കാടു വയ്ക്കണം എന്ന് അതിയായ ആഗ്രഹമുണ്ട്, പക്ഷെ പൈസയില്ല, സ്ഥലമില്ല, ഉള്ള സ്ഥലത്ത് മുഴുവൻ മരങ്ങളാണ്. ഇതാണ് എനിക്ക് കഴിഞ്ഞ കുറെ നാളായിട്ട് കിട്ടുന്ന പ്രധാന ചോദ്യം. കാരണം ഏപ്രിൽ 22 ന് ഭൗമദിനത്തിൽ കേരളത്തിൽ കഴിയുന്നത്ര വീടുകളിൽ കാട് വച്ചു പിടിപ്പിക്കണം എന്ന് പറഞ്ഞ് ഒരു വീഡിയോ ചെയ്തിരുന്നു. അത് കഴിയുന്നത്ര ആളുകളിലേയ്ക്ക് ഷെയർ ചെയ്യണം എന്നും ആവശ്യപ്പെട്ടിരുന്നു. കൂടുതൽ ആളുകൾ അത് ഷെയർ ചെയ്യുകയും ചെയ്തു. അതു കണ്ടവരിൽ നിന്നൊക്കെ കൂടുതൽ വന്ന ചോദ്യം ഇതായിരുന്നു. ഞങ്ങൾക്ക് വലിയ ആഗ്രഹമുണ്ട് വീടിനു ചുറ്റും കാട് വയ്ക്കണമെന്ന് പക്ഷെ അതിനുള്ള പൈസയില്ല. അല്ലെങ്കിൽ സ്ഥലമില്ല, അല്ലെങ്കിൽ ചെടിയുടെ തണലാണ് ഉള്ള സ്ഥലത്ത്. പിന്നെ നാലാമത് ചോദിക്കുന്നത് ഇഴജന്തുക്കൾ വന്നാൽ എന്തു ചെയ്യും എന്നാണ്. ഇങ്ങനെ മൂന്നു നാല് ചോദ്യങ്ങളാണ് സ്ഥിരമായിട്ട് വരുന്നത്. അതിനുള്ള ഉത്തരമാണിത്.

എന്തായാലും ഭൗമദിനം 22 ാം തീയതിയാണ്. അതിനുമുമ്പ് പെട്ടെന്ന് നമുക്ക് ഒന്നും ചെയ്യാൻ ഒക്കുകയില്ല. ഇനി വളരെക്കുറച്ച് പേർക്കേ അതിനു മുമ്പ് വയ്ക്കാനായി പറ്റുകയുള്ളു. ജൂൺ 5 ലോക പരിസ്ഥിതി ദിനമാണ്, ഇനി ഒരു മാസമുണ്ട്. അപ്പോഴെത്തേയ്ക്കെങ്കിലും ഒരു പതിനായിരം പേർ ഇത് വയ്ക്കുന്ന രീതിയിൽ ഇത് ചെയ്യണം. കഴിയുമെങ്കിൽ ക്രൗഡ് ഫോറസ്റ്റിങ്ങിന്റെ വകയായിട്ട് ഏറ്റവും നന്നായി കാട് വയ്ക്കുന്ന കുറച്ച് പേർക്ക് സമ്മാനം ഒരുവർഷം കഴിഞ്ഞിത് വിലയിരുത്തിയിട്ട് നൽകാൻ നോക്കുന്നുണ്ട്. അതിന്റെ വിശദംശങ്ങൾ പിന്നാലെ പറയാം.

ഈ വീഡിയോ കഴിയുന്നത്ര ആൾക്കാർക്ക് ജൂൺ 5 ന് മുൻപ് എത്തിക്കാൻ ശ്രമിക്കണം എന്നൊരു അഭ്യർഥന ഉണ്ട്. ഇത് കുറഞ്ഞ സ്ഥലത്ത് എങ്ങനെ കാട് വയ്ക്കാം എന്ന് കാണിക്കുന്ന വീഡിയോ ആണ്. ഞാനിവിടെ ഒരു ഉദാഹരണം ചെയ്തു കാണിക്കുകയാണ്. ഇത് എന്റെ വീടിന്റെ പട്ടിക്കൂട് ഇരുന്ന സ്ഥലമാണ്. ഏകദേശം 2 സെന്റ് സ്ഥലമുണ്ട്, വേണ്ടരീതിയിൽ ഉപയോഗിക്കാതെ കിടന്ന ഒരു സ്ഥലമാണ്. ഇവിടെ ഈ പറഞ്ഞ പ്രശ്നങ്ങളെല്ലാം ഉണ്ട്, മാവ്, പ്ലാവ്, കശുമാവ് എല്ലാം നിൽപ്പുണ്ട്. ഇപ്പുറത്ത് ഞാൻ തന്നെ കൊണ്ടുവെച്ച ഒരു വലിയ പേരാൽ നിൽപ്പുണ്ട്, വേങ്ങ നിൽപ്പുണ്ട്. ടെറസ്സിലേയ്ക്ക് ചാഞ്ഞപ്പോ അതിനെ ചരിച്ചു വെട്ടി, ഇപ്പോ അത് കിളിർത്തു. സ്റ്റാർ ആപ്പിൾ - ഇത്രയും മരങ്ങൾ നിൽപ്പുണ്ട്. ഇത് രണ്ട് സെന്റിനകത്തല്ല, അതിൽ തന്നെ ഉള്ള ഒരു അരസെന്റിൽ താഴെ സ്ഥലത്താണ് ഇത്. അതിനകത്ത് രണ്ട് വാട്ടർ ടാങ്ക്, പിന്നെ ഒരു പട്ടിക്കൂടും കൂടി എടുത്തുവച്ചു. ഇത്രയും കഴിയുമ്പോൾ പിന്നെ ഉള്ളത് കഷ്ടിച്ച് കാൽ സെന്റ് സ്ഥലം അവിടെയും അര സെന്റ് സ്ഥലം ഇവിടെയുമാണ്. അവിടെ കിട്ടുന്നത് 100 സ്ക്വയർഫീറ്റും, ഇവിടെ കിട്ടുന്നത് 50 സ്ക്വയർഫീറ്റാണ്. അങ്ങനെ മൊത്തം 150 സ്ക്വയർഫീറ്റ് സ്ഥലമേ ഉള്ളു. ഇതിനകത്ത് എന്തു ചെയ്യാം എന്നുള്ളതാണ് ഇവിടെ കാണുന്നത്.

ഇവിടെ തന്നെ നമുക്ക് വളരെയധികം ചെടികൾ വയ്ക്കാൻ പറ്റും. ഞാനിവിടെ ഏറ്റവും നല്ല 10 ചെടികളാണ് സെലക്ട് ചെയ്തിരിക്കുന്നത്. ഇതൊക്കെ ഹോംഗ്രോണിൽ നിന്ന് വാങ്ങിയ തൈകളാണ്, അവയ്ക്ക് 350 -400 രൂപ വിലയുണ്ട്. അതിൽ വെള്ള ഞാവലൊക്കെ കായ്ച്ചു തുടങ്ങി. അങ്ങനെ നല്ല വില കൊടുത്തു വാങ്ങിയ 12 തൈകൾ ഇതിനകത്ത് ഉണ്ട്. ബാക്കി തൈകൾ ഞാൻ തന്നെ ഗ്രോ ബാഗിൽ കിളിർപ്പിച്ചെടുത്തതാണ്. ഇത്രയും കുറച്ച് സ്ഥലം ആകുമ്പോ 12 മരത്തിൽ കൂടുതൽ വയ്ക്കാൻ പാടാണ്.

പിന്നെ ചാമ്പ, കുറച്ച് പൂച്ചെടികളും വയ്ക്കുന്നുണ്ട്. ഇവിടെ പരാഗണം നടക്കണമെങ്കിൽ തേനീച്ചയും ചിത്രശലഭവും എല്ലാം വേണം. അതു കൊണ്ട് പ്രധാനപ്പെട്ട ചെടികൾ കഴിഞ്ഞാൽ പിന്നെ അതിൽ വച്ചിരിക്കുന്നതെല്ലാം പൂച്ചെടികൾ ആണ്. പൂച്ചെടികൾ കൂടാതെ കുറെ പച്ചക്കറികൾ കൂടി ഇതിനിടയിൽ വച്ചു. കാരണം ഈ പച്ചക്കറികളുടെ എല്ലാം ആയുസ്സ് 3 മാസം ആണ്. 3 മാസം ആകുമ്പോ ഈ ചെടികളൊക്കെ നാലടി ആകും അതു വരെ ഈ പച്ചക്കറികൾക്കൊക്കെ വെയില് കിട്ടും. ഇവിടെ തിങ്ങാനും പച്ചക്കറി മതി. നേരത്തെ പച്ചക്കറി വച്ചിടത്തൊക്കെ നല്ല റിസൽട്ട് ലഭിച്ചു. ഇവിടെ തൊട്ടടുത്തായതു കൊണ്ട് എനിക്ക് നന്നായി ശ്രദ്ധിക്കാൻ പറ്റി. ഇതൊരു പരീക്ഷണത്തോട്ടമായതു കൊണ്ട് ഞാൻ തന്നെ നോക്കി വളർത്തിയെടുക്കാമെന്നാണ് വിചാരിക്കുന്നത്. നിങ്ങൾ ഇടയ്ക്കിടയ്ക്ക് എന്തായി എന്നു ചോദിക്കുമ്പോ കാണിക്കാൻ ഒരു റിസൽട്ട് വേണമല്ലോ അതു കൊണ്ട് നന്നായി നോക്കി എടുക്കാമെന്ന് വിചാരിക്കുന്നു.

ഇതിനകത്ത് പച്ചക്കറിത്തൈകളും പൂച്ചെടികളും ഉൾപ്പെടെ നൂറിൽ കൂടുതൽ തൈകൾ വച്ചിട്ടുണ്ട്. ഒരു സ്ക്വയർഫീറ്റിൽ ഒരു തൈ വച്ച് വച്ചിട്ടുണ്ട്. അത്രയധികം ഇവിടെ വച്ചു. അതിനുള്ള പ്രധാന കാരണം പച്ചക്കറി കൂടെ ആയതു കൊണ്ടാണ്. ഇവിടെ ഇപ്പോ ഇല്ലാത്ത ചെടികൾ ഇല്ല. ഇവിടെ വച്ചിരിക്കുന്ന ചെടികളുടെ പേര് പറയുകയാണെങ്കിൽ, ശീമപ്ലാവ്, കറിവേപ്പ്, ഞാവൽ, തക്കാളി, എരുക്ക്, വലിയ ചാമ്പ, വയമ്പ്, മാവിൻ തൈ, ഇത് വലിയൊരു മാവ് ആണ്. പിന്നെ റമ്പൂട്ടാൻ, കനകാംബരം, മധുര ലോലിക്ക, പേര, വഴുതന, ചെറു പേര, ചീനിയമര, അപ്പുറം അരൂതയാണ്, വീണ്ടും പേര, ഇവിടെ തകരയുടെ ഇനത്തിൽ പെട്ട പൂവ് ഉണ്ടാകുന്ന ചെടിയാണ്. ചാമ്പയുണ്ട്, നന്ത്യാർവട്ടമുണ്ട്, പൂവുണ്ടാകുന്ന ചെത്തിയുണ്ട്, അപ്പുറം പേര നിൽക്കുന്നു, അതിന് കേടു വന്നു എന്നു തോന്നുന്നു. കുടംപുളി വച്ചിട്ടുണ്ട്, ചെത്തി, റംപൂട്ടാൻ, ചാമ്പ, മാവിൻ തൈ, വേലിപരുത്തി, ചെറുനാരകം, പൂച്ചപ്പഴം, പച്ചമുളക്, നീലകൊടുവേലി, ജട്രോഫാ ഇനത്തിൽപ്പെട്ട പൂച്ചെടി..

ചീരയുണ്ട്, ഈ ചീര 1 വർഷം നിൽക്കും എന്നാണവർ പറയുന്നത്. അതപ്പോഴേ അറിയാൻ പറ്റുകയുള്ളു. ഇവിടെ വെള്ളച്ചെത്തി, ചെറിയ പേര, അത് പൂവ് ഉണ്ടാകുന്ന ചെടിയാണ്, നെല്ലിയാണ്, കശുമാവ്, സ്റ്റാർ ആപ്പിൾ, അതിന്റെ ചുവട്ടിലൊരു ചെമ്പരത്തി വച്ചിട്ടുണ്ട് അതിനപ്പുറം ഒരു എരുക്ക് ഉണ്ട്. ഗന്ധരാജൻ. ഇത് സാലഡിൽ ഇടുന്ന ഒരു തുളസിയാണ്. മുരിങ്ങ, പേര, ഈഴചെമ്പകം - ചിലയിടത്ത് ഇത് അരളിയാണെന്നും പറയുന്നുണ്ട്. അവിടെ ഒരു പൂച്ചെടിയുണ്ട്, തക്കാളിയുണ്ട്. കാട്ടു ചെത്തി, ഒരു വലിയ ചീരയുണ്ട്, ശിംശിപാ വൃക്ഷമാണ് ആ കാണുന്നത്. വേങ്ങ പണ്ടേ ഇവിടെ ഉണ്ട്. അതിനപ്പുറം രാമതുളസി. ഇത്രേം സാധനങ്ങളാണ് ഇവിടെ വച്ചിരിക്കുന്നത്.

ഇതിൽ പറയേണ്ട വേറൊരു കാര്യം കൂടിയുണ്ട്. ഇന്ന് രാവിലെ ഒരാൾ എനിക്ക് മെസ്സേജ് ചെയ്തിരുന്നു, അദ്ദേഹം അര സെന്റ് സ്ഥലത്ത് കാടു വയ്ക്കാനായി ഭാര്യയെ ഏൽപ്പിച്ചിരിക്കുകയാണ്, കുറച്ച് നല്ല ചെടികൾ വച്ചുപിടിപ്പിക്കാനായിട്ട്. അതിന്റെ കൂട്ടത്തിൽ അദ്ദേഹത്തിന് പൂച്ചെടികൾ കൂടി വയ്ക്കണം, അതിന് ഈ പൂച്ചെടികൾ ഏതൊക്കെയാണന്ന് അദ്ദേഹത്തിന് അറിയണം. പൂച്ചെടി പറയാനായിട്ട് ഞാനൊരു ലിസ്റ്റ് ഉണ്ടാക്കി, ഈ ലിസ്റ്റ് ഉണ്ടാക്കിയപ്പോൾ ഈ പൂച്ചെടികൾ മിക്കവാറുമെല്ലാം എന്റെ പുറകിൽ നിൽക്കുന്നുണ്ട്. ഇത് എന്റെ വീടിന്റെ മുൻവശത്തുള്ള ഒന്നേമുക്കാൽ സ്ഥലമാണ്, മിയാവാക്കി മോഡലിലാണ് ഈ പൂന്തോട്ടം വച്ചിരിക്കുന്നത്. ഇതിൽ എത്ര എണ്ണം എന്നതു ഞാൻ മറന്നുപോയി. എന്തായാലും 150 ചെടികളെങ്കിലും കാണും. മിക്കവാറും എല്ലാം പൂത്തു നിൽപ്പുണ്ട്.

ഇത് കാണിക്കാൻ കാരണം എന്താന്നു വച്ചാൽ കഴിഞ്ഞ തവണ ഞാനൊരു പഴത്തോട്ടം കാണിച്ച സമയത്ത് ചില രൂക്ഷമായ കമന്റുകൾ വന്നിരുന്നു. ഇതെല്ലാം കൂടി ഒരു കുഴിയിൽ കുഴിച്ചു വച്ചുകൂടെ ഇതിൽ കായ ഉണ്ടാകാൻ പോകുന്നില്ല എന്നൊക്കെ, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു നാലു കൊല്ലം മുൻപായിരുന്നെങ്കിൽ ഞാനും ഇതിലും രൂക്ഷമായി പ്രതികരിക്കുമായിരുന്നു. കാരണം അന്ന് എനിക്ക് വ്യക്തമായ ധാരണ ഇല്ല. ഇതു നടക്കില്ല എന്ന് തീർത്തു പറഞ്ഞേനേ. ഇപ്പോൾ ഞാനീ പറയുന്ന ലിസ്റ്റിലുള്ള മിക്കവാറും ചെടികൾ ഇവിടെ പൂത്തു നിൽക്കുകയാണ്. ഇതു കൂടാതെ ഇതിൽ പൂച്ചെടികൾ അല്ലാതെ മാവ്, പ്ലാവ്, ചെമ്പകം, അശോകം, പാരിജാതം ഇത്രയും സാധനങ്ങൾ നിൽപ്പുണ്ട്. രുദ്രാക്ഷം ഉണ്ട്, നീർമാതളം ഉണ്ട്. ഇതൊക്കെ വച്ചിരിക്കുന്നത് ഒന്നര സെന്റ് സ്ഥലത്താണ്. ചിത്രശലഭം വരാനായിട്ട്, കാരണം പഴച്ചെടികൾക്കിടയ്ക്ക് പൂച്ചെടികൾ ഉണ്ടെങ്കിലേ ചിത്രശലഭം വരുകയുള്ളു, പരാഗണം നടക്കുകയുള്ളു, തേനീച്ച വരണം ഇതൊക്കെ നടക്കണം. അതിനു പറ്റിയ പൂച്ചെടികളുടെ ലിസ്റ്റ് പറയാം, അതെല്ലാം ഇവിടെ കാണിക്കുകയും ചെയ്യാം.

ചിത്രശലഭം ഏറ്റവും കൂടുതൽ വരുന്ന നമ്മുടെ നാട്ടിലെ ചെടികൾ ചെത്തിയും ചെമ്പരത്തിയുമാണ്. നാടൻ ചെത്തി, ചെമ്പത്തി, എരുക്ക്, മന്ദാരം, ഗന്ധരാജൻ, രാജമല്ലി - രാജമല്ലി പല കളറിലുണ്ട്, ഇവിടെത്തന്നെ റോസും, ചുവപ്പും ഉണ്ട്. കൃഷ്ണകിരീടം, അത് പറമ്പിലൊക്കെ കാണുന്ന ഒരു ചെടിയാണ്, ചുവന്ന പൂവാണ്. പെരിങ്ങലത്തിന്റെ ഇല പോലെ വലിയ ഇലയാണ്. ഇപ്പോ പൂക്കുന്ന സമയമല്ല, കനകാംബരം, കനകാംബരവും പല നിറത്തിലുണ്ട്, ഓറഞ്ച് ഉണ്ട്, റോസ് ഉണ്ട്, നീലയുണ്ട് പല നിറത്തിലുള്ള കനകാംബരം ഉണ്ട്. വാടാമുല്ല, പത്തുമണി, ഇത് ഇവിടെ ഉണ്ട് പൂവ് ഇല്ല. ജമന്തി പൂവ് ഉണ്ടാകുന്ന ചെടിയാണ്. വെള്ളകദളി, കദളിയുടെ ഇനത്തിൽ ഉള്ളതാണ് ഈ വെള്ള കദളി. അതിൽ ഒരു വെളുത്ത പൂവ് ഉണ്ടാകും. ഇതിൽ ധാരാളം വണ്ട് വരാറുണ്ട്. അതുപോലെ ഞെക്ക് എന്നൊരു ചെടിയുണ്ട്. ധാരാളം കരീച്ചയും വണ്ടുമൊക്കെ വരുന്ന ചെടിയായി ആണ് ഇതിനെ കാണുന്നത്.

ചെയ്ഞ്ചിംഗ് റോസ്, അത് പഴയ ഒരു ചെടിയാണ്, അതിൽ രണ്ട് പൂവ് ഉണ്ടാകും, അതില് ഒന്ന് ഇന്നലത്തെ പൂവ് ആയിരിക്കും. ഉച്ച കഴിയുമ്പോ ഈ വെള്ള പൂവ് ചുവന്ന പൂവ് ആകും അതിനാലാണ് അതിനെ ചെയിഞ്ചിംഗ് റോസ് എന്ന് പറയുന്നത്. പിന്നെ കുറെ വിദേശ ചെടികളുണ്ട്. അതു പോലെ പറമ്പിൽ കാണുന്ന കാക്കപ്പൊന്ന്, കാശിതുമ്പ, കാശിതുമ്പ ലെയർ ആയി ആണ് നിൽക്കുന്നത്. പിന്നെ തൊഴുകണ്ണി, തൊഴുകണ്ണി എന്നു പറയുന്നത് ചിത്രശലഭം വരുന്ന ഒരു പ്രധാന ചെടിയാണ്. പിന്നെ കിലുക്കി, അതിവിടെ ഇപ്പോ ഇല്ല, വിത്ത് പാകിയിരിക്കുന്നേ ഉള്ളു, അതിന്റെ വിത്ത് എടുക്കുമ്പോ കിലുങ്ങും, അതും ഒരുപാട് ചിത്രശലഭങ്ങളെ ആകർഷിക്കുന്നവയാണ്. കറിവേപ്പും, നാരകവും ചിത്രശലഭങ്ങളെ ആകർഷിക്കുന്ന ചെടിയാണ്. പിന്നെ വള്ളികൾ, നീല പൂവ് ഉണ്ടാകുന്നത്, മഞ്ഞപൂവ് ഉണ്ടാകുന്നത്, വെള്ളപൂവ് ഉണ്ടാകുന്നത്, മഞ്ഞകോളാമ്പി, പിന്നെ കുല കുലയായി പൂവ് ഉണ്ടാകുന്ന, എനിക്കു പേര് അറിയില്ലാത്ത മണമുള്ള ക്രീപ്പേഴ്സ് എല്ലാം ഇത്രയും സ്ഥലത്ത് നിൽപ്പുണ്ട്. ഇത്രയും ഒരുമിച്ചാണ് വളരുന്നത്.

ഇവിടെ പ്രത്യേകത എന്താന്നു വച്ചാൽ കുറച്ചുപോലും വെയില് മറയുന്നില്ല. ഇപ്പോ പച്ചക്കറി വച്ചിരിക്കുന്നിടത്ത് അങ്ങനെ വലിയ വെയിലിന്റെ ലഭ്യത ഇല്ല, പക്ഷെ അവിടെ മരങ്ങളൊന്നും ഇടതൂർന്നതല്ല. ഞങ്ങൾ ഉദ്ദേശിക്കുന്നത് പ്ലാവ്, മാവ് പോലുള്ളവയുടെ ചില്ല മഴക്കാലം ആകുന്നതിനു മുൻപ് വെട്ടിയാൽ ആവശ്യത്തിനുള്ള വെയില് അവയ്ക്ക് കിട്ടും. വളരുമെന്നാണ് വിചാരിക്കുന്നത് കാണിക്കാം. ഇന്നിവിടെ മഴ പെയ്തപ്പോൾ കുറെയധികം ഈയൽ പൊങ്ങി. അതുപറയാൻ കാരണം ഇവിടെ ഞങ്ങൾ ഒരു വിധത്തിലുമുള്ള രാസവളങ്ങളോ കീടനാശിനിയോ ഉപയോഗിക്കാറില്ല. ചെടി പോകും പിന്നെ അത് സ്വഭാവികമായിട്ട് തിരികെ വരും. അങ്ങനെ സ്വഭാവികമായ കീടനീയന്ത്രണ സംവിധാനം അവിടെ നടന്നു കൊണ്ടിരിക്കുകയാണ്. അതിന്റെ രണ്ട് രസകരമായ തമാശകളെന്നു പറഞ്ഞാൽ ഇന്നു രാവിലെ ഇവിടെ മുഴുവൻ ഈയൽ പോലുള്ള ഒരു പ്രാണിയുടെ ശല്യമായിരുന്നു. കറുത്ത് ഈയാംപാറ്റയെ പോലെയുള്ള ഒരു സാധനം, ഇവിടെ മുഴവൻ പറന്നുനടന്നു. കുറച്ചു കഴിഞ്ഞ് ഞാൻ നോക്കിയപ്പോൾ അതിൽ ഒരുത്തനെ എട്ടുകാലി പിടിച്ചിരിക്കുന്നു. വീടിനകത്ത് എട്ടുകാലിയെ കണ്ടാൽ പലരും പേടിച്ച് ഓടും. പാമ്പിനെക്കാൾ പേടിയാണ് ചിലർക്ക് എട്ടുകാലിയെ. ഞാനും എട്ടുകാലി വീട്ടിൽ കയറിയാൽ അതിന്റെ പുറത്ത് സോപ്പു വെള്ളം ഒഴിക്കും. അതോടെ അതിന്റെ കഥ കഴിയും.

വീടിന്റെ പുറത്ത് ഈയാംപാറ്റയെ പിടിച്ചു തിന്നുന്നത് പ്രയോജനമുള്ള കാഴ്ചയായി തോന്നി. കുറെ പാറ്റകൾ ഈ വെള്ളത്തിൽ വീണു. വെള്ളത്തിൽ മീൻ കിടപ്പുണ്ട്. പലരും ചോദിക്കുന്നത്, ഇങ്ങനെ ഇവിടെ ചെടി വച്ചാൽ കൊതുക് വരില്ലേ എന്നാണ്. കൊതുക് മുട്ടയിടുന്നത് വെള്ളത്തിലാണ്, വെള്ളത്തിൽ മീൻ കിടപ്പുണ്ട്. മുട്ട് വിരിഞ്ഞ് ലാർവ ആകുമ്പോൾത്തന്നെ മീൻ തിന്നു തീർക്കും. പ്രകൃതിയുടെ ഒരു മാനേജ്മെന്റ് കൊണ്ട് തന്നെ ഇതൊക്കെ നമുക്ക് മാനേജ് ചെയ്ത് പോകാം എന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും ഇതിന്റെ പുരോഗതി നിങ്ങളെ അറിയിച്ചു കൊണ്ടിരിക്കാം. നിങ്ങൾ ചെയ്യേണ്ടത് അടുത്ത് ജൂൺ 5 ന് മുമ്പെ ഒരു മിയാവാക്കി തോട്ടം ഉണ്ടാക്കാൻ നോക്കണം, 20000 രൂപയിൽ താഴെയേ ഇത്രയും സ്ഥലത്ത് ചെയ്യാനായി ചിലവ് വരു. അത് തന്നെ നല്ല ഗുണമുള്ള 350-400 രൂപ വിലയുള്ള തൈകൾ വാങ്ങിനടുന്നതു കൊണ്ടാണ്. സാധാരണ തൈകൾ വയ്ക്കുകയാണെങ്കിൽ 10000 രൂപയിൽ കാര്യം ചെയ്ത് തീർക്കാൻ പറ്റും.

അപ്പോ ഇനി ആദ്യം പറഞ്ഞ കാര്യത്തിലേയ്ക്ക് വരാം, സ്ഥലം ഇല്ല, എന്തിനാണ് സ്ഥലം, ഇത് കഷ്ടിച്ച് മൂന്ന് കോഴിക്കൂട് വയ്ക്കുന്ന സ്ഥലമേ ഉള്ളൂ. രണ്ട് കോഴിക്കൂട് വയ്ക്കാനുള്ള സ്ഥലം എല്ലാവീട്ടിലും നമ്മൾ തപ്പിപിടിച്ചാൽ കാണുകയില്ലേ, കാൽ സെന്റ് ധാരാളമാണ്. അതിൽത്തന്നെ 100 ചെടികൾ വയ്ക്കാം, പച്ചക്കറികളും, പഴവുമായിട്ട്. പച്ചക്കറി അതിന്റെ കാലം കഴിയുമ്പോൾ പോകും. പഴം കിട്ടിക്കൊണ്ടിരിക്കും. അടുത്ത പ്രശ്നം പൈസ ഇല്ല. ഇത്രയും കുറച്ച് സ്ഥലത്ത് വയ്ക്കുമ്പോൾ പൈസ അധികം വേണ്ട. ഞാനിവിടെ വിലകൂടിയ തൈകൾ വാങ്ങിയതിനാലാണ്, 12 എണ്ണം വാങ്ങിച്ചതിൽ ആണ് 3500 ചിലവ് വന്നത്. അല്ലെങ്കിൽ കാൽ സെന്റിൽ 10 സ്ക്വയർഫീറ്റിൽ 1 ടൺ ചാണകവും, ചകിരിച്ചോറും, ഉമിയെല്ലാം കൂടി ഇട്ടുകഴിഞ്ഞാൽ അതിന്റെ പ്രയോജനം കിട്ടും. ആട്ടിൻകാട്ടമൊക്കെ നമ്മൾ ലോക്കൽ ആയി വാങ്ങിയാൽ 8000 രൂപയ്ക്ക് ഈ വളങ്ങളെല്ലാം കൂടി കിട്ടും, ബാക്കി നമ്മുടെ പറമ്പിലുള്ള മരമോ, കരിയിലയോ ഒക്കെ പുതയിടാനായി ഉപേയാഗിക്കാം. കുറെ ചെടികളെ നമുക്ക് സ്വയം നട്ടു വളർത്തിയെടുക്കാൻ പറ്റും. ചട്ടിയിലോ ഗ്രോബാഗിലോ വളർത്തിയിട്ട് എടുത്തു വയ്ക്കാം. 15000 രൂപ ഉണ്ടെങ്കിൽ കാൽ സെന്റിൽ ഇത് ചെയ്യാം.

അതിലും കുറച്ച് പാടാണ്. കാരണം ഇതിന് വളം വേണം, നമ്മൾ ചെടിക്ക് ആഹാരം കൊടുക്കണം, അല്ലാതെ അതിനോട് പഴം തരാൻ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ, 15000 രൂപ ഇന്ന് വലിയൊരു തുക അല്ല. എല്ലാവർക്കും മുടക്കാവുന്ന തുകയാണ്, നാലോ അഞ്ചോ മാസമായിട്ട് ചെയ്യുകയാണെങ്കിൽ, മാസം 2000 മോ 3000മോ ഒക്കെ വച്ച് വളമൊക്കെ സംഘടിപ്പിച്ച് ചെടികളെ ഗ്രോ ബാഗിൽ വച്ച് വളർത്തി പയ്യെ എടുത്തു വച്ച്, ഒക്കെ ചെയ്ത് എടുക്കാവുന്നതാണ്. പിന്നെ വെയിലിന്റെ പ്രശ്നം ആണേൽ, നല്ല തണൽ, അവിടെ വെയിൽ കിട്ടുന്നില്ല, എങ്കിൽ കുറെശ്ശെ കുറെശ്ശെ നമ്മുക്ക് ചില്ലകളെ വെട്ടി വിടാം. മഴ തുടങ്ങുന്ന സമയത്ത് നമ്മൾ ചെയ്യുന്നത് ഇതെല്ലാം തൈ വൃക്ഷങ്ങളാണ്, അധികം ഇടതൂർന്ന് നിൽക്കുന്നില്ല, അതിന്റെ ചില്ലകളെ വെട്ടുമ്പോൾ ഇടയിലൂടെ വെയില് കിട്ടും. ഇത് എന്തായാലും ഒരു പരീക്ഷണമാണ്. അപ്പോ അത് വിജയിക്കും എന്ന പ്രതീക്ഷയോടെ ചെയ്യുന്നു.

പുരോഗതി എന്തായാലും നിങ്ങളെ കാണിക്കാം, അത് പരാജയപ്പെടുകയാണെങ്കിലും വിജയിക്കുകയാണെങ്കിലും. ജൂൺ 5നാണ് ലോക പരിസ്ഥിതി ദിനം, അതിനു മുമ്പായി നിങ്ങളുടെ സ്ഥലത്ത് ചെറിയ ഒരു മിയാവാക്കി തോട്ടമെങ്കിലും വയ്ക്കാൻ നോക്കുക. ഇങ്ങനെ വയ്ക്കുന്നതിൽ മികച്ച മിയാവാക്കി തോട്ടത്തിന് സമ്മാനം കൊടുക്കാൻ ഞങ്ങൾക്ക് ഒരു പദ്ധതി ഉണ്ട്. അതിന്റെ വിശദാംശങ്ങൾ ആയിട്ടില്ല, ഞങ്ങൾ ശ്രമിക്കുന്നുണ്ട്. നിർബന്ധമായും വച്ചു നോക്കാൻ ശ്രമിക്കുക, മാത്രമല്ല, ചെയ്യാൻ താത്പര്യമുള്ള ആളുകൾക്ക് ഈ വീഡിയോ പങ്കു വയ്ക്കണം, കാരണം 1 ലക്ഷം പേർക്ക് നമ്മൾ ഈ വീഡിയോ പങ്കു വച്ചാൽ അതിൽ ആയിരം പേർ വയ്ക്കുമെന്നാണ് നമ്മുടെ പ്രതീക്ഷ. 1 ലക്ഷം പേരിൽ ഈ സന്ദേശം എത്തിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്, ആയിരം പേർ ഒരു സെന്റു സ്ഥലത്ത് വച്ചാൽ പോലും 10 ഏക്കർ സ്ഥലമായി. അത്രയും മരങ്ങളെങ്കിലും ഈ പരിസ്ഥിതി ദിനത്തിൽ കേരളത്തിലുണ്ടാവട്ടെ എന്ന്, ഉണ്ടാവും എന്ന് പ്രതീക്ഷിച്ചുകൊണ്ട് ഇത് അവസാനിപ്പിക്കാം.