്നതും രസമാണ്. ആ മാതൃക ഇവിടെ കാണിക്കുകയാണ്.