വെളൈളക്കടവ് പാലത്തിന്റെ സമീപത്തു നിന്ന് പുളിയറക്കോണത്തേക്ക് പോകുമ്പോൾ വലതുവശത്ത് ഒരു ചെറിയ തട്ടുകടയുണ്ട്. നമ്മൾ ഇടയ്ക്കവിടെ ചായ കുടിക്കാൻ ഇറങ്ങുന്ന സ്ഥലമാണ്. അതിനോടു ചേർന്നൊരു വലിയ നെല്ലി നിൽപ്പുണ്ട്. അത്രയും വലിയ നെല്ലി സാധാരണ റോഡരികിൽ കണ്ടിട്ടില്ല. അങ്ങനെയാ നെല്ലി ശ്രദ്ധിച്ചപ്പോൾ അതിന്റെ താഴോട്ട് വീണ്ടും പല മരങ്ങൾ, സാധാരണ കാണാറില്ലാത്ത ഭദ്രാക്ഷം, നീർമാതളം ഇങ്ങനെയൊക്കെയുളള മരങ്ങൾ നിൽക്കുന്നു. ഇത് രണ്ടര സെന്റിൽ ഒരാൾ വെച്ചുപിടിപ്പിച്ചിട്ടുളള മരങ്ങളാണ്.
ഞങ്ങൾ പലപ്പോഴും പറയുന്നൊരു കാര്യം കേരളത്തിൽ ജൈവവൈവിധ്യം ഇല്ലാതാവുന്നതിന്റെ കാരണം ഇവിടെ ടൈൽ പാകിയും കരിങ്കല്ല് പാകിയും ഉളള പുല്ലിനെ പോലും എടുത്തുകളഞ്ഞും മഴവെളളം താഴാതെയും ഒക്കെയാണ്. ഈ രണ്ടര സെന്റ് സ്ഥലത്ത് ഈയൊരു മനുഷ്യൻ എങ്ങനെ ജൈവവൈവിധ്യം സംരക്ഷിക്കുന്നു, എത്രയധികം ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നു എന്നുളളതാണ്. അതിനധികം സ്ഥലമൊന്നും വേണ്ട. അദ്ദേഹത്തെ നമുക്കൊന്നു പരിചയപ്പെടാം. അതിനുശേഷം നമുക്ക് ചെടികളിലേക്ക് പോകാം.
അദ്ദേഹം വൈദ്യം ചെറുതായി പഠിച്ച് പ്രയോഗിക്കുന്ന ആളാണ്. പണ്ടത്തെ ഗൃഹവൈദ്യം എന്നുളളതുപോലെ തന്നെ. എണ്ണ കാച്ചൽ തൊട്ടുളള കാര്യങ്ങൾ. അങ്ങനെ പഠിച്ചു വരികയും അതിനാവശ്യമായ മരുന്നുകൾ വെച്ചുപിടിപ്പിക്കുകയും ആവശ്യക്കാർക്ക് സൗജന്യമായി കൊടുക്കുകയും ചെയ്യുന്ന ഒരാളാണ്. അദ്ദേഹത്തെ ഒന്നു പരിചയപ്പെടുത്താമെന്നു വിചാരിച്ചു. അദ്ദേഹത്തിന്റെ പേര് ശിവൻ.
എം. ആർ. ഹരി: അവിടുത്തെ മരങ്ങൾ കണ്ടാണ് ശ്രദ്ധിക്കുന്നത്. അതില് കുറേ ഔഷധച്ചെടികളാണല്ലോ ? അതും വളരെ കുറഞ്ഞൊരു സ്ഥലമാണ്. താങ്കളുടെ വീടിനു ചുറ്റും എല്ലായിടത്തും മരങ്ങൾ തന്നെയാണെന്നു തോന്നുന്നു. എന്നാണിത് നട്ടുപിടിപ്പിക്കാൻ തുടങ്ങിയത്. ആ നെല്ലിയൊക്കെ നല്ല പ്രായമുണ്ടല്ലോ.
ശിവൻ: അതൊക്കെ കുറച്ച് വർഷങ്ങളായി. പത്ത് നാൽപതു വർഷമായി.
എം. ആർ. ഹരി: ആ നെല്ലിക്കൊക്കെ അല്ലേ? നല്ല കാതലുളള നെല്ലിയായി അത് മാറിയിട്ടുണ്ട്. ഈ മരങ്ങളിലുളള താത്പര്യം വന്നത് എങ്ങനെയാണ് ?
ശിവൻ: ആശ്രമത്തിൽ ചേർന്നു, പിന്നെ വൈദ്യം കുറെയൊക്കെ പഠിച്ചു. മരുത്വാമലയിൽപോവും. അങ്ങനെ പല ആളുകളുമായി ബന്ധപ്പെട്ടപ്പോൾ ഇതിനെക്കുറിച്ചൊക്കെ കുറേ താത്പര്യമായി. എവിടെ ആളുകൾക്കു ഗുണമുളള മരുന്നുകൾ കണ്ടാലും ഞാൻ അവിടുന്ന് ചോദിച്ചു വാങ്ങിക്കുകയോ അല്ലെങ്കിൽ പുറമ്പോക്കിലൊക്കെ നിൽക്കുന്നത് എടുത്തുകൊണ്ടുവന്ന് എന്റെ വീടിനടുത്ത് വെച്ചുപിടിപ്പിക്കും. ഇത് പല ആളുകളും വന്ന് എന്റെയടുത്ത് ചോദിക്കും. ഇന്ന മരമല്ലേ, അതിന്റെ ഇല അൽപം വേണം. ഉപ്പൂറ്റി വേദനയ്ക്ക് എരുക്കിന്റെ ഇല തിരുമ്മിയിട്ട് തിളപ്പിച്ച് അതിൽ ചവിട്ടിയാൽ അല്ലെങ്കിൽ വെളളം കോരി ഒഴിക്കുകയോ ഒക്കെ ചെയ്താൽ മാറും. അങ്ങനെ എരിക്ക് നട്ടു. ഒരു പൈസയും ആരുടെ കൈയിൽ നിന്നും വാങ്ങിക്കാറില്ല.
എം. ആർ. ഹരി: ഈ ഭദ്രാക്ഷം സാധാരണ നമ്മൾ കാണാത്തൊരു ചെടിയാണ്. ഇതെവിടുന്ന് എങ്ങനെ കൊണ്ടു നട്ടു ?
ശിവൻ: ഭദ്രാക്ഷം എട്ടാംകല്ലിൽ കെൽട്രോണിന്റെ അടുത്ത് റോഡിനരികിൽ ഒരു വീടിന്റെ നടയിൽ നിന്നു. അവരോടു പോയി ചോദിച്ചപ്പോൾ അവരൊരു കമ്പ് ഒടിച്ചു തന്നു. ഞാനതിനെ കൊണ്ടുവന്നു വളരെ സൂക്ഷിച്ച് നട്ട് ദിവസവും നോക്കിനോക്കി വെളളമൊഴിച്ച് പൊടിപ്പിച്ചെടുത്ത്.
എം. ആർ. ഹരി: അത് നല്ല രീതിയിൽ വളരുകയും ചെയ്തു.
ശിവൻ: നന്നായി വളർന്നു നിൽക്കുകയാണ്. ഞാനിതിന്റെ കായ പലർക്കും കൊടുക്കും. എന്റെ ആശ്രമത്തിൽ കൊണ്ടുവെച്ചിട്ടുണ്ട്. പലർക്കും ഇതിന്റെ കമ്പൊടിച്ച് കൊടുക്കാറുണ്ട്. ഇതിൽ ചെറിയ കായ വരും. ഒരുമാതിരി ചിരട്ട പോലിരിക്കും. ചുരണ്ടി എടുത്താൽ മാല കോർക്കാം. അങ്ങനെയൊക്കെ ഇതിനോടു കുറച്ച് കൂടുതൽ കമ്പമായി.
എം. ആർ. ഹരി: അവിടെ ഒരു പ്രത്യേകത ഞാൻ കണ്ടത് ആ സ്ഥലം കിഴ്ക്കാംതൂക്കായ സ്ഥലമാണ്. മുകളിൽനിന്നു താഴോട്ട് നടന്നിറങ്ങാൻ പോലും വയ്യാത്ത സ്ഥലമാണ്.
ശിവൻ: അതെ.
എം. ആർ. ഹരി: ആ സ്ഥലങ്ങളിൽ ചെടി പിടിപ്പിക്കണമെങ്കിൽ ഇതിനേക്കാൾ പാടല്ലേ ? വെളളമൊഴിച്ചാൽ നിൽക്കില്ല.
ശിവൻ: വലിയ പാടാണ്.
എം. ആർ. ഹരി: നെല്ലി കുറച്ച് പ്രായമായതാണല്ലോ ?
ശിവൻ: പത്ത് നാൽപത്തിയഞ്ചു വർഷം.
എം. ആർ. ഹരി: ഈ താഴെ കിളിർക്കുന്നത് നീർമാതളമാണ്. ഞാൻ പണ്ട് ഡൽഹിയിൽ ചെല്ലുമ്പോൾ അവിടെ പഞ്ചാബിൽ നിന്നുളള ഒരു സ്ത്രീ എന്താണീ നീർമാതളമെന്നു ചോദിച്ചു. മാധവിക്കുട്ടി അന്ന് നീർമാതളം പൂത്ത കാലം എഴുതിക്കൊണ്ടിരുന്ന സമയമായിരുന്നു. അന്നീ ചെടിയും അതിന്റെ പ്രത്യേകതയും ഒന്നും നമുക്കറിയില്ലായിരുന്നു. പൂവാംകുരുന്നില ഒക്കെ സാധാരണപോലെ വളരുന്നതാണ്.
ശിവൻ: കുറുന്തോട്ടിയുമതെ.
എം. ആർ. ഹരി: കുറുന്തോട്ടിയുമുണ്ടല്ലേ. ഇത് അമൃതവളളി. ഇത് ഉഴിഞ്ഞയാണ്. ഇത് നീർമാതളം തന്നെയാണ്. നീർമാതളത്തിന് വേറൊരു പേര് പറഞ്ഞല്ലോ.
ശിവൻ: മാവലിങ്ങം.
എം. ആർ. ഹരി: ആ വലിയ മരം കൂവളമാണ്.
ശിവൻ: ഇതും മരുന്നാണ്. രാമച്ചം.
എം. ആർ. ഹരി: മണ്ണ് ഇടിഞ്ഞുപോകാതിരിക്കാൻ നല്ലതാണിത്. ഇത് ഭദ്രാക്ഷം. സത്യത്തിൽ ഈ ചെടി കണ്ടതു കൊണ്ടാണ് ഞാൻ ശ്രദ്ധിച്ചത്. ഭദ്രാക്ഷം അങ്ങനെ അധികം എല്ലായിടത്തുമില്ല. ഇതാണ് നീർമാതളം.
ശിവൻ: ഇതിനെ വാതംപറത്തി എന്നു പറയും. വെളളം തിളപ്പിച്ച് കുളിക്കാം. ഇത് മാതളം.
എം. ആർ. ഹരി: ഈ തലയുടെ ആകൃതിയിലുളളത് കൊടങ്ങലാണ്. ഇത് മുറികൂട്ടി പച്ചിലയാണ്.
ശിവൻ: കൈകാലുകൾ മുറിഞ്ഞാൽ അതിനെ കശക്കി വെച്ചുകൊടുത്താൽ മതി.
എം. ആർ. ഹരി: ഇത് മുക്കുറ്റിയാണ്. ഇത് ചെറുപൂളയാണ്, ബലിപുഷ്പം. ഇത് പൂവാംകുരുന്നില, മുത്തങ്ങ, കിരിയാത്ത്, ഇത് പുഷ്ക്കര മുല്ലയാണ്. ചന്ദ്രമുല്ല എന്നുപറയുന്ന സാധനം.
ശിവൻ: ചിലന്തിവിഷത്തിന് നല്ലതാണ്.
എം. ആർ. ഹരി: ഇത് കൂവയാണ്. കൂവയ്ക്കപ്പുറം നിൽക്കുന്നത് കൊടുവേലിയാണ്. ഇത് ആവണക്കാണ്.
ശിവൻ: പനിക്കൂർക്ക, ഇഞ്ചി.
എം. ആർ. ഹരി: ഇത് കറ്റാർവാഴ, കീഴാർനെല്ലി, തുളസി,
ശിവൻ: ഇത് പുളിഞ്ചിക്ക, ആന പുളിഞ്ചിക്ക. ഇത് കാട്ടുളളി, ആനച്ചുവടി,
എം. ആർ. ഹരി: ഇത് അടുക്ക് നന്ത്യാർവട്ടമല്ലേ ? ഇത് രാമതുളസി.
ശിവൻ: ഇത് എരുക്ക്. പേര, ലൗലോലിക്ക, ഇപ്പുറത്ത് നിൽക്കുന്നത് പപ്പായ. വെറ്റ.
എം. ആർ. ഹരി: ഇടയ്ക്കൊരു കോവൽവളളിയുമുണ്ട്. ഇതെല്ലാംകൂടി എത്ര സെന്റ് സ്ഥലം കാണും ?
ശിവൻ: ഇതൊരു രണ്ട് സെന്റ്.
എം. ആർ. ഹരി: ഉപജീവനത്തിനായി നമ്മളെന്താ ചെയ്യുന്നെ ?
ശിവൻ: ഇപ്പൊ ഒന്നും ചെയ്യുന്നില്ല. ഞാനൊരു കൊത്തൻ മേസ്തിരി ആയിരുന്നു. സുഖമില്ലാതായപ്പോൾ അത് മതിയാക്കി. ഇപ്പോൾ എണ്ണ ഉണ്ടാക്കും. അത്യാവശ്യം തൈലം. അത് ചെറിയൊരു വിലയ്ക്ക് കൊടുക്കും.
എം. ആർ. ഹരി: ഇപ്പോൾ എത്ര വയസുണ്ട് ?
ശിവന്: 73 വയസായി.
എം. ആർ. ഹരി: കാഴ്ച്ചയ്ക്കോ മറ്റോ പ്രശ്നങ്ങളുണ്ടോ ?
ശിവൻ: ചെറിയ പ്രശ്നമുണ്ട്. വലതുകണ്ണിൽ വെള്ളെഴുത്ത് കാരണം ഞാൻ ആശുപത്രിയിലൊക്കെ പോയി. ഡോക്ടർമാരെ കണ്ടു, എല്ലാം ചെക്ക് ചെയ്തു. പക്ഷെ അതിനൊന്നും ഒരു കുറവുമില്ല. ഒരു കണ്ണിൽ ചെറിയൊരു പ്രകാശം ഉണ്ട്, ഇടതുകണ്ണിൽ. പിന്നെ അതുമതിയെന്നു വിചാരിച്ചു.
എം. ആർ. ഹരി: അത് ശസ്ത്രക്രിയ ചെയ്താൽ മാറാവുന്നതല്ലേ ഉളളൂ ?
ശിവൻ: മാറാൻ, തലയിലെ ഞരമ്പിന് ചെറിയ പ്രശ്നമുണ്ടെന്നു പറഞ്ഞതുകൊണ്ട് സർജറി ചെയ്യാൻ പറ്റില്ല. അങ്ങനെപിന്നെ മതിയാക്കി. ഇതുമതി.
എം. ആർ. ഹരി: അദ്ദേഹത്തിന്റെ കണ്ണിനെ കുറിച്ചുളള പരാമർശത്തിൽതന്നെ അദ്ദേഹത്തിന്റെ ജീവിതവീക്ഷണമുണ്ട്. കാഴ്ച്ചക്കു പോയി ഡോക്ടർമാരെ കണ്ടു, ചികിത്സിയ്ക്കാൻ നോക്കി, ശരിയാവില്ലെന്നു പറഞ്ഞു, വേണ്ടെന്നു വെച്ചു.
ശിവൻ: അതെ.
എം. ആർ. ഹരി: പൊതുവേ ഉളള കാര്യം കൊണ്ടു സംതൃപ്തനാകുക എന്നൊരു നിലപാടാണ്. അതുതന്നെയാണ് നമ്മൾ അവിടെയും കാണുന്നത്. ആ താമസിക്കുന്ന വീടിനു ചുറ്റുമുളള വളരെ ചെറിയ സ്ഥലത്ത് പോലും കഴിയാവുന്നത്ര മരങ്ങൾ വെക്കുക, അതാർക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കിൽ പ്രയോജനപ്പെടട്ടെ. അതത്രയും കഷ്ടപ്പെട്ട് വെച്ചുപിടിപ്പിച്ചിട്ട് സൗജന്യമായി കൊടുക്കുക, എന്തായാലും ഇങ്ങനെയുളള ആളുകൾ വളരെ അപൂർവമാണ്. അങ്ങനെ അപൂർവമായ ചെടികളുമായി ബന്ധപ്പെട്ടുളള ആളുകളെയാണ് നമ്മൾ കാണിക്കാൻ ശ്രമിക്കുന്നത്. അദ്ദേഹം നല്ല സമയത്ത് മരുത്വാമലയിൽ പോയി ചെടികൾ ശേഖരിച്ചുകൊണ്ടുകൊടുത്തിരുന്ന ഒരാളാണ്. ഇപ്പോൾ വയസായി, വിശ്രമജീവിതത്തിലേക്കു പോകുന്നു.
നമ്മളിപ്പോൾ കണ്ടത് രണ്ടര സെന്റിൽ അദ്ദേഹം നട്ടുവളർത്തുന്ന ചെടികളാണ്. ഈ രണ്ടര സെന്റുതന്നെ ത്രികോണാകൃതിയിലാണ്, രണ്ടു റോഡുകൾക്ക് ഇടയിലായിട്ടാണ്. അതുകൂടാതെ അവിടെ അദ്ദേഹം രണ്ടു ചെറിയ കെട്ടിടങ്ങളും വെച്ചിട്ടുണ്ട്. ബാക്കിയുളള സ്ഥലത്ത് അദ്ദേഹം നട്ടുവളർത്തിയിട്ടുളള ചെടികൾ കണ്ടുകഴിഞ്ഞാൽ നമ്മൾ അതിശയിച്ചു പോകും. നമ്മളിപ്പോൾ അവിടെ കണ്ട ചെടികൾ എല്ലാം പണ്ടു നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന ചെടികളാണ്. ചെറിയ ചെടികൾ തന്നെ ആനച്ചുവടി, മുക്കുറ്റി, കറ്റാർവാഴ, പുഷ്ക്കരമുല്ല, നന്ത്യാർവട്ടം, ചെറിയ ആടലോടകം, ചുണ്ട, ബ്രഹ്മി, ബലിപ്പൂവ്, കൊടങ്ങൽ, പിന്നെ വലിയ മരങ്ങളായ ഭദ്രാക്ഷം, പേര, മുളളാത്ത, നെല്ലി, നൊച്ചി, കൂവളം... എത്ര മരങ്ങളായി. ഇത്രയും മരങ്ങൾ ഞാൻ ഓർത്തെടുത്ത് പറഞ്ഞതാണ്. നമ്മളവിടെ കണ്ടത് ഇതിനേക്കാൾ കൂടുതലാണ്.
അപ്പോൾ ഇത്രേം മതി. രണ്ടോ മൂന്നോ സെന്റുളള ആളുകൾക്കു പോലും വലിയതോതിൽ നമ്മുടെ ജൈവവൈവിധ്യത്തെ സംരക്ഷിക്കാൻ പറ്റും. പക്ഷെ നൂറുകണക്കിന് ഏക്കറുളള ആളുകൾ പോലും അതിനെ ഏകവിളയാക്കി മാറ്റുകയും ഈ ഏകവിള സാമ്പത്തികമായി നഷ്ടമാകുന്ന സമയത്ത് അതിനെ ഉപേക്ഷിക്കുന്നു, എന്നിട്ട് പറമ്പവിടെ കിടക്കുന്നു. അതിൽ കാടുപോലും വളരില്ല. പല റബർത്തോട്ടങ്ങളിലും കളയായി വളരുന്ന പയർ മാത്രമാണ് ഉളളത്. ബാക്കി അവിടത്തെ സ്വാഭാവിക ചെടികളെ ഒക്കെ പണ്ടേ നമ്മൾ നശിപ്പിച്ചു കളഞ്ഞു.
നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജൈവസമ്പത്ത് തിരിച്ചുപിടിക്കാനായിട്ട് ഇതുപോലുളള ചെറിയ ചെറിയ സ്ഥലങ്ങളുടെ ഉടമകളായ വലിയ മനുഷ്യർ ഇപ്പോഴും ഇതൊക്കെ സംരക്ഷിച്ചുനിർത്തുന്നുണ്ട്. ഇനിയുളളതെങ്കിലും പോകാതിരിക്കാൻ നമുക്കുപയോഗിക്കാം. ഇതിനടുത്ത് എവിടെയെങ്കിലും സ്കൂളോ ഹയർസെക്കണ്ടറി സ്കൂളോ ബോട്ടണി ഡിപാർട്ട്മെന്റുളള കോളേജോ ഉണ്ടെങ്കിൽ അവർക്കു പഠിക്കാനുളള മുഴുവൻ ചെടികളും ഇവിടുന്ന് കിട്ടും. ഈ ചെടികളൊന്നും ഇപ്പോൾ എങ്ങും കാണാനില്ലാത്തതാണ്. കോളേജിന്റെ പരിസരത്ത് എന്തായാലും കാണില്ല. അതുകൊണ്ട് ഇതുപോലുളള ആളുകളെ കണ്ടുപിടിക്കാനും അവരുടെ സംരക്ഷണപ്രവർത്തനത്തിന് കഴിയുന്ന പിന്തുണ കൊടുക്കാനും നമ്മളെല്ലാവരും ശ്രമിക്കേണ്ടതാണ്.